
ആധുനിക നാടകകലയുടെ പിതാവായി അറിയപ്പെടുന്ന ഹെൻറിക് ജോഹാൻ ഇബ്സെൻ രചിച്ച; ‘ദി മാസ്റ്റർ ബിൽഡർ’ എന്ന നാടകത്തിന്റെ ചലച്ചിത്രാവിഷ്കാരമാണ് കെ.പി. കുമാരൻ സംവിധാനം ചെയ്തിരിക്കുന്ന ‘ആകാശഗോപുരം’(Castle in the Air). കഥയിലോ, കഥാപാത്രങ്ങളിലോ കാതലായ മാറ്റങ്ങളൊന്നും വരുത്താതെയാണ് സംവിധായകൻ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. മോഹൻലാൽ, പുതുമുഖം നിത്യ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ടൈസൂൺ എഫ്. ഖൊറാകിവാല, മനു എസ്. കുമാരൻ, ടുട്ടു ജെ. ശർമ്മ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
മദ്ധ്യവയസ്കനായ ആൽബർട്ട് സാംസൺ(മോഹൻലാൽ); നഗരത്തിലെ പ്രമുഖനായ ഒരു ആർക്കിട്ടെക്ടാണ്. ഇരട്ടക്കുട്ടികളും, മാതാപിതാക്കളും, കുടുംബസ്വത്തുക്കളും, സ്വകാര്യസ്വത്തുക്കളും എല്ലാം ഒരു തീപിടുത്തത്തിൽ നശിച്ചുപോയതിന്റെ ഓർമ്മകളിൽ നിന്ന് തന്റെ ഭാര്യ ആലീസ്(ശ്വേത മേനോൻ) പതിമൂന്നു വർഷങ്ങൾക്കു ശേഷവും മുക്തയാവാത്തത് ആൽബർട്ടിനെ അലട്ടുന്നുണ്ട്. ജോലിയിൽ തന്നെ വളർത്തി വലുതാക്കിയ, പിന്നീട് താൻ ചവുട്ടിത്താഴ്ത്തിയ എബ്രഹാ(ഭരത് ഗോപി)മിന്റെ മകൻ; അലക്സ്(മനോജ് കെ. ജയൻ), തന്നെ വിട്ട് സ്വതന്ത്രമായി പണിതുടങ്ങിയാൽ തന്റെ സ്ഥാനം നഷ്ടപ്പെടുമെന്ന ഭീതിയിലുമാണ് ആൽബർട്ട്. അലക്സ് തന്നെ വിട്ടുപോവാതിരിക്കുവാനായി, അലക്സിന്റെ പ്രതിശ്രുത വധു കാതറീനു(ഗീതു മോഹൻദാസ്)മായി സ്നേഹബന്ധം നടിക്കുകയും ചെയ്യുന്നു അയാൾ. ഈ സമയത്താണ് ആൽബർട്ട് പത്തുവർഷം മുൻപ് തന്റെ സാമ്രാജ്യം വാഗ്ദാനം ചെയ്ത ഹിൽഡ(നിത്യ) എന്ന പെൺകുട്ടി, അയാളുടെ വാതിലിൽ മുട്ടുന്നത്.
പുതിയ തലമുറ തന്നെ മറികടന്ന് തന്റെ സ്ഥാനം നേടിയെടുത്തേക്കുമെന്ന ഭീതിയിൽ ജീവിക്കുന്ന, തന്റെ ഉയർച്ച മാത്രം എപ്പോഴും ലക്ഷ്യമിടുന്ന ആൽബർട്ടിനെ മോഹൻലാൽ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. രൂപത്തിലും, ഭാവത്തിലും, പ്രകൃതത്തിലും മോഹൻലാലിന്റെ വ്യത്യസ്തമായൊരു ശൈലി ഇതിൽ കാണുവാൻ കഴിയും. ഹിൽഡയെന്ന പെൺകുട്ടിയെ നിത്യയും നന്നായി ചെയ്തിരിക്കുന്നു. ആൽബർട്ടിന്റെ കുടുംബസുഹൃത്തായ ഡോ. ഐസക്കിനെ അവതരിപ്പിച്ചിരിക്കുന്നത് ശ്രീനിവാസനാണ്. അഭിനേതാക്കളെല്ലാവരും തന്നെ കഥാപാത്രങ്ങളോട് കഴിയുന്നത്ര നീതി പുലർത്തിയിട്ടുണ്ട്. എന്നിരുന്നാലും, എല്ലാ കഥാപാത്രങ്ങളുടേയും സംഭാഷണങ്ങൾ സഹിക്കാവുന്നതിലുമപ്പുറം നാടകീയമായാണ് തയ്യാറാക്കിയിരിക്കുന്നത്. നൂറുവർഷത്തിനു മുൻപുള്ള നാടകത്തിലെ സംഭാഷണങ്ങളുടെ പദാനുപദ വിവർത്തനം, ഇന്ന് എത്ര അരോചകമായിരിക്കുമെന്ന് ചിന്തിക്കുവാൻ ഇവ എഴുതിയവർക്ക് സാധിച്ചില്ല എന്നത് അത്ഭുതകരമായിരിക്കുന്നു. നീണ്ട സംഭാഷണങ്ങൾ, കഥാപാത്രത്തിന്റെ ഭാവം ഉൾക്കൊണ്ടു തന്നെ അവതരിപ്പിക്കുക എന്നത് ദുഷ്കരമാണ്. മോഹൻലാലിനു പോലും അത് പൂർണ്ണമായും സാധിച്ചു എന്നു പറയുവാൻ കഴിയുകയില്ല.
