ആയുര്‍‌രേഖ (Ayurrekha)

Published on: 3:30 AM
Ayurrekha starring Srinivasan, Lekshmi Sarma, SaiKumar, Jyothirmayi, Indrajith etc.
അറബിക്കഥ’യ്ക്കു ശേഷം ശ്രീനിവാസന്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ആയുര്‍‌രേഖ. കെ.കെ. സുധാകരന്റെ കഥയ്ക്ക്, ഡെന്നീസ് ജോസഫ് തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്നു. സണ്ണി കുന്തമനം നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജി.എം. മനു. ശ്രീനിവാസന്റെ ചിത്രമല്ലേ, കുടുംബസമേതം പോയിരുന്ന് കണ്ടേക്കാം എന്നു കരുതിയാല്‍, പല സീനുകളിലും തലകുനിച്ചിരിക്കേണ്ടി വരുമെന്നത് പ്രേക്ഷകരുടെ ദുര്യോഗം; അത്രയധികം ദ്വയാര്‍ത്ഥ പ്രയോഗങ്ങളാലും, പൈങ്കിളി ദൃശ്യങ്ങളാലും സമ്പന്നമാണ് ഈ ചലച്ചിത്രം!

ത്രിപ്പയാര്‍ മാധവന്‍(മുകേഷ്) എന്ന നാടകഗാന സംഗീത സംവിധായകന്‍ പട്ടണത്തില്‍ വീടന്വേഷിച്ചു വരുന്നതോടെയാണ് കഥയുടെ തുടക്കം. തങ്കപ്പന്‍ പിള്ള(ജഗതി)യെന്ന മരുന്നു വ്യാപാരിയുടെ വീട്ടില്‍ വാടക അധികമായിരുന്നിട്ടും, താമസം തുടങ്ങുവാന്‍ മാധവന്‍ തീരുമാനിക്കുന്നു. അതിനുള്ള കാരണമാവട്ടെ, അയല്‍‌വാസിയായ ഡോ.അപര്‍ണ്ണ(ലക്ഷ്മി ശര്‍മ്മ) എന്ന ഭര്‍ത്താവില്‍ നിന്നും അകന്നു കഴിയുന്ന സ്ത്രീയുടെ അംഗലാവണ്യവും! ഒരു ദിവസം രാവിലെ ഡോ.അപര്‍ണ്ണയെ മരിച്ച നിലയില്‍ കണ്ടെത്തുന്നു. പോലീസ് സ്വാഭാവികമരണമെന്ന് വിധിയെഴുതി കേസ് അവസാനിപ്പിക്കുന്നു. അപര്‍ണ്ണയുടെ വമ്പിച്ച സ്വത്തിന് അവകാശിയായി വരുന്ന പത്തുവയസുള്ള ഏക മകന്‍, അരുണ്‍ അമ്മയുടെ മരണത്തില്‍ സംശയിക്കുന്നു. സിറ്റി പോലീസ് കമ്മീഷണറായ ജേക്കബ് ജോര്‍ജ്ജിനെ(ശ്രീനിവാസന്‍), ഇ-മെയിലിലൂടെ അരുണ്‍ ഇതറിയിക്കുന്നു. പോലീസ് കേസന്വേഷണം പുനരാരംഭിക്കുന്നു. ജേക്കബ് ജോര്‍ജ്ജ് ഒടുവില്‍ സത്യം കണ്ടുപിടിക്കുന്നു.

മാധവന്റെ കഥപറഞ്ഞു തുടങ്ങി, പിന്നീടത് ഡോ.അപര്‍ണ്ണയുടെ കഥയായി, പിന്നെ അതൊരു കുറ്റാന്വേഷണമായി, പിന്നെ പ്രതികാരമായി; ഒരു ലക്കും ലഗാനുമില്ലാതെയാണ് സിനിമയുടെ തിരക്കഥ പോവുന്നത്. ആക്ഷന്‍ - കട്ട് പറയുകയല്ലാതെ, സംവിധായകന്‍ ഈ ചിത്രത്തിലെന്തെങ്കിലും ചെയ്തതായി ചിത്രം കണ്ടാല്‍ തോന്നുകയില്ല. അരമണിക്കൂര്‍ കൊണ്ട് കാണിക്കാവുന്നതാണ് വലിച്ചു നീട്ടി ഇന്റര്‍വെല്‍ വരെ കൊണ്ടെത്തിച്ചിരിക്കുന്നത്; അതിനു സംവിധായകന്‍ സ്വീകരിച്ചിരിക്കുന്നതാവട്ടെ അശ്ലീലച്ചുവയുള്ള സംഭാഷണങ്ങളും ഇക്കിളി രംഗങ്ങളും. ശ്രീനിവാസന്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നൊക്കെയാണ് പറച്ചിലെങ്കിലും, അതിഥിതാരം എന്നു പറയുന്നതാവും കൂടുതല്‍ ഇണങ്ങുക. ശ്രീനിവാസന്‍ അഭിനയിക്കുന്ന രംഗങ്ങള്‍ വളരെ ഭേദമാണ്, ആ രംഗങ്ങളിലെ സംവിധാനവും ശ്രീനിവാസന്‍ തന്നെ ചെയ്തിരിക്കുവാനാണ് സാധ്യത. സായികുമാര്‍, ഇന്ദ്രജിത്ത്, ജ്യോതിര്‍മയി, നെടുമുടി വേണു, ഉര്‍വ്വശി, സലിം കുമാര്‍, കലാഭവന്‍ ജാഫര്‍, ജഗന്നാഥവര്‍മ്മ, ദേവി ചന്ദന എന്നവര്‍ അവതരിപ്പിക്കുന്ന, വേണ്ടതും വേണ്ടാത്തതുമായ ഒട്ടേറെ കഥാപാത്രങ്ങളുമുണ്ടിതില്‍.

ഒ.എന്‍.വി എഴുതി, എസ്.പി. വെങ്കിടേഷ് സംഗീതം നല്‍കിയിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ ദയനീയം എന്നേ വിശേഷിപ്പിക്കുവാനാവൂ. അവയുടെ ചിത്രീകരണമാവട്ടെ അതിലേറെ അരോചകവും. ജേക്കബ് ജോര്‍ജ്ജെന്ന പോലീസ് ഉദ്യോഗസ്ഥനായുള്ള ശ്രീനിവാസന്റെ പ്രകടനം മാത്രമാണ് പ്രേക്ഷകന് അല്പമെങ്കിലും ആശ്വാസം നല്‍കുന്നത്. “ശ്രീനിവാസന്‍ സംവിധാനം ചെയ്തതോ അഭിനയിക്കുന്നതോ ആയ ഏതൊരു ചിത്രത്തിനും, മലയാളികള്‍ നല്‍കുന്ന പരിഗണനയും, വിശ്വാസവും കണക്കിലെടുത്തെങ്കിലും; ശ്രീനിവാസന്‍ ഇതില്‍ അഭിനയിക്കാതിരുന്നിരുന്നെങ്കില്‍...” എന്നാഗ്രഹിച്ചു പോവും, ശ്രീനിയെ സ്നേഹിക്കുന്ന ഏതൊരു പ്രേക്ഷകനും!


Keywords: Ayurrekha, Ayurekha, Ayurreka, Ayureka, Sreenivasan, Srinivasan, G.M. Manu, Lekshmi Sarma, Indrajith, Sai Kumar, Jyothirmayi, November Release, Malayalam Movie Review, Film, Cinema.
--