
‘രാജമാണിക്യ’മെന്ന ആദ്യ ചിത്രത്തിലൂടെ മലയാളസിനിമാലോകത്ത് സ്വന്തമായൊരു മേല്‍വിലാസമുണ്ടാക്കിയ സംവിധായകനാണ് അന്‍വര്‍ റഷീദ്. രണ്ടാമത്തെ ചിത്രമായ ‘ഛോട്ടാമുംബൈ’ വളരെ നിരാശപ്പെടുത്തിയെങ്കിലും, അന്‍വറിലുള്ള പ്രതീക്ഷ പൂര്‍ണ്ണമായും പ്രേക്ഷകര്‍ കൈവിട്ടില്ല. ‘രാജമാണിക്യ’ത്തിലൂടെ, തന്റേതായ ശൈലിയില്‍, നര്‍മ്മവും തനിക്കുവഴങ്ങുമെന്ന് തെളിയിച്ച മമ്മൂട്ടി വീണ്ടും അന്‍വര്‍ റഷീദിന്റെ സംവിധാനത്തിലെത്തുകയാണ് ‘അണ്ണന്‍ തമ്പി’യില്‍. മമ്മൂട്ടി ഇരട്ടവേഷങ്ങളില്‍ അഭിനയിക്കുന്നു എന്നതും ചിത്രത്തിന്റെ ആകര്‍ഷണീയതയാണ്. ഗോപികയും, ലക്ഷ്മി റായുമാണ് നായികമാരായുള്ളത്. ചിത്രത്തിന്റെ കഥയും, തിരക്കഥയും, സംഭാഷണങ്ങളും രചിച്ചിരിക്കുന്നത് ബെന്നി പി. നായരമ്പലം. ഷാഹുല്‍ ഹമീദ് മരക്കാരും, ആന്റോ ജോസഫും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ഗ്രാമത്തിലെ ബാലെ ആശാനായ രാവുണ്ണിക്കും(ജനാര്‍ദ്ദനനും), ഭാര്യ പത്മാവതിക്കും(ഊര്‍മ്മിള ഉണ്ണി) ആദ്യം പിറന്ന ഇരട്ടകളാണ്; അണ്ണന്‍ അപ്പുവും(മമ്മൂട്ടി), തമ്പി അച്ചുവും(മമ്മൂട്ടി). ഇവരില്‍ അച്ചു ഒരു ഊമയാണ്. തമ്മില്‍ കണ്ടാല്‍ കടിച്ചുകീറാന്‍ നില്‍ക്കുന്ന ഇവരെക്കൊണ്ട് പൊറുതിമുട്ടുന്ന മാതാപിതാക്കള്‍, ജ്യോത്സരുടെ നിര്‍ദ്ദേശ പ്രകാരം, പൊള്ളാച്ചിയിലുള്ള അമ്മാവന്‍, വിശ്വംഭരന്റെ (മണിയന്‍ പിള്ള രാജു) പക്കലേക്ക് അപ്പുവിനെ അയയ്ക്കുവാന്‍ തീരുമാനിക്കുന്നു. തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങള്‍ ഇവരുടെ ശത്രുത വളര്‍ത്തുവാന്‍ മാത്രമാണ് ഉപകരിക്കുന്നത്. പൊള്ളാച്ചിയിലെ ഒരു ചട്ടമ്പിയായി അപ്പുവും; നാട്ടില്‍ പണം പലിശയ്ക്കുകൊടുപ്പും, ബാലെയും, പൊതുപ്രവര്‍ത്തനവും മറ്റുമായി കഴിയുന്ന ഒരാളായി അച്ചുവും മാറുന്നു. അപ്പുവിനും, അച്ചുവിനും; നാട്ടിലും, പൊള്ളാച്ചിയിലുമായി ശത്രുക്കളും അനവധിയുണ്ട്. ഒടുവില്‍ പരസ്പരം തിരിച്ചറിഞ്ഞ്, ശത്രുക്കളെ കൂട്ടായി നേരിട്ട്, ഒന്നിച്ചു ജയിക്കുന്നിടത്ത് ‘അണ്ണന്‍ തമ്പി’ അവസാനിക്കുന്നു.
