
‘മിഷന്‍ 90 ഡേയ്സ്’ എന്ന ചിത്രത്തിനു ശേഷം മേജര്‍ രവി; കഥ, തിരക്കഥ, സംഭാഷണം എന്നിവയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് ‘കുരുക്ഷേത്ര’. മേജര്‍ രവിയുടെ ആദ്യചിത്രം, ‘കീര്‍ത്തിചക്ര’യില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച മേജര്‍ മഹാദേവന്‍ എന്ന കഥാപാത്രം കേണല്‍ മഹാദേവനായി ചിത്രത്തിലെത്തുന്നു. സന്തോഷ് ദാമോദര്‍ നിര്‍മ്മിച്ചിരിക്കുന്ന ‘കുരുക്ഷേത്ര’യില്‍ ബിജു മേനോന്‍, സിദ്ദിഖ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. 1999 മെയ്-ജൂലൈ മാസങ്ങളിലായി നടന്ന; കാര്‍ഗില്‍ മലനിരകളിലെ ഇന്ത്യ-പാക്കിസ്ഥാന്‍ ഏറ്റുമുട്ടലുകളെ അടിസ്ഥാനപ്പെടുത്തിയാണ് മേജര്‍ രവി ഈ ചിത്രത്തിന് കഥ മെനഞ്ഞിരിക്കുന്നത്.
കാര്‍ഗില്‍ മലനിരകളിലെ ഇന്ത്യന്‍ പോസ്റ്റുകളില്‍ പെട്രോളിംഗ് നടത്തുന്ന ഇന്ത്യന്‍ സംഘം തിരിച്ചെത്തുന്നില്ല. കൂടുതല്‍ അന്വേഷിക്കുമ്പോള്‍ പാക്ക് പട്ടാളം മലമുകളിലുള്ള തന്ത്രപ്രധാനമായ സ്ഥാനങ്ങള്‍ കയ്യേറിയിരിക്കുകയാണ് എന്നു മനസിലാവുന്നു. ഇന്ത്യന്‍ സൈന്യം അധിനിവേശപ്പെട്ട സ്ഥലങ്ങള്‍ തിരികെ നേടുവാന്‍ തയ്യാറെടുക്കുന്നു. കേണല്‍ മഹാദേവനാണ്(മോഹന്‍ലാല്‍) ഈ മിഷന്റെ കമാന്‍ഡിംഗ് ഓഫീസര്‍. ഫസിയും(സിദ്ദിഖ്), രാജേഷും(ബിജു മേനോന്‍), പ്രകാശനും(മണിക്കുട്ടന്‍) ഒക്കെയടങ്ങുന്ന ബെറ്റാലിയനെ മഹാദേവന്‍ മുന്നില്‍ നിന്നു നയിക്കുന്നു. ഒടുവില്‍ ധാരാളം പേരെ കുരുതി നല്‍കി ഇന്ത്യന്‍ സൈന്യം കാര്‍ഗില്‍ മലനിരകള്‍ തിരിച്ചു പിടിക്കുന്നു.
കാര്‍ഗില്‍ യുദ്ധകാലത്തെ പത്രവാര്‍ത്തകള്‍ വായിച്ചിട്ടുള്ളവര്‍ക്ക് പുതിയതായൊന്നും ഈ ചിത്രത്തിലില്ല. യുദ്ധത്തിലേര്‍പ്പെടുന്ന, അതിര്‍ത്തിയില്‍ കാവല്‍ കിടക്കുന്ന ഇന്ത്യ/പാക്ക് പട്ടാളക്കാരുടെ, കാശ്മീരിലെ യുദ്ധക്കെടുതികള്‍ അനുഭവിക്കുന്ന ജനതയുടെ; വൈകാരികവും, സാമൂഹികവുമായ ചില അംശങ്ങളിലേക്കും ചിത്രം വെളിച്ചം വീശുന്നുണ്ട് എന്നു മാത്രം. മഹാദേവന്റെ ചില ഡയലോഗുകള്‍; പട്ടാളക്കാരുടെ ശവപ്പെട്ടിയില്‍ പോലും അഴിമതി കാട്ടുന്ന ഇന്ത്യന്‍ ബ്യൂറോക്രസിയേയും, യുദ്ധഭൂമിയില്‍ ഔചിത്യമില്ലാതെ പെരുമാറുന്ന മാധ്യമ പ്രവര്‍ത്തകരേയും വിമര്‍ശിക്കുവാന്‍ മേജര്‍ രവി ഉപയോഗിച്ചിരിക്കുന്നു. മലയാളസിനിമയില്‍ അധികം കാണുവാന്‍ സാധിച്ചിട്ടില്ലാത്ത, യുദ്ധരംഗങ്ങളുടെ യാഥാര്‍ത്ഥ്യത്തോടടുത്തു നില്‍ക്കുന്ന രംഗചിത്രീകരണവും ഈ സിനിമയുടെ സവിശേഷതയാണ്.
