ധൂം - 2

Published on: 5:47 PM

വീണ്ടുമൊരു കള്ളനും പോലീസും കളി. പക്ഷെ ഈ കളിക്ക് ആദ്യത്തേതിൻറെയത്രയും പകിട്ടുണ്ടോ? സംശയമാണ്. പുതുതലമുറയുടെ ഹരമായ ബൈക്ക് റേസിംഗ്, ആകർഷകമായ ‘ധും മചാലെ’ സൌണ്ട് ട്രാക്ക്, വിശ്വസനീയമായതും എന്നാൽ ചടുലമായതുമായ ആക്ഷൻ രംഗങ്ങൾ, പ്രമേയത്തിലെ പുതുമ എന്നിങ്ങനെ ഒട്ടനവധി സംഗതികൾ ധൂം ആകർഷകമാക്കി. എന്നാൽ ധൂം രണ്ടിൽ ചിത്രമാകെ മാറി. ഇതിലെ കള്ളൻ ഹൈ-ടെക് കള്ളനാണ്, നടത്തുന്ന മോഷണങ്ങളോ അന്താരാഷ്ട്ര നിലവാരമുള്ളതും. പക്ഷെ കള്ളൻറെ പിറകേയുള്ളതു മുംബെ പോലീസും!

ആര്യൻ എന്ന ഹൈ-ടെക് കള്ളനെ അവതരിപ്പിക്കുന്നത് ഹൃത്വിക് റോഷനാണ്. ആര്യൻറെ ആരാധികയായ മറ്റൊരു മോഷ്ടാവായി ഐശ്വര്യയുമെത്തുന്നു, സുനഹ്‍രി എന്ന പേരിൽ. വളരെക്കുറച്ചു മാത്രം മോഷണം നടത്തുന്ന, അതുതന്നെ വലിയ ഇടവേളകളിൽ നടത്തുന്ന, മോഷണത്തെ ഒരു കലയായിക്കാണുന്ന, സഹായത്തിനായി അത്യാധുനിക ഉപകരണങ്ങളുപയോഗിക്കുന്ന, തൻറെ തൊഴിലിനു ചേർന്ന കായികാഭ്യാസങ്ങളും വശമുള്ള സുന്ദരനായ കള്ളനായി ഹൃത്വിക് തിളങ്ങിയിരിക്കുന്നു. പുതിയ വേഷത്തിലും ഭാവത്തിലുമെത്തുന്ന ഐശ്വര്യ തൻറെ ഭാഗം ഭംഗിയായിത്തന്നെ അവതരിപ്പിച്ചിരിക്കുന്നു. എന്നിരുന്നാലും ഐശ്വര്യയുടെ വേഷവും ഭാവവും ആക്ഷൻ നായികയുടേതാണെങ്കിലും സം‌വിധായകൻ ആക്ഷൻ രംഗങ്ങളിൽ നിന്നും ഐശ്വര്യയെ തന്ത്രപൂർവ്വം അകറ്റി നിർത്തിയിരിക്കുന്നു. അവസാനമുള്ള ബൈക്ക് ചേസിംഗിൽ അലി എങ്ങിനെ സുൻഹരയെ പിടിക്കുന്നു എന്നതിനായി ഒരു സാധാരണ ബൈക്കോട്ടം പോലും ചിത്രത്തിലില്ല. എന്നാൽ മറ്റെല്ലാ കഥാപാത്രങ്ങക്കും, പ്രതിനായക സ്ഥാനത്തുള്ള അഭിഷേക് ബച്ചൻ അവതരിപ്പിക്കുന്ന എ.എസ്.സി.പി ജയ്ക്കുപോലും പറയത്തക്ക പ്രാധാന്യമില്ല ചിത്രത്തിൽ. അലി ഇപ്പോള്‍ സ‍ക്കി‍ ഇന്‍സ്പെക്ടറാണ്, എന്നാ‍ അലിയായെത്തുന്ന ഉദയ് ചോപ്ര പലപ്പോഴും അരോചകമായിത്തോന്നി. ഡബിൾ റോളിലെത്തുന്ന ബിപാഷയ്ക്കും ചിത്രത്തിൽ കാര്യമായൊന്നും ചെയ്യുവാനില്ല. ചുരുക്കത്തിൽ കുറെയധികം മോഷണസീനുകൾ മാത്രമായി ചിത്രം ചുരുങ്ങി.

ചിത്രത്തിലെ ഗാനങ്ങളും ഗാനരംഗങ്ങളും വളരെ നിരാശപ്പെടുത്തി. ‘ക്രേസി കിയാ രേ’ എന്ന ഗാനമൊഴികെയുള്ള മറ്റൊരു ഗാനവും ചിത്രത്തിൽ ആവശ്യമായിത്തോന്നിയില്ല. അവയൊക്കെയും ചിത്രത്തിൻറെ ഒഴുക്കിനെ തടസപ്പെടുത്തുന്നതും ചിത്രത്തിൻറെ പുരോഗതിയെ മന്ദഗതിയിലാക്കുന്നതുമാണ്. ഗാനരംഗങ്ങളിലെ ഹൃത്വിക്, ഐശ്വര്യ എന്നിവരുടെ നൃത്തരംഗങ്ങൾ ചടുലവും ആകർഷകങ്ങളുമാണ്. അഭിഷേക്, അലി, ബിപാഷ തുടങ്ങിയവരുടെ നൃത്തവും അഭിനയവും അത്ര നന്നുമല്ല.

