
പന്ത്രണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം സമാപിച്ചു. മേളയില്‍ പ്രദര്‍ശിക്കപ്പെട്ട സിനിമകളെ ഓര്‍ക്കുവാനും അവയെക്കുറിച്ചു ചിന്തിക്കുവാനും മേളയ്ക്കിടയില്‍ സമയം കിട്ടിയിരുന്നില്ല. അതിനാല്‍ മേളയില്‍ പ്രദര്‍ശിക്കപ്പെട്ട സിനിമകളെ ഓര്‍ത്തെടുത്ത് വിലയിരുത്തുവാനുള്ള ശ്രമമാണിവിടെ. മേളയിലേക്ക് തിരഞ്ഞെടുത്ത സിനിമകളുടെ നിലവാരത്തകര്‍ച്ചയായിരുന്നു പതിനൊന്നാമത് ചലച്ചിത്രോത്സവത്തിന്റെ നിറം കെടുത്തിയത്. എന്നാല്‍ രണ്ടായിരത്തിയേഴിലെ ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിക്കപ്പെട്ട ഒട്ടുമിക്ക സിനിമകളും ശരാശരി നിലവാരമെങ്കിലും ഉള്ളവയായിരുന്നു എന്നത് എടുത്തുപറയേണ്ടതാണ്.
വാണിജ്യസിനിമയുടേയും പാരലല്സിനിമയുടേയും അതിര്‍വരമ്പുകള്‍ വളരെ നേര്ത്തുവെന്നുള്ളതിനു തെളിവായി മേളയില്‍ പ്രദര്‍ശിക്കപ്പെട്ട പല ചിത്രങ്ങളും. കച്ചവടതാത്പര്യങ്ങളെ സംരക്ഷിക്കുന്ന ഉത്തമസിനിമകള്‍ സാധ്യമാണെന്ന് ഈ സിനിമകള്‍ കാട്ടിത്തന്നു. രജതചകോരം നേടിയ ‘ഗെറ്റിംഗ് ഹോം’; ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ ‘ബ്ലിസ്സ്’, ‘ടീത്ത് ഓഫ് ലവ്’; ലോകസിനിമ വിഭാഗത്തില്‍ പ്രദര്‍ശിക്കപ്പെട്ട ‘പാന്‍സ് ലിബറിന്ത്’, ‘ടൈം’, ‘ലോസ്റ്റ് ഇന്‍ ബീജീംഗ്’ തുടങ്ങിയവയൊക്കെയും ഒരേസമയം മികച്ച ചിത്രങ്ങളുമായിരുന്നു, വാണിജ്യപരമായി വിജയിക്കുവാന്‍ സാധ്യതയുള്ളവയുമായിരുന്നു. ഉദ്ഘാടനചിത്രമായ ‘ബുദ്ധ കൊളാപ്സ്ഡ് ഔട്ട് ഓഫ് ഷേം’, സാങ്കേതികമായും കലാപരമായും അത്രമികച്ച ചിത്രമാണെന്ന് കരുതുവാനാവില്ലെങ്കിലും, ആ പോരായ്മകള്‍ നികത്തുവാന്‍ തക്കവണ്ണം വികാരപരമായി പ്രേക്ഷകരുമായി സംവേദിക്കുവാന്‍ സാധിച്ച ഒന്നായി ലജ്ജയാലുടഞ്ഞ ബുദ്ധന്. ഉദ്ഘാടന ചിത്രത്തെക്കുറിച്ച് കൂടുതലായി ഇവിടെ പറഞ്ഞിരിക്കുന്നത് കാണുക.
മത്സരവിഭാഗം


സാമൂഹികവ്യവസ്ഥിതികളോടുള്ള സംവിധായകന്റെ എതിര്‍പ്പ് ചിത്രത്തില്‍ പ്രകടമാണ്. അടിച്ചമര്‍ത്തപ്പെടുന്ന സ്ത്രീകളുടെ പ്രതീകമാണ് ഈ സിനിമയിലെ മരിയം. താന്‍ പറയുന്നത് കേള്‍ക്കുവാനോ വിലകല്പ്പിക്കുവാനോ ആരും എന്തുകൊണ്ടു തയ്യാറാവുന്നില്ല എന്ന മരിയത്തിന്റെ ചോദ്യം പ്രേക്ഷകരെ വല്ലാതെ ഉലയ്ക്കും. കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച അഭിനേതാക്കളും അഭിനന്ദനം അര്‍ഹിക്കുന്നു. വാണിജ്യസിനിമയോട് കൂടുതലായി അടുത്തു നില്ക്കുന്നതിനാലാവാം ‘ബ്ലിസ്സി’ന് മികച്ചചിത്രമെന്ന ബഹുമതി കിട്ടാതെപോയത്.

