
പതിനെട്ടുവയസുകാരനായ നിതിന്‍ രാമകൃഷ്ണന്റെ ആദ്യ ചലച്ചിത്രസംരംഭമാണ് ‘അപൂര്‍വ്വ’. കഥയും, തിരക്കഥയും, സംഭാഷണങ്ങളും രചിച്ചിരിക്കുന്നതും നിതിന്‍ തന്നെ. സഞ്ജീവ്, ഹെലന്‍, അജയ് സത്യന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ കലാഭവന്‍ മണി, വിമല രാമന്‍ തുടങ്ങിയ പ്രധാനതാരങ്ങളുമുണ്ട്. ഡോ. രാമകൃഷ്ണനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഒരു കൊച്ചു സംവിധായകന്റെ, ഒരു കൊച്ചു സിനിമ എന്നതിനപ്പുറം ഈ ചിത്രത്തെക്കുറിച്ച് അധികമൊന്നും പറയുവാനില്ല!
ഒരു കൊച്ചുകുട്ടി, അവന്റെ സ്കൂളില്‍ നടന്ന ഒരു കാര്യം പറയുന്നതായാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. സംഗീതം ഒരുമിപ്പിച്ച കൂട്ടുകാരാണ് സത്യ(അജയ് സത്യന്‍), ജെറിന്‍(അനിരുദ്ധ്), മെറില്‍(ഹെലന്‍) എന്നിവര്‍. സംഗീതാഭിരുചിയുള്ള, നന്നായി ഓടക്കുഴല്‍ വായിക്കുവാനറിയുന്ന കൃഷ്ണ(സഞ്ജീവ്); സ്കൂളില്‍ പഠിക്കുന്നില്ലെങ്കിലും ഇവരുടെ ഉറ്റ സുഹൃത്താണ്. അധികം ആരോടും ഇടപെഴകുവാന്‍ കൂട്ടാക്കാത്ത, വളരെ നിശബ്ദയായ പൂജ(പ്രീതി) എന്നൊരു പെണ്‍കുട്ടിയും ഇവരുടെ സ്കൂളിലുണ്ട്. പൂജയോട് വല്ലാത്തൊരു അടുപ്പവും, സ്നേഹവും സത്യയുടെ ഉള്ളിലുണ്ട്. പൂജയുടെ കാഴ്ച നിലനില്‍ക്കണമെങ്കില്‍ ഒരു ഓപ്പറേഷന്‍ ആവശ്യമുണ്ടെന്നറിയുന്ന ഇവര്‍; അതിനായുള്ള പണം കണ്ടെത്തുവാന്‍ ഒരു സംഗീതമത്സരത്തില്‍ പങ്കെടുക്കുവാന്‍ തീരുമാനിക്കുന്നു. രക്ഷിതാക്കളുടെ പിന്തുണ ലഭിക്കില്ലെന്ന് ഉറപ്പുള്ളതിനാല്‍, ഇവര്‍ ആരോടും പറയാതെ ഒളിച്ചോടുന്നു.
ഓരോ സന്ദര്‍ഭത്തിലും, പ്രേക്ഷകര്‍ ഇങ്ങിനെയൊരു ചോദ്യം ചോദിച്ചാല്‍ അതിനുത്തരമില്ലല്ലോ എന്നു ചിന്തിച്ച്, അതിനായി എന്തെങ്കിലും കൂട്ടിച്ചേര്‍ക്കുന്നു. ഈ രീതിയിലാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ഉദാഹരണത്തിന് പൂജയോട് സത്യയ്ക്കെന്താണ് ഇത്ര മമത എന്നു സംശയിക്കുന്ന പ്രേക്ഷകനോട് സംവിധായകന്റെ ഉത്തരമിതാണ്; സത്യയുടെ ബൈക്കിനു പിറകില്‍ കയറി, വേഗത കണ്ട് ടെന്‍ഷനായാണ് പൂജയുടെ അച്ഛന്‍ മരിച്ചത്! ഈ രീതിയില്‍ മുട്ടാപ്പോക്ക് ന്യായങ്ങളിലൂടെ ഒരു കഥ വികസിപ്പിച്ചതില്‍ നിന്നു തുടങ്ങുന്നു ‘അപൂര്‍വ്വ’യുടെ പരാധീനതകള്‍.
പ്രധാനകഥാപാത്രങ്ങളായെത്തുന്ന പുതുമുഖങ്ങള്‍ക്കൊപ്പം; കലാഭവന്‍ മണി, വിമല രാമന്‍, കൊച്ചു പ്രേമന്‍, സുരാജ് വെഞ്ഞാറമ്മൂട്, കല്പന, സെന്തില്‍, ഇന്നസെന്റ് തുടങ്ങിയ അഭിനേതാക്കളും ചെറുവേഷങ്ങളിലെത്തുന്നു. പുതുമുഖങ്ങളില്‍ ആരുടെയും അഭിനയം നിലവാരത്തിലേക്ക് ഉയര്‍ന്നില്ല; മറ്റുള്ളവര്‍ക്ക് കാര്യമായൊന്നും ചെയ്യുവാനുമില്ല. സംഗീതത്തിനു പ്രാധാന്യമുള്ള ചിത്രമായിട്ടുകൂടി; പൂജ രജേഷ്, ഡോ. പാര്‍വ്വതി വാര്യര്‍ എന്നിവരെഴുതി; വിദ്യാധരന്‍ മാസ്റ്റര്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനങ്ങള്‍ പരിതാപകരം. മറ്റു സാങ്കേതികമേഖലകളിലും അപക്വത പ്രകടം. ജിത്തു പകര്‍ത്തിയിരിക്കുന്ന ദൃശ്യങ്ങളുടെ മനോഹാരിത മാത്രമാണ് നന്നെന്ന് പറയുവാനായി ചിത്രത്തിലുള്ളത്.
