ഇന്‍സ്പെക്ടര്‍ ഗരുഡ്

January 28, 2007


മിലന്‍ ജലീല്‍ നിര്‍മ്മിച്ച് ജോണി ആന്റണി സംവിധാനം ചെയ്തിരിക്കുന്ന ഈ ദിലീപ് ചിത്രത്തിന്റെ തിരക്കഥ സിബി കെ. തോമസ്, ഉദയ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നു നിര്‍വ്വഹിച്ചിരിക്കുന്നു. സി.ഐ.ഡി മൂസ, കൊച്ചി രാജാവ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജോണി ആന്റണിയും ദിലീപും ഒന്നിക്കുന്ന ചിത്രമാണിത്. മാധവന്‍ കുട്ടി (ദിലീപ്) എന്ന പോലീസ് ഓഫീസര്‍, താന്‍ നോട്ടമിടുന്നതെല്ലാം എന്തു വിലകൊടുത്തും റാഞ്ചിയെടുക്കുന്നതില്‍ മിടുക്കനാണ്. അങ്ങിനെയാണത്രേ അദ്ദേഹത്തിന് 'ഗരുഡന്'‍ എന്ന ഇരട്ടപ്പേരു വീണത്. ഇദ്ദേഹം പോലീസില്‍ കയറിയത് പതിനഞ്ച് ലക്ഷം കോഴ കൊടുത്തിട്ടാണ്, എന്നാല്‍ കയറി മൂന്നുമാസത്തിനകം പതിനഞ്ചും അതിന്റെ പലിശയും അയാള്‍ തിരികെയുണ്ടാക്കി. അങ്ങിനെ കേസ് കോഴ മേടിച്ചൊതുക്കുന്നതില്‍ കേമനായ ഗരുഡിനെ കൊച്ചിയിലേക്ക് സ്ഥലം മാറ്റിക്കുന്നു, അവിടുത്തെ പ്രധാന കുറ്റവാളിയായ ചെട്ടിയാര്‍ (വിജയരാഘവന്‍). ഗരുഡിനു മുന്‍പ് കേസ് അന്വേഷിച്ചിരുന്ന സി.ഐ. രാജന്‍ ജോസഫിനെ (ലാലു അലക്സ്) തന്ത്രപൂര്‍വ്വം കള്ളക്കേസില്‍ കുടുക്കി സസ്പെന്‍ഷനിലാക്കിയ ശേഷമാണ് ഗരുഡിനെ ഇവിടെയെത്തിക്കുന്നത്.

സബ്ബ്-കളക്ടര്‍ സേതുലക്ഷ്മിയെ(കാവ്യ മാധവന്‍) ആളറിയാതെ പരസ്യമായി അപമാനിച്ചതിന്റെ പേരില്‍ പൊതുമാപ്പ് പറയേണ്ടി വരുന്നു ഗരുഡിന്. അതിനു പകരമായി സേതുലക്ഷ്മിയെ വിവാഹം കഴിക്കണം എന്ന് ഗരുഡ് നിശ്ചയിക്കുന്നു, മയക്കു മരുന്നു കേസില്‍ പിടിയിലാവുന്ന സേതുലക്ഷ്മിയുടെ സഹോദരനെ ഗരുഡ് അതിനായി കരുവാക്കുന്നു. എന്നാല്‍ സേതുലക്ഷ്മിയെ വിചാരിച്ചതുപോലെ വരുതിയിലാക്കാന്‍ ഗരുഡിന് സാധിക്കുന്നില്ല. ഗരുഡ് ഒതുക്കിത്തീര്‍ത്ത കേസ് പുനരന്വേഷണത്തിനായി സേതുലക്ഷ്മിക്കുതന്നെ ലഭിക്കുന്നു. പൊന്മുട്ടയിടുന്ന താറാവായി ചെട്ടിയാരെക്കാണുന്ന മാധവന്‍ കുട്ടിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് ചെട്ടിയാര്‍ ഗരുഡിനെ കൊല്ലുവാന്‍ ശ്രമിക്കുന്നു. അങ്ങിനെ ചെട്ടിയാരുടെ ശത്രുവായിത്തീരുന്ന ഗരുഡിന്റെ അവരോടുള്ള പ്രതികാരവും മറ്റുമാണ് തുടര്‍ന്ന്.

കളക്ടറായി ഐശ്വര്യ, കളക്ടറുടെ ഭര്‍ത്താവായ പോലീസ് കമ്മീഷണറായി ഷമ്മി തിലകന്‍, പോലീസ് കോണ്‍സ്റ്റബിള്‍ രാഘവേട്ടനായി ഇന്നസെന്റ്, ചെട്ടിയാരുടെ ഉപദേഷ്ടാവായി കൊച്ചു പ്രേമന്‍, സേതുലക്ഷ്മിയുടെ അമ്മാവനായി കൊച്ചിന്‍ ഹനീഫ, സലിം കുമാര്‍, ഹരിശ്രീ അശോകന്‍, ജഗന്നാഥവര്‍മ്മ, മാച്ചാന്‍ വര്‍ഗീസ്, ഊര്‍മ്മിള ഉണ്ണി, കലാശാല ബാബു, ജനാര്‍ദ്ദനന്‍, കുഞ്ചന്‍ എന്നിങ്ങനെ അഭിനേതാക്കളുടെ ഒരു നീണ്ട നിര ഈ ചിത്രത്തിലുണ്ട്. മിക്കവര്‍ക്കും കഥയില്‍ കാര്യമായ സ്വാധീനമില്ല, ചിത്രത്തില്‍ പ്രത്യേകിച്ചൊന്നും ചെയ്യാനുമില്ല. അസ്വാഭാവികതകളും അസംഭവ്യതകളും വേണ്ടുവോളമുണ്ട് ചിത്രത്തില്‍. ഗരുഡിന്റെ ചേഷ്ടകളും രീതികളും സി.ഐ.ഡി മൂസയില്‍ നിന്നും ഏറെയൊന്നും വിഭിന്നമല്ല. എന്നിരുന്നാലും പ്രേക്ഷകരെ കുറെയൊക്കെ ചിരിപ്പിക്കുന്നുണ്ട് ഈ ചിത്രം.

എടുത്തുപറയേണ്ട ഒരു കഥാപാത്രമാണ് ഇന്നസെന്റ് അവതരിപ്പിച്ച രാഘവേട്ടന്റേത്. അതുപോലെ പ്രധാന വില്ലന്‍ വേഷത്തിലെത്തുന്ന വിജയരാഘവനും തന്റെ വേഷം ഭംഗിയാക്കി. ദിലീപും കാവ്യയും അവരുടെ സാധാരണ നിലവാരത്തില്‍ തന്നെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. എടുത്തു പറയത്തക്ക മറ്റു വേഷങ്ങളൊന്നും ചിത്രത്തിലില്ല. വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ എഴുതി അലക്സ് പോള്‍ സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ഗാനങ്ങള്‍ അനാകര്‍ഷകങ്ങളാണ്. ഗരുഡിന്റെ കുടുംബത്തെക്കുറിച്ചോ, മാധവന്‍ കുട്ടിയില്‍ നിന്നും ഗരുഡിലേക്കുള്ള വളര്‍ച്ചയെക്കുറിച്ചോ ഒന്നും ചിത്രത്തില്‍ സംവിധായകന്‍ പ്രതിപാദിക്കുന്നതേയില്ല. ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ ഗൌരവം എടുത്തുകളഞ്ഞ് കോമാളിയാക്കി കാണിച്ചിരിക്കുന്നു ചിത്രത്തില്‍. പ്രേക്ഷകരെ ചിരിപ്പിക്കുമെങ്കിലും ഇത്തരം കോമാളിത്തരങ്ങള്‍ കാണിക്കുന്നവരും സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായി പോലീസിലുണ്ടോ എന്ന് പ്രേക്ഷകര്‍ ചിന്തിക്കാതെയുമിരിക്കില്ല. കുറച്ചുകൂടിയൊരു ഭംഗിയായ പാത്രസൃഷ്ടി ഗരുഡിന്റെ കാര്യത്തിലെങ്കിലും സംവിധായകന്‍ നടത്തേണ്ടതായിരുന്നു.

