സൌണ്ട് ഓഫ് ബൂട്ട് (Sound of Boot)

Published on: 2/13/2008 04:40:00 AM
Sound of Boot - A film Directed by Shaji Kailas. Story, Screenplay & Dialogues by Rajesh Jayaraman. Produced by Pyramid Saimira. Starring Suresh Gopi,  Murali, Rajan P. Dev, Bala, Honey Rose, Maniyanpilla Raju, Bheeman Raghu, Risabava, Bindu Panikkar, Sona Nair, Lakshana. Language: Malayalam | Relsease: February, 2008 | Malayalam Movie (Film, Cinema) Review
സുരേഷ് ഗോപിയും ഷാജി കൈലാസും ഒന്നിക്കുന്ന 2008-ലെ ആദ്യ ചിത്രമാണ് ‘സൌണ്ട് ഓഫ് ബൂട്ട്’. രാജേഷ് ജയരാമന്റെയാണ് കഥ, തിരക്കഥ, സംഭാഷണം. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് പിരമിഡ് സായ്‌മിറ. സുരേഷ് ഗോപി - ഷാജി കൈലാസ് - രാജേഷ് ജയരാമന്‍ എന്നിവര്‍ ഇതിനു മുന്‍പ് ഒന്നിച്ച ചിത്രം, ‘ടൈം’ അനുഭവിച്ചവര്‍ ഈ ചിത്രം കാണുവാന്‍ അത്രപെട്ടെന്ന് ധൈര്യം കാണിക്കില്ല. മൂവര്‍ക്കും, ‘സൌണ്ട് ഓഫ് ബൂട്ട്’ ഗണപതിക്കു വെച്ചത് കാക്ക കൊണ്ടുപോയ അനുഭവമാകുവാനാണ് സാധ്യത.
ശ്രദ്ധിക്കുക: ചില കാ‍ര്യങ്ങള്‍ വിശദീകരിക്കുവാനായി, ചിത്രത്തിന്റെ കഥ കൂടുതലായി ഈ വിശേഷത്തില്‍ പറഞ്ഞിട്ടുണ്ട്. ചിത്രം കാണുവാന്‍ ആഗ്രഹിക്കുന്നവര്‍, ചിത്രം കണ്ടതിനു ശേഷം മാത്രം മുഴുവനും വായിക്കുവാന്‍ അപേക്ഷ.

പോലീസ് ഉദ്യോഗസ്ഥരായ അബ്ദുള്‍ സത്താര്‍‍(റിസബാവ), രാഘവന്‍ നമ്പ്യാര്‍(രാജന്‍ പി. ദേവ്), തോമസ് ഐസക്(ഭീമന്‍ രഘു) എന്നിവര്‍ ഉദ്യോഗത്തില്‍ നിന്നും വിരമിക്കുന്നു. അബ്ദുള്‍ സത്താര്‍ ആ ദിവസം തന്നെ കൊല്ലപ്പെടുന്നു. എസ്.പി. സിദ്ദാര്‍ത്ഥ് മഹാദേവന്‍(സുരേഷ് ഗോപി) അന്വേഷണം ഏറ്റെടുക്കുന്നു. പിറ്റേന്ന് രാഘവന്‍ നമ്പ്യാരുടെ ഏക പുത്രിയായ മീര നമ്പ്യാരെ(ഹണി റോസ്) കാണാതെയാവുന്നു. മീര കാമുകന്‍, രാഹുല്‍ കൃഷ്ണ(ബാല)യുടെ കൂടെ ഒളിച്ചോടിയതാണെന്ന അജ്ഞാത സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് രാഘവന്‍ നമ്പ്യാര്‍ സിദ്ദാര്‍ത്ഥിനെ വിവരങ്ങള്‍ ധരിപ്പിക്കുന്നു. മീരയെ അന്വേഷിക്കുന്നതിനിടയില്‍ രാഘവന്‍ നമ്പ്യാരും കൊല്ലപ്പെടുന്നു. ആകെ കുഴഞ്ഞുമറിയുന്ന കേസിന്റെ സത്യം തെളിയിക്കുന്നയിടത്ത് സിനിമ അവസാനിക്കുന്നു.

സിനിമയില്‍ ഒരു കുറ്റകൃത്യം ചേര്‍ത്തു, അത് നായകനെക്കൊണ്ട് അന്വേഷിപ്പിച്ചു. ഇത്രയും കൊണ്ട് മാത്രം ഒരു സിനിമയും അപസര്‍പ്പക സിനിമയാവുകയില്ല. അപസര്‍പ്പക സിനിമകള്‍ എഴുതി തയ്യാറാക്കി അത് ദൃശ്യവത്കരിക്കുവാന്‍; കൂര്‍മ്മബുദ്ധി ഉള്ളവരാവണം, അതുപയോഗിക്കുവാന്‍ അറിയാവുന്നവരാവണം, തിരക്കഥാകൃത്തും സംവിധായകനും. രാജേഷ് ജയരാമനും, ഷാജി കൈലാസും ഇതിനു പ്രാപ്തരാണെന്ന് സിനിമകണ്ടാല്‍ തോന്നില്ല. ഇത്രയും യുക്തിഭദ്രമല്ലാതെ ഒരു അപസര്‍പ്പക സിനിമയെടുക്കുവാന്‍ ഇവര്‍ കാണിച്ച ധൈര്യത്തെ സമ്മതിച്ചു കൊടുക്കണം. സിനിമകാണുന്നവരും ബുദ്ധിശൂന്യരാണെന്ന അബദ്ധധാരണയാവാം ഈ ധൈര്യത്തിനു കാരണം.

