
ചിന്താമണി കൊലക്കേസിനു ശേഷം ഷാജി കൈലാസ് - സുരേഷ് ഗോപി ടീമില്‍ നിന്നും മറ്റൊരു ആക്ഷന്‍ ചിത്രം. സുരേഷ് ഗോപി പോലീസ് വേഷത്തിലെത്തുന്ന ടൈമിന്റെ കഥ-തിരക്കഥ-സംഭാഷണം എന്നിവ തയ്യാറാക്കിയിരിക്കുന്നത് രാജേഷ് ജയരാമന്‍. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഗോപന്‍. പകയുടേയും പ്രതികാരത്തിന്റേയും തന്നെ കഥ, പക്ഷെ അനുബന്ധമായി കുറേ സെന്റിമെന്റ്സും ആനുകാലിക പ്രസക്തിയുള്ള സംഭവങ്ങളും ചേര്‍ത്തിട്ടുണ്ടെന്നു മാത്രം.
അഴിമതിയാരോപണങ്ങളെത്തുടര്‍ന്ന് കൃഷ്ണന്‍ നമ്പ്യാര്‍ എന്ന മന്ത്രി രാജിവെച്ച് അന്വേഷണങ്ങളെ നേരിടുവാനൊരുങ്ങുന്നു, എന്നാല്‍ അദ്ദേഹം കൊല്ലപ്പെടുന്നു. കേസന്വേഷിക്കുവാന്‍ നിയോഗിക്കപ്പെട്ട അലക്സാണ്ടര്‍ മേക്കാടന്‍ (സിദ്ദിഖ്) ഒരു മാസമായിട്ടും അന്വേഷണം എവിടെയുമെത്തിക്കാത്തതിനാല്‍ മുഖ്യമന്ത്രി അന്വേഷണം, സര്‍വ്വീസ് ബുക്കില്‍ നല്ല പേരുള്ള, ക്രിമിനോളജിയില്‍ ഡോക്ടറേറ്റ് നേടിയ, ഡോ. അപ്പന്‍ മേനോനെ (സുരേഷ് ഗോപി) ഏല്‍പ്പിക്കുന്നു. അപ്പന്‍ മേനോന്‍, അലക്സാണ്ടര്‍ പിന്നെ വേണു (വിജയകുമാര്‍) എന്നിവര്‍ ചേര്‍ന്ന് കേസന്വേഷണം തുടരുന്നു. അന്വേഷണം ആരംഭിക്കുമ്പോള്‍ തന്നെ, അഴിമതിയാരോപണത്തെത്തുടര്‍ന്ന് രാജിവെച്ച് അന്വേഷണത്തിനു തയ്യാറായ രണ്ടു മന്ത്രിമാര്‍ കൂടി വധിക്കപ്പെടുന്നു. ഈ മന്ത്രിമാരുടെയെല്ലാം അഴിമതിക്കഥകള്‍ തെളിവുസഹിതം പുറത്തുകൊണ്ടുവന്നത് ദിശ എന്ന മിതവാദി സംഘടനയാണ്. ബുക്കര്‍ സമ്മാനം നേടിയ എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ സൂസന്‍ മേരി തോമസാണ് (പത്മപ്രിയ) ദിശയുടെ അമരത്ത്. ഈ കൊലപാതകങ്ങള്‍ക്കു പിന്നിലാര്? എന്താണ് കാരണം? ഇതൊക്കെയാണ് ടൈമിന്റെ തുടര്‍ന്നുള്ള ഭാഗം.
അപ്പന്‍ മേനോന്റെ കാര്‍ക്കശ്യക്കാരനായ അച്ഛന്‍ വിശ്വനാഥന്‍ മേനോനെ സുരേഷ് ഗോപി തന്നെ അവതരിപ്പിച്ചിരിക്കുന്നു. അപ്പന്റെ സ്നേഹസമ്പന്നയായ ഭാര്യ വൈഗയെ അവതരിപ്പിച്ചിരിക്കുന്നത് പുതുമുഖം വിമല രാമന്‍. മനോജ് കെ. ജയന്‍, സായി കുമാര്‍, ലാല്‍, കീരിക്കാടന്‍ ജോസ്, ടി. പി. മാധവന്‍ എന്നിങ്ങനെ ഒരു നീണ്ട താരനിരതന്നെ ചിത്രത്തിലുണ്ട്, പക്ഷെ ആര്‍ക്കും കാര്യമായ റോളൊന്നുമില്ല. ഡയറി വായന കാണിച്ചും, ടൈം/കാലം എന്നതിന്റെ പേരില്‍ കുറേ ഡയലോഗുകള്‍ പലതവണ കേള്‍പ്പിച്ചും, ടെന്നീസ് ബോളുരുട്ടിയും, സുരേഷ് ഗോപിയുടെ നടത്തം കാണിച്ചും ഒരുവിധം നന്നായിത്തന്നെ പ്രേക്ഷകരെ ബോറടിപ്പിക്കുന്നുമുണ്ട് സംവിധായകന്‍. ഒരു അരമുക്കാല്‍ മണിക്കൂര്‍ കാണിക്കുവാനുള്ള സാധനം രണ്ടേകാല്‍ മണിക്കൂറെത്തിക്കുവാന്‍ സംവിധായകര് പെടുന്ന പാട് ഇതു കണ്ടാല്‍ മനസിലാവും.
