ദി മമ്മി: ടോംബ് ഓഫ് ദി ഡ്രാഗണ്‍ എമ്പെറര്‍ (The Mummy Tomb of the Dragon Emperor)

Published on: 8/06/2008 06:50:00 AM
The Mummy: Tomb of the Dragon Emperor. Directed by Rob Cohen and Written by Alfred Gough and Miles Millar. Starring Brendan Fraser, Jet Li, Michelle Yeoh, Maria Bello, John Hannah, Russell Wong, Isabella Leong.
1999-ല് പുറത്തിറങ്ങിയ ‘ദി മമ്മി’, 2001-ൽ പുറത്തിറങ്ങിയ ‘ദി മമ്മി റിട്ടേൺസ്’ എന്നിവയുടെ തുടർചിത്രമാണ് ‘ദി മമ്മി: ടോംബ് ഓഫ് ദി ഡ്രാഗൺ എമ്പെറർ’. സ്റ്റീഫൻ സോമേഴ്സ് ആണ് ആദ്യ രണ്ട് ഭാഗങ്ങളും സം‍വിധാനം ചെയ്തിരിക്കുന്നതെങ്കിൽ; റോബ് കോഹെനാണ് മൂന്നാം മമ്മി സം‍വിധാനം ചെയ്തിരിക്കുന്നത്. ‘ദി ഫാസ്റ്റ് ആൻഡ് ദി ഫ്യൂരിയസ്’, ‘എക്സ്.എക്സ്.എക്സ്.’ എന്നീ ചിത്രങ്ങളാണ് അദ്ദേഹത്തിന്റെ അടുത്തിറങ്ങിയവയിൽ ശ്രദ്ധ നേടിയത്. ആൽഫ്രെഡ് ഗഫ്, മൈൽ‍സ് മില്ലർ എന്നിവരൊരുമിച്ചാണ് ചിത്രത്തിന്റെ കഥ മെനഞ്ഞിരിക്കുന്നത്. മമ്മി സിനിമകളിലെ സ്ഥിരം നായകൻ ബ്രെൻഡൻ ഫ്രേസർക്കൊപ്പം, ജെറ്റ് ലീയും ഈ ചിത്രത്തിലുണ്ട്. സ്റ്റീഫൻ സോമെഴ്സ്, ജയിംസ് ജാക്ക്, ബോബ് ഡക്സേ, സീൻ ഡാനിയേൽ തുടങ്ങിയവരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