ഇങ്ങിനെയൊക്കെയാണെങ്കിലും ദിലീപിന്റെ ആരാധകരെ ചിത്രം നിരാശപ്പെടുത്തില്ല എന്നാണ് എന്റെ വിശ്വാസം. ദിലീപിന്റെ അടുത്തയിടയ്ക്കിറങ്ങിയ ചിത്രങ്ങള്‍ വെച്ചു നോക്കുമ്പോള്‍ (ദി ഡോണ്‍, ചക്കരമുത്ത്) ഇതില്‍ ആശ്വാ‍സത്തിനു വകയുണ്ട്. ചിരിക്കുവാനും ഒരു സായാഹ്നം സിനിമകണ്ടു തീര്‍ക്കുവാനുമെത്തുന്ന കുടുംബങ്ങള്‍ക്ക് ഇത് ആസ്വാദ്യകരമാവാനാണ് സാധ്യത. ദിലീപിന്റെ ഒരു ആവറേജ് ഫാമിലി എന്റര്‍ടൈനര്‍ എന്ന് ‘ഇന്‍സ്പെക്ടര്‍ ഗരുഡ്’നെ ചുരുക്കിപ്പറയാം.
--
സന്ദര്‍ശിക്കാവുന്ന മറ്റിടങ്ങള്‍:
ഇന്‍‌സ്പെക്ടര്‍ ഗരുഡ് - സിനിമാനിരൂപണം
ഇന്‍സ്പെക്ടര്‍ ഗരുഡ് - ഇന്ദുലേഖ
--

അഞ്ചിലൊരാള്‍ അര്‍ജ്ജുനന്‍

January 21, 2007


ടി. എ. റസാഖ് തിരക്കഥയെഴുതി അനില്‍ സംവിധാനം ചെയ്ത ഈ ജയറാം ചിത്രത്തിനെ നിലവാരം കുറഞ്ഞ ഒരു ഫാമിലി എന്റര്‍ടൈനര്‍ എന്നു പറയാം. ജയറാമിന്റെ തന്നെ ഇപ്പോളോടിക്കൊണ്ടിരിക്കുന്ന, കനക സിംഹാസനത്തേയും ഇതിനേയും ഒരേ നുകത്തില്‍ കെട്ടാം. എന്നിരുന്നാലും കനകസിംഹാസനത്തിലും ഒരല്പം മെച്ചമാണ് ഈ ചിത്രം എന്നു തോന്നുന്നു. ചേട്ടാനജുനന്മാരുടെ മക്കള്‍, അനുജന് ചേട്ടനോടുണ്ടായിരുന്ന സ്നേഹക്കൂടുതല്‍ നിമിത്തം എല്ലാ സ്വത്തുക്കളും അദ്ദേഹത്തിന്റെ പേരിലായിരുന്നു. അവര്‍ രണ്ടുപേരും മരിച്ചുപോയി. ഇപ്പോള്‍ രണ്ടുപേരുടേയും മക്കള്‍ തമ്മില്‍ സ്വത്തിനുവേണ്ടി അടികൂടുന്നു. ചേട്ടന്റെ മക്കള്‍ തിന്മയുടെ കൂടെയും അനിയന്റെ മക്കള്‍ നന്മയുടെ കൂടെയും.

പാണ്ഡവപക്ഷം: സുധീന്ദ്രന്‍ (ജയറാം) ഒരു പ്രാരാബ്ധക്കാരന്‍. അമ്മ (കവിയൂര്‍ പൊന്നമ്മ), ചേച്ചി (കല്‍പ്പന) പിന്നെ ഒരനിയത്തിയും അച്ഛന്റെ രണ്ടുപെങ്ങമ്മാരുമുള്ള കുടുംബത്തിന്റെ ചുമതലമുഴുവന്‍ സുധിയിലാണ്. എന്നാല്‍ സുധി എവിടെയും ഒരു പകരക്കാരനാണ്. കോവിലകം ശ്രീധരന്‍ (ശ്രീനിവാസന്‍) എന്ന ഭാര്യയുമായി ബന്ധം വേര്‍പെടുത്തിക്കഴിയുന്ന പണക്കാരനായ സുഹൃത്തിന്റെ ബിസിനസുകളില്‍ കഴിയാവുന്ന സഹായങ്ങളൊക്കെ ചെയ്തുകൊടുത്താണ് സുധി ജീവിച്ചുപോരുന്നത്. സുധിയ്ക്ക് പണം കടം കൊടുത്ത് വീടില്ലാതായ പോള്‍ (ജഗതി) എന്ന ബ്ലേഡ് പലിശക്കാരന്, സുധിയുടെ തട്ടിന്‍‌പുറത്താണ് താമസം. തട്ടിന്‍‌പുറം മാത്രമായി സുധി അയാള്‍ക്കെഴുതിക്കൊടുത്തത്രേ! സുധിയ്ക്ക് ആശ്വാസമായും കൈത്താങ്ങായുമുള്ളത് പവിത്രയും (പത്മപ്രിയ) പവിത്രയുടെ അച്ഛന്‍ ഗുരുജിയുമാണ് (വേണു നാഗവള്ളി). ശ്രീധരന്‍ നടത്തുന്ന നാടകട്രൂപ്പില്‍ പ്രധാനനടിയാണ് പവിത്ര, ഗുരുജി ഒരു പഴയകാല നടനും.

കൌരവപക്ഷം: വിജയന്‍ (സിദ്ദിഖ്) ആണ് ഇവിടെയുള്ളവരില്‍ പ്രമുഖന്‍. സ്വത്തുക്കളെല്ലാം (സുധിയിപ്പോള്‍ താമസിക്കുന്ന കുടുംബവീടും പരിസരങ്ങളുമൊഴികെ) ഇദ്ദേഹവും അനിയന്‍ വിനുവും (മധു വാര്യര്‍) പിന്നെ അളിയനും അമ്മാവനും ഒക്കെ ചേര്‍ന്നാണ് അനുഭവിക്കുന്നത്. മക്കളുടെ അധര്‍മ്മ പ്രവൃത്തികളില്‍ മനം നൊന്ത് കഴിയുന്ന അമ്മയായി കെ.പി.എസ്.സി. ലളിതയുമുണ്ട്. അമ്മാവന്‍ ഇടയ്ക്കിടെ അനന്തിരവന്മാരെ ഉപദേശിക്കുകയും ചെയ്യുന്നുണ്ട്.

ഇരുപക്ഷത്തുമില്ലാത്തവര്‍: സുധിയുടെ കളിക്കൂട്ടുകാരിയായ സതി, ഡോ.സതി(സംവൃത സുനില്‍) നാട്ടിലൊരു ആശുപത്രി തുടങ്ങുക എന്നൊരുദ്ദേശവുമായി അച്ഛനമ്മമാരോടൊപ്പം തിരിച്ചെത്തുന്നു. പിന്നെയും കുറച്ച് അല്ലറ ചില്ലറ കഥാപാത്രങ്ങള്‍. കോട്ടയം നസീര്‍ അവതരിപ്പിക്കുന്ന നാടക രചയിതാവാണ് അവയിലൊരു വേഷം, പിന്നെ സുധിയുടേ വീട്ടില്‍ താമസിക്കുന്ന സാമിയെന്നു വിളിക്കുന്ന വെളിച്ചപ്പാട് (സുധിയുമായുള്ള ബന്ധം മനസിലായില്ല).

കുരുക്ഷേത്രയുദ്ധം: ചേട്ടാനുജന്മാരുടെ മക്കള്‍ തമ്മിലുള്ള സ്വത്തുതര്‍ക്കവും, സുധിയും സതിയും പവിത്രയും വിനുവും തമ്മിലുള്ള ചതുഷ്കോണ പ്രണയവുമൊക്കെയാണ് സിനിമ. ജയറാം പണം കൊടുത്തില്ലെങ്കില്‍ കൊല്ലുമെന്നൊക്കെ പറഞ്ഞ് കുറച്ചു പേര്‍ സിനിമയുടെ തുടക്കത്തിലെത്തുന്നുണ്ട്. അവരെക്കുറിച്ച് പിന്നീടൊരു വിവരവുമില്ല. സിനിമ എങ്ങിനെയൊക്കെയോ ഇന്റര്‍വെല്‍ വരെ വലിയ കുഴപ്പമില്ലാതെ തള്ളിനീക്കുന്നുണ്ട് സംവിധായകന്‍. എന്നാലതിനു ശേഷം വല്ലാതെ ബോറടിപ്പിക്കുന്നു. പവിത്രയും സതിയും തമ്മിലുള്ള നീണ്ട ഡയലോഗുകള്‍ അരോചകവും അനുചിതവുമാണ്. ഇടയ്ക്കിടയ്ക്കു വരുന്ന പാട്ടുകള്‍ ഈ ബോറടി കൂട്ടുകയും ക്ഷമ നശിപ്പിക്കുകയും ചെയ്യുമെന്നാല്ലാതെ യാതോരു ഗുണവുമില്ല. കഥ പറഞ്ഞു പറഞ്ഞ് കൈയില്‍ നിന്നു വഴുതിപ്പോയ, എന്തോ കളഞ്ഞു നില്‍ക്കുന്ന അണ്ണാന്റെ, അവസ്ഥയിലെത്തി നില്‍ക്കുന്നു സിനിമയുടെ ഒടുക്കം സംവിധായകനും തിരക്കഥാകൃത്തും. കെ.പി.എസ്.സി ലളിത, ജഗതി ശ്രീകുമാര്‍, വേണു നാഗവള്ളി എന്നിവരെയെല്ലാം ചുമ്മാ കൊണ്ടു നിര്‍ത്തിയിരിക്കുന്നു സിനിമയില്‍. പിന്നെ കല്പന, മധു വാര്യര്‍, സംവൃത എന്നിവര്‍ക്ക് അല്പം നീളമുള്ളതും പ്രാധാന്യമുള്ളതുമായ റോള്‍ നല്‍കിയിട്ടുണ്ട് സംവിധായകന്‍. ശ്രീനിവാസനും തന്റെ സാന്നിധ്യം സിനിമയിലറിയിക്കുവാന്‍ സാധിച്ചിട്ടില്ല. പദ്മപ്രിയയ്ക്കും കാര്യമായ റോളില്ല, കഥയില്‍. ജയറാമിന്റെ കഥാപാത്രത്തിന് യാതോരു പുതുമയുമില്ല, എത്രയോ തവണ കണ്ടു മടുത്ത രൂപ ഭാവങ്ങള്‍ തന്നെ ഇവിടേയും.