ചിന്താമണി കൊലക്കേസ്, ഡോണ്‍ എന്നീ ഷാജി ചിത്രങ്ങളിലേതുപോലെ, അന്യായത്തെ എതിര്‍ക്കുവാനൊരു ബദല്‍ സംവിധാനം ഉയരുന്ന കഥതന്നെയാണിതും. ചില സിനിമകളില്‍ അത് വ്യക്തിയുടെ ഒറ്റയാള്‍ പോരാട്ടമാവുന്നു, മറ്റു ചിലതില്‍ ഒരു സംഘം ആ വ്യക്തിക്ക് കൂട്ടായുണ്ടാവുന്നു എന്നതാണ് ആകെയുള്ള വ്യത്യാസം. സംഭാഷണം പൂര്‍ണ്ണമായും രാജേഷ് ജയരാമന്റേതല്ല, നമ്മുടെ മുഖ്യമന്ത്രി അച്ചുതാനന്ദനും കുറച്ചു ക്രെഡിറ്റ് നല്‍കണം. കണ്ടുമടുത്ത ഷാജി കൈലാസ് ഇഫക്ടുകളും സുരേഷ് ഗോപിയുടെ സാന്നിധ്യവും ഒഴിച്ചു നിര്‍ത്തിയാല്‍ ടൈമില്‍ കാര്യമായൊന്നുമില്ല. ചിത്രത്തില്‍ നായകന്‍ പലയിടത്തായി പറയുന്ന വാചകം തന്നെയാവും തിയ്യേറ്റര്‍ വിട്ടിറങ്ങുന്ന പ്രേക്ഷകര്‍ സംവിധായകനോടും പറയുക: “യുവര്‍ ടൈം ഈസ് അപ്പ്...”
--
സന്ദര്‍ശിക്കാവുന്ന മറ്റിടങ്ങള്‍:
• ടൈം - മലയാളം മൂവി റിവ്യൂസ്
•
Read More:
• IndiaGlitz
• NowRunning
--
Keywords: Time, Suresh Gopi, Shaji Kailas, Padmapriya, Siddique, Vimala Raman, Double Role, Malayalam Movie Review, Film, Cinema, May Release, Action, Police Story
--

പൃഥ്വിരാജ് വീണ്ടും പോലീസ് വേഷത്തിലെത്തുന്നു നവാഗതനായ ബിപിന്‍ പ്രഭാകര്‍ സംവിധാനം ചെയ്ത ‘കാക്കി’ എന്ന പുതിയ ചിത്രത്തില്. ടി. എ. ഷാഹിദ് കഥയും തിരക്കഥയും എഴുതിയിരിക്കുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് സിറാജ് വലിയവീട്ടില്‍. പോലീസ് ഡിപ്പാര്‍ട്ട്മെന്‍റില്‍ ഉദ്യോഗസ്ഥരായ, രണ്ട് വ്യത്യസ്ത രീതിയില്‍ ജോലിയെ നോക്കിക്കാണുന്ന ചേട്ടന്‍റേയും അനുജന്‍റേയും കഥയാണ് ഈ ചിത്രം.
