Note: Built in HTML5 and CSS3. Google Chrome 10 / Mozilla Firefox 4 / Microsoft IE 9 or later recommended.

മകന്റെ അച്ഛന്‍ (Makante Achan)

Published on: January 31, 2009

Makante Achan - Malayalm Film Review: A film directed by V.M Vinu; Starring Sreenivasan, Suhasini, Vineeth Sreenivasan.
‘ബാലേട്ടന്‍’‍, ‘യേസ് യുവര്‍ ഓണര്‍’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ സംവിധായകന്‍ വി.എം. വിനു സംവിധാനം ചെയ്തിരിക്കുന്ന പുതിയ ചിത്രമാണ് ‘മകന്റെ അച്ഛന്‍’. സംവിധായകന്റെ ഒടുവിലിറങ്ങിയ ‘സൂര്യന്‍’ എന്ന ചിത്രം, സംവിധായകനില്‍ പ്രേക്ഷകര്‍ക്കുണ്ടായിരുന്ന വിശ്വാസം തകര്‍ത്ത ഒന്നായിരുന്നു. ‘യേസ് യുവര്‍ ഓണര്‍’ എന്ന ചിത്രത്തിന്റേതെന്നപോലെ, ശ്രീനിവാസന്‍ തിരക്കഥകളുടെ സ്വഭാവത്തിലുള്ള ഒരു ചിത്രമാണ് ‘മകന്റെ അച്ഛന്‍’ എന്ന ഈ ചിത്രവും. ശ്രീനിവാസന്‍, വിനീത് ശ്രീനിവാസന്‍, സുഹാസിനി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത് ജി.പി. വിജയകുമാര്‍. നവാഗതനായ സംജത് നാരായണന്റേതാണ് കഥയും, തിരക്കഥയും, സംഭാഷണങ്ങളും.

 കഥയും, കഥാപാത്രങ്ങളും [ 6/10 ]

തിരക്കഥ നന്നായാല്‍ തന്നെ ചിത്രം പകുതി നന്നായി എന്നത് അടിവരയിട്ടു പറയുന്നു ഈ ചിത്രം. അച്ഛനും, മകനും തമ്മിലുള്ള ആശയവിയോജിപ്പുകളാണ് കഥയിലെ പ്രധാന വിഷയമെങ്കിലും; എന്‍‌ട്രന്‍സിന് രക്ഷകര്‍ത്താക്കള്‍ നല്‍കുന്ന അമിതപ്രാധാന്യം, സര്‍ക്കാര്‍ ഓഫീസിലെ അഴിമതിയുടെ ആഴവും പരപ്പും, ഭക്തി വിപണനം ചെയ്യുന്ന ആള്‍ദൈവങ്ങളുടെ തട്ടിപ്പ് എന്നിവയൊക്കെയും അധികമാവാത്തെ രീതിയില്‍, കേന്ദ്രകഥാപാത്രങ്ങളുടെ ജീവിതത്തിലെ സംഭവങ്ങളാക്കി അവതരിപ്പിക്കുവാന്‍ തിരക്കഥാകൃത്തിനായി. ഓരോ കഥാപാത്രത്തെയും കഥയില്‍ ചേര്‍ത്തിരിക്കുന്നതിന് എന്തെങ്കിലുമൊരു ഉദ്ദേശം കാണുവാനുണ്ട്. ചില രംഗങ്ങളിലെ സംഭാഷണങ്ങളില്‍ മാത്രം അല്പം കൃത്രിമത്വം അനുഭവപ്പെട്ടു. ആസ്വാദനത്തെ പരിമിതപ്പെടുത്തില്ലെങ്കിലും, ഒരു ഘട്ടം കഴിഞ്ഞാല്‍ ചിത്രത്തിന്റെ പരിണാമഗുപ്തി പ്രവചനീയമാണ് എന്നതും ഒരു കുറവായി പറയാം.

 സംവിധാനം [ 5/10 ]

സംവിധാനമികവിലല്ലെങ്കിലും, വി.എം. വിനു സംവിധാനം ചെയ്തിരിക്കുന്ന ചിത്രങ്ങളില്‍ മികച്ചത് എന്നു തന്നെ ഈ ചിത്രത്തിനെ പറയാം. എന്നിരുന്നാലും പലയിടത്തും രംഗങ്ങള്‍ക്ക് ഒഴുക്ക് അനുഭവപ്പെടുന്നില്ല. ഉദാഹരണത്തിന്; റിയാലിറ്റി ഷോയില്‍ പങ്കെടുക്കുവാനായി അച്ഛന്റെ അനുവാദം വാങ്ങിത്തരുവാന്‍ മകന്‍ അമ്മയെ കൈയിലെടുക്കുവാന്‍ ശ്രമിക്കുന്ന രംഗം; അതിന്റെ ഒടുവിലെ അമ്മയായ രമ(സുഹാസിനി)യുടെ ചിരിയൊന്നും സ്വാഭാവികമായി രംഗത്തോടു ചേര്‍ന്നു പോവുന്നില്ല. ചിത്രത്തിന്റെ അവസാനരംഗത്തിനും എടുത്തു പറയുവാനും മാത്രം മേന്മയൊന്നും അവകാശപ്പെടുവാനില്ല. വൈകാരികമായി പ്രേക്ഷകനെ കൈയിലെടുക്കുന്നുണ്ടെങ്കിലും, ഒരു മികച്ച അനുഭവമായി തീരുവാന്‍ അവസാന ഗാനരംഗത്തിനു സാധിക്കുന്നില്ല. കുറച്ചുകൂടി മികച്ചൊരു ട്രീറ്റ്മെന്റ് ചിത്രം അര്‍ഹിക്കുന്നു.

 അഭിനയം [ 7/10 ]

അഭിനേതാക്കളെല്ലാവരും തന്നെ തന്താങ്ങളുടെ കഥാപാത്രങ്ങളോട് ആത്മാര്‍ത്ഥത പുലര്‍ത്തിയുള്ള അഭിനയമാണ് കാഴ്ചവെച്ചിരിക്കുന്നത്. ജഗതി ശ്രീകുമാര്‍ അവതരിപ്പിച്ച സ്വാമി ഹിമവല്‍ ചൈതന്യ, ഇതിനു മുന്‍പ് മലയാളസിനിമയില്‍ വന്നിട്ടുള്ള കള്ളസന്യാസി കഥാപാത്രങ്ങളുടെ അതേ സ്വഭാവത്തിലുള്ളതാണെങ്കില്‍ തന്നെയും, ശ്രദ്ധേയമായി. സലിം കുമാര്‍ അവതരിപ്പിച്ച കൃഷ്ണന്‍‌കുട്ടി എന്ന പ്യൂണ്‍ കഥാപാത്രവും, തിലകന്‍ വേഷമിട്ട കെ.സി. ഫ്രാന്‍സിസ് എന്ന എന്‍‌ട്രന്‍സ് കോച്ചിംഗ് സെന്റര്‍ നടത്തിപ്പുകാരനും പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റുവാന്‍ തക്കവണ്ണം മികച്ചതായി. ഒരു കോമഡി നടന്‍ എന്നതിലുപരിയായി, ഒരു സ്വഭാവനടനായി സലിം കുമാറിനെ ഉപയോഗപ്പെടുത്തിയിരിക്കുന്നതില്‍ സംവിധായകനും പ്രശംസ അര്‍ഹിക്കുന്നു. ശ്രീനിവാസന്‍, സുഹാസിനി എന്നിവരുടെ കഥാപാത്രങ്ങള്‍ മോശമായില്ലെങ്കിലും, ഏറെയൊന്നും മികവ് പറയുവാനില്ല. അഭിനയത്തില്‍ സ്വാഭാവികത കൈവരിക്കുവാന്‍ വിനീത് ശ്രീനിവാസന്‍ ഇനിയും പരിശ്രമിക്കേണ്ടിയിരിക്കുന്നു.