ശിക്കാരി ശംഭുവിന്റെ കഥ കേള്‍ക്കാത്തവരുണ്ടാവില്ല. ശംഭു വേട്ടയാടുന്ന അതേ രീതിയിലാണ് സിദ്ധാര്‍ത്ഥിന്റെ അന്വേഷണങ്ങളും. കുറച്ചു കാര്യങ്ങള്‍ മാത്രം സൂചിപ്പിക്കാം.
• മീര നമ്പ്യാരെ കാണാതാവുന്നു. സിദ്ധാര്‍ത്ഥ് തിരികെയെത്തുമ്പോള്‍ അവിടെ രാഹുല്‍ കൃഷ്ണയെ കാണുന്നു. കാര്യം തിരക്കുന്ന സിദ്ധാര്‍ത്ഥിനോട് പറയുന്നു അവനാണ് മീരയുടെ കാമുകന്‍, അവര്‍ ഒളിച്ചോടിയൊരു ഹോളിഡേ ഹോമിലെത്തി. അവിടെ ശങ്കരനാരായണന(മുരളി)‍ എന്ന പേരുള്ള ഒരാള്‍ മീരയെ പിടിച്ചുവെച്ച് ഇവനോട് ഒരു കൊലപാതകം ചെയ്യുവാന്‍ ആവശ്യപ്പെട്ടിരിക്കുന്നു. ഇത് മീരയുടെ അച്ഛ്നോട് പറയുവാനായി എത്തിയതാണ് അവന്‍. ഇതു കേട്ടപാടെ നമ്പ്യാര്‍ അമ്പലത്തില്‍ വഴിപാടു കഴിക്കുവാന്‍ പോയത്രേ! റിട്ടയര്‍ ചെയ്ത, കൈയിലിരുപ്പ് അത്ര ശരിയല്ലാത്ത ഒരു പോലീസ് ഓഫീസറാണ് നമ്പ്യാരെന്നോര്‍ക്കണം.
• രാഹുല്‍ കൃഷ്ണ പറഞ്ഞ കഥ വെള്ളം തൊടാതെ വിഴുങ്ങി, സിദ്ധാര്‍ത്ഥ് എന്ന ബുദ്ധിമാനായ പോലീസ് ഉദ്യോഗസ്ഥന്‍(അങ്ങിനെ നായകന്‍ ഇടയ്ക്ക് അവകാശപ്പെടുന്നുമുണ്ട്!) ഹോളിഡേ ഹോമിലേക്ക് പുറപ്പെടുന്നു. സാമാന്യ ബുദ്ധിയുള്ള ഏതൊരാളും രാഹുലിനേയും കൂട്ടിയല്ലേ ഹോളിഡേ ഹോമിലേക്ക് പുറപ്പെടുകയുള്ളൂ? ഒരു പോലീസ് ഉദ്യോഗസ്ഥനായ സിദ്ധാര്‍ത്ഥാവട്ടെ, രാഹുലിനെ നമ്പ്യാരുടെ വീട്ടില്‍ അവന്റെ പാട്ടിനു വിട്ട്, ഒറ്റയ്ക്ക് പുറപ്പെടുകയാണ് ചെയ്തത്.
• അതിനു ശേഷം, അവിടെയെത്തി ശങ്കരനാരായണന്‍ പറഞ്ഞ കഥയും വെള്ളം തൊടാതെ വിഴുങ്ങി, ശങ്കരനാരായണനേയും അവിടെവിട്ട് തിരിച്ച് രാഹുലിനെ തപ്പി നമ്പ്യാരുടെ വീട്ടിലെത്തുന്നു. ഒടുവില്‍ കക്ഷത്തിലിരുന്നത് പോവുകയും ചെയ്തു, ഉത്തരത്തിലിരുന്നതു കിട്ടിയതുമില്ല എന്ന അവസ്ഥയിലായി സിദ്ധാര്‍ത്ഥ്.
• ശങ്കരനാരായണനും കൂട്ടരും തങ്ങളുടെ ജീവിതം തകര്‍ത്ത പോലീസുകാരെ കൊല്ലുവാനാണ് യത്നിക്കുന്നത്. അതിനിടയ്ക്ക് കേസന്വേഷിക്കുന്ന സിദ്ധാര്‍ത്ഥിനെ കൊല്ലുവാന്‍ നോക്കുന്നതിന്റെ യുക്തി എന്താണ്? അതും രണ്ടു പ്രാവശ്യം, രാത്രി സിദ്ധാര്‍ത്ഥിന്റെ വീട്ടില്‍ ചെന്ന്!
• ഒടുവില്‍ ജീവിതം തകര്‍ത്തവരോട് പ്രതികാരം ചെയ്യുവാനെത്തുന്നവര്‍ വരുന്നതാവട്ടെ, ഇംഗ്ലീഷ് സിനിമകളിലും മറ്റും കാണുന്ന രീതിയില്‍ പ്രത്യേക യൂണിഫോമില്‍, പ്രത്യേക ആയുധങ്ങളുമൊക്കെയായി. കാണാന്‍ കൊള്ളാം, പക്ഷെ യുക്തിയില്ല.
• ഒരു തവണ തോമസ് ഐസക്കിനെ രക്ഷിച്ച്, മടങ്ങുമ്പോള്‍ വീണ്ടും പോലീസുകാരന്‍ കൊല്ലപ്പെട്ട വാര്‍ത്തയടിച്ച പത്രം ചുവരില്‍ കാണുന്നു. ഉടനെ തിരിച്ചു പോവാതെ, കൊല്ലപ്പെടുവാന്‍ കാത്തിരുന്നതുപോലെ തോ‍ന്നി സിദ്ധാര്‍ത്ഥ്. ആദ്യപ്രാവശ്യം റിയര്‍ വ്യൂ മിററില്‍ ഉടനെ നോക്കിയെങ്കില്‍, രണ്ടാമത് നോക്കിയതേയില്ല. അതിനു പിന്നിലെ യുക്തിയും ‘എന്തെരോ എന്തോ!’.
• കുട്ടികള്‍ വഴിയില്‍ കിടന്നു കിട്ടുന്ന കൌതുകകരമായ വസ്തുക്കള്‍ പെറുക്കുന്ന ലാഘവത്തോടെയാണ് സിദ്ധാര്‍ത്ഥ് പ്രധാനപ്പെട്ട തെളിവുകള്‍ പെറുക്കി സഞ്ചിയിലാക്കുന്നത്. കൈയ്യുറയോ, കൈലേസോ ഉപയോഗിക്കാതെ തെളിവുകള്‍, സുബോധമുള്ള ഒരു പോലീസുകാരനും കൈകൊണ്ടെടുക്കുമെന്നു തോന്നുന്നില്ല.