രാമകൃഷ്ണനും (മുകേഷ്) ഉണ്ണികൃഷ്ണനും (പൃഥ്വിരാജ്) ചേട്ടാനുജന്മാരാണ്. രണ്ടുപേരും കേരളാപ്പോലീസിലുമാണ്. എന്നാല്‍ ചേട്ടന്‍ ഹെഡ് കോണ്‍സ്റ്റബിളും അനിയന്‍ എസ്.ഐ.യുമാണെന്നുമാത്രം. ഇവരെക്കൂടാതെ വീട്ടില്‍ അച്ഛന്‍ ഭാസ്കരന്‍ നായര്‍(നെടുമുടി വേണു), രാമകൃഷ്ണന്‍റെ ഭാര്യ (മീര വാസുദേവ്), അനുജത്തി (ചന്ദ്ര ലക്ഷ്മണ്), രണ്ടു മക്കള്‍ എന്നിവരാണുള്ളത്. ചെറുപ്പത്തിലേ അമ്മമരിച്ച രാമകൃഷ്ണനേയും ഉണ്ണികൃഷ്ണനേയും പെങ്ങളേയും അമ്മയുടെ സ്ഥാനത്തുനിന്ന് വളര്‍ത്തി വലുതാക്കിയത്, അടുത്തുതന്നെ താമസിക്കുന്ന അമ്മായി, ഭാനുമതി (ബിന്ദു പണിക്കര്‍) യാണ്. അമ്മാവന്‍ ബാഹുലേയന്‍ (ജനാര്‍ദ്ദനന്‍), മകന്‍ ഹരി (സുധീഷ്) എന്നിവരാണ് മറ്റുള്ള കുടുംബാംഗങ്ങള്‍. സ്റ്റേഷനില്‍ ചേക്കുട്ടി (മാമുക്കോയ), സുരാജ് എന്നിവരാണ് സഹപ്രവര്‍ത്തകരായെത്തുന്നത്.
രാമകൃഷ്ണനെ സംബന്ധിച്ചിടത്തോളം കുടുംബം പോറ്റുവാനുള്ള ഒരു ജോലി മാത്രമാണ് പോലീസുദ്യോഗം. നാടിനും നാട്ടാര്‍ക്കും വേണ്ടി, അനീതിക്കെതിരെ പൊരാടുവാന് ബലം നല്‍കുന്ന ഒന്നായിട്ടാണ് കാക്കിക്കുപ്പായത്തെ ഉണ്ണികൃഷ്ണന്‍ കാണുന്നത്. അട്ടപ്പാടിയിലെ കഞ്ചാവ് ഓപ്പറേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കിയശേഷം നാട്ടിലേക്ക് സ്ഥലം മാറിയെത്തുന്നു ഉണ്ണികൃഷ്ണന്‍. ഉണ്ണികൃഷ്ണന്‍റെ സത്യസന്ധ്യതയും ജോലിയിലെ കാര്‍ക്കശ്യവും കാരണം കുടുംബത്തിലുണ്ടാവുന്ന പ്രശ്നങ്ങള്, ഡിപ്പാര്‍ട്ട്മെന്‍റില്‍ നിന്നുള്ള തിരിച്ചടികള്‍, രാഷ്ട്രീയ പകപോക്കല്‍, ജീവനെടുക്കുവാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന മാഫിയ സംഘങ്ങള്‍, ഇവയെയൊക്കെയും ഉണ്ണികൃഷ്ണന് നേരിടേണ്ടിവരുന്നു. രാമകൃഷ്ണന്‍റെ ഭാര്യാപിതാവും മുന്‍-എം.എല്‍.എ.യുമായ കരുണാകരമേനോനാ (ജഗതി) ണ് ഉണ്ണിയുടെ എതിരാളികളില്‍ പ്രധാനി. കൂടാതെ പാര്‍ത്ഥിപന്‍ എന്ന കഞ്ചാവ് മാഫിയ തലവനും, അഴിമതിക്കാരനായ നഗരസഭ ചെയര്‍മാനും. അന്യായങ്ങള്‍ വെളിച്ചത്തുകൊണ്ടുവരുന്നതിനു കൂട്ടായി, മാധ്യമപ്രവര്‍ത്തകയായ കാമുകി, പാര്‍വ്വണ വര്‍മ്മ (മാനസ)യും ഒപ്പമുണ്ട്.
ചേട്ടന്‍ - അനിയന്‍ ഈഗോ പ്രശ്നങ്ങള്‍ ചിത്രത്തില്‍ വരുന്നില്ല എന്നത് വലിയൊരാശ്വാസം. ആക്ഷന്‍ രംഗങ്ങളിലും ഡയലോഗ് പ്രസന്‍റേഷനിലും വര്‍ഗ്ഗം, വാസ്തവം എന്നീ ചിത്രങ്ങളിലേതുപോലെ കാക്കിയിലും പൃഥ്വിരാജ് മികച്ചുനില്ക്കുന്നു. ചിത്രത്തില്‍ പാട്ടുകള്‍ തിരുകിക്കയറ്റിയിട്ടില്ല എന്നത് മറ്റൊരു നല്ല കാര്യം. രാമകൃഷ്ണനെന്ന മുകേഷിന്‍റെ കഥാപാത്രം ശ്രദ്ധേയമായി. നെടുമുടി വേണുവിന്‍റെ അച്ഛന്‍ കഥാപാത്രവും, ജഗതിയുടെ മുന്‍-എം.എല്‍.എയും, ബിന്ദു പണിക്കരുടെ അമ്മായിയും, മീര വാസുദേവിന്‍റെ ഏട്ടത്തിയും, ഒക്കെ ചെറുവേഷങ്ങളെങ്കിലും നന്നായി അവതരിക്കപ്പെട്ടിരിക്കുന്നു.