 സാങ്കേതികം [ 4/10 ]

പി.സി. മോഹനന്റെ എഡിറ്റിംഗിലെ വീഴ്ചകളാണ് രംഗങ്ങളുടെ ഒഴുക്കില്ലായ്മയ്ക്ക് പ്രധാനകാരണം. ഓരോ സീനിലേയും, ഓരോ ഷോട്ടും വേര്‍തിരിച്ചറിയുവാന്‍ കഴിയുന്ന രീതിയിലാണ് എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത്. മനോജ് പിള്ളയുടെ ക്യാമറ, സാബുറാമിന്റെ കലാസംവിധാനം എന്നിവ തരക്കേടില്ലാതെ പോവുന്നു. “ഒത്തൊരുമിച്ചൊരു ഗാനം പാടാന്‍...” എന്ന ഗാനരംഗം (ഒരു സ്റ്റേജ് ഷോയുടെ നേര്‍ചിത്രമാവണം കാണിക്കേണ്ടത് എന്നു ശഠിക്കാതെയിരുന്നാല്‍) രസകരമായിരുന്നു. എന്നാല്‍ ക്ലൈമാക്സ് രംഗത്തിലെ ഗാനരംഗത്തിന് അത്രയ്ക്ക് കൊഴുപ്പു നല്‍കുവാന്‍ സാധിച്ചതുമില്ല. സാങ്കേതികവിഭാഗത്തിലെ പോരായ്മകള്‍ ചിത്രത്തെ അല്പം പിന്നിലാക്കുന്നുണ്ട്.

 പാട്ട്, നൃത്തം, ആക്ഷന്‍ [ 4/5 ]

ചിത്രത്തിനുതകുന്ന രീതിയില്‍ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കുന്നതില്‍ എം. ജയചന്ദ്രന്‍ വിജയിച്ചിട്ടുണ്ട്. അനില്‍ പനച്ചൂരാന്‍ എഴുതി വിനീത് ശ്രീനിവാസന്‍ പാടിയിരിക്കുന്ന “ഒത്തൊരുമിച്ചൊരു ഗാനം പാടാന്‍...” എന്ന ഗാനം ശ്രദ്ധേയമായി. സിനിമയോട് ഈ ഗാനം നന്നായി ചേര്‍ന്നു പോവുന്നുമുണ്ട്. ഈ ഗാനരംഗത്തിലെ നൃത്തസംവിധാനവും മികവു പുലര്‍ത്തി. കൈതപ്രമെഴുതി, കാവാലം ശ്രീകുമാര്‍ പാടിയിരിക്കുന്ന “ഹിമവല്‍‌സ്വാമി ശരണം...” എന്ന ഗാനം ഒരു ഗാനമായി ചേര്‍ക്കാതെ, ആശ്രമത്തില്‍ നടക്കുന്ന ഒരു ഭജനയായി പലപ്പോഴായി ഉപയോഗിച്ചിരിക്കുന്നു. അര്‍ഹിക്കുന്ന പ്രാധാന്യമേ ഈ ഗാനത്തിന് ചിത്രത്തില്‍ നല്‍കിയിട്ടുള്ളൂ. “ഈ വെണ്ണിലാവിന്റെ...” എന്ന അവസാന ഗാനമെഴുതിയിരിക്കുന്നത് കൈതപ്രം, പാടിയിരിക്കുന്നത് വിനീത് ശ്രീനിവാസന്‍. ഈ ഗാനം അല്പം കൂടി മികച്ചതാവാമായിരുന്നെന്നു തോന്നി, വരികള്‍ക്കും പറയത്തക്ക എടുപ്പില്ല.

 മറ്റുള്ളവ [ 3/5 ]

കഥാപാത്രങ്ങളുടെ സ്വഭാവത്തിനും, ജീവിതരീതികള്‍ക്കും ചേരുന്ന രൂപഭാവങ്ങളും, വേഷവിധാനവും നല്‍കുവാന്‍ അണിയറപ്രവര്‍ത്തകര്‍ ശ്രദ്ധിച്ചിട്ടുണ്ട്. പോസ്റ്ററുകള്‍ക്കും മറ്റും കാര്യമായ പുതുമയൊന്നും കാണുവാന്‍ കഴിഞ്ഞില്ല. ശ്രീനിവാസന്‍ - വിനീത് ശ്രീനിവാസന്‍ എന്നിവര്‍ അച്ഛനും, മകനുമായി അഭിനയിക്കുന്നു എന്നതിനെ വേണ്ട രീതിയില്‍ പ്രചാരണത്തില്‍ ഉപയോഗപ്പെടുത്തുന്നതിലും ഇതിന്റെ പ്രവര്‍ത്തകര്‍ പിന്നിലാണ്. അല്പം കൂടി മികച്ച മാര്‍ക്കറ്റിംഗ് ചിത്രം ആവശ്യപ്പെടുന്നു.

 ആകെത്തുക [ 5.8/10 ]

വി.എം. വിനുവെന്ന സംവിധായകന് തീര്‍ച്ചയായും ഒരു നല്ല തിരിച്ചുവരവാണ് ഈ ചിത്രം. സംവിധായകന്റെ മുന്‍ചിത്രങ്ങള്‍ കണ്ടിട്ടുള്ളവര്‍ പ്രതീക്ഷിക്കുന്നതിലും മികച്ചൊരു ചിത്രമൊരുക്കുവാന്‍ അദ്ദേഹത്തിനായി എന്നതാണ് ഇതിനാധാരം. ഒരു കഥാപാത്രത്തിലോ, കഥാഗതിയിലോ ചിത്രം വട്ടം കറങ്ങുന്നില്ല എന്ന നിലയില്‍ ചിത്രം മികവുപുലര്‍ത്തുമ്പോഴും, ഇനിയുമിതിനെ മെച്ചപ്പെടുത്തുവാന്‍ സാധ്യതകളുണ്ടായിരുന്നു എന്നതും പ്രസ്താവ്യമാണ്. ‘അടുത്ത വീട്ടിലെ പയ്യന്‍’ ഇമേജിലൂടെ വിനീത് ശ്രീനിവാസന്‍ ഒരു നടനായി മലയാളസിനിമയില്‍ സാന്നിധ്യമുറപ്പിക്കുന്നുണ്ട് ‘മകന്റെ അച്ഛനി’ലൂടെ. തുടര്‍ന്നു വരുന്ന ചിത്രങ്ങളില്‍ വി.എം. വിനുവിനും, വിനീത് ശ്രീനിവാസനും പ്രചോദനമാകുവാന്‍; മലയാളസിനിമകളിലെ മരുപ്പച്ചയായ ഈ ചിത്രത്തിനു കഴിയുമെന്നു കരുതാം.

Description: Makante Achan - A Malluwood (Malayalam) film directed by V.M. Vinu; starring Sreenivasan, Suhasini, Vineeth Sreenivasan, Thilakan, Salim Kumar, Jagathy Sreekumar, Varadha, Janardanan, Bindu Panicker; Produced by G.P. Vijayakumar; Camera by Manoj Pillai; Editing by P.C.Mohanan; Art Direction by Saburam; Lyrics by Kaithapram Damodaran Namboothiri, Anil Panachooran; Music by M. Jayachandran; Film Review in Malayalam by Hareesh N. Nampoothiri aka Haree | ഹരീ for Chithravishesham (Chitravishesham) Blog. January 22 2009 Release.
--

ലവ് ഇന്‍ സിംഗപ്പോര്‍ (Love in Singapore)

Published on: January 27, 2009

Love in Singapore - Malayalam Film Review: A Film directed by Rafi-Mecartin; Starring Mammootty, Navaneeth Kaur, Nedumudi Venu, Jayasurya.
റാഫി നിര്‍മ്മിച്ച്, റാഫി-മെക്കാര്‍ട്ടിന്മാര്‍ സംവിധാനം ചെയ്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ‘ലവ് ഇന്‍ സിംഗപ്പോര്‍’. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം തുടങ്ങിയവ രചിച്ചിരിക്കുന്നതും സംവിധായക ദ്വയങ്ങള്‍ തന്നെ. തെലുങ്കില്‍ നിന്നുമുള്ള നടി, നവനീത് കൗര്‍ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുക കൂടിയാണ് ഈ ചിത്രത്തില്‍. 2009-ലെ മമ്മൂട്ടിയുടെ ആദ്യ ചിത്രമെന്ന നിലയിലും ‘ലവ് ഇന്‍ സിംഗപ്പോര്‍’ ശ്രദ്ധയാകര്‍ഷിക്കുന്നു. 2008-ലെ മമ്മൂട്ടിയുടെ അവസാന ചിത്രമായ ‘മായാബസാറു’മായി തട്ടിച്ചു നോക്കിയാല്‍ തരക്കേടില്ലെങ്കിലും, പേരിനൊത്ത പ്രതീക്ഷകള്‍ നിലനിര്‍ത്തുവാന്‍ ചിത്രത്തിനു കഴിഞ്ഞിട്ടില്ല.