ബുദ്ധിയില്ലാത്തത് ക്ഷമിക്കാം, പക്ഷെ വിവരക്കേട് ഈ രീതിയില്‍ ചിത്രീകരിച്ച് കാണിക്കുന്നത് എത്രനാള്‍ ക്ഷമിക്കുവാന്‍ കഴിയും. മീര നമ്പ്യാരെ കാണാതായെന്ന് നമ്പ്യാര്‍ സിദ്ധാര്‍ത്ഥിനെ അറിയിക്കുന്നു. ഉടന്‍ തുടങ്ങുകയായി, മീ‍രയുടെ ആട്ടവും പാട്ടും! രാജാമണിയുടെ പശ്ചാത്തല സംഗീതവും, രാജരത്നത്തിന്റെ ക്യാമറയും ഒരു പരിധിവരെ ചിത്രത്തെ ആകര്‍ഷകമാക്കുന്നുണ്ട്. ചിത്രത്തിന്റെ ആദ്യ പകുതി, കഥപറയുന്നതിലെ വ്യത്യസ്തതകൊണ്ട് പ്രേക്ഷകരെ പിടിച്ചിരുത്തുന്നതുമാണ്. എന്നാല്‍ ഈ ഗുണങ്ങളെയെല്ലാം നിഷ്പ്രഭമാക്കുന്നതായി രണ്ടാം പകുതി. ഒരുപക്ഷെ, യുക്തിയെക്കുറിച്ച് അധികമൊന്നും ചിന്തിച്ച് മിനക്കെടുവാന്‍ തയ്യാറാവാത്ത പ്രേക്ഷകര്‍ക്ക് മടുപ്പില്ലാതെ കണ്ടിരിക്കുവാന്‍ സാധിച്ചേക്കും, ‘സൌണ്ട് ഓഫ് ബൂട്ട്’. ചിത്രത്തിന്റെ ദൈര്‍ഘ്യക്കുറവും ഇതിനു സഹായിക്കുന്നു.


Description: Sound of Boot - A film Directed by Shaji Kailas. Story, Screenplay & Dialogues by Rajesh Jayaraman. Produced by Pyramid Saimira. Starring Suresh Gopi, Murali, Rajan P. Dev, Bala, Honey Rose, Maniyanpilla Raju, Bheeman Raghu, Risabava, Bindu Panikkar, Sona Nair, Lakshana. Language: Malayalam | Relsease: February, 2008 | Malayalam Movie (Film, Cinema) Review
--

18 comments :

  1. ഷാജി കൈലാസ് - സുരേഷ് ഗോപി - രാജേഷ് ജയരാമന്‍ എന്നിവര്‍ ഒന്നിക്കുന്ന ചിത്രം ‘സൌണ്ട് ഓഫ് ബൂട്ടി’ന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.

