Note: Built in HTML5 and CSS3. Google Chrome 10 / Mozilla Firefox 4 / Microsoft IE 9 or later recommended.

താവളം (Thavalam)

Published on: September 19, 2008

Thavalam - Malayalam Film Review: Directed by Baiju 2D; Story by Kaloor Dominique; Screenplay and Dialogues by Socrates Vaalaththu; Starring Suresh Gopi, Ridhya (Rithya), Baby Diya, Jagathy Sreekumar, Manka Mahesh, Nedumudi Venu, Sindhu Menon, Bijukuttan, Manraj.
ബൈജു 2ഡി എന്ന നവാഗതസംവിധായകന്റെ പ്രഥമ ചലച്ചിത്രമാണ് ‘താവളം’. കലൂര്‍ ഡൊമിനിക്കിന്റെ കഥയ്ക്ക്, സോക്രട്ടസ് വാലത്ത് തിരക്കഥയെഴുതിയിരിക്കുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ജഗദീശ് ചന്ദ്രന്‍. സുരേഷ് ഗോപി, ബേബി ദിയ, രധ്യ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സിനിമ പിടിക്കുവാനുള്ള ഒരാളുടെ ആഗ്രഹപൂര്‍ത്തീകരണം എന്നതിനപ്പുറം ഈ സിനിമ ഒന്നുമാവുന്നില്ല. അടുത്തിടെയിറങ്ങിയ മലയാളസിനിമകളില്‍ ഒഴിവാക്കുവാന്‍ രണ്ടാമതൊന്നാലോചിക്കേണ്ടതില്ലാത്ത സിനിമ എന്ന് ഒറ്റ വാചകത്തില്‍ ഇതിനെക്കുറിച്ചു പറയാം.

തട്ടുകടക്കാരനായ/ചെരുപ്പുകുത്തിയായ ശിവന്‍(സുരേഷ് ഗോപി), ഗൌരി(ശ്രീജിത്ത് രവി) എന്ന ഗുണ്ടയില്‍ നിന്നും കനക(സിന്ധു മേനോന്‍)ത്തിനെ രക്ഷിക്കുന്നു. തുടര്‍ന്ന് ഇഷ്ടത്തിലാവുന്നു, വിവാഹം കഴിക്കുന്നു, മകളുടെ ജനനത്തോടൊപ്പം കനകം മരിക്കുന്നു. മകളുമൊത്ത് ബ്സ് സ്റ്റോപ്പിലെ തിണ്ണയിലാണ് അഞ്ചുവര്‍ഷങ്ങള്‍ക്കിപ്പുറം ശിവന്റെ താമസം. നാടോടിക്കൂട്ടത്തിലെ താമര(രധ്യ)യ്ക്ക് ശിവനോട് ഇഷ്ടമുണ്ട്, മകള്‍ മീനാക്ഷി(ബേബി ദിയ)യെ അവള്‍ക്ക് കാര്യവുമാണ്. എന്നാല്‍ ശിവന്‍ താമരയെ അവഗണിക്കുന്നു. (സിനിമ കാണുവാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ തുടര്‍ന്നു വായിക്കാതിരിക്കുക.)

ആദ്യ പത്തുമിനിറ്റില്‍ തന്നെ കനകത്തെ രക്ഷിക്കുന്നതു മുതല്‍ കുഞ്ഞുണ്ടാവുന്നതു വരെ കഴിയും. പിന്നെ ‘അഞ്ചുവര്‍ഷത്തിനു ശേഷം’ എന്നെഴുതിക്കാണിച്ചതിനു ശേഷം നേരേ കുട്ടിയുമായി കഷ്ടപ്പെട്ടു കഴിയുന്ന ശിവനിലേക്കാണെത്തുന്നത്. ശിവന് മാറാരോഗം ബാധിക്കുന്നു, അടുത്ത് അമ്പലത്തില്‍ കുട്ടിയുണ്ടാകുവാന്‍ വഴിപാടു കഴിക്കുവാനെത്തുന്ന ദാസന്‍ മേനോനും(ജഗതി ശ്രീകുമാര്‍), ഭാര്യയും(മങ്ക മഹേഷ്) കുട്ടിയെ ദത്തെടുക്കുന്നു. ഇതിനിടയില്‍ താമര ശിവനെ പ്രണയിക്കുന്നു; താമരയെ മറ്റൊരു ട്രക്ക് ഡ്രൈവര്‍ പ്രണയിക്കുന്നു; നെടുമുടി വേണു തെക്കുവടക്ക് നടന്ന് കുറേ സംസാരിക്കുന്നു, ഒരു ഭ്രാന്തിത്തള്ള എന്തൊക്കെയോ പുലമ്പുന്നു; സലിം കുമാറും, ടി.ജി. രവിയും, കനകലതയും, ശ്രീജിത്ത് രവിയും, ബിജു കുട്ടനും ഒക്കെ വന്നുപോവുന്നു. ഇത്രയുമാണ് ബാക്കി രണ്ടു മണിക്കൂറോളം സിനിമയില്‍ സംഭവിക്കുന്നത്.