തുടക്കത്തില്‍ നന്നായി അവതരിപ്പിക്കപ്പെട്ട ഒരു കഥ, ഇടവേളയ്ക്കു ശേഷം വളരെ ശുഷ്കമായി. ദുര്‍ബലമായിത്തീര്‍ന്ന കഥയില് അവിടെയുമിവിടെയുമായി ഉണ്ണിയുടെ പോലീസ് സാഹസങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. അമാനുഷികനല്ലാത്ത കഥാപാത്രങ്ങളായിരുന്നു വര്‍ഗത്തിലേയും വാസ്തവത്തിലേയുമെങ്കില്‍, ഇവിടെ കുറേയധികം വില്ലന്മാരെ ഒറ്റയ്ക്കു നേരിടുന്ന സൂപ്പര്‍ ഹീറോയായാണ് പൃഥ്വിയെ അവതരിപ്പിച്ചിരിക്കുന്നത്. തന്‍പ്രമാണിത്തം കാണിക്കുന്ന രീതിയിലുള്ള ഉണ്ണികൃഷ്ണന്റെ ചില ഡയലോഗുകളും അപഹാസ്യമായി. ചുറ്റുപാടുകളിലും സ്വഭാവങ്ങളിലും കാര്യമായ വ്യത്യാസം വര്‍ഗ്ഗം, വാസ്തവം, കാക്കി എന്നിവയിലെ പൃഥ്വിയുടെ കഥാപാത്രങ്ങള്‍ക്കുണ്ടെങ്കിലും, ഇവയ്ക്കെല്ലാം ഒരേ മുഖവും ഒരേ ഭാവവുമാണ്. ഈയൊരു കുറവു നികത്തുവാന്‍ പൃഥ്വിരാജിന് സാധിക്കുന്നില്ലെങ്കില്‍, അധികകാലം മലയാളത്തില്‍ പിടിച്ചു നില്‍ക്കുവാന്‍ അദ്ദേഹത്തിന് കഴിയുമോ എന്ന കാര്യം സംശയമാണ്.
--
സന്ദര്‍ശിക്കാവുന്ന മറ്റിടങ്ങള്‍:
• കാക്കി - ഇന്ദുലേഖ
• കാക്കി - മലയാളം മൂവി റിവ്യൂസ്
Read More:
• NowRunnning
•
--
Keywords: Kakki, Prithviraj, Mukesh, Bipin Prabhakar, Meera Vasudev, Jagathy Sreekumar, Nedumudi Venu, Police, Story, Malayalam Film Review, Cinema, Movie, May Release

ഇന്ദ്രിയത്തിനു ശേഷം വീണ്ടുമൊരു പ്രേതസിനിമയുമായെത്തിയിരിക്കുകയാണ് സംവിധായകന്‍ ജോര്‍ജ്ജ് കിത്തു. ചിത്രത്തിന്‍റെ നിര്‍മ്മാണം ബിഗ് ബെന്‍ ഫിലിംസ്. ഇതുവരെ മലയാളത്തിലിറങ്ങിയ യക്ഷിക്കഥകളുടെ ഒരു സങ്കരസൃഷ്ടിയാണിതിന്‍റെ കഥയും തിരക്കഥയും, എഴുതിയിരിക്കുന്നത് ദീപു കരുളായ്.
പൂജ (രമ്യ നമ്പീശന്‍), മെര്‍ലിന്‍ (സാന്ദ്ര), മനീഷ (നീതു), മീന (അശ്വതി) എന്നിവര്‍ സഹപാഠികളാണ്. ഹോസ്റ്റലിലെ പഠിത്തം ശരിയാവാഞ്ഞ്, ഗ്രാമാന്തരീക്ഷത്തിലുള്ള ഒരു കെട്ടിടത്തിലേക്ക് ഇവര്‍ താമസം മാറുന്നു. മൂന്നു നാലുമാസം മുന്‍പ് നവദമ്പതികള്‍ ദുരൂഹസാഹചര്യത്തില്‍ ആത്മഹത്യ ചെയ്ത തറവാട്ടിലേക്കാണ് ഇവര്‍ എത്തുന്നത്. അന്ന് ആത്മഹത്യചെയ്തവരിലൊരാളായ ഊര്‍മ്മിള (നിത്യ ദാസ്)യുടെ പ്രേതം പൂജയില്‍ പ്രവേശിക്കുന്നു. നന്മയുടേയും തിന്മയുടേയും ഭാഗത്തു നില്‍ക്കുന്ന രണ്ട് മോഡേണ്‍ മന്ത്രവാദികളാണ് വിഷ്ണു നാരായണ(ഷമ്മി തിലകനും)നും ശിവറാ(ഇന്ദ്രജിത്ത്)മും. ഇവരും ഊര്‍മ്മിളയുമായുള്ള ബല പരീക്ഷണവും, ഊര്‍മ്മിളയുടെ മരണത്തിനു പിന്നിലെ രഹസ്യവും, പ്രതികാരവമൊക്കെയാണ് ഇതിലെ കഥാതന്തു. പ്രേതം പ്രതികാരം ചെയ്യുവാന്‍ വര്‍ഷങ്ങളോളമോ തലമുറകളോളമോ കാത്തിരുന്നില്ല എന്നൊരു വ്യത്യാസം മാത്രം.
