
പൃഥ്വിരാജ്, പ്രകാശ് രാജ്, ജ്യോതിക, സ്വര്‍ണ്ണ മാല്ല്യ എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രാധാ മോഹന്‍. സംവിധായകന്റെ തന്നെയാണ് കഥയും തിരക്കഥയും. പ്രകാശ് രാജ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നു.
നഗരത്തിലെ ഒരു അപ്പാര്‍ട്ട്മെന്റിലേക്ക് പുതുതായി താമസത്തിനെത്തുന്നവരാണ് കാര്‍ത്തിക്കും (പൃഥ്വിരാജ്) വിജിയും (പ്രകാശ് രാജ്). രണ്ടുപേരും പിയാനോ വായിക്കുന്നവരാണ്, ചലച്ചിത്ര സംഗീത സംവിധായകന്‍ വിദ്യാസാഗറിനൊപ്പം പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നു. അപ്പാര്‍ട്ട്മെന്റില്‍ വിവാഹിതരായവരെ മാത്രമേ താമസിപ്പിക്കുകയുള്ളൂ എന്നാണ് സെക്രട്ടറി അനന്ദകൃഷ്ണന്റെ (ബ്രഹ്മാനന്ദം) നിലപാട്. പുതിയ ഒരു സ്ഥലം കണ്ടെത്തി അങ്ങോട്ട് മാറുവാനുള്ള സമയം കാര്‍ത്തിക്കും വിജിയും ആവശ്യപ്പെടുന്നു.
ആയിടയ്ക്കാണ് കാര്‍ത്തിക്ക്, അര്‍ച്ചനയെ(ജ്യോതിക) യാദൃശ്ചികമായി കണ്ടുമുട്ടുന്നത്. ആദ്യ ദര്‍ശനത്തില്‍ തന്നെ കാര്‍ത്തിക്കിന് അര്‍ച്ചനയെ ബോധിക്കുന്നു. അര്‍ച്ചന താമസിക്കുന്നത് തങ്ങള്‍ താമസിക്കുന്ന ഫ്ലാറ്റിന് എതിരെയുള്ള ഫ്ലാറ്റിലാണെന്ന് കാര്‍ത്തിക്ക് മനസിലാക്കുന്നു. എന്നാല്‍ പിന്നീടാണ് കാര്‍ത്തിക്ക് അറിയുന്നത്, അര്‍ച്ചന ബധിരയും മൂകയുമാണെന്ന്. അര്‍ച്ചനയോടുള്ള ഇഷ്ടം അവതരിപ്പിക്കുവാനും കൂടുതലടുക്കുവാനും, ഉറ്റസുഹൃത്ത് ഷീലയെ (സ്വര്‍ണ്ണമാല്യ) കൂട്ടുപിടിക്കുന്നു. കാര്‍ത്തിക്ക് തന്റെ പ്രണയം അര്‍ച്ചനയെ അറിയിക്കുന്നതോടെ കാര്യങ്ങള്‍ സങ്കീര്‍ണ്ണമാവുന്നു. അര്‍ച്ചന കാര്‍ത്തിക്കിനെ തന്റെ ജീവിതത്തില്‍ നിന്നു തന്നെ അകറ്റി നിര്‍ത്തുന്നു. ഇതിനിടെ, വിജിയും ഷീലയും പ്രണയത്തിലാവുന്നു.