മേളയിലെ മികച്ച ചിത്രത്തിനുള്ള ഫിപ്രെസ്കി പുരസ്കാരത്തിന് അര്‍ഹമായ സിനിമയാണ് തെരേസ പ്രാട്ട സംവിധാനം ചെയ്ത പോര്‍ചുഗല്‍ ചിത്രമായ ‘സ്ലീപ്പ്വാക്കിംഗ് ലാന്‍ഡ്’. യുദ്ധത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട മുയിഡിംഗ എന്ന ബാലനും അവന്റെ ഇപ്പോഴത്തെ രക്ഷകനായ തൌഹീറും ജീവിക്കുവാനായുള്ള അലച്ചിലിലാണ്. യുദ്ധത്തില്‍ തന്റെ കുടുംബാംഗങ്ങളെ എല്ലാം നഷ്ടപ്പെട്ട് അലഞ്ഞുതിരിഞ്ഞ് ഒടുവില്‍ വെടിയേറ്റുമരിക്കുന്ന കാന്‍സുവിന്റെ ഡയറി മുയിഡിംഗയ്ക്കു ലഭിക്കുന്നു. അതില്‍ നഷ്ടപ്പെട്ട മകനെ പ്രതീക്ഷിച്ച് പുറംകടലില്‍ ഉപേക്ഷിക്കപ്പെട്ട കപ്പലില്‍ ഒറ്റയ്ക്കു വസിക്കുന്ന ഒരു സ്ത്രീയെക്കുറിച്ചെഴുതിയിരിക്കുന്നത് മുയിഡിംഗ വായിക്കുന്നു. അത് തന്റെ അമ്മയാണെന്ന് മനസിലാവുന്ന മുയിഡിംഗ തൌഹീറുമൊരുമിച്ച് കടല്‍ തേടിയാത്രയാവുന്നു. സിനിമയുടെ അവസാനഭാഗം യാഥാര്‍ത്ഥ്യത്തില്‍ നിന്നും വിട്ട് ഫാന്റസിയിലേക്ക് മാറിയത് അത്ര സുഖകരമായി തോന്നിയില്ല. ഒരുപക്ഷെ, തൌഹീര്‍ അവസാനം ചോദിച്ചതുപോലെ, മുയിഡിംഗ വായിക്കുന്ന ഈ കഥ സത്യത്തില്‍ ആ ഡയറിയിലുണ്ടോ എന്ന് പ്രേക്ഷകനും സംശയം തോന്നും. യുദ്ധത്തിന്റെ കെടുതികളും നഷ്ടങ്ങളും ഒരുപരിധിവരെ പ്രേക്ഷകനിലെത്തിക്കുവാന്‍ സാധിച്ചു എന്നതാണ് ഈ ചിത്രത്തിന്റെ മേന്മയായി പറയാവുന്നത്.

മത്സരവിഭാഗത്തില്‍ പ്രദര്‍ശിക്കപ്പെട്ട ‘നാലു പെണ്ണുങ്ങള്’, ‘പരദേശി’ എന്നീ ചിത്രങ്ങള്‍ മലയാളസിനിമകളുടെ പോരായ്മകള്‍ വ്യക്തമാക്കുന്നതായിരുന്നു. ‘പരദേശി’യില്‍ മോഹന്‍ലാല്‍ മൂന്നു പ്രായത്തിലുള്ള മൂസ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് മോശമായില്ലെങ്കിലും; ‘ടീത്ത് ഓഫ് ലവ്’ എന്ന സിനിമയിലെ നായികയുടെ പ്രകടനം കാണുമ്പോള്‍ മോഹന്‍ലാല്‍ ചെയ്തത് അത്രയൊന്നും മഹത്തരമല്ലെന്നു മനസിലാവും. മേളയിലെ മത്സരവിഭാഗത്തില്‍ ശ്രദ്ധയാകര്‍ഷിച്ച മറ്റു ചിത്രങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍, ‘നാലു പെണ്ണുങ്ങള്’ ചിത്രീകരണശൈലിയിലും, തിരക്കഥയിലും, സംഭാഷണങ്ങളിലും ഒക്കെ വളരെ പിന്നിലാണെന്ന് കാണാം. സമകാലീന മലയാളസിനിമകളില്‍ നിന്നും മേളയ്ക്കായി തിരഞ്ഞെടുത്ത ചിത്രങ്ങളുടെ അവസ്ഥ ഇതാവുമ്പോള്‍, മറ്റു മലയാള ചിത്രങ്ങള്‍ക്ക് ലോകസിനിമാഭൂപടത്തിലുള്ള സ്ഥാനം പറയേണ്ടതില്ലല്ലോ! ‘ഒരേ കടല്‍’, ‘നോട്ട്ബുക്ക്’ എന്നിങ്ങനെ, പ്രമേയത്തില്‍ പുതുമകള്‍ പരീക്ഷിക്കപ്പെടുന്ന, വല്ലപ്പോഴുമുണ്ടാവുന്ന ചില ചിത്രങ്ങള്‍ മാത്രമാണ് മലയാളസിനിമയ്ക്ക് ആശ്വസിക്കുവാന് വക നല്‍കുന്നത്.
സിഗ്നേച്ചര്‍ ഫിലിം
ഇതുവരെയുള്ള മേളകളിലൊന്നും സിഗ്നേച്ചര്‍ ഫിലിം പ്രേക്ഷകനെ ഒരുതരത്തിലും സ്വാധീനിച്ചിരുന്നില്ല. ഓരോ ചിത്രവും തുടങ്ങുന്നതിനു മുന്‍പ് സിഗ്നേച്ചര്‍ ഫിലിം പ്രദര്‍ശിപ്പിക്കും, അതെല്ലാവരും കാണും, അത്രതന്നെ! എന്നാല്‍ ഈ പ്രാവശ്യം സിഗ്നേച്ചര്‍ ഫിലിം അക്ഷരാര്‍ത്ഥത്തില്‍ പ്രേക്ഷകനെ ഞെട്ടിച്ചു കളഞ്ഞു. ഒരു സിഗ്നേച്ചര്‍ ഫിലിം എങ്ങിനെയാവരുത് എന്നതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടുവാന്‍ ഒരുപക്ഷെ ഇത് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ തിരഞ്ഞെടുത്തുകൂടായ്കയില്ല. എല്ലാ തിയേറ്ററുകളിലും എല്ലാ ഷോയ്ക്കും കൂവല്‍ മേടിക്കുക എന്നത് ചെറിയ കാര്യമല്ലല്ലോ, ടി.കെ. സുജിത്തിന്റെ ഒരു കാര്‍ട്ടൂണിനു വിഷയമാകുവാനും ഈ സിഗ്നേച്ചര്‍ ഫിലിമിനു സാധിച്ചു. ദൃശ്യമാധ്യമത്തിന്റെ പ്രാഥമികപാഠങ്ങള്‍ അറിയാത്തവനാവും ഇതെടുത്തതെന്ന് പ്രേക്ഷകര്‍ തെറ്റിദ്ധരിക്കരുതെന്നു കരുതിയാവും സിഗ്നേച്ചര്‍ ഫിലിമെടുത്ത വിപിന്‍ വിജയിനെക്കുറിച്ച് വിശദമായ വിവരങ്ങള്‍ ഫെസ്റ്റിവല്‍ ബുള്ളറ്റിനില്‍ ഉള്‍പ്പെടുത്തിയത്. കൂടാതെ സിഗ്നേച്ചര്‍ ഫിലിം പാരമ്പര്യലംഘിയാണെന്നും, അതാസ്വദിക്കുവാന്‍ ഒന്നും ചോദ്യം ചെയ്യപ്പെടുവാന്‍ പാടില്ലെന്ന മാനസികാവസ്ഥ മാറ്റണമെന്നും മറ്റും ഡോ. പി.കെ. രാജശേഖരന്, മധു ഇറവങ്കര എന്നിവരെക്കൊണ്ട് എഴുതിക്കുകയും ചെയ്തു ഐ.എഫ്.എഫ്.കെ. സംഘാടക സമിതി. ഫലമോ, അവര്‍ കൂലിയെഴുത്തുകാരാണെന്ന് പ്രേക്ഷകരെല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു നടന്നു!
