Note: Built in HTML5 and CSS3. Google Chrome 10 / Mozilla Firefox 4 / Microsoft IE 9 or later recommended.

മിഴികള്‍ സാക്ഷി (Mizhikal Sakshi)

Published on: June 28, 2008

Mizhikal Sakshi - Starring Sukumari, Mohanlal, Kochu Preman, Krishna, Manoj K. Jayan, Nedumudi Venu, Kailas Nath, Vineeth; Directed by  Ashok R. Nath. Screenplay and Dialogues by Anil Mukhathala; Produced by V.R. Das.
മലയാള സിനിമയില്‍ അത്യപൂര്‍വ്വമായി സംഭവിക്കുന്ന ഒന്നാണല്ലോ, നായികാ പ്രാധാന്യമുള്ള ചിത്രങ്ങള്‍. അത്തരത്തിലൊരു ചലച്ചിത്രമാണ്, അശോക് ആര്‍. നാഥിന്റെ സംവിധാനത്തിലുള്ള ‘മിഴികള്‍ സാക്ഷി’. സംവിധായകന്റെ തന്നെ കഥയ്ക്ക്; തിരക്കഥയും, സംഭാഷണങ്ങളും എഴുതിയിരിക്കുന്നത് അനില്‍ മുഖത്തല. സുകുമാരി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍; ചെറുതെങ്കിലും പ്രാധാന്യമുള്ളൊരു വേഷം മോഹന്‍ലാലും അഭിനയിച്ചിരിക്കുന്നു. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് വി.ആര്‍. ദാസ്. മകന്‍ നഷ്ടപ്പെട്ടത് അംഗീകരിക്കുവാന്‍ സാധിക്കാത്ത, ഊമയായ ഒരു അമ്മയുടെ കഥയാണ് ‘മിഴികള്‍ സാക്ഷി’.

വണ്‍‌വേ ടിക്കറ്റ് (OneWay Ticket)

Published on: June 25, 2008

One Way Ticket: Starring Prithviraj, Bhama, Radhika, Mammootty, Jagathy Sreekumar, Jagadeesh, Salim Kumar, Maniyanpilla Raju, Thilakan, Nishanth Sagar.
ബാബു ജനാര്‍ദ്ദനന്‍ കഥ, തിരക്കഥ, സംഭാഷണം എന്നിവ എഴുതി; ബിപിന്‍ പ്രഭാകര്‍ സംവിധാനം ചെയ്‌തിരിക്കുന്ന പൃഥ്വിരാജ് ചിത്രമാണ് ‘വണ്‍ വേ ടിക്കറ്റ്’. മമ്മൂട്ടി, സിനിമാനടന്‍ മമ്മൂട്ടിയായി തന്നെ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു എന്നൊരു പ്രത്യേകതയും ഇതിനുണ്ട്. ഭാമ, രാധിക തുടങ്ങിയവര്‍ നായികാ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് രാമചന്ദ്രന്‍, സജി നമ്പ്യാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന്. മറ്റൊരു തല്ലിക്കൂട്ട് ചിത്രം കൂടി ഇറക്കി എന്നതിനപ്പുറം, അണിയറപ്രവര്‍ത്തകര്‍ക്ക് അഭിമാനിക്കുവാന്‍, പോട്ടെ ഓര്‍ത്തുവെക്കുവാന്‍ തക്കവണ്ണം പോലും, ഒന്നും തന്നെ ഈ ചിത്രത്തിലില്ല.

മഞ്ചേരിയിലെ മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ സെക്രട്ടറിയാണ്, കഥാനായകനായ കുഞ്ഞാപ്പു(പൃഥ്വിരാജ്), ജഹാംഗീര്‍ എന്നു ശരിയായ പേര്. കൂട്ടത്തില്‍ അസോസിയേഷന്‍ ഖജാന്‍‌ജിയായ ചന്ദ്രനും(ജബ്ബാര്‍) എപ്പോഴുമുണ്ടാവും. പഠിത്തത്തില്‍ മിടുക്കനായിരുന്നെങ്കിലും, സാഹചര്യങ്ങള്‍ കുഞ്ഞാപ്പുവിനെ ഒരു ജീപ്പ് ഡ്രൈവറാക്കുന്നു. അനുജത്തിമാരുടെ വിവാഹത്തിനു ശേഷം മാത്രം മതി തനിക്ക് നികാഹ് എന്നാണ് കുഞ്ഞാപ്പുവിന്റെ നിലപാട്. എന്നാല്‍, കുഞ്ഞാപ്പുവിന്റെ വീട്ടുകാരുമായി അത്ര രസത്തിലല്ലാത്ത അമ്മാവന്‍ ബാവ ഹാജിയെ(ജഗതി ശ്രീകുമാര്‍), വെറിപിടിപ്പിക്കുവാനായി അമ്മാവന്റെ മകള്‍ സാജിറയെ(രാധിക) പ്രണയിക്കുന്നതായി കുഞ്ഞാപ്പു നടിക്കുന്നുമുണ്ട്. ഒടുവില്‍ ഒരു സുഹൃത്തിന്റെ കല്യാണസ്ഥലത്തു വെച്ച് മറ്റൊരു പെണ്‍കുട്ടിയെ കണ്ട് കുഞ്ഞാപ്പുവിന് യഥാര്‍ത്ഥത്തില്‍ പ്രണയം തോന്നുന്നു. പിന്നീടാണ് അറിയുന്നത്, അത് ഒരു നായര്‍ പെണ്‍കുട്ടിയായ സുനന്ദ(ഭാമ)യാണെന്ന്. തനിക്കു വിധിച്ചിട്ടുള്ള പെണ്ണല്ലയെന്ന് മനസിലാക്കി കുഞ്ഞാപ്പു സുനന്ദയെ മറക്കുവാന്‍ ശ്രമിക്കുന്നു. എന്നാല്‍ പ്രശ്നങ്ങള്‍ അവിടെ തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ.

