ഭ്രമരം (Bhramaram)

Published on: 12:20 AM
Bhramaram - A film directed by Blessy starring MohanLal, Bhoomika Chowla, Suresh Menon, Lakshmi Gopalaswamy etc.
‘കാഴ്ച’യിലൂടെയും ‘തന്മാത്ര’യിലൂടെയും തന്റെ മികവു തെളിയിച്ച ബ്ലെസിയുടെ ചിത്രങ്ങള്‍ പ്രതീക്ഷയോടെയാണ് മലയാളസിനിമാ പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ‘പളുങ്കി’ലും, ‘കല്‍ക്കട്ട ന്യൂസി’ലും പിന്നോക്കം പോയെങ്കിലും നല്ലൊരു തിരിച്ചുവരവാണ് ബ്ലെസി ‘ഭ്രമര’ത്തിലൂടെ നടത്തിയിരിക്കുന്നത്. ഏറെ നാളുകള്‍ക്കു ശേഷം അഭിനയസാധ്യതയുള്ള ഒരു വേഷത്തില്‍ മോഹന്‍ലാലിനെ കാണുവാന്‍ കഴിയുന്നതിന്റെ സന്തോഷവും ഇതിനുണ്ട്. ഭൂമിക, ലക്ഷ്മി ഗോപാലസ്വാമി, സുരേഷ് മേനോന്‍ തുടങ്ങിയവര്‍ കൂടി അഭിനേതാക്കളായെത്തുന്ന ഈ ചിത്രം; രാജു മല്യത്ത്, എ.ആര്‍. സുല്‍ഫിക്കര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്നു.

 കഥയും, കഥാപാത്രങ്ങളും [ 5/10 ]

കുട്ടിക്കാലത്ത് ചെയ്യാത്ത തെറ്റിന് ശിക്ഷിക്കപ്പെടുക, തെറ്റു ചെയ്തവര്‍ ചതികാട്ടി രക്ഷപെടുക, ഇരുകൂട്ടരും വലുതായി വീണ്ടും കണ്ടുമുട്ടുക; ഇത്രയുമൊക്കെ പലപ്പോഴും നാം കണ്ടിട്ടുള്ളതു തന്നെ. എന്നാല്‍ വിധി പിന്നെയും അതേ ചെയ്യാത്ത തെറ്റിന്റെ പേരില്‍ പിന്നെയും ഒരാളെ ശിക്ഷിക്കുന്നതില്‍ അല്പം പുതുമയുണ്ട്. ചതി ചെയ്തവര്‍ അതിന്റെ ശരിയായ വ്യാപ്തി പിന്നീട് മനസിലാക്കുന്നതും കണ്ടതായി ഓര്‍മ്മയിലില്ല. കുട്ടിക്കാലത്ത് വില്ലത്തരം കാട്ടിയവര്‍ പിന്നീടും തനി വില്ലന്മാരായി തുടരുന്ന പതിവും ഈ ചിത്രത്തില്‍ മാറുന്നു. കഥാപാത്രങ്ങളുടെ സംഭാഷണങ്ങളില്‍ പാലിച്ചിരിക്കുന്ന മിതത്വവും അവയുടെ മികവും എടുത്തു പറയേണ്ടതു തന്നെ. എന്നാല്‍ ഇത്രയുമൊക്കെ മാത്രമാണ് ‘ഭ്രമര’ത്തിനുള്ളത്. ഇടവേളയാവുമ്പോള്‍ തന്നെ പ്രേക്ഷകര്‍ ഇതിങ്ങിനെയാവും, അല്ലെങ്കില്‍ അങ്ങിനെ എന്നു ചിന്തിച്ചു തുടങ്ങും; അതില്‍ നിന്നും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യുവാന്‍ ചിത്രത്തിനു കഥയും തിരക്കഥയുമൊരുക്കിയ ബ്ലെസിക്കു കഴിഞ്ഞിട്ടില്ല.

 സംവിധാനം [ 6/10 ]

പ്രമേയത്തിലെ കുറവുകള്‍ ഒരുപരിധിവരെ മറയ്ക്കുവാന്‍ ബ്ലെസിയുടെ സംവിധാനത്തിനായി. വിഷയം കൈകാര്യം ചെയ്തിരിക്കുന്നതില്‍ പ്രകടിപ്പിച്ചിരിക്കുന്ന കൈയ്യടക്കമൊന്നു കൊണ്ടാണ്, കാര്യമായൊന്നും പറയുന്നില്ലെങ്കില്‍ കൂടി ചിത്രം ആസ്വാദ്യകരമായി അനുഭവപ്പെടുത്തുന്നത്. അഭിനേതാക്കളുടേയും സാങ്കേതികവിദഗ്ദ്ധരുടേയും സര്‍ഗാത്മകത വേണ്ടുംവണ്ണം സംയോജിപ്പിച്ച് ഒരു നല്ല ദൃശ്യവിരുന്നൊരുക്കുന്നതിലും സംവിധായകന്‍ ലക്ഷ്യം കണ്ടു. ചില കഥാപാത്രങ്ങള്‍ക്ക് നിശ്ചയിച്ച കലാകാരന്മാരുടെ കാര്യത്തില്‍ സംവിധായകനോട് വിയോജിക്കേണ്ടി വരുന്നു. ഇവരെ ചിത്രത്തിനുതകുന്ന കഥാപാത്രങ്ങളായി മാറ്റിയെടുക്കുന്നതിലും ബ്ലെസി മനസുവെച്ചില്ല. ബ്ലെസിയുടെ മുന്‍‌ചിത്രങ്ങളുമായി താരതമ്യം ചെയ്താല്‍ കാഴ്ചയ്ക്കും തന്മാത്രയ്ക്കും ശേഷമാവും ഭ്രമരത്തിനു സ്ഥാനം.

