Note: Built in HTML5 and CSS3. Google Chrome 10 / Mozilla Firefox 4 / Microsoft IE 9 or later recommended.

വെളിപാടുകള്‍ (Velipadukal)

Published on: September 24, 2008

Velipadukal (Biography of a Sacred Cow) - Malayalam FIlm Written and Directed by Shahul Ameen. Starring Dhanoop, Dr. Mockery, Basid, E.V. Vijayan, L. Thomas Kutty, Raees, Suresh Thiruvali etc.
നവാഗതനായ ഷാഹുല്‍ അമീന്‍ കഥ, തിരക്കഥ, സംഭാഷണങ്ങള്‍ എന്നിവ എഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് ‘വെളിപാടുകള്‍’. ശാസ്ത്രമതത്തില്‍ വിശ്വസിക്കുന്ന ഒരു സമൂഹത്തിന്റെ അവസ്ഥാവിശേഷമാണ് ‘വെളിപാടുകളി’ലൂടെ സംവിധായകന്‍ പറയുന്നത്. പുതുമുഖം ധനൂപാണ്, കേന്ദ്രകഥാപാത്രമായ ലിന്റുവിനെ അവതരിപ്പിക്കുന്നത്. ഷാഹുല്‍ അമീന്‍, ബിക്രാന്ത് കൃഷ്ണന്‍, ആന്റോ പോള്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ഭാവിയിലെ ഒരു കാലഘട്ടത്തിലാണ് കഥ നടക്കുന്നത്. മനുഷ്യര്‍ ശാസ്ത്രമതത്തിലാണ് വിശ്വസിക്കുന്നത്. സ്വാംശീകരണത്തിലൂടെയോ, പ്രത്യുല്പാദനത്തിലൂടെയോ ശരീരതന്മാത്രകള്‍ക്ക് പിന്തുടര്‍ച്ച നല്‍കപ്പെടേണ്ടതാണെന്നതാണ് ഈ മതത്തിന്റെ അടിസ്ഥാനവിശ്വാസം. സ്വാംശീകരണമെന്നാല്‍, മരിച്ചവരുടെ ജഢം ഭക്ഷിക്കുക എന്നാണ് ചിത്രത്തില്‍ അര്‍ത്ഥമാക്കുന്നത്. സ്ത്രീകള്‍ കേവലം പ്രത്യുല്പാദന ഉപകരണങ്ങള്‍ മാത്രമാണ്. എന്നാല്‍ ലിന്റു എന്ന കോളേജ് വിദ്യാര്‍ത്ഥിക്ക് ഈ മതത്തിലുള്ള വിശ്വാസം നഷ്ടപ്പെടുന്നു. എന്നാല്‍ അവന് ഇവ പാലിക്കുന്ന കുടുംബത്തെയോ, സമൂഹത്തെയോ എതിര്‍ക്കുവാനും കഴിയുന്നില്ല.

മതങ്ങളുടെ ഇന്നത്തെ അവസ്ഥയെ; ഒരു സാങ്കല്പിക മതത്തിലൂടെയും, കാലഘട്ടത്തിലൂടെയും വരച്ചു കാട്ടുവാന്‍ ശ്രമിച്ചിരിക്കുകയാണ് സംവിധായകന്‍. പൊള്ളയായ വിശ്വാസങ്ങളില്‍ കടിച്ചുതൂങ്ങി മനുഷ്യരെ മതങ്ങളില്‍ തളച്ചിടുന്നതിന്റെ അര്‍ത്ഥശൂന്യതയാണ് ചിത്രത്തില്‍ മുഖ്യമായും ചര്‍ച്ച ചെയ്യപ്പെടുന്നത്. ഇത്തരമൊരു ആശയം സിനിമയായി രൂപാന്തരപ്പെടുത്തുവാനുള്ള സംവിധായകന്റെ ശ്രമം അഭിനന്ദനാര്‍ഹമാണ്. കാണികളുടെ താല്പര്യത്തെ കെടുത്താതെ, സിനിമയുടെ സ്വഭാവത്തിനുള്ളില്‍ നിന്നു കൊണ്ട്  ഇത്തരമൊരു വിഷയം പറഞ്ഞവസാനിപ്പിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. അതില്‍ സംവിധായകന്‍ ഒരു പരിധിവരെ വിജയിച്ചിട്ടുമുണ്ട്. ലിന്റുവായെത്തിയ ധനൂപ് കഥാപാത്രത്തെ തരക്കേടില്ലാതെ അവതരിപ്പിച്ചിരിക്കുന്നു. മറ്റുള്ള കഥാപാത്രങ്ങളും ശരാശരി നിലവാരം പുലര്‍ത്തിയിട്ടുണ്ട്.