ഒരു യുദ്ധത്തിന്റെ അതുപോലെയുള്ള ചിത്രീകരണം പ്രേക്ഷകരില്‍ താത്പര്യം ജനിപ്പിക്കുവാന്‍ മതിയാവില്ല. കാര്‍ഗില്‍ യുദ്ധം പശ്ചാത്തലമാക്കി, ഒരു കഥ മെനയുകയായിരുന്നു തിരക്കഥാകൃത്ത് കൂടിയായ സംവിധായകന്‍ ചെയ്യേണ്ടിയിരുന്നത്. കഥയെഴുതുവാന്‍ അറിയാവുന്ന ഒരാളെക്കൊണ്ട് അതു ചെയ്യിക്കാമായിരുന്നു. ഇവിടെ അതുണ്ടായില്ല. യുദ്ധരംഗങ്ങള്‍ മലയാളസിനിമകളുടെ കൂട്ടത്തില്‍ മികച്ചതെങ്കിലും; ഹോളിവുഡ്/ബോളിവുഡ് സിനിമകള്‍ ധാരാളമായിക്കാണുവാന്‍ സാധിക്കുന്ന ഇന്നത്തെ മലയാളി പ്രേക്ഷകര്‍ ഇത്രയും കൊണ്ട് തൃപ്തിപ്പെടുമോ എന്നകാര്യം സംശയമാണ്. ചിത്രം കണ്ടിറങ്ങുന്നവര്‍ക്ക് ഓര്‍ത്തിരിക്കുവാന്‍ തക്കവണ്ണം ഒരു രംഗം പോലും ചിത്രത്തിലില്ല. ചിത്രീകരണത്തില്‍ കൂടുതല്‍ സാധ്യതകളുണ്ടായിരുന്നെങ്കിലും, ലോകനാഥന് അവ കണ്ടെത്തുവാന്‍ കഴിയാതെ പോയി. കാഴ്ചയെ അലോസരപ്പെടുത്തുന്ന രീതിയിലാണ് പലയിടത്തേയും ജയശങ്കറിന്റെ എഡിറ്റിംഗ് പ്രയോഗങ്ങള്‍. സാബു റാമിന്റെ കലാസംവിധാനവും, എന്‍.ജെ. രാജുവിന്റെ ഇഫക്ടുകളും, അച്ചുവിന്റെ ശബ്ദലേഖനവും തൃപ്തികരം എന്നുമാത്രം. ‘കുരുക്ഷേത്ര’ പോലെയൊരു ചിത്രം ആവശ്യപ്പെടുന്ന സാങ്കേതികമേന്മയോ, പുതുമയോ നല്‍കുവാന്‍ ഇതിന്റെ സാങ്കേതികപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നത് സിനിമയുടെ ആകര്‍ഷണീയത കുറയ്ക്കുന്നുണ്ട്.