നായികയെ രക്ഷിച്ചു വല്ലവിധേനയും, നായകന്‍ രക്ഷപെടുവാന്‍ ശ്രമിക്കുന്നു. അപ്പോളൊരു പ്രണയഗാനം! സംവിധായകന്റെ ഭാവന സമ്മതിച്ചു കൊടുത്തേ മതിയാവൂ. സലിം കുമാര്‍, ജബ്ബാര്‍, ജഗദീഷ്, ജഗതി ശ്രീകുമാര്‍ ഇവരൊന്നിച്ചുള്ള ഭാഗങ്ങള്‍ പ്രേക്ഷകരെ ചിരിപ്പിക്കും. അതു മാത്രമാണ് ഈ ചിത്രത്തിന്റെ മികവായി പറയാവുന്നത്. രാഹുല്‍ രാജ് സംഗീതം നല്‍കിയിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങളും ശോചനീയം. പൃഥ്വിരാജും; മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി കഥാപാത്രങ്ങളുടെ ചുവടുപിടിച്ച്; ഇടികൊടുക്കുകമാത്രം ചെയ്യുന്ന സൂപ്പര്‍ ഹീറോ ആകുവാനാണ് ശ്രമിക്കുന്നതെന്നു തോന്നുന്നു. ഈ രീതി തുടരുവാനാ‍ണ് ഭാവമെങ്കില്‍, ‘ഫയര്‍ ഓഫ് യൂത്ത്’ മിക്കവാറും അധിക കാലം കഴിയും മുന്‍പ് നനഞ്ഞ പടക്കമാകുവാനാണ് സാധ്യത. ദോഷം പറയരുത്, നായകന്‍ ഉഷാറാവുന്നതിനു മുന്‍പ് ഇടി മേടിക്കും; പിന്നെ എന്തോ പറയും, അതു കഴിഞ്ഞാണ് ഇടി കൊടുത്തു തുടങ്ങുക!

മമ്മൂട്ടി, മമ്മൂട്ടിയായിത്തന്നെ ചിത്രത്തിലുണ്ട്. ‘നരസിഹം’, ‘കഥ പറയുമ്പോള്‍’ തുടങ്ങിയ ചിത്രങ്ങളില്‍ മമ്മൂട്ടി അതിഥി താരമായെത്തി, കൈയടി മേടിച്ചു പോവുന്നത് നാം കണ്ടതാണ്. എന്നാല്‍ അതുപോലെയൊരു പ്രകടനം ഇതിലില്ല. ക്ലൈമാക്സ് രംഗത്തെ മമ്മൂട്ടിയുടെ വാചകമടി കേട്ടാല്‍, എത്ര സ്പീഡില്‍ കറങ്ങുന്ന ഫാനാണെങ്കിലും, ഒന്നു കൂവിപ്പോവും. തിലകന്‍, നിഷാന്ത് സാഗര്‍, മണിയന്‍ പിള്ള രാജു, സുധീഷ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ക്ലൈമാക്സില്‍ മമ്മൂട്ടി വില്ലനോടു ചോദിക്കുകയാണ്, ‘ഇത്രയും ക്രൂരന്മാരായ വില്ലന്മാരെ, ഞങ്ങളുടെ സിനിമയില്‍ പോലും ഇപ്പോള്‍ കാണുവാന്‍ കഴിയില്ലല്ലോ!’ എന്ന്! പിന്നെ ഇതെന്താ, സിനിമയിലെ ജീവിതമോ! എന്തിനാണ് വില്ലന്മാര്‍, ഈ കണ്ട വില്ലത്തരമൊക്കെ കാണിക്കുന്നതെന്ന് സിനിമയില്‍ ഒരിടത്തും പറയുന്നതുമില്ല. അത്രയും ‘കത്തി’യാണ് വില്ലനും, ആ വില്ലനുള്ള കഥയുമെന്ന് ബോധമുണ്ടെങ്കില്‍, എന്തിനാണു ബിപിന്‍ പ്രഭാകരാ, അതെടുത്തു പാവം പ്രേക്ഷകരുടെ മേല്‍ മൂര്‍ച്ച നോക്കുന്നത്?


Description: One Way Ticket: Starring Prithviraj, Bhama, Radhika, Mammootty, Jagathy Sreekumar, Jagadeesh, Salim Kumar, Maniyanpilla Raju, Thilakan, Nishanth Sagar; Directed by Bipin Prabhakar; Story by Babu Janardanan; Film(Movie/Cinema) Review by Hareesh N. Nampoothiri aka Haree|ഹരീ; June Release 2008.
--

ദശാവതാരം (Dasavatharam)

Published on: June 22, 2008

Dasavatharam; Starring Kamal Hassan (Kamalahasan), Asin Thottungal, Mallika Sherawat, Nepolean, Jayaprada, Nagesh, M.S. Bhaskar; Directed by K.S. Ravichandran and Produced by Aascar Venu Ravichandran.
‘അവ്വൈ ഷണ്മുഖി’, ‘തെന്നാലി’, ‘പഞ്ചതന്ത്രം’ എന്നിങ്ങനെ കമലഹാസനുമൊത്ത് ഹിറ്റുകള്‍ മാത്രം ഒരുക്കിയിട്ടുള്ള കെ.എസ്. രവികുമാര്‍ എന്ന സംവിധായകന്റെ, കമലുമൊത്തുള്ള പുതിയ ചിത്രമാണ് ‘ദശാവതാരം’. ചിത്രത്തിന്റെ നിര്‍മ്മാതാവ്, വേണു രവിചന്ദ്രനെ ‘അന്ന്യന്‍’ എന്ന ഒറ്റ ചിത്രത്തിന്റെ പേരില്‍ തന്നെ ഓര്‍മ്മിക്കാവുന്നതാണ്. എല്ലാ ചിത്രങ്ങളിലും എന്തെങ്കിലുമൊരു പുതുമ പ്രേക്ഷകര്‍ക്കായി ഒരുക്കുവാന്‍ നിര്‍ബന്ധബുദ്ധിയോടെ യത്നിക്കുന്ന കമലഹാസന്‍, പത്തു വേഷങ്ങളിലെത്തുന്നു എന്നതാണ് ‘ദശാവതാര’ത്തിന്റെ പ്രത്യേകത. അസിനാണ് നായികയുടെ സ്ഥാനത്ത് എത്തുന്നത്.