ഒരു പക്ഷെ കേട്ടുപഴകിയ കഥയാണെന്ന് തോന്നുമെങ്കിലും, കഥ പറയുന്നതിലെ പുതുമയിലൂടെ വിരസതയൊഴിവാക്കുവാന്‍ സംവിധായകന്‍ കഴിഞ്ഞിട്ടുണ്ട്. ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത കാര്‍ത്തിക്-അര്‍ച്ചനയിലൊതുങ്ങുന്നില്ല സിനിമയെന്നതാണ്. അപ്പാര്‍ട്ട്മെന്റിലെ മറ്റ് താമസക്കാരില്‍ ചിലരിലേക്കും ചിത്രം വികസിക്കുന്നു. ഓരോ കഥാപാത്രങ്ങളുടേയും ഭൂതകാലത്തിലേക്ക് ചിത്രം ഇറങ്ങിച്ചെല്ലുന്നു, അവയോരോന്നും ഹൃദയസ്പര്‍ശിയായി അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നു. വൈരമുത്തു എഴുതി വിദ്യാസാഗര്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനങ്ങളെല്ലാം നല്ലതു തന്നെ. ഒട്ടേറെ പുതുമകള്‍ തോന്നിക്കുന്ന ഗാനരംഗങ്ങളുടെ ചിത്രീകരണവും നന്നായി. ചിത്രത്തിലെ നര്‍മ്മരംഗങ്ങളാണ് എടുത്തുപറയേണ്ട മറ്റൊരു കാര്യം. ഏച്ചുകെട്ടില്ലാതെ, ചിത്രത്തോടിണങ്ങുന്നു ചിത്രത്തിലെ നര്‍മ്മരംഗങ്ങളെല്ലാം. നര്‍മ്മത്തിനു വേണ്ടി ചേര്‍ത്തതായി ഒട്ടും അനുഭവപ്പെടില്ല ഈ രംഗങ്ങളൊന്നും.
അര്‍ച്ചനയായി ജ്യോതിക നന്നായി അഭിനയിച്ചിരിക്കുന്നു. വിജിയായെത്തുന്ന പ്രകാശ് രാജും ഷീലയായെത്തുന്ന സ്വര്‍ണ്ണമാല്യയും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തി. പൃഥ്വിരാജ് നന്നായിത്തന്നെ കാര്‍ത്തിക്കിനെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും മറ്റുള്ളവരുടെയിടയില്‍ നിറം മങ്ങിയതായി അനുഭവപ്പെട്ടു. തമാശരംഗങ്ങള്‍ പ്രകാശ് രാജ് കൈകാര്യം ചെയ്തിരിക്കുന്നത് എടുത്തു പറയേണ്ട ഒന്നാണ്. വിജിയുടെ ഡയലോഗുകളും നിലവാരം പുലര്‍ത്തി.
ചില പോരായ്മകളും ചിത്രത്തിനുണ്ട്. ചിത്രം രണ്ടാം പകുതിയില്‍ വല്ലാതെ വലിച്ചു നീട്ടിയതായി അനുഭവപ്പെട്ടു. ഗാനങ്ങളെല്ലാം നല്ലതെങ്കില്‍ കൂടിയും ഒന്നു രണ്ട് ഗാനങ്ങളെങ്കിലും ചിത്രത്തില്‍ നിന്നും ഒഴിവാക്കാമായിരുന്നു. ‘കണ്ണാല്‍ പേസും പെണ്ണേ’ എന്ന ഗാനം ഒരു ഉദാഹരണം. പറഞ്ഞു വരുമ്പോള്‍ ചിത്രത്തിലെ കഥാപാത്രങ്ങളുടെയെല്ലാം ഭൂതകാലം ദുരിതപൂര്‍ണ്ണം തന്നെ. മൂന്നുമണിക്കൂറിലധികം സമയമെടുക്കുന്ന ഈ ചിത്രം ഒരു രണ്ടര മണിക്കൂറിലായി ചുരുക്കിയിരുന്നെങ്കില്‍ കുറച്ചുകൂടി നന്നാക്കാമായിരുന്നെന്നു തോന്നുന്നു. ഇങ്ങിനെയൊക്കെയാണെങ്കില്‍ തന്നെയും, ഒരു എന്റര്‍ടൈനര്‍ എന്ന നിലയില്‍ ചിത്രം ഒരു വിജയം തന്നെയാണ്, എന്നാല്‍ കേവലമൊരു കൊമേഴ്സ്യല്‍ - മസാല ചിത്രമല്ല മൊഴിയെന്നതും എടുത്തു പറയേണ്ടതാണ്.
--
Read more:
• Mozhi - IndiaGlitz
• Mozhi - NowRunning
• Mozhi - Sify Movies
--

പ്രായമാവുന്നവരുടെ ഒറ്റപ്പെടല്‍ വിഷയമാക്കുന്ന സിനിമയാണ് ഏകാന്തം. നവാഗത സംവിധായകനായ മധു കൈതപ്രം സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ആന്റണി ജോസഫ്.
