Note: Built in HTML5 and CSS3. Google Chrome 10 / Mozilla Firefox 4 / Microsoft IE 9 or later recommended.

വാരണം ആയിരം (Vaaranam Aayiram)

Published on: November 25, 2008

Vaaranam Aayiram - A Film by Gautham Vasudev Menon; Starring Surya (Suriya) Sivakumar, Sameera Reddy, Divya Spandana, Simran Bagga, Deepa Narendran.
'പച്ചൈക്കിളി മുത്തുച്ചിരം' എന്ന ചിത്രത്തിനു ശേഷം ഗൌതം മേനോന്‍ കഥ, തിരക്കഥ എന്നിവയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വാരണം ആയിരം’. ആദ്യ ചിത്രമായ ‘മിന്നലൈ’ മുതല്‍ക്കു തന്നെ തമിഴ് സിനിമയ്ക്ക് പുതിയൊരു മാനം നല്‍കുവാന്‍ സാധിച്ച സംവിധായകനാണ് അദ്ദേഹം. പ്രമേയത്തിലെ പുതുമയും, അവതരണ രീതിയിലെ വ്യത്യസ്തതയുമാണ് ഗൌതം മേനോന്‍ ചിത്രങ്ങളെ വേറിട്ടു നിര്‍ത്തുന്നത്. ‘വാരണം ആയിര’ത്തിന്റെ കാര്യവും വിഭിന്നമല്ല. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് (ഓസ്കര്‍)വി. രവിചന്ദ്രന്‍. സൂര്യ ഇരട്ട വേഷങ്ങളില്‍ അഭിനയിക്കുന്ന ഈ ചിത്രത്തില്‍ സമീറ റെഡ്ഢി, ദിവ്യ സ്പന്ദന, സിമ്രന്‍ തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

 കഥയും, കഥാപാത്രങ്ങളും [ 5/10 ]

കൃഷ്ണനും, മകന്‍ സൂര്യയും; ഇവരുടെ ബന്ധത്തെ ചുറ്റിയാണ് കഥ പുരോഗമിക്കുന്നത്. അച്ഛന്റെ യുവത്വത്തില്‍ തുടങ്ങി മകന്‍ യുവാവാകുന്നതുവരെയുള്ള അവരുടെ ജീവിതത്തിലെ സംഭവവികാസങ്ങളാണ് ചിത്രത്തിലെ പ്രതിപാദ്യം. വളരെയധികം വളച്ചു ചുറ്റി മെനഞ്ഞിരിക്കുന്ന കഥയ്ക്ക് കൃത്രിമത്വം അനുഭവപ്പെടുന്നു എന്നതാണ് പ്രധാന ന്യൂനത. എങ്കിലും അവതരണശൈലിയുടെ മികവില്‍ രണ്ടേമുക്കാല്‍ മണിക്കൂറുള്ള ചിത്രം പ്രേക്ഷകരെ പിടിച്ചിരുത്തും.

 സംവിധാനം [ 7/10 ]

ഗൌതം മേനോന്റെ കൈയ്യൊപ്പു പതിയുന്ന രീതിയിലാണ് ഓരോ ദൃശ്യവും പകര്‍ത്തപ്പെട്ടിരിക്കുന്നത്. കുടുംബ ബന്ധങ്ങളിലെ ഊഷ്മളതയും, സ്നേഹബന്ധങ്ങളുടെ ലാളിത്യവും പ്രേക്ഷകര്‍ക്ക് അനുഭവവേദ്യമാവുന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഗാനരംഗങ്ങളുടെ ചിത്രീകരണ മികവിനും സംവിധായകന്‍ പ്രശംസയര്‍ഹിക്കുന്നു. ഒടുവിലെ കമാന്‍ഡോ ഓപ്പറേഷന്‍ മാത്രം ഏച്ചുകെട്ടിയതു പോലെ തോന്നിച്ചു. അവിടെ അത്രയും വിശദമായ ഒരു ദൃശ്യവത്കരണം ആവശ്യമുണ്ടെന്നു തോന്നിയില്ല. ആ ഭാഗത്തെ ചിത്രീകരണത്തിലും പറയത്തക്ക പുതുമയൊന്നുമില്ല. ചിത്രം ചിലപ്പോള്‍ വളരെ വേഗത്തിലും, ചിലയിടങ്ങളില്‍ വല്ലാതെ ഇഴഞ്ഞുമാണ് നീങ്ങുന്നത്. ‘കാക്ക കാക്ക’ പോലെയോ, ‘പച്ചൈക്കിളി മുത്തുച്ചിരം’ പോലെയോ സമഗ്രമായൊരു മികവ് അവകാശപ്പെടുവാന്‍ ചിത്രത്തിനാവില്ല. കഥയിലെ കൃത്രിമത്വവും അതിനൊരു കാരണമായിരിക്കാം.

 അഭിനയം [ 8/10 ]

ചിത്രത്തിലെ അച്ഛനേയും(കൃഷ്ണന്‍), മകനേയും(സൂര്യ) സൂര്യയാണ് അവതരിപ്പിച്ചിരിക്കുന്നത്. സൂര്യയുടെ ദശാവതാരമെന്ന് വേണമെങ്കില്‍ ഈ ചിത്രത്തെ വിശേഷിപ്പിക്കാം; അത്രയും വ്യത്യസ്ത വേഷങ്ങളില്‍ (അച്ഛനായും, മകനായും പല പ്രായത്തില്‍, ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍) സൂര്യ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. രൂപത്തിലും, ഭാവത്തിലും, ശരീരഭാഷയിലും ഇവയോരോന്നിനും വ്യത്യസ്തത നല്‍കുവാന്‍ സൂര്യയ്ക്ക് സാധിച്ചിട്ടുണ്ട്. കൂട്ടുവേഷങ്ങളെ അവതരിപ്പിക്കുന്ന സമീറ റെഡ്ഢി(കാമുകി), ദിവ്യ സ്പന്ദന(സൂര്യയുടെ കാമുകി, ഭാര്യ), സിമ്രന്‍(കൃഷ്ണന്റെ ഭാര്യ, സൂര്യയുടെ അമ്മ), ദീപ നരേന്ദ്രന്‍(കൃഷ്ണന്റെ മകള്‍, സൂര്യയുടെ സഹോദരി) എന്നിവര്‍ക്ക് സൂര്യയെ പിന്തുണയ്ക്കുക എന്ന ദൌത്യം മാത്രമാണുള്ളത്. അത് ഇവരോരുത്തരും മനോഹരമായി ചെയ്തിട്ടുമുണ്ട്.

 സങ്കേതികം [ 6/10 ]

രാജീവന്‍ നിര്‍വ്വഹിച്ചിരിക്കുന്ന കലാസംവിധാനമാണ് സാങ്കേതിക വിഭാഗത്തില്‍ മികച്ചു നിന്നത്. സിനിമയിലെ ഓരോ സാഹചര്യത്തിനും അനുസൃതമായി ചുറ്റുപാടുകളും, കഥാപാത്രങ്ങളേയും അണിയിച്ചൊരുക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. രത്നവേലുവിന്റെ ഛായാഗ്രഹണവും, ആന്റണിയുടെ ചിത്രസംയോജനവും മൊത്തത്തില്‍ മികവ് പുലര്‍ത്തിയെങ്കിലും ചിലയിടങ്ങളില്‍ പാളി. ആവശ്യമുള്ളയിടങ്ങളില്‍ പോലും വളരെ പിശുക്കിയാണ് ഇഫക്ടുകള്‍ പ്രയോജനപ്പെടുത്തിയിരിക്കുന്നത്. ഈ വിഭാഗങ്ങളില്‍ കുറച്ചു കൂടി ശ്രദ്ധ പുലര്‍ത്തിയിരുന്നെങ്കില്‍, കുറച്ചു കൂടി മെച്ചപ്പെട്ട അനുഭവമായിരുന്നു ചിത്രം നല്‍കുക.

