Note: Built in HTML5 and CSS3. Google Chrome 10 / Mozilla Firefox 4 / Microsoft IE 9 or later recommended.

പോസിറ്റീവ് (Positive)

Published on: May 20, 2008

Positive- Film Directed by V.K. Prakash; Written by S.N. Swamy; Starring Jayasurya, Sooraj, Ramesh Pisharody, Manikuttan, Ayilya, Vani, Jagathy Sreekumar, Saikumar, Sreekumar, Boban Aalummoodan, Sreejith Ravi, Maala Aravindan, Augustin, T.G. Ravi, Saari, Maya Viswanath, Alsabith;  Malayalam Film(Movie, Cinema) Review by Haree (Hareesh N. Nampoothiri)
വ്യത്യസ്തമായ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് വി.കെ. പ്രകാശ്. ദേശീയതലത്തില്‍ തന്നെ അംഗീകരിക്കപ്പെട്ട ‘പുനരധിവാസം’; അതിനു ശേഷമിറങ്ങിയ ‘മുല്ലവള്ളിയും തേന്മാവും’, ‘മൂന്നാമതൊരാള്‍’, ‘പോലീസ്’ എന്നിവയെല്ലാം; സിനിമയുടെ സാങ്കേതികമേന്മകളാല്‍ ശ്രദ്ധനേടിയവയാണ്. സാങ്കേതികവശമുണ്ടായ മേന്മ ഈ ചിത്രങ്ങളുടെ ഇതരമേഖലകളില്‍ കൈവരിക്കുവാന്‍ സാധിക്കാതിരുന്നതായിരുന്നു ഇവയുടെയെല്ലാം പ്രധാന പോരായ്മ. എന്നാല്‍ ഒരുപരിധിവരെ മറ്റുവശങ്ങളും ‘പോസിറ്റീവി’ന്റെ കാര്യത്തില്‍ ശരിയായി വന്നിട്ടുണ്ട്. എസ്.എന്‍. സ്വാമി; കഥയും, തിരക്കഥയും, സംഭാഷണങ്ങളും എഴുതിയിരിക്കുന്ന, ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഫാബുലന്‍സ്.

രാജു(സൂരജ്), ഉദയന്‍(മണിക്കുട്ടന്‍), വിന്നി(വാണി കിഷോര്‍), ചെറി(രമേഷ് പിഷാരടി) എന്നിവര്‍ വ്യത്യസ്ത ജീവിത സാഹചര്യങ്ങളില്‍ നിന്നും വരുന്നവരാണ്. ഓരോരുത്തരും അവരവരുടേതായ രീതിയില്‍ ജീവിതം മുന്നോട്ടു കൊണ്ടുപോവുന്നു. എന്നാല്‍ സംഗീതം ഇവരെ ഒന്നിപ്പിക്കുന്നു, ഉറ്റസുഹൃത്തുക്കളാക്കുന്നു. അതിനിടയില്‍ ജ്യോതി(ആയില്യ ജി. നായര്‍) എന്ന പെണ്‍കുട്ടിയുമായി രാജു അടുപ്പത്തിലാവുന്നു. ഇടയ്ക്ക് ചേട്ടനൊപ്പം വീട്ടിലേക്ക് പോവുന്ന ജ്യോതിയെക്കുറിച്ച് രാജുവിന് പിന്നീട് ഒരു വിവരവും ലഭിക്കുന്നില്ല. പിന്നീട് തികച്ചും അപ്രതീക്ഷിതമായ സാഹചര്യത്തിലാണ് രാജു ജ്യോതിയെ വീണ്ടും കാണുന്നത്. ഒരു കൊലപാതകത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട്, വിന്നിയെ വിവാഹമാലോചിച്ച അസിസ്റ്റന്റ് കമ്മീഷണര്‍ അനിയനും(ജയസൂര്യ), രംഗത്തെത്തുന്നു.