 കഥയും, കഥാപാത്രങ്ങളും [ 2/10 ]

തെരുവില്‍ പാട്ട പെറുക്കി നടക്കുന്ന മച്ചു (മമ്മൂട്ടി)വിന്റെ കോടീശ്വരനായുള്ള വളര്‍ച്ചയില്‍ തുടങ്ങി ചിത്രത്തില്‍ പറയുന്ന പല കാര്യങ്ങള്‍ക്കും വ്യക്തതയില്ല. പേരിലെ ‘ലവ്’ പേരില്‍ മാത്രമായി ഒതുങ്ങിയെന്നതാണ് കഥയുടെ ഏറ്റവും വലിയ ന്യൂനത. എന്നാല്‍ പിന്നെ സിംഗപ്പോരെങ്കിലും കാണാമെന്നാണെങ്കില്‍, ചിത്രത്തില്‍ അതും കാര്യമായില്ല. സിംഗപ്പോരിനു പകരം ഏതൊരു സ്ഥലനാമം വേണമെങ്കിലും ‘ലവ് ഇന്‍’ എന്നതിനൊപ്പം ചേര്‍ക്കാം. അല്പസ്വല്പം പുതുമയൊക്കെ അവകാശപ്പെടുന്നതില്‍ തെറ്റില്ലാത്ത, തരക്കേടില്ലാതെ തുടങ്ങിയ ഒരു കഥയെ ഈവിധം കാറ്റുപോയ ബലൂണ്‍ കണക്കാക്കി മാറ്റിയതില്‍ തിരക്കഥാകൃത്തുക്കള്‍ക്ക് സ്വയം പഴിക്കാം. പെണ്ണിനെ മാറ്റി മച്ചുവിനെ പറ്റിക്കുന്നതുപോലെയുള്ള ചില രസകരമായ രംഗങ്ങള്‍ മാത്രമാണ് ആശ്വസിക്കുവാന്‍ വകനല്‍കുന്നത്.

 സംവിധാനം [ 2/10 ]

അഭിനേതാക്കളെക്കൊണ്ട് മര്യാദയ്ക്ക് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതില്‍ കൂടി സംവിധായകര്‍ ശ്രദ്ധ നല്‍കിയിട്ടില്ല. സമയമില്ലാത്തവര്‍ക്ക് ഇടയ്ക്കിറങ്ങുവാന്‍ പാകത്തില്‍; ചിത്രം കണ്ടുതുടങ്ങുമ്പോള്‍ തന്നെ ഇതെങ്ങിനെയൊക്കെ പോവും, എവിടെ അവസാനിക്കും എന്നതൊക്കെ പ്രേക്ഷകര്‍ക്ക് മനസിലാവുമെന്നൊരു ഗുണം സംവിധാനത്തിനുണ്ട്. മുന്‍പ് സൂചിപ്പിച്ച തിരക്കഥയിലെ രസകരമായ രംഗങ്ങള്‍ പോലും അവതരണത്തില്‍ പാളിയിട്ടുണ്ട്. രണ്ട് സംവിധായകരുണ്ടെങ്കിലും, ഒരാളുടെ പോലും ഗുണം ചെയ്തില്ലയെന്ന് സംവിധാനത്തെപ്പറ്റി ചുരുക്കിപ്പറയാം.

 അഭിനയം [ 2/10 ]

അഭിനയത്തിന്റെ കാര്യത്തിലും ചിത്രം പിന്നില്‍ തന്നെ. തന്റെ മുന്‍ ചിത്രങ്ങളിലെ കോമഡി കഥാപാത്രങ്ങളെ അനുകരിക്കുകയാണോ മമ്മൂട്ടിയെന്നു തോന്നും ഈ ചിത്രം കണ്ടാല്‍. അത്രമേല്‍ കൃത്രിമത്വം മച്ചുവെന്ന കഥാപാത്രത്തിന് അനുഭവപ്പെടുന്നു. സലിം കുമാര്‍, ബിജുക്കുട്ടന്‍, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയവര്‍ സ്ഥിരം ശൈലിയിലുള്ള കഥാ‍പാത്രങ്ങളായി എത്തിയിട്ടുണ്ട്. നെടുമുടി വേണു, രാജന്‍ പി. ദേവ്, ജനാര്‍ദ്ദനന്‍ തുടങ്ങിയ മികച്ച നടന്മാരും അഭിനയിക്കുവാന്‍ മറന്നതുപോലെ തോന്നുന്നു ഈ ചിത്രത്തില്; പുതുനായിക നവനീത് കൗറിന്റെ കാര്യം പറയുകയും വേണ്ട! ലാലു അലക്സ്, ജയസൂര്യ തുടങ്ങിയവര്‍ക്ക് കാര്യമായൊന്നും ചിത്രത്തില്‍ ചെയ്യുവാനില്ല.

 സാങ്കേതികം [ 6/10 ]

സാങ്കേതിക വിഭാഗത്തിന്റെ പച്ചയിലാണ് ചിത്രം അല്പമെങ്കിലും പിടിച്ചു നില്‍ക്കുന്നത്. സഞ്ജീവ് ശങ്കറിന്റെ ക്യാമറ, ഹരിഹരപുത്രന്റെ എഡിറ്റിംഗ്, ബോബന്റെ കല, മോഹന്‍ സിതാരയുടെ പിന്നണിസംഗീതം തുടങ്ങിയവയൊക്കെ സാമാന്യം നല്ല നിലവാരം പുലര്‍ത്തി.

 പാട്ട്, നൃത്തം, ആക്ഷന്‍ [ 1/5 ]

രാജീവ് ആലുങ്കല്‍, സന്തോഷ് വര്‍മ്മ എന്നിവരെഴുതി സുരേഷ് പീറ്റേഴ്സ് സംഗീതം നല്‍കിയിരിക്കുന്ന ഗാനങ്ങള്‍ ശബ്ദകോലാഹലമായേ അനുഭവപ്പെടുകയുള്ളൂ. മര്യാദയ്ക്കൊരു ഗാനം ചിത്രത്തിലെവിടെയെങ്കിലും ഉപയോഗിച്ചിട്ടുള്ളത് കാണുവാന്‍ കഴിഞ്ഞില്ല. പഴനിരാജിന്റെ ആക്ഷന്‍ രംഗങ്ങള്‍ക്കും പറയത്തക്ക ‘പഞ്ച്’ അനുഭവപ്പെടുന്നില്ല.

 മറ്റുള്ളവ [ 4/5 ]

വളരെ ആകര്‍ഷകമായ ഒരു പേരും, നല്ല പോസ്റ്റര്‍ ഡിസൈനുകളും പ്രേക്ഷകരെ ചിത്രത്തിലേക്ക് ആകര്‍ഷിക്കും. മമ്മൂട്ടിയുടെ ചില ഗാനരംഗങ്ങളിലുള്ള രൂപഭാവങ്ങളും പ്രേക്ഷകരില്‍ കൌതുകമുണര്‍ത്തും. ചിത്രത്തിന്റെ നിര്‍മ്മാണം മുഴുവന്‍ സമയവും നല്ല നിലവാരം പുലര്‍ത്തുന്നുണ്ട്. ഇത്രയും നല്ല പ്രൊഡക്ഷന്‍ സാധ്യതകള്‍ ഉണ്ടായിരുന്നിട്ടും, ശുഷ്കമായൊരു ചലച്ചിത്രമായതെന്തു കൊണ്ടെന്ന് ഇതിന്റെ അണിയറപ്രവര്‍ത്തകര്‍ ഒന്നു ചിന്തിക്കുന്നത് നന്നായിരിക്കും.