1991-ല്‍ പുറത്തിറങ്ങിയ ‘മൈക്കിള്‍ മാദന കാമരാജന്‍’, എന്ന ചിത്രത്തില്‍ നാലു വ്യത്യസ്ത കഥാപാത്രങ്ങളെ, കമലഹാസന്‍ തന്മയത്വത്തോടെ അവതരിപ്പിച്ച് ഫലിപ്പിക്കുന്നത് നമ്മള്‍ കണ്ടതാണ്. അതിനാല്‍ തന്നെ കമലഹാസന്‍ പത്തു വേഷങ്ങളിലെത്തുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷകളും വാനോളമായിരുന്നു. എന്നാല്‍; രണ്ടോ, മൂന്നോ കഥാപാത്രങ്ങളൊഴികെയുള്ളവ, കേവലം എണ്ണം തികയ്ക്കുവാനായി കൂട്ടിച്ചേര്‍ത്തവയായിപ്പോയി. പന്ത്രണ്ടാം നൂറ്റാണ്ടിലേയും‍, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേയും സംഭവങ്ങളേയും, ‘അവതാരങ്ങളേ’യും; വിശ്വസനീയമായി കൂട്ടിയിണക്കുവാന്‍ സിനിമയുടെ ശില്പികള്‍ക്ക് കഴിഞ്ഞില്ല എന്നയിടത്താണ് ‘ദശാവതാരം’ പരാജയപ്പെടുന്നത്. ഒരു ചിത്രശലഭം ചിറകു വീശുന്നതും/വീശാതിരിക്കുന്നതും, അനേകനാളുകള്‍ക്ക് ശേഷം ഒരു കൊടുങ്കാറ്റിനെ സൃഷ്ടിക്കുവാനോ/തടയിടുവാനോ കാരണമായേക്കാമെന്ന, കെയോസ് തിയറിയില്‍ പ്രതിപാദിച്ചിരിക്കുന്ന ബട്ടര്‍ഫ്ലൈ ഇഫക്ടിനെ അടിസ്ഥാനപ്പെടുത്തിയാണ് ഈ ചിത്രത്തിലെ സംഭവങ്ങളെ ബന്ധിപ്പിച്ചിരിക്കുന്നതെന്ന് നായകനെക്കൊണ്ട്, തിരക്കഥാകൃത്തുകൂടിയായ കമലഹാസന്‍ പറയിക്കുന്നുണ്ട്. ഈ രീതിയില്‍ സിനിമകണ്ട് മനസിലാക്കുന്നവര്‍ക്കു മാത്രമേ പന്ത്രണ്ടാം നൂറ്റാണ്ടും, ഇരുപത്തിയൊന്നാം നൂറ്റാണ്ടും തമ്മില്‍ ഈ സിനിമയില്‍ ബന്ധപ്പെടുത്തിയിരിക്കുന്നതിലെ കൌശലം പിടികിട്ടുകയുള്ളൂ. ആശയം ഗംഭീരമാണെങ്കിലും, അതിന്റെ ചലച്ചിത്രാവിഷ്കാരം അത്രമേല്‍ ശുഷ്കവുമായിപ്പോയി.

കഥാസാരം
വൈഷ്ണവരും, ശൈവരും ചേരിതിരിഞ്ഞ് കലഹിക്കുന്ന പന്ത്രണ്ടാം നൂറ്റാണ്ടിലാണ് ചിത്രം ആരംഭിക്കുന്നത്. ശൈവരെ അനുകൂലിക്കുന്ന ചോള രാജാവ്, വിഷ്ണു പ്രതിമകളേയും അതുവഴി വൈഷ്ണവരേയും ഇല്ലായ്മ ചെയ്യുവാന്‍ യത്നിക്കുന്നു. ചിദംബരത്തുള്ള വിഷ്ണുക്ഷേത്രത്തിലെ പൂജാരി രം‌ഗരാജ നമ്പി(കമലഹാസന്‍), തന്റെ ക്ഷേത്രത്തിലെ വിഷ്ണുപ്രതിമയെ കടലിലെറിയുന്നതിനെ എതിര്‍ക്കുന്നു. എന്നാല്‍ ഒടുവില്‍ രംഗരാജന് തോല്‍‌വി സമ്മതിക്കേണ്ടി വരുന്നു. ശിവനെ ഭജിക്കുവാന്‍ കൂട്ടാക്കാത്ത രംഗരാജനേയും, രാജാവ് പ്രതിമയോടൊപ്പം സമുദ്രത്തിലെറിയുവാന്‍ അജ്ഞാപിക്കുന്നു. ഇതുകണ്ട് രംഗരാജന്റെ ഭാര്യ കൊത്തൈ രാധ(അസിന്‍), കല്ലില്‍ തലതല്ലി മരിക്കുന്നു. പിന്നീടുള്ള കഥ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ് നടക്കുന്നത്. അമേരിക്കയിലുള്ള ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍, ഗോവിന്ദരാജന്‍ രാമസ്വാമി(കമലഹാസന്‍), ജൈവായുധമായി വികസിപ്പിക്കുവാന്‍ കഴിയുന്ന വിനാശകാരിയായ ഒരു വൈറസിനെ കണ്ടുപിടിക്കുന്നു. വൈറസിന്റെ സംഹാരശേഷി മനസിലാക്കുന്ന ഗോവിന്ദ്, വൈറസിനെ എന്നെന്നേക്കുമായി ഇല്ലായ്മ ചെയ്യുകയാണ് വേണ്ടതെന്ന് മേലധികാരിയോട് പറയുന്നു. എന്നാല്‍ അയാള്‍ വൈറസിനെ, വന്‍വിലയ്ക്ക് ക്രിസ്റ്റ്യന്‍ ഫ്ലെച്ചര്‍(കമലഹാസന്‍) എന്ന തീവ്രവാദിക്ക് നല്‍കുവാ‍നാണ് പോവുന്നതെന്ന് മനസിലാക്കുന്ന ഗോവിന്ദ്, ലാബില്‍ അവശേഷിച്ച വൈറസ് സാമ്പിള്‍ അടങ്ങുന്ന ചെപ്പുമായി കടക്കുന്നു. ക്രിസ്റ്റ്യന്‍ ഫ്ലെച്ചര്‍ ഗോവിന്ദിനെ പിന്തുടരുന്നു. ഇവര്‍ തമ്മില്‍ ചെപ്പിനായി നടത്തുന്ന ഏറ്റുമുട്ടലുകളാണ് ചിത്രത്തിനാധാരം.

അഭിനയം
കമലഹാസന്‍ തന്നെയാണല്ലോ, ഇതിലെ പത്തു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അഭിനയം വിലയിരുത്തുവാനും മാത്രം രംഗങ്ങള്‍ ഈ പത്തു കഥാപാത്രങ്ങള്‍ക്കു തന്നെയില്ല. ‘ഹേ റാം’ എന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ രൂപം ഓര്‍മ്മപ്പെടുത്തുമെങ്കിലും, വൈഷ്ണവ ക്ഷേത്രത്തിലെ പൂജാരിയായ രംഗരാജ നമ്പിയാണ് ഈ കഥാപാത്രങ്ങളില്‍ രൂപഭാവങ്ങള്‍ കൊണ്ടും, അഭിനയം കൊണ്ടും മികച്ചതായത്. നായകന്‍ ഗോവിന്ദരാജന്‍ രാമസ്വാമിയേയും കമല്‍ നന്നായി അവതരിപ്പിച്ചു. സി.ബി.ഐ. ഓഫീസറായ ബല്‍‌റാം നായിഡുവിനേയും തരക്കേടില്ലാതെ അവതരിപ്പിക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. എന്നാല്‍; ക്രിസ്റ്റ്യന്‍ ഫ്ലെച്ചര്‍, കൃഷ്ണവേണി പാട്ടി, ഷിംഗെന്‍ നരഹഷി, പ്രസിഡന്റ് ബുഷ്, വിന്‍സെന്റ് പൂവരാഗന്‍, കൈഫ് ഉള്ളഹ്, അവതാര്‍ സിംഗ് എന്നീ വേഷങ്ങള്‍ക്ക് അവതാരങ്ങള്‍ എന്ന വിശേഷണത്തേക്കാള്‍ ചേരുക, പ്രച്ഛന്നവേഷങ്ങള്‍ എന്നതാവും. മുഖം‌മൂടി വെച്ച് ആര്‍ക്കും കാണിക്കാവുന്ന കോപ്രായങ്ങളൊക്കെ ഈ വേഷങ്ങളില്‍ കമലും കാണിച്ചിട്ടുണ്ട്, അതില്‍ അഭിനയം എന്നുവിളിക്കുവാനും മാത്രം കാര്യമായി എന്തെങ്കിലും ഉള്ളതായി തോന്നിയില്ല; കട്ടികൂടിയ മേക്കപ്പിനുള്ളിലൂടെ എന്തെങ്കിലും ഭാവം മുഖത്ത് കൊണ്ടുവരുവാനും കഴിയില്ലല്ലൊ. കൊത്തൈ രാധ, അണ്ടാള്‍ എന്നീ വേഷങ്ങളിലെത്തുന്ന അസിന്‍, ഉള്ള റോള്‍ ഭംഗിയായി ചെയ്തിട്ടുണ്ട്. പിന്നെ ആര്‍ക്കും ചിത്രത്തില്‍ കാര്യമായി അഭിനയിക്കേണ്ടി വന്നിട്ടില്ല.