പണമുണ്ടാക്കുവാന്‍ മാത്രം ശ്രദ്ധചെലുത്തുന്ന എന്‍.ആര്‍.ഐ. ദമ്പതികളുടെ, തെറ്റുകളിലെത്തപ്പെടുന്ന പുത്രന്‍; തിരക്കിട്ട ജീവിതം നയിക്കുന്ന അമ്മ, ശ്രദ്ധ ലഭിക്കാത്ത മകള്‍; പിരിയേണ്ടിവരുന്ന കാമിതാക്കള്‍; ഇങ്ങിനെ കണ്ടുപരിചയിച്ച ഒട്ടേറെ കഥാപാത്രങ്ങളെയാണ് ഇതിലും കാണുവാന്‍ കഴിയുക. എന്നാല്‍ ഇവരെയെല്ലാം ഉപയോഗിച്ച് മെനഞ്ഞെടുത്തിരിക്കുന്ന കഥയിലെ പ്രമേയത്തിന് തീര്‍ച്ചയായും വ്യത്യസ്തത അവകാശപ്പെടാം. സാങ്കേതികമേന്മയോടെ, പുതുമ തോന്നിക്കുന്ന രീതികളില്‍, ദൃശ്യചാതുരയോടെയാണ് കഥ അവതരിപ്പിച്ചിരിക്കുന്നത്. ആര്‍. ഗണേഷിന്റെ ഛായാഗ്രഹണം, മഹേഷ് നാരായണന്റെ എഡിറ്റിംഗ്, വി.എഫ്.എക്സ് അംഗങ്ങളുടെ വിഷ്വല്‍ ഇഫക്ടുകള്‍ എന്നിവയോട് ചിത്രം അതിന്റെ ദൃശ്യഭംഗിക്ക് കടപ്പെട്ടിരിക്കുന്നു. എസ്.എന്‍. സ്വാമിയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവയും മോശമായില്ല. ഇവയെല്ലാം കൂടെ ചേര്‍ന്ന്, ‘കൊള്ളാം, തരക്കേടില്ല!’ എന്നുപറയുവാന്‍ തക്കവണ്ണം ചിത്രത്തെ എത്തിച്ചിട്ടുണ്ട്.

സിറ്റി പോലീസ് കമ്മീഷണറിന്റെ വേഷം സായികുമാര്‍ വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു. ബലം പിടിക്കുന്നത് മനസിലാവുമെങ്കിലും, അനിയനായി ജയസൂര്യയും മോശമായില്ല. രൂപത്തിലും, ഭാവത്തിലും വ്യത്യസ്തത പുലര്‍ത്തുന്ന മണിക്കുട്ടന്റെ ഉദയനായുള്ള പ്രകടനവും അഭിനന്ദിക്കത്തക്കതാണ്. കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവര്‍ക്കു പുറമേ; പി.ശ്രീകുമാര്‍, ബോബന്‍ ആലുമ്മൂടന്‍, ജഗതി ശ്രീകുമാര്‍, ടി.ജി. രവി, അഗസ്റ്റ്യന്‍, മാള അരവിന്ദന്‍, മായ വിശ്വനാഥ്, ബിന്ദു പണിക്കര്‍, ശാരി, അല്‍‌സബിത് തുടങ്ങിയവരും കഥാപാത്രങ്ങളോട് നീതി പുലര്‍ത്തിയിരിക്കുന്നു. ഒന്നോ രണ്ടോ കഥാപാത്രങ്ങളില്‍ കഥ ചുറ്റിത്തിരിയുന്നില്ല എന്നതും ആശ്വാസകരമാണ്. വയലാര്‍ ശരത്ചന്ദ്രവര്‍മ്മ എഴുതി, അലക്സ്പോള്‍ സംഗീതം നല്‍കിയ ഗാനങ്ങളില്‍ “എന്തിനിന്നു മിഴിനീരുതൂകിയഴകേ!” എന്ന ഗാനം ശ്രദ്ധേയമായിരുന്നു, ഇത് ചിത്രത്തോടിണങ്ങുകയും ചെയ്യുന്നു. ഈ ഗാനത്തിന്റെ ചിത്രീകരണവും നന്ന്. മറ്റൊരു ഗാനത്തില്‍ ഗായകരായ ജി. വേണുഗോപാല്‍, മഞ്ജരി എന്നിവര്‍ പാടുന്നതിന്റെ ദൃശ്യങ്ങളും ചേര്‍ത്തിരിക്കുന്നു. പരീക്ഷണമാവാം, എന്നാല്‍ ആല്‍ബം ഗാനങ്ങളുടെ രീതിയിലേക്ക്, ചലച്ചിത്രഗാനരംഗങ്ങളെ കൊണ്ടുപോവുന്നതില്‍ എന്തര്‍ത്ഥം! ആ ഗാനം അത്രയും ആവശ്യമില്ലാത്തതാണെങ്കില്‍, ഒഴിവാക്കിക്കൂടേ?