 ആകെത്തുക [ 3.4/10 ]

‘മായാബസാര്‍’ കണ്ടിരുന്ന ക്ഷമാശീലരായ ആരാധകര്‍ക്ക് ഇത് തരക്കേടില്ലാത്ത ചിത്രമായി അനുഭവപ്പെട്ടേക്കാം. എന്നാല്‍ സാധാരണ പ്രേക്ഷകന് ചിത്രം മൊത്തത്തില്‍ നിരാശയാവും സമ്മാനിക്കുക. ചിത്രത്തിന്റെ പോസ്റ്ററുകളും ചിത്രവും തമ്മിലുള്ള അന്തരം കാണുമ്പോള്‍, മിന്നുന്നതെല്ലാം പൊന്നല്ല എന്ന പഴഞ്ചൊല്ല് അറിയാതെ ഓര്‍ത്തുപോവും. ചിത്രമൊരു സൂപ്പര്‍ഹിറ്റ് ഒന്നുമായില്ലെങ്കിലും, ആശ്വാസവിജയമെങ്കിലും നേടുവാനാണ് സാധ്യത. കൂടുതല്‍ മികച്ച ചിത്രങ്ങളാല്‍ 2009 സമ്പന്നമാവുമെന്ന പ്രതീക്ഷയില്‍ ഈ ചിത്രം നമുക്ക് കണ്ടു മറക്കാം.

Description: Love in Singapore - A Malluwood (Malayalam) film directed by Rafi-Mecartin; starring Mammootty, Navneeth Kaur, Nedumudi Venu, Salimkumar, Suraj Venjaaramoodu, Jayasurya, Bijukuttan, Janardanan, Rajan P. Dev, Lalu Alex, Sukumari, Manka Mahesh, Geetha Vijayan; Produced by Rafi; Camera by Sanjeev Shankar; Editing by Hariharaputhran; Art Direction by Boban; Lyrics by Rajeev Aalunkal, Santhosh Varma; Music by Suresh Peters; Background Score by Mohan Sithara; Stunt Direction by Pazhaniraj. Film Review in Malayalam by Hareesh N. Nampoothiri aka Haree | ഹരീ for Chithravishesham (Chitravishesham) Blog. January 23 2009 Release.
--

ചാന്ദ്നി ചൗക്ക് ടു ചൈന (Chandni Chowk to China)

Published on: January 18, 2009

Chandni Chowk To China - A Bollywood (Hindi) film directed by Nikhil Advani; starring Akshay Kumar, Deepika Padukone, Mithun Chakraborty, Gordon Liu, Ranvir Shorey and Roger Yuan.
സിംഗ് ഈസ് കിംഗ്’ എന്ന ചിത്രത്തിലെന്നതു പോലെ സുന്ദരവിഡ്ഢിയായ നായകനായാണ് അക്ഷയ് കുമാര്‍ ഈ ചിത്രത്തിലെത്തുന്നത്. മുകേഷ് തല്‍‌റേജ, രോഹന്‍ സിപ്പി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് നിഖില്‍ അദ്വാനി. ശ്രീധര്‍ രാഘവന്‍, രജത് അറോറ എന്നിവരുടേതാണ് കഥയും, തിരക്കഥയും, സംഭാഷണങ്ങളും. ദീപിക പദുകോണ്‍, മിഥുന്‍ ചക്രബര്‍ത്തി, ഗോര്‍ഡന്‍ ലൂ, റണ്‍‌വീര്‍ ഷോരെ, റോജര്‍ യുവാന്‍ തുടങ്ങിയ്‌വരാണ് മറ്റ് പ്രധാനവേഷങ്ങളില്‍. 1992-ല്‍ പുറത്തിറങ്ങിയ മലയാളം ചലച്ചിത്രം ‘യോദ്ധ’യില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ചിത്രത്തിന് കഥ മെനഞ്ഞിരിക്കുന്നത്.

 കഥയും, കഥാപാത്രങ്ങളും [ 1/10 ]

ചൈനയിലെ ഒരു ഗ്രാമം ഹോജോ(ഗോര്‍ഡന്‍ ലൂ) എന്ന ക്രൂരനായ കള്ളക്കടത്തുകാരന്റെ പിടിയിലാണ്. ഗ്രാമത്തിന്റെ രക്ഷകനായിരുന്ന പോരാളി പുനര്‍ജനിക്കുമെന്ന വിശ്വാസത്തിലാണ് ഗ്രാമവാസികള്‍. അവര്‍ ഇന്ത്യയില്‍ സിദ്ധു(അക്ഷയ് കുമാര്‍)വെന്ന കഥയില്ലാത്ത ഒരുവനെ കണ്ടെത്തുന്നു. തുടക്കത്തില്‍ ഹോജോയില്‍ നിന്നും തിരിച്ചടിയേല്‍ക്കുന്നെങ്കിലും, പിന്നീട് സിദ്ധു ഹോജോയെ കൊന്ന് ഗ്രാമത്തെ രക്ഷിക്കുന്നു. വിശ്വസിനീയതയോ, യുക്തിഭദ്രതയോ ഒട്ടും തന്നെ തിരക്കഥയ്ക്ക് അവകാശപ്പെടുവാന്‍ കഴിയുകയില്ല. ‘കഥയില്‍ ചോദ്യമില്ലെന്ന’ പല്ലവി പലവട്ടം ചിത്രം ഓര്‍മ്മിപ്പിക്കും. നാട്ടിലുള്ള ഒരാള്‍ ചൈനയിലെത്തി ഒരു ഗ്രാമത്തെ രക്ഷിക്കുന്നു എന്നതിനപ്പുറം ‘യോദ്ധ’യുമായി ഒരു ബന്ധവും ചിത്രത്തിനില്ല. കഥയ്ക്ക് ആവശ്യമുള്ളതിലും കൂടുതല്‍ നര്‍മ്മരംഗങ്ങള്‍ പലയിടത്തും കയറ്റി ചിത്രത്തിന്റെ ഗൗരവം പൂര്‍ണ്ണമായും കളഞ്ഞിട്ടുമുണ്ട്.

 സംവിധാനം [ 5/10 ]

ചിത്രത്തിന്റെ തുടക്കം മനോഹരമാക്കുവാന്‍ സംവിധായകനായി. ചൈനയില്‍ നിന്നുള്ള സ്റ്റണ്ട് മാസ്റ്റര്‍ ഡീ ഡീ കു-വിനെ വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്തുവാന്‍ സംവിധായകന് ചിത്രത്തിലുടനീളം സാധിച്ചിട്ടുമുണ്ട്. അഭിനേതാക്കളെ ചിത്രത്തിനിണങ്ങുന്ന രീതിയില്‍ കഥാപാത്രങ്ങളായി രൂപപ്പെടുത്തുന്നതിലും നിഖില്‍ അദ്വാനി വിജയിച്ചു. വേഗതയുണ്ടെങ്കിലും, ഒഴുക്കില്ലാത്ത കഥാരീതിയും, ബഹളമയമായ രംഗങ്ങളും ചിത്രത്തിന്റെ ആസ്വാദ്യത കുറയ്ക്കുന്നു. കെട്ടുവിട്ടുപോയ പുസ്തകത്തിന്റെ അവസ്ഥയിലുള്ള തിരക്കഥയ്ക്ക്, ഒരു സിനിമയുടെ രൂപം നല്‍കിയത് സംവിധായകന്റെ കഴിവൊന്നുമാത്രമാണ്. എന്നാല്‍ ചിത്രം വിജയിപ്പിക്കുവാന്‍ അത് മതിയാവുന്നില്ല.