അച്ചുതമേനോനും (തിലകന്‍) രാവുണ്ണി മേനോനും (മുരളി) സഹോദരന്മാരാണ്. പഠനത്തില്‍ മുന്നിലായിരുന്ന അച്ചുതമേനോന്‍, ജോലിയും പണവുമൊക്കെയായി നല്ല ഉന്നതനിലയിലാവുന്നു. രാവുണ്ണി മേനോന്‍ കൃഷിയും കാര്യവുമൊക്കെയായി നാട്ടില്‍ തന്നെ കൂടുന്നു. വിവാഹം കഴിഞ്ഞ ശേഷം, അച്ചുതമേനോന് കുട്ടികളുണ്ടാവുന്നില്ല. ഈ വിഷയത്തില്‍ രാവുണ്ണി മേനോന്റെ ഭാര്യ എന്തോ വിഷമിപ്പിച്ച് പറഞ്ഞതില്‍ പിന്നെ, അച്ചുതമേനോന്റെ ഭാര്യ തറവാട്ടിലേക്ക് വരുവാന്‍ കൂട്ടാക്കുന്നില്ല. അങ്ങിനെ സഹോദരര്‍, പരസ്പരം വളരെയധികം സ്നേഹിച്ചിരുന്നിട്ടും വഴി പിരിയുന്നു.
അച്ചുതമേനോനും രാവുണ്ണിമേനോനും പ്രായമായി. രണ്ടാളുടേയും ഭാര്യമാര്‍ മരിച്ചിരിക്കുന്നു. രാവുണ്ണി മേനോന്റെ കുട്ടികള്‍ (മധുപാല്‍, ബിന്ദു പണിക്കര്‍) ജോലിയും പ്രാരാബ്ദങ്ങളുമൊക്കെയായി നഗരത്തിലാണ്. രാവുണ്ണി ഒറ്റയ്ക്ക് തറവാട്ടിലും. അവസാനകാലം അനിയനൊത്ത് തറവാട്ടില്‍ കഴിയാമെന്നുള്ള മോഹവുമായി അച്ചുതമേനോന്‍ നാട്ടിലെത്തുന്നു. എന്നാല്‍ രാവുണ്ണി ഒരു ക്യാന്‍സര്‍ ബാധിതനാണെന്ന വിവരം വൈകിയാണ് അച്ചുതമേനോന്‍ അറിയുന്നത്. അച്ചുതമേനോന്റെ സുഹൃത്തിന്റെ നിര്‍ദ്ദേശപ്രകാരം ‘കാരുണ്യം’ എന്ന ഒരു ചികിത്സാകേന്ദ്രത്തില്‍ അനിയനേയും കൂട്ടി അച്ചുതമേനോന്‍ എത്തുന്നു.
അവിടുത്തെ ഡോക്ടര്‍മാരാണ് സണ്ണിയും (മനോജ് കെ. ജയന്‍) സോഹയും (മീര വാസുദേവ്). അവര്‍ പ്രണയത്തിലാണ്, വിവാഹം കഴിക്കുവാന്‍ തീരുമാനിച്ചിരിക്കുകയുമാണ്. അവിടെയും വിധിവിലാസങ്ങള്‍ മറ്റൊന്നാണ്. പണ്ഡിതനെന്നോ പാമരനെന്നോ, പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഭേദമില്ലാതെയെത്തുന്ന രോഗങ്ങളും മരണവും ഈ ചിത്രത്തിന്റെ രണ്ടാം പാതിക്ക് വിഷയമാവുന്നു.
പത്തു മിനിറ്റ് വേലായുധന്‍ എന്ന ഒരു ശ്രദ്ധേയമായ കഥാപാത്രത്തെ സലിം കുമാര്‍ അവതരിപ്പിച്ചിരിക്കുന്നു. അച്ചുവിന്റേയും രാവുണ്ണിയുടേയും കൂട്ടുകാരായി ഒരു പറ്റം കഥാപാത്രങ്ങള്‍ വേറേയുമുണ്ട്. എന്നാല്‍ പറഞ്ഞു തുടങ്ങിയതൊന്ന്, പറഞ്ഞു നിര്‍ത്തുന്നത് മറ്റൊന്ന് എന്നരീതിയിലായിപ്പോയി ചിത്രം. അച്ചുവും രാവുണ്ണിയുമായി തിലകനും മുരളിയും നന്നായി അഭിനയിച്ചിരിക്കുന്നു. വേലായുധനായി സലിം കുമാറും മോശമായില്ല. മറ്റുള്ള കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കുന്നതില്‍ സംവിധായകന്‍ വിജയിച്ചു എന്നു കരുതുവാനാവില്ല. കൈതപ്രം എഴുതി കൈതപ്രം വിശ്വനാഥന്‍ സംഗീതം നല്‍കിയിരിക്കുന്ന, ‘കൈയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം’ എന്ന ഗാനം ചിത്രത്തോടിണങ്ങുന്നു.