എന്തുകൊണ്ട് ഈ സിനിമയുടെ പേര് ‘അഞ്ചിലൊരാള്‍ അര്‍ജ്ജുനന്‍’ എന്നിട്ടു എന്നത് മനസിലാവുന്നില്ല. ക്ലൈമാക്സ് രംഗങ്ങളോടടുക്കുമ്പോള്‍ ശ്രീനിവാസന്‍ കൃഷ്ണനര്‍ജ്ജുനനോടെന്നപോലെ വീണു കിടക്കുന്ന സുധിയോട്, ചേട്ടന്മാരെന്നോ ബന്ധുക്കളെന്നോ നോക്കാതെ, തന്നെ ജീവിക്കുവാനനുവദിക്കാത്ത ചേട്ടന്മാരെ ശത്രുവായിക്കണ്ട് ഉന്മൂലനം ചെയ്യുവാന്‍ ആഹ്വാനിക്കുന്നു. കൂവലറിയാത്ത പ്രേക്ഷകനും കൂവിപ്പോവും ഈ ഭാഗങ്ങളില്‍. തിയേറ്റര്‍ വിട്ടിറങ്ങുന്ന പ്രേക്ഷകര്‍ക്ക് നിരാശ തന്നെ ഈ ചിത്രവും നല്‍കുന്നത്.
--
സന്ദര്‍ശിക്കാവുന്ന മറ്റിടങ്ങള്‍:
അഞ്ചിലൊരാള്‍ അര്‍ജ്ജുനന്‍ - ഇന്ദുലേഖ

കയ്യൊപ്പ്

January 19, 2007


കൊമേഴ്സ്യല്‍ ജാടകളൊഴിവാക്കിയ ഒരു ചെറിയ ചലച്ചിത്രം. ചെറുതെന്നു പറയുമ്പോള്‍ സമയത്തില്‍ മാത്രമല്ല, ചിത്രം സിനിമാസ്കോപ്പിലുമല്ല എടുത്തിരിക്കുന്നത്. രണ്ടുമണിക്കൂറില്‍ താഴെ മാത്രമാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. പക്ഷെ, ഇത്രയും സമയം മനോഹരമായി സംവിധായകന്‍ പ്രേക്ഷകനുമായി സംവേദിക്കുന്നു. ഇത്തരമൊരു ചിത്രം പ്രദര്‍ശനത്തിനെത്തിക്കുവാന്‍ ധൈര്യം കാണിച്ച രഞ്ജിത്തിനേയും സംഘത്തേയും ആദ്യമായി അനുമോദിക്കേണ്ടതുണ്ട്. സൂപ്പര്‍സ്റ്റാര്‍ പരിവേഷമില്ലാതെ, സാധാരണക്കാരന്റെ വേഷം അവതരിപ്പിച്ച മമ്മൂട്ടിയും അഭിനന്ദനമര്‍ഹിക്കുന്നു.

ബാലചന്ദ്രന്‍ (മമ്മൂട്ടി) എന്ന സാധാരണക്കാരന്റെ വിരസവും ഏകാന്തവുമായ ജീവിതത്തില്‍ നിന്നും കഥ ആരംഭിക്കുന്നു. എന്നാല്‍ ബാലചന്ദ്രന് ആ വിരസത ഒരു പ്രശ്നമല്ല. പുസ്തകങ്ങളെ കൈവിട്ട മലയാളിയില്‍ നിന്നും വേറിട്ടു നില്‍ക്കുന്നു ഈ കഥാപാത്രം. അദ്ദേഹത്തിന്റെയുള്ളില്‍ ഉറങ്ങിക്കിടക്കുന്ന ഒരു കഥാകാരനുമുണ്ട്. ബാലചന്ദ്രനെഴുതി പകുതിയാക്കിയ ഒരു നോവലിനെക്കുറിച്ച് മലയാളത്തിലെ ഒരു പ്രശസ്ത സാഹിത്യകാരനായ വാസുദേവന്‍ (നെടുമുടി വേണു) തുറന്ന സദസില്‍ അഭിനന്ദിക്കുന്നു. അത് ശിവദാസന്‍ (മുകേഷ്) എന്ന പുസ്തകപ്രസാധകനെ ബാലചന്ദ്രനുമായടുപ്പിക്കുന്നു. ശിവദാസനും ഭാര്യ ലളിതയും (നീന കുറുപ്പ്) കിളിപ്പാട്ട് എന്ന തങ്ങളുടെ പ്രസാധകപ്രസ്ഥാനം ഉയര്‍ത്തിക്കൊണ്ടുവരുവാനുള്ള ശ്രമത്തിലാണ്. ബാലചന്ദ്രന്റെ പുതിയ നോവല്‍ തങ്ങളുടെ ഈ സ്വപ്നം നിറവേറ്റുവാന്‍ സഹായിക്കും എന്നൊരു പ്രതീക്ഷയും ശിവദാസനുണ്ട്.

കഥയില്‍ ഒന്നില്‍ കൂടുതല്‍ ത്രഡുകള്‍ വളരെ ഭംഗിയായി ഇണക്കിയിരിക്കുന്നു. നായകസ്ഥാനത്തുള്ള ബാലചന്ദ്രനെ ചുറ്റിപ്പറ്റിയാണ് ഇവയൊക്കെയും, എന്നാല്‍ തന്നെയും ബാലചന്ദ്രന്റെ വിവിധ മുഖങ്ങളാണ് ഓരോ ത്രഡിലും. സാധാരണക്കാരനായി പ്രേക്ഷകനോട് സംവേദിക്കുന്ന ബാലചന്ദ്രന്‍, ശിവദാസനോട് സംവേദിക്കുന്നത് സാഹിത്യകാരനായാണ്. ഫാത്തിമയോടും ബാബുവിനോടും ഇടപെഴകുമ്പോള്‍ അദ്ദേഹത്തിലെ മനുഷ്യസ്നേഹിയെക്കാണാം. പദ്മയോട് (ഖുശ്ബു) ഇടപെഴകുമ്പോഴാവട്ടെ അയാളിലെ പഴയ കാമുകന്‍ തിരിച്ചെത്തുന്നു. ഈ വശങ്ങളിലെല്ലാം ബാലചന്ദ്രന്റെ സാന്നിധ്യമുണ്ടെങ്കിലും ഓരോ കഥയുടേയും കേന്ദ്രസ്ഥാനം പദ്മയിലും ശിവദാസിലും ഫാത്തിമയിലും ബാബുവിലുമൊക്കെയായി മാറിമറിഞ്ഞുകൊണ്ടിരിക്കുന്നു. ഇങ്ങിനെ വിവിധ ഇഴകള്‍ ഭംഗിയായി കൂട്ടിയിണക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചിരിക്കുന്നു.

ബാലചന്ദ്രന്റെ യൂണിവേഴ്സിറ്റി പഠനകാലത്തെ കൂട്ടുകാരിയായ, കാമുകിയായ പദ്മ; അന്നത്തെ രണ്ടുപേരുടേയും സാഹചര്യത്തില്‍ അവര്‍ക്കൊന്നിക്കുവാന്‍ കഴിഞ്ഞില്ല. പദ്മയ്ക്ക് മറ്റൊരാളെ വിവാഹം കഴിക്കേണ്ടതായും വന്നു. ഇപ്പോള്‍ പദ്മ വിവാഹബന്ധം വേര്‍പെടുത്തി ഒറ്റയ്ക്ക് കഴിയുന്നു. ശിവദാസനും ഭാര്യ ലളിതയും പ്രണയിക്കുകയും, വീട്ടുകാരെ ധിക്കരിച്ച് വീടുവിട്ടിറങ്ങി വിവാഹിതരാവുകയും ചെയ്തവരാണ്. പ്രണയത്തിന്റെ രണ്ടു വശങ്ങള്‍ ഭംഗിയായി ഇവിടെ ചിത്രീകരിച്ചിരിക്കുന്നു. രണ്ടു കൂട്ടരുടേയും ആത്മസംഘര്‍ഷങ്ങളും സാമൂഹിക സംഘര്‍ഷങ്ങളും വ്യത്യസ്തമാണ്, എന്നാല്‍ ഏതാണ് നല്ലതെന്ന് തീരുമാനിക്കേണ്ട ബാധ്യത സംവിധായകന്‍ പ്രേക്ഷകന് വിട്ടു തന്നിരിക്കുന്നു.

മലയാളിയേയും ഇന്നത്തെ മലയാളസമൂഹത്തേയും വിമര്‍ശിക്കുന്ന ഒട്ടേറെ രംഗങ്ങളുണ്ട് ഈ ചിത്രത്തില്‍. എന്നാല്‍ അവയൊക്കെയും യാതോരു ഏച്ചുകെട്ടലുമില്ലാതെ കഥയോട് ചേര്‍ന്നുപോവുന്നു. ഞാന്‍ പലപ്പോഴും പറയാറുണ്ട്, മലയാള സിനിമയില്‍ സന്ദേശം കൈമാറുന്നത് അവസാനം എഴുതിക്കാണിക്കുന്ന നാലുവരിയിലൂടെയോ നായകന്റെ നെടുങ്കന്‍ ഡയലോഗുകളിലൂടെയോ ആണെന്ന്. ആ കുറവ് ഇതില്‍ നികത്തുന്നു. പ്രേക്ഷകനുമായി വളരെ നല്ലരീതിയില്‍ സംവേദിക്കുന്നുണ്ട് ഈ ചിത്രം, തുടക്കം മുതല്‍ ഒടുക്കം വരെ. ഒരു ഡയലോഗ് പോലും അനാവശ്യമായി ഉപയോഗിച്ചിട്ടില്ല എന്നതും ശ്രദ്ധേയമായി.