 പാട്ട്, നൃത്തം, ആക്ഷന്‍ [ 4/5 ]

താമര എഴുതി, ഹാരിസ് ജയരാജ് സംഗീതം നല്‍കിയിരിക്കുന്ന ഗാനങ്ങള്‍ ചിത്രത്തിന് ഒരു മുതല്‍ക്കൂട്ടാണ്. ശുഭ രഘുനാഥന്റെ ശബ്ദത്തിലുള്ള “അനൈ മേലെ പനിത്തുളി...”; നരേഷ് അയ്യര്‍, പ്രശാന്തിനി എന്നിവര്‍ ചേര്‍ന്നു പാടിയിരിക്കുന്ന “മുന്‍‌ദിനം പാര്‍ത്തേനേ‍...” എന്നീ ഗാനങ്ങള്‍ മികച്ചു നില്‍ക്കുന്നു. കാര്‍ത്തിക്, വി. പ്രസന്ന എന്നിവര്‍ ആലപിക്കുന്ന “അവ എന്നെ എന്നെ...” ചിത്രത്തിന്റെ ഭാവത്തോടു ചേര്‍ന്നു പോവുന്നു. സൂര്യയുടെ ചെറുപ്പകാലത്തിന്റെ ഉത്സാഹം ദൃശ്യമാക്കുന്ന “യേത്തി, യേത്തി, യേത്തി...” എന്ന ഗാനം അതില്‍ ഉപയോഗിച്ചിരിക്കുന്ന നൃത്തച്ചുവടുകളുടെ മികവാല്‍ ശ്രദ്ധേയമാണ്. സൂര്യയുടേയും, മേഘ്നയുടേയും പ്രണയത്തിന് പശ്ചാത്തലമാവുന്ന “നെഞ്ചുക്കുള്‍ പെയ്തിടും മാമഴൈ...”, “ആടിയേ കൊല്ലുതേ...”, എന്നിവയും മോശമായില്ല. താമരയുടെ വരികളും നന്ന്. ആക്ഷന്‍ രംഗങ്ങള്‍ക്ക് കാര്യമായ പ്രാധാന്യം ചിത്രത്തിലില്ല. കുട്ടിയെ തട്ടിക്കൊണ്ടു പോവുന്ന വില്ലന്മാരുമായുള്ള ആക്ഷന്‍ രംഗങ്ങള്‍ നന്നായിരുന്നു; എന്നാല്‍ അവസാനമുള്ള കമാന്‍ഡോ ഓപ്പറേഷന്‍ കാര്യമായ ശ്രദ്ധ നേടിയതുമില്ല.

 മറ്റുള്ളവ [ 4/5 ]

സൂര്യയുടെ വിവിധ വേഷങ്ങളെ ഒരുക്കിയിരിക്കുന്നത് എടുത്തു പറയേണ്ടതാണ്. ടീനേജിലുള്ള പയ്യനെയും, ക്യാന്‍സര്‍ ബാധിതനായ വൃദ്ധനെയും വിശ്വസിനീയമായ രീതിയില്‍ സൂര്യയ്ക്ക് അവതരിപ്പിക്കുവാന്‍ കഴിഞ്ഞിട്ടുള്ളതില്‍, മേക്കപ്പിനുള്ള പങ്ക് ചെറുതല്ല. രണ്ടുവര്‍ഷത്തോളം സമയമെടുത്തു ചെയ്ത ചിത്രത്തിന്റെ ടൈറ്റിലുകളും, പോസ്റ്ററുകളും ഇതിലും ആകര്‍ഷകമാക്കാമായിരുന്നു.

 ആകെത്തുക [ 6.8/10 ]

വളരെ ലളിതമായി, സ്വാഭാവികമായി അവതരിക്കപ്പെട്ടിരിക്കുന്ന ഒട്ടേറെ രംഗങ്ങള്‍ ചിത്രത്തിലുണ്ട്. ട്രയിനില്‍ വെച്ചുള്ള സൂര്യയുടെ, മേഘ്നയോടുള്ള പ്രണയാഭ്യര്‍ത്ഥനയും; തുടര്‍ന്ന് മേഘ്നയുടെ വീട്ടില്‍ ചെന്നുള്ള സംസാരവും, രസകരമായി അവതരിപ്പിച്ചിരിക്കുന്നു. അനാവശ്യമായ കരച്ചിലുകളോ, അമിതാഭിനയമോ ചിത്രത്തില്‍ ഒരിടത്തുമില്ല. ഭര്‍ത്താവിന് ക്യാന്‍സറാണെന്ന് അറിഞ്ഞ ശേഷമുള്ള മാലിനിയുടെ പ്രതികരണവും, ഭര്‍ത്താവ് മരിച്ചതിനു ശേഷമുള്ള രംഗങ്ങളും ഇതിനുദാഹരണങ്ങളാണ്. ഇപ്രകാരമുള്ള രംഗങ്ങളും, സംഭാഷണങ്ങളും, സൂര്യയുടെ തകര്‍പ്പന്‍ അഭിനയവും, ഹാരിസ് ജയരാജിന്റെ സംഗീതത്തിലുള്ള ഗാനങ്ങളും; എല്ലാം ചേരുമ്പോള്‍ ഈ ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകര്‍ക്ക് നിരാശപ്പെടേണ്ടി വരില്ല. എല്ലാത്തിനും ഉപരിയായി അച്ഛനും, മകനും തമ്മിലുള്ള ബന്ധത്തിന്റെ ആഴം വളരെ നന്നായി ചിത്രത്തില്‍ പ്രതിഫലിപ്പിച്ചിരിക്കുന്നു. മകന്റെ തെറ്റുകളെ സ്നേഹം കൊണ്ടും, ലാളന കൊണ്ടും തിരുത്തുന്ന അച്ഛന്‍ തീര്‍ച്ചയായും ഒരു നല്ല സന്ദേശമാണ് സമൂഹത്തിനു നല്‍കുന്നത്. ഒരുപക്ഷെ, തിരുത്തുവാനുള്ള സാഹചര്യം വീട്ടിലോ, സമൂഹത്തിലോ നല്‍കാത്തതിനാലാവും കൊച്ചുകുട്ടികള്‍ പോലും ആത്മഹത്യയെന്ന വഴി ആദ്യമേ തേടുന്നതെന്നൊരു മനസിലാക്കല്‍ ചിത്രം കാണുന്നവര്‍ക്കുണ്ടാവാം. ചുരുക്കത്തില്‍, കണ്ടിരിക്കേണ്ട നല്ല ചിത്രങ്ങളുടെ പട്ടികയില്‍ ‘വാരണം ആയിര’ത്തെ തീര്‍ച്ചയായും ചേര്‍ക്കാം.

 Post a Comment

Description: Vaaranam Aayiram (Varanam Ayiram)- A Film Directed by Gautham Vasudev Menon; Story, Screenplay and Dialogues by Gautham Vasudev Menon; Produced by V. Ravichandran (Aascar Ravichandran, Oscar Ravichandran); Starring Surya (Suriya) Sivakumar, Sameera Reddy, Divya Spandana, Simran Bagga, Deepa Narendran; Music by Harris Jayaraj; Lyrics by Thamarai, Cinematography by R. Rathnavelu; Editing by Antony; Art Direction by Rajeevan. Tamil Film Review in Malayalam by Hareesh N. Nampoothiri aka Haree | ഹരീ for Chithravishesham Blog (Chitravishesham). November 2008 Release.
--

ചിത്രവിശേഷത്തിന് രണ്ട് വയസ്

Published on: November 21, 2008

Chithravishesham (Chitravishesham) celebrating second anniversary.
നവംബര്‍ 20, 2008: ‘ചിത്രവിശേഷം’ തുടങ്ങിയിട്ട് ഇന്നേക്കിത് രണ്ടാം വര്‍ഷം. ചിത്രവിശേഷത്തിന്റെ തുടക്കത്തെപ്പറ്റിയും, ചിത്രവിശേഷം എന്നതിന്റെ ഉദ്ദേശത്തെ പറ്റിയും ‘ചിത്രവിശേഷത്തിന് ഒരു വയസ്’ എന്ന പോസ്റ്റില്‍ കഴിഞ്ഞ വര്‍ഷം സൂചിപ്പിച്ചിരുന്നു. ഓരോ വിശേഷത്തിനും കമന്റ് ചെയ്യുന്നവര്‍ അധികമില്ലെങ്കിലും, വായനക്കാരുടെ എണ്ണത്തിലുള്ള ക്രമാനുഗതമായ വളര്‍ച്ച വളരെ പ്രോത്സാഹനം നല്‍കുന്ന ഒന്നാണ്. യോജിപ്പുകളും, വിയോജിപ്പുകളും രേഖപ്പെടുത്തി ഈ ബ്ലോഗിനെ മുന്നോട്ടു നയിക്കുന്നവര്‍ നല്‍കുന്ന ഊര്‍ജ്ജവും ചെറുതല്ല. ലിങ്കുകളായും, ഫീഡുകളായും ചിത്രവിശേഷത്തെ കൂടുതല്‍ പേരിലെത്തിക്കുന്ന ബ്ലോഗുകളേയും, അഗ്രിഗേറ്ററുകളേയും, വെബ് സൈറ്റുകളേയും വിസ്മരിക്കുവാനും കഴിയില്ല. ഏവരുടേയും സഹകരണം തുടര്‍ന്നും പ്രതീക്ഷിച്ചുകൊണ്ട്, മൂന്നാം വര്‍ഷത്തിലെ യാത്ര ഇവിടെ ആരംഭിക്കുന്നു.

