Note: Built in HTML5 and CSS3. Google Chrome 10 / Mozilla Firefox 4 / Microsoft IE 9 or later recommended.

കേരളത്തിന്റെ ചലച്ചിത്രോത്സവത്തിനു തിരിതെളിഞ്ഞു

Published on: December 12, 2009

IFFK 2009 Inauguration : Report and Photos by Haree for Chithravishesham.
ഡിസംബര്‍ 11, 2009: കേരളത്തിന്റെ പതിനാലാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തിരി തെളിഞ്ഞു. നിശാഗന്ധിയില്‍ വൈകുന്നേരം നടന്ന ചടങ്ങില്‍ പ്രശസ്ത ബംഗാളി ചലച്ചിത്ര സംവിധായകന്‍ മൃണാള്‍ സെന്‍ ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്തു. ബംഗാളില്‍ നിന്നു തന്നെയുള്ള നടി ഷര്‍മ്മിള ടാഗോര്‍ ചടങ്ങില്‍ മുഖ്യാതിഥിയായി. കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഡോ. ശശി തരൂര്‍; കേരളത്തില്‍ നിന്നുള്ള മന്ത്രിമാരായ എം.എ. ബേബി, ബിനോയ് വിശ്വം; ഫ്രഞ്ച് അംബാസിഡര്‍ ജെറമി ബോണഫണ്ടെ; മേയര്‍ സി. ജയന്‍ ബാബു, എം.എല്‍.എ. വി. ശിവന്‍‌കുട്ടി; ഓസ്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി; മലയാള സിനിമയെ പ്രതിനിധീകരിച്ച് മധു, സിബി മലയില്‍, ഡോ. ഫസല്‍ ഗഫൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ച ചടങ്ങില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കെ.ആര്‍. മോഹനന്‍ സ്വാഗതവും സെക്രട്ടറി ഡോ. കെ.എസ്. ശ്രീകുമാര്‍ നന്ദിയും പറഞ്ഞു. ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീന പോള്‍ പതിനാലാമത് അന്താരാഷ്ട്രമേളയുടെ വിവിധ ജൂറി അംഗങ്ങളെ പരിചയപ്പെടുത്തി.

ജീവിത യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത ഭാവനകളെ സംസ്കാരത്തില്‍ നിന്നും ഒഴിവാക്കുവാന്‍ ഉതകുന്നവയാവണം നമ്മുടെ സിനിമകളെന്ന് മഹാഭാരതത്തിലെ ഏകലവ്യന്റേയും ദ്രോണാചാര്യരുടേയും കഥ മുന്‍‌നിര്‍ത്തി മൃണാള്‍സെന്‍ അഭിപ്രായപ്പെട്ടു. ഏകലവ്യന്റെ തള്ളവിരല്‍ ദ്രോണാചാര്യര്‍ ആവശ്യപ്പെട്ടു എന്നു കഥ പറയുമ്പോള്‍, ലോകത്തൊരിടത്തും അമ്പെയ്യുവാന്‍ തള്ളവിരല്‍ ഉപയോഗിക്കാറില്ല, പകരം ചൂണ്ടുവിരലും നടുവിരലുമാണ് ഉപയോഗിക്കുക എന്ന യാഥാര്‍ത്ഥ്യം നാം മറക്കുന്നു. ബീഹാറിലെ സാന്താള്‍ ആദിവാസിവംശജരുടെ ഇടയില്‍ താന്‍ ‘മൃഗയ’ എന്ന ചിത്രം ചിത്രീകരിച്ചിരുന്ന വേളയിലാണ് തനിക്ക് ഈ സത്യം ആദിവാസികളില്‍ നിന്നും മനസിലാക്കുവാനായത് എന്നും അദ്ദേഹം സ്മരിച്ചു.

