കല്‍ക്കട്ട ന്യൂസ് (Culcutta News)

Published on: 1/28/2008 01:55:00 PM
Culcutta News - Directed by Blessy; Starring Dileep, Meera Jasmine.
രണ്ടായിരത്തിനാലില്‍ പുറത്തിറങ്ങിയ ‘കാഴ്ച’ എന്ന പ്രഥമ ചിത്രത്തിലൂടെ മലയാളിക്ക് പ്രിയങ്കരനായ സംവിധായകനാണ് ബ്ലെസി. തുടര്‍ന്നിറങ്ങിയ ‘തന്മാത്ര’യും വളരെ മികച്ച ഒരു അനുഭവമാ‍യിരുന്നു മലയാളികള്‍ക്ക് സമ്മാനിച്ചത്. പ്രതീക്ഷിച്ചത്രയും വന്നില്ലെങ്കിലും സമകാലീന മലയാളസിനിമകളുമായി താരതമ്യം ചെയ്യുമ്പോള്‍ നല്ലതെന്നു പറയേണ്ട ഒന്നായിരുന്നു മൂന്നാമത്തെ ചിത്രമായ ‘പളുങ്ക്’. നാലാമത്തെ ചിത്രമായ ‘കല്‍ക്കട്ട ന്യൂസ്’, ബ്ലെസിയെന്ന സംവിധായകന്റെ വേറിട്ടൊരു ശൈലിയിലുള്ള ചിത്രമാണ്. സംവിധായകന്റെ തന്നെയാണ് കഥയും, തിരക്കഥയും, സംഭാഷണങ്ങളും. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ആന്റണി തെക്കക്ക്.

കല്‍ക്കട്ട ന്യൂസ് എന്നൊരു ബംഗാളി ന്യൂസ് ചാനല്‍, അതില്‍ ജോലി നോക്കുകയാണ് അജിത് തോമസ്(ദിലീപ്). റിപ്പോര്‍ട്ടിംഗിന്റെ ഭാഗമായുള്ള യാത്രകള്‍ക്കിടയില്‍ മൊബൈലില്‍ വീഡിയോ റിക്കാര്‍ഡ് ചെയ്തു സൂക്ഷിക്കുന്ന പതിവുണ്ട് അജിത്തിന്. അവിചാരിതമായി ഹരികുമാറും (ഇന്ദ്രജിത്ത്), കൃഷ്ണപ്രിയയും (മീര ജാസ്മിന്‍) അജിത്തിന്റെ വീഡിയോയില്‍ പതിയുന്നു. പിറ്റേന്ന് ഹരികുമാറിന്റെ ശവശരീരം കല്‍ക്കട്ടയുടെ പ്രാന്തപ്രദേശങ്ങളിലൊരിടത്ത് കാണപ്പെടുന്നു. തുടര്‍ന്ന് കൃഷ്ണപ്രിയയെ തേടിയലയുന്ന അജിത് കല്‍ക്കട്ടയുടെ ഇരുണ്ട ഭാഗങ്ങളിലാണ് എത്തിപ്പെടുന്നത്. ആ യാത്രയ്ക്കിടെ മൊബൈലില്‍ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ കൂട്ടിയിണക്കി 'Shadows of Culcutta' എന്ന പേരിലൊരു ഡോക്യു-ഫിക്ഷന്‍ ചിത്രവും അജിത്ത് തയ്യാറാക്കുന്നു. അവാര്‍ഡിനര്‍ഹമാവുന്ന ആ ചിത്രത്തിന്റെ പ്രദര്‍ശനത്തില്‍ നിന്നും തുടങ്ങുന്ന ‘കല്‍ക്കട്ട ന്യൂസ്’, അതിന്റെ ചിത്രീകരണ വേളയിലൂടെ സഞ്ചരിക്കുന്നു.

പുതുമകളുള്ള ഒരു ചിത്രമാണ് ‘കല്‍ക്കട്ട ന്യൂസ്’. ചിത്രീകരണത്തിലും സംവിധാനത്തിലുമുള്ള ‘ഡൈനമിക് ഫീലാ’ണ് എടുത്തു പറയേണ്ട ഒരു കാര്യം. ഛായാഗ്രാഹകന്‍ എസ്. കുമാര്‍ പ്രത്യേകം അഭിനന്ദനമര്‍ഹിക്കുന്നു. ദിലീപിന്റെ പുതുമയുള്ള രൂപഭാവങ്ങളും ശ്രദ്ധേയമായി. ഗ്രാഫിക്സിന്റെ മിതമായ എന്നാല്‍ മനോഹരമായ ഉപയോഗങ്ങളും നന്നായിരുന്നു. ഡോള്‍ബി ഡിജിറ്റല്‍ എന്ന പേരില്‍ പെപ്‌സി ടിന്നെറിഞ്ഞും, വണ്ടിയോടിച്ചുമൊക്കെ ഇഫക്ട് കാട്ടുന്നതിനു പകരം; ആവശ്യമുള്ളയിടത്ത് അതിന്റെ സാങ്കേതികഗുണങ്ങള്‍ ഉപയോഗപ്പെടുത്തിയ ശബ്ദലേഖനവും മികച്ചുനിന്നു. കഥയ്ക്ക്, അല്പം വലിച്ചില്‍ ഇടയ്ക്ക് അനുഭവപ്പെട്ടെങ്കിലും, അത് സാരമുള്ള ദോഷമായി തോന്നിയില്ല. വളരെ സ്വാഭാവികതയുള്ള മീര ജാസ്മിന്റെ അഭിനയവും ചിത്രത്തോടിണങ്ങുന്നതായിരുന്നു. അജിത്തെന്ന ടെലിവിഷന്‍ റിപ്പോര്‍ട്ടറായി ദിലീപും മോശമായില്ല.

