റോക്ക് ന്‍’ റോള്‍ (Rock n' Roll)

Published on: 9:50 PM
Rock N' Roll starring Mohanlal, Lekshmi Rai, Siddique, Mukesh, Jagathy Sreekumar etc.
രഞ്ജിത്ത് കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിര്‍വ്വഹിച്ചിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് റോക്ക് ന്‍’ റോള്‍. പി.എന്‍. വേണുഗോപാലാണ് ചിത്രത്തിന്റെ നിര്‍മ്മാണം. മോഹന്‍ലാലിന്റെ വ്യത്യസ്‌തമായ ഒരു കഥാപാത്രമാണ് ഇതില്‍; എന്നാല്‍ കഥയില്ലായ്മയും, വലിച്ചു നീട്ടലും, സംവിധാനത്തിലെ കുറവുകളും എല്ലാം കൂടി അനാകര്‍ഷകമായ ഒരു ചിത്രമാക്കി മാറ്റിയിരിക്കുന്നു ഇതിനെ. മോഹന്‍ലാല്‍ എന്ന നടന്റെ ഏറ്റവും മികച്ചത് എന്നൊന്നും പറയുവാനില്ലെങ്കിലും, അദ്ദേഹത്തിന്റെ സ്ക്രീന്‍ പ്രെസന്‍സ് ഒന്നുകൊണ്ടുമാത്രമാണ് ഈ ചിത്രം രക്ഷപെട്ടിരിക്കുന്നത്.

ചന്ദ്രമൌലി(മോഹന്‍ലാല്‍) ഒരു അതിപ്രശസ്തനായ ഒരു ഡ്രമ്മറാണ്. ഗുണശേഖരന്‍(സിദ്ദിഖ്), ഐസക്(ലാല്‍), ഹെന്‍‌റി(റഹ്മാന്‍), വിശ്വനാഥന്‍(മുകേഷ്), ബാലു(ഹരിശ്രീ അശോകന്‍) തുടങ്ങിയവരൊക്കെയാണ് ചന്ദ്രമൌലിയുടെ സുഹൃത്തുക്കള്‍; ഇവരൊക്കെയും സിനിമാസംഗീതവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ്. സ്ത്രീ-പുരുഷ ബന്ധങ്ങളില്‍ പ്രണയം, സ്നേഹം എന്നിവയ്ക്കൊന്നും ഇടം നല്‍കാത്ത ചന്ദ്രമൌലി, അവിചാരിതമായി ദയ ശ്രീനിവാസന്‍(ലക്ഷ്മി റായ്) എന്ന പുതുമുഖ ഗായികയെ കണ്ടുമുട്ടുന്നു. ചന്ദ്രമൌലിയുടെ ചിന്തകളില്‍ മാറ്റം വരുന്നു, അയാള്‍ ദയയുടെ കാമുകനാവുന്നു. പ്രണയത്തില്‍ ജയിക്കുവാനുള്ള ചന്ദ്രമൌലിയുടെ തത്രപ്പാടുകളാണ് തുടര്‍ന്ന് ഈ സിനിമയില്‍.

ഓരോ പാട്ടിനും എന്തെങ്കിലുമൊക്കെ പറയുവാനുണ്ടാവും, ചിലപ്പോളൊരു കഥ തന്നെയുണ്ടാവാം എന്നൊക്കെ പറഞ്ഞാണ് ചിത്രത്തിന്റെ തുടക്കം. എന്നാല്‍ ഒരു പാട്ടില്‍ പറയുവാനുള്ള കഥ ഒരു സിനിമയാക്കിയാല്‍ എങ്ങിനെയിരിക്കും? അതാണ് റോക്ക് ന്‍’ റോള്‍. ഒരു അഞ്ചോ പത്തോ മിനിറ്റുള്ള ആല്‍ബം ഗാനത്തില്‍ പറയുവാനുള്ള കഥയേ ഇതിലുള്ളൂ. അത് രണ്ടര മണിക്കൂര്‍ സിനിമയുടെ തിരക്കഥയായി വലിച്ചു നീട്ടുമ്പോള്‍ ഒരു സിനിമയെന്ന നിലയില്‍ എന്തൊക്കെ കുഴപ്പങ്ങളുണ്ടാകുമോ അവയെല്ലാം ഇതിനുണ്ട്. സംവിധാനം തനിക്കു ചേര്‍ന്ന പണിയല്ലെന്ന് രഞ്ജിത്ത് വീണ്ടും തെളിയിച്ചു. കഥയും തിരക്കഥയും തയ്യാറാക്കുന്നതില്‍ മാത്രം ശ്രദ്ധിച്ച്, ഒരു നല്ല സംവിധായകനെക്കൊണ്ട് ഈ ചിത്രം ചെയ്യിച്ചിരുന്നെങ്കില്‍, വളരെയേറെ മെച്ചപ്പെടുത്തുവാന്‍ സാധ്യതയുണ്ടായിരുന്ന ഒരു വിഷയമായിരുന്നു സിനിമയുടേത്. അടുത്ത തവണയെങ്കിലും രഞ്ജിത്ത് അങ്ങിനെ ചിന്തിക്കുമെന്ന് കരുതാം.