തിരുവനന്തപുരത്തിനൊരു തിയേറ്റര്‍ സമുച്ചയം എന്നതു സാധ്യമാക്കുവാന്‍ കേരള സര്‍ക്കാര്‍ എല്ലാവിധത്തിലുള്ള ശ്രമങ്ങളും നടത്തിവരികയാണെന്ന് അധ്യക്ഷപ്രസംഗത്തില്‍ എം.എ. ബേബി അറിയിച്ചു. ആറ് വ്യത്യസ്ത ഭാഷകളിലായി മേളയില്‍ പങ്കുകൊള്ളുവാനെത്തിയ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിശിഷ്ടവ്യക്തികളേയും അതിഥികളേയും അഭിസംബോധന ചെയ്തു സംസാരിച്ച ശശി തരൂര്‍, ഇന്ത്യയിലെ മികച്ച ചലച്ചിത്രോത്സവങ്ങളില്‍ ഒന്നായി എണ്ണപ്പെട്ടു കഴിഞ്ഞ തിരുവനന്തപുരത്തിന്റെ ചലച്ചിത്രോത്സവം, ലോകമെമ്പാടുമുള്ള ചലച്ചിത്രോത്സവങ്ങളില്‍ തന്നെ മികച്ച ഒന്നായി കണക്കാക്കപ്പെടുന്ന രീതിയിലേക്ക് ഉയര്‍ത്തുവാന്‍ നമുക്ക് സാധിക്കണം എന്ന് ഊന്നിപ്പറഞ്ഞു. മണ്മറഞ്ഞവരും ജീവിച്ചിരിക്കുന്നവരുമായ സിനിമാപ്രതിഭകളുടെ പ്രിന്റുകള്‍ നാശോന്മുഖമായ അവസ്ഥയിലാണെന്നും, അവ ഡിജിറ്റല്‍ രൂപത്തിലാക്കി സംരക്ഷിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കണമെന്നും ശര്‍മ്മിള ടാഗോര്‍ അഭ്യര്‍ത്ഥിച്ചു. കേരളത്തിലിന്നും സജീവമായി നില്‍ക്കുന്ന ഫിലിം സൊസൈറ്റികള്‍ മലയാളികളുടെ സിനിമാ സാക്ഷരതയ്ക്ക് തെളിവാണ് എന്നു പറഞ്ഞതിനൊപ്പം; വിപണി സമവാക്യങ്ങളെ അധികരിച്ച് സിനിമയുടെ സ്വഭാവം തന്നെ മാറുന്നത് ആശാസ്യമായ കാര്യമല്ല എന്നും ശര്‍മ്മിള ഓര്‍മ്മിപ്പിച്ചു. സാംസ്കാരിക മൂല്യങ്ങളെ സംരക്ഷിക്കുവാനും മറ്റു ജനതകള്‍ക്ക് ഫ്രഞ്ച് സംസ്കാരത്തെ പരിചയപ്പെടുത്തുവാന്‍ ഫ്രഞ്ച് ഗവണ്മെന്റ് പ്രതിജ്ഞാബന്ധമാണ്. അതിനൊരു വേദിയായ ചലച്ചിത്രോത്സവത്തിന് കൂടുതല്‍ ശോഭനീയമായ ഭാവി നേര്‍ന്നുകൊണ്ടാണ് ഫ്രഞ്ച് അംബാസിഡര്‍ ജറിമി ബോണഫോണ്ടെ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.


ഇന്ത്യന്‍ സിനിമയ്ക്ക് സമഗ്രസംഭാവനകള്‍ നല്‍കിയവര്‍ക്കായി ഏര്‍പ്പെടുത്തിയ പ്രഥമ IFFK പുരസ്കാരം മൃണാള്‍ സെന്നിന് മന്ത്രി എം.എ. ബേബി സമ്മാനിച്ചു. മേളയുടെ ഫെസ്റ്റിവല്‍ ബുക്ക് മന്ത്രി ബിനോയ് വിശ്വം ശര്‍മ്മിള ടാഗോറിനു നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു. ഉദ്ഘാടന ചടങ്ങിനു ശേഷം പരമ്പരാഗത ആയോധനവിദ്യകള്‍ നൃത്തവാദ്യങ്ങളുമായി സംയോജിപ്പിച്ചുകൊണ്ട് ബാംഗ്ലൂരില്‍ നിന്നുമുള്ള ‘ദില്‍ സാഗര്‍’ സംഘാംഗങ്ങള്‍ അവതരിപ്പിച്ച കലാപരിപാടിയും അരങ്ങേറി.

