
യുവസാഹിത്യകാരനായ രൂപേഷ് പോളിന്റെ ആദ്യ ചലച്ചിത്രസംവിധാന സംരംഭമാണ് ‘മൈ മദേഴ്സ് ലാപ്ടോപ്പ്’. മലയാളസാഹിത്യകാരന്മാരില്‍ ശ്രദ്ധേയനായ സുഭാഷ് ചന്ദ്രന്റെ ‘പറുദീസാനഷ്ടം’ എന്ന ചെറുകഥയുടെ ചുവടുപിടിച്ച് തിരക്കഥയും, സംഭാഷണങ്ങളും രചിച്ചിരിക്കുന്നത്, ചെറുകഥാകൃത്തുകൂടിയായ ഇന്ദു മേനോന്‍. നിര്‍മ്മാതാവ് ഇ.എ. ജോസ് പ്രകാശിന്റേയും ആദ്യ ചലച്ചിത്രമാണ് ഈ ചിത്രം. സുരേഷ് ഗോപി, പത്മപ്രിയ എന്നിവരുടെ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ടു നീങ്ങുന്നത്.
അച്ഛനില്ലാതെ ജനിച്ച രവി(സുരേഷ് ഗോപി), അമ്മ(ശ്വേത മേനോന്‍)യെ ഉപേക്ഷിച്ചു പോയ ശേഷം, വളരെ വര്‍ഷങ്ങള്‍ കഴിഞ്ഞ് മടങ്ങിയെത്തുന്നു. എന്നാല്‍ അപ്പോഴേക്കും അമ്മ മരണശയ്യയിലായിരുന്നു. ഒരു പ്രമുഖ നാടക നടനായ രവി, അമ്മയുടെ അവസാനനാളുകളില്‍ അമ്മയോടൊപ്പം നില്‍ക്കുവാന്‍ തീരുമാനിക്കുന്നു. ഇതിനിടയില്‍ രവി സ്പെഷ്യല്‍ ഇക്കണോമിക് സോണിനെതിരെ സമരം നടത്തുന്ന ആദിവാസിയമ്മയേയും, കുഞ്ഞിനേയും ആശുപത്രി ജനാലയിലൂടെ കാണുന്നു. രവി പ്രതിനിധാനം ചെയ്യുന്ന നാടകസംഘത്തിന്റെ ആകുലതകളുമായി; സഹനടിയും, സഹചാരിയുമായ പായൽ(പത്മപ്രിയ) രവിയെ കാണുവാനെത്തുന്നു. എന്നാല്‍ രവിയുടെ പെരുമാറ്റം, പായലിനെ രവിയെ ഉപേക്ഷിച്ചു പോകുവാന്‍ പ്രേരിപ്പിക്കുന്നു. അമ്മയെ പരിശോധിക്കുന്ന ഡോ. വനജ(ഊര്‍മ്മിള ഉണ്ണി)യുടെ നിര്‍ദ്ദേശപ്രകാരം, ക്യാന്‍സര്‍ പരിശോധനയ്ക്കായി, അമ്മയുടെ ഗര്‍ഭാപാത്രവുമായി രവി ലാബിലേക്ക് തിരിക്കുന്നു. ബാറില്‍ വെച്ച് രവി അത് നഷ്ടപ്പെടുത്തുന്നു.
‘പറുദീസാനഷ്ടം’ ഒരുപക്ഷെ ശ്രദ്ധേയമായ കഥയായിരിക്കാം. എന്നാല്‍ എല്ലാ കഥകളും സിനിമയെന്ന മാധ്യമത്തിലൂടെ പറയുവാന്‍ യോജിക്കണമെന്നില്ലല്ലോ! കഥയില്‍ നിന്നും തിരക്കഥമെനയുന്നയാള്‍ക്ക് അതറിയുവാനും, സിനിമയ്ക്ക് യോജിക്കുന്ന രീതിയിലേക്ക് കഥയെ രൂപപ്പെടുത്തുവാനും സാധിക്കണം. എന്നാലിവിടെ കഥയെ സീനുകളും, ഷോട്ടുകളുമായി തിരിച്ചതിനപ്പുറത്തേക്ക്; അങ്ങിനെയൊരു ശ്രമം തിരക്കഥാകൃത്ത് നടത്തിയതായി തോന്നിയില്ല. അടുക്കും ചിട്ടയുമില്ലാതെ എന്തൊക്കെയോ ചിത്രീകരിച്ചു കാണിച്ചിരിക്കുന്നു എന്നല്ലാതെ, ഒരു സിനിമയായി ഇത് വികസിച്ചു എന്നുതന്നെ പറയുക പ്രയാസം. ഈ കഥ വായിക്കുന്ന ഒരാള്‍ക്ക്, ഇതിലും ഭംഗിയായി ഇതിനെ ഭാവനയില്‍ ദൃശ്യവത്കരിക്കുവാന്‍ സാധിക്കുമെന്നത് നൂറുതരം.
