ക്വാണ്ടം ഓഫ് സോളസ് (Quantum of Solace)

Published on: 11/13/2008 11:51:00 PM
Quantum of Solace: 22nd James Bond Film; Daniel Craig as James Bond; also starring Mathieu Amalric, Olga Kurylenko, Gemma Arterton, Judi Dench, Jeffrey Wright, Giancarlo Giannini etc; Directed by Marc Forster.
'കാസിനോ റോയലെ'യ്ക്ക് ശേഷം ഡാനിയേല്‍ ക്രെയ്ഗ് നായകനാവുന്ന രണ്ടാമത് ബോണ്ട് ചിത്രമാണ് ‘ക്വാണ്ടം ഓഫ് സോളസ്’. ജയിംസ് ബോണ്ട് ചിത്രപരമ്പരയിലെ ഇരുപത്തിരണ്ടാമത് ചിത്രവുമാണിത്. ഓസ്കര്‍ പുരസ്കാര ജേതാവായ മാര്‍ക് ഫോസ്റ്ററാണ് ചിത്രത്തിന്റെ സംവിധായകന്‍. മൈക്കല്‍ ജെ. വിത്സണിന്റെ കഥയ്ക്ക്; ജോഷ്വ സെറ്റുമെര്‍, പോണ്‍ ഹഗ്ഗിസ്, നീല്‍ പര്‍വിസ്, റോബര്‍ട്ട് വഡേ തുടങ്ങിയവര്‍ ചേര്‍ന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. മൈക്കല്‍ ജെ. വിത്സന്‍, ബാര്‍ബറ ബ്രോക്കോളി എന്നിവരൊരുമിച്ച് ചിത്രം നിര്‍മ്മിച്ചിരിക്കുന്നു. ജയിംസ് ബോണ്ടിന്റെ തുടക്കം കാണിക്കുന്ന ‘കാസിനോ റോയലെ’-യില്‍ നിറം മങ്ങിയ പ്രകടനമാണ് ക്രെയ്ഗ് കാഴ്ചവെച്ചത്. എന്നാലത്, ബോണ്ടിന്റെ തുടക്കമായതിനാലാണെന്നായിരുന്നു ന്യായം. പക്ഷെ, രണ്ടാമത്തെ ചിത്രത്തിലും കാര്യമായ പുരോഗതിയൊന്നും കൈവരിക്കുവാന്‍ ക്രെയ്ഗിനു സാധിക്കുന്നില്ല.

 കഥയും, കഥാപാത്രങ്ങളും [ 5/10 ]

ബോണ്ടായെത്തുന്ന നടനും, ബോണ്ടിന്റെ ഉപഗ്രഹങ്ങളായെത്തുന്ന ബോണ്ട് ഗേള്‍സുമാണ് ബോണ്ട് ചിത്രങ്ങളിലെ ശ്രദ്ധാകേന്ദ്രങ്ങള്‍. ബോണ്ടിന്റെയത്രയും തന്നെ പ്രാധാന്യം, ബോണ്ട് ഗേള്‍സിനും ഉണ്ടാവാറുണ്ട്. എന്നാല്‍ ഈ ചിത്രത്തില്‍ നായികമാരായെത്തുന്ന ഓള്‍ഗ കുരിലെന്‍‌കോ, ജെമ്മ ആര്‍റ്റേര്‍ടണ്‍ എന്നിവര്‍ക്ക് കഥയില്‍ കാര്യമായ സ്വാധീനമില്ല. ബോണ്ട് ഗേള്‍സെന്ന വിശേഷണം ഇവര്‍ക്ക് യോജിക്കുകയുമില്ല. തന്റെ കാമുകിയുടെ മരണത്തിനുത്തരവാദികളായവരെ കണ്ടെത്തി പ്രതികാരം ചെയ്യുകയാണ് ബോണ്ടിന്റെ ലക്ഷ്യം. ഒടുവില്‍ ഡൊമിനിക് ഗ്രീനിനെ(മാത്യു അമാല്‍‌റിക്)യും, അയാളുടെ യഥാര്‍ത്ഥ പ്രവര്‍ത്തികളും കണ്ടെത്തുന്നു. എന്നാല്‍ ഗ്രീന്‍, ബോണ്ടിനു ചേര്‍ന്ന ഒരു എതിരാളിയായി തോന്നിയില്ല. താരതമ്യേന വളരെ ലളിതമായ ഒരു കഥ, അല്പം ചുറ്റിത്തിരിച്ച് സങ്കീര്‍ണ്ണമായി പറഞ്ഞിട്ടുണ്ടെന്നുള്ളതൊഴിച്ചാല്‍ കാര്യമായ മെച്ചമൊന്നും ഇതില്‍ കാണുവാനില്ല.