പാരമ്പര്യലംഘിയായ ഒരു പരീക്ഷണമായിരുന്നു ഇതെന്നു സമ്മതിക്കുന്നു, പക്ഷെ അതു വൃത്തിയായി ചെയ്യുക എന്നൊരു സാമാന്യതത്വം പാലിക്കേണ്ടതില്ലേ? കണ്ണില്‍ ഉണക്കമീന്‍ വെച്ചു നില്ക്കുന്ന പെണ്‍കുട്ടിയും, ഹെഡ്ഫോണ് വെച്ച് കറന്റടിച്ചതുപോലെ വിറയ്ക്കുന്ന മൊട്ടത്തലയനും, എന്തോ കൈയില്‍ പിടിച്ച് ബുദ്ധിമാന്ദ്യം ബാധിച്ചു നില്ക്കുന്ന ആണ്‍കുട്ടിയും, അവനെ വലം വെയ്ക്കുന്ന ചലച്ചിത്ര അക്കാദമിയുടെ ലോഗോയായ കുയിലും, കൂവുന്ന പെണ്‍കുട്ടിയും പിന്നിലെ പട്ടിയും, പൈറസി കുറ്റകരമാണെന്നു കാണിക്കുന്ന എഫ്.ബി.ഐ. നോട്ടീസും... ഇതൊക്കെ എന്താണ് അര്‍ത്ഥമാക്കുന്നത്? മൊത്തത്തില്‍ ശ്രീഹരിയുടെ ചിത്രപ്രശ്നം പോലെയിരുന്നു! സിഗ്നേച്ചര്‍ ഫിലിമില്‍ ഇത്രയൊന്നും ഗഹനമായ കാര്യങ്ങള്‍ ദയവായി കുത്തിനിറയ്ക്കരുത്, '12th International Film Festival of Kerala' എന്നു മര്യാദയ്ക്ക് വൃത്തിയായി എഴുതിക്കാണിച്ച്, വശത്തായി ഐ.എഫ്.എഫ്.കെ.യുടെ ലോഗോയും കാണിച്ചാല്‍ മാത്രം മതി; അതൊരു നല്ല സിഗ്നേച്ചര്‍ ഫിലിമാകുവാന്. അടുത്ത വര്‍ഷമെങ്കിലും ഇങ്ങിനെയൊരു അബദ്ധം ഐ.എഫ്.എഫ്.കെ. സംഘാടകര്‍ കാണിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു.
മേളയില്‍ പ്രദര്‍ശിക്കപ്പെട്ട ലോകസിനിമ, ഷോര്‍ട്ട് ഫിലിമുകള്‍, റിട്രോസ്പെക്ടീവുകള്‍, ഹോമേജുകള്‍ എന്നിവയെക്കുറിച്ച് അടുത്ത ഭാഗത്തില്‍.
Keywords: International Film Festival of Kerala 2007, IFFK'07, IFFK 2007, Thiruvananthapuram, December, Films Screened, Awards, Bliss, Getting Home, XXY, Ten Plus Four, 10+4, Teeth of Love, Sleepwalking Land, Signature Film
--
പന്ത്രണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങളുടെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും. കൂട്ടത്തില്‍ സിഗ്നേച്ചര്‍ ഫിലിം വിശേഷങ്ങളും. :)
ReplyDelete--
തുടരുക...
ReplyDeleteഒഴിവു കിട്ടുമ്പോള്‍ മാത്രം സിനിമക്കു പോയിരുന്നതിനാല്‍ ചില നല്ല ചിത്രങ്ങള്‍ കാണാനായില്ല.സ്ലീപ് വാക്കിങ്ങ് ലാന്റ്,ഓള്‍ഡ് ഗാര്ഡന് എന്നിവയൊക്കെ അതില്‍പ്പെടും.കണ്ടതില്‍ ഇഷ്ടപ്പെട്ടത് ഗെറ്റിങ്ങ് ഹോം,ബ്ലിസ്സ്,മി മൈസെല്‍ഫ് എന്നിവയാണ്.കാന്‍ ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ പാം നേടിയതും ഗോവയില്‍ ഉദ്ഘാടനചിത്രമായി പ്രദര്‍ശിപ്പിച്ചതുമായ 4മന്ത്സ്3വീക്സ്2ഡേയ്സ് ഏറെ പ്രതീക്ഷകളോടെയാണ് കാണാനിരുന്നത്.ഒരു പക്ഷേ എന്റെ വിവരമില്ലായ്കയാകാം, ഇതേ വിഷയം കൈകാര്യം ചെയ്ത റോഷന് ആന്‍ഡ്രൂസിന്റെ നോട്ട്ബുക്ക് എനിക്ക് ഇതിനേക്കാള്‍ നല്ല അനുഭവമായിരുന്നു.
ReplyDeleteഹരിയുടെ പ്രയക്നം കൊണ്ട് ഏറെ സഹായകരവും ഉപകാരവുമായി.. മേളയില്‍ പങ്കെടുക്കാന്‍ പറ്റാത്തവറ്ക്കെല്ലാം ഗുണകരമാവുന്ന കുറിപ്പുകള്‍ തന്നെ..
ReplyDeleteഹരീ,
ReplyDeleteപേരുകളൊക്കെ നോട്ടു ചെയ്തിട്ടുണ്ട്. അവസരം കിട്ടുമ്പോള്‍ കാണാന്‍. ഇവയുടെയൊക്കെ ഡിവിഡി കിട്ടാന്‍ പ്രയാസമല്ലേ.