 അഭിനയം [ 6/10 ]

‘സിംഗ് ഈസ് കിംഗ്’-ലെ ഹാപ്പി സിംഗില്‍ നിന്നും കാര്യമായ വ്യത്യാസം അക്ഷയ് കുമാര്‍ അവതരിപ്പിച്ച സിദ്ധുവില്‍ കാണുവാനില്ല. സംഭാഷണ രീതിയില്‍ മാറ്റമുണ്ട് എന്നുമാത്രം. സഖി, സൂസി എന്നീ ഇരട്ടവേട്ടങ്ങളില്‍ ദീപിക പദുക്കോണ്‍ നന്നായി തിളങ്ങിയിരിക്കുന്നു. ഇരട്ടവേഷങ്ങളുടെ വേഷവിധാനങ്ങള്‍ക്കപ്പുറം; ശരീരഭാഷയിലും, ഭാവങ്ങളിലും വ്യത്യസ്തത കൊണ്ടുവരുവാന്‍ ദീപികയ്ക്കായി. കുങ്ങ്-ഫു രംഗങ്ങള്‍ ദീപികയ്ക്ക് അധികമില്ലെങ്കിലും, ഉള്ളതത്രയും അനായാസമായി അവതരിപ്പിക്കുവാനും അവര്‍ക്കു കഴിഞ്ഞിട്ടുണ്ട്. ഹോജോയായെത്തിയ ഗോര്‍ഡല്‍ ലൂ, സിദ്ധുവിന്റെ രക്ഷകര്‍ത്താവായെത്തുന്ന മിഥുന്‍ ചക്രബര്‍ത്തിയുടെ ദാദ, റണ്‍‌വീര്‍ ഷോരെ അവതരിപ്പിച്ച ചോപ്‌സ്റ്റിക്ക് തുടങ്ങിയവരും മോശമായില്ല. സംവിധാനത്തോടൊപ്പം, അഭിനേതാക്കളുടെ മികച്ച പ്രകടനവുമാണ്, ചിത്രം ഇത്രയെങ്കിലും മികവു പുലര്‍ത്തുവാനുള്ള കാരണം.

 സാങ്കേതികം [ 6/10 ]

ഹോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന തുടക്കമാണ് ചിത്രത്തിനുള്ളത്. ഹിമ്മന്‍ ധമീജയുടെ ഛായാഗ്രഹണം ചിത്രത്തിനൊരു മുതല്‍ക്കൂട്ടാണ്. കലാസംവിധാനവും എടുത്തു പറയാവുന്നതു തന്നെ. എന്നാല്‍ പിന്നണിസംഗീതം വേണ്ടതുപോലെ രംഗങ്ങളോട് ചേര്‍ന്നു പോവുന്നില്ല. കേവലം ബഹളം മാത്രമായി പിന്നണി മാറി.

 പാട്ട്, നൃത്തം, ആക്ഷന്‍ [ 4/5 ]

ദീ ദീ കു ഒരുക്കിയിരിക്കുന്ന ചിത്രത്തിലെ സംഘട്ടനരംഗങ്ങള്‍ ഇന്ത്യന്‍ സിനിമയ്ക്ക് പുതുമയാണ്. ചൈനീസ് കുങ്ങ്-ഫുവിന്റെ മാസ്മരികത അതുപോലെ ചിത്രത്തില്‍ കാണാം. ചില രംഗങ്ങള്‍ വല്ലാതെ അവിശ്വസിനീയമായിപ്പോയി എന്നതും പറയാതെ വയ്യ. ചിത്രത്തില്‍ പാടിയിട്ടുള്ളവരില്‍ ഭൂരിഭാഗം പേര്‍ക്കും സംഗീത സംവിധാനത്തിലും പങ്കുണ്ട്. എന്നാല്‍ അത്തരമൊരു കൂട്ടായ്മയില്‍ നിന്നും പ്രതീക്ഷിക്കാവുന്ന മികവൊന്നും ഗാനങ്ങള്‍ക്ക് തോന്നിയില്ല. ചൈനീസ് നൃത്തത്തിന്റെ അകമ്പടിയോടെയുള്ള ‘ചാന്ദ്നി ചൗക്ക് ടു ചൈന’; ശങ്കര്‍ മഹാദേവന്‍, ശ്രെയ ഗോഷാല്‍ തുടങ്ങിയവര്‍ ആലപിച്ചിരിക്കുന്ന ‘തേരേ നൈന’ തുടങ്ങിയ ഗാനങ്ങള്‍ ആകര്‍ഷകമാണ്. പോനി വര്‍മ്മയുടെ നൃത്തസംവിധാനത്തിന്റെ മികവില്‍ ഗാനരംഗങ്ങള്‍ രക്ഷപെട്ടു പോവുന്നെന്നു മാത്രം.

 മറ്റുള്ളവ [ 3/5 ]

Chandni Chowk to China - Hindi film directed by Nikhil Advani and stars Akshay Kumar and Deepika Padukone in the lead roles, with Hindi Cinema veteran Mithun Chakraborty and Hong Kong veteran Gordon Liu also playing important roles. (Photo: Wikipedia)
ചിത്രത്തിന്റെ പോസ്റ്ററുകളും, ഔദ്യോഗിക വെബ്‌സൈറ്റും മറ്റും ചിത്രത്തിലേക്ക് പ്രേക്ഷകരെ ആകര്‍ഷിക്കുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. അക്ഷയ് കുമാര്‍, ദീപിക പദുകോണ്‍ തുടങ്ങിയവരുടെ വേഷ, രൂപ, ഭാവാദികളും ചിത്രത്തിന് പ്രത്യേകത തോന്നിക്കുവാന്‍ കാരണമാണ്. പോസ്റ്ററും മറ്റും കാണുമ്പോള്‍ തോന്നുന്ന ആകര്‍ഷകത്വമൊന്നും സിനിമ കാണുമ്പോള്‍ തോന്നില്ലെന്നത് ചിത്രം കൂടുതല്‍ മോശമായി പ്രേക്ഷകര്‍ക്ക് അനുഭവപ്പെടുമെന്നതാണ് ഇതിന്റെ മറുവശം.

 ആകെത്തുക [ 5.0/10 ]

ഇരട്ടസഹോദരികള്‍ വേര്‍പിരിയുക, വലുതാവുമ്പോള്‍ പരസ്പരം കണ്ടുമുട്ടുക, ഒരേ രൂപത്തിലായതിനാല്‍ തമ്മില്‍ തിരിച്ചറിയുക, ഓര്‍മ്മ നഷ്ടപ്പെടുന്ന ഇവരുടെ അച്ഛന് മുന്‍പ് നടന്നതിനു സമാനമായ കാര്യങ്ങള്‍ കാണുമ്പോള്‍ ഓര്‍മ്മ തിരിച്ചു വരിക, കുഞ്ഞുന്നാളിലെ ഫോട്ടോ കണ്ട് മക്കളെ തിരിച്ചറിയുക, മകള്‍ അച്ഛനെ തെറ്റിദ്ധരിച്ചു കൊല്ലുവാന്‍ ശ്രമിക്കുക എന്നുവേണ്ട ഇത്തരമൊരു തല്ലിക്കൂട്ട് ബോളിവുഡ് തിരക്കഥയില്‍ പ്രതീക്ഷിക്കാവുന്ന ക്ലീഷേകളെല്ലാം ചിത്രത്തില്‍ തിരുകിച്ചേര്‍ത്തിട്ടുണ്ട്. സംവിധാനമികവ്, മികച്ച അഭിനേതാക്കള്‍, സാങ്കേതികമികവ്, പുതുമയുള്ള ആക്ഷന്‍ രംഗങ്ങളൊരുക്കുവാന്‍ ചൈനയില്‍ നിന്നുള്ള സ്റ്റണ്ട് മാസ്റ്റര്‍; തുടങ്ങി ഇത്തരമൊരു ചിത്രത്തിനു വേണ്ടുന്ന ചേരുവകളെല്ലാം ഒരുക്കുവാന്‍ ഇതിന്റെ നിര്‍മ്മാതാക്കള്‍ക്ക് കഴിഞ്ഞുവെങ്കിലും; തിരക്കഥയൊന്നു കൊണ്ടു മാത്രം ദയനീയമായ ഒരു ചലച്ചിത്രമായി തീരുവനായിരുന്നു ‘ചാന്ദിനി ചൗക്ക് ടു ചൈന’യുടെ വിധി. അതിനെ മറികടക്കുവാന്‍ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് കഴിഞ്ഞതുമില്ല!