 സംവിധാനം [ 5/10 ]

കഥയുടെ രസച്ചരട് പൊട്ടിക്കാതെ, പ്രേക്ഷകനെ സിനിമയോട് ചേര്‍ത്തു നിര്‍ത്തുവാന്‍ സംവിധായകനു കഴിയണം. ഈ അര്‍ത്ഥത്തില്‍ മാര്‍ക്ക് ഫോസ്റ്റര്‍ വിജയിച്ചുവെന്ന് കരുതുവാന്‍ കഴിയില്ല. പ്രേക്ഷകന് കഥയില്‍ ഒരു താത്പര്യവും ഒരു സമയത്തും ഉണ്ടാവുന്നില്ല. ക്രെയ്ഗിനെ പൂര്‍ണ്ണമായും ബോണ്ടാക്കി മാറ്റുവാന്‍ ഫോസ്റ്റര്‍ക്കും സാധിച്ചിട്ടില്ല. ആക്ഷന്‍ രംഗങ്ങള്‍ക്കു മികവു നല്‍കുവാനും സംവിധായകനായിട്ടില്ല.

 അഭിനയം [ 6/10 ]

വിദേശ സിനിമകളിലൊന്നും ഏച്ചുകെട്ടി നില്‍ക്കുന്ന രീതിയില്‍ അഭിനയിക്കുന്നവര്‍ ഉണ്ടാവാറില്ല. ഈ ചിത്രത്തിലും കാര്യങ്ങള്‍ വ്യത്യസ്തമില്ല. കഴിയുന്നത്രയും വിശ്വാസ്യതയോടെ കഥാപാത്രങ്ങളെ അവതരിപ്പിക്കുവാന്‍ എല്ലാ അഭിനേതാക്കള്‍ക്കും സാധിച്ചിട്ടുണ്ട്. ക്രെയ്ഗിന്റെ അഭിനയം പോലും മോശമെന്നു പറയുവാന്‍ കഴിയില്ല. എന്നാല്‍ പ്രേക്ഷക സങ്കല്പത്തിലെ ബോണ്ടിന്റെ ഏഴയലത്തെങ്ങുമെത്തുന്നില്ല ക്രെയ്ഗിന്റെ ജയിംസ് ബോണ്ട്; പ്രത്യേകിച്ചും മുന്‍‌ഗാമികളുമായി താരതമ്യം ചെയ്യുമ്പോള്‍. എം. എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജൂഡി ഡെഞ്ചാണ് ഓര്‍ക്കുവാന്‍ മാത്രമുള്ള മറ്റൊരു കഥാപാത്രം.

 സാങ്കേതികം [ 6/10 ]

വിഷ്വല്‍ ഇഫക്ടുകള്‍, സൌണ്ട് ഇഫക്ടുകള്‍ എന്നിവ കാര്യമായി ഉപയോഗിക്കുവാന്‍ അവസരമില്ലാത്ത ഒരു കഥയായതിനാല്‍ സാങ്കേതിക വിദഗ്ദ്ധര്‍ക്കാ‍ര്‍ക്കും അധികം വിയര്‍പ്പൊഴുക്കേണ്ടി വന്നിട്ടില്ല. റോബര്‍ട്ടോ ഷെഫറിന്റെ ഛായാഗ്രഹണം തരക്കേടില്ല എന്നു മാത്രം. പ്രേക്ഷകനെ ത്രസിപ്പിച്ചിരുത്തുന്ന ചിത്രീകരണ മികവൊന്നും ആക്ഷന്‍ രംഗങ്ങളില്‍ പോലും കാണുവാന്‍ കഴിഞ്ഞില്ല. ആക്ഷന്‍ രംഗങ്ങള്‍ അത്രയൊന്നും അനുഭവത്താവാത്തതില്‍; മാറ്റ് ചീസ്, റിക്ക് പിയേഴ്സണ്‍ എന്നിവരുടെ എഡിറ്റിംഗിനും പങ്കുണ്ട്. കൂടുതല്‍ മികച്ചൊരു സാങ്കേതികാനുഭവം ബോണ്ട് ചിത്രങ്ങളില്‍ നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നു.