ഗിരീഷ് പുത്തഞ്ചേരിയെഴുതി, നവാഗതനായ സിദ്ധാര്‍ത്ഥ് വിപിന്‍ സംഗീതം നല്‍കിയിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ കേള്‍വിസുഖം നല്‍കുന്നവയാണ്. “ജ്വാലാമുഖി കത്തുന്നൊരു...” എന്ന ഗാനത്തിന്റെ ചടുലതയും, “ഒരു യാത്രാമൊഴി...” എന്നതിന്റെ വേദനയും എടുത്തു പറയാവുന്നതാണ്. അനവസരത്തിലാണ് പലഗാനങ്ങളും ഉപയോഗിച്ചിരിക്കുന്നത് എന്നൊരു ന്യൂനത, പല മലയാളസിനിമകളിലുമെന്നതുപോലെ ഇതിനുമുണ്ട്. ചിത്രത്തിന്റെ ആദ്യഭാഗങ്ങള്‍ക്കു ശേഷം, മോഹന്‍ലാല്‍ ചിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്നു. മേജര്‍ മഹാദേവനെ വിശ്വസിനീയമായി അവതരിപ്പിക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ടെങ്കിലും; യുദ്ധമുന്നണിയില്‍ ഏറ്റവും മുന്‍പില്‍ ഉണ്ടായിട്ടുപോലും ഒരു പരിക്കുമില്ലാതെ ഉയര്‍ന്നു നില്‍ക്കുന്ന മഹാദേവന്‍ ചിത്രത്തിനു ചേരുന്നില്ല. ഒട്ടുമിക്കവാറും എല്ലാ സൈനികരും, ഓഫീസര്‍മാരും മലയാളികളാണ് ചിത്രത്തില്‍! ഇതും ചിത്രത്തിന്റെ വിശ്വസിനീയത കുറയ്ക്കുന്ന ഘടകമാണ്.
നിയന്ത്രണരേഖയ്ക്ക് അപ്പുറവും ഇപ്പുറവുമുള്ള ഇന്ത്യന്‍-പാക്കിസ്ഥാന്‍ സൈനികരുടെ സൌഹൃദത്തെക്കുറിച്ചും സംവിധായകന്‍ പറയുന്നുണ്ട്. മോഹന്‍ലാലിനൊഴികെ മറ്റാര്‍ക്കും ചിത്രത്തില്‍ കാര്യമായൊന്നും ചെയ്യുവാനില്ല. മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച സിദ്ദിഖ്, ബിജു മേനോന്‍, കൊച്ചിന്‍ ഹനീഫ, മണിക്കുട്ടന്‍, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയവരൊക്കെ തങ്ങളാല്‍ കഴിയുന്ന രീതിയില്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ക്യാപ്റ്റല്‍ ലക്ഷ്മി എന്ന കഥാപാത്രമായെത്തുന്ന ടാനിയ സിംഗിന് കഥാപാത്രത്തെ ഉള്‍ക്കൊണ്ട് അവതരിപ്പിക്കുവാന്‍ സാധിച്ചിട്ടില്ല. ഡിസ്കവറിയിലോ, മറ്റ് വിദേശ സിനിമകളിലോ യുദ്ധരംഗങ്ങള്‍ കണ്ടിട്ടില്ലാത്തവര്‍ക്ക്; മോഹന്‍ലാലിനെ പട്ടാളവേഷത്തില്‍ കാണണമെന്നുള്ളവര്‍ക്ക്; കാണുവാന്‍ കയറാവുന്ന ഒരു ചിത്രം, അതുമാത്രമാണ് ‘കുരുക്ഷേത്ര’.
അനുബന്ധം:
• Kargil War
Description: Kurukshethra (Kurukshetra) - A film Directed by Major Ravi; Starring MohanLal, Tania Singh, Biju Menon, Siddique, Manikkuttan, Kochin Haneefa, Suraj Venjarammood; Produced by Santhosh Damodar; Story, Screenplay and Dialogues by Major Ravi; Camera by Lokanadhan; Editing by Jayasankar; Lyrics by Gireesh Puthencheri; Music by Sidharth Vipin; Film / Movie / Cinema Review by Hareesh N. Nampoothiri aka Haree | ഹരീ; Eid / Ramadan / 2008 October Release; Chithravishesham; Chitravishesham.
--