 അഭിനയം [ 7/10 ]

വര്‍ഷങ്ങള്‍ക്കു ശേഷം മോഹന്‍ലാലിന്റെ പ്രതിഭ പ്രയോജനപ്പെടുത്തുന്ന ഒരു കഥാപാത്രമായി, ഇതിലെ ശിവന്‍‌കുട്ടിയുടേത്. വിധി ഒരുക്കിയ ദുരന്തങ്ങളില്‍ മനസു പതറുമ്പോഴും, ആത്മബലം കൈവെടിയാതെ സ്വയം നിയന്ത്രിക്കുവാന്‍ പാടുപെടുന്ന ശിവനെ മോഹന്‍ലാല്‍ മനോഹരമാക്കി. ലാലിനേക്കാള്‍ മികച്ചൊരു അഭിനേതാവിനെ ഈ കഥാപാത്രത്തിനായി സങ്കല്പിക്കുവാന്‍ നമുക്കാവില്ല. അല്പം മേനിപ്രദര്‍ശനമല്ലാതെ മറ്റൊന്നും നായികയായെത്തുന്ന ഭൂമിക ചൌളയ്ക്ക് ചിത്രത്തില്‍ ചെയ്യുവാനില്ല. ഭൂമികയുടെ രൂപഭാവങ്ങള്‍ കഥാപാത്രവുമായി യോജിച്ചു പോവുന്നതുമില്ല. ഉണ്ണിയെന്ന മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സുരേഷ് മേനോന്റെ അഭിനയവും മികച്ചതെന്നു പറയുവാനില്ല. ഉണ്ണിയുടെ സുഹൃത്തായ ഡോക്ടറെ അവതരിപ്പിച്ച വി.ജി. മുരളീകൃഷ്ണന്‍ മോശമായില്ല. ലക്ഷ്മി ഗോപാലസ്വാമി, ബേബി നിവേദിത എന്നിവര്‍ തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കി. കെ.പി.എ.സി. ലളിതയുടെ അമ്മവേഷത്തിന് ആവര്‍ത്തനവിരസത അനുഭവപ്പെടുന്നു. മദന്‍ ബാബു, ജയലക്ഷ്മി എന്നിവരുടെ അയല്‍ക്കാര്‍ വേഷം തികച്ചും അനാവശ്യമെന്നു തന്നെ പറയണം.

 സാങ്കേതികം [ 4/5 ]

മലയാളസിനിമ പ്രേക്ഷകര്‍ക്ക് തികച്ചും വ്യത്യസ്തമായ ഒരു ദൃശ്യാനുഭവമാണ് ‘ഭ്രമരം’ നല്‍കുന്നത്. ക്രയിന്‍ ഷോട്ടുകള്‍ ധാരാളമായി ചിത്രത്തില്‍ പ്രയോഗിച്ചിരിക്കുന്നു. വാഹനങ്ങള്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ ഉള്ളില്‍ നിന്നും കാണിക്കുക എന്ന രീതി വിട്ട് പുറത്തു നിന്നും കാണുന്നരീതിയിലാണ് ഇതില്‍ ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിനു ക്യാമറ ചലിപ്പിച്ച അജയന്‍ വിന്‍സന്റ് തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്നു. സന്ദര്‍ഭങ്ങള്‍ക്കുതകുന്ന രീതിയിലുള്ള പ്രശാന്ത് മാധവിന്റെ കലാസംവിധാനവും ചിത്രത്തിനുതകുന്നു. മോഹന്‍ സിത്താരയുടെ പശ്ചാത്തല സംഗീതവും മുരുകേശിന്റെ ഇഫക്ടുകളും അജിത്ത് എ. ജോര്‍ജ്ജിന്റെ ശബ്ദമിശ്രണവും ചിത്രത്തിന്റെ സ്വഭാവത്തിനു യോജിച്ചവ തന്നെ. ഇതിനെല്ലാം പുറമേ വിജയ് ശങ്കറിന്റെ ചിത്രസംയോജനമികവുകൂടിയായപ്പോള്‍ സാങ്കേതികപരമായി ചിത്രം വളരെ മികവു പുലര്‍ത്തി.