 റേറ്റിംഗ്

ചിത്രവിശേഷത്തിലെ റേറ്റിംഗിനെക്കുറിച്ചാണ് ഏറ്റവും കൂടുതല്‍ പരാതി കേട്ടിട്ടുള്ളത്. മോശമായി എഴുതിയിരിക്കുന്ന സിനിമകളുടെ റേറ്റിംഗ്, നല്ലതെന്ന് എഴുതിയിരിക്കുന്നതിനേക്കാള്‍ ചിലപ്പോള്‍ കൂടി നില്‍ക്കുന്നു; മറ്റു പല സൈറ്റുകളും നല്ല റേറ്റിംഗ് നല്‍കിയിരിക്കുന്ന സിനിമകള്‍ക്ക് ചിത്രവിശേഷത്തിലെ റേറ്റിംഗ് കുറഞ്ഞുപോവുന്നു, ചിലപ്പോള്‍ കൂടിപ്പോവുന്നു; റേറ്റിംഗിന്റെ മാനദണ്ഡം എന്തെന്ന ചോദ്യം ഇടയ്ക്കിടെ ഉയരുന്നു, അപ്പോളൊക്കെ അതെങ്ങിനെയെന്ന് ഓര്‍മ്മപ്പെടുത്തേണ്ടി വരുന്നു. ഇതൊക്കെക്കൊണ്ടുതന്നെ ഇപ്പോള്‍ പിന്തുടരുന്ന റേറ്റിംഗ് രീതിയിലൊരു മാറ്റമാവാം എന്നു തോന്നുന്നു. ചിത്രവിശേഷത്തില്‍ ഇനിമുതല്‍ നല്‍കുന്ന റേറ്റിംഗ് താഴെപ്പറയുന്ന മാനദണ്ഡങ്ങള്‍ പ്രകാരമാവും. പൂര്‍ണ്ണമായും സാങ്കേതികമായ വിലയിരുത്തലാവില്ല ഇവിടെ പിന്തുടരുക, ആസ്വാദകപക്ഷത്തു നിന്നാവും ഓരോ ഘടകവും വിലയിരുത്തപ്പെടുക.

  • കഥയും, കഥാപാത്രങ്ങളും: കഥ, തിരക്കഥ, സംഭാഷണം, കഥാപാത്രങ്ങള്‍ക്ക് കഥയിലുള്ള പ്രാധാന്യം, അവതരണരീതി ഇതൊക്കെയാണ് ഇവിടെ വിലയിരുത്തുക.
  • സംവിധാനം: ഓരോ കഥാപാത്രത്തിനും ഇണങ്ങുന്ന അഭിനേതാക്കളെയാണോ ഉപയോഗിച്ചിരിക്കുന്നത്, തൃപ്തികരമായി അവരെക്കൊണ്ട് അതാത് കഥാപാത്രങ്ങളെ അവതരിപ്പിക്കുവാന്‍ സംവിധായകന് സാധിച്ചിട്ടുണ്ടോ, കഥാകഥന രീതി, പ്രേക്ഷകന്റെ താത്പര്യം നിലനിര്‍ത്തുവാന്‍ കഴിഞ്ഞിട്ടുണ്ടോ, എല്ലാത്തിനുമുപരി ചിത്രത്തെ ആസ്വാദനക്ഷമമായി ഒരുക്കുവാന്‍ കഴിഞ്ഞിട്ടുണ്ടോ; ഇവയൊക്കെയാണ് ഇവിടെ നോക്കുക.
  • അഭിനയം: അഭിനേതാക്കള്‍ക്ക് കഥാപാത്രങ്ങളെ അഭിനയിപ്പിച്ചു ഫലിപ്പിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടോ എന്നതാണ് ഇവിടെ നോക്കുന്നത്. ഓരോ കഥാപാത്രത്തിനും കഥയിലുള്ള പ്രാധാന്യത്തിനനുസരിച്ചാവും, ആകെക്കൂടിയുള്ള മികവ് നിര്‍ണ്ണയിക്കുക.
  • സാങ്കേതികം: ക്യാമറ, എഡിറ്റിംഗ്, ശബ്ദലേഖനം, കലാസംവിധാനം, വിഷ്വല്‍/സൌണ്ട് ഇഫക്ടുകള്‍, പിന്നണിസംഗീതം തുടങ്ങിയ സാങ്കേതികമേഖലകളിലുള്ള മികവാണ് ഇവിടെ പരിശോധിക്കുന്നത്. ഇവയോരോന്നും ഉപയോഗിച്ചിരിക്കുന്നതിലെ വൈദഗ്ദ്ധ്യത്തേക്കാളുപരി വേണ്ടത്, വേണ്ടപ്പോള്‍, വേണ്ടരീതിയില്‍, ഉപയോഗിച്ചിട്ടുണ്ടോ എന്നതിനാണ് പ്രാധാന്യം നല്‍കുക.
  • പാ‍ട്ട്, നൃത്തം, ആക്ഷന്‍: ഇവയൊക്കെ ഒരു സിനിമയില്‍ ആവശ്യത്തിന് ഉപയോഗിച്ചാല്‍ പ്രയോജനം ചെയ്യും. കൂടുതലായാല്‍ അതുപോലെ ദോഷവും.
  • മറ്റുള്ളവ‍: നിര്‍മ്മാണം, വസ്ത്രാലങ്കാരം, മേക്കപ്പ്, ഡിസൈന്‍ തുടങ്ങിയവയാണ് ഇവിടെ പരിഗണിക്കുക. ചിത്രത്തിന്റെ വിജയം, ഈ ഘടകങ്ങളുടെ മികവിനേയും ആശ്രയിച്ചിരിക്കുന്നു.

കഥയും, കഥാപാത്രങ്ങളും - 10 പോയിന്റ്
സംവിധാനം - 10 പോയിന്റ്
അഭിനയം - 10 പോയിന്റ്
സാങ്കേതികം - 10 പോയിന്റ്
പാട്ട്, നൃത്തം, ആക്ഷന്‍ - 5 പോയിന്റ്
മറ്റുള്ളവ - 5 പോയിന്റ്

10 പോയിന്റ് നല്‍കിയിട്ടുള്ള ഘടകങ്ങള്‍ക്ക് 3 പോയിന്റും, 5 പോയിന്റ് നല്‍കിയിരിക്കുന്ന ഘടകങ്ങള്‍ക്ക് 2 പോയിന്റുമാവും ഓരോ ചിത്രത്തിനും തുടക്കത്തില്‍ നല്‍കുന്നത്. ഇതില്‍ നിന്നും ചിത്രത്തിന്റെ നിലവാരത്തിനനുസരിച്ച് പോയിന്റുകള്‍ കൂട്ടിയും, കുറച്ചുമാണ് യഥാര്‍ത്ഥത്തിലുള്ള പോയിന്റ് കണക്കാക്കുന്നത്. ഉദാ‍ഹരണത്തിന് ഒരു ചിത്രത്തിന്റെ അഭിനയത്തിന് 3 പോയിന്റ് ആണ് നല്‍കിയിരിക്കുന്നതെങ്കില്‍, അഭിനേതാക്കളെല്ലാവരും തരക്കേടില്ലാതെ അഭിനയിച്ചിട്ടുണ്ടെന്നും; 4, 5, 6 എന്നിങ്ങനെ മുകളിലേക്ക് പോയാല്‍ ചില അഭിനേതാക്കളെങ്കിലും മികച്ചു നിന്നുവെന്നും; 2, 1 എന്നിങ്ങനെ താഴേക്ക് പോയാല്‍ പലരും നന്നായില്ല എന്നും അര്‍ത്ഥമാക്കാം.

ഇതിനു മുന്‍പ് പോസ്റ്റ് ചെയ്തിരിക്കുന്ന രണ്ട് ചിത്രങ്ങളുടെ‍(‌ട്വന്റി 20, ക്വാണ്ടം ഓഫ് സോളസ്) റേറ്റിംഗ് ഇപ്രകാരം നല്‍കിയിരിക്കുന്നത് ശ്രദ്ധിക്കുമല്ലോ. ഈ രീതിയിലുള്ള റേറ്റിംഗ് കുറ്റമറ്റതാണെന്ന് പറയുവാന്‍ കഴിയുകയില്ലെങ്കിലും, മുന്‍പ് പിന്തുടര്‍ന്നു വന്നിരുന്ന രീതിയെ അപേക്ഷിച്ച് കൂടുതല്‍ വിശ്വസനീയമാവുമെന്ന് കരുതുന്നു. ചിത്രങ്ങളുടെ വിശേഷമെഴുതുമ്പോള്‍, ഈ വിഭാഗങ്ങള്‍ക്ക് ഇതേ രീതിയില്‍ ഊന്നല്‍ നല്‍കുവാനും ശ്രമിക്കുന്നതാണ്. ‘ട്വന്റി 20’-യെക്കുറിച്ചുള്ള പോള്‍ഫലം ഈ റേറ്റിംഗിന് അനുകൂലമാണെന്നതിനാല്‍ ഈ രീതി പൊതുവെ സ്വീകാര്യമാണെന്ന് കരുതുന്നു.
Twenty 20: Chithravishesham Poll Result.