 സംഗീതം, ആക്ഷന്‍
[ 2/5 ]

ജയിംസ് ബോണ്ടിന്റെ വിഖ്യാതമായ സിഗ്നേച്ചര്‍ സംഗീതം ഉപയോഗിക്കാതെയാണ് ‘ക്വാണ്ടം ഓഫ് സോളസ്’ ഒരുക്കിയിരിക്കുന്നത്. ഈ സംഗീതശകലത്തിന്റെ സാന്നിധ്യമില്ലാത്തതിനാല്‍, ഒരു ബോണ്ട് ചിത്രം കണ്ടുവെന്ന തോന്നല്‍ ചിത്രം കഴിഞ്ഞിറങ്ങുമ്പോള്‍ ഉണ്ടാവുന്നില്ലെന്നു പറഞ്ഞാല്‍, തെല്ലും അതിശയോക്തിയില്ല. പകരമായി ചേര്‍ത്തിരിക്കുന്ന സംഗീതത്തിനൊന്നും ഇതിനേക്കാള്‍ മികച്ചൊരു അനുഭവം ഉണ്ടാക്കുവാന്‍ സാധിക്കുന്നുമില്ല. കാര്‍ ചേസിംഗ്, ബോട്ട് ചേസിംഗ്, വെടിവെപ്പ് ഇതൊക്കെയുണ്ടെങ്കിലും ഇതിനൊന്നും ഒരു പുതുമയും തോന്നിച്ചില്ല. നനഞ്ഞ പടക്കം നല്‍കുന്ന അനുഭവമേ ഇവയ്ക്ക് പ്രേക്ഷകര്‍ക്ക് നല്‍കുവാനുള്ളൂ.

 മറ്റുള്ളവ [ 3/5 ]

ചിത്രത്തിന്റെ പോസ്റ്ററുകള്‍ക്കോ, മറ്റ് വിപണന സംഗതികള്‍ക്കോ കാര്യമായ പുതുമയൊന്നും അവകാശപ്പെടുവാനില്ല. ബോണ്ട് ചിത്രങ്ങളുടെ മറ്റൊരു ആകര്‍ഷണമാണല്ലോ തുടക്കത്തിലെ ടൈറ്റില്‍ ഗാനം. എന്നാലവിടെയും ‘ക്വാണ്ടം ഓഫ് സോളസ്’ തൃപ്തി നല്‍കുന്നില്ല. ജയിംസ് ബോണ്ടായെത്തുന്ന ക്രെയ്ഗിന് പ്രായം വളരെ കൂടുതല്‍ തോന്നിച്ചു. ബോണ്ടിന്റെ മുന്‍ ചിത്രങ്ങളിലും എം. എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജൂഡി ഡെഞ്ചിനും പ്രായക്കൂടുതല്‍ തോന്നിക്കും. പ്രത്യേകിച്ചും, ഈ സിനിമകള്‍ ബോണ്ടിന്റെ തുടക്കമാണെന്നതു കൂടി ഓര്‍ക്കുമ്പോള്‍.

 ആകെത്തുക [ 5.4/10]