സുജിത്,
'4 മാസവും 3 ആഴ്ചയും 2 ദിവസവും' ഇന്നലെ കണ്ടു. റുമേനിയയിലെ ആ കാലഘട്ടത്തിലെ അവസ്ഥ മനസ്സിലാക്കിയാല്‍ അതിന്റെ ടെന്‍ഷന്‍ പിടി കിട്ടും. സമാനമായ ഒരു രാഷ്ട്രീയാന്തരീക്ഷം നമുക്കുണ്ടായിട്ടില്ല. അതുകൊണ്ട് നോട്ട്ബുക്കിന് എന്തുമാത്രം പ്രസക്തുണ്ടെന്നറിയില്ല...ഞാന്‍ നോട്ട്ബുക്ക് കണ്ടിട്ടില്ല. പിന്നെ ഈ സിനിമയുടെ narration വളരെ peculiar ആയി തോന്നി.
റോബി,ഞാന്‍ സൂചിപ്പിച്ചതുപോലെ കുഴപ്പം എന്റേതു തന്നെയായിരിക്കും.ഇക്കാര്യം സിനിമയെക്കുറിച്ച് കൂടുതല്‍ അറിവുള്ള പലരും പറഞ്ഞുതരികയും ചെയ്തു.
ReplyDeleteപക്ഷേ എന്നെപ്പോലെയുള്ള ഒരു സാധാരണപേക്ഷകന് യാതൊരു തയ്യാറെടുപ്പുകളുമില്ലാതെയാകുമല്ലോ സിനിമ കാണാനിരിക്കുക.റുമാനിയയിലെ സാഹചര്യം എനിക്ക് അറിവുണ്ടായിരുന്നില്ല.
ഡോക്ടര്‍ മാത്രം എം.ബി.ബി.എസ് പാസ്സായാല്‍ പോരെ രോഗികൂടി എം.ബി.ബി.എസ്സ് പാസ്സാകേണ്ടതുണ്ടോ എന്ന് ഒരു തിരക്കഥാകൃത്ത് പറഞ്ഞ തമാശയും ഓര്‍മ്മവരുന്നു.
ഹരീ,ഓഫടിച്ചത് മാപ്പാക്കണേ...
"മേളയിലെ മത്സരവിഭാഗത്തില്‍ ശ്രദ്ധയാകര്‍ഷിച്ച മറ്റു ചിത്രങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍, ‘നാലു പെണ്ണുങ്ങള്’ ചിത്രീകരണശൈലിയിലും, തിരക്കഥയിലും, സംഭാഷണങ്ങളിലും ഒക്കെ വളരെ പിന്നിലാണെന്ന് കാണാം."
ReplyDeleteഹരീ,
ഇതൊന്നു വിശദീകരിക്കാമോ? നാലു പെണ്ണുങ്ങള് ഞാന്‍ കണ്ടിട്ടില്ല. സംഭാഷണങ്ങളില്‍ കൃത്രിമത്വം അനുഭവപ്പെടുന്നുവെന്ന് പറഞ്ഞു കേട്ടിരുന്നു. പക്ഷേ മറ്റു വിദേശ സിനിമകളുടെ സംഭാഷണത്തിലെ കൃത്യത നമുക്കറിയില്ലല്ലോ...നമ്മളൊക്കെ സംഭാഷണം വായിക്കുകയല്ലേ ചെയ്യാറ്. ചിത്രീകരണശൈലിയിലെയും തിരക്കഥയിലെയും പോരായ്മകള്‍...!
ടൊറോന്റൊ ചലചിത്രമേളയില്‍ contemporary masters of cinema വിഭാഗത്തിലായിരുന്നു അടൂരിന്റെ ചിത്രം കാണിച്ചത്. ലോകത്തിലെ ഏറ്റവും മികച്ച നാലു ഫെസ്റ്റിവലുകളില്‍ ഒന്നാണ് ടൊരോന്റോയിലേത് എന്നോര്‍ക്കണം. പ്രത്യേക മത്സരവിഭാഗമില്ലാത്ത അവിടെ ഈ വിഭാഗത്തിന്റെ പ്രാധാന്യം പറയേണ്ടല്ലോ. ഈ വര്‍ഷം 20 സിനിമകളാണ് masters വിഭാഗത്തില്‍ ഉണ്ടായിരുന്നത്. അതിലൊന്നായ ചിത്രത്തിനാണ് താങ്കള്‍ നിലവാരത്തകര്‍ച്ച ആരോപിക്കുന്നത്. ഹരീ പറയുന്നതു പോലെ തിരക്കഥയിലും ചിത്രീകരണത്തിലുമുള്ള നിലവാരമില്ലായ്മ മനസ്സിലാക്കാന്‍ കഴിയാത്തവരാണ് ടൊറോന്റോയില്‍ സിനിമ സെലെക്ട് ചെയ്യുന്നതെന്നു തോന്നുന്നില്ല.
ഒബ്ജക്ടീവായ ഒരു വിശദീകരണം പ്രതീക്ഷിക്കുന്നു.
ഹരീ,
ReplyDeleteTV യില്‍ ചലചിത്രമേളയിലെ ചിത്രങ്ങളെ പറ്റി റിപ്പോര്‍ട്ട് വരുമ്പോള്‍ ഞാന്‍ എന്റെ ഫ്രന്റ്സിനോട് അഭിമാനത്തോടെ പറഞ്ഞു:
“എനിക്കിതൊന്നും കാണേണ്ട ആവശ്യമില്ല. എന്റെ സുഹൃത്ത് ഹരി ഉണ്ടവിടെ. ഇതൊക്കെ വളരെ വിശദമായി അവന് അവന്റെ ബ്ലോഗില്‍ എഴുതും. ഞാന്‍ അവിടെ പോയി സമാധാനത്തോടെ വായിച്ച് മനസ്സിലാക്കിക്കോളാം. ചാനല്‍ മാറ്റെടാ.!“
എന്ന്. ഇപ്പോള്‍ മേളയിലെ ചിത്രങ്ങളെക്കുറിച്ച് ഹരി എഴുതാന്‍ തുടങ്ങിയപ്പോള്‍ സന്തോഷമായി.