ഇതിനോടകം ചില ഹൃസ്വചിത്രങ്ങളിലൂടെ അംഗീകാരവും, ശ്രദ്ധയും നേടിയ ഒരു സംവിധായകനാണ് നിതിനെന്ന് ഈ ചിത്രം കണ്ടാല്‍ പറയുകയില്ല. സംവിധായകന്റെ പ്രായം പതിനെട്ടായാലും, അറുപത്തിയെട്ടായാലും ചിത്രം നന്നോ എന്നതുമാത്രമാണ് പ്രേക്ഷകന് വിഷയം. തുടര്‍ന്നും ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്യുവാന്‍ നിതിന് പരിപാടിയുണ്ടെങ്കില്‍; അവയെ കുറച്ചു കൂടി ഗൌരവത്തോടെ, ലക്ഷ്യബോധത്തോടെ സമീപിക്കുന്നത് നന്നായിരിക്കും. മലയാളത്തില്‍ ഇന്നിറങ്ങുന്ന പല വാണിജ്യസിനിമകളേയും പോലെ; തല്ലിക്കൂട്ട് കഥയും, കോമാളിത്തരങ്ങളുമൊക്കെയായി മസാലച്ചിത്രങ്ങള്‍ പടച്ചുവിടാനാണെങ്കില്‍; നിതിനെന്ന പേരില്‍ മറ്റൊരു സംവിധായകനെക്കൂടി മലയാളസിനിമയ്ക്ക് ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.
Description: Apoorva - A film by 18 year old Writer and Director Nithin Ramakrishnan. Produced by Dr. Ramakrishnan. Starring Sanjeev, Ajay Sathyan, Anirudh, Preethy, Hellen, Kalabhavan Mani, Kochu Preman, Vimala Raman, Kalpana, Suraj Venjaaramoodu, Innocent, Senthil, Baby Minnu, Nidheesh M., Master Ananthu.; Camera by Jithu; Lyrics by Pooja Rajhesh, Dr. Parvathy Varier; Music by Vidyadaran Master. Film Review in Malayalam by Hareesh N. Nampoothiri aka Haree | ഹരീ. Malayalam FIlm/Movie/Cinema Review. September 2008 Release.
--







ചിത്രവിശേഷത്തിൽ ഏറ്റവും കൂടുതൽ പേർ വോട്ടുചെയ്ത ഒരു പോളായിരുന്നു ഇത്. ആകെ പോൾ ചെയ്ത 459 വോട്ടുകളിൽ 44%(205) വോട്ടു നേടി ‘പരുന്ത്’ ഒന്നാമതെത്തി. 42%(194) വോട്ടു നേടി ‘മാടമ്പി’ തൊട്ടുപിന്നിലുണ്ട്. ചിത്രവിശേഷം 4/10 റേറ്റിംഗ് നൽകിയ ‘മിഴികൾ സാക്ഷി’(5%, 26), ‘മിന്നാമിന്നിക്കൂട്ടം’(3%, 14) എന്നിവ യഥാക്രമം മൂന്നും, നാലും സ്ഥാനത്തെത്തി. 2/10 റേറ്റിംഗ് ലഭിച്ച ചിത്രങ്ങളായ ‘മൈ മദേഴ്സ് ലാപ്‍ടോപ്പ്’(2%, 12), ‘വൺവേ ടിക്കറ്റ്’(1%, 8) എന്നിവയാണ് അവസാന സ്ഥാനങ്ങളിൽ
പോൾ ഫലത്തിൽ നിന്നും ‘പരുന്തി’നേയും, ‘മാടമ്പി’യേയും ഒഴിവാക്കാം. ആ സിനിമകളുടെ ഗുണം കൊണ്ടൊന്നുമല്ല അത്രയും വോട്ടുകൾ അവ നേടിയെടുത്തതെന്ന കാര്യം വ്യക്തമാണ്. ആരാധകരുടെ ശക്തിപരീക്ഷണം മാത്രമാണ് ആ ഫലങ്ങളിൽ പ്രതിഫലിക്കുന്നത്. ഓർക്കുട്ടിലെ കമ്മ്യൂണിറ്റികളിലും, ചില ഫോറങ്ങളിലും വോട്ട് ചെയ്യുവാൻ ആഹ്വാനം ചെയ്തുകൊണ്ടുള്ള ലിങ്കുകൾ പോലും കാണുകയുണ്ടായി. ‘മാടമ്പി’യും, ‘പരുന്തും’ മാറി മാറി ഒന്നാം സ്ഥാനത്ത് എത്തിക്കൊണ്ടിരുന്നു; പോൾ അവസാനിച്ചപ്പോൾ ലീഡ് ‘പരുന്തി’നായെന്നു മാത്രം. പോൾ ഫലം എന്തു തന്നെയായാലും, റിലീസ് ചെയ്ത കേന്ദ്രങ്ങളിൽ ചിലയിടത്തെങ്കിലും ഇപ്പോളും പ്രദർശനത്തിനുള്ളത് ‘മാടമ്പി’ മാത്രമാണെന്ന സത്യം അവശേഷിക്കുന്നു.