ജയിംസ് ബോണ്ട്, പുതിയ രൂപത്തിലും, ഭാവത്തിലുമാണ് ‘കാസിനോ റോയലെ’മുതല്‍ക്ക് സ്കീനിലെത്തുന്നത്. അവതരണരീതിയിലും പ്രകടമായ മാറ്റങ്ങള്‍ കാണാം. ബോണ്ട് പ്രേക്ഷകരുടെ കാഴ്ചശീലങ്ങളെ പാടെ നിരാകരിച്ചുകൊണ്ടുള്ള ചലച്ചിത്രങ്ങളാണ് പുതിയ ജനുസ്സിലുള്ളവ. എന്നാല്‍ അതിലും മികച്ചൊരു, അല്ലെങ്കില്‍ അത്രത്തോളമെങ്കിലുമെത്തുന്ന ഒരു അനുഭവമാകുവാന്‍ ഇവയ്ക്ക് കഴിയുന്നുമില്ല. മിസ്റ്റര്‍ ക്യു-വിന്റെ അഭാവം; വിവിധോദ്ദേശ ഉപകരണങ്ങളുടെയും, അത്ഭുതമുണര്‍ത്തുന്ന വാഹനങ്ങളുടെയും ഇല്ലായ്മ; ചൂടന്‍ രംഗങ്ങളുടെ കുറവ്; ഇതൊക്കെ പുതിയ ബോണ്ട് ചിത്രങ്ങളുടെ മാറ്റ് കുറയ്ക്കുന്നു. ബോണ്ടിന്റെ വളര്‍ച്ചയുടെ ആദ്യപടികളെന്ന ന്യായമാണ് ഇതിനു മറുപടിയായി നിര്‍മ്മാതാക്കള്‍ നല്‍കുന്നതെങ്കിലും, എത്ര ചിത്രങ്ങള്‍ക്ക് ഈ ഉത്തരം കേള്‍ക്കേണ്ടിവരുമെന്നതാണ് പ്രേക്ഷകരെ ചിന്തിപ്പിക്കുന്നത്. വരും വര്‍ഷങ്ങളില്‍, പഴയ ബോണ്ട് ചിത്രങ്ങളുടെ മാസ്മരികത പ്രദാനം ചെയ്യുന്ന ചിത്രങ്ങളുമായെത്തുവാന്‍ ഇതിന്റെ അണിയറപ്രവര്‍ത്തകര്‍ക്കാവുമെന്ന് കരുതാം.

 Post a Comment

Description: Quantum of Solace: 22nd James Bond Film; Daniel Craig as James Bond; also starring Mathieu Amalric, Olga Kurylenko, Gemma Arterton, Judi Dench, Jeffrey Wright, Giancarlo Giannini etc; Directed by Marc Forster; Produced by Michael G. Wilson,
Barbara Broccoli; Novel/Story by Ian Fleming (Characters), Michael G. Wilson (Plot); Screenplay Joshua Zetumer, Paul Haggis, Neal Purvis, Robert Wade, Cinematography by Roberto Schaefer, Music by David Arnold. A Film Review for Chithravishesham (Chitravishesham) by Hareesh N. Nampoothiri aka Haree | ഹരീ; November 2008 Release.

--

13 comments :

  1. ഡാനിയേല്‍ ക്രെയ്ഗ് ജയിംസ് ബോണ്ടിനെ അവതരിപ്പിക്കുന്ന, പുതിയ ബോണ്ട് ചിത്രം ‘ക്വാണ്ടം ഓഫ് സോളസ്’-ന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
    --

    ReplyDelete
  2. ennittum 5.4/10 ! athrakkundo ee padam ? kashu poyallo ennayippoyi kandittu!!

    ReplyDelete
  3. പിയേര്‍സ് ബ്രോസ്നാന്‍ ആണ് എന്റെ അഭിപ്രായത്തില്‍ ഏറ്റവും മോശം ബോണ്ട്
    ഡാനിയല്‍ ക്രേയ്ഗ് ഏറ്റവും നല്ല ബ്ലോണ്ടും..സോറി, ബോണ്ടും!
    അമാനുഷികതയുടെ കുറച്ച് നിലകള്‍ ഇറങ്ങി വന്ന് പ്രകടനം നടത്താനാണ് ഡാനിയല്‍ ക്രേയ്ഗ് ബോണ്ടിന്റെ (നിര്‍)ഭാഗ്യം!
    അതു കൊണ്ട് തന്നെ എനിക്ക് ഇത്തിരി ഇഷ്ടപ്പെടുന്നുണ്ട്.
    കാസിനോ റോയല്‍ (താരതമ്യേന) ഇഷ്ടപ്പെട്ട ബോണ്ട് പടമായിരുന്നു..ബോണ്ട് ഒരു മനുഷ്യനൊക്കെയാണെന്ന് തോന്നി. അതെനിക്കിഷ്ടപ്പെട്ടു.

    ReplyDelete
  4. ഡാനിയേൽ ക്രൈയ്ഗിനെക്കുറിച്ച് എന്റെ അഭിപ്രായം തിരിച്ചാണ്.മോശം ബോണ്ടുകളിലൊരാളാണ് ക്രൈയ്ഗ്.
    അമാനുഷികതയില്ലെങ്കിൽ പിന്നെന്ത് ബോണ്ട്!
    ക്വാണ്ടം ഓഫ് സോളസ് കണ്ടില്ല,കാണണം.
    സമഗ്രമായ എഴുത്ത്,ആശംസകൾ.