മേളയിലേക്ക് തിരഞ്ഞെടുത്ത സിനിമകളുടെ നിലവാരത്തകര്‍ച്ചയായിരുന്നു പതിനൊന്നാമത് ചലച്ചിത്രോത്സവത്തിന്റെ നിറം കെടുത്തിയത്.
എന്നല്‍ ഒരു ശരാശരി നിലവരം ഉണ്ടായിരുന്നു താനും.
മത്സരവിഭാഗത്തില്‍ പ്രദര്‍ശിക്കപ്പെട്ട ‘നാലു പെണ്ണുങ്ങള്’, ‘പരദേശി’ എന്നീ ചിത്രങ്ങള്‍ മലയാളസിനിമകളുടെ പോരായ്മകള്‍ വ്യക്തമാക്കുന്നതായിരുന്നു. എന്ന് ഹരി പറയുന്നു. എന്നാല്‍ മുന്‍ പോസ്റ്റുകളില്‍, അടൂരിന്റെയും, പി.ടി. കുഞ്ഞിമുഹമ്മദിന്റെയും മേല്പറഞ്ഞ ചിത്രങ്ങളെപറ്റി നല്ല അഭിപ്രായം തന്നെയാണ് ഹരി പറഞ്ഞിരിക്കുന്നത്. എന്നാല്‍ ശരാശരി നിലവാരം മാത്രം പുലര്‍ത്തിയ മേളയിലെ മറ്റ് ചിത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ ചിത്രങ്ങള്‍ വളരെ താഴെയാണ് എന്ന് പറയുമ്പോള്‍ തന്നെ നമ്മുടെ ചിത്രങ്ങളുടെ നിലവാരം എന്തെന്ന് ഏകദേശ ധാരണ വായനക്കാരില്‍ ഉണ്ടാകുന്നു.
ഹരീ, അപ്പോള്‍ ‘മൂക്കില്ലാരാജ്യത്തെ മുറിമൂക്കന്‍ രാജാക്കന്മാര്’ മാത്രമാണോ നമ്മുടെ മലയാളം സിനിമകള്‍?
-അഭിലാഷ്, ഷാര്‍ജ്ജ
സുജിത്തേ,
ReplyDeleteരോഗിയായി പ്രേക്ഷകനെ കാണുന്ന ആ തിരക്കഥാകൃത്തിനല്ലേ യഥാര്‍ത്ഥ രോഗം. പ്രേക്ഷകനെ അടിയാളനായി കരുതുന്ന മേലാളന്റെ രോഗം. കലാമൂല്യമുള്ള സിനിമകളെ സംബന്ധിച്ച് ഈ ബന്ധം ശരിയാകുമെന്നു തോന്നുന്നില്ല. എന്റെ ബ്ലോഗിലെ ആദ്യ പോസ്റ്റില്‍ ഞാനീ വിഷയത്തെക്കുറിച്ച്, വായനക്കാരന്റെ പങ്കിനെ കുറിച്ചു പറഞ്ഞിരുന്നു.
എല്ലാ സ്ഥലത്തെയും കാര്യങ്ങള്‍ അറിയണമെന്നില്ല. ഒരു സിനിമ കാണുമ്പോള്‍ അല്പം ഹോം വര്‍ക്ക് ചെയ്താല്‍ മതിയാകും. സിനിമയ്ക് മുന്‍പു തന്നെ വേണമെന്നില്ല. കണ്ടുകഴിഞ്ഞായാലും മതി.
ഗെറ്റിങ്ങ് ഹോം എല്ലാവര്ക്കും ഇഷ്ടപെട്ട സിനിമ എന്ന് തോന്നുന്നു . എനിക്കും അങ്ങനെ തന്നെ . പക്ഷെ buddha collapesd out of shame, kudha ke liyae , closely guarded train,ploy, xxy , teeth of love, എന്നിവയും എന്റെ മനസില്‍ തങ്ങി നില്കുന്ന ചിത്രങ്ങള്‍ ആണ് . ഹരി പറഞ്ഞതു പോലെ 10+4 അത്ര നല്ല ചിത്രം ആയി തോന്നി ഇല്ല . ഞാന്‍ പകുതിയില്‍ ഇറങ്ങി പോന്ന് . പഷെ എന്റെ പല പെണ് സുഹൃത്തുകള്‍ക്കും ഈ ചിത്രം വളരെ ഇഷ്ടപെട്ടു .
ReplyDelete@ റോബി,
ReplyDeleteനാലുപെണ്ണുങ്ങള്‍ - സംഭാഷണം: ‘ബ്ലിസ്സി’ലെ ഒരു രംഗം, നായിക ആകാശത്തേക്ക് നിറയൊഴിച്ച ശേഷം സെമാലിനോടും ഇര്ഫാനോടുമായി വിതുമ്പിക്കൊണ്ടു ചോദിക്കുന്നു, “ഞാന്‍ പറയുന്നതു കേള്‍ക്കുവാന്‍ എന്തുകൊണ്ട് ആരും തയ്യാറാവുന്നില്ല, ഞാനെപ്പോഴും അവഗണിക്കപ്പെട്ടവള്‍, ഒന്നിനും കൊള്ളാത്തവള്‍...” ഇതിന്റെ അര്‍ത്ഥം ഞാന്‍ മനസിലാക്കിയത് സബ് ടൈറ്റില്‍ വായിച്ചു തന്നെ. എന്നാല്‍, ആ സംഭാഷണത്തിലെ വികാരം ഡയലോഗ് ഡെലിവറിയില്‍ അനുഭവവേദ്യമായിരുന്നു. ഭാഷ മനസിലായിരുന്നെങ്കില്‍ ഇനിയും കൂടുതല്‍ നന്നായി അനുഭവപ്പെട്ടേനെ, എന്നുമാത്രം. മറിച്ച് ‘നാലു പെണ്ണുങ്ങളി’ലെത്തുമ്പോള്‍, രവി വള്ളത്തോളിന്റെ കഥാപാത്രം കാമാക്ഷിയെന്ന കഥാപാത്രത്തോടു പറയുന്നു: “ഞാന്‍ കാമാക്ഷിയോടു ചെയ്തത് പൊറുക്കാനാവാത്ത തെറ്റാണ്.” അത്രമാത്രം, സ്റ്റെഡിയായി എഴുന്നേറ്റു നിന്നു പറയുന്നു. കാമാക്ഷി ഒടുവില്‍ പറയുന്നു: “ആണ്തുണയില്ലാതെയും പെണ്ണുങ്ങള്‍ക്ക് ജീവിക്കുവാന്‍ കഴിയണമല്ലോ...” - ഇതിലൊന്നും ഒരു വികാരവും പ്രേക്ഷകന് അനുഭവപ്പെടുന്നില്ല. അതുപോലെ ഗീതു മോഹന്‍ദാസ് അവതരിപ്പിച്ച കഥാപാത്രത്തോട് അയല്‍വീട്ടുകാര്‍ സംസാരിക്കുന്ന രംഗം, അതിലെ സംഭാഷണവും ഏച്ചുകെട്ടിയിരുന്നു.