കഥ ഭാവിയിലാണ് നടക്കുന്നത് എന്നു പറയുന്നെങ്കിലും; അത് പ്രേക്ഷകന് അനുഭവവേദ്യമാക്കുവാന്‍ വളരെയൊന്നും ചിത്രത്തിലില്ല. മറ്റൊരു സംസ്കാരത്തിന്റെ ശീലങ്ങളെ അവതരിപ്പിക്കുക എളുപ്പമല്ല, പക്ഷെ വിഷയം അത് ആവശ്യപ്പെടുന്നു. ജെ.എസ്. ശ്യാമിന്റെ പിന്നണിസംഗീതം ചിത്രത്തിന്റെ തുടക്കത്തില്‍ ആകര്‍ഷകമായിരുന്നെങ്കിലും, പിന്നീട് ചിത്രത്തിനനുസൃതമായി വികാസം പ്രാപിച്ചില്ല. രാമചന്ദ്രന്റെ ഛായാഗ്രഹണവും, സദീഷ് ചളിപ്പാടത്തിന്റെ കലാസംവിധാനവും സിനിമയ്ക്ക് ഗുണകരമാവണമെങ്കില്‍ ഇനിയുമേറെ മെച്ചപ്പെടേണ്ടിയിരുന്നു.

ഇന്റര്‍നെറ്റിലൂടെ ചിത്രത്തെ നേരിട്ട് പ്രേക്ഷകന് ലഭ്യമാക്കുന്ന വിപണനരീതിയാണ് ഈ ചിത്രത്തിനായി അവലംബിച്ചിരിക്കുന്നത്. റിയാക്ഷന്‍ ഷോട്ട്സ് എന്ന വെബ്‌സൈറ്റില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്; ചിത്രത്തിന്റെ ഡി.വി.ഡി. ഓര്‍ഡര്‍ ചെയ്യുവാനും വെബ്സൈറ്റില്‍ സൌകര്യമുണ്ട്. ചിത്രത്തിന്റെ ഇനി വരുന്ന പ്രദര്‍ശനങ്ങളെക്കുറിച്ച് ഇവിടെ നിന്നും അറിയാവുന്നതാണ്. മലയാളസിനിമയില്‍ ഒരു വര്‍ഷമിറങ്ങുന്നവയില്‍ പകുതിയും കലാമൂല്യമോ, വാണിജ്യമൂല്യമോ അവകാശപ്പെടുവാന്‍ കഴിയാത്തവയാണ്. ആ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളുടെ ശ്രദ്ധ ഇതുപോലെയുള്ള സംരംഭങ്ങളില്‍ പതിഞ്ഞിരുന്നെങ്കില്‍ എന്നാശിക്കുകയാണ്. സാമ്പത്തിക പിന്തുണ ആവശ്യത്തിനുണ്ടായിരുന്നെങ്കില്‍, ഇവിടെ ചൂണ്ടിക്കാണിച്ച പല പോരായ്മകളും ഒഴിവാക്കുവാന്‍ കഴിയുമായിരുന്നു. ഇതുപോലെയുള്ള നവീന ആശയങ്ങള്‍ പ്രതിപാദ്യമാക്കുന്ന ചിത്രങ്ങളെയും, ഇത്തരം ചിത്രങ്ങളെടുക്കുവാന്‍ സന്നദ്ധത കാണിക്കുന്ന സംവിധായകരേയും പ്രോത്സാഹിപ്പിക്കുവാന്‍ നിര്‍മ്മാതാക്കള്‍ മുന്നോട്ടു വരേണ്ടതുണ്ട്. സാമ്പത്തിക ലാഭമൊന്നും നേടിയില്ലെങ്കിലും; ഒരു നല്ല സിനിമ, അല്ലെങ്കില്‍ വ്യത്യസ്തമായ ഒരു പ്രമേയം അവതരിപ്പിക്കുവാന്‍ സാധിച്ചു, എന്ന ചാരിതാര്‍ത്ഥ്യമെങ്കിലും മിച്ചം പ്രതീക്ഷിക്കാം.