Description: Chandni Chowk To China - A Bollywood (Hindi) film directed by Nikhil Advani; starring Akshay Kumar as Sidhu, Deepika Padukone as Sakhi/Suzy, Mithun Chakraborty as Dada, Gordon Liu as Hojo, Ranvir Shorey as Chopstick and Roger Yuan as Chiang Kohung. Written by Shridhar Raghavan & Rajat Arora; Produced by Rohan Sippy & Mukesh Talreja; Camera by Himman Dhamija; Stunt Direction by Dee Dee Ku and Choreography by Pony Verma. Film Review in Malayalam by Hareesh N. Nampoothiri aka Haree | ഹരീ for Chithravishesham (Chitravishesham) Blog. January 16 2009 Release.
--

പരോള്‍ - ടെലിഫിലിം (Parole - Telefilm)

Published on: January 08, 2009

Parole - A Telefilm by Sanal Sasidharan.
മലയാളം ബ്ലോഗിടത്തില്‍ നിന്നുമൊരു ചലച്ചിത്രം, ‘പരോള്‍’ എന്ന ടെലിഫിലിമിനെ വേറിട്ടു നിര്‍ത്തുന്നത് ഈ വിശേഷണമാണ്. മലയാളം ബ്ലോഗിംഗില്‍ സജീവമായുള്ള സനല്‍ ശശിധരനാണ് (സനാതനന്‍‍) ഈ ടെലിഫിലിം സംവിധാനം ചെയ്തിരിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത് മറ്റൊരു ബ്ലോഗറായ കെ.വി. മണികണ്ഠന്‍ (സങ്കുചിതന്‍‍). ദിലീപ് എസ്. നായരാണ്, കാഴ്ച ചലച്ചിത്രവേദിക്കുവേണ്ടി ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ കണ്ണനെ അവതരിപ്പിച്ചിരിക്കുന്നത് പുതുമുഖമായ മാസ്റ്റര്‍ ആദിത്യ. കരമന സുധീര്‍, സന്ധ്യ രമേഷ്, വിജയന്‍ ചാത്തന്നൂര്‍ തുടങ്ങിയവര്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു. പ്രവാസലോകത്തില്‍ ബാല്യകാലം നഷ്ടമായിപ്പോവുന്ന കുട്ടികളുടെ കഥയാണ് ‘പരോള്‍’.

 കഥയും, കഥാപാത്രങ്ങളും [ 4/10 ]

ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന കഥ ചലച്ചിത്രരൂപത്തിലേക്ക് വന്നപ്പോള്‍ ഘടനയില്‍ ചില്ലറ മാറ്റങ്ങള്‍ കാണാം. പ്രവാസജീവിതത്തില്‍ കണ്ണന്‍(ആദിത്യ) അനുഭവിക്കുന്ന വീര്‍പ്പുമുട്ടലുകള്‍ ഒരുപരിധിവരെ വെളിവാക്കുവാന്‍ തിരക്കഥയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഒപ്പം, സാഹചര്യങ്ങളുടെ സമ്മര്‍ദത്താല്‍ പ്രവാസജീവിതം തുടരേണ്ടിവരുന്ന കണ്ണന്റെ അച്ഛന്റെയും(കരമന സുധീര്‍), അമ്മയുടേയും(സന്ധ്യ രമേഷ്) നിവൃത്തികേടും ചിത്രം തുറന്നു കാട്ടുന്നു. ബ്ലോഗിലെ കഥ പൂര്‍ണ്ണമായും കണ്ണന്റെ വശത്തുകൂടി മാത്രമാണ് സഞ്ചരിക്കുന്നതെങ്കില്‍, ചിത്രമിടയ്ക്ക് കണ്ണന്റെ അച്ഛനിലൂടെയും, അമ്മയിലൂടെയുമാണ് മുന്നോട്ടു പോവുന്നത്. കഥ വായിച്ചൊരാള്‍ എത്തിപ്പെടുന്ന ഇടങ്ങളിലേക്കാവില്ല, ചിത്രം കാണുന്നയൊരാള്‍ എത്തിച്ചേരുക. കണ്ണന്റെ അബുദാബി ജീവിതം വാക്കുകളിലൂടെയല്ലാതെ, ചില ഷോട്ടുകളില്‍ ചിത്രീകരിക്കാമായിരുന്നു. ചലച്ചിത്രത്തിന്റെ ദൃശ്യസാധ്യതകള്‍ തിരക്കഥയില്‍ വേണ്ടവിധത്തില്‍ ഉപയോഗപ്പെടുത്തുവാന്‍ കഴിഞ്ഞിട്ടില്ല എന്നത് ഒരു പോരായ്മയായി.

 സംവിധാനം [ 5/10 ]

കണ്ണനായെത്തിയ ആദിത്യയെ നല്ല രീതിയില്‍ ഉപയോഗിച്ചു എന്നതിനാണ് സംവിധായകന്‍ പ്രശംസയര്‍ഹിക്കുന്നത്. കഥയിലില്ലാത്ത ചില ഷോട്ടുകളിലൂടെ കണ്ണന്റെ നാടിനോടുള്ള പ്രിയം വ്യക്തമാക്കുവാനും സംവിധായകനായി. താന്‍ നട്ടുവളര്‍ത്തുന്ന വാഴയോടുള്ള സ്വകാര്യമാവട്ടെ, മുത്തച്ഛനോടുള്ള സംസാരമാവട്ടെ, ക്ലാസില്‍ ഒന്നാമതെത്തിയത് മുത്തശ്ശിയോട് ദൂരെനിന്നു തന്നെ വിളിച്ചു പറയുന്നതാവട്ടെ; കണ്ണന്റെ സംഭാഷണങ്ങളെല്ലാം ഒരേ രീതിയിലാണ്. ചെവിപൊട്ടന്മാരോടെന്ന രീതിയില്‍, ചിത്രത്തിലുടനീളമുള്ള കണ്ണന്റെ ഉച്ചത്തിലുള്ള സംഭാഷണങ്ങള്‍ അരോചകമായി തോന്നി. സംവിധായകന്‍ ഇത് ശ്രദ്ധിക്കാതെപോയത് എന്തുകൊണ്ടെന്ന് മനസിലാവുന്നില്ല. വിഷ്ണുവിനും(അഭിജിത്ത്), അമ്മുവിനും(കല്യാണി) അര്‍ഹിക്കുന്ന പ്രാധാന്യം ചിത്രത്തില്‍ കൊണ്ടുവരുവാനും സനലിന് കഴിഞ്ഞിട്ടില്ല.

 അഭിനയം [ 6/10 ]

കണ്ണനായുള്ള ആദിത്യയുടെ അഭിനയം തന്നെയാണ് ചിത്രത്തിന്റെ പ്രധാന സവിശേഷത. അമിതാഭിനയമില്ലാതെ, സ്വാഭാവികമായി കണ്ണനെ അവതരിപ്പിക്കുവാന്‍ ആദിത്യയ്ക്കു സാധിച്ചു. കൌതുകമുണര്‍ത്തുന്ന ആദിത്യയുടെ മുഖഭാവങ്ങളും പ്രേക്ഷകരെ കണ്ണനോട് അടുപ്പിക്കും. കരമന സുധീര്‍, സന്ധ്യ രമേഷ് എന്നിവരുടെ അഭിനയം ശരാശരി നിലവാരം പുലര്‍ത്തി. മാണിക്യനായുള്ള വിപ്ലവം ബാലന്റെ അഭിനയത്തിനു സ്വാഭാവികത അനുഭവപ്പെട്ടില്ല. വിജയന്‍ ചാത്തന്നൂര്‍, വത്സല ബാലഗോപാല്‍, സിജി, അഭിജിത്ത്, കല്യാണി തുടങ്ങിയവര്‍ക്ക് കാര്യമായൊന്നും ചിത്രത്തില്‍ ചെയ്യുവാനില്ല.

 സാങ്കേതികം [ 3/10 ]

മറ്റൊരു ബ്ലോഗറായ റെജി പ്രസാദാണ് ചിത്രത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. ആവശ്യത്തിന് വെളിച്ചം ദൃശ്യങ്ങള്‍ക്കു നല്‍കുന്നതില്‍ ഛായാഗ്രാഹകന്‍ ശ്രദ്ധിച്ചു കണ്ടില്ല. (പ്രൊജക്ടറിലൂടെയാണ് ചിത്രം സ്ക്രീന്‍ ചെയ്തിരുന്നത്. ഒരുപക്ഷെ, ശക്തികുറഞ്ഞ പ്രൊജക്ടര്‍ ലൈറ്റുമാവാം ദൃശ്യങ്ങള്‍ മങ്ങുവാന്‍ കാരണം.) അജിത് കുമാറിന്റെ ചിത്രസംയോജനം, പ്രവീണ്‍ കൃഷ്ണന്റെ പാശ്ചാത്തലസംഗീതം, ഡിസ്നി വേണുവിന്റെ കലാസംവിധാനം എന്നിവയൊക്കെയും ശരാശരി നിലവാരം പുലര്‍ത്തി.