കഥപറയുവാന്‍ തിരഞ്ഞെടുത്ത വിഷയം നല്ലതാണെങ്കിലും; ഏകാന്തതയുടേയോ, രോഗാവസ്ഥയുടേയോ, സഹോദരസ്നേഹത്തിന്റേയോ, പ്രണയത്തിന്റേയോ ഒന്നും ഒരു ഭാവവും പ്രേക്ഷകരിലെത്തിക്കുവാന്‍ ചിത്രത്തിനാവുന്നില്ല. മക്കളുണ്ട് അല്ലെങ്കില്‍ ഇല്ല എന്നത് പുതിയ ജീവിതചുറ്റുപാടുകളില്‍ പ്രായമേറിയവരുടെ ഏകാന്തതയ്ക്ക് ഒരു മാറ്റവും വരുത്തുന്നില്ല എന്നൊരു സത്യം തുറന്നു കാണിക്കുവാന്‍ ചിത്രത്തിനാവുന്നുണ്ട്. ഇതൊഴികെ എടുത്തു പറയുവാനൊന്നുമില്ലാത്ത, വളരെ നന്നാക്കാമായിരുന്ന ഒരു ചിത്രം എന്ന തോന്നല്‍ മനസിലവശേഷിപ്പിച്ചാണ് ‘ഏകാന്തം’ അവസാനിക്കുക.
--
Read more:
• Ekantham - NowRunning
• Ekantham - IndiaGlitz
--

മലയാളത്തിലേത് സിനിമയുടേയും ലൊക്കേഷന്‍ വിശേഷങ്ങള്‍ കേള്‍ക്കുവാന്‍ വിഡ്ഢിപ്പെട്ടിക്കു മുന്‍പിലിരുന്നാല്‍, അതിന്റെ സംവിധായകന്‍, നിര്‍മ്മാതാവ്, നായകന്‍, നായിക തുടങ്ങി ലൈറ്റ് ബോയ്സ് വരെ പറയുന്ന ഒരു സ്ഥിരം ഡയലോഗ് ഉണ്ട്: “വ്യത്യസ്തമായ ഒരു സിനിമയാണിത്.” ജയസൂര്യ എന്ന നവാഗത സംവിധായകന്‍ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്തിരിക്കുന്ന ‘ദി സ്പീഡ് ട്രാക്ക്’ എന്ന ചിത്രത്തിന്റെ അണിയറക്കാര്‍ അങ്ങിനെ പറഞ്ഞിട്ടുണ്ടെങ്കില്‍ തെറ്റുപറയുവാനൊക്കില്ല, സ്പോര്‍ട്ട്സ്, കോളേജ്, അത്‌ലറ്റിക്സ് എന്നിവ പശ്ചാത്തലമാവുന്ന ഈ ചിത്രത്തിന് വ്യത്യസ്തത തീര്‍ച്ചയായും അവകാശപ്പെടാം. ദിലീപ് നായകനാവുന്ന ഈ ചിത്രത്തിന്റെ നിര്‍മ്മാണം സുബൈര്‍.