‘അയ്യോ പാവം!’ മട്ടില്‍ പരിതാപകരമായ അവസ്ഥയിലാണ് സുരേഷ് ഗോപി ചിത്രം മുഴുവനും. ചോരയൊലിപ്പിക്കുന്നതും, ദൈന്യഭാവത്തില്‍ നോക്കുന്നതുമൊക്കെ വീണ്ടും വീണ്ടും കാണിക്കുന്നുണ്ട്. പക്ഷെ, പ്രേക്ഷകര്‍ക്ക് സഹതാപം തോന്നുക കഥാപാത്രത്തോടാവില്ല; പകരം ഇതിന്റെ സംവിധായകനോടാവുമെന്നു മാത്രം. അല്പമെങ്കിലും ഭേദമെന്നു പറയാവുന്നത് മീനാക്ഷിയെ അവതരിപ്പിച്ച ബേബി ദിയയാണ്. വയലാര്‍ ശരത്ചന്ദ്രവര്‍മ്മയെഴുതി, നടേഷ് ശങ്കര്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനങ്ങള്‍ ഓര്‍മ്മയില്‍ നില്‍ക്കില്ല. നാടോടിയായ താമരയെ അവതരിപ്പിക്കുന്ന പാട്ട് മാത്രം കണ്ടിരിക്കുവാന്‍ അല്പം രസമുണ്ട്. ആനന്ദക്കുട്ടന്‍ ചിത്രീകരിച്ചിരിക്കുന്ന ദൃശ്യങ്ങള്‍ കണ്ടാല്‍, ഇതു സിനിമ തന്നെയാണോ എന്നിടയ്ക്കിടെ സംശയിച്ചു പോവും. ഇഫക്ട്സ്: മുരുകേഷ്, സംഘട്ടനം: മാഫിയ ശശി എന്നൊക്കെ കണ്ടുവെങ്കിലും, ഇവരൊക്കെ എന്താണ് ചിത്രത്തില്‍ ചെയ്തതെന്നു മനസിലായില്ല.

സംവിധായകനാവുക എന്ന ചിരകാലാഭിലാഷം സാധ്യമാക്കുവാന്‍ ബൈജുവിനെ സഹായിച്ചവര്‍ക്കുള്ള സമര്‍പ്പണമാണ് പോലും ഈ ചിത്രം. ഇത്രയും വലിയ പാതകമാവും തങ്ങള്‍ ചെയ്യുന്നതെന്ന് അവര്‍ അപ്പോള്‍ വിചാരിച്ചിട്ടുണ്ടാവില്ല. സിനിമ തങ്ങളുടെ താവളമാക്കുവാന്‍ ബൈജു 2ഡിയും; കഥ, തിരക്കഥ എഴുത്തുകാരായ ഡൊമിനിക്കും, സോക്രട്ടസും ശ്രമിക്കുകയില്ലെന്ന പ്രതീക്ഷയോടെ; നിര്‍ത്തുന്നു.

Description: Thavalam: Film by Director Baiju 2D. Story by Kaloor Dominique; Screenplay and Dialogues by Socrates Vaalaththu; Starring Suresh Gopi, Ridhya (Rithya), Baby Diya, Jagathy Sreekumar, Manka Mahesh, Nedumudi Venu, Sindhu Menon, Bijukuttan, Manraj. Malayalam Film Review by Hareesh N. Nampoothiri aka Haree | ഹരീ. Onam Release, September 2008.
--

Post a Comment

ശ്രദ്ധിക്കുക: 30 ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളില്‍ ചേര്‍ക്കുന്ന കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ.

5 comments:

Haree | ഹരീ said...

നവാഗതസംവിധായകന്‍ ബൈജു 2ഡിയുടെ സംവിധാനത്തില്‍; സുരേഷ് ഗോപി, ബേബി ദിയ, രധ്യ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘താവള’ത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.

“മലയാളിയുടെ ഓണച്ചിത്രങ്ങളില്‍ മികച്ചതേത്?” - പോളില്‍ പങ്കെടുക്കുക...
--

Kiranz..!! said...

ഹ..ഹ..അരമാർക്ക് കണ്ട് ചിരിക്കാതിരിക്കാൻ കഴിയുന്നില്ല.സുരേഷ് അണ്ണന്റെ ഒരു കാര്യം..!

പാച്ചു said...

കൊന്നു കൊലവിളിച്ചു, പാവം 2ഡി !!!!!

Haree | ഹരീ said...

@ കിരണ്‍,
:-) ചിരി ആരോഗ്യത്തിന് നല്ലതാണ്!

@ പാച്ചു,
:-) D.D. എന്ന ഇനിഷ്യലാണോ 2D ആയത്!
--

ജയകൃഷ്ണ൯ said...

ഇത് കണ്ടു കഴിഞ്ഞാല്‍ രണ്ടു ഇടി (2D) ഉറപ്പാനെന്നാ ഉദ്ദേശിച്ചത് ;)

Featured Videos

Trailer: Unnam

Unnam: A film by Sibi Malayil starring Asif Ali, Lal, Rima Kallingal, Swetha Menon etc.

WATCH VIDEO
Teaser: Second Show

Second Show: A film by Srinath Rajendran starring Dulquer Salman Gauthami Nair etc.

WATCH VIDEO
Trailer: Njanum Ente Familiyum

Njanum Ente Familiyum: A film by K.K. Rajeev starring Jayaram, Mamta Mohandas etc.

WATCH VIDEO