കഥാപാത്രങ്ങൾ തമ്മിലുള്ള ദീർഘമായ സംഭാഷണങ്ങളിലൂടെ പറഞ്ഞുപോവുന്ന കഥയ്ക്ക് ഒരു നാടകത്തിന്റെ സ്വഭാവമാണ് അനുഭവപ്പെടുന്നത്. ഇബ്‍സെന്റ കഥയെ മലയാളീകരിച്ചു എന്നതിലപ്പുറം തിരക്കഥയാക്കിയപ്പോൾ എന്തെങ്കിലും ചെയ്തിട്ടുണ്ടെന്നു കരുതുവാൻ വയ്യ. ഇതൊരു നാടകമായി വേദിയിൽ അവതരിപ്പിച്ച്, അത് പകർത്തി കാണിക്കുകയാണ് ചെയ്തിരുന്നതെങ്കിലും കാര്യമായ മാറ്റമൊന്നും ഉണ്ടാകുവാനില്ലായിരുന്നു. നാടകം സിനിമയാക്കിയപ്പോൾ, സിനിമയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുവാൻ മറന്നു പോയതുപോലെ തോന്നും ഈ ചിത്രം കണ്ടാൽ. കെ.പി. കുമാരൻ തിരക്കഥാകൃത്ത് എന്ന നിലയിൽ ഒരു തികഞ്ഞ പരാജയമായത്, ചിത്രത്തെയും പരാജയപ്പെടുത്തുന്നു.
‘കുച്ച് കുച്ച് ഹോത്താ ഹൈ’, ദേവദൂതൻ, ‘ക്രിഷ്’, പളുങ്ക് തുടങ്ങിയ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച സന്തോഷ് സി. തുണ്ടിയിൽ, ദൃശ്യങ്ങളെ വളരെ മനോഹരമായി ക്യാമറയിൽ പകർത്തിയിരിക്കുന്നു. ഗ്രാഫിക്സിന്റെ മിതമായ ഉപയോഗവും ശ്രദ്ധേയമായി. ആൽബർട്ടിന്റെ വളർച്ചയും മറ്റും ചിത്രീകരിച്ചിരിക്കുന്ന ശൈലി മലയാളസിനിമയ്ക്ക് പുതുമയാണ്. സാബു സിറിലിന്റെ കലാസംവിധാനവും എടുത്തു പറയേണ്ടതു തന്നെ. ആൽബർട്ടിന്റെ സ്വപ്നഭവനമായ ആകാശഗോപുരം, വാക്കുകളോട് നീതിപുലർത്തുന്ന രീതിയിൽ ഒരുക്കിയെടുക്കുവാൻ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. ‘ടൈറ്റാനിക്’ എന്ന ചിത്രത്തിന്റെ സൌണ്ട്ട്രാക്ക് ഉൾപ്പടെ നിരവധി ചിത്രങ്ങളുടെ സംഗീതവിഭാഗവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുള്ള ജോൺ ആൾട്ട്മാന്റെ പാശ്ചാത്യശൈലിയിലുള്ള സംഗീതവും സിനിമയ്ക്കൊരു മുതൽക്കൂട്ടാണ്. എന്നാൽ ഇവയൊക്കെ ചേർത്ത് സംവിധാനം ചെയ്തു വന്നപ്പോൾ, കാര്യമായ പുതുമയൊന്നും ദ്യോതിപ്പിക്കുവാൻ കഴിയാതെപോയി!
മികച്ച കലാകാരന്മാർ, പ്രഗത്ഭരായ സാങ്കേതിക വിദഗ്ദ്ധർ, പഴയ നാടകമെങ്കിലും പുതുമയുള്ള പ്രമേയം; ഇവയൊക്കെ ഒത്തു ചേർന്നിട്ടും ഇതൊരു നല്ല സിനിമയാവാത്തതിൽ സംവിധായകന് സ്വയം പഴിക്കാം. What will you lose to win? എന്നാണ് സിനിമയുടെ ടാഗ് ലൈൻ. നഷ്ടങ്ങളില്ലാതെ ജയമുണ്ടാവില്ല, പക്ഷെ എല്ലാ നഷ്ടങ്ങളും ജയത്തിലേക്ക് നയിക്കണമെന്നുമില്ല. ഇവിടെ ജയിക്കുവാനായി സംവിധായകൻ നഷ്ടപ്പെടുത്തിയത് സിനിമയെന്ന മാധ്യമത്തിന്റെ സാധ്യതകളെയായിരുന്നു. അതൊരു തെറ്റായ തീരുമാനമായെന്നതിനു സാക്ഷ്യമായി ഉയർന്നു നിൽക്കുവാൻ മാത്രമേ ഈ ഗോപുരത്തിനു കഴിയുന്നുള്ളൂ.
അനുബന്ധം:
• The Master Builder by Henrik Ibsen - Project Gutenberg
• AkashaGopuram - Wikipedia
Description: AakashaGopuram (Akasa Gopuram, Akasha Gopuram): A film directed by K.P. Kumaran. Starring Mohanlal, Nithya, Bharath Gopi, Manoj K. Jayan, Swetha Menon, Geethu Mohandas and Sreenivasan. Story by Henrik Ibsen. Screenplay by K.P. Kumaran. Music by John Altman. Camera by Santhosh C. Thundiyil and Art Direction by Sabu Cyril. Malayalam Movie/Film/Cinema Review by Hareesh N. Nampoothiri aka Haree | ഹരീ. August 2008 Release.
--