ഇനി ചിത്രത്തിന്റെ പോരായ്മകളിലേക്ക്. ചിത്രം ആസ്വദിക്കുവാന്‍ ഏറെപ്പേര്‍ക്കും കഴിഞ്ഞുവെന്നു വരില്ല. ‘കാഴ്ച’യിലൂടെയും സാമൂഹിക പ്രസക്തിയുള്ള വിഷയമാണ് ബ്ലെസി പറഞ്ഞതെങ്കിലും, അതിലൊരു സിനിമയുണ്ടായിരുന്നു, ആസ്വാദ്യകരവുമായിരുന്നു. പക്ഷെ, ആ മായാജാലം ഇതില്‍ ഉണ്ടായില്ല. സംവിധാനശൈലിയിലെ പുതുമ, ഈ കുറവ് പരിഹരിച്ച് പ്രേക്ഷകനെ പിടിച്ചിരുത്തുന്നുണ്ടെന്നു മാത്രം. ചിത്രത്തിലെ ഗാനങ്ങളും കല്ലുകടിയായി അനുഭവപ്പെട്ടു. ഗാനങ്ങള്‍ ചിത്രത്തിനു ഗുണകരമല്ലെങ്കില്‍ ഒഴിവാക്കുവാന്‍ സംവിധായകര്‍ ധൈര്യം കാട്ടാത്തതെന്തെന്നു മനസിലാവുന്നില്ല. മീര ജാസ്മിന്‍ കൃഷ്ണപ്രിയയെന്ന കഥാപാത്രത്തെ മികച്ചതാക്കിയെങ്കിലും, ‘ഒരേ കടലി’ലെ ദീപ്തിയില്‍ നിന്നും ഏറെയൊന്നും വ്യത്യസ്തത കാണുവാന്‍ കഴിഞ്ഞില്ല. ഒട്ടൊക്കെ അതേ ശരീരഭാഷയും, സംഭാഷണ രീതിയുമൊക്കെയാണ് ഇതിലും. അജിത്തും കൃഷ്ണപ്രിയയുമായുള്ള ചില പ്രണയസംഭാഷണങ്ങളും വല്ലാതെ അരോചകമായിത്തോന്നി.

ബംഗാളി ചാനലില്‍ ജോലി നോക്കുന്ന നായകന്റെ റിപ്പോര്‍ട്ടിംഗ് അവസാന രംഗങ്ങളില്‍ മലയാളത്തിലായി. ക്ലൈമാക്സ് രംഗങ്ങളുടെ ചിത്രീകരണവും മറ്റും തിരക്കിട്ട് തീര്‍ത്തതായും അനുഭവപ്പെട്ടു. ബംഗാളിയിലുള്ള സംഭാഷണങ്ങള്‍ വളരെയുണ്ടെങ്കിലും, പലതിന്റേയും മലയാളം വിവര്‍ത്തനം എഴുതിക്കാണിക്കാഞ്ഞത് ബുദ്ധിമുട്ടുണ്ടാക്കി. തിരക്കഥ തയ്യാറാക്കുന്നതില്‍ കുറച്ചു കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ മെച്ചപ്പെടുത്തുവാന്‍ ഏറെയുണ്ടായിരുന്ന ഒരു സിനിമയായാണ് ‘കല്‍ക്കട്ട ന്യൂസ്’ അനുഭവപ്പെട്ടത്. സംവിധായകനെന്ന നിലയില്‍ ബ്ലെസിയുടെ ഗ്രാഫ് ‘പളുങ്കി’ല്‍ നിന്നും താഴോട്ടു പോയിട്ടില്ലെങ്കിലും, ഏറെയൊന്നും മുകളിലേക്ക് ഉയര്‍ന്നതുമില്ല, ഈ ചിത്രത്തില്‍.