 വിശേഷം അവതരിപ്പിക്കുന്ന രീതി

വിശേഷത്തില്‍ കഥ പറയുന്നു എന്നതാണ് മറ്റൊരു പ്രധാന ആരോപണം. ഒട്ടുമിക്കവാറും മറ്റെല്ലാ സൈറ്റുകളിലും വരുന്ന പ്രിവ്യൂകള്‍, റിവ്യൂകള്‍ എന്നിവയുമായി താരതമ്യം ചെയ്താല്‍ ഈ ആരോപണത്തില്‍ കഴമ്പില്ലെന്ന് വ്യക്തമാവും. വളരെ ചുരുക്കി, പരിണാമഗുപ്തി വെളിവാക്കാത്ത രീതിയില്‍; കഥയെക്കാളുപരി കഥാപാത്രങ്ങളേയും, അവ അവതരിപ്പിച്ചവരേയും പരിചയപ്പെടുത്തുന്ന രീതിയാണ് ചിത്രവിശേഷം തുടര്‍ന്നു വന്നിരുന്നത്. എന്നിരുന്നാലും, പലയിടത്തും പ്രതിപാദിച്ചിട്ടുള്ള കഥ വീണ്ടുമിവിടെ എടുത്തെഴുതേണ്ടതില്ല എന്നു ചിന്തിക്കുമ്പോള്‍ ഒരു മാറ്റമാവാം എന്നു കരുതുന്നു. ഇനി മുതല്‍ കഥയും, കഥാപാത്രങ്ങളുമെന്ന ഭാഗത്ത് അവയുടെ വിലയിരുത്തലിന് മുന്‍‌തൂക്കം നല്‍കുവാനാണ് ശ്രമിക്കുക. ‘ട്വന്റി 20’, ‘ക്വാണ്ടം ഓഫ് സോളസ്’ എന്നിവയുടെ വിശേഷത്തില്‍ ഈ മാറ്റം ശ്രദ്ധിച്ചു കാണുമെന്നു കരുതുന്നു.

 കൊച്ചു കൊച്ചു സന്തോഷങ്ങള്‍

ചിത്രവിശേഷത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ വിവിധ പ്രസിദ്ധീകരണങ്ങളില്‍ പലപ്പോഴായി ഉണ്ടായിട്ടുണ്ട്. ചില സിനിമകളെക്കുറിച്ചുള്ള ചിത്രവിശേഷത്തിന്റെ വിലയിരുത്തലുകള്‍ ഓര്‍ക്കുട്ട് കമ്മ്യൂണിറ്റികളിലും, ഫോറങ്ങളിലും ചര്‍ച്ച ചെയ്യപ്പെടുന്നതും കണ്ടിട്ടുണ്ട്. സിനിമകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ചിത്രവിശേഷം ചിലപ്പോഴെങ്കിലും ഒരു നിമിത്തമാവാറുണ്ട് എന്നത് സന്തോഷം നല്‍കുന്ന കാര്യമാണ്. മുന്‍പ് പലരും കമന്റിലൂടെ സൂചിപ്പിച്ചതുപോലെ, ഇപ്പോള്‍ ഏതു സിനിമയാണ് കാണുവാന്‍ നല്ലതെന്ന് തീരുമാനിക്കുവാന്‍ ചിത്രവിശേഷം ഉതകാറുണ്ടെന്നതും അഹ്ലാദകരമാണ്.

ചിത്രവിശേഷത്തില്‍ പ്രസിദ്ധീകരിച്ച പോസ്റ്റുകളുടെ ഒരു ആകെത്തുക ‘സൌദി ടൈംസ്’ എന്ന പേരില്‍ സൌദിയില്‍ പുറത്തിറങ്ങുന്ന മാസികയുടെ ചില ലക്കങ്ങളില്‍ ‘ടാക്കീസ് ടാക്ക്’ എന്ന പംക്തിയില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. ഈ ബ്ലോഗിനെ ‘സൌദി ടൈംസി’ന്റെ എഡിറ്റര്‍ക്ക് പരിചയപ്പെടുത്തിയ ശ്രീ. സുനിലിനോടും, വിശേഷങ്ങള്‍ മാസികയില്‍ പ്രസിദ്ധീകരിക്കുവാന്‍ തയ്യാറായ മാഗസീന്‍ എഡിറ്റര്‍ ശ്രീ. ദീപക് കലാനിയോടുമുള്ള നന്ദി പ്രകാശിപ്പിക്കുവാനും ഈ അവസരം ഉപയോഗിക്കുന്നു.

 മൂന്നാം വര്‍ഷത്തില്‍...

ബ്ലോഗ് സ്പോട്ട് ഡൊമൈനില്‍ നിന്നും http://www.chithravishesham.com എന്ന പുതിയ ഡൊമൈനിലേക്കുള്ള മാറ്റം, പോസ്റ്റുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കുന്ന രീതിയില്‍ തയ്യാറാക്കിയ പുതിയ ബ്ലോഗ് രൂപഘടന എന്നിവ ശ്രദ്ധിച്ചിരിക്കുമല്ലോ. കൂടുതല്‍ മികച്ച ഒരു ബ്ലോഗനുഭവം ഇവ സാധ്യമാക്കുമെന്നു കരുതുന്നു. ചിത്രവിശേഷം കൂടുതല്‍ മികച്ചതാക്കുന്നതിലേക്ക് അഭിപ്രായങ്ങളും, നിര്‍ദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു. ഏവരുടേയും പിന്തുണ ഈ മൂന്നാം വര്‍ഷത്തിലും പ്രതീക്ഷിച്ചുകൊണ്ട്... ഒരിക്കല്‍ കൂടി ഏവര്‍ക്കും നന്ദി.

വായിക്കുക... വരിക്കാരാവുക...

 Post a Comment

Description: Chithravishesham (Chitravishesham) celebrating second anniversary. A Film / Movie / Cinema Review blog maintained by Hareesh N. Nampoothiri aka Haree | ഹരീ featuring Malayalam, Hindi, Tamil and English Film Reviews in Malayalam. Thanking all readers and supporters of this blog. Details on new rating system followed in Chithravishesham. Suggestions and comments are welcome.
--

ക്വാണ്ടം ഓഫ് സോളസ് (Quantum of Solace)

Published on: November 13, 2008

Quantum of Solace: 22nd James Bond Film; Daniel Craig as James Bond; also starring Mathieu Amalric, Olga Kurylenko, Gemma Arterton, Judi Dench, Jeffrey Wright, Giancarlo Giannini etc; Directed by Marc Forster.
'കാസിനോ റോയലെ'യ്ക്ക് ശേഷം ഡാനിയേല്‍ ക്രെയ്ഗ് നായകനാവുന്ന രണ്ടാമത് ബോണ്ട് ചിത്രമാണ് ‘ക്വാണ്ടം ഓഫ് സോളസ്’. ജയിംസ് ബോണ്ട് ചിത്രപരമ്പരയിലെ ഇരുപത്തിരണ്ടാമത് ചിത്രവുമാണിത്. ഓസ്കര്‍ പുരസ്കാര ജേതാവായ മാര്‍ക് ഫോസ്റ്ററാണ് ചിത്രത്തിന്റെ സംവിധായകന്‍. മൈക്കല്‍ ജെ. വിത്സണിന്റെ കഥയ്ക്ക്; ജോഷ്വ സെറ്റുമെര്‍, പോണ്‍ ഹഗ്ഗിസ്, നീല്‍ പര്‍വിസ്, റോബര്‍ട്ട് വഡേ തുടങ്ങിയവര്‍ ചേര്‍ന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. മൈക്കല്‍ ജെ. വിത്സന്‍, ബാര്‍ബറ ബ്രോക്കോളി എന്നിവരൊരുമിച്ച് ചിത്രം നിര്‍മ്മിച്ചിരിക്കുന്നു. ജയിംസ് ബോണ്ടിന്റെ തുടക്കം കാണിക്കുന്ന ‘കാസിനോ റോയലെ’-യില്‍ നിറം മങ്ങിയ പ്രകടനമാണ് ക്രെയ്ഗ് കാഴ്ചവെച്ചത്. എന്നാലത്, ബോണ്ടിന്റെ തുടക്കമായതിനാലാണെന്നായിരുന്നു ന്യായം. പക്ഷെ, രണ്ടാമത്തെ ചിത്രത്തിലും കാര്യമായ പുരോഗതിയൊന്നും കൈവരിക്കുവാന്‍ ക്രെയ്ഗിനു സാധിക്കുന്നില്ല.