ഈ ചിത്രത്തിന്റെ മറ്റൊരു സവിശേഷതയാണ് ഇത് സിനിമാസ്കോപ്പിലല്ല ചിത്രീകരിച്ചിരിക്കുന്നതെന്ന്. എന്നാല്‍ അങ്ങിനെയെടുക്കുന്നതുകൊണ്ട് പ്രത്യേകിച്ചെന്തെങ്കിലും ഗുണമുള്ളതായി എനിക്കു തോന്നിയില്ല. മറ്റൊരു രസകരമായ വസ്തുത, ചിത്രീകരണത്തില്‍ പഴമയിലേക്ക് പോവുമ്പോള്‍ തന്നെ, ഡി.ടി.എസ്. ശബ്ദവിന്യാസമാണ് ചിത്രത്തില്‍ സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ ഡി.ടി.എസ്. സാങ്കേതിക വിദ്യയുടെ 5% മെങ്കിലും വിനിയോഗിക്കുന്ന ഒരു സീന്‍ പോലും ചിത്രത്തിലില്ല. എന്തുകൊണ്ട് ഈ രീതിയിലൊരു പരീക്ഷണത്തിന് സംവിധായകന്‍ മുതിര്‍ന്നു എന്നത് എനിക്ക് തീരെ മനസിലാവുന്നില്ല.

സംഘട്ടന രംഗങ്ങള്‍, പാട്ടുകള്‍, നായകന്റെ നെടുങ്കന്‍ ഡയലോഗുകള്‍ എന്നിവയെല്ലാം ഈ ചിത്രത്തില്‍ പൂര്‍ണ്ണമായും ഒഴിവാക്കിയിരിക്കുന്നു. യാഥാര്‍ത്ഥ്യത്തോട് അടുത്തു നില്‍ക്കുന്ന രംഗങ്ങളാണ് ഇതില്‍ മുഴുവനും. മൊബൈലുകളോട് എന്തോ പ്രത്യേകവിരോധമുള്ളതുപോലെ തോന്നുന്നു സംവിധായകന്. ഇത്രയൊന്നും മൊബൈലിനെ വിമര്‍ശിക്കേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല, അതിനായി നല്‍കിയ സമയം അല്പം കൂടിയില്ലേ എന്നൊരു സംശയവും ഇല്ലാതില്ല. വര്‍ഗീയത, പുസ്തകവിരോധം, മൊബൈല്‍ പ്രണയം, മനുഷ്യത്വമില്ലായ്മ, പണത്തോടുള്ള ആര്‍ത്തി, അധികാരത്തിന്റെ അഹന്ത എന്നിങ്ങനെ ഇന്നത്തെ മലയാളി സമൂഹത്തിലെ ഒട്ടേറെ ദുഷ്പ്രവണതകളെ (പ്രവണതകളെ) ചിത്രം വിമര്‍ശിക്കുന്നു. എന്നാല്‍ ഈ വിമര്‍ശനം നായകന്റെ പ്രകടനത്തിലല്ല, സീനുകളിലൂടെ പ്രേക്ഷകന്റെ മനസിലാണ്, അല്ലെങ്കില്‍ പ്രേക്ഷകനാണ് വിമര്‍ശിക്കുന്നത്. അതാണ് ഈ സിനിമയെ വ്യത്യസ്തമാക്കുന്നതും.

സിനിമയിലെ അഭിനേതാക്കളെല്ലാം തന്നെ വളരെ ഭംഗിയായി അവരവരുടെ റോള്‍ കൈകാര്യം ചെയ്തിരിക്കുന്നു. വളരെ ദൈര്‍ഘ്യം കുറഞ്ഞ റോളുകള്‍ പോലും സശ്രദ്ധമാണ് സംവിധായകന്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ശിവദാസായെത്തുന്ന മുകേഷും ഫാത്തിമയുടെ അച്ഛനായെത്തുന്ന മാമുക്കോയയും വളരെ ശ്രദ്ധേയമായി. വില്ലന്‍ കഥാപാത്രമില്ലാത്ത ഈ ചിത്രത്തിലെ വില്ലന്‍, ഇന്നത്തെ സമൂഹവും, സമൂഹ വ്യവസ്ഥിതിയും, മാറേണ്ട ചിന്തകളും, ഒഴിവാക്കേണ്ട പരിതസ്ഥിതികളുമാണ്. പദ്മയായി ഖുശ്ബുവും ശിവദാസിന്റെ ഭാര്യയായി നീന കുറുപ്പും നന്നായിത്തന്നെ അഭിനയിച്ചിരിക്കുന്നു. നെടുമുടി വേണുവിന്റെ റോള്‍ വളരെ ചെറുതായിപ്പോയി, വളരെയൊന്നും ചെയ്യുവാന്‍ അദ്ദേഹത്തിനുണ്ടായിരുന്നുമില്ല.

അവസാനമായി, ഈ ചിത്രം ബോക്സ് ഓഫീസില്‍ യാതോരു ചലനവും സൃഷ്ടിക്കില്ലെന്നത് ഏതാണ്ട് ഉറപ്പാണ്. മമ്മൂട്ടി എന്ന സൂപ്പര്‍സ്റ്റാറിന്റെ ആരാധകര്‍ക്കുള്ളതല്ല ഈ ചിത്രം, എന്നാല്‍ മമ്മൂട്ടിയെന്ന മഹാനടന്റെ ആരാധകര്‍ ഒന്നിലേറെത്തവണ കാണേണ്ടതാണ് ഈ ചിത്രം എന്നൊക്കെയാണ് പത്രത്തിലെ പരസ്യ വാചകങ്ങള്‍. ഒന്നിലേറെത്തവണയൊന്നും കാണാന്‍ തക്കവണ്ണം ഒന്നുമില്ലെങ്കിലും ഒരിക്കല്‍ കാണുന്നതുകൊണ്ട് കുഴപ്പമില്ലാത്തതാണ് ഈ ചിത്രം. അതുപോലെ, മമ്മൂട്ടിയുടെ സൂപ്പര്‍ സ്റ്റാര്‍ പരിവേഷം കാണുവാനാഗ്രഹിക്കുന്ന പ്രേക്ഷകര്‍ തിയേറ്ററിന്റെ ഏഴയലത്ത് വരാതിരിക്കുന്നതാണ് ഉചിതം. എന്നാല്‍ മലയാള സിനിമയിലെ ഇന്നത്തെ സ്ഥിതിവിശേഷത്തിനൊരു മാറ്റം വരണമെങ്കില്‍, പുതിയ പരീക്ഷണങ്ങള്‍ ഇനിയും നടക്കണമെങ്കില്‍ ഈ രീതിയിലുള്ള ചിത്രങ്ങള്‍ സാമ്പത്തികമായി വിജയിക്കേണ്ടതും ആവശ്യമാണ്.
--
സന്ദര്‍ശിക്കാവുന്ന മറ്റിടങ്ങള്‍:
കയ്യൊപ്പ് - ഇന്ദുലേഖ

ഗുരു

January 12, 2007


ധാരാളം സ്വപ്നങ്ങള്‍ കണ്ട ഒരു സാധാരണ ഗ്രാമീണബാലന്‍ ഉയര്‍ച്ചയുടെ പല പടവുകള്‍ കയറി, ഇടയ്ക്കൊന്നിടറി, ഭാരതത്തിലെ ഏറ്റവും വലിയ കമ്പനിയുടെ ഉടമസ്ഥനാവുന്നു. പിന്നെയും അയാള്‍ സ്വപ്നം കാണുന്നു, ലോകത്തിലെ തന്നെ ഏറ്റവും വലിയ കമ്പനിയാക്കി അതിനെ മാറ്റുവാന്‍. പക്ഷെ ഇന്നയാള്‍ ഒറ്റയ്ക്കല്ല. ഗുരു എന്ന മണിരത്നം ചിത്രത്തിനെ ഇങ്ങിനെ ചുരുക്കിപ്പറയാം. സാധാരണ മണിരത്നം ചിത്രങ്ങള്‍ പ്രേക്ഷകനുമായി വളരെ ശക്തമായി സം‌വേദിക്കുന്നവയാണ്. എന്നാല്‍ ഈ സിനിമയില്‍, താനുദ്ദേശിച്ച ആശയം ഫലപ്രദമായി പ്രേക്ഷകനിലെത്തിക്കുവാന്‍ തിരക്കഥാകൃത്തും സം‌വിധായകനുമായ മണിരത്നത്തിനു കഴിയുന്നുണ്ടോ എന്ന കാര്യം സംശയമാണ്.