Keywords: Culcutta News, Colcutta News, Malayalam Film Review, Cinema, Movie, Dileep, Meera Jasmine, Dilip, Blessy, Blesy, Innocent, Bindu Panikkar, Indrajith, January Release.
--

മലയാളിയുടെ ക്രിസ്തുമസ് ചിത്രങ്ങള്‍

Published on: 1/26/2008 10:30:00 PM
Christmas Releases in Malayalam: Romeo, KathaParayumpol, Flash, Kangaru
ദിലീപ്-രാജസേനന്‍ കൂട്ടുകെട്ടിന്റെ ‘റോമിയോ’; ശ്രീനിവാസന്‍ തിരക്കഥയെഴുതി അഭിനയിച്ച ‘കഥപറയുമ്പോള്‍’; മോഹന്‍ലാല്‍-സിബി മലയില്‍ എന്നിവരൊന്നിച്ച ‘ഫ്ലാഷ്’; പൃഥ്വിരാജ്, കാവ്യ മാധവന്‍ എന്നിവര്‍ നായികാനായകന്മാരായ ‘കങ്കാരു’ എന്നിവയായിരുന്നു ക്രിസ്‌തുമസിനിറങ്ങിയ മലയാള ചിത്രങ്ങള്‍. ഇവയില്‍ ‘കഥപറയുമ്പോള്‍’ മാത്രമാണ് പ്രേക്ഷകര്‍ക്ക് ആശ്വസിക്കുവാന്‍ വകനല്‍കിയത്. ഏറെ പ്രതീക്ഷയര്‍പ്പിച്ച ‘ഫ്ലാഷ്’ വല്ലാതെ നിരാശപ്പെടുത്തുകയും ചെയ്തു.

Poll Result - Christmas Releasesക്രിസ്‌തുമസ് ചിത്രങ്ങളുടെ പോള്‍ ഫലം വളരെ രസകരമായിത്തോന്നി. മൃഗീയ ഭൂരിപക്ഷത്തോടെ ‘കഥപറയുമ്പോള്‍’ ഒന്നാമതെത്തി. ആകെ പോള്‍ ചെയ്യപ്പെട്ട നൂറ്റിനാല്പത്തിയേഴ് (147) വോട്ടുകളില്‍, നൂറ്റിമുപ്പത്തിയൊന്നും (131, 89%) ഈ ചിത്രം നേടി. ചിത്രവിശേഷത്തിന്റെ നിരീക്ഷണങ്ങളോട് യോജിക്കുന്ന അഭിപ്രായമാണ് വായനക്കാരില്‍ നിന്നുമുണ്ടായത് എന്നത് സന്തോഷകരമാണ്. രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങള്‍ തമ്മില്‍ കാര്യമായ വ്യത്യാസമൊന്നുമില്ല. കണ്ണടച്ചിരുട്ടാക്കുന്ന ആരാധകരുടെ വോട്ടുകളാവണം രണ്ടും നാലും പത്തുമായി പോള്‍ ചെയ്യപ്പെട്ടത്. ഒരുപക്ഷെ, ഒരു മത്സരത്തിനു പോലും കെല്‍പ്പില്ലാത്ത കൂട്ടുചിത്രങ്ങളാവണം ‘കഥപറയുമ്പോള്‍’ ഇത്രയും വിജയിക്കുവാനുള്ള ഒരു കാരണം.

പൃഥ്വിരാജിന്റെ ചിത്രങ്ങള്‍ പ്രതീക്ഷയോടെയാണ് മലയാളത്തിലെ പ്രേക്ഷകര്‍ നോക്കിക്കാണുന്നത്. എന്നാല്‍ അത്തരം പ്രതീക്ഷകളോട് നീതി പുലര്‍ത്തുന്ന ഒന്നായില്ല ‘കങ്കാരു’. ജഗദീഷിന്റെ മിമിക്രി ഡയലോഗില്‍ പറയുന്നതതേപടി ഒപ്പിയ കുടുംബസാഹചര്യമുള്ള ഓട്ടോ ഡ്രൈവര്‍, ജോസൂട്ടിയായാണ്, ഈ സിനിമയില്‍ പൃഥ്വിരാജ്. കാവ്യ മാധവന്‍ അവതരിപ്പിക്കുന്ന ജാന്‍സി എന്ന കഥാപാത്രത്തെ, ഒരു കുട്ടിയുണ്ടെങ്കിലും കെട്ടാം എന്നു ജോസൂട്ടി തീരുമാനിക്കുന്നു. തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളാണ് നര്‍മ്മം കലര്‍ത്തി അവതരിപ്പിച്ചിരിക്കുന്നത്. ഒരുപക്ഷെ, ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്തിരുന്നെങ്കില്‍ വളരെയേറെ മെച്ചപ്പെടുത്താമായിരുന്ന, പുതുമയുള്ള ഒരു പ്രമേയമായിരുന്നു കങ്കാരുവിന്റേത്. പറഞ്ഞിട്ടെന്തുകാര്യം, രണ്ടായിരത്തിയേഴിലെ ക്രിസ്‌തുമസ് കാലത്തിറങ്ങിയ ഒരു നനഞ്ഞ പടക്കമായി ഒടുങ്ങാനായിരുന്നു ‘കങ്കാരു’വിന്റെ വിധി.