ഒരു കുറ്റാന്വേഷണ കഥ എന്നരീതിയില്‍ നോക്കുമ്പോള്‍, മികച്ചതെന്നൊന്നും ചിത്രത്തെ പറയുവാനില്ലെങ്കിലും, ഒരു വാണിജ്യ-വിനോദ സിനിമ എന്ന നിലയില്‍ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുവാനുള്ളത് ചിത്രത്തിലുണ്ട്. ഇടവേളവരെ തുടരുന്ന പതുങ്ങിയുള്ള കഥപറച്ചിലും; തിരുകിക്കയറ്റിയിരിക്കുന്ന അനിയന്‍-വിന്നി പ്രണയവും, അനവസരത്തിലുള്ള ഗാനങ്ങളും ചിത്രത്തിന്റെ പ്രധാനപോരായ്മകളായി ചൂണ്ടിക്കാട്ടാം. ഇവയൊക്കെക്കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ കുറച്ചുകൂടി ആകര്‍ഷകമായ ഒരു ക്രൈം ത്രില്ലറാവുമായിരുന്നു, ‘പോസിറ്റീവ്’.


Description: Positive- Film Directed by V.K. Prakash; Written by S.N. Swamy; Starring Jayasurya, Sooraj, Ramesh Pisharody, Manikuttan, Ayilya, Vani, Jagathy Sreekumar, Saikumar, Sreekumar, Boban Aalummoodan, Sreejith Ravi, Maala Aravindan, Augustin, T.G. Ravi, Saari, Maya Viswanath, Alsabith; Malayalam Film(Movie, Cinema) Review by Haree (Hareesh N. Nampoothiri).
--

പച്ചമരത്തണലില്‍ (Pachamarathanalil)

Published on: May 10, 2008

Pachamarathanalil: Written and Directed by debutant Leo Thaddeus. Starring Sreenivasan, Padmapriya, Baby Ahana Jakhari, Lal, Nasser
ചലച്ചിത്രരംഗത്ത് സഹസംവിധായകനായും, ചെറുചിത്രങ്ങളുടെ സംവിധായകനായും ഏറെക്കാലത്തെ പ്രവര്‍ത്തിപരിചയമുള്ള, ലിയോ തദേവൂസ്; കഥ, തിരക്കഥ, സംഭാഷണം എന്നിവയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് ‘പച്ചമരത്തണലില്‍’. ശ്രീനിവാസന്‍, പത്മപ്രിയ എന്നിവര്‍ ‘യേസ് യുവര്‍ ഓണര്‍’ എന്ന ചിത്രത്തിനു ശേഷം വീണ്ടും ഒന്നിക്കുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ജി. സുരേഷ് കുമാര്‍. പുതുമയുള്ള പ്രമേയമെന്നത് എല്ലാ സിനിമയെക്കുറിച്ചും അതിന്റെ അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടാറുണ്ടെങ്കിലും, അതിനോട് സത്യസന്ധത പുലര്‍ത്തുന്നവ വളരെ വിരളമായേ മലയാളസിനിമയില്‍ ഉണ്ടാകുവാറുള്ളൂ. അത്തരത്തിലൊന്നായി ഈ ചിത്രത്തെ കണക്കാക്കാം.