ആത്മാര്‍ത്ഥതയില്ലാത്ത ചിത്രീകരണമാണ് ഈ സിനിമയുടെ പ്രധാന ശാപം. നീണ്ട ശ്മശാന രംഗവും, ഓടുന്ന കാറിന്റെ മുഴുനീള ദൃശ്യവും, ഒരുപാട്ടു മുഴുവന്‍ അനങ്ങാത്ത ക്യാമറക്കു മുന്നിലെ അമ്മയുടേയും മകന്റേയും കല്ലിട്ടുകളിയും മറ്റും ചിത്രീകരിച്ചിരിക്കുന്നതില്‍ കൃത്രിമത്വം മുഴച്ചു നില്‍ക്കുന്നു. അഭിനെതാക്കളുടെ ഏച്ചുകെട്ടിയുള്ള അഭിനയം അതിലും അസഹനീയം. സാമാന്യം തരക്കേടില്ലാതെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പത്മപ്രിയയെക്കൂടി വഷളാക്കി അഭിനയിപ്പിച്ചിരിക്കുന്നതില്‍ സംവിധായകനെ എങ്ങിനെയാണ് അഭിനന്ദിക്കേണ്ടത്! സുരേഷ് ഗോപിയുടെ രൂപവും, ഭാവവുമൊന്നും രവിക്കു ചേര്‍ന്നതായി തോന്നിയില്ല. ശ്വേത മേനോനെ കട്ടിലിലാക്കി; സുരേഷ് ഗോപിയുടെ ഓര്‍മ്മകളിലെ രംഗങ്ങളില്‍ മാത്രം അവതരിപ്പിച്ചത് ബുദ്ധിയായി. ബുദ്ധിജീവിപ്പടമെന്ന ഛായ നല്‍കുവാനാണോ എന്നു സംശയിച്ചു പോവും; പലയിടത്തേയും വലിച്ചു നീട്ടല്‍ കണ്ടാലും, കഥാപാത്രങ്ങളുടെ ചില സംഭാഷണങ്ങള്‍ കേട്ടാലും. ഒതുക്കി പറഞ്ഞിരുന്നെങ്കില്‍, ഒരുപക്ഷെ അല്പം കൂടി മടുപ്പില്ലാതെ കണ്ടിരിക്കുവാന്‍ സാധിക്കുമായിരുന്നു.
റഫീക് അഹമ്മദ്, റീത്ത പോള്‍ എന്നിവരെഴുതി; ശ്രിവത്സന്‍ ജെ. മേനോന്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനങ്ങള്‍ സിനിമയില്‍ ഇടക്കിടെ ചേര്‍ത്തിരിക്കുന്നത് വലിയൊരു ആശ്വാസമായെന്നു വേണം പറയുവാന്‍. ചിത്രീകരണം മടുപ്പുളവാക്കുമെങ്കിലും, ഗാനങ്ങള്‍ കേള്‍വിസുഖമുള്ളവയാണ്. “ജലശയ്യയില്‍ തളിരമ്പിളി...”, “ഇളംനീല നീല മിഴികൾ” എന്നീഗാനങ്ങള്‍ വളരെ നന്ന്. ചിത്രത്തിനൊരു മൂഡ് നല്‍കുന്നതില്‍ ഇതിലെ ഗാനങ്ങള്‍ക്കും, ശ്രീവത്സന്‍ ജെ. മേനോന്‍ തന്നെ ഒരുക്കിയിരിക്കുന്ന പിന്നണിസംഗീതത്തിനുമുള്ള പങ്ക് ചെറുതല്ല. വി. വിനോദ് പകര്‍ത്തിയിരിക്കുന്ന ദൃശ്യങ്ങള്‍ പലതും ആകര്‍ഷകമെങ്കിലും, അതിലൊരു സ്ഥിരത ഉള്ളതായി തോന്നിയില്ല. ചിത്രസംയോജനം നടത്തിയ വിജയകുമാറിന് കാര്യമായി എന്തെങ്കിലും ചെയ്യേണ്ടി വന്നില്ലായിരിക്കണം. വെട്ടിമാറ്റുവാനാണെങ്കില്‍ ഇനിയും പലതും ചിത്രത്തില്‍ അവശേഷിക്കുന്നുണ്ട്!