വലിച്ചു നീട്ടിയും അങ്ങോട്ടുമിങ്ങോട്ടും ചലിപ്പിച്ചും കാണിക്കുന്ന ക്യാമറ കസര്‍ത്തുകള്‍, വെളുത്ത ചേല ചുറ്റി മുടിയഴിച്ച് നടക്കുന്ന യക്ഷി, പട്ടിയുടെ നിര്‍ത്താതെയുള്ള അസഹ്യമായ കുര, കൂട്ടത്തില്‍ കഥാപാത്രങ്ങളുടെ അലര്‍ച്ച, ആനയെ ചെണ്ടകൊട്ടി വിരട്ടുന്നതുപോലെയുള്ള ബാക്ക്ഗ്രൌണ്ട് മ്യൂസിക്ക്. ഇത്രയുമായാല്‍ പ്രേതസിനിമയാവുമെങ്കില്‍ ഇതും അതിലൊന്നു തന്നെ. എന്തുകൊണ്ടോ യക്ഷി ഇതില്‍ പാടുകയുണ്ടായില്ല. ഒരു പാട്ടു കാണിച്ചത്, പാട്ടാവണമെങ്കില്‍ അത് മൊത്തത്തില്‍ തിരുത്തിയെഴുതി വീണ്ടും സംഗീതം നല്‍കേണ്ട പരുവമായിരുന്നു. ഗാനചിത്രീകരണമാവട്ടെ, മലയാളം ആല്‍ബങ്ങളുടെ ചിത്രീകരണത്തിനേക്കാള്‍ നിലവാരം കുറഞ്ഞതും. മൂന്നാമതൊരാള്‍ എന്ന ചിത്രം, മലയാളത്തിലിറങ്ങുന്ന പ്രേതസിനിമകളുടെ ശൈലിക്ക് ഒരു മാറ്റം വന്നു എന്നൊരു പ്രതീക്ഷ നല്‍കിയിരുന്നെങ്കില്‍, ഇത് ആ പ്രതീക്ഷ അപ്പാടെ തകര്‍ത്തു.
തരക്കേടില്ലാതെ അഭിനയിച്ചിരുന്ന ഷമ്മി തിലകനേയും ഇന്ദ്രജിത്തിനേയുമൊക്കെക്കൊണ്ട് ഈ വിധത്തില്‍ കോമാളിത്തരം കാട്ടിച്ചതിന് സംവിധായകന്‍ പ്രത്യേക അഭിന്ദന്ദനമര്‍ഹിക്കുന്നു. ചിത്രത്തിലെ സംഭാഷണമാണ് അതിഗംഭീരം. ഒരുദാഹരണം: “ശിഷ്യാ, നിനക്കായി ഞാന്‍ മാറ്റിവെച്ച സമയം, അതിനെക്കുറിച്ചോര്‍ത്തു ഞാന്‍ കുണ്ഠിതപ്പെടുന്നു.” (ടി.വി.യിലെ ഏതെങ്കിലുമൊരു പുരാണസീരിയലിലെ മുനിവര്യന്‍ പറയുന്ന രീതിയില്‍). ഏതു കാലത്താണോ ഈ കഥ നടക്കുന്നത്. കഥ നടക്കുന്ന നാട്ടിലും വീട്ടിലുമൊക്കെ പ്രത്യേക നിയമവ്യവസ്ഥയാണെന്നു തോന്നുന്നു. ആള്‍ക്കാരുടെ മരണം, തിരോധാനം ഇതൊക്കെ നടന്നിട്ടും കാര്യമായ ഒരന്വേഷണവുമില്ല.