സച്ചിയെന്ന സച്ചിദാനന്ദന്‍(ശ്രീനിവാസന്‍) ഒരു കാര്‍ട്ടൂണിസ്റ്റാ‍ണ്. ഭാര്യ ആനിയും(പത്മപ്രിയ), ഏകമകള്‍ സ്നേഹയും(ബേബി അഹാനാ ജാഘരി) എന്നിവര്‍ അടങ്ങുന്നതാണ് സച്ചിയുടെ കുടുംബം. വളരെ മിടുക്കിയായ സ്നേഹ, സ്കൂള്‍ ഡേയില്‍ അവതരിപ്പിച്ച പരിപാടി കണ്ട് ഇഷ്ടപ്പെടുന്ന ഒരു സംവിധായകന്‍, തന്റെ പരസ്യ ചിത്രത്തില്‍ അഭിനയിക്കുവാന്‍ സ്നേഹയെ ക്ഷണിക്കുന്നു. ആനിക്ക് താല്പര്യമില്ലെങ്കിലും, സച്ചിദാനന്ദന്റെ പിന്തുണയോടെ അമ്മയെ സമ്മതിപ്പിച്ച്, മകള്‍ അഭിനയത്തിനു തയ്യാറാവുന്നു. ഷൂട്ടിംഗ് തുടങ്ങുന്നു, ഇടയ്ക്ക് ലൊക്കേഷന്‍ മാറുന്നതിനിടയില്‍, ബസില്‍ നിന്നും ദുരൂഹമായി സ്നേഹയെ കാണാതാവുന്നു. വെങ്കിടാചലയ്യര്‍(നാസര്‍) എന്ന പോലീസ് ഉദ്യോഗസ്ഥന്‍ അന്വേഷണം ഏറ്റെടുക്കുന്നു. തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളാണ് ചിത്രത്തിനാധാരം.

“ഇതിനു ടിക്കറ്റെടുത്തു കയറിപ്പോയല്ലോ!”എന്നു പ്രേക്ഷകര്‍ കരുതും വിധമാണു ചിത്രത്തിന്റെ തുടക്കം. മകള്‍ അച്ഛനെ ഫോണ്‍ ചെയ്തു വെച്ച ശേഷം, അച്ഛന്‍ ആരോടെന്നില്ലാതെ പറയുന്നു, “അയ്യോ! അവള്‍ ഫോണ്‍ കട്ടുചെയ്തു... ദേഷ്യത്തിലാണ്, ഇന്നേതായാലും പരിപാടി കലക്കും...”. ഈ രീതിയിലുള്ള അസ്വാഭാവിക സംഭാഷണങ്ങളാണ് ആദ്യ ഭാഗങ്ങളില്‍. സ്നേഹ പറയുന്ന വാചകങ്ങളില്‍ പലതും, മുതിര്‍ന്നവരെഴുതി വായിക്കും പോലെ തോന്നിച്ചു. ഈ സംഭാഷണങ്ങള്‍ വരുന്ന സീനുകളാവട്ടെ, ഒന്നും പറയുവാനില്ലാതെ വല്ലാതെ ഇഴച്ചില്‍ അനുഭവപ്പെടുന്നവയും! എന്നാല്‍ കുട്ടിയെ കാണാതാവുന്നതിനു ശേഷം ചിത്രമാകെ മാറുന്നു. തുടര്‍ന്നെന്താണ് സംഭവിക്കുക എന്ന് പ്രേക്ഷകരില്‍ ആകാംഷയുണര്‍ത്തുവാന്‍ കഴിയുന്ന രീതിയിലാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. സംവിധാനത്തിലേയും, സംഭാഷണങ്ങളിലേയും തുടര്‍ന്നു വരുന്ന പോരായ്മകള്‍ അതിനാല്‍ തന്നെ അധികം ശ്രദ്ധിക്കപ്പെടുകയുമില്ല.