    ReplyDelete
  5. ബോണ്ട് സിനിമയെപറ്റിയുള്ള എന്റ് അഭിപ്രായം ഇവിടെ കൊടുത്തിട്ടുണ്ട്

    http://cyberloakam.blogspot.com/2008/11/007.html

    ReplyDelete
  6. i have been following all the reviews around craig and bond movies in malayalam blog. Unfortunately everybody seems to be unhappy with the new bond movies.
    But what i feel is that, bond movies are getting better with Daniel craig..


    ബോണ്ട് സിനിമകള്‍ ഒരിക്കലും നല്ലതാണെന്ന് എനിക്കു തോന്നിയിട്ടില്ല. ബോണ്ട് പ്രതിനിധീകരിക്കുന്നതു തന്നെ, ചില പ്രത്യേക കുത്തക താല്പര്യങ്ങളെയാണല്ലോ. gadgets, cars, guns, പിന്നെ മൂന്നു S കള്‍ ( sex, stunt, suspense) കൊണ്ടുള്ള ഗിമ്മിക്കുകള്‍ മാത്രമായിരുന്നു ബോണ്ട് സിനിമകള്‍. ഇത്തരം ഗിമ്മിക്കുകളെ ഒഴിവാക്കി എന്നതാണ് ആധുനിക ബോണ്ട് സിനിമാ നിര്‍മാതാക്കള്‍ ചെയ്തു പോയ അപരാധം!!!.
    ബോണ്ട് സിനിമകളില്‍ വെച്ച് ഏറ്റവും നല്ല സിനിമയായി എനിക്കു തോന്നിയിട്ടൂള്ളത് casino royale ആണ്. ( quantum of solace ഇതുവരെ കാണാന്‍ പറ്റിയില്ല). ഏറ്റവും മോശം Die another Dayഉം... ( പഴയ ചിത്രങ്ങള്‍ പലതും ഞാന്‍ കണ്‍റ്റിട്ടീല്ല... clippings കണടപ്പോള്‍ തന്നെ മനസിലായി തറ ആണെന്ന്..)..

    സ്ത്രീകളെ വെറും sex ഉപകരണങ്ങളായി ചിത്രീകരിച്ചിരുന്നുവെന്ന് മാത്രം അല്ല., അവളുടെ ശരീരം കീഴടക്കുന്നതിനെ( തന്ത്രങ്ങളിലൂടെയും കുതന്ത്രങ്ങളിലൂടെയും) heroic ആക്കി ചിത്രീകരിക്കുന്നുവെന്നതും കൂടെ ആണ് പഴയ ബോണ്‍ട് സിനിമകളെ വെറുക്കപ്പെടേണ്ടവയാക്കിത്തീര്‍ക്കുന്നത്....

    അതിനിടെ ഒരു ബ്ലോഗര്‍ ഡാനിയല്‍ ക്രേയ്ഗിനു അഭിനയിക്കാന്‍ പഠിപ്പിക്കണം എന്നു കണ്ടു. ഹെന്റെമ്മോ... അഭിനയിക്കാന്‍ അറിയാവുന്ന ആദ്യത്തെ ബോണ്ടാണ് ക്രേയ്ഗ്... സംശയം ഉണ്ടെങ്കില്‍ റോഡ് റ്റു പര്‍ഡീഷന്‍ എന്ന ക്ലാസിക് സിനിമയില്‍ അദ്ദേഹം ചെയ്ത വില്ലന്‍ കഥാപാത്രം ഒന്നു കണ്ടു നോക്കൂ....

    കാസിനോ റോയലിലെ പ്രകടനവും നന്നായിരുന്നു.... നാച്ചുറല്‍ ആയി അഭിനയിക്കുന്നതിനെക്കാളൂം dramatic ആയ പ്രകടനം ആണ് നമ്മള്‍ നായകനില്‍ നിന്നും പ്രതീക്ഷിക്കുന്നത് എന്നതാണ് ക്രേയ്ഗിലെ അഭിനേതാവിനെ തിരിച്ചറിയാന്‍ കഴിയാതെ പോകുന്നതിന്റെ കാരണം...