ബി.സി.എം കോളേജില്‍ പുതുതായെത്തുന്നവരാണ് അര്‍ജ്ജുനും (ദിലീപ്) ഗൌരിയും (ഗജല). ഗൌരിയുടെ ചേട്ടന്‍ രാഹുല്‍ (മധു വാര്യര്‍) പഠിക്കുന്നതും അവിടെത്തന്നെ. രാഹുലിന്റെ കൂട്ടുകാരില്‍ പ്രധാനിയും കോളേജിലെ ഹീറോയുമാണ് വിനു നളിനാക്ഷന്‍ (റിയാസ് ഖാന്‍). വിനുവിന് ഗൌരിയെ ആദ്യം കാണുമ്പോഴേ ഒരു താത്പര്യം തോന്നുന്നു. സ്പോര്‍ട്ട്സിന് വളരെ പ്രാധാന്യം നല്‍കുന്ന ഒരു കോളേജാണിത്. കുഞ്ഞവറാനാണ്(ജഗതി) കോളേജിലെ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ വിഭാഗം കൈകാര്യം ചെയ്യുന്നത്. അര്‍ജ്ജുന്റെ അനിയന്‍ അനു ഒരു മികച്ച ബാസ്ക്കറ്റ് ബാള്‍ കളിക്കാരനായിരുന്നു. എന്നാല്‍ ഒരു അപകടത്തില്‍ പെട്ട് അനുവിന്റെ കാലുകള്‍ തളരുന്നു. അമേരിക്കയില്‍ ചികത്സിച്ചാല്‍ രോഗം ഭേദമാവുമെന്ന് ഡോക്ടര്‍ (സായി കുമാര്‍) പറയുന്നു. അതിനുള്ള പണം കണ്ടെത്തുക എന്നതാണ് അര്‍ജ്ജുന്റെ ഇപ്പോഴത്തെ മുഖ്യ ലക്ഷ്യം.
ഗൌരിയുടെ അച്ഛന്‍ ചന്ദ്രശേഖരദാസാണ് (വിജയരാഘവന്‍) ബി.സി.എം കോളേജിനെക്കുറിച്ച് അര്‍ജ്ജുനോട് പറയുന്നത്. ബി.സി.എം കോളേജ് പങ്കെടുക്കുന്ന സൌത്ത് സോണല്‍ അത്‌ലെറ്റിക് മീറ്റില്‍ വ്യക്തിഗത ചാമ്പ്യനാവുന്നയാള്‍ക്ക് പത്തു ലക്ഷം രൂപ ഒരു കമ്പനി സ്പോണ്‍സര്‍ ചെയ്തിട്ടുണ്ട്. അ ത്‌ലെറ്റിക്സില്‍ മിടുക്കനായ അര്‍ജ്ജുന് അത് നേടിയെടുക്കുവാന്‍ കഴിയും, ആ പണം അനിയന്റെ അമേരിക്കയിലുള്ള ചികിത്സയ്ക്കായി ഉപയോഗിക്കുവാനും സാധിക്കും എന്ന വിശ്വാസത്തിലാണ് ചന്ദ്രശേഖരദാസ് അങ്ങിനെയൊരു വഴി അര്‍ജ്ജുന് പറഞ്ഞുകൊടുക്കുന്നത്. അങ്ങിനെ പണം ലഭിക്കുവാനായി അര്‍ജ്ജുന്‍ ബി.സി.എം. കോളേജില്‍ ചേരുന്നു. ഗൌരിയുമായി അടുപ്പത്തിലാവുന്ന അര്‍ജ്ജുനോടുള്ള പക തീര്‍ക്കുവാനായി, വിനു രാഹുലിനെ കരുവാക്കുന്നു. അര്‍ജ്ജുന്‍ എതിര്‍പ്പുകളെ അതിജീവിച്ച് ചാമ്പ്യനാവുമോ? അര്‍ജ്ജുനും രാഹുലുമായുള്ള എതിര്‍പ്പുകള്‍ അവസാനിക്കുമോ? വിനുവിന്റെ കണക്കുകൂട്ടലുകള്‍ നടക്കുമോ? ഇതൊക്കെയാണ് ഈ ചിത്രത്തിന്റെ പ്രമേയം.