ഏതു കഥാപാത്രത്തേയും വളരെ സ്വാഭാവികമായി അവതരിപ്പിക്കുവാറുള്ള ശ്രീനിവാസന്റെ, അഭിനയപാടവത്തിനെന്തു പറ്റിയെന്നു തോന്നും, സച്ചിയായുള്ള പ്രകടനം കണ്ടാല്‍. പലയിടത്തും കോപ്രായം മാത്രമായി അദ്ദേഹത്തിന്റെ അഭിനയം. ആനിയെന്ന റോളില്‍ കാര്യമായൊന്നും ചെയ്യുവാനില്ലെങ്കിലും, പത്മപ്രിയ ഉള്ളതത്രയും ഭംഗിയാക്കിയിട്ടുണ്ട്. നാസറിന്റെ കഥാപാത്രമാണ് ഏറെ ശ്രദ്ധേയമായത്. ആത്മാര്‍ത്ഥതയുള്ള, എന്നാല്‍ അതു മറ്റുള്ളവരെ വിശ്വസിപ്പിക്കുവാന്‍ നാട്യങ്ങളില്ലാത്ത വെങ്കിടാചലയ്യര്‍ എന്ന പോലീസുദ്യോഗസ്ഥനെ വളരെ നന്നായിത്തന്നെ അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നു. സിറാജിന്റേയും, ബിജുക്കുട്ടന്റേയും ചില തമാശകള്‍ പ്രേക്ഷകരെ ചിരിപ്പിക്കും. ഇവരെക്കൂടാതെ ലാലു അലക്സ്, സോന നായര്‍, സുകുമാരി, വി.കെ.ശ്രീരാമന്‍, ലാല്‍, മീര വാസുദേവ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.

പാട്ടുകളൊന്നും എടുത്തു പറയുവാന്‍ തക്കവണ്ണം ഗുണമുള്ളവയല്ലെങ്കിലും, ടൈറ്റില്‍ ഗാനത്തിന്റെ ഈണം ഇടയ്ക്കിടെ കുട്ടിയുമായി ബന്ധപ്പെടുത്തി ഉപയോഗിച്ചത് നന്നായിരുന്നു. സീനുകള്‍ക്കും, സംഭവങ്ങള്‍ക്കും യുക്തിഭദ്രമായ രീതിയില്‍ പിന്നീട് വിശദീകരണം നല്‍കിയിരിക്കുന്നതും എടുത്തു പറയാവുന്നതു തന്നെ. എന്നാല്‍ ഒടുവിലെ രംഗങ്ങള്‍ക്ക് അത്രയൊന്നും യുക്തിഭദ്രത അവകാശപ്പെടുവാനും കഴിയുകയില്ല. ക്ലൈമാക്സ് രംഗം വല്ലാതെ നീണ്ടുപോയത്, സിനിമയുടെ പിരിമുറുക്കത്തെ ബാധിച്ചു. തിരക്കഥയില്‍ അല്പം കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍, കൂടുതല്‍ മികച്ച അനുഭവമാക്കുവാന്‍ കഴിയുമായിരുന്ന ഒന്നായിരുന്നു ഈ ചിത്രം. കൂടുതല്‍ മികച്ച പ്രമേയങ്ങളും, ചിത്രങ്ങളുമായി ലിയോ തദേവൂസിനു വീണ്ടുമെത്തുവാനുള്ള പിന്തുണ, പ്രേക്ഷകരില്‍ നിന്നും തിയേറ്ററില്‍ ലഭിക്കുമെന്നു തന്നെ കരുതാം; അതിനുള്ളത് ഈ ചിത്രത്തിലുണ്ട്.