മികച്ച ചിത്രത്തിന്റെ ലക്ഷണങ്ങള്‍ എന്ന രീതിയില്‍ എന്തെങ്കിലും ധാരണകള്‍ രൂപേഷിനുണ്ടെങ്കില്‍ അവ മാറ്റിവെയ്ക്കുക; അവ മിക്കതും അബദ്ധധാരണകളാണെന്നതിന് ഈ ചിത്രം സാക്ഷി. കഥാപാത്രങ്ങള്‍ക്കായി അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നതിൽ, അവരെക്കൊണ്ട് കഥാപാത്രത്തിനു ജീവന്‍ നല്‍കുന്നതിൽ, ക്യാമറയെ ആവശ്യമുള്ള രീതിയില്‍ ഉപയോഗിക്കുന്നതില്‍ ഇതിലൊക്കെ രൂപേഷ് ഏറെ മുന്നോട്ടു പോകുവാനുണ്ട്. രവി ഒരു ലാപ്‌ടോപ്പുമായി രാവിലെമുതല്‍ നടക്കുന്നതെന്തിനെന്നു പോലും വിശദമാക്കുവാന്‍ സംവിധായകന്‍ മിനക്കെടുന്നില്ല. സ്റ്റേജ് ലൈറ്റിംഗ് വരച്ചുനോക്കി കീറിക്കളയുന്നതും, പേനകൊണ്ട് കുത്തിവരയ്ക്കുന്നതുമെല്ലാം ഒഴിവാക്കി; അതു ചെയ്യുവാനെങ്കിലും ലാപ്ടോപ്പ് ഉപയോഗിക്കാമായിരുന്നു! മലര്‍ന്നു കിടക്കുന്ന രവിയുടെ അടുത്തേക്ക് ഹിജഡയെത്തുമ്പോൾ, അയാളെ ക്യാമറ തലതിരിഞ്ഞ് പകര്‍ത്തിയിരുന്നെങ്കിൽ! അമ്മയുടെ ചിത്രം കാണുവാനായി ഒരാള്‍ ഏതുനേരവും ലാപ്‌ടോപ്പുമായി നടക്കുന്നതില്‍ എന്തെങ്കിലും യുക്തിയുണ്ടോ? ‘അമ്മയുടെ മടിത്തട്ട്’ എന്നുവിളിക്കുന്നതിനു പകരം ‘മൈ മദേഴ്സ് ലാപ്‌ടോപ്പ്’ എന്ന് സ്റ്റൈലായി പറയുവാന്‍ രൂപേഷ് ശ്രദ്ധിച്ചു; പക്ഷെ ആ സ്റ്റൈല്‍ പേരില്‍ മാത്രമൊതുങ്ങി. ‘അമ്മയുടെ മടിത്തട്ടെ’ന്ന പേരുപോലും ചിത്രത്തിന് ഒരു അധികപ്പറ്റാണ്!
Description: Malayalam Film/Movie/Cinema Review by Hareesh N. Nampoothiri aka Haree | ഹരീ. My Mother's Laptop - Directed by Rupesh Paul. Produced by E.A. Jose Prakash. Starring Suresh Gopi, Padmapriya, Swetha Menon, Urmila Unni. Music by Sreevalsan J. Menon. Lyrics by Rafeeq Ahmed and Reetha Paul. Story by Subhash Chandran. Screenplay and Dialogues by Indu Menon. July 2008 Release.
--