ശ്രീനിവാസന്റെ തിരക്കഥകളുടെ സൌന്ദര്യം മുഴുവനായി കാണുവാനാവില്ലെങ്കിലും, ഭേദപ്പെട്ട ഒരു ചിത്രമായിരുന്നു ‘കഥപറയുമ്പോള്‍’. നവാഗതനായ ഒരു സംവിധായകന്റേതാണ് ഈ ചിത്രമെന്ന് കണ്ടാല്‍ അനുഭവപ്പെടുകയുമില്ല. എങ്കിലും ശ്രീനിയുടെ സ്ഥിരം നമ്പരുകളായ; സ്വയം കളിയാക്കല്‍, സ്വയം ചെറുതാവല്, സ്വയം കഴിവില്ലാത്തവനാവല്; ഇതൊക്കെത്തന്നെയാണ് ഇതിലും മുഴച്ചു നില്‍ക്കുന്നത്. ഒരിക്കല്‍ കണ്ടാല്‍ രസിക്കും, രണ്ടാമതു കാണുമ്പോള്‍ സഹിക്കും, മൂന്നാമതും നാലാമതും അതൊക്കെത്തന്നെയായാലോ? ഇനിയും ഈ പരിപ്പ് വേവിക്കുവാന്‍ ശ്രമിക്കാതിരിക്കുന്നതാണ് ബുദ്ധി. ചിത്രത്തിന്റെ ക്ലൈമാക്സിനെക്കുറിച്ച് പറയാതിരിക്കുവാനാവില്ല. സത്യത്തില്‍ ആ ഭാഗത്തെ മമ്മൂട്ടിയുടെ പ്രകടനമാണ് ചിത്രത്തിന് കൈയ്യടി നേടിക്കൊടുത്തത്.

ചിത്രവിശേഷം കാണാതെവിട്ട രണ്ടു ചിത്രങ്ങളാണ് ‘റോമിയോ’, ‘ഫ്ലാഷ്’ എന്നിവ. തീരുമാനം നന്നായെന്ന് പോള്‍ ഫലം തെളിയിക്കുന്നു. ചിത്രവിശേഷം എഴുതിത്തുടങ്ങിയപ്പോള്‍ വളരെക്കുറച്ച് സിനിമകളെ മാത്രം പരിചയപ്പെടുത്തുന്ന ‘സിനിമാനിരൂപണം’ എന്ന ബ്ലോഗ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാലിന്ന് സിനിമകളെക്കുറിച്ചെഴുതുന്ന ഒരുപിടി ബ്ലോഗുകള്‍ നിലവിലുണ്ട്. ജയന്‍ രാജന്റെ ‘മലയാളം മൂവി റിവ്യൂസ്’, ദൃശ്യന്റെ ‘സിനിമാക്കാഴ്ച’ എന്നിവയാണ് അവയില്‍ എടുത്തുപറയാവുന്നവ. ഇവയെക്കൂടാതെ ഇന്ദുലേഖ.കോമില്‍ വരുന്ന റിവ്യൂകളും ലഭ്യമാണ്. ഇവയോരോന്നും വ്യത്യസ്‌തമായ ശൈലികളാണ് പിന്തുടരുന്നതെങ്കിലും, ഒരു വായനക്കാരനെ സംബന്ധിച്ചിടത്തോളം നല്ല സിനിമകളെ തിരഞ്ഞെടുക്കുവാന്‍ സഹായിക്കുന്നതില്‍ ഇവയോരോന്നും പര്യാപ്തമാണ്.

എല്ലാ സിനിമയും സൂപ്പര്‍ ഹിറ്റുകള്‍, എല്ലാ പ്രമേയവും വ്യത്യസ്‌തം, എല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്ന് മെച്ചം, അവ അവതരിപ്പിക്കുന്ന അഭിനേതാക്കളാവട്ടെ ഓസ്‌കാറിനു പരിഗണിക്കാവുന്നവരും! ഈ മട്ടില്‍ മാത്രം ചിത്രങ്ങളെ പരിചയപ്പെടുത്തുന്ന ഇന്നത്തെ ദൃശ്യമാധ്യമങ്ങള്‍ക്ക് ചെവികൊടുക്കാതെ, ഏതു സിനിമ കാണണമെന്ന് തീരുമാനമെടുക്കുവാന്‍ മലയാളികളെ ഈ ബ്ലോഗുകള്‍ സഹായിക്കുമെന്നു കരുതാം. ഇന്ദുലേഖയുടെ നിരൂപണങ്ങള്‍ മാത്രം ഈയിടെയായി അല്പം കച്ചവടവും നോക്കുന്നില്ലേ എന്നൊരു സംശയവും തോന്നാതില്ല. ഫ്ലാഷ്, കങ്കാരു, റോമിയോ എന്നിവയ്ക്ക് ഇന്ദുലേഖ നല്‍കിയ റേറ്റിംഗ് 5/10. കഥപറയുമ്പോള്‍ എന്ന ചിത്രത്തിനു നല്‍കിയിരിക്കുന്നത് 6/10. റിവ്യൂവിന്റെ സത്യസന്ധതയെക്കുറിച്ച് സംശയം തോന്നിയാല്‍ വായനക്കാരനെ തെറ്റുപറയുവാനൊക്കുമോ?