മോഹന്‍ലാലും ഒരു മുറിയും, അവയാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ലക്ഷ്മി റായ് എന്ന പുതുമുഖത്തിന് കാര്യമായൊന്നും ദയയെന്ന റോളില്‍ ചെയ്യുവാനുണ്ടായിരുന്നില്ല; ഒരു ഗായിക എന്നൊന്നും കണ്ടിട്ട് തോന്നിയതുമില്ല. മോഹന്‍ലാലിന്റെ വേഷവും ഭാവവുമൊക്കെ കൌതുകകരമായെങ്കിലും, ലോകപ്രശസ്തനായ ഒരു ഡ്രമ്മറിന്റെ ശരീരഭാഷയൊന്നും അദ്ദേഹത്തില്‍ കണ്ടില്ല. ചുരുക്കത്തില്‍ ലാലിനിതില്‍ ‘റോളു’ണ്ടെങ്കിലും, ലാലിനുമാത്രമാണിതില്‍ ‘റോളു’ള്ളത്, ‘റോക്ക്’ചെയ്തില്ലെന്നു സാരം. ജഗതി ശ്രീകുമാര്‍, മനോജ് കെ. ജയന്‍, പ്രവീണ, രോഹിണി, ശ്വേത മേനോന്‍, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരും ഇതില്‍ വേഷമിട്ടിരിക്കുന്നു. കൂട്ടത്തില്‍ സംവിധായകനായ ലാല്‍ ജോസ്, ലാല്‍ ജോസായിത്തന്നെ എത്തുന്നുമുണ്ട്. ഗിരീഷ് പുത്തഞ്ചേരി എഴുതി വിദ്യാസാഗര്‍ ഈണം നല്‍കിയിരിക്കുന്ന ഇതിലെ ഗാനങ്ങള്‍ തരക്കേടില്ലെങ്കിലും, പലതും ചിത്രത്തില്‍ അനാവശ്യമായിത്തോന്നി. ജഗതിയുടേയും, ഹരിശ്രീ അശോകിന്റേയും, സുരാജിന്റേയും ചില തമാശകളും ചിത്രത്തില്‍ കൊള്ളാവുന്നതായുണ്ട്. പ്രബലനാ‍യ ഒരു വില്ലന്‍; അയാളുടെ മേല്‍ നായകന്റെ ശക്തിപ്രകടനം, തുടങ്ങിയവയൊക്കെ ഒഴിവാക്കിയത് ഈ ചിത്രത്തിന്റെ മറ്റൊരു മേന്മയായി പറയാം.

ഒരേ കടലി’ലെ നാഥന്റെ ചിന്താഗതിക്കാരനാണ് ഇതിലെ ചന്ദ്രമൌലി. ബേലയെന്ന കഥാപാത്രവും ഇതില്‍ ശ്വേത മേനോന്‍ അവതരിപ്പിക്കുന്ന മീനാക്ഷിയും; ബേല-നാഥന്‍ ബന്ധവും മീനാക്ഷി-ചന്ദ്രമൌലി ബന്ധവും; ഒക്കെ സമാനതകളുള്ളവയാണ്. ഒടുവില്‍ പ്രണയത്തെ അംഗീകരിക്കുന്ന, നായികയുമായി ചേരുന്ന ‘ഒരേ കടലി’ലെ നായകനെ തന്നെയാണ് ചന്ദ്രമൌലിയിലും കാണുവാന്‍ കഴിയുന്നത്. രഞ്ജിത്ത് കുപ്പിയൊന്നു മാറ്റിയിട്ടുണ്ട്, അത്രമാത്രം. തന്നോട് കയര്‍ക്കുന്നവരെ അനുനയിപ്പിക്കുവാനും, ദേഷ്യപ്പെടുന്നവരെ തണുപ്പിക്കുവാനും നായകന്‍ ഇടയ്ക്കിടെ ‘കൂള്‍ ഗുരു’ എന്നുരുവിടുന്നുണ്ട് ഇതില്‍, അതുതന്നെ ചിത്രത്തിന്റെ അവസാനം പ്രേക്ഷകനോടും പറയുന്നു. രഞ്ജിത്തിന് സിനിമയെക്കുറിച്ച് അത്രയെങ്കിലും ബോധമുണ്ട് എന്നതൊരു സമാധാനം!


Keywords: Rock n' Roll, Rock-n-Roll, Mohanlal, Ranjith, Swetha Menon, Lekshmi Rai, Siddique, Mukesh, Manoj K. Jayan, Praveena, Rohini, Jagathy Sreekumar, Harisree Asokan, Lal, Suraj Venjaramoodu, Renjith, Malayalam Movie Review, Film, Cinema.
--