ഗുരുകാന്ത് ദേശായി (അഭിഷേക് ബച്ചന്‍)എന്ന യുവാവിന് വലിയ സ്വപ്നങ്ങളാണ്, അവയൊന്നും സ്കൂള്‍ ഹെഡ് മാഷായ അവന്റെ അച്ഛനെ സന്തോഷിപ്പിക്കുന്നില്ല. എന്നു മാത്രവുമല്ല, പഠനത്തില്‍ പുറകിലായ മകന്‍ തനിക്കൊരപമാനവുമാണെന്ന് അദ്ദേഹം കരുതുന്നു. ജോലി സമ്പാദനത്തിനായി തുര്‍ക്കിയിലേക്ക് മാറുന്ന ഗുരുകാന്ത് അവിടെ പെട്രോള്‍ നിറച്ച ക്യാനുകള്‍ വിതരണം ചെയ്ത് തന്റെ ജീവിതം ആരംഭിക്കുന്നു. എന്നാല്‍ കമ്പനി പ്രമോഷന്‍ നല്‍കുമ്പോള്‍ തന്റെ ഭാവി ഇവിടെയല്ലെന്നും, ഗ്രാമത്തിലെത്തി സ്വന്തമായി ബിസിനസ് ചെയ്യണം എന്ന തിരിച്ചറിവോടെ ഗുരു തുര്‍ക്കി വിടുന്നു. തിരികെ വരുമ്പോള്‍ ട്രയിനില്‍ സുജാത (ഐശ്വര്യ റായ്) യെക്കണ്ടുമുട്ടുന്നു. കാമുകനുമായി ഒളിച്ചോടുവാന്‍ തീരുമാനിച്ച്, അവസാനം കാമുകന്‍ കാലുമാറി ഒറ്റയ്ക്ക് യാത്രയാവുകയാണ് സുജാത. ബിസിനസ് സ്വപ്നങ്ങളുമായി ഗുരു ജിഗ്നേഷിനെ (ആര്യ ബബ്ബാര്‍) കണ്ടുമുട്ടുന്നു. തന്റെ സഹോദരിയെ വിവാഹം കഴിക്കുവാനായി സൂക്ഷിച്ചിരിക്കുന്ന കുറച്ചു പൈസ മാത്രമേ അച്ഛന്റെ കൈയിലുള്ളൂ എന്നും, അത് അദ്ദേഹം തരികയില്ലെന്നും ജിഗ്നേഷ് പറയുന്നു. ഗുരു ജിഗ്നേഷിന്റെ സഹോദരിയെ, ബിസിനസ് തുടങ്ങുവാനുള്ള പൈസയ്ക്കായി, വിവാഹം കഴിക്കുവാന്‍ തയ്യാറാവുന്നു. വിവാഹാലോചനയുമായി സ്വയം ജിഗ്നേഷിന്റെ വീട്ടിലെത്തുമ്പോഴാണ് പെണ്‍കുട്ടി സുജാതയാണെന്ന് ഗുരുവറിയുന്നത്.

അങ്ങിനെ സുജാതയും ജിഗ്നേഷുമായി മുംബെയിലെത്തുന്ന ഗുരുവിന് തുടക്കത്തില്‍ ധാരാളം പ്രശ്നങ്ങള്‍ നേരിടേണ്ടിവരുന്നു. അവിടെ ഗുരുവിന് താങ്ങാവുന്നത് ‘സ്വതന്ത്ര’ എന്ന പേരില്‍ പത്രം നടത്തിവരുന്ന നാനാജി അല്ലെങ്കില്‍ മണിക് ദാസ് ഗുപ്ത (മിഥുന്‍ ചക്രവര്‍ത്തി) യാണ്. അദ്ദേഹത്തിന്റെ വികലാംഗയായ കൊച്ചുമകള്‍ മീനു (വിദ്യ ബാലന്‍)വുമായി ഗുരുവിന് സഹോദരതുല്യമായ അടുപ്പമാണുള്ളത്. ഗുരുവിന്റെ കമ്പനിയുടെ വളര്‍ച്ച പെട്ടെന്നായിരുന്നു. ശക്തി കുടുംബത്തിലെ എല്ലാവരും അദ്ദേഹത്തെ ഗുരു ഭായ് എന്നു വിളിക്കുവാന്‍ തുടങ്ങി. എന്നാല്‍ ഗുരു വളരുന്നതിനൊപ്പം അദ്ദേഹത്തിലെ അഴിമതിയും വളരുന്നു എന്നു മനസിലാക്കുന്ന നാനാജി പത്രത്തിലൂടെ ഗുരുവിനെ വിമര്‍ശിക്കുന്നു. ഗുരുവിനെതിരെ സ്വതന്ത്രയിലെഴുതുന്ന റിപ്പോര്‍ട്ടറായ ശ്യാം (മാധവന്‍) മീനുവിനെ വിവാഹം കഴിക്കുന്നു. എന്നാല്‍ ആരോപണങ്ങളെയെല്ലാം അതിജീവിച്ച് ഗുരു തന്റെ കമ്പനിയായ ശക്തിയെ ഭാരതത്തിലെ ഒന്നാമത്തെ കമ്പനിയാക്കുന്നു.

നാനാജിയായി മിഥുന്‍ ചക്രവര്‍ത്തിയും സുജാതയായി ഐശ്വര്യയും നന്നായി അഭിനയിച്ചിരിക്കുന്നു. മാധവനും വിദ്യാ ബാലനും പറയത്തക്ക റോളൊന്നും ചിത്രത്തിലില്ല. ഗുരുവായെത്തുന്ന അഭിഷേക് ബച്ചന്റെ അഭിനയം എടുത്തു പറയത്തക്കതൊന്നുമില്ല. സ്വപ്നം കണ്ടുവളരുന്ന യുവാവില്‍ നിന്നും പരിചയ സമ്പന്നനായ ബിസിനസുകാരനായി മാറുമ്പോഴും ക്യാരക്ടറിന് യാതോരു വ്യത്യസ്തതയും നല്‍കുവാന്‍ അദ്ദേഹത്തിനാവുന്നില്ല. സ്വപ്നം കണ്ടു നടക്കുന്ന അതേ പയ്യന്റെ പെരുമാറ്റ രീതികളാവുമോ പ്രായമായ ഗുരുഭായ്ക്കും? അഭിഷേക് കഥാപാത്രത്തെ ഉള്‍ക്കൊണ്ടല്ല അഭിനയിച്ചിരിക്കുന്നതെന്നു വ്യക്തം. ഗുരുവിന്റെ ഡയലോഗുകള്‍ വലിയ കുഴപ്പമില്ലാതെ അവതരിപ്പിച്ചു എന്നൊരു മെച്ചമുണ്ട്. ചിത്രത്തില്‍ മറ്റ് പ്രധാന്യമുള്ള വേഷങ്ങളൊന്നുമില്ലെന്നു പറയാം. രാജീവ് മേനോന്റെ ഷോട്ടുകള്‍ പതിവുപോലെ മനോഹരമായിരിക്കുന്നു. എ. ആര്‍. റെഹ്മാന്റെ സംഗീതം ചിത്രത്തോടിണങ്ങുന്നു. ‘മൈയ്യ മൈയ്യ’ എന്ന തുടക്കത്തിലുള്ള പാട്ടില്‍, ബാര്‍ നര്‍ത്തകിയായി മല്ലൈക ഷെരാവത്തും ചിത്രത്തിലുണ്ട്. സുജാതയെ പരിചയപ്പെടുത്തുന്ന ‘ബര്‍സോ രേ’ എന്ന ഗാനവും ശ്രദ്ധേയമാണ്. എന്നിരുന്നാലും ചില സ്ഥലങ്ങളിലെങ്കിലും അദ്ദേഹത്തിന്റെ തന്നെ പഴയപാട്ടുകളുടെ സ്വാധീനമില്ലേ എന്നൊരു സംശയവുമുണ്ട്.

ഗുരുവിന്റെ കഥയില്‍ സത്യത്തില്‍ സംവിധായകന്‍ ഒരു ഒളിച്ചു കളിയാണ് നടത്തിയിരിക്കുന്നത്. ഗുരു മുംബെയില്‍ ബിസിനസ് തുടങ്ങുവാന്‍ നേരിടുന്ന പ്രശ്നങ്ങളൊഴിച്ചു നിര്‍ത്തിയാല്‍, പിന്നീട് ഗുരു നേരിടുന്ന പ്രശ്നങ്ങളോ, ഗുരു അഴിമതിയുടെ വഴിയില്‍ എന്തുകൊണ്ടു സഞ്ചരിച്ചു എന്നോ ഒന്നും വ്യക്തമായി സംവിധായകന്‍ പറയുന്നില്ല. ഗുരുവിന്റെ വളര്‍ച്ച കമ്പനിയുടെ ഗ്രൂപ്പ് ഫോട്ടോയുടെ വലിപ്പം കൂട്ടിയാണ് പ്രേക്ഷകനിലെത്തിക്കുന്നത്. നന്നായി സംസാരിക്കുവാനുള്ള കഴിവും, സംസാ‍രത്തിലൂടെ മറ്റുള്ളവരെ കൈയിലെടുക്കാനുള്ള സാമര്‍ത്ഥ്യവുമുണ്ടാ‍യാല്‍ മതി, ഒരു ബിസിനസ് സാമ്രാജ്യം കെട്ടിപ്പെടുക്കുവാന്‍ എന്നാണോ സംവിധായകന്‍ ഉദ്ദേശിച്ചിരിക്കുന്നതെന്നു തോന്നും ചിത്രം കണ്ടിറങ്ങുമ്പോള്‍. ഇടവേളയ്ക്കു ശേഷമാവട്ടെ, കഥയിലാകെ സംഭവിക്കുന്നത് ‘സ്വതന്ത്ര’യുമായുള്ള ഗുരുവിന്റെ ആശയപരമായ യുദ്ധവും അതിനെത്തുടര്‍ന്നുണ്ടാവുന്ന പ്രശ്നങ്ങളുമാണ്. ഗുരു തന്നെ ഇടയ്ക്കിടയ്ക്ക് പറയുന്നുണ്ട്, ഒരു പത്രത്തില്‍ നാലുപുറം എഴുതിപ്പിടിപ്പിക്കുന്നതിലൂടെ തന്നെ ഒന്നും ചെയ്യുവാന്‍ കഴിയില്ലെന്ന്, എന്നാല്‍ പിന്നീട് അതിനു നേര്‍ വിപരീതമായി ഗുരുവിന്റെ ജീവിതത്തില്‍ അവരുമായുള്ള പ്രശ്നങ്ങള്‍ മാത്രമാണ് കാണിച്ചിരിക്കുന്നത്. ഗുരുവിന്റെ മാതാപിതാക്കള്‍, സുജാതയുടെ മാതാപിതാക്കള്‍, സഹോദരന്‍ എന്നിവരെക്കുറിച്ചൊന്നും യാതോരു വിവരവുമില്ല സിനിമയുടെ ഒരു ഭാഗം കഴിഞ്ഞാല്‍. ശ്യാമും മീനുവുമായുള്ള ബന്ധത്തിന് ആഴം നല്‍കുവാനും സംവിധായകനു കഴിഞ്ഞില്ല. മീനുവിന്റെ മരണം പോലും പ്രേക്ഷകനില്‍ മതിയാ‍യ ചലനം സൃഷ്ടിക്കുന്നില്ല.