ഇരുളിലേക്കൊരു ചുവട് - ഉദ്ഘാടന ചിത്രം
മേളയുടെ ഉത്ഘാടന ചിത്രമായി ടര്‍ക്കിയില്‍ നിന്നുള്ള ‘ഇരുളിലേക്കൊരു ചുവട്’ (A Step into the Darkness / Buyuk Oyun) എന്ന ചിത്രം പ്രദര്‍ശിപ്പിച്ചു. അതില്‍ ഇനാക് ആണ് ചിത്രത്തിന്റെ സംവിധായകന്‍. ഇറാഖില്‍ നിന്നും സഹോദരനെത്തേടി ടര്‍ക്കിയിലേക്ക് പാലായനം ചെയ്യുകയും ഒടുവില്‍ മതവിശ്വാസത്തെ തന്റെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് ഉപാധിയാക്കുന്ന ഒരാളുടെ ആയുധമാവുകയും ചെയ്യുന്ന സെനറ്റിന്റെ യാത്രയാണ് ഇരുളിലോക്കൊരു ചുവടായി സംവിധായകന്‍ ദൃശ്യവത്കരിക്കുന്നത്. തിരുവനന്തപുരം ചലച്ചിത്രോത്സവത്തില്‍ തന്നെ പലവട്ടം കണ്ടു കഴിഞ്ഞ പാലായന ചിത്രങ്ങളുടെ പട്ടികയിലേക്ക് ഒന്നുകൂടി എന്നതിനപ്പുറം ചിത്രം കാര്യമായൊന്നും സംവേദനം ചെയ്യുന്നില്ല. ഒടുവില്‍ ഇരുവശത്തേക്കും റോഡ് ക്രോസ് ചെയ്ത് കണ്ടുമുട്ടാതെ നീങ്ങുന്ന സെനറ്റും സഹോദരനും സിനിമയുടെ ഗൌരവം കുറയ്ക്കുന്നതോടൊപ്പം തികച്ചും അപൂര്‍ണമായ ഒരു അവസ്ഥയിലേക്ക് ചിത്രത്തെ തള്ളിയിടുകയും ചെയ്യുന്നു.

സിഗ്നേച്ചര്‍ ഫിലിം
പ്രേക്ഷകരില്‍ നിന്നും നിരന്തരമായി കൂവലുകള്‍ ഏറ്റുവാങ്ങുവാനായിരുന്നു കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലേയും മുദ്രച്ചിത്രങ്ങളുടെ വിധി. അതിനൊരു മാറ്റമുണ്ടാക്കുവാന്‍ പ്രാപ്തമാണ് യുവസംവിധായകന്‍ സഞ്ജു ഒരുക്കിയിരിക്കുന്ന പതിനാലാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ കൈയ്യൊപ്പുചിത്രം. കടലിനടിയിലെ ആവാസവ്യവസ്ഥ ഫിലിം റോളുകളായി കാട്ടുന്ന സിഗ്നേച്ചര്‍ ഫിലിമിന് ഏറെയൊന്നും മികവു അവകാശപ്പെടുവാനാവില്ലെങ്കിലും അധികം മടുപ്പിക്കാതെ അവസാനിക്കുന്നു എന്നതുകൊണ്ട് മടുപ്പു തോന്നുകയുമില്ല.