 കഥയും, കഥാപാത്രങ്ങളും [ 5/10 ]

ബോണ്ടായെത്തുന്ന നടനും, ബോണ്ടിന്റെ ഉപഗ്രഹങ്ങളായെത്തുന്ന ബോണ്ട് ഗേള്‍സുമാണ് ബോണ്ട് ചിത്രങ്ങളിലെ ശ്രദ്ധാകേന്ദ്രങ്ങള്‍. ബോണ്ടിന്റെയത്രയും തന്നെ പ്രാധാന്യം, ബോണ്ട് ഗേള്‍സിനും ഉണ്ടാവാറുണ്ട്. എന്നാല്‍ ഈ ചിത്രത്തില്‍ നായികമാരായെത്തുന്ന ഓള്‍ഗ കുരിലെന്‍‌കോ, ജെമ്മ ആര്‍റ്റേര്‍ടണ്‍ എന്നിവര്‍ക്ക് കഥയില്‍ കാര്യമായ സ്വാധീനമില്ല. ബോണ്ട് ഗേള്‍സെന്ന വിശേഷണം ഇവര്‍ക്ക് യോജിക്കുകയുമില്ല. തന്റെ കാമുകിയുടെ മരണത്തിനുത്തരവാദികളായവരെ കണ്ടെത്തി പ്രതികാരം ചെയ്യുകയാണ് ബോണ്ടിന്റെ ലക്ഷ്യം. ഒടുവില്‍ ഡൊമിനിക് ഗ്രീനിനെ(മാത്യു അമാല്‍‌റിക്)യും, അയാളുടെ യഥാര്‍ത്ഥ പ്രവര്‍ത്തികളും കണ്ടെത്തുന്നു. എന്നാല്‍ ഗ്രീന്‍, ബോണ്ടിനു ചേര്‍ന്ന ഒരു എതിരാളിയായി തോന്നിയില്ല. താരതമ്യേന വളരെ ലളിതമായ ഒരു കഥ, അല്പം ചുറ്റിത്തിരിച്ച് സങ്കീര്‍ണ്ണമായി പറഞ്ഞിട്ടുണ്ടെന്നുള്ളതൊഴിച്ചാല്‍ കാര്യമായ മെച്ചമൊന്നും ഇതില്‍ കാണുവാനില്ല.

 സംവിധാനം [ 5/10 ]

കഥയുടെ രസച്ചരട് പൊട്ടിക്കാതെ, പ്രേക്ഷകനെ സിനിമയോട് ചേര്‍ത്തു നിര്‍ത്തുവാന്‍ സംവിധായകനു കഴിയണം. ഈ അര്‍ത്ഥത്തില്‍ മാര്‍ക്ക് ഫോസ്റ്റര്‍ വിജയിച്ചുവെന്ന് കരുതുവാന്‍ കഴിയില്ല. പ്രേക്ഷകന് കഥയില്‍ ഒരു താത്പര്യവും ഒരു സമയത്തും ഉണ്ടാവുന്നില്ല. ക്രെയ്ഗിനെ പൂര്‍ണ്ണമായും ബോണ്ടാക്കി മാറ്റുവാന്‍ ഫോസ്റ്റര്‍ക്കും സാധിച്ചിട്ടില്ല. ആക്ഷന്‍ രംഗങ്ങള്‍ക്കു മികവു നല്‍കുവാനും സംവിധായകനായിട്ടില്ല.

 അഭിനയം [ 6/10 ]

വിദേശ സിനിമകളിലൊന്നും ഏച്ചുകെട്ടി നില്‍ക്കുന്ന രീതിയില്‍ അഭിനയിക്കുന്നവര്‍ ഉണ്ടാവാറില്ല. ഈ ചിത്രത്തിലും കാര്യങ്ങള്‍ വ്യത്യസ്തമില്ല. കഴിയുന്നത്രയും വിശ്വാസ്യതയോടെ കഥാപാത്രങ്ങളെ അവതരിപ്പിക്കുവാന്‍ എല്ലാ അഭിനേതാക്കള്‍ക്കും സാധിച്ചിട്ടുണ്ട്. ക്രെയ്ഗിന്റെ അഭിനയം പോലും മോശമെന്നു പറയുവാന്‍ കഴിയില്ല. എന്നാല്‍ പ്രേക്ഷക സങ്കല്പത്തിലെ ബോണ്ടിന്റെ ഏഴയലത്തെങ്ങുമെത്തുന്നില്ല ക്രെയ്ഗിന്റെ ജയിംസ് ബോണ്ട്; പ്രത്യേകിച്ചും മുന്‍‌ഗാമികളുമായി താരതമ്യം ചെയ്യുമ്പോള്‍. എം. എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജൂഡി ഡെഞ്ചാണ് ഓര്‍ക്കുവാന്‍ മാത്രമുള്ള മറ്റൊരു കഥാപാത്രം.

 സാങ്കേതികം [ 6/10 ]

വിഷ്വല്‍ ഇഫക്ടുകള്‍, സൌണ്ട് ഇഫക്ടുകള്‍ എന്നിവ കാര്യമായി ഉപയോഗിക്കുവാന്‍ അവസരമില്ലാത്ത ഒരു കഥയായതിനാല്‍ സാങ്കേതിക വിദഗ്ദ്ധര്‍ക്കാ‍ര്‍ക്കും അധികം വിയര്‍പ്പൊഴുക്കേണ്ടി വന്നിട്ടില്ല. റോബര്‍ട്ടോ ഷെഫറിന്റെ ഛായാഗ്രഹണം തരക്കേടില്ല എന്നു മാത്രം. പ്രേക്ഷകനെ ത്രസിപ്പിച്ചിരുത്തുന്ന ചിത്രീകരണ മികവൊന്നും ആക്ഷന്‍ രംഗങ്ങളില്‍ പോലും കാണുവാന്‍ കഴിഞ്ഞില്ല. ആക്ഷന്‍ രംഗങ്ങള്‍ അത്രയൊന്നും അനുഭവത്താവാത്തതില്‍; മാറ്റ് ചീസ്, റിക്ക് പിയേഴ്സണ്‍ എന്നിവരുടെ എഡിറ്റിംഗിനും പങ്കുണ്ട്. കൂടുതല്‍ മികച്ചൊരു സാങ്കേതികാനുഭവം ബോണ്ട് ചിത്രങ്ങളില്‍ നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നു.

 സംഗീതം, ആക്ഷന്‍
[ 2/5 ]

ജയിംസ് ബോണ്ടിന്റെ വിഖ്യാതമായ സിഗ്നേച്ചര്‍ സംഗീതം ഉപയോഗിക്കാതെയാണ് ‘ക്വാണ്ടം ഓഫ് സോളസ്’ ഒരുക്കിയിരിക്കുന്നത്. ഈ സംഗീതശകലത്തിന്റെ സാന്നിധ്യമില്ലാത്തതിനാല്‍, ഒരു ബോണ്ട് ചിത്രം കണ്ടുവെന്ന തോന്നല്‍ ചിത്രം കഴിഞ്ഞിറങ്ങുമ്പോള്‍ ഉണ്ടാവുന്നില്ലെന്നു പറഞ്ഞാല്‍, തെല്ലും അതിശയോക്തിയില്ല. പകരമായി ചേര്‍ത്തിരിക്കുന്ന സംഗീതത്തിനൊന്നും ഇതിനേക്കാള്‍ മികച്ചൊരു അനുഭവം ഉണ്ടാക്കുവാന്‍ സാധിക്കുന്നുമില്ല. കാര്‍ ചേസിംഗ്, ബോട്ട് ചേസിംഗ്, വെടിവെപ്പ് ഇതൊക്കെയുണ്ടെങ്കിലും ഇതിനൊന്നും ഒരു പുതുമയും തോന്നിച്ചില്ല. നനഞ്ഞ പടക്കം നല്‍കുന്ന അനുഭവമേ ഇവയ്ക്ക് പ്രേക്ഷകര്‍ക്ക് നല്‍കുവാനുള്ളൂ.