    ചില കാ‍ര്യങ്ങള്‍ വിശദീകരിക്കുവാനായി, ചിത്രത്തിന്റെ കഥ കൂടുതലായി ഈ വിശേഷത്തില്‍ പറഞ്ഞിട്ടുണ്ട്. ചിത്രം കാണുവാന്‍ ആഗ്രഹിക്കുന്നവര്‍, ചിത്രം കണ്ടതിനു ശേഷം മാത്രം മുഴുവനും വായിക്കുവാന്‍ അപേക്ഷ.
    --

    ReplyDelete
  2. ഈ “വിശേഷം” ആദ്യമേ അറിഞ്ഞിരുന്നു. അതുകൊണ്ട് തല കൊടുക്കുന്നില്ല എന്ന് തീരുമാനവും എടുത്തിരുന്നു. ഏതായാലും ഇപ്പോ ഉറപ്പായി.. ഞാന്‍ ആ ഏരിയയില്‍ പോലും പോകില്ല.. ഒരു കുമാരനെ കണ്ടതിന്റെ ക്ഷീണം മാറിയിട്ടില്ല.. :)

    ഓ.ടോ: നിക്കൊളസ് കേജിന്റെ “നാഷനല്‍ ട്രെഷര്‍ 2” ഇറങ്ങിയല്ലോ.. കാണുന്നില്ലേ?

    ReplyDelete
  3. ഞാനെന്തായാലും ഈ സിനിമ കാണാന്‍ ഉദ്ദേശിക്കുന്നില്ല .അതുകൊണ്ട് ഹരി എഴുതിയതു മുഴുവനും വായിച്ചു.ബ്ലോഗിങ്ങിലൂടെ ഏറ്റവുമധികം പരോപകാരം ചെയ്യുന്നതു ഹരിയാണെന്നു തോന്നുന്നു.സ്വന്തം സമയവും കാശും നഷ്ടപ്പെടുത്തി മറ്റുള്ളവര്‍ക്കത് നഷ്ടമാകാതെ നോക്കുന്നുണ്ടല്ലോ :)

    ReplyDelete
  4. ഹരീ വളരെ നന്നായി വിശകലനം. ഈ ചിത്രത്തിന്‍റെ ക്യാമറ, എഡിറ്റിംഗ്‌ ഇവയെ കുറിച്ചു ഒന്നും വിശദമായി പറഞ്ഞു കണ്ടില്ല. ഷാജി കൈലാസിന്‍റെ സ്ഥിരം ശൈലിയില്‍ ഉള്ള ഷോട്ടുകളും ഒക്കെ തന്നെ ആണോ ഇതിലും ഉള്ളത്

    ReplyDelete
  5. ഹരി എങ്ങനെ ഇത്രേം മുഴോനും കണ്ടിരുന്നു എന്നാണു എനിക്ക് ചോദിയ്ക്കാന്‍ തോന്നുന്ന കാര്യം. ഈ സംവിധായകരൊക്കെ മറ്റ് ഭാഷാ സിനിമകളൊക്കെ കട്ടും പറിച്ചും കണ്ടിട്ടും എന്‍ഡ് പ്രൊഡക്ട് ഈ രീതിയീലാവുന്നതെങ്ങനെ.(ചുമ്മ പേരു മാത്രം ഈ വക ഒക്കെ ഇട്ടോണ്ട് എന്താണു അതില്‍ നിന്ന് ഒരു ലാഭം? ഡപ്പാങ്കുത്ത് ഡാന്‍സില്‍ എക്സ്റ്റ്രാ കളിക്കുന്ന ആരെങ്കിലും വരെ പടമെടുത്താല്‍ ഇതിലും വല്ലതുമൊക്കെ നമുക്ക് കാണാന്‍ കിട്ടിയേനെ. ഇന്നലെ ഷാജി കൈലാസുമായിട്ട് അഭിമുഖമുണ്ടായിരുന്നു ഇതിനെ കുറിച്ച്. രണ്ട് പെട കൊടുക്കാനാ തോന്നീത്. കഷ്ടം കഷ്ടം ന്ന് ഒരു അമ്പത്തയ്യായിരം ഗുണം അമ്പത്തയ്യായിരം എന്ന പറയാന്‍ തോന്നുന്നു. ലാലിന്റെ കോളേജ് കുമാരനും ഇറങി നടപ്പുണ്ട്. കല്‍ക്കട്ടാ ന്യൂസും ഒന്നും അധികം നമുക്ക് (എനിക്ക്) തരാനായില്ല, അല്പം മീരാ ജാസ്മിന്റെ യൌവനമൊഴികെ. അല്ലാ ഇനി എനിക്ക് വയസ്സാവുന്നത് കൊണ്ട്, പുതുമ ഒന്നും ഏല്‍ക്കാത്തതാണോ? മുരളീടേം തിലകന്റേം ഒക്കെ സിനിമ കാണാന്‍ കൊതി ആവുന്നു. അവര്‍ക്കൊക്കെ എന്ത് പറ്റിയെന്ന് അല്ലെങ്കില്‍ ഒരു പൊത് താല്പര്യ വോട്ട് ഇട്ട് കുറേ നടന്മ്മാ‍രെ ഒക്കെ തിരികെ കൊണ്ട് വരാന്‍ പാടില്ലേ? ചെമ്പൂലം പോലെയുള്ള ലാലിനേം സു.ഗോപീനേമ്ം ഒക്കെ കണ്ട് മടുത്തില്ലെ നമുക്ക്? അവര്‍ക്കും ഇതൊക്കെ തന്നെ കാ‍ട്ടീം കുലുക്കീം മടുത്തില്ലേ? ഒരു എസ്സന്‍സും ഇല്ലാത്ത കഥയെന്ന് സംവിധാനത്തിലൂടേ അറീയുമ്പോഴും, കോള്‍ഷീറ്റ് ഒക്കെ കൊടുക്കുന്നത്, ഈ അഭിനയം ഒരു “തൊഴില്‍“ മാത്രമാണുഎന്ന കാര്യം അവര്‍ അംഗീകരിയ്ക്കുകയാണോ?