ആദ്യ അരമണിക്കൂറോളം ചിത്രത്തിന് ഒരു നാലാംകിട നീലച്ചിത്രത്തിന്‍റെ ഭാവമാണ്. ഇത്രയും നായികമാരെ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതു തന്നെ, ഓരോ ഫ്രയിമിന്‍റേയും മൂലയ്ക്ക് വെറുതെ വന്ന് നില്‍ക്കുവാനും തെക്കുവടക്ക് നടക്കുവാനും പിന്നെ ഇടയ്ക്കൊക്കെ ഓടുവാനും മാത്രമാണ്. നായികമാരുടെ തലയും പാദവുമൊഴികെ ബാക്കിഭാഗങ്ങള്‍ മാത്രം കാണിക്കുന്ന ഷോട്ടുകള് ആദ്യരംഗങ്ങളില്‍ ധാരാളം. ഇവയൊന്നും പോരാഞ്ഞ് കഥയ്ക്ക് കൊഴുപ്പുകൂട്ടുവാനാവും, വളരെ നിലവാരം കുറഞ്ഞ ചില പൈങ്കിളി രംഗങ്ങളും. ജോര്‍ജ്ജ് കിത്തു എന്ന സംവിധായകന്‍റെ നിലവാരമല്ല ഇതു കാണുവാന്‍ വന്നിരിക്കുന്ന പ്രേക്ഷകര്‍ക്ക് എന്ന സാമാന്യബോധത്തോടെയെങ്കിലും അടുത്ത ചിത്രമെടുക്കണമെന്ന, അങ്ങിനെയൊരു കടുംകൈ നിര്‍ബന്ധമാണെങ്കില്‍, ഒരപേക്ഷയേ കണ്ടിറങ്ങുന്ന ഏതൊരു പ്രേക്ഷകനുമുണ്ടാകുവാന്‍ തരമുള്ളൂ.
--
സന്ദര്‍ശിക്കാവുന്ന മറ്റിടങ്ങള്‍:
• സൂര്യകിരീടം - മലയാളം മൂവി റിവ്യൂസ്
• സൂര്യകിരീടം - ഇന്ദുലേഖ
Read More:
• IndiaGlitz
• NowRunning
• Sify Movies
Keywords: Sooryakireedam, Soorya Kireedam, Suryakireedam, Surya Kireedam Indrajith, George Kithu, Remya Nambeesan, Nithya Das, Horror, Malayalam Film Review, Movie, Cinema, May Release
--

യുവര്‍ ഫ്രണ്ട്‌ലി നൈബര്‍ ഹുഡ്, സ്പൈഡര്‍മാന്റെ വീരസാഹസങ്ങളുടെ തുടര്‍ച്ചയാണ് ഈ ചലച്ചിത്രം. മൂന്നാം ഭാഗം കഥ പൂര്‍ണ്ണമായും മനസിലാക്കി ആസ്വദിക്കുവാന്‍, സ്പൈഡര്‍മാന്റെ കഴിഞ്ഞ ചിത്രങ്ങള്‍, പ്രത്യേകിച്ച് ഒന്നാം ഭാഗം കണ്ടിരിക്കുന്നതാണ് നല്ലത്. സ്പൈഡര്‍മാന്‍ ഒന്നും രണ്ടും സംവിധാനം ചെയ്ത സാം റൈമി തന്നെയാണ് ഇതിന്റെയും സംവിധാനം. സാം റൈമി, ഇവാന്‍ റൈമി, അല്‍വിന്‍ സാര്‍ജന്റ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥയെഴുതിയിരിക്കുന്നു.
പീറ്റര്‍ പാര്‍ക്കര്‍/സ്പൈഡര്‍മാന്‍ (ടോബി മഗ്വയര്‍) തന്റെ അത്ഭുത സിദ്ധികളാല്‍ ന്യൂയോര്‍ക്ക് നിവാസികളെ കള്ളന്മാരില്‍ നിന്നും കൊള്ളക്കാരില്‍ നിന്നും വിപത്തുകളില്‍ നിന്നുമൊക്കെ സംരക്ഷിച്ചു കൊണ്ടിരിക്കുന്നു. തനിക്ക് പീറ്ററിന്റെ സാമീപ്യം ആവശ്യമുള്ളപ്പോള്‍ പീറ്ററിനെ ലഭിക്കാത്തതില്‍ കാമുകി മേരി ജയിന്‍ വാട്സണ്‍ (കിര്‍സ്റ്റന്‍ ഡന്‍സ്റ്റ്) അസന്തുഷ്ടയാണ്. യൂണിവേഴ്സിറ്റിയില്‍ സഹപാഠിയും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്റെ മകളുമായ ഗ്വെന്‍ സ്റ്റസി (ബ്രേസ് ഡല്ലാസ് ഹോവാര്‍ഡ്)യുമായി പീറ്റര്‍ അടുത്തിടപഴകുന്നത് പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. ഹാരി ഓസ്ബോണ്‍ (ജയിംസ് ഫ്രാങ്കോ) തന്റെ അച്ഛന്റെ മരണത്തിന് സപൈഡര്‍മാനോട് പകരം ചോദിക്കുവാന്‍ തയ്യാറായിരിക്കുന്നു. ന്യൂ ഗോബ്ലിനായി ഹാരി മാറുന്നു.