 മറ്റുള്ളവ [ 3/5 ]

ചിത്രത്തിന്റെ പോസ്റ്ററുകള്‍ക്കോ, മറ്റ് വിപണന സംഗതികള്‍ക്കോ കാര്യമായ പുതുമയൊന്നും അവകാശപ്പെടുവാനില്ല. ബോണ്ട് ചിത്രങ്ങളുടെ മറ്റൊരു ആകര്‍ഷണമാണല്ലോ തുടക്കത്തിലെ ടൈറ്റില്‍ ഗാനം. എന്നാലവിടെയും ‘ക്വാണ്ടം ഓഫ് സോളസ്’ തൃപ്തി നല്‍കുന്നില്ല. ജയിംസ് ബോണ്ടായെത്തുന്ന ക്രെയ്ഗിന് പ്രായം വളരെ കൂടുതല്‍ തോന്നിച്ചു. ബോണ്ടിന്റെ മുന്‍ ചിത്രങ്ങളിലും എം. എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജൂഡി ഡെഞ്ചിനും പ്രായക്കൂടുതല്‍ തോന്നിക്കും. പ്രത്യേകിച്ചും, ഈ സിനിമകള്‍ ബോണ്ടിന്റെ തുടക്കമാണെന്നതു കൂടി ഓര്‍ക്കുമ്പോള്‍.

 ആകെത്തുക [ 5.4/10]

ജയിംസ് ബോണ്ട്, പുതിയ രൂപത്തിലും, ഭാവത്തിലുമാണ് ‘കാസിനോ റോയലെ’മുതല്‍ക്ക് സ്കീനിലെത്തുന്നത്. അവതരണരീതിയിലും പ്രകടമായ മാറ്റങ്ങള്‍ കാണാം. ബോണ്ട് പ്രേക്ഷകരുടെ കാഴ്ചശീലങ്ങളെ പാടെ നിരാകരിച്ചുകൊണ്ടുള്ള ചലച്ചിത്രങ്ങളാണ് പുതിയ ജനുസ്സിലുള്ളവ. എന്നാല്‍ അതിലും മികച്ചൊരു, അല്ലെങ്കില്‍ അത്രത്തോളമെങ്കിലുമെത്തുന്ന ഒരു അനുഭവമാകുവാന്‍ ഇവയ്ക്ക് കഴിയുന്നുമില്ല. മിസ്റ്റര്‍ ക്യു-വിന്റെ അഭാവം; വിവിധോദ്ദേശ ഉപകരണങ്ങളുടെയും, അത്ഭുതമുണര്‍ത്തുന്ന വാഹനങ്ങളുടെയും ഇല്ലായ്മ; ചൂടന്‍ രംഗങ്ങളുടെ കുറവ്; ഇതൊക്കെ പുതിയ ബോണ്ട് ചിത്രങ്ങളുടെ മാറ്റ് കുറയ്ക്കുന്നു. ബോണ്ടിന്റെ വളര്‍ച്ചയുടെ ആദ്യപടികളെന്ന ന്യായമാണ് ഇതിനു മറുപടിയായി നിര്‍മ്മാതാക്കള്‍ നല്‍കുന്നതെങ്കിലും, എത്ര ചിത്രങ്ങള്‍ക്ക് ഈ ഉത്തരം കേള്‍ക്കേണ്ടിവരുമെന്നതാണ് പ്രേക്ഷകരെ ചിന്തിപ്പിക്കുന്നത്. വരും വര്‍ഷങ്ങളില്‍, പഴയ ബോണ്ട് ചിത്രങ്ങളുടെ മാസ്മരികത പ്രദാനം ചെയ്യുന്ന ചിത്രങ്ങളുമായെത്തുവാന്‍ ഇതിന്റെ അണിയറപ്രവര്‍ത്തകര്‍ക്കാവുമെന്ന് കരുതാം.

 Post a Comment

Description: Quantum of Solace: 22nd James Bond Film; Daniel Craig as James Bond; also starring Mathieu Amalric, Olga Kurylenko, Gemma Arterton, Judi Dench, Jeffrey Wright, Giancarlo Giannini etc; Directed by Marc Forster; Produced by Michael G. Wilson,
Barbara Broccoli; Novel/Story by Ian Fleming (Characters), Michael G. Wilson (Plot); Screenplay Joshua Zetumer, Paul Haggis, Neal Purvis, Robert Wade, Cinematography by Roberto Schaefer, Music by David Arnold. A Film Review for Chithravishesham (Chitravishesham) by Hareesh N. Nampoothiri aka Haree | ഹരീ; November 2008 Release.

--

ട്വന്റി 20 (Twenty 20)

Published on: November 09, 2008

Twenty 20: A Malayalam Film Directed by Joshiy; Produced by Dileep. Starring Mammootty, Mohanlal, Suresh Gopi, Jayaram, Dileep, Bhavana, Radhika, Indrajith etc.
ഒരു പ്രാദേശികഭാഷാ സിനിമയിലെ അഭിനേതാക്കളില്‍ ബഹുഭൂരിപക്ഷവും ചേര്‍ന്നൊരു സിനിമ, ഇങ്ങിനെയൊരു ആശയത്തിന്റെ സാക്ഷാത്കാരമാണ് ‘ട്വന്റി 20’. മലയാളം സിനിമ കലാകാരന്മാരുടെ സംഘടനയായ ‘അമ്മ’യ്ക്കുവേണ്ടി നടന്‍ ദിലീപ് നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തിനു വേണ്ടി, സിബി കെ. തോമസ് - ഉദയകൃഷ്ണ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ രചിച്ചിരിക്കുന്നു. ജോഷിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, ദിലീപ് തുടങ്ങി താരങ്ങളുടെയൊരു ഘോഷയാത്ര തന്നെ ചിത്രത്തിലുണ്ട്.

 കഥയും, കഥാപാത്രങ്ങളും [ 3/10 ]

ഇത്രയും അഭിനേതാക്കളെ ഒരു ചിത്രത്തില്‍ തിരുകിക്കയറ്റുക, അതും ആര്‍ക്കുമാര്‍ക്കും പ്രാ‍ധാന്യം കുറയാതെ; തിരക്കഥാകൃത്തിന്റെ പണി എളുപ്പമല്ല. ഈ രീതിയില്‍ നോക്കിയാല്‍ തിരക്കഥ തരക്കേടില്ലെന്നു പറയാം. കഥയില്ലാതെ തിരക്കഥ മാത്രമാവുന്നതിന്റെ കുറവുകള്‍ ചിത്രത്തില്‍ പ്രകടം. ഇടവേളയില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ദേവനെന്ന കഥാപാത്രത്തിന്റെ മലക്കം മറിച്ചില്‍ മാത്രമാണ് ഒരു പുതുമയെന്നു പറയാവുന്നത്. മറ്റുള്ളവയെല്ലാം ആര്‍ക്കും എളുപ്പത്തില്‍ ഊഹിക്കാവുന്നതു തന്നെ. പേരറിയാത്ത അഭിനേതാക്കള്‍ അവതരിപ്പിക്കാറുള്ള ചെറുവേഷങ്ങള്‍ ചെയ്യുവാന്‍ പോലും പ്രമുഖരുള്ളതിനാല്‍ എല്ലാ വേഷങ്ങളിലും പ്രേക്ഷകന്റെ ശ്രദ്ധ പതിയും. കോമഡിക്കായി കുറേയധികം പേരെ കുത്തിനിറച്ചിട്ടുണ്ടെങ്കിലും, ഉള്ളുതുറന്നൊരു ചിരിപോലും തിയേറ്ററില്‍ കേള്‍ക്കുവാന്‍ കഴിഞ്ഞില്ല. മമ്മൂട്ടിയുടേയും, മോഹന്‍ലാലിന്റേയും ആരാധകന്മാര്‍ക്ക് കൈയ്യടിക്കുവാന്‍ തക്കവണ്ണം രംഗങ്ങളും, സംഭാഷണങ്ങളും വിന്യസിച്ചിട്ടുള്ളതിനാല്‍, തിയേറ്റര്‍ ഇടയ്ക്കിടെ ഇളകിമറിയുമെന്നു മാത്രം.