ഗാനങ്ങള്‍
ഹിമേഷ് രെഷാമിയയാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. ഹരിഹരനും സംഘവും ചേര്‍ന്ന് ആലപിച്ചിരിക്കുന്ന “കല്ലൈ മട്ടും കണ്ടാല്‍” എന്ന ഗാനം പന്ത്രണ്ടാം നൂറ്റാണ്ടിലാണ് ചിത്രീകരിച്ചിരിക്കുന്നത്. വാലിയുടേതാണ് വരികള്‍. ചിത്രത്തിലെ മികച്ച ഒരു ഗാനമായി ഇതിനെ കണക്കാക്കാം. ശൈവ-വൈഷ്ണവ സംഘര്‍ഷം വരികളിലും പ്രതിഫലിപ്പിക്കുവാന്‍ വാലിക്കായി. അതുപോലെ സംഗീതവും ചിത്രത്തിന്റെ ആ ഭാഗത്തോട് നന്നായിണങ്ങുന്നു. (പന്ത്രണ്ടാം നൂറ്റാണ്ടിലെ സംഗീതം ഇങ്ങിനെയായിരുന്നിരിക്കുമോ എന്ന ചോദ്യം ചോദിക്കുവാന്‍ പാ‍ടില്ലെന്നു മാത്രം!) ഹരിഹരന്റെ ആലാപനവും, വാദ്യോപകരണങ്ങളുടെ യുക്തമായ പ്രയോഗവും ഈ ഗാനത്തിന്റെ ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കുന്നു. മല്ലിക ഷെറാവത്തിന്റെ ഗ്ലാമര്‍ നൃത്തരംഗം കാണിക്കുവാനായി മാത്രം ഉള്‍പ്പെടുത്തിയിരിക്കുന്ന “കാ... കറുപ്പനാകും“ എന്ന ഗാനം പ്രത്യേകിച്ചൊരു ചലനവും പ്രേക്ഷകനില്‍ ഉണ്ടാക്കുന്നില്ല. ഇംഗ്ലീഷോ, തമിഴോ എന്ന് സംശയം തോന്നുന്ന; വൈരമുത്തുവിന്റെ വരികള്‍ ഒരു പ്രാവശ്യം കേട്ടാല്‍ മനസിലാക്കുകയും പ്രയാസം. ശാലിനി സിങ്ങാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ആലാപനത്തിലെ ആകര്‍ഷണീയതകൊണ്ട്, കേട്ടിരിക്കുവാന്‍ പ്രേരിപ്പിക്കുമെന്നു മാത്രം.

വാലി രചന നിര്‍വ്വഹിച്ച്; സാധന സര്‍ഗം, കമലഹാസന്‍ എന്നിവര്‍ ആലപിച്ചിരിക്കുന്ന “മുകുന്ദ, മുകുന്ദ കൃഷ്ണ!“ എന്ന ഗാനത്തില്‍, അസിന്‍ അവതരിപ്പിക്കുന്ന അണ്ടാള്‍ എന്ന കഥാപാത്രത്തിന്റെ വിഷ്ണുവിനോടുള്ള പ്രാര്‍ത്ഥനയാണ് ചിത്രീകരിച്ചിരിക്കുന്നത്. ഒരു പക്ഷെ, ചിത്രത്തിലെ ഗാനങ്ങളില്‍, വീണ്ടും വീണ്ടും കേള്‍ക്കുവാന്‍ പ്രേരിപ്പിക്കുന്ന ഒരു ഗാനം ഇതു മാത്രമാവാം. ഭക്തിരസപ്രധാനമായ ഒരു മെലഡിയായി ഈ ഗാനത്തെ കണക്കാക്കാം. ചരണങ്ങളില്‍ കൃഷ്ണലീലകളും, വിഷ്ണുവിന്റെ അവതാരങ്ങളുമൊക്കെയാണ് പ്രതിപാദ്യം. ഇവയൊക്കെ വാലി നന്നായി വരികളാക്കി മാറ്റിയിരിക്കുന്നു. അവതാര്‍ സിംഗ് എന്ന സിക്ക് പോപ്പ് ഗായകനായി കമലഹാസന്‍ പാടി അഭിനയിക്കുന്ന ഗാനമാണ് “ഓ... ഹോ... സനം“ എന്ന ഗാനം. വൈരമുത്തുവിന്റെ വരികള്‍; കമലഹാസന്‍, മഹാലക്ഷ്മി അയ്യര്‍ എന്നിവരുടെ ആലാപനം. കമലഹാസന്റെ ശബ്ദം ഗാനത്തിനു യോജിക്കുന്നു. ഗാനചിത്രീകരണവും നന്ന്. എന്നാല്‍ കാര്യമായ ഒരു ‘ഇം‌പാക്ട്’ നല്‍കുവാന്‍ ഈ ഗാനത്തിനാവുന്നില്ല. ഹിമേഷ്, മഹാലക്ഷ്മി ആയ്യര്‍ എന്നവര്‍ ആലപിച്ച, “ഓ... ഹോ... സനം“ എന്ന ഗാനത്തിന്റെ റിമിക്സ് പതിപ്പ് ചിത്രത്തില്‍ ഉള്‍പ്പെടുത്താത്തത് ഭാഗ്യം! വൈരമുത്തു എഴുതിയ “ഉലഗ നായഗനേ...“ എന്നൊരു ഗാനവും ചിത്രത്തിന്റെ അവസാനം കാണാം. വിനിത് സിങ്ങാണ് ഗാ‍നം ആലപിച്ചിരിക്കുന്നത്. കമലഹാസനെ പല വേഷങ്ങള്‍ക്കായി ഒരുക്കിയിടുക്കുന്നതിന്റെയും മറ്റും ദൃശ്യങ്ങള്‍ ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നു.