പരസ്പരം കലഹിച്ചുകൊണ്ടിരുന്ന ചൈനയിലെ നാട്ടു രാജാക്കന്മാരെ കീഴ്പ്പെടുത്തി, ഹാൻ(ജെറ്റ് ലീ) എന്ന രാജാവ് ചക്രവർത്തിയാവുന്നു. താൻ കൊന്നൊടുക്കിയ ശത്രുക്കളെ തന്റെ ആസ്ഥാനത്തിനു ചുറ്റും കെട്ടിപ്പൊക്കിക്കൊണ്ടിരിക്കുന്ന വന്മതിലിന്റെ അടിത്തട്ടിൽ അടക്കുന്നു. അമരത്വം കൈവരിക്കുക എന്നതായിരുന്നു ചക്രവർത്തിയുടെ അടുത്ത ലക്ഷ്യം. അതിനായി സി-യുവാൻ(മിഷേൽ യോ) എന്ന മന്ത്രവാദിനിയുടെ സഹായം തേടുന്നു. മന്ത്രവാദിനിയെ കാണുന്ന മാത്രയിൽ അവൾ തന്റെയാണെന്നുറപ്പിക്കുന്ന ഹാൻ, തന്റെ വിശ്വസ്തനായ സേവകൻ ജനറൽ മിംഗിനെ(റസൽ വോംഗ്) കൂട്ടി അമരത്വം ലഭിക്കുവാനുള്ള മന്ത്രങ്ങൾ അടങ്ങുന്ന പുരാണഗ്രന്ഥങ്ങൾ തേടുവാനായി അയയ്ക്കുന്നു. കൂട്ടത്തിൽ സി-യുവാൻ തന്റെയാണ്, മറ്റാരും അവളെ സ്പർശിച്ചുകൂട എന്നൊരു താക്കീതും. സി-യുവാനും, മിംഗും പ്രണയത്തിലാവുന്നു. തിരികെ, ഗ്രന്ഥവുമായി ചക്രവർത്തിയുടെ സമീപമെത്തുന്ന സി-യുവാൻ ചക്രവർത്തിയെ അമരനാക്കുവാനുള്ള മന്ത്രം ചൊല്ലുന്നു. മന്ത്രത്തിന്റെ പൂർണ്ണതയിൽ, എന്താണ് വേണ്ടതെന്നു ചോദിക്കുന്ന ചക്രവർത്തിയോട്, തനിക്ക് മിംഗിനെ നൽകുവാൻ അപേക്ഷിക്കുന്നൂ. എന്നാൽ ഹാൻ, മിംഗിനെ വധിക്കുന്നു, സി-യുവാന്റെ ദേഹത്തും കത്തിയിറക്കുന്നു. എന്നാൽ, അപ്പോൾ മാത്രമാണ് ഹാൻ മനസിലാക്കുന്നത്, നേരത്തേ ഉരുവിട്ട മന്ത്രം തന്നെയും തന്റെ സൈനത്തേയും ശിലകളാക്കുവാൻ ഉദ്ദേശിച്ചുള്ളതായിരുന്നെന്ന്. കുത്തേറ്റെങ്കിലും മരിക്കാതെ, സി-യുവാൻ പാലായനം ചെയ്യുന്നു.

രണ്ടായിരം വർഷങ്ങൾക്കിപ്പുറം ഇംഗ്ലണ്ടിലാണ് തുടർന്ന് കഥ നടക്കുന്നത്. റിക്ക്(ബ്രെൻഡൻ ഫ്രേസർ), എവ്‍ലിൻ(മരിയ ബെല്ലോ) എന്നിവർ വിശ്രമജീവിതം നയിക്കുകയാണ്. അതിനിടയിൽ യുവാവായ ഇവരുടെ മകൻ അലക്സ്(ലൂക് ഫോഡ്) ചൈനയിൽ, ഹാൻ ചക്രവർത്തിയുടെ ശവകുടീരം കണ്ടെത്തുന്നു. ശവകുടീരത്തിനുള്ളിൽ ഒരു അജ്ഞാത അലക്സിനെ വധിക്കുവാൻ ശ്രമിക്കുന്നെങ്കിലും, അലക്സ് രക്ഷപെടുന്നു. ഐ ഓഫ് ഷാങ്ഗ്രി-ല എന്ന വസ്തു ഇംഗ്ലണ്ടിൽ നിന്നും ചൈനയിലെത്തിക്കുന്നതിനായി അലക്സും, എവ്‍ലിനും ചൈനയിലെത്തുന്നു. ഇതുപയോഗിച്ച് ഹാൻ ചക്രവർത്തിയെ ഉണർത്തുവാൻ സാധിക്കും. അതിനായി യത്നിക്കുന്ന ജനറൽ യാംഗ് ഇവരോട് ഏറ്റുമുട്ടുന്നു. ഒടുവിൽ ഹാൻ ചക്രവർത്തിയെ ഉണർത്തുന്നതിൽ ജനറൽ യാംഗ് വിജയിക്കുന്നു. അലക്സിനെ വധിക്കുവാൻ ശ്രമിച്ചത് സി-യുവാന്റെ പുത്രിയായ ലിൻ(ഇസബെല്ല ലിയോൻ) ആണെന്ന് മനസിലാവുന്നു. ചക്രവർത്തിയുടെ ശവകുടീരത്തിൽ ആരും കടക്കാതെ ഇത്രയും നാളും കാത്തത് അവളായിരുന്നു. ഹാനെ എന്നന്നേക്കുമായി ഇല്ലാതാക്കുവാനായി ഇവർ ഒരുമിച്ചു ചേരുന്നു.