    ഹരീ, റിവ്യ്യൂസ് ഒക്കേനും എല്ലാര്‍ടേം വായിയ്ക്കുന്നുണ്ട് ട്ടോ. വളരെ നന്ദി ഇതൊക്കെ എഴുതി ഈ പരുവമാക്കി ഇടുന്നതിനു.

    ReplyDelete
  6. ഒരുപാട് പേര്‍ സമയം കൊല്ലാനായും അതുമിതും പറഞ്ഞ് ആളാവാനായും ബ്ലോഗെഴുതുമ്പോള്‍ ഹരിച്ചേട്ടന്‍ എത്ര പേരുടെ പൈസയാണ് ലാഭിച്ചു തരുന്നതെന്ന് ഓര്‍ത്തിട്ട് ആദരവ് കൂടുന്നു.

    ദാ, ഈ കൂതറ കാണാന്‍ 35 രൂപയും പിന്നെ പെട്രോളും മുടക്കി പോകാതെ കഴിച്ചല്ലോ. അതിനു തന്നെ വലിയൊരു താങ്ക്സ്!

    ‘ടൈം‘ കണ്ടിരുന്നില്ല. ട്രെയിലര്‍ കണ്ടപ്പോള്‍ തന്നെ, അതിലെ സുരേഷ്ഗോപിയുടെ അഹങ്കാ‍രജഡിലമായ വാചകങ്ങള്‍ കേട്ടപ്പോള്‍ തന്നെ മനം മടുത്ത് ഒഴിവാക്കിയതാണ്. ഇപ്പോ ബൂട്ടും അതേവഴിതന്നെ !
    ഷാജിയൊക്കെ ഇനിയെന്നാണാവോ പഠിക്കുക. കഴിഞ്ഞയാഴ്ച കൂടി പഴയ ‘ഡോക്ടര്‍പശുപതിയും‘ ‘കിലുക്കാം പെട്ടി‘യുമൊക്കെ സീഡി വാങ്ങി കണ്ടതേയുള്ളൂ. അതൊക്കെയെടുത്തവരാണല്ലോ ഈ ചവറ് നാട്ടാരെകൊണ്ട് തീറ്റിക്കുന്നത് ! ഹൊ.

    (കഴിഞ്ഞ ദിവസം കൈരളിയുടെ വീ ചാനലില്‍ ജഗതി കുറേ സിനിമാ വിമര്‍ശനങ്ങള്‍ നടത്തുന്നത് കാണിച്ചിരുന്നു. കണ്ടിരുന്നോ ? അങ്ങേര് മാത്രമേയുള്ളൂ ഇതൊക്കെ ഇപ്പോഴും ചങ്കൂറ്റത്തോടെ വിളിച്ചു പറയാന്‍ - പക്ഷേ അങ്ങേരെയും അമ്മയും മാക്ടയും കൂടി മാപ്പുപറയിച്ച് ഒതുക്കിയിരുത്തും)

    ReplyDelete
  7. മുരളി ബാലയോട് പഴയ കഥ പറയുമ്പോ ഒരു ബൂട്ട് എടുത്ത് മുന്നില്‍ വെക്കിലേ അതെന്തിനാ?? ഷൂ വിന്റെ ലേസ് കെട്ടീട്ടും കെട്ടീട്ടും അങട്ട് മുറുകുന്നില്ല സുരേഷ് ഗോപീടെ(ഏകലവ്യനില്‍ ആ സീന്‍ ഒരു തവണയേ ഉള്ളൂ.. ഇതില്‍ എത്രതവണയാ..). ഹരീ ആ യൂണീഫോം മനസിലായിലേ?? അത് “അന്യന്‍” ന്റെ വേഷമാ... അത് ഇതില്‍ ഉപയോഗിച്ചതെന്തിനാ?? പിന്നെ ബാല, രാജന്‍ പി ദേവിന്റെ മകളെ പരിചയപ്പെട്ട കഥ പറയുമ്പൊ മകള്‍ പറയുന്നത് റിടേര്‍ഡ്:പോലീസിന്റെ മകളാ എന്നാ.. തലേന്ന് അലേ രാജന്‍ പി ദേവ് വിരമിച്ചേ??? ഇനിയും ഒരുപാടുണ്ട് എഴുതാന്‍...