ഗ്രാഫിക്സ്
കമ്പ്യൂട്ടര്‍ ഗ്രാഫിക്സിനെക്കുറിച്ചു പറയുക, ഏറ്റവും നല്ല കമ്പ്യൂട്ടര്‍ ഗ്രാഫിക്സ് ശ്രദ്ധിക്കപ്പെടാതെ പോവുമെന്നാണ്. അതായത്, അത്രയും വിശ്വസനീയമായിട്ടാണ് അവ സിനിമയില്‍ ഉപയോഗിക്കപ്പെടുക. എന്നാല്‍ ‘ദശാവതാര’ത്തിലെ ഗ്രാഫിക്സ് ഈ തരത്തില്‍ നോക്കിയാല്‍ മികച്ചതെന്നു കരുതുവാനാ‍വില്ല. ഏതൊക്കെ ഭാഗങ്ങളിലാണ് ഗ്രാഫിക്സ് ഉപയോഗിച്ചിരിക്കുന്നതെന്ന്, ചിത്രം കാണുന്ന ഭൂരിഭാഗം പേര്‍ക്കും മനസിലാക്കുവാന്‍ സാധിക്കും. എങ്കില്‍ തന്നെയും, ഇന്ത്യന്‍ സിനിമകളുമായി താരതമ്യപ്പെടുത്തുമ്പോള്‍, അത്ര മോശമെന്നും ഇതിനെ പറയുവാന്‍ കഴിയുകയില്ല. നായകനെ ‘സൂപ്പര്‍ഹീറോ’വായി അവതരിപ്പിക്കുവാനാണല്ലോ ഇവിടെ ഗ്രാഫിക്സ് ഉപയോഗപ്പെടുത്തുന്നത്. ഒന്നുമില്ലെങ്കിലും, ഇതില്‍ കഥയ്ക്ക് ആവശ്യമുള്ള രംഗങ്ങള്‍ സൃഷ്ടിക്കുവാനാണ് ഗ്രാഫിക്സ് ഉപയോഗിച്ചിരിക്കുന്നതെന്നൊരു സമാധാനമെങ്കിലുമുണ്ട്. എന്നിരുന്നാലും, ചിത്രശലഭം പറക്കുന്നതും, കടലിലെറിയുന്ന വിഗ്രഹത്തിനരികിലൂടെ സ്രാവ് കടന്നു പോവുന്നതും മറ്റും, കമ്പ്യൂട്ടറുകളിലെ സ്കീന്‍ സേവറില്‍ നിന്നും ഇറങ്ങി വന്നതുപോലെ തോന്നിച്ചു. കുറച്ചുകൂടി മികച്ച രീതിയില്‍ ഗ്രാഫിക്സ്, ഈ ചിത്രത്തില്‍ ഉപയോഗപ്പെടുത്തേണ്ടതായിരുന്നു.

വിഷ്ണുവിന്റെ അവതാരങ്ങളെ, ‘അവതാരം’ എന്നുവിളിക്കുന്ന യുക്തിയില്‍ ‘ദശാവതാര’ത്തിലെ കമലഹാസന്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെ ബന്ധിപ്പിക്കുവാനാവില്ല. ഈ കഥാപാത്രങ്ങളൊക്കെ കമലഹാസനു പകരം പത്തു നടീനടന്മാര്‍ ചെയ്തിരുന്നെങ്കിലും, കഥയ്ക്ക് യാതൊരു കുഴപ്പവും വരാനില്ല. പിന്നെന്താണ് കമലഹാസന്‍ എന്ന നടന്‍ പത്തു വേഷങ്ങളെ ഒറ്റയ്ക്ക് അവതരിപ്പിക്കുന്നത്? കാരണം, അങ്ങിനെയെന്തിങ്കിലും ചെയ്യുകയും, അതിനു പബ്ലിസിറ്റി നല്‍കുകയും ചെയ്താല്‍ മാത്രമേ, ഇങ്ങിനെയൊരു തിരക്കഥയിലുള്ള പടം രക്ഷപെടുകയുള്ളൂ, എന്ന് ഇതിന്റെ അണിയറശില്പികള്‍ക്ക് അറിയാവുന്നതിനാല്‍ തന്നെ! കമലഹാസന്റെ ചിത്രം, അദ്ദേഹത്തിന്റെ പത്തുവേഷങ്ങള്‍ എന്നതിനെ മാത്രം വിശ്വസിച്ച്, പ്രദര്‍ശനശാലയില്‍ തിക്കി തിരക്കി, അകത്തു കയറുന്ന പ്രേക്ഷകനോടുള്ള നീതികേടായി മാത്രമേ ഈ ചിത്രത്തെ വിലയിരുത്തുവാനാവൂ. സിനിമയ്ക്ക് പ്രയോജനകരമല്ലാത്ത, ഇത്തരം മണ്ടന്‍ പരീക്ഷണങ്ങള്‍ ഇനിയും കമലഹാസന്‍ ആവര്‍ത്തിക്കുകയില്ലെന്നു കരുതാം; അങ്ങിനെയൊരു മണ്ടത്തരത്തിനു നിന്നു കൊടുക്കുവാനും മാത്രം മണ്ടന്മാരല്ല പ്രേക്ഷകരെന്നെങ്കിലും മനസിലാക്കുവാനുള്ള വിവരം, ഇത്രയും നാളത്തെ സിനിമാജീവിതം അദ്ദേഹത്തിനു നല്‍കിയിട്ടുണ്ടാവാമല്ലോ!

അനുബന്ധം
൧ - ദശാവതാരം വിക്കി പേജ്
൨ - ദശാവതാരം വെബ് സൈറ്റ്



Description: Dasavatharam; Starring Kamal Hassan (Kamalahasan), Asin Thottungal, Mallika Sherawat, Nepolean, Jayaprada, Nagesh, M.S. Bhaskar; Directed by K.S. Ravichandran and Produced by Aascar Venu Ravichandran. Music by Himesh Reshammiya; Lyrics by Vaali, Vairamuthu. Story, Screenplay and Dialogues by Kamal Hassan, Sujatha, Crazy Mohan and K.S. Ravikumar. Kamal, always known in the industry for trying out something new, is handling ten different roles in this movie. 10 Ten Avatars of Kamal: Rangaraja Nambi, Govindarajan Ramaswamy, George Bush, Avtaar Singh, Christian Fletcher, Shinghen Narahasi, Krishnaveni, Vincent Poovaraagan, Kalifullah Mukhtaar and Balram Naidu. Film Review by Hareesh N. Nampoothiri aka Haree | ഹരീ
--

സര്‍ക്കാര്‍ രാജ് (Sarkar Raj)