കൂടുതല്‍ മികച്ച ചിത്രങ്ങള്‍ രണ്ടായിരത്തിയെട്ട് മലയാളികള്‍ക്കു നല്‍കുമെന്ന പ്രതീക്ഷയോടെ നിര്‍ത്തുന്നു.

പുതിയ പോള്‍: രണ്ടായിരത്തിയേഴില്‍ ഇറങ്ങിയ മലയാളം സിനിമകളില്‍ മികച്ചതേതെന്ന് ചോദിച്ചുകൊണ്ടുള്ള ഒരു പുതിയ പോള്‍ തുടങ്ങിയിട്ടുണ്ട്. അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുമെന്നു പ്രതീക്ഷിക്കുന്നു. ചിത്രവിശേഷം പത്തില്‍ അഞ്ചിനു മുകളില്‍ റേറ്റിംഗ് നല്‍കിയ ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചില ചിത്രങ്ങളുടെ റേറ്റിംഗ് കൂടിപ്പൊയതായി എനിക്കു തന്നെ ഇപ്പോള്‍ തോന്നുന്നുണ്ട്. അഞ്ചിലായിരുന്നല്ലോ ആദ്യം റേറ്റിംഗ് നല്‍കിയിരുന്നത്, പിന്നീടത് പത്തിലാക്കി മാറ്റി. അഞ്ചില്‍ നല്‍കിയ റേറ്റിംഗ് ഇരട്ടിപ്പിക്കുന്ന രീതി അശാസ്ത്രീയമാണെന്ന് അറിയായ്കയല്ല, എളുപ്പപ്പണി നോക്കിയെന്നു മാത്രം. അങ്ങിനെ ഇരട്ടിപ്പിക്കുമ്പോള്‍ പല ചിത്രങ്ങള്‍ക്കും അനര്‍ഹമായ റേറ്റിംഗാണ് വന്നിരിക്കുന്നത്. ക്ഷമിക്കുമെന്നു കരുതുന്നു. :)


Keywords: Malayalam Films, Christmas Releases, Review, KathaParayumbol, Katha Parayumpol, Romeo, Flash, Kangaru, Mohanlal, Sreenivasan, Prithviraj, Dileep, Kavya Madhavan, Meena, Mammootty, Malayalam Movie Review, Film, Cinema, December.
--

നോവല്‍ (Novel)

Published on: 1/21/2008 11:50:00 AM
Novel - Directed by East Coast Vijayan, Starring Jayaram, Sada, Jagathi Sreekumar etc.
ഈസ്റ്റ് കോസ്റ്റ് വിജയന്‍ കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് ‘നോവല്‍’. ഈസ്റ്റ് കോസ്റ്റ് സിനി എന്റര്‍ടെയിന്മെന്റ്സാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. തിരക്കഥ, സംഭാഷണം എന്നിവ തയ്യാറാക്കിയിരിക്കുന്നത് അശോക് ശശി. ജയറാം, സദ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ‘പ്രണയാ‍ക്ഷരങ്ങളുടെ ഹൃദയസംഗീതം’ എന്നൊക്കെ ടാഗില്‍ കാണാമെങ്കിലും, പ്രേക്ഷകര്‍ക്ക് പ്രണയത്തിന്റെ ഒരനുഭൂതിയും ചിത്രം നല്‍കുന്നില്ല.

സേതുനാഥ് (ജയറാം) ഇന്ന് അറിയപ്പെടുന്ന ഒരു കഥാകൃത്തും കവിയുമൊക്കെയാണ്. നഗരത്തിലെ ഒരു പ്രമുഖ വ്യവസായിയുമാണ് അദ്ദേഹം. ഇത്രയും പ്രശസ്തനായ സാഹിത്യകാരനാവുന്നതിനു മുന്‍പ്, ഒരു കോടീശ്വരന്‍ മാത്രമായിരുന്നു സേതുനാഥ്. കലാലയജീവിതത്തിനു ശേഷം തന്റെ ജീവിതം വീട്ടുകാര്‍ക്കായി ഉഴിഞ്ഞുവെച്ച്, അക്ഷരങ്ങളുടെ ലോകത്തു നിന്നും അക്കങ്ങളുടെ ലോകത്തിലേക്ക് നീങ്ങിയതിനാല്‍, തന്റെ സാഹിത്യവാസനകളെ പരിപോഷിപ്പിക്കുവാനോ അവ ലോകത്തിനു കാട്ടിക്കൊടുക്കുവാനോ സേതുവിനു കഴിയാതെപോയി! പ്രിയ നന്ദിനി (സദ) എന്ന പുതുമുഖ ഗായികയാണ് സേതുവിനെ വീണ്ടും അക്ഷരങ്ങളുടെ ലോകത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. ഇങ്ങിനെയൊക്കെയാണ് നോവലിന്റെ കഥ!