    ReplyDelete
  8. വളരെ നന്ദി
    ഇത്‌ കാണാതെ രക്ഷപ്പെട്ടല്ലോ

    ReplyDelete
  9. @ ബാലു,
    :) ‘നാഷണല്‍ ട്രഷര്‍’ കാണുന്നില്ല. അതിനോട് വലിയ താത്പര്യം തോന്നുന്നില്ല. ബാലു കണ്ടുവോ?

    @ ലേഖ വിജയ്,
    നന്ദി. :) ഹ ഹ ഹ... അങ്ങിനെയൊന്നുമില്ല കേട്ടോ, പരോപകാരമായിക്കോട്ടെ എന്നൊന്നും കരുതിയല്ല ഇതെഴുതുന്നതും. എഴുതുവാന്‍ ഇഷ്ടമായതുകൊണ്ടാണ്. പിന്നെ, എന്നെ കൂടുതല്‍ പേര്‍ ഇതുവഴി അറിയുന്നുണ്ടല്ലോ, അതൊരു നല്ല കാര്യമല്ലേ? എനിക്കും ഗുണങ്ങളില്ല എന്നു കരുതുവാനൊക്കില്ല. :)

    @ മാറുന്ന മലയാളി,
    രാജാമണിയുടെ പശ്ചാത്തല സംഗീതവും, രാജരത്നത്തിന്റെ ക്യാമറയും ഒരു പരിധിവരെ... - ഇങ്ങിനെയൊരു വരിയുണ്ടായിരുന്നു. ഇതില്‍ കൂടുതല്‍ പറയുവാനും മാത്രം എന്തെങ്കിലുമുണ്ടായിരുന്നെന്നു തോന്നിയില്ല. ഷാജി കൈലാസിന്റെ സ്ഥിരം ശൈലിതന്നെ ഇതിലും. :)

    @ അതുല്യ,
    ഹ ഹ ഹ... അഭിമുഖം കണ്ടോ? എന്തൊക്കെയാണ് പറഞ്ഞത്? ‘ഹിച്ച്കോക്കിനു ശേഷം ആര്?’ എന്ന ചോദ്യത്തിനുത്തരം ‘ഷാജി കൈലാസ്’ എന്നാണെന്നു വരെ പറഞ്ഞോ? മുരളിയും തിലകനും ഒരുമിച്ച ഒരു ചിത്രമിറങ്ങിയിരുന്നല്ലോ, കഴിഞ്ഞ വര്‍ഷം. അതും അത്രയ്ക്കൊന്നും തരുവാന്‍ പാങ്ങുണ്ടായിരുന്നതായി തോന്നിയില്ല. അവരുള്ളതുകൊണ്ടായില്ല, തിരക്കഥാകൃത്തുക്കളും, സംവിധായകരും ഒക്കെ ഉണ്ടാവണം. കണ്ടുമടുത്ത രീതിയിലല്ലാതെ ലാലിനേയും, സു.ഗോപിയേയുമൊക്കെ അവതരിപ്പിക്കുവാന്‍ കഴിവുള്ളവരുണ്ടാവണം. അല്ലെങ്കില്‍ കാണുന്നതും ഇതെഴുതുന്നതുമൊക്കെ ഒരു തൊഴിലായിപ്പോവും! അതും ശമ്പളമില്ലാതെയുള്ള, കാശങ്ങോട്ടു കൊടുക്കുന്ന തൊഴില്‍!!! ഇതൊക്കെയും വായിക്കുന്നതിനും നന്ദി. :)

    @ സൂരജ്,
    ഹെന്റീശ്വര, അത്രയ്ക്കൊക്കെ പറയണോ!!! ലേഖ വിജയോട് പറഞ്ഞതുതന്നെ ഇവിടെയും പറയുന്നു. :)