 ആകെത്തുക [ 4.5/10 ]

ഇത്തരമൊരു ചിത്രം നിര്‍മ്മിച്ച് പുറത്തിറക്കുന്നതിലെ പ്രായോഗികബുദ്ധിമുട്ടുകള്‍ കണക്കിലെടുക്കുമ്പോള്‍, ഇവിടെ ചൂണ്ടിക്കാണിച്ച പോരായ്മകള്‍ പലതിനും കാര്യമായ പ്രസക്തിയില്ല. ഒടുവില്‍ ചിത്രം കഴിയുമ്പോള്‍, കണ്ണന്റെ നൊമ്പരം പ്രേക്ഷകനിലെത്തിക്കുവാന്‍ സംവിധായകനും, തിരക്കഥാകൃത്തിനും കഴിഞ്ഞിട്ടുണ്ട് എന്നതാണ് പ്രധാനം. പ്രവാസലോകത്തില്‍ തന്നെയാവണമെന്നില്ല, നാട്ടില്‍ തന്നെ പ്രമുഖ നഗരങ്ങളിലെ കുട്ടികള്‍ക്ക് നഷ്ടമാവുന്നതെന്തെന്ന് ഈ ചിത്രം കാട്ടിത്തരുന്നു. കഴിഞ്ഞ തലമുറയിലുള്ളവര്‍ക്ക്, തങ്ങളുടെ കുട്ടിക്കാലം അയവിറക്കുവാനുള്ള ഒരവസരവുമാണ് ഈ ചിത്രം. കൂടുതല്‍ മികച്ച സംരംഭങ്ങളും, കൂടുതല്‍ മികച്ച ചലച്ചിത്രങ്ങളും ബ്ലോഗ് കൂട്ടായ്മകളിലൂടെ പിറവിയെടുക്കുവാന്‍ ‘പരോളൊ’രു പ്രചോദനമാവുമെന്നു തന്നെ കരുതാം. സനാതനനും, സങ്കുചിതനും; ഈ ചിത്രം സാക്ഷാത്കരിക്കുവാനായി പ്രയത്നിച്ച മറ്റുള്ളവര്‍ക്കും അഭിനന്ദനങ്ങള്‍.

Description: Parole - A Telefilm Directed by Sanal Sasidharan aka Sanathanan. Story, Screenplay and Dialogues by K.V. Manikantan aka Sankuchithan. Camera by Reji Prasaad, Editing by Ajith Kumar, Music by Praveen Krishnan. Film Produced by Dilip S. Nair for Kazhcha Film Forum. Film Review in Malayalam by Hareesh N. Nampoothiri aka Haree | ഹരീ for Chithravishesham (Chitravishesham) Blog. January 07 2009 Release.
--

ഗജിനി (Ghajini)

Published on: January 04, 2009

Ghajini - Directed by A.R. Murugadoss Starring Aamir Khan, Asin Thottungal, Jiah Khan, Pradeep Rawat and Riyaz Khan.
‘ഗജിനി’യെന്ന സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രത്തിന്റെ ഹിന്ദി പതിപ്പാണ് ക്രിസ്തുമസ് ദിനത്തില്‍ പുറത്തിറങ്ങിയ ഈ ആമിര്‍ ഖാന്‍ ചിത്രം. തമിഴില്‍ ‘ഗജിനി’ എഴുതി, സംവിധാനം ചെയ്ത എ.ആര്‍. മുരുകദാസ് തന്നെയാണ് ഹിന്ദി പതിപ്പിന്റെയും സംവിധാനം. ആമിര്‍ ഖാനോടൊപ്പം; അസിന്‍, ജിയ ഘാന്‍, പ്രദീപ് രാവന്ത് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

 കഥയും, കഥാപാത്രങ്ങളും [ 6/10 ]

‘ഗജിനി’യുടെ തമിഴ് പതിപ്പില്‍ നിന്നും കാര്യമായ മാറ്റങ്ങളൊന്നും വരുത്താതെയാണ് എ.ആര്‍. മുരുകദാസ് ഹിന്ദിചിത്രം ഒരുക്കിയിരിക്കുന്നത്. അവസാനഭാഗങ്ങള്‍ കുറച്ചു കൂടി വിശ്വസിനീയമായി മാറ്റിയെഴുതിയിട്ടുണ്ടെന്നു മാത്രം. വളരെ അപൂര്‍വ്വമായി മാത്രമേ സിനിമയുടെ പേര് ഒരു വില്ലന്‍ കഥാപാത്രത്തിന്റേതാവാറുള്ളൂ. പേരിനോട് നീതി പുലര്‍ത്തുന്ന രീതിയില്‍ ഗജിനിയെന്ന വില്ലനെ സൃഷ്ടിക്കുവാന്‍ കഥാകൃത്തിന് ഇതില്‍ കഴിഞ്ഞിട്ടുമുണ്ട്. ആദ്യ ചിത്രത്തിന്റെ പരിചയത്തില്‍ നിന്നും കുറച്ചു കൂടി മുറുക്കവും, കെട്ടുറപ്പും കഥയ്ക്ക് നല്‍കാവുന്നതായിരുന്നു, എന്നാല്‍ അതുണ്ടായില്ല.

 സംവിധാനം [ 6/10 ]

തമിഴ് ചിത്രം മുന്‍പ് കണ്ട ഒരാള്‍ക്ക് മറ്റൊരു അനുഭവമാകുവാന്‍ ചിത്രത്തിനു കഴിയുന്നില്ല. ചിത്രീകരണത്തിലോ, കഥാ‍കഥനത്തിലോ വ്യത്യസ്തതയൊന്നും കൊണ്ടുവരുവാന്‍ സംവിധായകന്‍ ശ്രമിച്ചിട്ടില്ല. വിജയിച്ച ചിത്രത്തിന്റെ അതേ ദൃശ്യവിന്യാസങ്ങളാണ് ചിത്രത്തില്‍ ഭൂരിഭാഗവും കാണുവാന്‍ കഴിയുന്നത്. മൂലകഥയില്‍ മാറ്റമില്ലാതെ; തിരക്കഥയും, ചിത്രീകരണവും വ്യത്യസ്തമാക്കുവാന്‍ സംവിധായകന് അവസരമുണ്ടായിരുന്നു. സംവിധാനം മോശമായി എന്ന് ഈ പറഞ്ഞതിന് അര്‍ത്ഥമില്ല; എന്നാല്‍, ഒരു കഥതന്നെ രണ്ടാമത് ചിത്രീകരിക്കുമ്പോള്‍ ലഭിക്കുന്ന സാധ്യതകള്‍ ചിത്രത്തിന് പ്രയോജനകരമാവുന്ന രീതിയില്‍ ഉപയോഗപ്പെടുത്തുവാന്‍ കഴിഞ്ഞില്ലെന്നു മാത്രം. ചില ഭാഗങ്ങളിലെങ്കിലും ചിത്രം വല്ലാതെ ഇഴയുന്നതായും അനുഭവപ്പെട്ടു. ചുരുക്കത്തില്‍ തമിഴ് ചിത്രത്തിന്റെ, അതേ അച്ചിലിട്ടു വാര്‍ത്ത മറ്റൊരു ചിത്രം മാത്രമായി ഹിന്ദി ‘ഗജിനി’.