    സിനിമകളേക്കുറിച്ച് അരവിന്ദന്റേതായി വരാറുള്ള കമന്റുകള്‍ സ്വീകാര്യമായി തോന്നാറുണ്ട്( മൊത്തം ചീല്ലറയുടേ ഒരു മൊത്തം ആരാധകനാണ്‍ ഞാന്‍ കെട്ടോ) താങ്കള്‍ക്ക് ഒരു റിവ്യൂ ബ്ലോഗ്ഗ് തുടങ്ങിക്കൂടേ?

    ReplyDelete
  7. aravind is already a part of a review blog i forgot that :D
    sorry...

    ReplyDelete
  8. ക്രെയ്ഗ് ഒരിക്കലും ഒരു മോശം ബോണ്ട് നായകനല്ല എന്ന അഭിപ്രായമാണ് എനിക്കുമുള്ളത്.. :) ബോണ്ട് ഒരിക്കലും ഒരു അതിമാനുഷനുമായിരുന്നില്ല.. കൈക്കരുത്ത്‌ ഉപയോഗിക്കുന്നതിലേറെ ഗാഡ്ജറ്റ്സുകള്‍ കൊണ്ട് പ്രതികൂല സാഹചര്യങ്ങളില്‍ നിന്ന്‌ രക്ഷപ്പെടുന്നവരായിരുന്നു പഴയ ബോണ്ട് നായകന്മാര്‍. എന്നാല്‍ പ്രധാനമായും തന്റെ കൈക്കരുത്ത്‌ മാത്രം ഉപയോഗിക്കുന്നവനാണ് ക്രെയ്ഗിന്റെ ബോണ്ട്.. :) ഷോണ്‍ കോണറിയുടെയോ, റോജര്‍ മൂറിന്റെയോ പേഴ്സണാലിറ്റി അല്ല ക്രെയ്ഗിന്റേത്. കൂടുതല്‍ ടഫ് ആയ ചടുലനായ യുവാവാണ് പുതിയ ബോണ്ട്. ബോണ്ടിന്റെ തുടക്ക കാലമാണ് കഴിഞ്ഞ കാസിനോ റോയലിലും, ഇപ്പോള്‍ ക്വാണ്ടം ഓഫ് സൊളേസിലും കാണാന്‍ കഴിയുന്നത് എന്നുള്ള അണിയറക്കാരുടെ വാദം തല്‍ക്കാലത്തേയ്കെങ്കിലും വകവെച്ചേ പറ്റൂ.. അടുത്ത 2 ബോണ്ട് ചിത്രങ്ങള്‍ കൂടിയെങ്കിലും ഇതേ ജനുസ്സില്‍ പ്രതീക്ഷിക്കാമെന്നാണ് തോന്നുന്നത്.. :)

    റിവ്യൂ എനിക്കത്ര മനസ്സിലായില്ല.. വിവരണങ്ങളിലെല്ലാം കടുത്ത വിമര്‍ശനവും മാര്‍ക്ക്‌ 5.4 ഉം! അതെപ്പടി?? :)

    ReplyDelete
  9. @ കോറോത്ത്,
    :-) ശരിതന്നെ, പക്ഷെ ബോണ്ട് ചിത്രത്തിന് ഇത്രയും മതിയോ?

    @ അരവിന്ദ് :: aravind,
    :-) എനിക്ക് തോന്നിയിട്ടില്ല. ബോണ്ട് എന്ന കഥാപാത്രത്തിന്റെ ഐഡന്റിറ്റി തന്നെ അമാനുഷികതയില്‍ അധിഷ്ഠിതമാണ്. ആ രീതിയില്‍ നിന്നും മാറ്റമാകാം, ആമാനുഷികതയും എടുത്തു കളയാം; പക്ഷെ അത് മറ്റൊരു അനുഭവമാകുവാന്‍ കഴിയണം. പുതിയ ചിത്രങ്ങള്‍ക്ക് അതിനാവുന്നില്ല. പിന്നെ, എത്രയോ ചിത്രങ്ങള്‍ ഈ രീതിയിലൊക്കെ ഇറങ്ങുന്നു, നായകന് ‘ബോണ്ട്’ എന്നു പേരുണ്ട് എന്നതുകൊണ്ട് എന്തു കാര്യം!

    @ വികടശിരോമണി,
    :-) നന്ദി.

    @ യാരിദ്‌|~|yarid,
    :-) വായിച്ചു...

