ക്രേസി ഗോപാലന്‍ (Crazy Gopalan)

Published on: 12:21 AM
 Crazy Gopalam: Malayalam Film directed by Deepu; Starring Dileep, Radha Varma, Biju Menon, Manoj K. Jayan etc. in the lead roles.
ദീപു കരുണാകരന്‍ കഥ, തിരക്കഥ, സംഭാഷണം എന്നിവയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് ‘ക്രേസി ഗോപാലന്‍’. ഉള്ളാട്ടില്‍ ശശിധരന്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ ദിലീപ്, രാധ വര്‍മ്മ, മനോജ് കെ. ജയന്‍, ബിജു മേനോന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ‘സി.ഐ.ഡി. മൂസ’, ‘ഇന്‍സ്പെക്ടര്‍ ഗരുഡ്’ തുടങ്ങിയ കോമഡി-ത്രില്ലര്‍ ചിത്രങ്ങളുടെ കൂട്ടത്തിലാണ് ‘ക്രേസി ഗോപാല’ന്റെ സ്ഥാനം.

 കഥയും, കഥാപാത്രങ്ങളും [ 2/10 ]

ഊഞ്ഞാലാടി എന്ന ഗ്രാമത്തിലെ ഒളിമോഷ്ടാവായ ഗോപാലന്‍ (ദിലീപ്)‍, കൊച്ചിയിലെത്തുന്നതോടെയാണ് കഥയുടെ തുടക്കം. അവിടെ കണ്ടുമുട്ടുന്ന ലക്ഷ്മണന്‍ (സലിം കുമാര്‍), ലടാങ്ക് വാസു (ജഗതി ശ്രീകുമാര്‍) എന്നിവര്‍ക്കൊപ്പം തന്റെ ലക്ഷ്യത്തിലെത്തുവാന്‍ മോഷണം വഴിയാക്കുകയാണ് ഗോപാലന്‍. തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളാണ് ചിത്രത്തിനു വിഷയമാവുന്നത്. യുക്തിസഹമല്ലാത്ത യാദൃശ്ചികതകളിലൂന്നിയാണ് ചിത്രത്തിന്റെ കഥ മുന്നോട്ടു പോവുന്നത്. കഥയെന്നു പറയുവാനൊന്നുമില്ലെങ്കിലും, തിരക്കഥയുടെ പച്ചയില്‍ പ്രേക്ഷകരെ തിയ്യേറ്ററിലിരുത്തുന്നതില്‍ ദീപു വിജയിച്ചിട്ടുണ്ട്. ഹാസ്യതാരങ്ങളെ, കേവലം ഏച്ചുകെട്ടിയ ഹാസ്യരംഗങ്ങളിലേക്കല്ലാതെ, ചിത്രത്തോട് ചേരുന്ന കഥാപാത്രങ്ങളായി ഉപയോഗിച്ചിട്ടുണ്ടെന്നുള്ളതും ദീപുവിന്റെ മികവായി പറയാം. ഹാസ്യമെന്ന പേരില്‍ പറയുന്ന സംഭാഷണങ്ങളില്‍ ഭൂരിഭാഗവും കേട്ടു-കേട്ടു പഴകിയവയാണെങ്കിലും, ചില പുതുമകള്‍ അവിടെയുമിവിടെയും കാണാം. ആളുമാറിപ്പോവുക, ബാഗ് മാറിപ്പോവുക, കെണിയില്‍ പെടുത്തുവാന്‍ വന്നു കെണിയില്‍ ചാടുക എന്നിങ്ങനെയുള്ള സ്ഥിരം പരിപാടികളും ചിത്രത്തിലുടനീളമുണ്ട്.

 സംവിധാനം [ 3/10 ]

തട്ടിക്കൂട്ട് കഥയിലധിഷ്ഠിതമായി വികസിപ്പിച്ച തിരക്കഥ, ദീപു സംവിധാനം ചെയ്ത് കാണുവാന്‍ കൊള്ളാവുന്ന പരുവത്തിലാക്കിയിട്ടുണ്ട്. കഥാപാത്രങ്ങളുടെ ഇടമുറിയാതെയുള്ള സംഭാഷണം പ്രേക്ഷകര്‍ക്ക് തലവേദനയാണ് സമ്മാനിക്കുക. അഭിനേതാക്കളെക്കൊണ്ട് തരക്കേടില്ലാതെ കഥാപാത്രങ്ങളെ അഭിനയിപ്പിച്ചെടുത്തിട്ടുണ്ട് എന്നതാണ് സംവിധായകന്റെ നേട്ടമായി പറയാവുന്നത്. മറ്റെന്തെങ്കിലുമൊരു പുതുമയോ, ആകര്‍ഷകത്വമോ ചിത്രത്തിനു നല്‍കുവാന്‍ സംവിധായകനായിട്ടില്ല.