Published on: June 14, 2008

Sarkar Raj (Film Review in Malayalam): A film by Ram Gopal Varma, Starring Amitabh Bachchan, Abhishek Bachchan, Aiswarya Rai Bachchan.
2005-ല്‍ പുറത്തിറങ്ങിയ ‘സര്‍ക്കാര്‍’ എന്ന ചിത്രത്തിന്റെ രണ്ടാമത് ഭാഗമാണ് ‘സര്‍ക്കാര്‍ രാജ്’. ആദ്യചിത്രം ‘ദി ഗോഡ്‌ഫാദര്‍’ എന്ന ചിത്രത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് തയ്യാറാക്കിയതാണെങ്കിലും, രണ്ടാം ഭാഗത്തിന് ‘ദി ഗോഡ്‌ഫാദര്‍ 2’വുമായി ബന്ധമൊന്നുമില്ലെന്ന് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ പറയുന്നു. ആദ്യചിത്രത്തിന്റെ തുടര്‍ച്ച എന്നുപോലും ഇതിനെ കാണേണ്ടതില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. നാഗ്‌റേ കുടുംബത്തിന്റെ മറ്റൊരു ‘അഡ്വഞ്ചര്‍’ മാത്രമാണിതെന്നാണ് കഥാകൃത്തും, നിര്‍മ്മാതാവും കൂടിയായ അദ്ദേഹം പറയുന്നത്. പ്രശാന്ത് പാണ്ഡേ, പ്രവീണ്‍ നിഷാല്‍ എന്നിവരാണ് രാം ഗോപാല്‍ വര്‍മ്മയോടൊപ്പം; യഥാക്രമം രചനയും, നിര്‍മ്മാണവും നിര്‍വ്വഹിച്ചിരിക്കുന്നത്.

മഹാരാഷ്ട്രയിലെ വൈദ്യുതിക്ഷാമത്തിന് ഒരു പരിഹാരമായി ഒരു പവര്‍‌പ്ലാന്റ് സ്ഥാപിക്കുക, എന്ന ഉദ്ദേശലക്ഷ്യവുമായി ഒരു അന്താരാഷ്ട്ര കമ്പനി സുഭാഷ് നാഗ്‌റെയെ/സര്‍ക്കാരെ(അമിതാഭ് ബച്ചന്‍) സമീപിക്കുന്നതില്‍ നിന്നുമാണ് ചിത്രത്തിന്റെ തുടക്കം. കമ്പനിയുടെ സി.ഇ.ഒ, കമ്പനിയുടമയുടെ മകള്‍, അനിത രാജനാണ്(ഐശ്വര്യ റായ്), കമ്പനിയുടെ ഇവിടുത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ആദ്യം സര്‍ക്കാര്‍ ഈ പ്രോജക്ടിനെ എതിര്‍ക്കുന്നെങ്കിലും, മകന്‍ ശങ്കര്‍ നാഗ്‌റേ(അഭിഷേക് ബച്ചന്‍), ഇത് മഹാരാഷ്ട്രയുടെ ഉന്നമനത്തിനാണെന്ന് വാദിക്കുകയും, മകന്റെ വാക്കുകളെ വിശ്വാസത്തിലെടുത്ത് പിന്നീട് ഇതിനെ അനുകൂലിക്കുകയും ചെയ്യുന്നു. പ്രോജക്ട് വരുന്നതുവഴി ഗ്രാമങ്ങളില്‍ നിന്നും ഒഴിവാക്കേണ്ട ഗ്രാമീണരെക്കുറിച്ചാണ് സര്‍ക്കാരിനു ചിന്ത. ശങ്കറും, അനിതയും ചേര്‍ന്ന് ഈ പ്രോജക്ട് വരേണ്ടുന്നതിന്റെ ആവശ്യകതയെക്കുറിച്ച് ഗ്രാമീണരെ പറഞ്ഞുമനസിലാക്കുവാന്‍ ആരംഭിക്കുന്നു. എന്നാല്‍ ഇതിനു പിന്നില്‍ മറ്റു ലക്ഷ്യങ്ങളാണുണ്ടായിരുന്നതെന്ന് ശങ്കറും, സര്‍ക്കാരും മനസിലാക്കുവാന്‍ വൈകുന്നു.

രാം ഗോപാല്‍ വര്‍മ്മ ചിത്രങ്ങളുടെ ആരാധകരെ തൃപ്തിപ്പെടുത്തുന്ന ഒരു ചിത്രമാണിത്. വലിച്ചു നീട്ടലുകളില്ലാതെ, ഓരോ രംഗവും പ്രേക്ഷകന്റെ മനസില്‍ പതിയുന്ന രീതിയിലാണ് ചിത്രീകരണം. ഓരോ കഥാപാത്രത്തിനും, വളരെ അനുയോജ്യരായ അഭിനേതാക്കളെയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓരോരുത്തരും തങ്ങളുടെ കഥാപാത്രങ്ങളെ ഭംഗിയാക്കിയിട്ടുമുണ്ട്. ഓര്‍മ്മയില്‍ സൂക്ഷിക്കുവാന്‍ ഉതകുന്ന ഒരുപിടി രംഗങ്ങളും ചിത്രത്തിലുണ്ട്. ശങ്കറിന്റെ കാര്‍ സ്ഫോ‍ടനത്തില്‍ തകരുന്ന രംഗം, സര്‍ക്കാര്‍-റാവു സാബ്(ദിലീ‍പ് പ്രഭാവല്‍ക്കര്‍) എന്നിവരൊത്തുള്ള ക്ലൈമാക്സ് രംഗം എന്നിവയൊക്കെ ഇവയില്‍ പെടും. ചിത്രത്തിന് അനുയോജ്യമായ ‘മൂഡ്’ സൃഷ്ടിച്ചിരിക്കുന്നതില്‍, അമിത് റോയുടെ ഛായാഗ്രാഹണം, അമര്‍ മൊഹിലിയുടെ പശ്ചാത്തല സംഗീതം, നിതിന്‍ ഗുപ്തയുടെ എഡിറ്റിംഗ് എന്നിവയ്ക്കുള്ള പങ്കും വിസ്മരിക്കത്തക്കതല്ല.