ചിത്രത്തിൻറെ ഹൈലൈറ്റ് ആയ ആക്ഷൻ രംഗങ്ങൾ ഇംഗ്ലീഷ് ചിത്രങ്ങളുടെ ഗുണനിലവാരം പുലർത്തുന്നവയാണ്. എന്നാൽ ആ രംഗങ്ങളൊക്കെയും ശ്രദ്ധാപൂർവ്വം അണിയിച്ചൊരുക്കിയതാണെന്നു പറയുവാനൊക്കില്ല. പ്രേക്ഷകനു മുന്നിൽ ഒരു പിടി സംശയങ്ങൾ അവശേഷിപ്പിച്ചാണ് ഓരോ മോഷണരംഗവും കടന്നു പോവുന്നത്. ഒരു ഹൈ-ടെക് കള്ളൻ ചെയ്യുന്ന കുറ്റകൃത്യങ്ങൾക്ക്, അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിക്കുന്നു എന്നതിലുപരിയായി ശാസ്ത്രീയമായ അടിത്തറയിൽ ആ രംഗങ്ങൾ ചിത്രീകരിക്കുവാൻ സം‌വിധായകനു കഴിഞ്ഞിട്ടില്ല. അല്ലെങ്കിൽ അത്തരത്തിലൊരു തിരക്കഥയൊരുക്കുവാ‍ കഥാകൃത്തിന് കഴിഞ്ഞിട്ടില്ല. കഥയിൽ ചോദ്യമില്ല എന്ന മട്ടിൽ കണ്ടിരിക്കുകയാണെങ്കിൽ ഒരു പക്ഷെ പ്രേക്ഷകന് ഈ രംഗങ്ങൾ ഇഷ്ടമായേക്കാം, എന്നാൽ ഇപ്പോൾ കണ്ട രംഗത്തിൻറെ ‘ലോജിക്’ അല്പമെങ്കിലും ആലോചിക്കുന്ന ഒരു പ്രേക്ഷകനാണെങ്കിൽ, ധാരാളം സംശയങ്ങൾ ഉത്തരം കിട്ടാതെ സിനിമ കഴിഞ്ഞിറങ്ങുമ്പോഴും അവശേഷിക്കും.

ചിത്രത്തിൻറെ ക്ലൈമാക്സ് രംഗവും നിരാശാജനകമാണ്. കഥയെങ്ങോട്ടാണ് നീങ്ങുന്നതെന്ന് പ്രേക്ഷകന് വളരെമുൻപു തന്നെ മനസിലാവും, അപ്രതീക്ഷിതമായതൊന്നും ഒടുക്കം സംഭവിക്കുന്നുമില്ല. ചിത്രത്തിൻറെ മറ്റൊരു വശമാണ് ആര്യനും സുൻഹരിയും തമ്മിലുള്ള പ്രണയം, ആ രംഗങ്ങൾ വളരെനന്നായിത്തന്നെ സം‌വിധായകൻ ചിത്രീകരിച്ചിരിക്കുന്നു. ഈ ഭാഗങ്ങളിലെ ഡയലോഗുകളും കൊള്ളാവുന്നവതന്നെ. എന്നാൽ പോലീസുകാരായെത്തുന്ന ജയും അലിയും, ആര്യനു ചേർന്ന പോലീസുകാരായി തോന്നിയില്ല. തുടക്കത്തിൽ തന്നെ വീണ്ടുമെത്തുന്നു, ഇത്രയും അന്താരാഷ്ട്ര തല വമ്പൻ മോഷണങ്ങൾ നടത്തിയിട്ടും മുംബെ പോലീസ് മാത്രമെന്തേ ആര്യൻറെ പിറകെ? ഇവരുടെയെല്ലാം കണ്ണുവെട്ടിക്കുവാൻ ആര്യന് ഒറ്റയ്ക്ക് സാധിക്കുന്നതെങ്ങിനെ? ഈ മോഷണ വസ്തുക്കളെല്ലാം ആര്യ‍ എന്തു ചെയ്യുന്നു? എങ്ങിനെ പണമാക്കുന്നു? (ഈ ചോദ്യം പോലീസ് തന്നെ ആദ്യം ചോദിക്കുന്നുണ്ട്, പക്ഷെ ഉത്തരമില്ല. അവസാനം എല്ലാം ഡെപ്പോസിറ്റ് ചെയ്തു എന്നും പറഞ്ഞ് ഒരു കീ ആര്യ‍ പോലീസിനു കൈമാറുന്നുണ്ട്. അപ്പോഴും മോഷണ വസ്തുക്ക‍ എന്തു ചെയ്തുവെന്നോ, അല്ലെങ്കില്‍ ഇതെല്ലാം ഡെപ്പോസിറ്റ് ചെയ്യുകയായിരുന്നെങ്കില്‍, ആര്യ‍ ഉപയൊഗിക്കുന്ന ഉപകരണങ്ങമേടിക്കുവാ‍ ആര്യയ്ക്ക് പണമെവിടെ നിന്ന്?‍)ചോദ്യങ്ങൾ ചോദിക്കുവാൻ തുടങ്ങിയാൽ ധാരാളമുണ്ട്. ഇവയ്ക്കൊന്നും ധൂം 2 ഉത്തരം നൽകുന്നുമില്ല. വെറുതെ കണ്ടുമറക്കാവുന്ന ഒരു സമയംകൊല്ലിപ്പടമായി മാത്രം ഇതിനെ കണക്കാക്കാവുന്നതാണ് - ‘ധൂം മചാലെ’.
--