    @ ശ്രീഹരി::sreehari,
    :-) സ്ത്രീകളെ വെറും സെക്സ് ഉപകരണങ്ങളായാണോ ബോണ്ട് ചിത്രങ്ങളില്‍ കണ്ടിരിക്കുന്നത്? ഞാന്‍ അങ്ങിനെ പറയില്ല, സ്ത്രീകളുടെ കുശാഗ്രബുദ്ധിയും, സൌന്ദര്യം ഉപയോഗിച്ച് ആരെയും വീഴ്ത്തുവാനുള്ള കഴിവും ബോണ്ട് ചിത്രങ്ങളില്‍ തെളിഞ്ഞു കാണാറുണ്ട്. അങ്ങിനെയൊരു സ്ത്രീ ചതിച്ചതില്‍ നിന്നുമാണല്ലോ, ബോണ്ട് ബോണ്ടാവുന്നത്... അവരുടെ സൌന്ദര്യത്തില്‍ മാത്രം വിശ്വസിക്കരുതെന്ന പാഠം... സത്യത്തില്‍, ബോണ്ട് ഒരു സെക്സ് ഉപകരണമായി; സ്ത്രീകളുടെ രീതി തിരിച്ച് പ്രയോഗിക്കുകയാണെന്ന് പറയണം. ബോണ്ടെന്ന കഥാപാത്രത്തിനു കല്പിച്ചിട്ടുള്ള വ്യക്തിത്വം എടുത്തുമാറ്റിയാല്‍ പിന്നെ ബോണ്ടില്ല. പുതിയൊരു വ്യക്തിത്വം നല്‍കുവാനാണ് ഉദ്ദേശമെങ്കില്‍, അത് അംഗീകരിപ്പിക്കുവാന്‍ ഈ മികവ് പോര! കാസിനോ റോയലെ ഇറങ്ങിയപ്പോള്‍, എല്ലാ ബോണ്ട് ചിത്രങ്ങളും എടുത്തിട്ട് കാണുകയുണ്ടായി; അവയിലൂടെ മനസിലാക്കിയ ബോണ്ടിനെ അധികരിച്ചാണ് ഇത്രയും എഴുതിയത്.

    @ നന്ദന്‍,
    :-) അതിമാനുഷികന്‍ എന്നത് സൂപ്പര്‍മാന്‍ എന്നരീതിയില്‍ വായിക്കാതിരിക്കുക. സാധാരണക്കാര്‍ ചെയ്യുവാന്‍ മടിക്കുന്ന സാഹസികപ്രവര്‍ത്തികള്‍ ചെയ്യുന്ന അസാധാരണക്കാരന്‍, അത്രമാത്രം. കൊടുത്ത മാര്‍ക്കുകളുടെ വിഭജനം നോക്കുക, മിക്കതിനും പകുതിയാണ്. ആക്ഷന്‍: 2/5, സാങ്കേതികം: 6/10, സംവിധാനം 5/10 - ഇത്രയൊക്കെയാണോ ഒരു ബോണ്ട് ചിത്രത്തിനു വേണ്ടത്!!! എന്തുകൊണ്ട് ഇത്രയും കുറഞ്ഞു എന്നതുമാത്രമേ ഇവിടെ പറഞ്ഞിട്ടുള്ളൂ; ഇത്രയും എന്തുകൊണ്ട് നല്‍കി എന്നത് കൂടുതല്‍ വിശദീകരിക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല. ഏതൊരു ഇംഗ്ലീഷ് ചിത്രവും, പ്രൊഫഷണലിസം ഒന്നുകൊണ്ട് മാത്രം, ഇത്രയൊക്കെ പോയിന്റ് നേടുവാനാണ് സാധ്യത.
    --

    ReplyDelete
  10. അങ്ങനെ പറയരുത്‌. ഒരു പാവം ബോണ്ട്‌ ആരാധകനാണ്‌ ഞാന്‍. ഈ ചിത്രം കാണാന്‍ പദ്ധതിയിട്ട എന്റെ നെഞ്ചിലേക്കാണ്‌ ഹരിയുടെ ഈ വെടിയുണ്ട കടന്നു കയറിയത്‌. ശ്രീഹരി പറഞ്ഞതു പോലെ 3S ഇല്ലെങ്കില്‍ എന്തു ബോണ്ട്‌...? കാസിനോ റോയല്‍ കൊള്ളാം. മഹത്തരം എന്നൊന്നും പറയാന്‍ പറ്റില്ല. കണ്ടിട്ടുള്ളതില്‍ ഏറ്റവും മികച്ചത്‌ ഗോള്‍ഡന്‍ ഐ ആണെന്നാണ്‌ എനിക്കു തോന്നിയത്‌. മോശം ഡൈ അനദര്‍ ഡെയും. ഡാനിയല്‍ ക്രൈഗ്‌ അത്ര മോശമാണോ ഹരി? ആ പ്രതീക്ഷയും പോയി..