ധാരാളം പോരായ്മകള്‍ ചൂണ്ടിക്കാണിക്കുവാനുണ്ടെങ്കിലും, പരിക്കുകളില്ലാതെ രക്ഷപെടുവാന്‍ പറ്റുന്ന രീതിയില്‍ ചിത്രമൊരുക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചു എന്നു വേണം കരുതാന്‍. അര്‍ജ്ജുനെ നല്ല രീതിയില്‍ അഭിനയിച്ചു ഫലിപ്പിക്കുവാന്‍ ദിലീപിനു സാധിച്ചു. ഗൌരിയായി ഗജല, ജീവനില്ലാത്ത അഭിനയമാണ് കാഴ്ചവെച്ചിരിക്കുന്നത്. ഭാവനയോ മറ്റോ ഈ റോളില്‍ കൂടുതല്‍ തിളങ്ങിയേനേ എന്നു തോന്നുന്നു. മധു വാര്യര്‍, റിയാസ് ഖാന്‍ എന്നിവര്‍ തരക്കേടില്ല. കോളേജ് പ്രിന്‍സിപ്പളായി ക്യാപ്റ്റന്‍ രാജു, മറ്റൊരു അധ്യാപികയായി ബിന്ദു പണിക്കര്‍, കാന്റീന്‍ നടത്തിപ്പുകാരനായി സലിം കുമാര്‍, പിന്നെ മുഖ്യ വേഷങ്ങളുടെ സുഹൃത്തുക്കളായി ഒരു പറ്റം കുട്ടിവേഷങ്ങള്‍ എന്നിവരും ചിത്രത്തിലുണ്ട്.
അവശ്വസിനീയമായ സമ്മാനത്തുക, കേരളത്തിലെവിടെയും കാണുവാന്‍ കഴിയാത്ത കോളേജ് അന്തരീക്ഷം, വളരെയധികം മെച്ചപ്പെടുത്തുവാന്‍ സാധിക്കുമായിരുന്ന ക്ലൈമാക്സ് രംഗങ്ങള്‍ എന്നിവ ഈ ചിത്രത്തിന്റെ മുഖ്യപോരായ്മകളാണ്. ദീപക് ദേവ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിലെ ‘പാട്ടും പാടിയൊരു കൂട്ടിന്‍ വാതിലില്‍’ എന്ന യേശുദാസ് ആലപിച്ചിരിക്കുന്ന ഗാനം നന്നായിരിക്കുന്നു. ‘കൊക്കൊക്കോ കോഴി’ എന്ന വിനീത് ശ്രീനിവാസന്‍, റിമി ടോമി ടീമിന്റെ ഗാനവും തരക്കേടില്ല. ദിലീപിന്റെ കഥാപാത്രത്തിന് ഹീറോയിസം അല്പം കുറച്ചിരുന്നുവെങ്കില്‍ കുറച്ചുകൂടി ‘ഒറിജിനാലിറ്റി’ ചിത്രത്തിന് അവകാശപ്പെടാമായിരുന്നെന്നു. കഥയുടെ ആദ്യഭാഗത്തില്‍ തമാശകളുമായി നിറയുന്ന സലിം കുമാറിനെ പിന്നീട് കാണാനേയില്ല. ചിത്രത്തിലെ പല കണ്ണികളും പറഞ്ഞവസാനിപ്പിക്കുവാന്‍ സംവിധായകന്‍ ശ്രദ്ധിച്ചിട്ടില്ല. ഇങ്ങനെയൊക്കെയാണെങ്കിലും മൊത്തത്തില്‍ നോക്കുമ്പോള്‍ ഒരു നല്ല ഫാമിലി എന്റര്‍ടൈനറായ ഈ ചിത്രം ഒരു വിജയമാകുവാനാണ് സാധ്യത.
--
സന്ദര്‍ശിക്കാവുന്ന മറ്റിടങ്ങള്‍:
• സ്പീഡ് ട്രാക്ക് - ഇന്ദുലേഖ
• സ്പീഡ് TRACK - മലയാളം മൂവി റിവ്യൂസ്
Read more:
• Speed Track - Sify Movies
• Speed Track - IndiaGlitz--

നിശബ്ദമായി പ്രേക്ഷകനോട് സംവേദിക്കുന്ന ഒരു ചിത്രം തന്നെയാണ് ‘നിശബ്ദ്’. ചിത്രത്തിലെ ഡയലോഗുകളേക്കാള്‍ പ്രേക്ഷകന്‍ അറിയുന്നതും കഥാപാത്രങ്ങളുടെ മൌനത്തെയാണ്. രാംഗോപാല്‍ വര്‍മ്മ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ആര്‍.ജി.വി. ഫിലിംസാണ്. വ്ലാഡിമര്‍ നബോക്കോവ് കഥയായ 'ലൊലീറ്റ (Lolita)’യില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ഈ ചിത്രത്തിന്റെ കഥയും തിരക്കഥയുമെഴുതിയിരിക്കുന്നത് കുസും പഞ്ചാബി.