 അഭിനയം [ 8/10 ]

സൂര്യയോ, ആമിറോ മികച്ചു നില്‍ക്കുന്നത് എന്നൊരു ചോദ്യം ആരിലും ഉയരുന്നത് സ്വാഭാവികം മാത്രം. സഞ്ജയ് എന്ന കഥാപാത്രത്തിന്റെ വൈകാരിക വ്യതിയാനങ്ങള്‍ ആവശ്യത്തിനു നല്‍കുന്നതില്‍ കൂടുതല്‍ മികച്ചു നില്‍ക്കുന്നത് സൂര്യയാണെന്നു പറയണം. താരതമ്യത്തിലല്ലാതെ, ആമിറിനെ ഒറ്റയ്ക്കെടുത്തു നോക്കിയാല്‍ മോശമായിട്ടുമില്ല. കല്പനയെന്ന കഥാപാത്രം അസിന്‍ അനായാസമായി അവതരിപ്പിച്ചിരിക്കുന്നു. എന്നാല്‍ തമിഴ് ‘ഗജിനി’യില്‍ കണ്ട തമിഴ് പെണ്‍കുട്ടിയുടെ അതേ ശരീര ഭാഷ തന്നെയാണ് ഈ ചിത്രത്തിലെ മുംബൈകാരിക്കും എന്നത് ഒരു പോരായ്മയായി തോന്നി. തമിഴ് ’ഗജിനി‘യില്‍ നയന്‍‌താര അവതരിപ്പിച്ച മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ കാതങ്ങള്‍ പിന്നിലാക്കിയാണ് ജിയ ഖാന്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ആ കഥാപാത്രം അര്‍ഹിക്കുന്ന ഗൌരവം നല്‍കുവാന്‍ ജിയയ്ക്ക് കഴിഞ്ഞു. ഗജിനിയുടെ വേഷത്തിലെത്തുന്ന പ്രദീപ് രാവന്തും മോശമായില്ല. പോലീസ് ഓഫീസറായെത്തിയിരിക്കുന്ന റിയാസ് ഖാന്‍ പതിവുപോലെ ബലം പിടിച്ച് ചിത്രത്തിലുണ്ട്.

 സാങ്കേതികം [ 8/10 ]

സാങ്കേതിക മേഖലയില്‍ ഈ ചിത്രം, തമിഴ് പതിപ്പിലും മികവുപുലര്‍ത്തി. രവി കെ. ചന്ദ്രന്റെ ഛായാഗ്രഹണം, വിശേഷാല്‍ ഗാനരംഗങ്ങളില്‍, കൂടുതല്‍ മികച്ചു നില്‍ക്കുന്നു. ആന്റണി ഗോണ്‍സാല്‍‌വസിന്റെ എഡിറ്റിംഗ്, സുനില്‍ ബാബുവിന്റെ കലാസംവിധാനം എന്നിവയും ചിത്രത്തിന് മികവേകുന്നു.

 പാട്ട്, നൃത്തം, ആക്ഷന്‍ [ 3/5 ]

ഹാരിസ് ജയരാജ് സംഗീതം നല്‍കിയ തമിഴ് ‘ഗജിനി’യിലെ ഗാനങ്ങളുടെയത്രയും ആകര്‍ഷണീയത പര്‍സൂണ്‍ ജോഷി എഴുതി, എ.ആര്‍. റഹ്മാന്‍ സംഗീതം നല്‍കിയിരിക്കുന്ന ഈ ചിത്രത്തിലെ ഗാനങ്ങള്‍ക്ക് തോന്നിയില്ല. “സുട്രും വിഴി ചുടരേ...” പോലെയോ, “ഒരു മാലൈ ഇളവെയില്‍ നേരം...” പോലെയോ മനസില്‍ തങ്ങി നില്‍ക്കുന്ന രീതിയിലേക്ക് ഒരു ഗാനവും എത്തിയതുമില്ല. നൃത്തരംഗങ്ങളുടെ കാര്യവും അപ്രകാരം തന്നെ. എന്നാല്‍ ആക്ഷന്‍ രംഗങ്ങള്‍ കൂടുതല്‍ മികവുറ്റതാക്കുവാന്‍ പീറ്റര്‍ ഹീന്‍സിന് (ആക്ഷന്‍ ഡയറക്ടര്‍) സാധിച്ചിരിക്കുന്നു.

 മറ്റുള്ളവ [ 4/5 ]

Ghajini - Directed by A.R. Murugadoss Starring Aamir Khan, Asin Thottungal, Jiah Khan, Pradeep Rawat and Riyaz Khan.
ആദ്യ ചിത്രത്തിന്റെ വമ്പന്‍ വിജയം മാത്രം മതി ഈ ചിത്രത്തില്‍ പ്രേക്ഷകര്‍ക്ക് താത്പര്യം തോന്നിക്കുവാന്‍. ചിത്രത്തെ കൂടുതല്‍ പേരിലെത്തിക്കുവാനായി തയ്യാറാക്കിയിരിക്കുന്ന ഔദ്യോഗിക വെബ്‌സൈറ്റും മികച്ചു നില്‍ക്കുന്നു. ‘ഗജിനി’, ഒരു കമ്പ്യൂട്ടര്‍ ആക്ഷന്‍ ഗയിമായും ചിത്രത്തോടൊപ്പം പുറത്തിറക്കിയിരിക്കുന്നത് ചിത്രത്തിന്റെ ജനപ്രിയതയ്ക്ക് തെളിവാണ്. ആമിര്‍ ഖാന്റെ രൂപഭാവങ്ങളും ചിത്രം കാണുവാന്‍ പ്രേക്ഷകനില്‍ താത്പര്യമുണര്‍ത്തും. ആമിര്‍ ഖാന്റെ ട്രയിനര്‍ സത്യയുടെ പ്രയത്നങ്ങള്‍ ചിത്രത്തില്‍ ഫലം കണ്ടു.

 ആകെത്തുക [ 7.0/10 ]

ചിത്രത്തിന്റെ തമിഴ് പതിപ്പ് കണ്ടവര്‍ക്ക് പുതുമയൊന്നും അനുഭവപ്പെടാത്ത ഈ ചിത്രം, ആദ്യം കാണുന്ന ഒരു പ്രേക്ഷകന് വ്യത്യസ്തമായ ഒരു അനുഭവമാവും സമ്മാനിക്കുക. ചിത്രം പാതി കഴിയുമ്പോള്‍ തന്നെ നായിക (യഥാര്‍ത്ഥത്തില്‍) മരിക്കുക, പിന്നീട് പുനര്‍ജനിക്കാതിരിക്കുക, ഒരടി കൊണ്ട് ബോധം പോവുന്ന നായകന് സമാന സാഹചര്യങ്ങളില്‍ ബോധം തിരിച്ചു വരാതിരിക്കുക, ഇത്തരം ചിത്രങ്ങള്‍ക്ക് നായകനോട് ബന്ധപ്പെടുത്തിയല്ലതെ ഒരു പേരു നല്‍കുക, ടൈറ്റിലില്‍ തുടങ്ങുന്ന ഒരു ഗാനം വേണമെന്ന് നിര്‍ബന്ധമില്ലാതിരിക്കുക; എന്നിങ്ങനെ ബോളിവുഡ് ചിത്രങ്ങളുടെ പതിവു ശൈലികളെ ധിക്കരിക്കുന്ന ഒരു ചിത്രവുമാണിത്. ക്രിസ്തുമസ് - പുതുവര്‍ഷം ആഘോഷിക്കുവാന്‍ ചിത്രങ്ങളില്ലാത്ത മലയാളിക്ക്, തെല്ലൊരാശ്വാസമാണ് ‘ഗജിനി’യുടെ ഈ രണ്ടാം വരവ്.

Description: Ghajini - A Bollywood (Hindi) film directed by A.R. Murugadoss (Murukadas); starring Aamir Khan, Asin Thottungal, Jiah Khan, Pradeep Rawat, Riaz Khan, Tinnu Anand. Produced by Allu Aravind, Camera by Ravi K. Chandran, Art Direction by Sunil Babu, Stunts by Peter Heins. Songs penned by Prasoon Joshi. Music by A.R. Rahman. Film Review in Malayalam by Hareesh N. Nampoothiri aka Haree | ഹരീ for Chithravishesham (Chitravishesham) Blog. December 25 2008 Christmas Release.
--

Featured Videos

Trailer: Unnam

Unnam: A film by Sibi Malayil starring Asif Ali, Lal, Rima Kallingal, Swetha Menon etc.

WATCH VIDEO
Teaser: Second Show

Second Show: A film by Srinath Rajendran starring Dulquer Salman Gauthami Nair etc.

WATCH VIDEO
Trailer: Njanum Ente Familiyum

Njanum Ente Familiyum: A film by K.K. Rajeev starring Jayaram, Mamta Mohandas etc.

WATCH VIDEO