നാലുപെണ്ണുങ്ങള്‍ - ചിത്രീകരണം: ബ്ലിസ്സ്, ടീത്ത് ഓഫ് ലവ്, ഗെറ്റിംഗ് ഹോം തുടങ്ങിയ ചിത്രങ്ങള്‍ കണ്ടതിനു ശേഷം നാലു പെണ്ണുങ്ങള് വിലയിരുത്തി നോക്കൂ... നാലു പെണ്ണുങ്ങളില്‍ ആദ്യ ഭാഗമുള്ള മെറ്റല്‍ പണി നടക്കുന്ന ഷോട്ടുകളും, മരണത്തെ സൂചിപ്പിക്കുവാനായി തെങ്ങോല വീഴുന്ന ഷോട്ടും മറ്റും വളരെ അപക്വമായി തോന്നി, ഒരു അമച്വര്‍ സംവിധായകന് എടുത്ത ഷോട്ടുകള്‍ പോലെ.
നാലുപെണ്ണുങ്ങള്‍ - തിരക്കഥ: തകഴിയുടെ കഥ അതുപോലെ തിരക്കഥയും സിനിമയുമാക്കി എന്നതിലുപരിയായി കാര്യമായ ക്രിയേറ്റിവിറ്റി ഇതിലുണ്ടോ? അങ്ങിനെ നോക്കുമ്പോള്‍ തിരക്കഥയിലും പിന്നിലാണെന്നു പറയേണ്ടിവരും. ഒരു സ്ത്രീയുടെ മൂന്ന് പ്രണയങ്ങള്‍ എത്ര മനോഹരമായി തിരക്കഥയെഴുതി ചിത്രീകരിച്ചിരിക്കുന്നുവെന്ന് ‘ടീത്ത് ഓഫ് ലവ്’ കാണുമ്പോള്‍ മനസിലാവും. വേണമെങ്കില്‍ അതും മൂന്ന് ഭാഗങ്ങളായി, മൂന്നു കഥകളായി കാണിക്കാമായിരുന്നല്ലോ!
ടൊറെന്റോയിലും ലണ്ടന്‍ ഫിലിം ഫെസ്റ്റിവലിലും തിരഞ്ഞെടുക്കപ്പെട്ടു എന്നതു ശരി. കിം-കി-ഡുക് എന്ന സംവിധായകന്റെ ‘ടൈം’ ഈ മേളയിലുണ്ടായിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു; അവയുമായി താരതമ്യപ്പെടുത്തിയാല്‍ ‘ടൈം’ വളരെ നിരാശപ്പെടുത്തിയ ഒന്നായിരുന്നു. പക്ഷെ, അത് ഇവിടെ പ്രദര്‍ശനത്തിനു തിരഞ്ഞെടുത്തത് കിം-കി-ഡുക് എന്ന പേരൊന്നുകൊണ്ടുമാത്രമാവാനാണ് സാധ്യത. അതുപോലെയാവില്ലേ അവിടെയും? പിന്നെ, അവര്‍ നാലുപെണ്ണുങ്ങളെ കാണുന്നതും വിലയിരുത്തുന്നതും എന്റെ രീതിയിലാവണമെന്നുമില്ലല്ലോ! ചിലപ്പോള്‍, എന്റെ കാഴ്ചപ്പാടുകള്‍ തെറ്റായതുകൊണ്ടുമാവാം. :)
റോബി ഈ ചിത്രങ്ങളെല്ലാം കാണുന്നതാവും നല്ലത്. ‘നാലു പെണ്ണുങ്ങള്’ മോശമാവുന്നത് ഈ ചിത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോഴാണ്, അല്ലാതെ ഒറ്റയ്ക്കു വിലയിരുത്തിയാല്‍, ‘നാലു പെണ്ണുങ്ങള്’ ഒരു നല്ല ചിത്രമാണെന്നു തന്നെയാണ് എന്റെ ഇപ്പോഴത്തേയും അഭിപ്രായം; പക്ഷെ ഒരു വളരെ മികച്ച ചിത്രമല്ല താനും.
==
@ ടി.കെ. സുജിത്ത്,
ലോകസിനിമയെക്കുറിച്ച് അടുത്ത ഭാഗത്തില്‍, അപ്പോള്‍ ‘നാലു മാസം, മൂന്നാഴ്ച, രണ്ടു ദിവസ’ത്തെക്കുറിച്ച് പറയാം. :) സിനിമ കണ്ടതിനു ശേഷം, ഇഷ്ടപ്പെടുന്നുവെങ്കില്‍, കാലത്തെക്കുറിച്ച് അറിയേണ്ടതാണെങ്കില്‍, അതറിയുവാനായി ഒന്നു ശ്രമിക്കുന്നതില്‍ തെറ്റുണ്ടെന്നു തോന്നുന്നില്ല. :) എത്രയോ പേര് എത്രയോ ദിവസം പരിശ്രമിച്ചാണ് ഒരു സിനിമയെടുക്കുന്നത്. അപ്പോള്‍ സിനിമ ആവശ്യപ്പെടുന്നെങ്കില്‍ പ്രേക്ഷകന് അല്പം ഹോംവര്‍ക്ക് ചെയ്തുകൂടേ? അത് ആസ്വാദനം മെച്ചപ്പെടുത്തുമെങ്കില്‍ പ്രത്യേകിച്ചും.