വിജയ് - അമൃത (അമിതാഭ് ബച്ചന്‍ - രേവതി) ദമ്പതിമാരുടെ കോളേജില്‍ പഠിക്കുന്ന മകളാണ് റിതു (ശ്രദ്ധ ആര്യ). കോളേജ് വിദ്യാര്‍ത്ഥിനിയായ റിതുവിന് ഇത് അവധിക്കാലം. അച്ഛനമ്മമാര്‍ പരസ്പരം വേര്‍പിരിഞ്ഞ, ആസ്ട്രേലിയയില്‍ ജനിച്ചു വളര്‍ന്ന റിതുവിന്റെ കൂട്ടുകാരി ജിയയും (ജിയ ഖാന്‍) അവധിക്കാലം ചിലവഴിക്കുവാന്‍ റിതുവിനൊപ്പമെത്തുന്നു. വാര്‍ദ്ധക്യത്തിലേക്ക് കടക്കുന്ന വിജയ്‌യുടെ ഇഷ്ടവിനോദം ഫോട്ടൊഗ്രഫിയാണ്. നൃത്തത്തില്‍ തല്പരയായിരുന്ന അമൃത, കുടുംബപ്രാരാബ്ദങ്ങളില്‍ മുഴുകി ജീവിതം കഴിക്കുന്നു. റിതു ഒരു സാധാരണ രീതിയില്‍ ചിന്തിക്കുന്ന ഒരു പെണ്‍കുട്ടി. ജി എന്ന് വിളിക്കുവാന്‍ ഇഷ്ടപ്പെടുന്ന ജിയ, വേറിട്ടൊരു ചിന്താഗതിക്കാരി.
കഥാപാത്രങ്ങളെ സശ്രദ്ധമാണ് സംവിധായകന്‍ ഡെവലപ് ചെയ്തിരിക്കുന്നത്. ഓരോ ഡയലോഗും കഥാപാത്രത്തിന്റെ വ്യക്തിത്വത്തെ വെളിവാക്കുവാന്‍ തക്കവണ്ണം പാകപ്പെടുത്തിയിരിക്കുന്നു. “Do you love my spirit?" ... "I love yours." എന്നീ ജിയയുടെ വാചകങ്ങള്‍ സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നു. കഥയേതാണ്ട് മദ്ധ്യഭാഗമെത്തുമ്പോള്‍, വിജയ്‌യും ജിയയും പരസ്പരമുള്ള ഇഷ്ടം തുറന്നു സമ്മതിക്കുന്നുണ്ട്, എന്നാലതില്‍ ഒരു അസ്വാഭാവികതയും പ്രേക്ഷകന് തോന്നില്ല, അവിടെയാണ് പാത്രസൃഷ്ടിയില്‍ സംവിധായകന്‍ വിജയിച്ചിരിക്കുന്നത്.
ഇവര്‍ തമ്മിലുള്ള പ്രണയം വീട്ടിലെ മറ്റംഗങ്ങള്‍ അറിയുന്നതും, തുടര്‍ന്ന് ആ ഒരു സിറ്റുവേഷനോട് ഓരോ കഥാപാത്രങ്ങളുടേയും പ്രതികരണവുമാണ് സിനിമയിലെ കാതല്‍. അമൃതയുടെ സഹോദരനായി നാസറും ജിയയെ കുട്ടിക്കാലം മുതല്‍ സ്നേഹിക്കുന്ന കാമുകനായി അഫ്‍താബും സിനിമയിലുണ്ട്. അമിതാഭ് ബച്ചന്‍ വിജയ് എന്ന കഥാപാത്രത്തെ വളരെ നന്നായിത്തന്നെ അവതരിപ്പിച്ചിരിക്കുന്നു. വളരെ മനക്കട്ടിയുള്ള, കാര്യങ്ങള്‍ നന്നായി മനസിലാക്കുന്ന വിജയ്; ജിയയുടെ ചോദ്യങ്ങള്‍ക്കു മുമ്പില്‍ ചൂളുന്നതും, തീരുമാനമെടുക്കാനാവാതെ ഉഴറുന്നതും വളരെ നന്നായി ബച്ചന്‍ അഭിനയിച്ച് ഫലിപ്പിച്ചിരിക്കുന്നു. ജിയയായി ജിയ ഖാനും നന്നായിത്തന്നെ അഭിനയിച്ചിട്ടുണ്ട്. മറ്റുള്ള കഥാപാത്രങ്ങളും മോശമായിട്ടില്ല.