അങ്കിള്‍ ബെന്‍ യഥാര്‍ത്ഥത്തില്‍ കൊല്ലപ്പെട്ടത് ഫ്ലിന്റ് മാര്‍ക്കോ (തോമസ് ഹേഡന്‍ ചര്‍ച്ച്) എന്ന കൊള്ളക്കാരനാലാണെന്ന് ഇതിനിടയില്‍ പീറ്റര്‍ അറിയുന്നു. എന്നാലിപ്പോള്‍, മണല്‍ക്കാറ്റായി സഞ്ചരിക്കുകയും, അസാമാന്യ ശക്തികളുള്ളതുമായ സാന്‍ഡ്‌മാന്‍ ആയി മാര്‍ക്കോ പരിവര്‍ത്തനപ്പെട്ടിരിക്കുന്നു. ഇതിനിടയില്‍ പീറ്ററിന്റെ ഡെയ്‌ലി ബൂഗിളിലെ ഫോട്ടോഗ്രാഫര്‍ ജോലിക്ക് ഭീഷണിയായി എഡ്ഡീ ബ്രോക്ക് (ടോഫര്‍ ഗ്രേസ്) എത്തുന്നു. തന്റെ കള്ളത്തരം പുറത്തു കൊണ്ടുവന്ന പീറ്ററിനോടുള്ള പ്രതികാരം ചെയ്യുവാന്‍ ഉത്സുകനായ എഡ്ഡി വേനം എന്ന പൈശാചിക ശക്തിയായി മാറുന്നു. അമ്മാവന്റെ കൊലയാളിയോട് പ്രതികാരവുമായി നടക്കുന്ന പീറ്ററിനേയും ഇടയ്ക്ക് വേനം ബാധിക്കുന്നുണ്ട്. ന്യൂ ഗോബ്ലിന്‍, സാന്‍ഡ്മാന്‍, വേനം എന്നിവരെ സ്പൈഡര്‍മാന്‍ എങ്ങിനെ നേരിടും? കാമുകിയേയും ന്യൂയോര്‍ക്ക് നഗരത്തേയും ഇവരില്‍ നിന്നും സംരക്ഷിക്കുവാന്‍ സ്പൈഡര്‍മാന് കഴിയുമോ? ഇതൊക്കെയാണ് സിനിമയുടെ കാതല്‍.
ഈ ചിത്രത്തിലും സ്പൈഡര്‍മാനായി ടോബി മഗ്വയര്‍ തിളങ്ങിയിരിക്കുന്നു. ഡൈയ്‌ലി ബൂഗിള്‍ പത്രാധിപര്‍, ജെ. കെ. സിംസണ്‍(ജെ. ജൊനാഹ് ജേംസണ്‍), വരുന്ന നര്‍മ്മരംഗങ്ങള്‍ രസിപ്പിക്കുന്നവതന്നെ. പീറ്റര്‍ - മേരി ജേയ്ന്‍ റൊമാന്റിക് രംഗങ്ങളൊഴിച്ചാല്‍ ചിത്രത്തിന്റെ കഥ വളരെ വേഗതയുള്ളതാണ്, കുട്ടികള്‍ക്ക് രസിക്കുന്നതുമാണ്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളും നന്നായിത്തന്നെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. എന്നിരുന്നാലും മനോഹരമായ ഗ്രാഫിക്സ് തന്നെയാണ് ഈ ചിത്രത്തിന്റേയും ഹൈലൈറ്റ്. സ്പൈഡര്‍മാന്‍ കൂടാതെ, വേനം, സാന്‍ഡ്മാന്‍ എന്നിവരുടെ ഗ്രാഫിക്സും വളരെ മികച്ചു നിന്നു. പക്ഷെ ഇടയ്ക്കെങ്കിലും സ്പൈഡര്‍മാന്‍, വേനം എന്നിവരുടെ വേഷം പ്രത്യേക കുപ്പായമാണോ അതോ അവരുടെ ശരീരം തന്നെയാണോ എന്ന് പ്രേക്ഷകര്‍ക്ക് സംശയം തോന്നാതിരിക്കില്ല.
