വണ്‍ ബൈ ടു (Review: 1 by Two)

Published on: 8:31 AM

വണ്‍ ബൈ ടു: ഒന്നായ നിന്നെയിഹ രണ്ടെന്നു...

ഹരീ, ചിത്രവിശേഷം

1 by Two: Chithravishesham Rating [4.75/10]
'ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്' എന്ന പൊളിറ്റിക്കല്‍ ത്രില്ലറിനു ശേഷം അരുണ്‍ കുമാര്‍ അരവിന്ദിന്റെ സംവിധാനത്തിലെത്തിയ ചിത്രമാണ് 'വണ്‍ ബൈ ടു'. ഇരട്ട സഹോദരങ്ങള്‍, അവരില്‍ ഒരാളുടെ മരണം, അത് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന്‍, തുടര്‍ന്നുള്ള ദുരൂഹതകള്‍ - ഈയൊരു പശ്ചാത്തലത്തിലാണു സിനിമ വികസിക്കുന്നത്. യൂണിവേഴ്സല്‍ സിനിമയുടെ ബാനറില്‍ രാകേഷ് ബാഹുലേയന്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ മുരളി ഗോപി, ഫഹദ് ഫാസില്‍, ഹണി റോസ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരാളെ രണ്ടായി കാണുന്നത് തന്നെ ഇണ്ടലിനു കാരണമാവുമ്പോള്‍, പല വ്യക്തിത്വങ്ങള്‍ മാറിമാറിയെത്തുന്ന ഒരുവനില്‍ ചുറ്റിപ്പറ്റി കഥ മെനഞ്ഞാല്‍ കാണികള്‍ എത്രത്തോളം വട്ടാവുമെന്ന് പറയേണ്ടതില്ലല്ലോ? അത്തരമൊരിണ്ടലാണു 'വണ്‍ ബൈ ടു'വിലൂടെ സംവിധായകന്‍ സാക്ഷാത്കരിക്കുന്നത്.