കണ്ടുമടുത്ത കുറേ കഥാപാത്രങ്ങളേയും, കഥാസന്ദര്‍ഭങ്ങളേയും അങ്ങോട്ടുമിങ്ങോട്ടും തിരിച്ചിട്ട്; മറ്റൊരു തല്ലിക്കൂട്ടു കഥയുമായെത്തിയിരിക്കുകയാണ് ബെന്നി പി. നായരമ്പലം. എങ്കിലും അന്‍വര്‍ റഷീദിന്റെ സംവിധാന മികവും, മമ്മൂട്ടിയുടെ ഇരട്ടവേഷങ്ങളിലെ പ്രകടനവും ചിത്രത്തെ ഒരു പരിധിവരെയൊക്കെ രക്ഷപെടുത്തിയിട്ടുണ്ട്. അപ്പു, അച്ചു എന്നീ ഇരട്ടവ്യക്തികളെ, മമ്മൂട്ടി സ്വാഭാവികതയോടെ അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അച്ചുവിനെ ഊമയാക്കിയതുകൊണ്ട് കാര്യമായെന്തെങ്കിലും പുതുമ ചിത്രത്തിലുണ്ടായെന്ന് കരുതുവാന്‍ വയ്യ. പ്രേക്ഷകരെ കുടുകുടെ ചിരിപ്പിക്കുന്ന, പുതുമയുള്ള നര്‍മ്മരംഗങ്ങള്‍ ഉടനീളമുണ്ടെന്നതും ചിത്രത്തെ ആകര്‍ഷകമാക്കുന്നു. സുരാജ് വെഞ്ഞാറമ്മൂട്, ഹരിശ്രീ അശോകന്‍, സലിം കുമാര്‍ എന്നിവരുടെ പ്രകടനങ്ങളാണ്; നര്‍മ്മരംഗങ്ങളുടെ വിജയത്തിനു പ്രധാന കാരണം. വില്ലന്‍ കഥാപാത്രങ്ങളെ രാജന്‍ പി. ദേവ്, സിദ്ദിഖ് എന്നിവര്‍ നന്നായി അവതരിപ്പിച്ചിട്ടുണ്ടെങ്കിലും, കഥാപാത്രങ്ങള്‍ക്ക് പുതുമയില്ലാതെപോയി. ഗോപികയുടേയും, ലക്ഷ്മി റായുടേയും കഥാപാത്രങ്ങള്‍ക്ക് കാര്യമായൊന്നും ചിത്രത്തില്‍ ചെയ്യുവാനില്ല. ജനാര്‍ദ്ദനന്‍, മണിയന്‍ പിള്ള രാജു, കെ.പി.എ.സി. ലളിത, കുഞ്ചന്‍, ഊര്‍മ്മിള ഉണ്ണി, ബിജു കുട്ടന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
ചിത്രത്തിലെ ഗാനങ്ങളെക്കുറിച്ച് പറയാതിരിക്കുകയാണ് ഭേദം. എന്തെവിടെ കണ്ടുവെന്നോ, കേട്ടുവെന്നോ ഓര്‍ത്തെടുക്കുവാന്‍ തന്നെ കഴിയാത്തവണ്ണം നിലവാരമില്ല്ലാതെപോയി ഇവയ്ക്ക്. എസ്. ലോകനാഥന്റെ ക്യാമറ പകര്‍ത്തിയ നിറപ്പകിട്ടാര്‍ന്ന ദൃശ്യങ്ങള്‍ ചിത്രത്തോടിണങ്ങുന്നു. അധികം എഡിറ്റിംഗ് കസര്‍ത്തുകള്‍ നടത്താതെയുള്ള ഡോണ്‍മാക്സിന്റെ ചിത്രസംയോജനവും ആശ്വാസകരമായിരുന്നു. ഇടവേളവരെ വളരെ വേഗത്തില്‍ പറഞ്ഞുപോയ കഥ, അതിനു ശേഷം ഇഴയുവാന്‍ തുടങ്ങി. കാര്യമായൊന്നും പറയുവാനോ കാണിക്കുവാനോ ഇല്ല്ലാത്ത അവസ്ഥ. പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന ഒരു പുതുമയുള്ള ക്ലൈമാക്സിലേക്ക് ചിത്രത്തെ എത്തിക്കുവാനും, ചിത്രത്തിന്റെ ശില്പികള്‍ക്ക് കഴിഞ്ഞില്ല.
ചിത്രത്തിന്റെ തുടക്കത്തില്‍ അണിയറപ്രവര്‍ത്തകരുടെ പേരെഴുതിക്കാണിച്ചത് നല്ലൊരു കാര്യമായി തോന്നി. ഒടുവിലാവുമ്പോള്‍, അവ വരുമ്പോഴേ പ്രൊജക്ടര്‍ കെടുത്തുകയാണ് പതിവ്. ഓരോ ഭാഗമായി എടുത്തു നോക്കിയാല്‍, ചൂണ്ടിക്കാണിക്കുവാന്‍ പോരായ്മകളേറെ കണ്ടേക്കാമെങ്കിലും; ആകെ മൊത്തമായി നോക്കുമ്പോള്‍, ഒരു ആനചന്തം ചിത്രത്തിനുണ്ട്. സാധാരണക്കാര്‍ക്ക് ചിരിക്കുവാനും, ആരാധകര്‍ക്ക് കൈയ്യടിച്ചു രസിക്കുവാനും വേണ്ടുവോളം സംഗതികളുള്ളതിനാല്‍ തന്നെ; ‘രാജമാണിക്യ’ത്തിന്റെയത്രയും വിജയമൊന്നും നേടിയില്ലെങ്കിലും, രണ്ടായിരത്തിയെട്ടിലെ ഹിറ്റ് ചിത്രങ്ങളുടെ പട്ടികയില്‍ മുന്‍സ്ഥാനങ്ങളിലൊന്നായി ‘അണ്ണന്‍ തമ്പി’യുമുണ്ടാവുമെന്ന് ഉറപ്പിക്കാം.
Description: Annan Thampi - A film directed by Anwar Rasheed; Starring Mammootty, Gopika, Lakshmi Rai, Janardhanan, Rajan P. Dev, Siddique, Maniyan Pilla Raju, Harisree Asokan, Salim Kumar, Suraj Venjarammoodu, KPAC Lalitha, Urmila Unni, Kunjan. Produced by Shahul Hameed Marikkar, Anto Joseph. Written by Benny P. Nayarambalam.
--