മൂന്ന് വില്ലന്മാരെ ഒരുമിച്ച് അവതരിപ്പിച്ചിരിക്കുന്നതിനാല്‍, മൂന്നു പേരേയും മികവുറ്റതാക്കുവാന്‍ (ഡെപ്ത് നല്‍കുവാന്‍) സിനിമയുടേ സൃഷ്ടാക്കള്‍ക്ക് കഴിഞ്ഞില്ല. ഒന്നാം ഭാഗത്തില്‍ ഗ്രീന്‍ ഗോബ്ലിന്‍, രണ്ടില്‍ ഡോക്ക് ഓക്ക്, എന്നാല്‍ മൂന്നില്‍ വേനമെന്നോ സാന്‍ഡ് മാനെന്നോ ന്യൂ ഗോബ്ലിനെന്നോ പറയുവാന്‍ കഴിയുകയില്ല. മൂന്നുപേരുമുണ്ട് എന്നാല്‍ മൂവരുമില്ല എന്ന അവസ്ഥ. ചില രംഗങ്ങള്‍, പ്രത്യേകിച്ചും തനിക്ക് മറ്റൊരാളോട് ഇഷ്ടമുണ്ടെന്ന് കാമുകി പറയുമ്പോള്‍ പീറ്റര്‍ കരയുന്ന രംഗം, വളരെ അരോചകമായിത്തോന്നി. മറ്റു പല സീനുകളിലും ടോബി മഗ്വിറേയുടെ അമിതാഭിനയം സീനിന്റെ ഗൌരവം കളയുന്നതായി. ചിത്രത്തിലെ വില്ലന്മാരുടെമേല്‍ സപൈഡര്‍മാന്‍ ആധികാരികമായ വിജയമാണ് നേടിയതെന്ന് പ്രേക്ഷകര്‍ക്കു തോന്നില്ല, അത് ചിത്രത്തിന്റെ രസം കുറയ്ക്കുന്നു. സ്പൈഡി കഴിവുകളുടെ വിദഗ്ദ്ധമായ ഉപയോഗങ്ങളിലൂടെയും, തന്ത്രങ്ങളിലൂടെയുമുള്ള സപൈഡര്‍മാന്റെ മുന്നേറ്റങ്ങള്‍ ഇതില്‍ കുറയും. സ്പൈഡര്‍മാന്റെ പ്രത്യേക കഴിവുകളേക്കാളേറെ, സാധാരണ നായകന്മാരുടെ കൈകരുത്തുതന്നെയാണ് ക്ലൈമാക്സ് രംഗങ്ങളില്‍ കൂടുതല്‍ പ്രകടമാവുന്നത്. സ്പൈഡര്‍മാന്‍ ഒന്നും രണ്ടും ഭാഗങ്ങള്‍ കണ്ടപ്പോള്‍ അടുത്ത ഭാഗം ഇറങ്ങണമെന്നും കാണണമെന്നും തോന്നിയിരുന്നെങ്കില്‍, ഈ ചിത്രം കണ്ടിറങ്ങുന്നവര്‍ നാലാം ഭാഗത്തിനായി ആഗ്രഹിക്കുമോ എന്ന കാര്യം സംശയമാണ്.
--
Popular Posts
-
റണ്‍ ബേബി റണ്‍ : ഓടണ്ട പ്രേക്ഷക! ഓടേണ്ട! ഹരീ, ചിത്രവിശേഷം രണ്ടായിരത്തിപ്പതിനൊന്നിലെ ഓണത്തിനാണ് ജോഷിയുടെ ' സെവന്‍സ് ' തിയേറ്ററുകളി...
-
തട്ടത്തിന് മറയത്ത്: ഈ പടമൊരു 'മൊഞ്ചത്തി' ഹരീ, ചിത്രവിശേഷം 'ഉമ്മച്ചിക്കുട്ടിയെ പ്രേമിച്ച നായരുടെ കഥ' - പോസ്റ്ററിലിങ്ങനെ പ്രേ...
-
' ഭ്രമര 'ത്തിനു ശേഷം മോഹന്‍ലാലിനെ നായകനാക്കി, ബ്ലെസിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് ' പ്രണയം '. മോഹന്ലാലിനോടൊപ...
-
22 ഫീമെയില്‍ കോട്ടയം: ഇവളാണ് പെണ്ണ്, ഇദാണ് സിനിമ! ഹരീ, ചിത്രവിശേഷം രണ്ടായിരത്തിപ്പതിനൊന്നില്‍ അപ്രതീക്ഷിത വിജയം നേടി പ്രദര്‍ശനശാലകളില്‍ ന...
-
ഭക്ഷണത്തെയും ഭക്ഷണപ്രിയരേയും പ്രമേയമാക്കുന്ന 'ഫുഡീ' ചിത്രങ്ങള്‍ ഏറെയൊന്നും മലയാളത്തില്‍ (ഒരു പക്ഷെ ഇന്ത്യയില്‍ പോലും) ഉണ്ടായിട്ടില്ല...