 സംവിധാനം [ 3/10 ]

കഥാപാത്രങ്ങള്‍ക്കും, അവ അവതരിപ്പിക്കുന്ന അഭിനേതാക്കളിലും ചിത്രത്തിന്റെ കടിഞ്ഞാണിരിക്കുമ്പോള്‍, സംവിധായകന് കാര്യമായൊന്നും ചെയ്യുവാനില്ല. അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കു വിഘാതമാവാതെ തന്റെ റോളും ഭംഗിയാക്കിയെന്ന് ജോഷിക്ക് ആശ്വസിക്കാം. ഗാനരംഗങ്ങളിലോ, ആക്ഷന്‍ രംഗങ്ങളിലോ, വൈകാരിക രംഗങ്ങളിലോ സംവിധായകന്റേതായി ഒന്നും കാണുവാന്‍ കഴിഞ്ഞില്ല. അഭിനേതാക്കളെക്കൊണ്ട് കഥാപാത്രങ്ങളെ അറിഞ്ഞഭിനയിപ്പിക്കുന്നതിലും ജോഷി വിജയിച്ചില്ല. ചുരുക്കത്തില്‍, തിരക്കഥാകൃത്ത് എഴുതിവെച്ചത് കൃത്യമായി ക്യാമറയില്‍ പകര്‍ത്തപ്പെടുന്നുണ്ടോ എന്നു നോക്കുന്നൊരാള്‍ മാത്രമായി സംവിധായകന്‍!

 അഭിനയം [ 5/10 ]

മമ്മൂട്ടിയും, മോഹന്‍ലാലുമുള്‍പ്പടെ ഒട്ടുമിക്ക താരങ്ങളും കഥാപാത്രങ്ങളെ സ്വാഭാവികമായി അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍, അനിയന്‍ നഷ്ടപ്പെട്ട ദേവരാജ വര്‍മ്മയും, അനിയത്തിയുടെ ദുരന്തമേറ്റുവാങ്ങി നില്‍ക്കുന്ന അഡ്വ. രമേശ് നമ്പ്യാരും ഇങ്ങിനെയാണോ അവതരിക്കപ്പെടേണ്ടത്? അനിയന്റെയും, അനിയത്തിയുടേയും കാര്യമില്ലായിരുന്നെങ്കില്‍ ഇവര്‍ക്ക് എന്തു വ്യത്യസ്തതയായിരുന്നു ആ കഥാപാത്രങ്ങള്‍ക്ക് നല്‍കുവാന്‍ കഴിയുക? അപ്പോളും ഇതേ രീതിയില്‍ തന്നെയല്ലേ ഈ കഥാപാത്രങ്ങള്‍ അവതരിക്കപ്പെടുക? ചിത്രത്തിലെ ഒരു അഭിനേതാവിനും വെല്ലുവിളി ഉയര്‍ത്തുവാന്‍ തക്കവണ്ണം ഒരു കഥാപാത്രവും ചിത്രത്തില്‍ വികസിച്ചിട്ടില്ല. ശ്രദ്ധേയമായ ഒരു കഥാപാത്രം പോലും ചിത്രത്തില്‍ ഉണ്ടായതുമില്ല.

 സാങ്കേതികം [ 4/10 ]

പി. സുകുമാറിന്റെ ക്യാമറ, രഞ്ജന്‍ എബ്രഹാമിന്റെ ചിത്രസംയോജനം, ജോസഫ് നെല്ലിക്കലിന്റെ കലാസംവിധാനം, രാജമണിയുടെ പശ്ചാത്തല സംഗീതം ഇവയൊക്കെ തരക്കേടില്ലെന്നു പറയാം. എന്നാല്‍ ‘ട്വന്റി 20’ പോലെയൊരു ചരിത്രസംഭവത്തിനു മികവേകുവാന്‍ ഇത്രയും പോര.

 പാട്ട്, നൃത്തം, ആക്ഷന്‍ [ 2/5 ]

ഗിരീഷ് പുത്തഞ്ചേരി എഴുതി; സുരേഷ് പീറ്റേഴ്സ്, ബേണി ഇഗ്നേഷ്യസ് എന്നിവര്‍ ചേര്‍ന്ന് സംഗീതം നല്‍കിയിരിക്കുന്ന ഗാനങ്ങള്‍ക്ക് പുതുമയേതുമില്ല. നയന്‍‌താരയുടെ നൃത്തരംഗത്തിനും വേണ്ടത്ര ജീവന്‍ തോന്നിയില്ല. ശങ്കര്‍ മഹാദേവനും, ജ്യോത്സ്നയും ചേര്‍ന്ന് പാടിയിരിക്കുന്ന ‘ഓ പ്രിയ...’ എന്ന പ്രണയഗാനവും ചിത്രത്തോടിണങ്ങുന്നില്ല. മുന്‍പ് പലതിലും കണ്ടു മടുത്ത ചിത്രീകരണം ഗാനത്തിന്റെ പരാജയം പൂര്‍ണ്ണമാക്കുന്നു. ‘സരിഗമപ...’ എന്ന സംഘഗാനമാണ് തമ്മില്‍ ഭേദം, അത് ടൈറ്റില്‍ ഗാനമായി ഒതുക്കിക്കളയുകയും ചെയ്തു. മമ്മൂട്ടിയും, മോഹന്‍ലാലും, സുരേഷ് ഗോപിയും മാറിമാറി തലകാട്ടുന്ന ആക്ഷന്‍‌രംഗങ്ങളും മതിപ്പുളവാക്കുവാന്‍ മതിയാവില്ല. ഇവര്‍ കാട്ടുന്ന ഒരു സ്റ്റണ്ടും ആവേശകരമായി തോന്നിയതുമില്ല!

 മറ്റുള്ളവ [ 2/5 ]

പരസ്യത്തില്‍ പറയുന്നതുപോലെ ‘സെലിബ്രേറ്റ്’ ചെയ്യുവാന്‍ തക്കവണ്ണം ചിത്രത്തെ ‘പാക്ക്’ ചെയ്യുവാന്‍ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിനു സാധിച്ചിട്ടുണ്ട്. വ്യത്യസ്തമായ, എന്നാല്‍ ആകര്‍ഷകമായ വേഷവിധാനങ്ങള്‍ ഓരോ കഥാപാത്രത്തിനും യോജിക്കുന്ന രീതിയില്‍ ഉപയോഗിച്ചിരിക്കുന്നു. പോസ്റ്ററുകളിലും വൈവിധ്യം കാണാമെങ്കിലും; പ്രധാന പോസ്റ്ററിന്റെ പിന്‍ഭാഗം വില്‍ സ്മിത്ത് അഭിനയിച്ച ‘I am Legend’ എന്ന ചിത്രത്തിന്റെ പോസ്റ്ററില്‍ നിന്നായത് മലയാള സിനിമക്കു തന്നെ നാണക്കേടുണ്ടാക്കുന്ന ഒന്നായി; അതും മലയാളത്തിലെ കലാകാരന്മാരുടെ സംഘടന അണിയിച്ചൊരുക്കിയ ചിത്രത്തില്‍ തന്നെ! ഡിസൈനിംഗ് കര്‍മ്മം നിര്‍വ്വഹിച്ച ‘കൊളിന്‍സ് ലിയോഫില്‍’ ആണ് ഇവിടെ പ്രതിസ്ഥാനത്ത്.

 ആകെത്തുക [ 3.8/10]

ഒട്ടുമിക്കവാറും എല്ലാ താരങ്ങളേയും അണിനിരത്തുവാന്‍ സാധിച്ചിട്ടുള്ളതിനാല്‍, എല്ലാവരുടേയും ആരാധകരുടെ പിന്തുണയില്‍ ചിത്രം വിജയിച്ചേക്കാം. എന്നാല്‍ നീലക്കുയില്‍ പോലെയോ, ചെമ്മീന്‍ പോലെയോ ഒരു ചരിത്രസംഭവമാകുവാനോ; കിലുക്കം പോലെയോ, അമരം പോലെയോ, ചിത്രം പോലെയോ, ന്യൂഡല്‍ഹി പോലെയോ, കമ്മീഷണര്‍ പോലെയോ വീണ്ടും വീണ്ടും കാണുവാന്‍ തോന്നുന്ന ഒരു ചലച്ചിത്രാനുഭവമാകുവാനോ ‘ട്വന്റി 20’-ക്ക് പാങ്ങില്ല. 20:20 ക്രിക്കറ്റിന്റെ ആവേശം നല്‍കുന്നു എന്നര്‍ത്ഥത്തിലാണ് ചിത്രത്തിന് ഈ പേരെങ്കില്‍, അവിടെയും ചിത്രം വിജയിക്കുന്നില്ല. നിയമത്തിന്റെ വഴി തേടിയിട്ട് കാര്യമില്ല, നീതി ലഭിക്കണമെങ്കില്‍ കയ്യൂക്കു കാട്ടണമെന്നൊരു തെറ്റായ സന്ദേശവും ചിത്രം നല്‍കുന്നുണ്ട്. മലയാള സിനിമ കലാകാരന്മാരുടെ വിഭവശേഷി ഒരുമിപ്പിക്കുവാന്‍ ‘അമ്മ’യ്ക്ക് കെല്പുണ്ടെങ്കില്‍, മലയാള സിനിമയ്ക്ക് മുതല്‍ക്കൂട്ടാവുന്ന ചിത്രങ്ങളെടുക്കുവാന്‍ അത് ഉപയോഗിക്കുകയാണ് വേണ്ടത്. അതല്ലാതെ പണം മാത്രം ലക്ഷ്യമിട്ട് പടച്ചു വിടുന്ന ഇത്തരം സിനിമകള്‍, നല്ല സിനിമയെ തിരിച്ചറിയുവാനുള്ള ആസ്വാദകരുടെ കഴിവിനെപ്പോലും ഇല്ലായ്മ ചെയ്യുകയില്ലേയെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