ഫിലിം ഫെസ്റ്റിവല്‍ പത്രങ്ങളില്‍
മാതൃഭൂമി
മലയാള മനോരമ

Description: 14th International Film Festival of Keralam (IFFK) - Dec 11 - 18, 2009 at Thiruvananthapuram. Inaugural Ceremony at Nishagandhi Open Air Auditorium, Kanakakkunnu. Mrinal Sen inaugurated the event. Sharmila Tagore was the chief guest for the evening. Education and Cultural Affairs minister M.A. Baby presided the function. Dr. Shashi Tharoor, Union Minister of State for External Affairs delivered the key note address. eteran actor Madhu, who chaired the IFFK Lifetime Award jury, directors Sibi Malayil and Harikumar, academy vice-chairman V.K. Joseph, festival artistic director Beena Paul Venugopal, MLA V. Sivankuty, District Panchayat president Anavoor Nagappan, and Mayor C. Jayan Babu were present. Academy chairman K.R. Mohanan welcomed, while Secretary K. Sreekumar proposed a vote of thanks. Turkish film “A Step into Darkness,” directed by Atil Inaq, was screened after the function.
--

Post a Comment

ശ്രദ്ധിക്കുക: 30 ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളില്‍ ചേര്‍ക്കുന്ന കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ.

6 comments:

Haree said...

പതിനാലാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടനദിന വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
--

സ്വപ്നാടകന്‍ said...

വേദവ്യാസനേയും ചോദ്യം ചെയ്യട്ടേ! ചൂണ്ടുവിരലും നടുവിരലും കൊണ്ട് പെരുച്ചാഴിയെ അമ്പെയ്യുന്നതു പോലെയാണോ ഘോര യുദ്ധത്തില്‍ ചെയ്യേണ്ടുന്നത്? പ്രാചീന യുദ്ധമുറയില്‍ തള്ളവിരല്‍ ഉപഓഗിച്ചിരുന്നില്ലെന്ന് മൃ.സെന്‍ ഗവേഷണം നടത്തിയിരുന്നോ ആവോ?

പൊടിക്കുപ്പി said...

പെരുച്ചാഴിയെ അമ്പെയ്യാനും ഘോരയുദ്ധത്തിലെ അമ്പെയ്യാനും വേറെ വേറെ വിരലാവോ :O ടാര്‍ജറ്റ് മാറുന്നതിനനുസരിച്ച് വിരലും മാറ്റണം! അയ്യോ.

jobinbasani said...

ചൂണ്ടുവിരലും നടുവിരലും മാത്രം ഉപയോഗിച്ച് മാത്രമാണോ ലോകത്തില്‍ എല്ലാവരും അമ്പെയ്യുന്നത്? :P
ആലോചിച്ചിട്ട് അങ്ങ് ശരി ആകുന്നില്ല...

സ്വപ്നാടകന്‍ said...

Mr. പൊടി: :) ടാര്‍ഗറ്റ് മാറുമ്പോള്‍ വിരലും മാറും, അതിലുപരി വില്ലിന്റെയും ഞാണിന്റെയും വലിപ്പവും മാറും. അര്‍ജ്ജുനന്‍ ഞാണ്‍ വലിച്ചു വിട്ടപ്പോള്‍ ഇടിമുഴങ്ങുമാറൊച്ച കേട്ടെന്നാണ് കൃഷ്ണദ്വൈപായനന്‍ എഴുതിയത്. സെന്‍ കണ്ട കാട്ടുമനുഷ്യര്‍ കുലച്ച വില്ല് ആ ശബ്ദമുണ്ടാക്കിയില്ലെന്ന നിരീക്ഷണവും കൂടി നമ്മോടു പങ്കുവക്കാന്‍ അദ്ദേഹം മറന്നല്ലോ... പാവം!

ഹരീ: സൂഫി പറഞ്ഞ കഥ കണ്ടോ? ഞങ്ങളുടെ സുഹൃത്താണ് നിര്‍മ്മാതാവ്/മുഖ്യനടന്‍...

ടി.സി.രാജേഷ്‌ said...

my openion about competetion films
http://www.keralawatch.com/election2009/?p=23912

Featured Videos

Trailer: Unnam

Unnam: A film by Sibi Malayil starring Asif Ali, Lal, Rima Kallingal, Swetha Menon etc.

WATCH VIDEO
Teaser: Second Show

Second Show: A film by Srinath Rajendran starring Dulquer Salman Gauthami Nair etc.

WATCH VIDEO
Trailer: Njanum Ente Familiyum

Njanum Ente Familiyum: A film by K.K. Rajeev starring Jayaram, Mamta Mohandas etc.

WATCH VIDEO