മമ്മി കഥകളിലെ ഏറ്റവും ദുർബലമായ കഥയാണ് ഈ ചിത്രത്തിന്റേത്. ബ്രെൻഡൻ ഫ്രേസർക്ക് പുറമേ ജെറ്റ് ലീയും, മിഷേൽ യോയും ഒക്കെ ചിത്രത്തിലുണ്ടെങ്കിലും; അതിന്റെയൊരു ‘പഞ്ച്’ ചിത്രത്തിൽ അനുഭവവേദ്യമല്ല. എവ്‍ലിനെ അവതരിപ്പിച്ചുകൊണ്ടിരുന്ന റേച്ചൽ വേസ്, ചിത്രത്തിൽ നിന്നും ഒഴിവായത് തിരിച്ചടിയായി. പുതുതായെത്തിയ മരിയ ബെല്ലോയെ, എവ്‍ലിനായി സങ്കല്പിക്കുവാൻ എത്രപേർക്ക് കഴിയുമെന്ന് കണ്ടറിയണം. കഴിഞ്ഞ രണ്ട് കഥകളിലും ഇമോടെപ് എന്ന മന്ത്രവാദിയെ അവതരിപ്പിച്ച അർനോൾഡ് വോസ്‍ലൂവിന്റെ അഭാവവും ചിത്രത്തിൽ പ്രകടം. ഈ മാറ്റങ്ങൾ മമ്മി ചിത്രമെന്ന ഐഡന്റിറ്റി തന്നെ ചിത്രത്തിനില്ലാതാക്കി. ജെറ്റ് ലീ, മിഷേൽ യോ എന്നിവരെയൊന്നും വേണ്ടും വണ്ണം ഉപയോഗപ്പെടുത്തുവാനും കഴിഞ്ഞില്ല. ബ്രെൻഡൻ ഫ്രേസറുടെ കഥാപാത്രം പോലും നിറം മങ്ങിയതായി തോന്നിച്ചു.

ചിത്രത്തിന്റെ ഗ്രാഫിക്സ് പതിവുപോലെ മികച്ചു നിന്നു. എന്നാൽ പലചിത്രങ്ങളിൽ കണ്ടുപഴകിയ ഗ്രാഫിക്സ് രംഗങ്ങളുടെ ഓർമ്മപുതുക്കലല്ലാതെ പുതുതായി എന്തെങ്കിലും ചിത്രത്തിൽ ഉണ്ടായിരുന്നില്ല. മറ്റ് മമ്മി ചിത്രങ്ങളുടെ പ്രധാന ആകർഷണീയത തന്നെ പുതുമയുള്ള ഗ്രാഫിക് രംഗങ്ങളായിരുന്നുവല്ലോ! ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും വല്ലാതെ മാറ്റിക്കളഞ്ഞു. ഈജിപ്റ്റിൽ നിന്നും ചൈനയിലേക്ക് മാറിയപ്പോളുണ്ടായ മാറ്റമാവാം ഇത്. കളിയും, കാര്യവുമായി ചിത്രത്തിൽ നിറഞ്ഞു നിൽക്കാറുള്ള ജൊനാതനേയും(ജോൺ ഹന്ന), പ്രേക്ഷകർക്ക് എവിടെയോ നഷ്ടമായി. റേച്ചൽ വേസ് ചിത്രത്തിൽ നിന്ന് ഒഴിഞ്ഞുമാറിയത് തിരക്കഥയിലെ പോരായ്മകൊണ്ടാണെന്ന് പറയപ്പെടുന്നു. അങ്ങിനെയെങ്കിൽ അവർക്ക് പിന്നെയും ഇതിനെക്കുറിച്ച് വിവരമുണ്ടെന്നു വേണം കരുതുവാൻ. പുതിയ നടിയുമായി കാരാർ ഉറപ്പിച്ചിരിക്കുന്നത് അടുത്ത മൂന്ന് മമ്മി ചിത്രങ്ങൾക്ക് കൂടിയാണ്. ഈ രീതിയിലാണ് അവയും ഉദ്ദേശിക്കുന്നതെങ്കിൽ, ദയവായി ആ ഉദ്യമത്തിൽ നിന്നും ഇതിന്റെ നിർമ്മാതാക്കൾ പിന്മാറണമെന്നേ പറയുവാനുള്ളൂ. ‘സ്വരം നന്നായിരിക്കുമ്പോൾ പാട്ടു നിർത്തുക’ എന്ന ചൊല്ല് ഒന്നു തർജ്ജിമ ചെയ്ത് അവരോട് ആരെങ്കിലും പറഞ്ഞെങ്കിൽ!