@ അഭിലാഷങ്ങള്‍,
ഇത് പന്ത്രണ്ടാമത് ചലച്ചിത്രോത്സവമായിരുന്നു. കഴിഞ്ഞകൊല്ലത്തെ ചലച്ചിത്രമേളയിലായിരുന്നു (പതിനൊന്നാമത്തേത്) നിലവാരത്തകര്‍ച്ച. തീര്‍ച്ചയായും, സമകാലീന മലയാള സിനിമകളില്‍ ‘നാലു പെണ്ണുങ്ങളും’, ‘പരദേശി’യും നല്ല ചിത്രങ്ങള്‍ തന്നെ. എന്നാല്‍ ലോകസിനിമകളുടെയൊപ്പം പ്രദര്‍ശിക്കപ്പെടുമ്പോള്‍, അവ അത്രയ്ക്കൊന്നും മികച്ചവയാണെന്നും കരുതുവാനാവില്ല. ചിത്രവിശേഷത്തില്‍ സിനിമകളെ പരിചയപ്പെടുത്തുന്ന രീതിയില്‍ മേളയിലെ സിനിമകളെ വിലയിരുത്തുവാന്‍ കഴിയില്ലല്ലല്ലോ! മാത്രവുമല്ല, മറ്റു രാജ്യങ്ങളിലെ സിനിമകള്‍ കണ്ട ശേഷം, ഒരു താരതമ്യം എഴുതുമ്പോള്‍ എന്റെ അഭിപ്രായങ്ങള്‍ മാറുന്നതിലും തെറ്റു പറയുവാനുണ്ടോ?
@ നവരുചിയന്‍,
‘ടെന്‍ പ്ലസ് ഫോര്‍’ ഒരു മികച്ച ചിത്രമെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. മാനിയ അക്ബാരി സംവിധാനം ചെയ്ത ഇറാനിയന്‍ ചിത്രമാണ് സുവര്‍ണചകോരം പങ്കിട്ട ‘ടെന്‍ പ്ലസ് ഫോര്‍’. പ്രേക്ഷകരെ ഏറെയൊന്നും ആകര്‍ഷിക്കാത്ത ഈ ചിത്രം, അതിന്റെ ചിത്രീകരണത്തിലെ വ്യത്യസ്തതയാലാവണം പുരസ്കാരത്തിന് അര്‍ഹമായത്. മേളയില്‍ എനിക്ക് കാണുവാന്‍ സാധിക്കാതെ പോയതിനാല്‍ കൂടുതലായി ഒന്നും ഇതിനെക്കുറിച്ച് പറയുവാനില്ല. ഇങ്ങിനെയാണ് പറഞ്ഞത്. മറ്റു വിഭാഗങ്ങളെക്കുറിച്ച് അടുത്ത ഭാഗത്തില്‍ പറയാമെന്നു കരുതുന്നു.
--
ഹരീ, കാത്തിരിക്കുകയായിരുന്നു ഈ പോസ്റ്റുകള്‍ക്കുവേണ്ടി. നന്നായി.
ReplyDeleteതുടരണേ..
എന്തുമാത്രം വ്യത്യാസത്തോടെയാണ് ഓരോ കാഴ്ചകളും എന്നാലോചിക്കാനാണ് ‘മേളയിലെ സിനിമകള്‍’ വഴി തുറന്നിടുന്നത്.
ReplyDeleteനമ്മള് ഗംഭീര അടിയാവുമല്ലോ ഹരീ...
സത്യത്തില്‍ ‘ഗെറ്റിംഗ് ഹോം’ഒരാവറേജ് ചിത്രമല്ലേ? അഭിനയിച്ച ആളിന്റെ മിടുക്കും, ഋജുവായ ആഖ്യാനരീതിയും അതിനെ പോപ്പുലറാക്കിയെന്നല്ലേയുള്ളൂ..‘ബ്ലിസ്സ് ‘അതുപോലെ അതിഭീകരമായ സ്ത്രീവിരുദ്ധ സിനിമയാണ്. ആണിന്റെ രക്ഷാകര്‍ത്തൃത്വത്തെ ഊട്ടിഉറപ്പിക്കുകയാണ് ആ സിനിമ. പിന്നെ ആ രാജ്യത്തിലെ സാഹചര്യം എന്നു വച്ച് ചില ആനുകൂല്യങ്ങള്‍ നല്‍കാമെന്നു മാത്രം. പക്ഷേ ലോകം ഇത്രയൊക്കെ മുന്നോട്ടു പോയസ്ഥിതിയ്ക്ക്..ഒന്നുകൂടി ആലോചിക്കേണ്ടി വരും.. ഇവ രണ്ടും ഏതു വലിയ പ്രശ്നത്തെയാണ് നമ്മുടെ കാഴ്ചപ്പാടിനെ മാറ്റി മറിക്കുന്ന രീതിയില്‍ അവതരിപ്പിക്കുന്നത്? അതെ സമയം ‘ടൈം’ അതിസങ്കീര്‍ണ്ണമായ ഒരു പ്രശ്നത്തെയാണ് മുന്നില്‍ കൊണ്ടുവന്നു നിര്‍ത്തുന്നത്..എക്സ് എക്സ് വൈയിലെ ഐഡന്റിറ്റി പ്രശ്നം മനസിലായ താങ്കള്‍ക്ക് പ്രണയത്തിലെ ഐഡന്റിറ്റി (മുഖം മാറ്റിവയ്ക്കലാണ് അതിലെ മുഖ്യസംഗതിയെന്നത് ചെറിയകാര്യമല്ല, പ്രണയത്തില്‍ എന്താണ് പ്രധാനമാവേണ്ടത്?) എന്ന പ്രശ്നം എങ്ങനെ മനസ്സിലാവാതെ പോയി? പറഞ്ഞ സിനിമകളില്‍ ആലോചിക്കാന്‍ വക തരുന്ന ഒരു സിനിമ ഡുക്കിന്റ്റ്റെ ടൈമാണ്..ഗെറ്റിംഗ് ഹോമിനെയും ബ്ലിസ്സിനെയും വച്ച് ചിന്തിച്ചാല്‍, ടൈം ചര്‍ച്ച ചെയ്യുന്ന പ്രശ്നത്തിന്റെ ആഴം മനസ്സിലാവും..