    @ രമേഷ്,
    അങ്ങനെയൊക്കെ ചോദിച്ചാല്‍ ബുദ്ധിമുട്ടാവും. അയാ‍ളൊരു ബൂട്ടെടുത്ത് ടേബിളില്‍ വെച്ചു, അത്ര തന്നെ! :) ഹി ഹി ഹി.. ഷൂവിന്റെ ലേസ് അഴിച്ചു കെട്ടുന്നത്, ആ കഥാപാത്രത്തിന്റെ ‘മാനറിസ’മാ! ശ്ശൊ, എത്ര കഷ്ടപ്പെട്ടാണെന്നോ അങ്ങനെയൊന്ന് കണ്ടുപിടിച്ചത്. അതിനെയൊക്കെ കളിയാക്കാമോ? :D
    അന്യന്റെ വേഷം തന്നെ, പക്ഷെ അത് അതിനു മുന്‍പ് ഇംഗ്ലീഷ് സിനിമകളില്‍ കണ്ടിട്ടുണ്ട്. അതുപോലെ ജയരാജിന്റെ ‘റെയിന്‍ റെയിന്‍’ എന്ന ചിത്രത്തിലും കണ്ടതായൊരോര്‍മ്മ. ഒരു ബുക്കും പേനയുമൊക്കെയായി പോയി പോയിന്റ്സ് കുറിച്ചെടുത്തുവന്നാലേ അതുമുഴുവന്‍ എഴുതുവാനൊക്കൂ... :)

    @ നിഷാദ്,
    :)
    --

    ReplyDelete
  10. അപ്പോള്‍ ആ വഴിക്കും പോകേണ്ട! ഹരീ, സൈക്കിള്‍ ഉടനെ കാണണേ... ഇവിടെ ഭാര്യ ഭയങ്കര ബഹളം.... പോയാല്‍ രൂപ നൂറാകും. കളയണോ എന്നറിയാനാണ്‌. വൈകിക്കല്ലേ....
    പിന്നെ നിശാഗന്ധിയില്‍ അഷ്ടകത്തിന്റെ താളം മുറുകുന്നു. ഞാനുദ്‌ഘാടനത്തിനു പോയിരുന്നു. കിക്കിടിലന്‍... സിനിമക്കു കാശുമുടക്കാതെ ഇതൊക്കെ കാണാന്‍ പോകുകാ നല്ലത്‌. തിര്വനന്തോരം കാരടെ ഒരു ഭാഗ്യമേയ്‌....

    ReplyDelete
  11. പിന്നേ കാശ് പോയോ! ഹഹഹ :D സുരേഷ്ഗോപി ഇടനേരത്ത് ഒന്ന് സെലക്ടീവ് ആയി വീട്ടിലിരുന്നപ്പോ ആകെ ദാരിദ്ര്യം ആയെന്നൊക്കെ എവിടേയോ വായിച്ചിരുന്നു. അന്ന് വളരെ കഷ്ടപ്പെട്ടാ കറന്റ്ബില്‍ 10k ആക്കിയതെത്രെ!! ഇങ്ങനേലും ഒക്കെ ജീ‍വിച്ച്പോട്ടെ
    ഓ.ടോ. മിഥ്യ കണ്ടിരുന്നോ? തരക്കേടില്ല [വേറെ ചാന്‍സ് കളഞ്ഞ് അത് കണ്ടാല്‍ സുട്ടിടുവേന്‍;) ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം]

    ReplyDelete
  12. @ വക്രബുദ്ധി,
    അയ്യട! ചിത്രവിശേഷത്തിന്റെ പേരും പറഞ്ഞ് ഭാര്യയെ സിനിമയേ കാണിക്കുന്നില്ല എന്നാണോ പറഞ്ഞുവരുന്നത്? നൂറല്ലേ ആവൂ, വല്ലപ്പോഴുമൊന്ന് പോയി സിനിമകളൊക്കെ കാണൂന്നേ... ;) പത്രത്തില്‍ കണ്ടിരുന്നു, നിശാഗന്ധിയിലെ പരിപാടിയെക്കുറിച്ചേ...

    @ പൊടിക്കുപ്പി,
    :) ജീവിച്ചു പോവട്ടേ... അപ്പോള്‍ അതിനു മുന്‍പ് എത്രയായിരുന്നു കറന്റ് ബില്ല്? ഇവരൊക്കെ ഈ കറന്റുകൊണ്ട് എന്താണ് ചെയ്യുന്നത്?
    ‘മിഥ്യ’യെന്ന് കേള്‍ക്കുന്നതു തന്നെ ഇപ്പോഴാ... എന്താണ് സംഭവം? ഇതൊക്കെ എങ്ങിനെയാ ആദ്യം കാണുന്നത്?
    --

    ReplyDelete
  13. hello sir,

    i have no malayalam here.

    "sound of boot" review eshatamayi.
    Pakshe onnu sariyayilla. Boottinu 2 Roudraminu 1 kodutha kanaku manasilayilla. Roudram kandu kondirikanenkilum kollam.Pakshe sound of boot kandappol erangipokanna thonnniyathu.