Description: Pachamarathanalil: Written and Directed by debutant Leo Thaddeus. Starring Sreenivasan, Padmapriya, Baby Ahana Jakhari, Lal, Nasser, Lalu Alex, Suraj Venjarammoodu, Bijukkuttan, Sukumari, V.K. Sreeraman, Sona Nair, Meera Vasudev. Songs by Vayalar Sarath, Composed by Alphons Joseph. Produced by G. SureshKumar. Movie Review in Malayalam. Chithravishesham by Haree(Hareesh N. Nampoothiri)
--

അടയാളങ്ങള്‍ (Adayalangal)

Published on: May 06, 2008

Adayalangal - The Imprints: Written and Directed by M.G. Sasi based on Nandanar; his life and short-stories. Starring Govind Pathmasurya, Jyothirmayi, Sathi
ഫില്‍ക്ക തിരുവനന്തപുരത്ത് വര്‍ഷാവര്‍ഷം നടത്തിവരുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഈ വര്‍ഷത്തെ ഉദ്ഘാടനചിത്രമായി ‘അടയാളങ്ങള്‍’ എന്ന ചിത്രമാണ് പ്രദര്‍ശിപ്പിച്ചത്. 2007-ലെ മികച്ച ചിത്രത്തിനും, മികച്ച സംവിധായകനുമുള്‍പ്പടെ അഞ്ച് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ചിത്രമാണിത്. സഹസംവിധായകനായും, നടനായും ചലച്ചിത്രരംഗത്തുണ്ടായിരുന്ന എം.ജി. ശശിയുടെ ആദ്യ സംവിധാന സംരംഭമാണിത്. സംവിധായകന്റെ തന്നെയാണ് തിരക്കഥയും, സംഭാഷണങ്ങളും. നന്ദനാരെന്ന വള്ളുവനാടന്‍ കഥാകാരന്റെ ജീവിതസന്ദര്‍ഭങ്ങളേയും, കഥകളേയും ആസ്പദമാക്കിയുള്ളതാണ് ഈ ചലച്ചിത്രം. അരവിന്ദ് വേണുഗോപാല്‍, ഗോവിന്ദ് പത്മസൂര്യ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ ഗോവിന്ദ് പത്മസൂര്യ, സതി, ജ്യോതിര്‍മയി എന്നിവരാണ് പ്രധാ‍ന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരികൊണ്ടിരിക്കുന്ന സമയം. അതിന്റെ ദുരിതഫലങ്ങള്‍ ഇങ്ങ് കേരളത്തിലും പ്രതിഫലിക്കുന്നു. പട്ടിണിയിലും ദാരിദ്ര്യത്തിലുമാണ് പല കുടുംബങ്ങളും. അതിലൊന്നാണ് പാടത്തുപറമ്പില്‍ ഗോപിനാഥന്‍(ഗോവിന്ദ് പത്മസൂര്യ) എന്ന യുവാവിന്റെ വീടും. കഥകളി കലാകാരനായ അച്ഛന്‍ അരങ്ങില്‍ പ്രശസ്തനായിരുന്നെങ്കിലും, കാര്യമായ വരുമാനമൊന്നും ലഭിക്കുമായിരുന്നില്ല. അമ്മ മാധവിയുടെ(സതി) ആദ്യ ഭര്‍ത്താവിലുണ്ടായ ജ്യേഷ്ഠനാവട്ടെ, സ്വന്തം ഭാര്യയേയും മക്കളേയുമല്ലാതെ മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കുന്നില്ല. ഇടയ്ക്കിടെ ആശ്വാസമായെത്താറുണ്ടായിരുന്ന രാമന്‍ നമ്പൂതിരിയേയും(ടി.ജി. രവി), ഭാസ്കരക്കുറുപ്പിനേയും(ടി.വി. ചന്ദ്രന്‍), മീനാക്ഷിക്കുട്ടിയേയും(ജ്യോതിര്‍മയി) ഗോപിക്ക് പിരിയേണ്ടിവരുന്നു. ജീവിതം മുന്നോട്ടുകൊണ്ടുപോകുവാന്‍ ശ്രമിക്കുമ്പോഴൊക്കെ തിക്തമായ അനുഭവങ്ങളായിരുന്നു ഗോപിയെ കാത്തിരുന്നത്. ഒടുവില്‍ കുടുംബം പോറ്റുക എന്ന ഒറ്റ ലക്ഷ്യത്തില്‍, പ്രിയപ്പെട്ടതിനെയെല്ലാം വിട്ടകന്ന് ഗോപി പട്ടാളത്തില്‍ ചെരുന്നു. ഗോപിയുടെ ശിഷ്ടകാലത്തെക്കുറിച്ച് സംവിധായകന്‍ മൌനം പാലിച്ചിരിക്കുന്നു.