    ReplyDelete
  11. സിനിമ ഞാന്‍ ഇതു വരെ കണ്ടില്ല! ഈയാഴ്ച എപ്പോഴെങ്കിലും കാണും. ജെയിംസ് ബോണ്ട് എന്നാല്‍ ഇയാന്‍ ഫ്ലെമിങ്ങിന്റെ കാഴ്ചപ്പാടാണോ, പഴയ സിനിമകളുടെ കാഴ്ചപ്പാടാണോ ശരി എന്നൊക്കെ ചോദിച്ചാല്‍,

    HE IS A
    1.TRAINED ASSASSIN.
    2.HIGH PROFILE EXECUTIVE IN A MULTI NATIONAL FIRM (CALLED UNITED EXPORTS OR SO IN EARLY MOVIES IT CHANGES IN SOME MOVIES, BUT HE IS ALWAYS AN HIGH PROFILE EXECUTIVE).
    3.GOOD IN HAND TO HAND FIGHTING, BUT CONSIDERING THE 00 MISSIONS HE IS DEPUTED FOR, NOT AS GOOD AS OPPONENTS, ESCAPES SITUATIONS BY PRESENCE OF MIND AND GADGETS.
    4.SHARP SHOOTER.
    5.HAS A PLAYBOY STYLE OF CASINO ROLLING,DRINKING ONLY SHAKEN MARTINI AND SEDUCING WOMEN(PEOPLE WHO SAW ALL JAMES BOND MOVIES MIGHT AT LEAST UNDERSTAND WHY HE NEVER KEEPS EMOTIONAL ATTACHMENT TO WOMEN AND USES THEM ONLY AS HIS TOOL).

    IN CASE OF DANIEL CRAIG, THEY NEEDED SOMEONE WHO CAN FILL IN THE GAP BETWEEN THE TRANSITION TIME FROM A SIMPLY TRAINED 00 AGENT TO THE SIGNATURE JAMES BOND.

    ABOUT ARAVIND'S COMMENT, I DON'T KNOW WHY YOU FELT PIERCE BROSNAN AS THE WORST BOND(MIGHT BE HE GOT A HELL LOT CHANCE TO ACT IN MOVIES WHICH HAD SOME OF THE WORST STORIES!). HOPE YOU HAVE SEEN ALL THOSE MOVIES!

    പിന്നെ, 3S,3G ഗിമ്മിക്കുകള്‍ ഒഴിവാക്കുമ്പോള്‍ അതെങ്ങനെ ഒരു ബോണ്ട് സിനിമയാവും എന്നെനിക്കു മനസ്സിലാവുന്നില്ല, ബോണ്ടിന്റെ പേഴ്സണാലിറ്റി തന്നെ ഇതിലധിഷ്ഠിതമാണ്. പല കൂട്ടുകാരും പറഞ്ഞത്, ജെയിംസ് ബോണ്ടിനെ കാണാന് പോയിട്ട് ജേസണ്‍ ബോണിനെ കണ്ടു എന്നാണ്!

    ReplyDelete
  12. അല്ലാ..... ഒരു കാര്യം ... ഈ ഇയാന്‍ ഫ്ലെമിന്ഗ് എഴുതിയ പുസ്തകത്തില്‍ തന്നെ ജെയിംസ് ബോണ്ട് അമാനുഷനല്ലേ.... എല്ലാവരേം കൊള്ളാന്‍ ലൈസെന്‍സ് ഉള്ളവന്‍... പിന്നെന്താ ഇത്തവണ ഇത്തിരി പുലിയായാല്‍ കൊഴപ്പം??

    ReplyDelete
  13. ഹരീ... പറഞ്ഞത്‌ സത്യം....ചിത്രം കണ്ടു....നിരാശാജനകം....

    ReplyDelete