    "Time" kandu orabadham kanichirinnu njan .ethum koodi ayappol "samadhanamayi" :D

    ReplyDelete
  14. ഹായ് ഹരീ, സൌണ്ട് ഓഫ് ബൂട്ട് കണ്ടിട്ട് മറുപടി എഴുതാന്‍ ഇരിക്കുകയായിരുന്നു. ഹരിയുടെ റിവ്യൂ വായിച്ചപ്പോഴാണു സൌണ്ട് ഓഫ് ബൂട്ട് ഒന്നു കണ്ടു കളയാം എന്ന് കരുതിയതു. ഈ റിവ്യൂ എഴുതും പോള്‍ താങ്കള്‍ക്കു എന്തോ മുന്‍ വിധി ഉണ്ടായിരുന്നു എന്നു തൊന്നി പോകുന്നു (വീണ്ടും വീണ്ടും വായിക്കുന്വോള്‍). സിനിമയുടെ വിശേഷങ്ങളിലേക്കു കടക്കുന്നതിനു മുന്‍പു താങ്കളുടെ വിവരണത്തെകുറിച്ചു ചില സംശയങ്ങള്‍... ഒരു സിനിമയുടെ വിവരണം ഇത്രത്തോളം തരം താഴാം എന്നു മനസ്സിലായത് താങ്കള്‍ സൌണ്ട് ഓഫ് ബൂട്ടിനെപ്പറ്റി എഴുതിയതു വായിചപ്പോള്‍ ആണു. പിന്നെ ഷാജി കൈലാസിന്ടെ അപസര്‍പ്പക സിനിമകള്‍ ദൃശ്യവത്കരിക്കുവാനുള്ള കഴിവിന്റെ കാര്യം, അതു ഏതു പൊലിസുകാരനും അറിയാവുന്നതാണു എന്ന് ഞാന്‍ പറയാതെ തന്നെ എല്ലാവര്‍ക്കും അറിയാവുന്നതാണു. സൌണ്ട് ഓഫ് ബൂട്ട് നല്ല പടമാണെന്നല്ല പറഞ്ഞുവരുന്നതു. തീരെ മുറുക്കമില്ലാത്ത തിരക്കഥ, ആ പോരായ്മ അറിഞ്ഞു പരിഹരിക്കാന്‍ ശ്രമിക്കാത്ത സംവിധാനം ഇവയൊക്ക ബൂട്ടിന്റെ പരാജയത്തിന്റെ കാരണളാണു. എന്നാല്‍ താങ്കള്‍ ബൂട്ടിനെ സമീപിച്ച രീതി നിഷ്പക്ഷമാണോ എന്ന സംശയമാണെന്നെക്കൊണ്ടിതെഴുതിക്കുന്നതു. താങ്കള്‍ ഒരു പരോപകാരിയാണെന്നു ആരൊ എഴുതിക്കണ്ടു. ആരും ഈ സിനിമ കാണരുതെന്ന ഒരു വിചാര വികാരതൊടെ ഒരു സിനിമയെ പറ്റി എഴുതുന്നതിലെ പരോപകാരം എന്താണെന്നു മനസ്സിലാകുന്നില്ല.

    ReplyDelete
  15. @ ഹരി,
    :) എനിക്കു തിരിച്ചാണ് തോന്നിയത്. ആദ്യ പകുതിയില്‍ ഒരു സസ്പെന്‍സൊക്കെ നിലനിര്‍ത്തുന്നുണ്ടല്ലോ ഇതില്‍. കഥ പറഞ്ഞിരിക്കുന്നതും കൊള്ളാം. അതുകൊണ്ടാണ് 2 കൊടുത്തത്.

    @ ചക്കപ്പന്‍,
    ഒന്നും മനസിലായില്ല! ചിത്രം നല്ലതല്ല എന്നു താങ്കള്‍ തന്നെ പറയുന്നു; പക്ഷെ, ഞാനതു പറഞ്ഞതാണോ കുറ്റം? പിന്നെ, നിഷ്പക്ഷതയുടെ കാര്യം; ഞാനാരുടെ പക്ഷമാണെന്നാണ് പറഞ്ഞുവരുന്നത്? നിലവാരം, വിവരണം തരം താണിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. പരോപകാരം, അത് ഇതു വായിക്കുന്നവര്‍ക്ക് തോന്നുന്നതല്ലേ, ഞാനങ്ങനെ അവകാശപ്പെട്ടിട്ടില്ലല്ലോ!
    --

    ReplyDelete
  16. ഞാന്‍ ചാക്കപ്പനൊറ്ട് പൂര്‍ണ്ണമായും യൊജിക്കുന്നു. ചാക്കപ്പന്‍ എഴുതിയത് എന്താണെന്നു മനസിലാക്കാന്‍ പൊലും കഴിയത്ത ഹരി എങനെ സിനിമകള്‍ നിരൂപണം നടത്തുന്നു എന്ന് എനിക്കു മനസിലാകുന്നില്ല.

    ReplyDelete
  17. സൌണ്ട് ഓഫ് ബൂട്ട് ഒരു മോശം പടം അന്നു എന്ന് പറയുന്നതിനോട് യോജികന്‍ ബുദ്ധി മുട്ടു ഉണ്ട്. മലയാളത്തില്‍ ഈത് വരയെ ആരും പറയത കഥ അന്നു. ഈ ഫിലിം പരാജയപെടാന്‍ കാരണം വിതരനകര്‍ മാത്രം അന്നു ഉത്തരവാദി.

    ReplyDelete
  18. This comment has been removed by the author.

    ReplyDelete