നന്ദനാരുടെ ജീവിതം അതേപടി പകര്‍ത്തിയിരിക്കുകയല്ല സിനിമയില്‍. ആശയങ്ങള്‍ക്ക് മുന്‍‌ഗണന നല്‍കിക്കൊണ്ട് കഥ പറയുകയെന്ന രീതിയാണ് സംവിധായകന്‍ അവലംബിച്ചിരിക്കുന്നത്. ഓരോ കഥാപാത്രങ്ങളും ഓരോ ആശയത്തെ പ്രതിനിധാനം ചെയ്യുവാനായി സിനിമയില്‍ വന്നുപോവുന്നു. ഒരുപക്ഷെ സിനിമയുടെ ഗുണവും ദോഷവും ഈ ആഖ്യാനശൈലി തന്നെയാണ്. ഗോപി എന്ന പുരുഷകേന്ദ്രകഥാ‍പാത്രത്തെ ഗോവിന്ദ് പത്മസൂര്യ നന്നായി അവതരിപ്പിച്ചിട്ടുണ്ട്. രാമന്‍ നമ്പൂതിരിയായി ടി.ജി. രവിയും; ഗോപിയുടെ അമ്മ മാധവിയായി സതിയും ശ്രദ്ധേയമായിത്തന്നെ അഭിനയിച്ചു. ജ്യോതിര്‍മയിക്ക് കാര്യമായൊന്നും ചെയ്യുവാനുണ്ടായിരുന്നില്ല, അഥവാ ചെയ്യുന്നതായി കണ്ടില്ല. ടി.വി. ചന്ദ്രന്‍, വി.കെ.ശ്രീരാമന്‍, മാടമ്പ് കുഞ്ഞിക്കുട്ടന്‍ തുടങ്ങിയവര്‍ അവതരിപ്പിച്ച മറ്റു ചില കഥാപാത്രങ്ങളും സിനിമയിലുണ്ട്.