ചിത്രത്തിന്റെ അവസാനം കുറെയധികം കാര്യങ്ങള്‍ പറയുന്നുണ്ട് ഗുരു, തന്റെ തെറ്റുകളെ ന്യായീകരിക്കുവാനായി. ഗാന്ധിജി നിയമം ലംഘിച്ചില്ലേ എന്നുപോലും ചോദിക്കുന്നു. എന്നാല്‍ ഗാന്ധിജി നിയമം ലംഘിച്ചത്, അധിനിവേശ സേനയുടെ നിയമങ്ങളാണെന്നും, ഒരു ഇന്ത്യന്‍ പൌരന്‍ എന്ന നിലയില്‍ ഇന്ത്യന്‍ ജനാധിപത്യവ്യവസ്ഥയിലുള്ള നിയമങ്ങള്‍ പാലിക്കേണ്ടതാണെന്നും എന്തുകൊണ്ട് സംവിധായകന്‍ പറയുന്നില്ല. മാത്രമല്ല, മറ്റുള്ളവര്‍ കുറ്റം ചെയ്യുന്നതും പിടിക്കപ്പെടാതിരിക്കുന്നതും അല്ലെങ്കില്‍ ശിക്ഷിക്കപ്പെടാതിരിക്കുന്നതും ഒരാള്‍ക്ക് നിയമത്തിനെ അവഗണിച്ച് പ്രവര്‍ത്തിക്കുവാനുള്ള ലൈസന്‍സായിക്കാണുവാനൊക്കുകയില്ല. ഒരു പക്ഷെ, അങ്ങിനെ കമ്പനിയുണ്ടാക്കുന്ന ലാഭത്തിന്റെ പങ്ക് കമ്പനിയുടെ ഷെയറെടുത്തിരിക്കുന്ന പൊതുജനത്തിനും ലഭിക്കുമായിരിക്കും. പക്ഷെ, ഒരാളുടെ ലാഭം മറ്റൊരാളുടെ നഷ്ടമാണ്. ആ രീതിയില്‍ ഗുരു നിയമങ്ങളെ മറികടന്ന് ലാഭമുണ്ടാക്കി കുറെയധികം പേരെ സംരക്ഷിച്ചു അവര്‍ക്കൊരു ജീവിത മാര്‍ഗമുണ്ടാക്കി എന്നു പറയുമ്പോള്‍, കുറെയധികം പേര്‍ക്ക് നീതി നിഷേധിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഇവിടെ സംവിധായകന്‍ തെറ്റായ ഒരു സന്ദേശമാണ് പുതുതലമുറയ്ക്ക് നല്‍കുന്നതെന്നും പറയാതെ വയ്യ. മൊത്തത്തില്‍ നോക്കുമ്പോള്‍ വളരെ ശുഷ്കമായ ഒരു മണിരത്നം ചിത്രമാണ് ഗുരു, തീര്‍ച്ചയായും വളരെയധികം മെച്ചപ്പെട്ടരീതിയില്‍ ഈ കഥ പറയാമായിരുന്നു.

--

കനകസിംഹാസനം

January 2, 2007


ജയറാം-രാജസേനന്‍ ടീമിന്‍റെ ഏറ്റവും പുതിയ ‘ഫാമിലി എന്‍റര്‍ടൈനര്‍‘, അങ്ങിനെയാണല്ലോ ഈ ടീമിന്‍റെ ചിത്രങ്ങളെക്കുറിച്ചുള്ള വിശേഷണം. ഈ സിനിമകണ്ട് രണ്ടുരണ്ടര മണിക്കൂര്‍ പാഴാക്കി, പിന്നെയിതിനെക്കുറിച്ചെഴുതിയും സമയം കളയുവാന്‍ എനിക്കു വലിയ ആഗ്രഹമില്ല, എങ്കിലും എഴുതുന്നു. ചിത്രത്തിനു അഞ്ചില്‍ അര റേറ്റിംഗ് കൊടുത്തത്, വല്ലപ്പോഴുമൊക്കെ സിനിമകണ്ടുകൊണ്ടിരുന്നപ്പോള്‍ ഞാന്‍ (തിയേറ്ററിലെ മറ്റുള്ളവരും) ചിരിച്ചു എന്നതുകൊണ്ടുമാത്രമാണ്. അറിയാതെ ചിരിച്ചുപോവുന്ന ചില ഡയലോഗുകളും സിറ്റുവേഷനുകളും മാത്രമാണ് ഈ ചിത്രത്തില്‍ പറയുവാനായി ആകെയുള്ളത്.

പലസിനിമകണ്ടിറങ്ങുമ്പോഴും ഞാനാലോചിക്കാറുണ്ട്, എന്തിനു വേണ്ടിയാണ് ഇങ്ങിനെയുള്ള സിനിമകള്‍ പടച്ചുവിടുന്നതെന്ന്? ഒരുപക്ഷെ, ഇതാസ്വദിക്കുവാന്‍ അറിയുന്നവരും ഉണ്ടാവും. എന്തോ, എനിക്കതിനുള്ള കഴിവില്ല. ജയറാം പഴയകാല രാജാക്കാന്മാര്‍ അലറുന്നതുപോലെ ചിത്രത്തില്‍ പലയിടങ്ങളിലും അലറുന്നുണ്ട്, അതുപോലെ പലപ്പോഴും സം‌വിധായകന്‍റെ പേരുവിളിച്ചലറുവാന്‍ തിയേറ്ററിലിരുന്നപ്പോള്‍ തന്നെ എനിക്കു തോന്നി എന്നതാണതിന്‍റെ സത്യം.

കോമഡി ചിത്രങ്ങളെടുക്കുന്നതില്‍ രാജസേനന്‍ എങ്ങിനെ തുടങ്ങിയോ അവിടെത്തന്നെ ഇപ്പോഴും നില്‍ക്കുന്നു. യാതോരു വ്യത്യസ്തതയുമില്ലാതെ, തല്ലിക്കൂട്ടുതിരക്കഥയുമായി ഇങ്ങിനെയുള്ള ചിത്രങ്ങള്‍ എത്രനാള്‍ പ്രേക്ഷകര്‍ സഹിക്കണം? കനകാംബരന്‍(ജയറാം) എന്ന നാടകക്കാരന്‍റേയും ഭാരതി(കാര്‍ത്തിക) എന്ന അദ്ദേഹത്തിന്‍റെ സ്റ്റേജിലേയും ജീവിതത്തിലേയും പങ്കാളിയുടേയും ദാരിദ്ര്യപൂര്‍ണ്ണമായ ജീവിതത്തില്‍ നിന്നും കഥ ആരംഭിക്കുന്നു. സ്ഥിരമായി രാജവേഷം കെട്ടുന്നതിനാല്‍ ബാണപ്പാര്‍ട്ട് കനകാം‍ബരനെന്നും, മാര്‍ത്താണ്ഡം ഭാരതി എന്നുമാണ് ഇവര്‍ അറിയപ്പെടുന്നത്. കടം കൊണ്ടു നട്ടം തിരിയുന്ന കനകാംബരനെത്തേടി കാന്തപുരം രാജകുടുംബത്തില്‍ നിന്നും രണ്ടുപേര്‍ അന്വേഷിച്ചു വരുന്നു. വര്‍ഷങ്ങള്‍ക്കുമുന്‍‍പു കാണാതായ അവരുടെ രാജകുമാരന്, സൂര്യനാരായണനായി കനകാംബരന്‍ അഭിനയിക്കണമെന്നതാണ് ആവശ്യം.