അമിതാഭ്, അഭിഷേക്, ഐശ്വര്യ; മൂവരും തങ്ങളുടെ കഥാ‍പാത്രങ്ങളെ ഭംഗിയാക്കിയിട്ടുണ്ട്. എങ്കിലും, ഐശ്വര്യ റായുടെ കഥാപാത്രം ഇതിലും മെച്ചമാക്കുവാന്‍ കഴിയുമായിരുന്നെന്നു തോന്നി. ചിത്രത്തിലുടനീളം മറ്റെല്ലാ കഥാപാത്രങ്ങള്‍ക്കുമുള്ള ഒരു ‘ഐഡന്റിറ്റി’, അനിതയെന്ന കഥാപാത്രത്തിനു നല്‍കുവാന്‍ ഐശ്വര്യ റായ്ക്കു കഴിഞ്ഞില്ല. ഒരുപക്ഷെ, ഇതിനൊരു മൂന്നാം ഭാഗമുണ്ടെങ്കില്‍; സംവിധായകനും, അഭിനേത്രിക്കും അത്ര എളുപ്പത്തില്‍ ഈ കഥാപാത്രത്തെ കൈകാര്യം ചെയ്യുവാന്‍ കഴിയുമോ എന്നതും സംശയമാണ്. പല രംഗങ്ങളിലും, ക്യാമറ അമിതമായി ചലിപ്പിച്ച്, അവയുടെ ഭംഗി നശിപ്പിച്ചു വെന്നതും സൂചിപ്പിക്കേണ്ടതുണ്ട്. അവയിലൊക്കെ തോന്നിയിരുന്ന പുതുമ ഇപ്പോളില്ല എന്നത് സംവിധായകന്‍ ഇനിയെങ്കിലും ഓര്‍ക്കുന്നതും നന്നായിരിക്കും.

ഇന്ത്യന്‍ സിനിമയില്‍ പരീക്ഷണങ്ങള്‍ക്ക് ധൈര്യം കാണിക്കുന്ന സംവിധായകന്‍ എന്ന നിലയ്ക്കാണല്ലോ രാം ഗോപാല്‍ വര്‍മ്മ, ശ്രദ്ധയാകര്‍ഷിച്ചത്. എന്നാല്‍ ഈ ചിത്രത്തില്‍, കാര്യമായ പരിക്ഷണങ്ങളൊന്നുമില്ല. തന്റെ സ്ഥിരം ശൈലിയില്‍ തന്നെയാണ് ഈ ചിത്രവും സംവിധായകന്‍ ഒരുക്കിയിരിക്കുന്നത്. ആ ശൈലി പ്രേക്ഷകര്‍ക്ക് ഇനിയും മടുത്തിട്ടില്ല എന്ന വസ്തുതയാവാം കൂടുതല്‍ പുതുമകള്‍ പരീക്ഷിക്കുവാന്‍ വര്‍മ്മ തുനിയാത്തതിന് ഒരു കാ‍രണം. ഒരുപക്ഷെ മറ്റൊരു സംവിധായകനും ഈ കഥ ഹിന്ദിസിനിമയില്‍ ചിത്രീകരിക്കുവാന്‍ ധൈര്യം കാണിക്കുകയില്ലായിരിക്കാം. അത്രമാത്രം സത്യസന്ധമായ രീതിയിലാണ് വര്‍മ്മ ഈ കഥ പറഞ്ഞിരിക്കുന്നത്. എന്നാ‍ല്‍ ഒരു സിനിമയിലെ ഈ സത്യസന്ധത എത്രപേര്‍ക്ക് പൂര്‍ണ്ണമായി ഉള്‍ക്കൊള്ളുവാനും, ആസ്വദിക്കുവാനും കഴിയുമെന്നുള്ള ചോദ്യം, അപ്പോഴും അവശേഷിക്കുമെന്നു മാത്രം.


Description: Sarkar Raj, a film/movie/cinema review in Malayalam by Haree | ഹരീ (Hareesh N. Nampoothiri). Film Written, Produced and Directed by Ram Gopal Varma; Co-written by Prashant Pandey, Co-produced by Praveen Nishal. Starring Amitabh Bachchan, Abhishek Bachchan, Aiswarya Rai Bachchan, Tanisha Mukherjee, Ravi Kale, Victor Banerjee, Supriya Pathak, Dilip Prabhavalkar etc. Music by Amar Mohile and Cinematography by Amit Roy.
--

മലയാളിയുടെ വിഷു ചിത്രങ്ങള്'08‍

Published on: June 05, 2008

ChithraVishesham Poll: Best of Vishu Releases
2008-ലെ വിഷു ചിത്രങ്ങളെ മലയാളികള്‍ മറന്നു കഴിഞ്ഞിരിക്കണം. ലാല്‍ജോസ്-ദിലീപ് എന്നിവരൊന്നിച്ച ‘മുല്ല’; സത്യന്‍ അന്തിക്കാട്-മോഹന്‍ലാല്‍-മീര ജാസ്മിന്‍ ടീമിന്റെ ‘ഇന്നത്തെ ചിന്താവിഷയം’; വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം ബാലചന്ദ്രമേനോന്‍ യുവതാരങ്ങളെ അണിനിരത്തി കാഴ്ചയ്ക്കെത്തിച്ച ‘ദേ! ഇങ്ങോട്ടു നോക്കിയേ...’; ‘രാജമാണിക്യ’ത്തിനു ശേഷം മമ്മൂട്ടി-അന്‍‌വര്‍ റഷീദ് എന്നിവരൊന്നിച്ച ‘അണ്ണന്‍ തമ്പി’ എന്നിവയായിരുന്നു ഈ വര്‍ഷത്തെ മലയാളിയുടെ വിഷുക്കണി.

ChithraVishesham Poll Resultവിഷു ചിത്രങ്ങളില്‍, ചിത്രവിശേഷം പ്രേക്ഷകര്‍ മികച്ച ചിത്രമായി തിരഞ്ഞെടുത്തത്, ‘അണ്ണന്‍തമ്പി’ എന്ന മമ്മൂട്ടി-അന്‍‌വര്‍ റഷീദ് ചിത്രത്തെയാണ്. മികച്ച ചിത്രങ്ങളുടെയൊന്നും പട്ടികയില്‍ പെടുത്തുവാന്‍ കഴിയുകയില്ലെങ്കിലും, പ്രേക്ഷകരുടെ പ്രതീക്ഷകള്‍ക്കൊത്ത ഒന്നായിരുന്നു ഇത്. ചിത്രം വിജയിച്ചുവെങ്കിലും, ഇവരുടെ ആദ്യ ചിത്രമായ ‘രാജമാണിക്യ’ത്തിന്റെ അടുത്തെങ്ങും ഇതെത്തുകയില്ല എന്നതും പറയേണ്ടതാണ്. ആകെ പോള്‍ ചെയ്ത 162 വോട്ടില്‍ 117 വോട്ട്(72%) ഈ ചിത്രം നേടി. നിലവാരമുള്ള മറ്റു ചിത്രങ്ങളുടെ അഭാവവും, ഇത്രയും വോട്ട് ഈ ചിത്രത്തിനു ലഭിക്കുവാന്‍ ഒരു കാരണമാണ്.