നിനക്കായ്, ഓര്‍മ്മയ്ക്കായ്, സ്വന്തം തുടങ്ങിയ ആല്‍ബങ്ങളിലെ ഹിറ്റ് ഗാനങ്ങള്‍ എങ്ങിനെ സിനിമയില്‍ ഉപയോഗിക്കാം എന്നു ചിന്തിച്ചാവണം ഈ സിനിമയുടെ കഥ ഉണ്ടാക്കിയത്. കൂനിന്മേല്‍ കുരു എന്നപോലെയുള്ള തിരക്കഥയാവട്ടെ യാതൊരു കെട്ടുറപ്പുമില്ലാത്തതും. ഗാനങ്ങളുടെ ആകര്‍ഷണീയത ഗാനരംഗങ്ങളുടെ ചിത്രീകരണത്തില്‍ ഉണ്ടായതുമില്ല. ഇടയ്ക്കിടെ നായകനും നായികയും തമ്മില്‍ നടത്തുന്ന സാഹിത്യസംഭാഷണങ്ങള്‍ സഹിക്കാവുന്നതിലും അപ്പുറമാണ്. സേതുനാഥ് എന്ന പണക്കാരനായ കലാകാരനെ തരക്കേടില്ലാതെ ജയറാം അവതരിപ്പിച്ചിട്ടുണ്ട്. പ്രിയ നന്ദിനിയുടെ റോള്‍ അഭിനയിക്കുവാനായി സദയെ കൊണ്ടുവന്നത് എന്തിനാണെന്ന് മനസിലായില്ല! ആ കഥാപാത്രത്തെ ഒട്ടും തന്നെ ഉള്‍ക്കൊള്ളുവാന്‍ സദയ്ക്ക് കഴിഞ്ഞിട്ടില്ല. ജഗതി ശ്രീകുമാര്‍, ദേവന്‍, ബിന്ദു പണിക്കര്‍, ജഗന്നാഥവര്‍മ്മ, നെടുമുടി വേണു, ശാരിക, ഗണേഷ് കുമാര്‍, സൈജു കുറുപ്പ്, കെ.പി.എ.സി. ലളിത തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

ചിത്രം കണ്ടിറങ്ങുന്നവര്‍ സ്വാഭാവികമായും ചോദിച്ചു പോവുന്ന ഒരു ചോദ്യമാണ്, “ഈ ചിത്രം ഈസ്റ്റ് കോസ്റ്റ് വിജയന്റെ ആത്മകഥയാണോ?”. ഇവിടെയും ആ ചോദ്യം ആവര്‍ത്തിക്കുന്നു. പക്ഷെ, ഇതദ്ദേഹത്തിന്റെയാണോ അല്ലയോ എന്നറിയുവാനുള്ള ആകാംഷ കൊണ്ടല്ല ചോദ്യം ചോദിക്കുന്നതെന്നുമാത്രം. സാധാരണയായി ആത്മകഥാംശമുള്ള എന്തെങ്കിലും സൃഷ്ടി നടത്തുമ്പോള്‍; അത് കഥയാവട്ടെ, കവിതയാവട്ടെ, സിനിമയാവട്ടെ, വളരെ നന്നാവാറാണ് പതിവ്. എന്നാലിത് ആത്മകഥാംശമുള്ള സിനിമയാണെങ്കില്‍, ഇനി ഭാവനയിലെഴുതി അടുത്ത ചിത്രമിറക്കിയാല്‍ അതുകാണാതിരിക്കാമല്ലോ എന്നു കരുതി ചോദിച്ചതാണ്. പ്രേക്ഷകന്റെ മനസില്‍ ഒരു നോവലുമുണ്ടാക്കുവാന്‍ കഴിയാത്ത ‘നോവല്‍’ അധികകാലം തിയേറ്ററുകാര്‍ക്കൊരു നോവലായി പ്രദര്‍ശനത്തിനുണ്ടാവുമെന്നു തോന്നുന്നില്ല.

Keywords: Jayaram, Sada, Novel, Noval, East Coast Vijayan, East Cost, Jagathy Sreekumar, Malayalam Movie Review, Film, Cinema, January Release
--

താരേ സമീന്‍ പര്‍ (Taare Zameen Par)

Published on: 1/02/2008 10:03:00 PM
Taare Zameen Par - A Film by Aamir Khan.
മനോഹരമായൊരു ചിത്രം, ഇങ്ങിനെ ആത്മവിശ്വാസത്തോടെ പറയുവാന്‍ കഴിയുന്ന ചിത്രങ്ങള്‍ വളരെക്കുറവാണ്. ആമിര്‍ ഖാന്റെ ആദ്യ സംവിധാന സംരംഭമായ ‘താരേ സമീന്‍ പര്‍’ അവയിലൊന്നാണ്. അമോല്‍ ഗുപ്തേയുടെ രചനയിലുള്ള ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നതും ആമിര്‍ ഖാന്‍ തന്നെ. ഭാഷയിലെ അക്ഷരങ്ങള്‍, ചിഹ്നങ്ങള്‍, അവയുടെ ഉച്ചാരണം, ലിഖിതം എന്നിവയൊക്കെ മനസിലാക്കുവാന്‍ പ്രയാസമനുഭവിക്കുന്ന ഡിസ്‌ലെക്സ്യ എന്ന വൈകല്യമുള്ള കുട്ടികളാണ് സിനിമയുടെ വിഷയം.