 Post a Comment

Description: Twenty 20 (Twenty Twenty, 20:20, Twenty:20) - A film Directed by Joshiy (Joshy, Joshi); Produced by Dileep for AMMA; Starring Mammootty, Mohanlal, Suresh Gopi, Jayaram, Dileep, Madhu, Kaviyoor Ponnamma, Vijayaraghavan, Siddique, Manoj K. Jayan, Indrajith, Shammi Thilakan, Sukumari, Kavya Madhavan, Nayantara, Bhavana, Gopika, Karthika, Babu Antony, Innocent, SaiKumar, Salim Kumar, Mukesh, Lalu Alex, Sindhu Menon, Radhika, Jagathy Sreekumar, Madhupal etc.; Camera by P. Sukumar; Editing by Ranjan Abraham; Music by Berny Ignatious and Suresh Peter; Lyrics by Gireesh Puthencheri; A Film Review for Chithravishesham (Chitravishesham) by Hareesh N. Nampoothiri aka Haree | ഹരീ; October Release.
--

മലയാളിയുടെ ഓണച്ചിത്രങ്ങള്‍ 2008

Published on: November 06, 2008

Malayalam Onam Releases 2008 - Chithravishesham Poll Results.
2007-ലെ ഓണം / പൂജ-റമദാന്‍ ചിത്രങ്ങളെ അപേക്ഷിച്ച് താരപ്പൊലിമയുള്ള ചിത്രങ്ങള്‍ ഈ കൊല്ലം കുറവായിരുന്നു. സൂപ്പര്‍സ്റ്റാര്‍ മത്സരവും കാര്യമായി ഉണ്ടായില്ല. മോഹന്‍ലാല്‍ - കെ.പി. കുമാരന്‍ എന്നിവരൊന്നിച്ച ‘ആകാശഗോപുരം’; പൃഥ്വിരാജ് - രഞ്ജിത്ത് ടീമിന്റെ ‘തിരക്കഥ’; മധുപാല്‍ ആദ്യമായി സംവിധാനം നിര്‍വ്വഹിച്ച ‘തലപ്പവ്’; സുരേഷ് ഗോപിയുടെ ‘താവളം’ എന്നിവയാണ് ഈ ഓണക്കാലത്ത് തിയ്യേറ്ററുകളിലെത്തിയത്.

ഈ കൊല്ലത്തെ മികച്ച ഓണച്ചിത്രമായി ‘ചിത്രവിശേഷം’ വായനക്കാര്‍ പോളിലൂടെ തിരഞ്ഞെടുത്തത്, ‘തിരക്കഥ’യെയാണ്. 46% വായനക്കാരുടെ വോട്ടുകള്‍ നേടിയാണ് ഈ ചിത്രം ഒന്നാമതെത്തിയിരിക്കുന്നത്. പൂര്‍ണ്ണമായ ഫലം ചുവടെ:

ആകാശഗോപുരം ................ : 19 (11%)
തിരക്കഥ ......................... : 75 (46%)
തലപ്പാവ് ......................... : 58 (36%)
താവളം ........................... : 8 (5%)
ആകെ ........................... : 160

Malayalam Onam Releases 2008 - Chithravishesham Poll Results.

കഥയുടെ വൈകാരിക മൂല്യവും, മാളവികയായുള്ള പ്രിയമണിയുടെ മികച്ച അഭിനയവുമാവണം ഈ സിനിമയെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാക്കിയത്. നായകനായെത്തുന്ന പൃഥ്വിരാജിനോ, വളരെ പ്രാധാന്യമുള്ള ഒരു കഥാപാത്രമായെത്തിയ അനൂപ് മേനോനോ ചിത്രത്തില്‍ തിളങ്ങുവാന്‍ കഴിഞ്ഞില്ല. സ്ത്രീകഥാപാത്രത്തിന് പ്രാധാന്യമുള്ള, പുതുമയുള്ള ഒരു പ്രമേയം അവതരിപ്പിക്കുവാന്‍ രഞ്ജിത്തിന് കഴിഞ്ഞുവെങ്കിലും; മികച്ചൊരു ചിത്രമായി അവതരിപ്പിക്കുവാനായില്ല. ഈ കുറവിനെ മറികടന്നും ചിത്രത്തിനു ബോക്സ്-ഓഫീസില്‍ വിജയിക്കുവാനായി എന്നത് രഞ്ജിത്തിനെ സന്തോഷിപ്പിക്കുന്നുണ്ടാവണം.

മധുപാല്‍ സംവിധാനം നിര്‍വ്വഹിച്ച ‘തലപ്പാവാ’ണ് പോളില്‍ രണ്ടാമതെത്തിയത്. ബാബു ജനാര്‍ദ്ദനന്റെ മികച്ച തിരക്കഥയും, മധുപാലിന്റെ സംവിധാനമികവും ചിത്രത്തെ ശ്രദ്ധേയമാക്കി. ലാലിന്റെ പോലീസുകാരനായുള്ള അഭിനയവും മികച്ചു നിന്നു. പ്രിഥ്വിരാജിന് ഇതിലും കാര്യമായി എന്തെങ്കിലും ചെയ്യുവാനുണ്ടായിരുന്നില്ല. വിനോദമൂല്യം അത്രയൊന്നും അവകാശപ്പെടുവാനില്ലാത്തതിനാലാവണം ഈ ചിത്രത്തിന് മുന്നിലെത്തുവാന്‍ കഴിയാതിരുന്നത്.

കെ.പി. കുമാരന്റെ സംവിധാനത്തില്‍, മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ‘ആകാശഗോപുരം’ സാങ്കേതികമായി നിലവാരം പുലര്‍ത്തിയെങ്കിലും, കലാപരമായി തൃപ്തികരമായിരുന്നില്ല. 19 (11%) വോട്ടു നേടി മൂന്നാംസ്ഥാനത്തെത്തിയത് ഈ ചിത്രമാണ്. സുരേഷ്ഗോപിയുടെ ‘താവള’ത്തിന് 8 വോട്ടുകള്‍ നേടുവാനായി എന്നത് അത്ഭുതകരമായി തോന്നുന്നു!

മായാബസാര്‍’, ‘ഗുല്‍മോഹര്‍’‍, ‘കുരുക്ഷേത്ര’ എന്നീ ചിത്രങ്ങള്‍ റമദാനാണ് റിലീസ് നിശ്ചയിച്ചിരുന്നതെങ്കിലും; പല കാരണങ്ങളാല്‍ വൈകിയാണ് റിലീസ് ചെയ്യപ്പെട്ടത്. 2008-ല്‍ അവശേഷിക്കുന്ന രണ്ട് മാസങ്ങളില്‍ കൂടുതല്‍ മികച്ച ചിത്രങ്ങള്‍ കാണുവാന്‍ കഴിയുമെന്ന് പ്രത്യാശിക്കാം.

Description: Malayalam Onam Releases - Poll Result. Akasagopuram, Thirakkatha, Thalappavu and Thavalam were the films participated in the Poll. Thirakkatha directed by Ranjith, starring Prithviraj, Priyamani, Anoop Menon, Samvritha Sunil etc in the lead roles came on top. Madhupal's first film, Thalappavu; starring Prithviraj, Lal, Dhanya Mary Varghese, Athul Kulkarni etc. came in the second place. Mohanlal starrer Akasagopuram came on third place and Suresh Gopi's Thavalam scored last. Chithravishesham / Chitravishesham Poll Result - Onam Releases - 2008. Film Analysis by Hareesh N. Nampoothiri aka Haree | ഹരീ.
--

Featured Videos

Trailer: Unnam

Unnam: A film by Sibi Malayil starring Asif Ali, Lal, Rima Kallingal, Swetha Menon etc.

WATCH VIDEO
Teaser: Second Show

Second Show: A film by Srinath Rajendran starring Dulquer Salman Gauthami Nair etc.

WATCH VIDEO
Trailer: Njanum Ente Familiyum

Njanum Ente Familiyum: A film by K.K. Rajeev starring Jayaram, Mamta Mohandas etc.

WATCH VIDEO