അങ്ങിനെ കൊട്ടാരത്തിലെത്തുന്ന കനകാംബരനും, കൂടെ ജോലിക്കാരിയായി ചേക്കേറുന്ന ഭാരതിയും, പിന്നെ കൊട്ടാരത്തിലെ അന്തേവാസികളും, രാജകുമാരനുവേണ്ടി കാത്തിരുന്ന കാഞ്ചനലക്ഷ്മിയെന്ന രാജകുമാരിയും (ലക്ഷ്മി ഗോപാലസ്വാമി), കുലഗുരുവായ ഇന്ദ്രസേന റെഡ്ഡി (കലാശാല ബാബു) വില്ലനായെത്തുന്ന അനന്തിരവന്‍ നരസിംഹനും(കിരണ്‍ രാജ്) ഒക്കെയായി കഥ കൊഴുക്കുന്നു. അരോചകമായ ധാരാളം സീനുകളുണ്ട് ഈ ചിത്രത്തില്‍. കനകാംബരന്‍ തന്നെയാണ് വര്‍ഷങ്ങള്‍ക്കുമുന്‍പേ നഷ്ടപ്പെട്ട രാജകുമാരന്‍ എന്നതാണ് ചിത്രത്തിലെ സസ്പെന്‍സെങ്കിലും അത് ജയറാമിനെ കൊട്ടാരത്തില്‍ സം‌വിധായകന്‍ എത്തിക്കുമ്പോഴേ മനസിലാവുമെന്നതിനാല്‍ അതിനു വലിയ പ്രസക്തിയില്ല. ഇരുപത്തിനാല്‍ വാര്‍ഷത്തോളം കുമാരന്‍റെ അച്ഛനായ മഹാരാജാവിനെ തടവില്‍ പാര്‍പ്പിച്ചിരുന്നു വില്ലനായ നരസിംഹനും, നരസിംഹന്‍റെ അച്ഛ്നും എന്നും കഥയിലുണ്ട്. ഏതു കാലത്താണോ എന്തോ ഈ കഥ നടക്കുന്നത്! എതായാലും തടവറയിലെ മഹാരാജാവിനെ പരമ്പരാഗതമായി അച്ഛന്‍ വില്ലന്‍ മകന്‍ വില്ലന് കൈമാറി എന്നൊക്കെ ചിന്തിച്ചുകൂട്ടിയ ഭാവന അപാരം.

ചിത്രത്തെക്കുറിച്ച് ഇനിയുമെന്തെങ്കിലും എഴുതണമെന്ന് എനിക്കു തോന്നുന്നില്ല. നിലവാരമില്ലാത്ത ഒരുപിടി ഗാനങ്ങളുമുണ്ട് ചിത്രത്തില്‍. ഗാനരംഗങ്ങള്‍ അതിനേക്കാള്‍ ശോചനീയം. ശാസ്ത്രീയസംഗീതത്തിന്‍റെ അകമ്പടിയിലാണ് ക്ലൈമാക്സ് രംഗത്തെ സംഘട്ടന രംഗം. തുടക്കത്തില്‍ ആവേശപൂര്‍വ്വം എഴുതിക്കാണിക്കുന്നുണ്ട് “ഞങ്ങളവതരിപ്പിക്കുന്ന പുതിയ ഗായകന്‍: ശങ്കരന്‍ നമ്പൂതിരി”. ശാസ്ത്രീയസംഗീത ലോകത്ത് തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം ആലപിച്ച ഒരു കീര്‍ത്തനം തുടക്കത്തില്‍ ടൈറ്റിലെഴുതുമ്പോളും അവസാനം തല്ലിനു പിന്നണിയായും ഉപയോഗിച്ചത് ഒട്ടും ശരിയായില്ല. അങ്ങിനെയുള്ള ഒരു ഗാനമായിരുന്നെങ്കില്‍ ആദ്ദേഹത്തെപ്പോലുള്ള ഒരു ശാസ്ത്രീയസംഗീതജ്ഞനെ ഉപയോഗിക്കേണ്ടിയിരുന്നില്ല, ചുരുങ്ങിയപക്ഷം അദ്ദേഹത്തിന്‍റെ പേര് ഇത്രയും എടുത്ത് പ്രദര്‍ശിപ്പിക്കാതിരിക്കുകയെങ്കിലും ചെയ്യാമായിരുന്നു. ‘അഴകാര്‍ന്ന നീല മയിലേ’ എന്നൊരു ഗാനം കൂടി അദ്ദേഹത്ത്നു പാടുവാന്‍ നല്‍കിയിട്ടുണ്ടെന്നതു മാത്രമാണ് ഒരാശ്വാസം.

ഇനിയുമൊരു രാജസേനന്‍-ജയറാം ചിത്രത്തിന് റിവ്യൂ എഴുതേണ്ടിവരരുതേ എന്ന പ്രാര്‍ത്ഥനയോടെ നിര്‍ത്തുന്നു.
--
സന്ദര്‍ശിക്കാവുന്ന മറ്റിടങ്ങള്‍:
കനക സിംഹാസനം - ഇന്ദുലേഖ

പളുങ്ക്

January 1, 2007


സംവിധായകന്റെ പേരെഴുതിക്കാണിക്കുമ്പോള്‍ പ്രേക്ഷകര്‍ കയ്യടിക്കുന്ന ചുരുക്കം ചില മലയാളം സംവിധായകരില്‍ ഒരാളാണ് ബ്ലെസി. കാഴ്ചയും തന്മാത്രയും മലയാളപ്രേക്ഷകര്‍ക്ക് പുതിയ അനുഭവമായിരുന്നു. എന്നാല്‍ ബ്ലെസിയുടെ പുതിയ ചിത്രമായ പളുങ്ക് പ്രേക്ഷകര്‍ക്ക് ഒരു പുതിയ അനുഭവവും സമ്മാനിക്കുന്നില്ല. തയ്യാറെടുപ്പുകളുടെ കുറവ് ചിത്രത്തില്‍ പ്രകടം. മറ്റു പല ചിത്രങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ട വിഷയങ്ങളുടെ ആവര്‍ത്തനവിരസത, അവതരണത്തിലെ പുതുമയില്ലായ്മ, നാട്ടിന്‍‌പുറം നന്മകളാല്‍ സ‌മൃദ്ധം-നഗരം ദരിദ്രം എന്ന ആശയത്തിന്റെ പുനരാവിഷ്കാരത്തിലെ മടുപ്പ് എന്നിങ്ങനെ ഒരുപിടി കുറവുകള്‍ പളുങ്കില്‍ ചൂണ്ടിക്കാണിക്കുവാന്‍ കഴിയും.

മോനിച്ചന്‍ (മമ്മൂട്ടി) എന്ന ഒരു വയനാടന്‍ കര്‍ഷകന്‍. മണ്ണില്‍ പണിയെടുത്ത് നല്ല രീതിയില്‍ കഴിയുന്ന ഒരു കുടുംബമാണ് അയാളുടേത്. മൂത്തമകള്‍ അഞ്ചിലേക്ക് പാസായി. എന്നാല്‍ മകള്‍ പഠിക്കുന്ന സ്കൂളില്‍ അഞ്ചാം തരത്തില്‍ പഠിക്കുവാന്‍ ആകെയുള്ളതു രണ്ടു പേര്‍ മാത്രം, ഹെഡ്-മാഷിന്റെ ഉപദേശം ടൌണിലുള്ള ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ പഠിക്കുവാന്‍ ചേര്‍ക്കുവാനാണ്. അങ്ങിനെ രണ്ടു കുട്ടികളേയും പട്ടണത്തിലുള്ള സ്കൂളില്‍ പഠിക്കുവാന്‍ ചേര്‍ക്കുന്നു. പിന്നെ മോനിച്ചന്റെ ജീവിതത്തില്‍ സംഭവിക്കുന്ന ആകസ്മികതകളിലൂടെ ചിത്രം പുരോഗമിക്കുന്നു. വളരെ വിശ്വസനീയമായി മോനിച്ചന്റെ ഗ്രാമത്തില്‍ നിന്നും പട്ടണത്തിലേക്കുള്ള പറിച്ചുനടല്‍ സംവിധായകന്‍ അവതരിപ്പിച്ചിരിക്കുന്നു.

പട്ടണത്തില്‍ മോനിച്ചനു സുഹൃത്തുക്കളായി സോമന്‍ പിള്ളയെന്ന ലോട്ടറിവില്പനക്കാരനും (ജഗതി) നെടുമുടി വേണുവിന്റെ പാരലല്‍ കോളേജ് അദ്ധ്യാപകനുമുണ്ട്. തന്മാത്രയിലെ ചുറ്റുപാടുകളില്‍ നിന്നും ഏറെയൊന്നും വ്യത്യസ്തമല്ല ഇതിലെ പല സീനുകളും. നെടുമുടി വേണുവിന്റേയും ജഗതിയുടേയും കഥാപാത്രങ്ങള്‍ക്ക് തന്മാത്രയിലെ അവരുടെ കഥാപാത്രങ്ങളുടെ സ്വാധീനം വളരെ പ്രകടമാണ്. കാഴ്ചയില്‍ നിന്നും തന്മാത്രയിലേക്കുള്ള ഒരു ക്രിയേറ്റീവ് വിടവ്, തന്‍‌മാത്രയും പളുങ്കും തമ്മിലില്ലെന്ന് നിഃസംശയം പറയാം. പ്രമേയത്തിലും വൈവിധ്യമില്ല. കാഴ്ചക്ക് ഗുജറാത്ത് ഭൂകമ്പത്തില്‍ നിന്നും രക്ഷപെട്ട ഒരു കുട്ടി കേരളത്തിലെ ഒരു സാധാരണക്കാരന്റെ ജീവിതത്തില്‍ വരുത്തുന്ന മാറ്റമാണ് പ്രമേയമായതെങ്കില്‍, കേരളത്തിലെ ഒരു മദ്ധ്യവര്‍ഗകുടുംബത്തിന്റെ താളം ഒരു അസുഖം അല്ലെങ്കില്‍ ഒരു ദുരന്തം എങ്ങിനെ തെറ്റിക്കുന്നു എന്നതാണ് തന്മാത്രയുടെ കാതല്‍. ഇവിടെയും അതുതന്നെ വിഷയം. സര്‍ക്കാര്‍ ഉദ്യോഗസ്ഥന് എന്നത് നഗരത്തിലേക്ക് കുടിയേറിയ ഒരു ഗ്രാമീണകര്‍ഷകന്‍ എന്നൊരു വ്യത്യാസം മാത്രം.