Description: Velipadukal (Biography of a Sacred Cow) - Malayalam Film Written and Directed by Shahul Ameen. Starring Dhanoop, Dr. Mockery, Basid, E.V. Vijayan, L. Thomas Kutty, Raees, Suresh Thiruvali etc. Malayalam Film Review by Hareesh N. Nampoothiri aka Haree | ഹരീ.
--

Post a Comment

ശ്രദ്ധിക്കുക: 30 ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളില്‍ ചേര്‍ക്കുന്ന കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ.

5 comments:

Haree | ഹരീ said...

നവാഗതനായ ഷാഹുല്‍ അമീന്‍ എഴുതി, സംവിധാനം നിര്‍വ്വഹിച്ച ചിത്രമായ ‘വെളിപാടുകളു’ടെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.

ഈ ചിത്രം കാണുവാന്‍ താത്പര്യമുള്ളവര്‍ക്ക് സെപ്റ്റംബര്‍ 26-ന് തിരുവനന്തപുരത്ത് നടത്തപ്പെടുന്ന കോണ്ടാക്ട് ഫിലിം ഫെസ്റ്റിവലില്‍ അതിനുള്ള അവസരമുണ്ട്.
--

Siju | സിജു said...

സിനിമ തീയറ്ററില്‍ ഇറങ്ങിയില്ലായിരുന്നോ.. ഇന്റര്‍നെറ്റ് വഴി മാത്രം കാണിച്ചാ കാശ് വല്ലോം തിരികെ കിട്ടുമോ..

വികടശിരോമണി said...

അപ്പൊ ഇനി സിനിമ കാണാനും ഇന്റെർനെറ്റ് ശരണം.ഇനി എന്തെല്ലാം ഈ കുന്ത്രാണ്ടം വിഴുങ്ങുമോ ആവോ...
ഇയാളെന്റെ പുതിയ കഥകളി പോസ്റ്റുകൾ കണ്ടുവോ?k

Haree | ഹരീ said...

@ Siju | സിജു,
ഡിസ്ട്രിബ്യൂട്ടറെ കിട്ടുവാന്‍ പാടുപെടുന്ന ഒരു ചിത്രമാണ്. ഇന്റര്‍നെറ്റ് വഴി കാണിക്കുകയല്ല, ഡി.വി.ഡി. രൂപത്തില്‍ വില്‍ക്കുകയാണ്.

@ വികടശിരോമണി,
:-) വിഴുങ്ങുകയാണെന്ന് അഭിപ്രായമില്ല, വ്യാപിക്കുകയാണെന്നു പറയാം.

ഓ.ടോ: കഥകളി പോസ്റ്റുകള്‍ കാണാറുണ്ട്, വായിക്കുകയും ചെയ്തു.
--

ഞാന്‍ said...

എല്ലാ സിനിമകളും ഇങ്ങനെ വിതരണം ചെയ്തിരുന്നെങ്കില്‍ നന്നായിരുന്നു :) 90 രൂപ എന്നത് അത്ര വലിയ തുകയായി തോന്നുന്നില്ല. ഞാനൊരെണ്ണം ഓര്‍ഡര്‍ ചെയ്തു. ഇതിനെ പറ്റി പ്രചാരണവും നടത്തണം. ഇങ്ങനത്തെ പുത്തന്‍ രീതികളുമായി ഒരാള്‍ വരുമ്പോള്‍ നമ്മളൊക്കെ തന്നെയല്ലേ പ്രോല്‍സാഹിപ്പിക്കേണ്ടത്... :)

Featured Videos

Trailer: Unnam

Unnam: A film by Sibi Malayil starring Asif Ali, Lal, Rima Kallingal, Swetha Menon etc.

WATCH VIDEO
Teaser: Second Show

Second Show: A film by Srinath Rajendran starring Dulquer Salman Gauthami Nair etc.

WATCH VIDEO
Trailer: Njanum Ente Familiyum

Njanum Ente Familiyum: A film by K.K. Rajeev starring Jayaram, Mamta Mohandas etc.

WATCH VIDEO