അനുബന്ധം:
൧ - The Mummy (1999 film): Wikipedia
൨ - The Mummy Returns: Wikipedia
൩ - The Mummy: Tomb of the Dragon Emperor: Wikipedia


Description: The Mummy: Tomb of the Dragon Emperor. Directed by Rob Cohen and Written by Alfred Gough and Miles Millar. Bob Ducsay, Sean Daniel, Stephen Sommers and James Jacks produce the film. Starring Brendan Fraser, Jet Li, Michelle Yeoh, Maria Bello, John Hannah, Russell Wong, Isabella Leong. Film/Movie/Cinema Review in Malayalam by Hareesh N. Nampoothiri aka Haree | ഹരീ. Released August 01, 2008.
--

6 comments :

  1. ബ്രെൻഡൻ ഫ്രേസർക്കൊപ്പം, ജെറ്റ് ലീയും ഒന്നിക്കുന്ന മമ്മി സിനിമകളിലെ മൂന്നാമത് ചിത്രം, ‘ദി മമ്മി: ടോംബ് ഓഫ് ദി ഡ്രാഗൺ എമ്പെറർ’ എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
    --

    ReplyDelete
  2. Not a bad film!!! As you said, not good as first two parts....

    ReplyDelete
  3. മമ്മി മൂന്നാ‍ഭാഗം ഒട്ടും നന്നായില്ല

    കണ്ടു കഴീഞ്ഞിട്ട് അഭിപ്രായം പറയാമെന്ന്നു കര്രുതീട്ടാ.... :))

    ReplyDelete
  4. ചിത്രം കണ്ടു.... എന്നെ ആകെ നിരാശപ്പെടുത്തിക്കളഞ്ഞു ഈ ചിത്രം. ചൈനീസ്‌ പശ്‌ചാത്തലത്തിലേക്ക്‌ കഥമാറിയപ്പോഴെ മമ്മിയുടെ ആത്മാവ്‌ നഷ്ടമായി എന്നു തോന്നി. എന്തായാലും...പ്രേക്ഷകരെ നിരാശപ്പെടുത്തിയ ചിത്രങ്ങളുടെ കൂട്ടതില്‍ ഇതിനു സ്ഥാനം ഒന്നായിരിക്കും....

    ബാറ്റ്‌മാന്‍ കണ്ടുവോ? ഒരു നിരൂപണം പ്രതീക്ഷിക്കുന്നു....

    ReplyDelete
  5. hari bhai,,,.. ithu vittitu Batman kanu .. entha padam. Theateril thane kaanane ..

    ReplyDelete
  6. @ gargi,
    നന്ദി. :-)

    @ പ്രിയ ഉണ്ണികൃഷ്ണൻ,
    അതേതായാലും നന്നായി. :-)

    @ ജയകൃഷ്ണൻ,
    :-) ബാറ്റ്മാൻ കാണുവാൻ സാധിച്ചില്ല. പറ്റിയാൽ കാണണം. അതിന്റെ വിശേഷം എഴുതുവാൻ സാധ്യതയില്ല, ഇത്രയും വൈകിയില്ലേ... നന്നെന്നാണ് പലരും പറഞ്ഞു കേട്ടത്.

    @ halod,
    :‍-) അതുതന്നെയാണ് പലരും പറഞ്ഞുകേട്ടത്. തിയേറ്ററിൽ തന്നെ കാണണമെന്നും കേട്ടു.
    --

    ReplyDelete