എട്ടുവയസുകാരനായ ഇഷാന്‍ നന്ദകിഷോര്‍ അവസ്‌തി(ദര്‍ശീല്‍ സഫറി)യുടെ കഥയാണിത്. അച്ഛന്‍ നന്ദകിഷോര്‍ അവസ്തി(വിപിന്‍ ശര്‍മ്മ), അമ്മ മായ അവസ്തി(തിഷ ചോപ്ര), ദാദ എന്നുവിളിക്കുന്ന ചേട്ടന്‍ യോഹന്‍ അവസ്‌തി(സചേത് എഞ്ചിനീര്‍) എന്നിവരടങ്ങുന്ന കുടുംബമാണ് ഇഷാന്റേത്. ചേട്ടന്‍ യോഹന്‍ പഠനത്തിലും കളികളിലും ഒന്നാമതു നില്‍ക്കുന്നെങ്കിലും ഇഷാന്‍ ഇവയിലൊക്കെ വളരെ പിന്നിലാണ്. ഇഷാനെ നേരെയാക്കുവാന്‍ അമ്മ കിണഞ്ഞു ശ്രമിക്കുന്നുണ്ടെങ്കിലും അവയൊന്നും ഫലം കാണുന്നില്ല. ഒടുവില്‍ അനുസരണാശീലം വരുവാന്‍ ബോര്‍ഡിംഗിലാക്കുകയാണ് നല്ലതെന്ന് മാതാ‍പിതാക്കള്‍ തീരുമാനിക്കുന്നു. ബോര്‍ഡിംഗിലും ഇഷാന്റെ സ്ഥിതി മെച്ചപ്പെടുന്നില്ല. രാജന്‍ ദാമോദരന്‍(തനയ് ചെഡ്ഡ) എന്ന അംഗവൈകല്യമുള്ള കുട്ടിയോടുമാത്രം ഇഷാന്‍ അടുപ്പം കാണിക്കുന്നു. ആയിടയ്ക്കാണ് താത്കാലികമായി രാം ശങ്കര്‍ നികുംഭ്(ആമിര്‍ ഖാന്‍) എന്ന ടീച്ചര്‍ ചിത്രകലാധ്യാപകനായി എത്തുന്നത്. രാം ശങ്കറിന്റെ വരവ് ഇഷാനെ മറ്റൊരാളാക്കുന്നു.

ഡിസ്‌ലെക്സ്യ എന്ന അസുഖമാണ് ഇഷാന്റേത്. കൂടുതല്‍ കരുതലും, സ്നേഹവും, പരിചരണവും ആവശ്യമുള്ള ഒരു വൈകല്യമാണിത്. ഈ വൈകല്യം കുട്ടിക്കാലത്ത് പ്രകടിപ്പിച്ചിരുന്ന, എന്നാല്‍ പില്‍ക്കാലത്ത് വളരെയേറെ പ്രശസ്തരാ‍യ ഒട്ടേറെപ്പേരുണ്ട്. അവയില്‍ കുറച്ചുപേരേക്കുറിച്ച് സിനിമയില്‍ എടുത്തു പറയുന്നുമുണ്ട്. (കൂടുതല്‍ പേരേക്കുറിച്ചറിയുവാന്‍ ഇവിടെ നോക്കൂ.) എന്നാല്‍ ഇത്തരം കുട്ടികളെ എത്ര തെറ്റായ രീതിയിലാണ് നമ്മള്‍ മനസിലാക്കുന്നതും, അവരെ പരിപാലിക്കുന്നതും എന്ന് കാട്ടിത്തരികയാണ് ഈ ചിത്രം.