‘രസതന്ത്ര’ത്തിനു ശേഷം, അതേ കലാകാരന്മാര്‍ ഒന്നിക്കുന്ന ഒരു ചിത്രമാണ് ‘ഇന്നത്തെ ചിന്താവിഷയം’. എന്നാല്‍ ഒരേ വീഞ്ഞ് കുപ്പിമാറ്റി ഇറക്കുന്ന ഈ പരിപാടി സത്യന്‍ അന്തിക്കാട് എത്രയും വേഗം അവസാനിപ്പിക്കണമെന്ന വ്യക്തമായ സന്ദേശമാണ് ചിത്രവിശേഷം പോളില്‍ പ്രതിഫലിക്കുന്നത്. 19 വോട്ടുകള്‍ നേടി(11%) ഈ ചിത്രം രണ്ടാമതെത്തിയെങ്കിലും, പ്രേക്ഷകരെ ഒട്ടും തന്നെ തൃപ്തിപ്പെടുത്തിയില്ല ഈ സിനിമ എന്നത് വ്യക്തം. മോഹന്‍ലാല്‍, മീര ജാസ്മിന്‍ എന്നവരുടെ സാന്നിധ്യവും; സത്യന്‍ അന്തിക്കാടിന്റെ സംവിധാനപാടവവും കൊണ്ട് കണ്ടിരിക്കുവാന്‍ കൊള്ളാവുന്ന ഒരു ചിത്രമാണിത്; എന്നാല്‍ ഒരു ചിത്രത്തെ നല്ല സിനിമ എന്ന കൂട്ടത്തില്‍ കൂട്ടുവാന്‍ ഇവ മാത്രം പോരല്ലോ! ഇത്രയുമൊക്കെ താരപ്പൊലിമയുണ്ടായിട്ടും, ചിത്രം ‘മുല്ല’യില്‍ നിന്നും ഏറെയൊന്നും മുന്നോട്ടു പോവാത്തതിന്റെ കാരണവും മറ്റൊന്നല്ല.

‘ചാന്തുപൊട്ടി’നു ശേഷം ലാല്‍ ജോസും, ദിലീപും വീണ്ടുമൊരുമിച്ചപ്പോള്‍; മറ്റൊരു ‘മീശമാധവനെ’യാണ് പ്രേക്ഷകര്‍ പ്രതീക്ഷിച്ചത്. എന്നാല്‍ ‘മുല്ല’ അത്തരത്തിലൊരു ചിത്രമായിരുന്നില്ല. ദിലീപ് സിനിമകളുടെ ആകര്‍ഷണീയതയായ നര്‍മ്മവും ഇതില്‍ കണ്ടില്ല. ചിത്രവിശേഷം പോളില്‍ 13 വോട്ടുകള്‍ നേടി(8%) ഈ ചിത്രം മൂന്നാമതെത്തി. ബാലചന്ദ്രമേനോന്‍ സിനിമയായ ‘ദേ! ഇങ്ങോട്ടു നോക്കിയേ...’ എന്നതും, ഇത്രയും തന്നെ വോട്ടുകള്‍ നേടുകയുണ്ടായി. എത്ര മോശം സിനിമയാണെങ്കിലും, ദൃശ്യമാധ്യമങ്ങള്‍ക്കു മുന്‍പില്‍ സിനിമയെക്കുറിച്ച് അതിന്റെ സൃഷ്ടാക്കള്‍ മോശമായൊന്നും പറഞ്ഞുകണ്ടിട്ടില്ല. എന്നാല്‍ പറഞ്ഞു നില്‍ക്കാവുന്നതിലും പരിതാപകരമായിരുന്നു ഈ ചിത്രം. അതിനാല്‍ തന്നെ സംവിധായകന് ചിത്രത്തിന് നിലവാരമില്ലെന്ന് തുറന്നു സമ്മതിക്കേണ്ടതായും വന്നു. തന്റെ അറിവോ സമ്മതമോ കൂടാതെ, ഏതാണ്ട് 20 മിനിറ്റോളം ഭാഗം എഡിറ്റ് ചെയ്ത് മാറ്റിയാണ് ചിത്രം തിയ്യേറ്ററിലെത്തിയത്, അതിനാലാണ് ചിത്രം ഈ വിധമായത് എന്നൊരു വാദവും അദ്ദേഹത്തില്‍ നിന്നുമുണ്ടായി. എന്തുതന്നെയായാലും ‘മുല്ല’യ്ക്കും, ‘ദേ! ഇങ്ങോട്ടു നോക്കിയേ’ എന്ന ചിത്രത്തിനും ഒരേ വോട്ടു കിട്ടിയത് അതിശയകരമായി തോന്നുന്നു!

വിഷുചിത്രങ്ങളുടെ അവസ്ഥ ഇങ്ങിനെയൊക്കെയാണെങ്കിലും, അതിനു ശേഷമിറങ്ങിയ ‘പച്ചമരത്തണലില്‍’, ‘പോസിറ്റീവ്’ എന്നിവ; മലയാളസിനിമയില്‍ ഇനിയും പ്രതീക്ഷയ്ക്ക് വകയുണ്ട് എന്ന തോന്നല്‍ പ്രേക്ഷകനുണ്ടാക്കുവാന്‍ പര്യാപ്തമായവയായിരുന്നു. മലയാളത്തിലുള്ള വിഷു ചിത്രങ്ങളുടെ നിലവാരമില്ലായ്മ, ‘നേപ്പാളി’ പോലെയുള്ള അന്യഭാഷാചിത്രങ്ങള്‍ക്ക് വിജയിക്കുവാനുള്ള അവസരവുമുണ്ടാക്കി. 2008 പകുതിയായെങ്കിലും, മനസിനെ പൂര്‍ണ്ണമായും തൃപ്തിപ്പെടുത്തുന്ന ഒരു ചിത്രം ഇതുവരെ കാണുവാന്‍ കഴിഞ്ഞില്ല എന്നുവേണം പറയുവാന്‍. ഇനിയുമിറങ്ങുവാനിരിക്കുന്ന സൂപ്പര്‍ സ്റ്റാറുകളുടേയും, സാദാ സ്റ്റാറുകളുടേയും ചിത്രങ്ങള്‍ പ്രതീക്ഷകള്‍ക്കൊത്തുയരുമെന്ന് ആശിക്കാം.


Description: Malayalam Movie Review, Film Review, Cinema Review; Comparison of Vishu Releases in Malayalam: Annan Thampi, Innathe ChinthaVishayam, Mulla and De! Ingottu Nokkiye; By Haree|ഹരീ, Hareesh N. Nampoothiri, Chithravishesham Blog.
--

Featured Videos

Trailer: Unnam

Unnam: A film by Sibi Malayil starring Asif Ali, Lal, Rima Kallingal, Swetha Menon etc.

WATCH VIDEO
Teaser: Second Show

Second Show: A film by Srinath Rajendran starring Dulquer Salman Gauthami Nair etc.

WATCH VIDEO
Trailer: Njanum Ente Familiyum

Njanum Ente Familiyum: A film by K.K. Rajeev starring Jayaram, Mamta Mohandas etc.

WATCH VIDEO