സത്യത്തില്‍ സിനിമ്മയിലും പുസ്തകത്തിലും നിന്ന് നാമൊന്നും കണ്ടെടുക്കുന്നില്ല, നമ്മുടെ ഉള്ളിലുള്ളത് അവയില്‍ ആരോപിക്കുകയാണ്..
ഈ ചര്‍ച്ച എനിക്കിഷ്ടപ്പെട്ടു. ലോക സിനിമാവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച മീ മൈസെല്‍ഫ് എന്ന സിനിമയാണ് എനിക്ക് ഏറെ ഇഷ്ടപ്പെട്ടത്. പദ്മരാജന്റെ ഇന്നലെ എന്ന സിനിമയെ ഓര്‍മിപ്പിച്ചു ഇതു പലയിടത്തും. ടെണ് പ്ളസ് ഫോര്‍ കാണാനാകാതെ പോയ വ്യക്തിയാണു ഞാനും. ഇനി ഒരു രസം പറയാം. ജൂറി ചെയര്മാന് ജാഫര്‍ പനാഹിയും സുവര്‍ണചകോരം നേടിയ മാനിയ അക്ബാറിയും ഇറാന്‍കാരാണ്. മറ്റൊരു കാര്യം ജൂറി ചെയര്മാന് ഇംഗ്ളീഷ്് അറിയില്ലെന്നതാണ്. സദാ സമയവും ഒരു ദ്വിഭാഷിയുണ്ടായിരുന്നു ഒപ്പം. ഇതെല്ലാംകൂടി ഒന്നു ചേര്‍ത്തു വായിക്കുക.
ReplyDeleteപിന്നെ ഫിലിം ഫെസ്റ്റിവലിന്റെ ഹാങ് ഓവര്‍ മാറും മുമ്പ് ഒരു വേണ്ടാതീനം ഞാന്‍ കാട്ടി. ഇന്നലെ പോയി രാജസേനന്റെ റോമിയോ കണ്ടു. ഏന്റമ്മോ... ഇതിലും ഭേദം ആ കാശിന് ഇത്തിരി വിഷം വാങ്ങിക്കുടിക്കുകയായിരുന്നെന്നു തോന്നിപ്പോയി. ഹരീ, ബ്ളോഗിലുള്ളവര്ക്കു മുന്നറിയിപ്പു നല്കാന്വേണ്ടിപ്പോലും ആ പടം കാണാന്‍ ശ്രമിക്കരുതെന്ന് എനിക്കൊരഭ്യര്‍ഥനയുണ്ട്. മാന്യ ബ്ലോഗര്‍മാര്‍ക്ക് ഇവിടേക്കുകൂടി സ്വാഗതം... www.vakrabuddhi.blogspot.com
@ ശാലിനി,
ReplyDeleteവളരെ നന്ദി. :)
@ വെള്ളെഴുത്ത്,
അങ്ങിനെ കാഴ്ചപ്പാടിനെ മാറ്റിമറിക്കുന്ന സിനിമകളേ നല്ല സിനിമയാവുകയുള്ളോ? കൃതൃമത്വങ്ങളില്ലാതെ ലളിതമായി വിഷയങ്ങളെ അവതരിപ്പിക്കുന്നവയും മികച്ച ചിത്രങ്ങളാവും, വേണ്ട രീതിയില്‍ അവതരിപ്പിച്ചാല്‍. ‘ബ്ലിസ്സ്’ പുരോഗമനവാദിയായ ഒരു ചിത്രമാണ്, പ്രത്യേകിച്ചും അവിടുത്തെ സാഹചര്യത്തില്‍. പെണ്ണുങ്ങളുടെ ജോലി, എന്നൊരു ജോലിയില്ലെന്നു പറയുന്ന ഇര്‍ഫാന്റെ സ്വാധീനം സെമാലിലുണ്ടായതുകൊണ്ടാണ്, തന്നെ ബലാത്സംഗം ചെയ്തതാരെന്നു പറയുവാന്‍ കൂട്ടാക്കാത്ത മരിയത്തെ സ്നേഹിക്കുവാന്‍ സെമാലിനാവുന്നത്. തുടര്‍ന്ന് അവര്‍ അവസാനമൊന്നിക്കുന്നു. പ്രണയത്തിലെ ഐഡന്റിറ്റി പ്രശ്നം മനസിലാവായ്കയല്ല. പുതിയ പോസ്റ്റില്‍‘ടൈ’മിനെക്കുറിച്ചെഴുതിയിരിക്കുന്നതു വായിക്കുമെന്നു കരുതുന്നു. സത്യത്തില്‍ സിനിമ്മയിലും പുസ്തകത്തിലും നിന്ന് നാമൊന്നും കണ്ടെടുക്കുന്നില്ല, നമ്മുടെ ഉള്ളിലുള്ളത് അവയില്‍ ആരോപിക്കുകയാണ്.. - ശരിതന്നെ. :)
@ വക്രബുദ്ധി,
ഞാന്‍ കാണാതെപോയ ഒരു ചിത്രമാണ് ‘മി മൈസെല്‍ഫ്’. ഇന്ദുലേഖ അത്രമോശമല്ലെന്ന അഭിപ്രായമാണല്ലോ റോമിയോയെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. മലയാളം മൂവി റിവ്യൂസ് മോശം അഭിപ്രായമാണ് നല്‍കിയിരിക്കുന്നത്. ഞാനേതായാലും കാണാതെവിടുന്നു, രാജസേനനില്‍ എനിക്കത്ര പ്രതീക്ഷയില്ല.
--