 പാട്ട്, നൃത്തം, ആക്ഷന്‍ [ 3/5 ]

അനില്‍ പനച്ചൂരാന്റെ വരികള്‍ക്ക് മോഹന്‍ സിതാര സംഗീതം നല്‍കിയവയാണ് ഈ ചിത്രത്തിലെ ഗാനങ്ങള്‍. മോഹന്‍ലാലിന്റെ ശബ്ദത്തിലുള്ള “അണ്ണാറക്കണ്ണാ വാ...” എന്ന ഗാനം ചിത്രത്തില്‍ നന്നായി പ്രയോജനപ്പെടുത്തിയിരിക്കുന്നു. ജി. വേണുഗോപാല്‍, സുജാത എന്നിവര്‍ ആലപിച്ചിരിക്കുന്ന “കുഴലൂതും പൂന്തെന്നലേ...” എന്ന ഗാനത്തിനു ചിത്രത്തില്‍ പ്രാധാന്യമൊന്നുമില്ലെങ്കിലും, ദൃശ്യചാരുതകൊണ്ടും ശ്രവണസുഖം കൊണ്ടും ആസ്വാദ്യകരമാണ്. ത്യാഗരാജന്‍ ഒരുക്കിയിരിക്കുന്ന സംഘട്ടന രംഗങ്ങള്‍ക്ക് പുതുമയൊന്നുമില്ല പക്ഷെ അമാനുഷിക പ്രകടനങ്ങളൊഴിവാക്കി, അധികം വലിച്ചു നീട്ടാതെയുള്ള ഈ രംഗങ്ങള്‍ ആശ്വാസകരമായിരുന്നു.

 ആകെത്തുക [ 6.25/10 ]

സംവിധാനത്തില്‍, അഭിനയത്തില്‍, സാങ്കേതിക മേഖലയിലൊക്കെ ചിത്രത്തിനുള്ള മികവിനു സമമായി മലയാളസിനിമയില്‍ എടുത്തു പറയാവുന്ന ചിത്രങ്ങള്‍ കുറയും. ഈ മികവ് ചിത്രത്തിന്റെ കഥയ്ക്കും തിരക്കഥയ്ക്കും കൂടി ഉണ്ടായിരുന്നെങ്കില്‍ മലയാളസിനിമയുടെ ചരിത്രത്തിലൊരു നാഴികക്കല്ലാവുമായിരുന്നു ഈ ചിത്രം. അത്രയ്ക്കൊന്നും മികവ് കൈവരിക്കുവാനായില്ലെങ്കിലും, ബ്ലെസിയുടെ മുന്‍‌ചിത്രങ്ങള്‍ ആസ്വദിച്ച്, കലാമൂല്യമുള്ളൊരു വാണിജ്യചിത്രം പ്രതീക്ഷിച്ചെത്തുന്നവരെ ഈ ചിത്രം നിരാശപ്പെടുത്തില്ല.

പിന്‍‌കുറിപ്പ്: ആരാധകര്‍ ശ്രദ്ധിക്കുക, ഇതില്‍ ലാല്‍ അവതരിപ്പിക്കുന്നത് സാധാരണക്കാരനായ ഒരു മനുഷ്യനെയാണ്. അങ്ങിനെ കാണുന്നത് ദഹിക്കില്ലെങ്കില്‍, ‘സാഗര്‍ എലിയാസ് ജാക്കി’യോ മറ്റോ ഒന്നുകൂടി കാണുന്നതാവും ഭേദം. സിനിമകണ്ടുകൊണ്ടിരുന്ന ചെറുതല്ലാത്ത പങ്ക് ‘ആരാധക’രുടേയും പ്രതികരണം അനുഭവിക്കേണ്ടി വന്നതുകൊണ്ടാണ് ഇതു കൂടി എഴുതുന്നത്.

Description: Bhramaram - A Malayalam (Malluwood) film directed by Blessy; starring MohanLal, Bhoomika Chawla, Suresh Menon, V.G. Muralikrishnan, Lakshmi Gopalaswami, Madan Babu, Murali Krishnan, Baby Niveditha; Produced by Raju Malliath and A.R. Zulfikar; Story, Screenplay and Dialogues by Blessy; Camera (Cinematography) by Ajayan Vincent; Editing by Vijay Shankar; Art Direction by Prasanth Madhav; Stunts (Action) by Thyagarajan; Background Score by Mohan Sithara; Effects by Murukesh; Titles by ; Make-up by Ranjith Ambadi; Lyrics by Anil Panachooran; Music by Mohan Sithara; Choreography by Santhi; Audio Recording by Ajith A. George; Film Review in Malayalam by Hareesh N. Nampoothiri aka Haree | ഹരീ for Chithravishesham (Chitravishesham) Blog. June 25 2009 Release.
--