ചെണ്ടക്കാരനായും, ബീഡി തൊഴിലാളിയായും ജീവിതമാര്‍ഗം കണ്ടെത്തുവാന്‍ ശ്രമിച്ചു പരാജയപ്പെടുന്നുവെന്നു കാണിക്കുന്നുണ്ടെങ്കിലും; കുടുംബം പട്ടിണിയില്‍ വലയുമ്പോഴും, ഗോപി അതിനു പരിഹാരമായി അത്മാര്‍ത്ഥതയോടെ എന്തെങ്കിലും ചെയ്തുവെന്നു ചിത്രം കണ്ടപ്പോള്‍ തോന്നിയില്ല. വെറുതെ പാറപ്പുറത്തു മാനം നോക്കിക്കിടക്കുന്ന ഗോപി, എന്നാണ് പ്രേക്ഷകരുടെ മനസില്‍ പതിയുന്നത്. ഗോപിയുടെ മാനസികസംഘര്‍ഷങ്ങള്‍, മീനാക്ഷിയിലൂടെ പുറത്തുകൊണ്ടുവരികയോ മറ്റോ ചെയ്തിരുന്നെങ്കില്‍, പ്രേക്ഷകര്‍ക്ക് കുറച്ചു കൂടി ഗോപിയെ അറിയുവാന്‍ കഴിയുമായിരുന്നു. ഗാ‍നങ്ങള്‍, കവിതകള്‍, കലാരൂപങ്ങള്‍ എന്നിവയെയൊക്കെ സിനിമയില്‍ ആവശ്യത്തിനനുസരിച്ച് ഉപയോഗിച്ചിരിക്കുന്നതും ശ്രദ്ധേയമായി. എതിരാളിയുടെ പാതിബലം അധികമായി ലഭിക്കുവാനുള്ള വരം സിദ്ധിച്ച, അതിബലവാനായിരുന്നിട്ടും രാമന്റെ ഓളിയമ്പേറ്റൊടുങ്ങുവാനായിരുന്നു ബാലിയുടെ വിധി. ബാലിവേഷം ആടി പൂര്‍ത്തിയാക്കി, അരങ്ങില്‍ വീണുമരിക്കുന്ന ഗോപിയുടെ അച്ഛന്റെ ജീവിതവും ബാലിയുടേതുപോലെയായിരുന്നല്ലൊ! കഴിവുകളും, പ്രതിഭയുമൊന്നും ജീവിതത്തില്‍ ഉപകാരപ്പെടാതെ പോവുക! സിനിമയിലെ ഏറ്റവും മികച്ച കല്പന ഒരുപക്ഷെ ഇതായിരിക്കണം.

നന്ദനാര്‍ സിനിമയ്ക്കൊരു വിഷയമാവുന്നെന്നതും, വൈകാരികമായി മനസിനെ സ്പര്‍ശിക്കുന്ന രംഗങ്ങള്‍ തുടര്‍ച്ചയായുണ്ടെന്നതും ഒഴിച്ചു നിര്‍ത്തിയാല്‍; ഒരു അടയാളവും ഈ സിനിമ പ്രേക്ഷകന്റെ മനസില്‍ ബാക്കി വെയ്ക്കുമെന്നു കരുതുവാന്‍ വയ്യ. മികച്ച സംവിധായകനാകുവാന്‍ എം.ജി. ശശിക്കും; മികച്ച സിനിമയാകുവാന്‍ എം.ജി. ശശിയുടെ സിനിമകള്‍ക്കും ഇനിയുമേറെ ദൂരം സഞ്ചരിക്കുവാനുണ്ടെന്നത് സ്പഷ്ടം. എങ്കിലും, ആദ്യ സംരംഭമെന്ന നിലയില്‍ പുതുതായി എന്തൊക്കെയോ ചെയ്യുവാനും, പറയുവാനും ശ്രമിച്ചിട്ടുണ്ടെന്നുള്ളത് പ്രതീക്ഷ നല്‍കുന്നു. ആ അര്‍ത്ഥത്തില്‍, കാ‍ണുവാന്‍ അവസരം ലഭിച്ചാല്‍ കാണാവുന്ന ഒരു ചിത്രമായി ‘അടയാളങ്ങളെ’ ചേര്‍ക്കാം.


Description: Adayalangal - The Imprints: Written and Directed by M.G. Sasi based on Nandanar; his life and short-stories. Starring Govind Pathmasurya, Jyothirmayi, Sathi, T.G. Ravi, T.V. Chandran, V.K. Sreeraman, Madambu Kunjikkuttan, Geetha Joseph. Produced by Aravind Venugopal, Govind Pathmasurya.
--

Featured Videos

Trailer: Unnam

Unnam: A film by Sibi Malayil starring Asif Ali, Lal, Rima Kallingal, Swetha Menon etc.

WATCH VIDEO
Teaser: Second Show

Second Show: A film by Srinath Rajendran starring Dulquer Salman Gauthami Nair etc.

WATCH VIDEO
Trailer: Njanum Ente Familiyum

Njanum Ente Familiyum: A film by K.K. Rajeev starring Jayaram, Mamta Mohandas etc.

WATCH VIDEO