ചിത്രത്തിന്റെ ആദ്യഭാഗം കാണുന്ന പ്രേക്ഷകന് അവനവനുടെ കുട്ടിക്കാലം ഓര്‍ക്കാതിരിക്കുവാനാവില്ല. ഇഷാന്റെ വികൃതികള്‍ കണ്ടു ചിരിക്കുന്ന പ്രേക്ഷകര്‍, ഇഷാന്റെ പ്രശ്നങ്ങളും വ്യക്തമായി മനസിലാക്കുന്നു. അവിടെയാണ് ഈ സിനിമ വിജയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ അവതരണം പ്രത്യേക അഭിനന്ദനമര്‍ഹിക്കുന്നു. ആമിര്‍ ഖാന്‍ എന്ന ഒരു മികച്ച അഭിനേതാവ്, താരമൂല്യമുള്ള നടന്‍ ചിത്രത്തിലുണ്ടായിട്ടും; കഥ ഇഷാനില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. മലയാളസിനിമാ പ്രവര്‍ത്തകര്‍ പാഠമാക്കേണ്ട ഒന്നാണിത്. കഥ എന്തായാലും സൂപ്പര്‍സ്റ്റാറുകളില്‍ കേന്ദ്രീകരിക്കുവാന്‍ ശ്രമിക്കുന്നിടത്ത് സിനിമ മോശമാകുവാന്‍ തുടങ്ങുന്നു, ഒടുവില്‍ അവര്‍ക്കായുള്ള കഥയായി മാറുന്നിടത്ത് ആ സിനിമ മരിക്കുന്നു!

മനോഹരമായി ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രത്തിലെ ഗാനങ്ങളും ചിത്രത്തോടിണങ്ങുന്നവ തന്നെ. തന്നെ ബൊര്‍ഡിംഗിലാക്കി മടങ്ങുന്ന മാതാപിതാക്കളെ നോക്കി നില്‍ക്കുന്ന ഇഷാന്‍, രാത്രി കുളിമുറിയില്‍ ഒറ്റയ്ക്കു കരയുന്ന ഇഷാന്‍ ഈ രണ്ടു ഷോട്ടുകളുമാണ് എനിക്കേറെ ഇഷ്ടമായവ. ക്യാമറമാന്‍ സേതുവിനും, സംഗീതം നല്‍കിയിരിക്കുന്ന ശങ്കര്‍-എഹ്സാന്‍-ലോയ് എന്നിവര്‍ക്കും അഭിമാനിക്കാം. ചിത്രത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നവരെല്ലാവരും നന്നായിത്തന്നെ അഭിനയിച്ചിരിക്കുന്നു. പ്രത്യേകിച്ചും ദര്‍ശീല്‍ സഫറി, തിഷ ചോപ്ര, ആമിര്‍ ഖാന്‍ തുടങ്ങിയവര്‍.

പ്രേക്ഷകരുടെ കണ്ണുകള്‍ ഈറനണിയിക്കുന്ന ഒട്ടേറെ രംഗങ്ങള്‍ ചിത്രത്തിലുണ്ട്. പക്ഷെ, സങ്കടം കൊണ്ടല്ല കണ്ണു നിറയുക; ചിലപ്പോള്‍ സന്തോഷം കൊണ്ട്, ചിലപ്പോള്‍ വാത്സല്യം കൊണ്ട്, മറ്റു ചിലപ്പോള്‍ തങ്ങളുടെ കുട്ടിക്കാലം ഓര്‍ത്തുപോവുന്നതുകൊണ്ട്, ചിലപ്പോള്‍ നാം കുട്ടികളോട് പെരുമാറുന്നതോര്‍ത്ത്... ഒടുവില്‍ ഇഷാന്റെ ജിവിതത്തിന് പുതിയൊരു ലക്ഷ്യവും മാര്‍ഗവും കൈവരുമ്പോള്‍, ഇഷാന്റെ മാതാപിതാക്കളെപ്പോലെ നമ്മളും സന്തോഷിച്ചുപോവും, മനസുനിറഞ്ഞ്. എല്ലാ മാതാപിതാക്കളും കുട്ടികള്‍ക്കൊപ്പം കണ്ടിരിക്കേണ്ട ഒരു ഉത്തമചിത്രം എന്നു തറപ്പിച്ചു പറയുവാന്‍ സാധിക്കുന്ന ഒരു ചിത്രമാണിത്. നക്ഷത്രങ്ങള്‍ ആകാശത്തല്ല, അവ നമുക്കൊപ്പം ഈ ഭൂമിയില്‍ തന്നെയാണെന്ന് കാണുവാന്‍ മറക്കുന്ന നമ്മളോരോരുത്തരുടേയും കണ്ണു തുറപ്പിക്കുകയും ചെയ്യുന്നു ഈ ചിത്രം. ആമിര്‍ ഖാനും, ഈ സിനിമയുമായി സഹകരിച്ച മുഴുവന്‍ കലാകാരന്മാര്‍ക്കും സാങ്കേതിക വിദഗ്ദ്ധര്‍ക്കും അഭിനന്ദനങ്ങള്‍.

സന്ദര്‍ശിക്കാവുന്ന മറ്റിടങ്ങള്‍:
താരേ സമീന്‍ പര്‍ - വിക്കിപ്പീഡിയ
താരേ സമീന്‍ പര്‍ - ഔദ്യോഗിക വെബ് സൈറ്റ്Keywords: Aamir Khan, Producer, Director, Taare Zameen Par, Tare Zameen Par, Thare Zameen Par, Hindi Film Review, Cinema, Movie, in Malayalam, Darseel Safary, Tisca Chopra, Tanay Chheda, Vipin Sharma, Sachet Engineer.
--