 അഭിനയം [ 5/10 ]

‘സി.ഐ.ഡി. മൂസ’-യുടെ അതേ ശൈലിയിലാണ് ദിലീപ് ഈ ചിത്രത്തിലെ ഗോപാലനെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ അവസാനത്തോടടുക്കുമ്പോളേക്കും കഥാപാത്രത്തിന് അര്‍ഹിക്കുന്ന ഗൌരവം നല്‍കുവാനും ദിലീപിനു കഴിഞ്ഞിട്ടുണ്ട്. പുതുമുഖമായ രാധ വര്‍മ്മയും മോശമായില്ല. ചിത്രത്തില്‍ എടുത്തു പറയേണ്ട ഒരു കഥാപാത്രം മനോജ് കെ. ജയന്‍ അവതരിപ്പിച്ച ബേബി ജോണ്‍ എന്ന പ്രതിനായക കഥാപാത്രമാണ്. ബിജു മേനോന്‍, ജഗതി ശ്രീകുമാര്‍, ഹരിശ്രീ അശോകന്‍ തുടങ്ങിയ മറ്റു താരങ്ങളും കഥാപാത്രങ്ങളെ നന്നായി അവതരിപ്പിച്ചിട്ടുണ്ട്. ചുരുക്കത്തില്‍, അഭിനേതാക്കളുടെ പ്രകടനമാണ് ചിത്രത്തെ ഒരു പരിധിവരെ രക്ഷിച്ചെടുത്തിരിക്കുന്നത് എന്നു പറയാം.

 സാങ്കേതികം [ 2/10 ]

ഡി. കണ്ണന്റെ ഛായാഗ്രഹണം, ജോസഫ് നെല്ലിക്കലിന്റെ കലാസംവിധാനം, രാജാമണിയുടെ പശ്ചാത്തലസംഗീതം എന്നിവയ്ക്കൊക്കെയും ശരാശരി നിലവാരം മാത്രമാണുള്ളത്.

 പാട്ട്, നൃത്തം, ആക്ഷന്‍ [ 2/5 ]

അനില്‍ പനച്ചൂരാന്‍, ഗിരീഷ് പുത്തഞ്ചേരി എന്നിവരെഴുതി രാഹുല്‍ രാജ് ഈണം നല്‍കിയിരിക്കുന്ന രണ്ട് ഗാനങ്ങളാണ് ചിത്രത്തിലുള്ളത് (കണ്ടത്!). രണ്ടു ഗാനങ്ങളും മനസില്‍ നില്‍ക്കുന്നില്ല, ചിത്രത്തില്‍ കാര്യമായ സ്വാധീനമൊന്നും ചെലുത്തുന്നുമില്ല. മാഫിയ ശശി ഒരുക്കിയിരിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ മികച്ചു നിന്നു. ഗോപാലന്റെ ഓട്ടം രസകരമായി, എന്നാല്‍ കഥാപാത്രം ആവശ്യപ്പെടുന്ന ചടുലതയോടെ അവതരിപ്പിക്കുവാന്‍ ദിലീപിനു കഴിഞ്ഞിട്ടുണ്ട്.

 മറ്റുള്ളവ [ 3/5 ]

ചിത്രത്തിന്റെ പേരും, പോസ്റ്ററുകളും പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് ആകര്‍ഷിക്കും. തുടക്കത്തിലെ ടൈറ്റിലുകളും രസകരമായി ഒരുക്കിയിട്ടുണ്ട്. എന്നാല്‍ ടൈറ്റിലുകളുടെ ‘ഫ്രഷ്നസ്’ ചിത്രത്തിന്റെ മറ്റൊരു മേഖലയിലും ഉണ്ടായില്ല എന്നത്, ഒടുവില്‍ പ്രേക്ഷകരെ നിരാശപ്പെടുത്തുവാനാണ് സാധ്യത.

 ആകെത്തുക [ 3.4/10 ]

ചിത്രത്തിന്റെ പല ഭാഗങ്ങളും കണ്ടാല്‍, കാണുന്നവര്‍ നാണിക്കും. ഏറ്റവും അരോചകമായി തോന്നിയത് ഗോപാലനെ കോടതിയില്‍ ഹാജരാക്കിയുള്ള വിസ്താരരംഗമാണ്. കാട്ടിക്കൂട്ടുന്നതിന് അല്പമെങ്കിലും നിലവാരം വേണമല്ലോ! ദ്വയാര്‍ത്ഥത്തിലുള്ള ചില തമാശ ഡയലോഗുകളും സഹിക്കുവാന്‍ പ്രയാസം. കുട്ടികളുമൊത്ത് ചിത്രം കാണുവാനെത്തുന്നവരുടെ നെറ്റിചുളിക്കും ഇത്തരം രംഗങ്ങളും, സംഭാഷണങ്ങളും. നല്ലതെന്ന് അഭിപ്രായമുള്ള മറ്റു ക്രിസ്തുമസ് ചിത്രങ്ങളൊന്നുമില്ലാത്തതിനാലും, കണ്ടിരിക്കുവാന്‍ സാധിക്കും എന്നൊരു ഗുണം ഗോപാലനുള്ളതിനാലും, ദിലീപിന്റെ ആരാധകര്‍ക്കൊപ്പം സാധാരണ പ്രേക്ഷകരും കണ്ടിഷ്ടപ്പെടുന്ന ചിത്രമായി ‘ക്രേസി ഗോപാലന്‍’ മാറുവാനാണ് സാധ്യത.

Description: Crazy Gopalam - A film directed by Deepu Karunakaran, starring Dileep, Radha Varma, Manoj K. Jayan, Biju Menon, Jagathy Sreekumar, Salim Kumar, Harisree Asokan, Janardanan, Indrans, Kochu Preman. Produced by Sasitharan Ullattil, Camera by D. Kannan, Art Direction by Joseph Nellikkal, Background music by Rajamani, Stunts by Mafia Sasi. Songs penned by Girish Puthancheri and Anil Panachooran. Music by Rahul Raj. Film Review in Malayalam by Hareesh N. Nampoothiri aka Haree | ഹരീ for Chithravishesham (Chitravishesham) Blog. December 24 2008 Christmas Release.