ചിത്രത്തെക്കുറിച്ച് എടുത്തു പറയേണ്ട ഒരു കാര്യം സംവിധായകന്‍ തികഞ്ഞ അച്ചടക്കം വിഷയത്തില്‍ പാ‍ലിച്ചിരിക്കുന്നു എന്നതാണ്. വയനാട്, കര്‍ഷകരുടെ അവസ്ഥ, ബാങ്ക്, കടക്കെണി, ആത്മഹത്യ, ബ്ലേഡ്, റിയലെസ്റ്റേറ്റ് മാഫിയ, ഗുണ്ടാ‍പ്പിരിവ്, കുഴല്‍പ്പണം ഇവയിലൂടെയെല്ലാം ചിത്രം സഞ്ചരിക്കുന്നുണ്ടെങ്കിലും (അല്ലെങ്കില്‍ ഇവയെക്കുറിച്ചെല്ലാം എവിടെയെങ്കിലുമൊക്കെ പ്രതിപാദിക്കുന്നുണ്ടെങ്കിലും) ഇവയിലേക്ക് വിഷയം മാറി കാടുകയറാതിരിക്കുവാന്‍ സംവിധായകന്‍ ശ്രദ്ധിച്ചിരിക്കുന്നു. മോനിച്ചന്റെ ജീവിതവും ആകസ്മികതകളും തന്നെയാണ് ചിത്രത്തിന്റെ കാതല്‍. പട്ടണത്തില്‍ ഒരുവിധം പിടിച്ചു നില്‍ക്കുവാനുള്ള മോനിച്ചന്റെ ശ്രമങ്ങള്‍ക്ക് സഹായമാവുന്നത് സോമന്‍ പിള്ളയാണ്. ഒരു എസ്.റ്റി.ഡി ബൂത്തും ഇദ്ദേഹത്തിന് സ്വന്തമായുണ്ട്. എളുപ്പവഴിയിലൂടെയുള്ള പണസമ്പാദനത്തിന്റെ പുതിയ മേഖലകള്‍ മോനിച്ചനു കാട്ടിക്കൊടുക്കുന്നതും ഈ ലോട്ടറിക്കാരന്‍ തന്നെ. എന്നാല്‍ അവയൊക്കെയും അപ്രസക്തമാവുന്നു, അല്ലെങ്കില്‍ ആക്കുന്നു, തികച്ചും യാദൃശ്ചികമായി മോനിച്ചന്റെ ജീവിതത്തില്‍ സംഭവിക്കുന്ന ഒരു ദുരന്തം.

മോനിച്ചന്റെ ഭാര്യ, സൂസമ്മയുടെ റോളിലെത്തൂന്ന ലക്ഷ്മി ശര്‍മ്മയും, പെണ്‍‌മക്കളായ ഗീതു, നീതു എന്നിവരുടെ വേഷത്തിലെത്തുന്ന ബേബി നസ്രീന്‍, ബേബി നിവേദിത എന്നിവരും‍ തന്താങ്ങളുടെ വേഷം ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. ഇവരുടെ കുടുംബബന്ധങ്ങള്‍ കൃത്രിമത്വം തോന്നാത്ത രീതിയില്‍ സംവിധായകന്‍ ചിത്രീകരിച്ചിരിക്കുന്നു. പിന്നെ പരിചയക്കാരുടെ രൂപത്തിലും അയല്‍‌പക്കക്കാരുടെ രൂപത്തിലും ഒരു പിടി കഥാപാത്രങ്ങള് ചിത്രത്തിലുണ്ട്. അവരെയെല്ലാം കുത്തിത്തിരുകിയെന്നു തോന്നാത്തവിധം സംവിധായകന്‍ രംഗത്തവതരിപ്പിച്ചിരിക്കുന്നു.

ഒരുപക്ഷെ മോനിച്ചന്‍ ഗ്രാമത്തിലേക്ക് മടങ്ങിപ്പോയിരിക്കാം എന്നു തോന്നിപ്പിക്കുന്ന തരത്തിലാണ് ചിത്രം അവസാനിക്കുന്നത്. നഗരത്തിലെത്തുമ്പോള്‍ മാ‍റുന്ന ശീലങ്ങളും ശിഥിലമാവുന്ന കുടുംബത്തിനുള്ളിലെ ആത്മബന്ധവുങ്ങളും ചിത്രത്തില്‍ വളരെ നന്നായി ആവിഷ്കരിച്ചിരിക്കുന്നു. ചിത്രം കണ്ടിറങ്ങുമ്പോള്‍ പിന്നെയും സംശയങ്ങള്‍ ബാക്കി, എന്താണ് സംവിധായകന്‍ പറയുവാനുദ്ദേശിച്ചത്? മോനിച്ചനെപ്പോലെയുള്ള കര്‍ഷകര്‍ ഗ്രാമത്തില്‍ തന്നെ കര്‍ഷകവൃത്തിയുമായി കൂടുന്നതാണ് അഭികാമ്യമെന്നോ? സിനിമ എങ്ങിനെ യുവതലമുറയെ തെറ്റായി സ്വാധീനിക്കുന്നുവെന്നോ? അതോ ചിത്രത്തിന്റെ അവസാനം എഴുതിക്കാണിക്കുമ്പോലെ രണ്ടരമണിക്കൂറില്‍ ഇന്ത്യയില്‍ ശരാശരി 5 പെണ്‍‌കുട്ടികള്‍ എങ്ങിനെ ബലാല്‍കാരത്തിനിരയായി കൊല്ലപ്പെടുന്നുവെന്നോ? ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥ മാറി ചിന്തിക്കേണ്ടതുണ്ടെന്നോ? ഇവയിലേതു തന്നെ പറയുവാനാണ് സംവിധായകന്‍ ഉദ്ദേശിച്ചതെങ്കിലും ആ ആശയം വ്യക്തമായി പ്രേക്ഷകനിലെത്തിക്കുവാന്‍ സംവിധായകന്‍ വിജയിച്ചുവോ എന്നകാര്യം സംശയമാണ്.

ചിത്രത്തിന്റെ അവസാനം മോനിച്ചന്‍ ഗാന്ധിജിയുടെ പ്രതിമയ്ക്കുമുന്നില്‍, ഗാന്ധിജിയെ നോക്കി “എന്തു നേടി?” എന്നു ചോദിക്കുന്ന ഒരു സീനുണ്ട്. രണ്ടാം തരം വരെമാത്രം പഠിച്ചിട്ടുള്ള, കാര്യമായ പൊതുകാര്യ പരിജ്ഞാനമില്ലാത്ത, വായിക്കുവാന്‍ പോലും ശരിയായി അറിയാത്ത, മോനിച്ചന്‍ എന്ന സാധാരണക്കാരന്‍ എന്തര്‍ത്ഥത്തിലാണ് ഇങ്ങിനെയൊരു ചോദ്യം ഗാന്ധിജിയോട് ചോദിച്ചതെന്ന് എത്രതന്നെ അലോചിച്ചിട്ടും മനസിലാവുന്നില്ല. ചിത്രത്തിലെ ഏറ്റവും അപഹാസ്യമായ ഒരു രംഗമായി അത്.

മമ്മൂട്ടിയുടെ അഭിനയത്തെക്കുറിച്ചും ഒരു വാക്കുപറയാതെ ഇതു നിര്‍ത്തുന്നത് ഉചിതമാവില്ല. വളരെ നന്നായി അദ്ദേഹം മോനിച്ചനെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും, പണ്ട് മമ്മൂട്ടി അവതരിപ്പിച്ചിട്ടുള്ള കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ ഒരു മുഖം കഥാപാത്രത്തിനു നല്‍കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു. കാര്യമായ പ്രാധാന്യമൊന്നും ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍ക്കില്ല. വ്യത്യസ്തമായ ഒരു പ്രമേയവും പുതുമയുള്ള ഒരു ട്രീറ്റ്മെന്റും അനുഭവിക്കുവാനായി തിയേറ്ററിലെത്തുന്ന പ്രേക്ഷകര്‍ക്ക് വളരെയൊന്നും നല്‍കുവാന്‍ ഈ ബ്ലസി ചിത്രത്തിനാ‍വുന്നില്ല. കൈതപ്രത്തിന്റേയും വയലാര്‍ ശരത്‌ചന്ദ്രവര്‍മ്മയുടേയും വരികള്‍ക്ക് മോഹന്‍ സിതാര സംഗീതം നല്‍കിയിരിക്കുന്നു. പറയത്തക്ക മേന്‍‌മയൊന്നും ചിത്രത്തിലെ ഗാനങ്ങള്ക്കും ഗാനരംഗങ്ങളുക്കുമില്ല. ചിത്രത്തിന് ശുഭാന്ത്യം നല്‍കണമെന്ന് നിര്‍ബന്ധമൊന്നുമില്ലെങ്കിലും എല്ലാ ചിത്രങ്ങള്‍ക്കും ദു:ഖകരമായ ഒരു അവസാനം നല്‍കണമെന്നും നിര്‍ബന്ധമില്ല. ബ്ലസിക്ക് ശുഭാന്ത്യമുള്ള ഒരു ചിത്രത്തെക്കുറിച്ചും ഇനി ചിന്തിച്ചു തുടങ്ങാമെന്നു തോന്നുന്നു.<
--
സന്ദര്‍ശിക്കാവുന്ന മറ്റിടങ്ങള്‍:
പളുങ്ക് - സിനിമാ നിരൂപണം
പളുങ്ക് - ഇന്ദുലേഖ

Popular Posts