എടുത്തു പറയേണ്ട മറ്റൊരു കാര്യം ചിത്രത്തിലെ ഛായാഗ്രഹണമാണ്. ഡിജിറ്റല്‍ പ്രൊജക്ഷന്‍ സിസ്റ്റം ഉപയോഗിക്കുന്ന ഈ ചിത്രത്തിലെ ഓരോ ഷോട്ടും മനോഹരമാണ്. മൂന്നാറിലെ ടീ-എസ്റ്റേറ്റുകളിലെ ഷോട്ടുകള്‍ മാത്രമല്ല, മുറിക്കുള്ളിലെ ഷോട്ടുകളും, അമിതാഭിന്റെ ക്ലോസപ്പ് ഷോട്ടുകളും എല്ലാം നന്നായിരിക്കുന്നു. ചിത്രത്തിന്റെ ബാക്ക്ഗ്രൌണ്ട് സ്കോര്‍ വളരെ നന്നായി ചിത്രവുമായി ചേര്‍ന്നു പോകുന്നു. ചിത്രത്തിന്റെ ആദ്യഭാഗത്തില്‍ ജിയ വിജയോട് ചോദിക്കുന്നു, “What you can break without touching it?" ഉത്തരം മുട്ടുന്ന വിജയ്‍യോട് ജിയ പറയുന്നു, "A promise." കഥാന്ത്യത്തിലേക്കൊരു ചൂണ്ടുപലകയാണ് ആ വാചകം എന്ന് സിനിമതീരുമ്പോള്‍ നിങ്ങള്‍ക്കു മനസിലാവും. തീര്‍ച്ചയായും കാണേണ്ട ചിത്രങ്ങളിലൊന്നായി നിശബ്ദിനെ പരിഗണിക്കുന്നതിലും തെറ്റില്ല.
--
Read more:
• Nishabd - IndiaGlitz
• Nishabd - NowRunning
• Nishabd - Sify Movies
--
Popular Posts
-
മുംബൈ പോലീസ്: രസിക്കുമൊരു പോലീസ് ത്രില്ലര്‍! ഹരീ, ചിത്രവിശേഷം റോഷന് ആന്‍ഡ്രൂസും ബോബി സഞ്ജയും ' കാസനോവ 'യ്ക്കു ശേഷം ഒന്നിക്കുന്ന ഒരു...
-
നേരം: കാണികളുടെ നല്ല നേരം! ഹരീ, ചിത്രവിശേഷം നേരം നല്ലതുമുണ്ട് ചീത്തയുമുണ്ട്. നല്ലനേരത്ത് പിച്ചക്കാരന് രാജാവാകും, കെട്ട നേരത്ത് തിരിച്ചും. ന...
-
ഓഗസ്റ്റ് ക്ലബ്ബ്: ശരിക്കുമൊരു ബോറടി ക്ലബ്ബ്! ഹരീ, ചിത്രവിശേഷം നായികയുടെ പക്ഷത്തുനിന്നൊരു സിനിമ, അനന്തപത്മനാഭന്റെ 'വേനലിന്റെ കളനീക്കങ്ങള്‍...
-
ഹോട്ടല്‍ കാലിഫോര്‍ണിയ: ആ ലോഡ്ജെത്ര ഭേദം! ഹരീ, ചിത്രവിശേഷം ' ട്രിവാന്‍ഡ്രം ലോഡ്ജി 'ല്‍ നിന്നും പുറപ്പെട്ട് ' ഹോട്ടല്‍ കാലിഫോര്ണി...
-
അകം: അകം പൊള്ള തന്നെ! ഹരീ, ചിത്രവിശേഷം ഉള്ളു പൊള്ളയായ ചിത്രങ്ങളോ, പൊള്ളയായ അവകാശവാദങ്ങളുമായി തിയേറ്ററുകളിലെത്തുന്ന ചിത്രങ്ങളോ ഒന്നും പുതുമയു...





