Note: Built in HTML5 and CSS3. Google Chrome 10 / Mozilla Firefox 4 / Microsoft IE 9 or later recommended.

സാഗര്‍ ഏലിയാസ് ജാക്കി റിലോഡഡ് (Sagar alias Jacky Reloaded)

Published on: March 31, 2009

Sagar alias Jacky Reloaded - A film by Amal Neerad starring Mohanlal, Bhavana, Shobhana, Manoj K. Jayan.
ബിഗ് ബി’-യുടെ വിജയം മുതല്‍ക്കു തന്നെ അമല്‍ നീരദിന്റെ സംവിധാനത്തിലൊരു മോഹന്‍ലാല്‍ ചിത്രം ഏവരും കാത്തിരുന്നതാണ്. ‘ഇരുപതാം നൂറ്റാണ്ട്’ എന്ന ചിത്രത്തിലെ സാഗര്‍ ഏലിയാസ് ജാക്കി എന്ന കഥാപാത്രത്തിന്റെ പുനരാവിഷ്കരണവുമായി ‘സാഗര്‍ ഏലിയാസ് ജാക്കി റിലോഡഡ്’ എന്ന ചിത്രമാണ് അമല്‍ മോഹന്‍ലാലിനുവേണ്ടി ഒരുക്കുന്നത് എന്നു കൂടി കേട്ടപ്പോള്‍ ആരാധകരുടേയും ഒപ്പം സിനിമാപ്രേമികളുടേയും പ്രതീക്ഷകള്‍ ഇരട്ടിച്ചു. സി.ബി.ഐ. ചിത്രങ്ങളിലൂടെ പ്രശസ്തനായ എസ്.എന്‍. സ്വാമിയുടെ തിരക്കഥ; ഭാവന, ശോഭന, മനോജ് കെ. ജയന്‍ തുടങ്ങിയ നീണ്ട താരനിര; ഇവയൊക്കെ ആ പ്രതീക്ഷകളെ വാനോളമെത്തിച്ചു. ഉയരങ്ങളിലെത്തുന്തോറും വീഴ്ചയുടെ ആക്കവും കൂടുമല്ലോ, സത്യത്തില്‍ ആ അവസ്ഥയിലാണ് ഈ സിനിമയും സിനിമകണ്ടിറങ്ങുന്ന പ്രേക്ഷകരും!

 കഥയും, കഥാപാത്രങ്ങളും [ 1/10 ]

ഈ ചിത്രത്തിനൊരു കഥയില്ല, കഥാപാത്രങ്ങളേയുള്ളൂ; ഒന്നുകൂടി ചുരുക്കിപ്പറഞ്ഞാല്‍ കഥാപാത്രമേയുള്ളൂ, സാഗര്‍ അഥവാ ജാക്കി എന്ന മോഹന്‍ലാലിന്റെ കഥാപാത്രം. പഴയ സിനിമയുടെ പച്ചയിലാണ് ആ കഥാപാത്രം തന്നെ ജീവിക്കുന്നത്, അപ്പോള്‍ മറ്റു കഥാപാത്രങ്ങളുടെ അവസ്ഥ ഊഹിക്കാവുന്നതല്ലേയുള്ളൂ! പണ്ടെങ്ങോ ഒരു സി.ബി.ഐ. സിനിമയ്ക്ക് കഥയെഴുതി രക്ഷപെട്ടെന്നു കരുതി തന്നെ ഇനിയും ഇങ്ങിനെ പീഡിപ്പിക്കരുതെന്ന് ദയനീയമായി കേഴുകയാണ് എസ്.എന്‍. സ്വാമി ഈ ചിത്രത്തില്‍. അവിടെയുമിവിടെയുമുള്ള ചില സംഭാഷണശകലങ്ങള്‍ മാത്രം കൊള്ളാമെന്നു പറയാം, പിന്നെ ചില പുതുമയുള്ള നമ്പരുകളും. എന്നാല്‍ ഈ അബദ്ധം നികത്തുവാനായി പല രംഗങ്ങളിലെ സംഭാഷണങ്ങളും ചളമാക്കിയിട്ടുമുണ്ട്!

 സംവിധാനം [ 2/10 ]

ഓരോ ഷോട്ടുമെടുക്കുന്നത് സംവിധായകന്‍ ആസ്വദിക്കുന്നുണ്ടാവാം, പക്ഷെ അത് പ്രേക്ഷകര്‍ക്കു കൂടി ആ‍സ്വദിക്കുവാന്‍ കഴിയണം എന്നിടത്താണ് സംവിധായകന്റെ വിജയം. അമല്‍ നീരദ് ഇവിടെ തീര്‍ത്തും പരാജയപ്പെടുന്നു. മനോഹരമായ ഷോട്ടുകളും, പ്രകാശവിന്യാസവുമൊക്കെ കയ്യടിക്കത്തക്കതാണ്, പക്ഷെ അവയുപയോഗിച്ച് പറയുവാനൊന്നുമില്ലെങ്കില്‍ സിനിമയാവുന്നതെങ്ങിനെ! പരസ്യച്ചിത്രങ്ങളോ, ആല്‍ബങ്ങളോ മറ്റോ എടുക്കുന്നതാവും അമലിന് കുറച്ചുകൂടി ചേരുക. കുടയും പിടിച്ച് മഴയത്ത് ശവം കാണുവാന്‍ വരുന്ന രംഗം ‘ബിഗ് ബി’യെ ഓര്‍മ്മപ്പെടുത്തി. ഏതാണ്ട് അഞ്ചു മിനിറ്റോളമുണ്ട് ആ സീന്‍, എന്നാല്‍ ആകെ കുറേപ്പേരെ നോക്കിപ്പേടിപ്പിക്കുന്നതല്ലാതെ കാര്യമായൊന്നും അവിടെ നടക്കുന്നില്ല. തീര്‍ത്തും അനാവശ്യമായ ഇത്തരം ഷോട്ടുകള്‍ കുറച്ചൊന്നുമല്ല പ്രേക്ഷകരെ മടുപ്പിക്കുന്നത്. ഷോട്ടിനു വേണ്ടി ഷോട്ടുകളും, സ്റ്റൈലിനു വേണ്ടി സ്റ്റൈലുകളും ചേര്‍ത്ത് സിനിമപിടുത്തം ആസ്വദിക്കുക മാത്രമേ അമല്‍ ഇതില്‍ ചെയ്തിട്ടുള്ളൂ. തനിക്കാകെ അറിയാവുന്നത് ഇങ്ങിനെ കുറേ സ്ലോ മോഷന്‍ കാണിക്കാനും, വേണ്ടാത്ത സ്റ്റൈല്‍ കാട്ടുവാനും മാത്രമാണെന്ന ആരോപണത്തിന് അടിവരയിടുന്നു അമല്‍ നീരദ് ഈ ചിത്രത്തിലൂടെ.

 അഭിനയം [ 3/10 ]

കാര്യമായ കഥയോ സംവിധാനമികവോ ഇല്ലാത്ത ചിത്രങ്ങള്‍ പോലും മോഹന്‍ലാലിന്റെ പ്രകടനത്തിന്റെ പച്ചയില്‍ മാത്രം കണ്ടിരിക്കാവുന്നതാവാറുണ്ട്. ഇവിടെ അതുമുണ്ടായില്ല. സാഗര്‍ / ജാക്കി എന്ന കഥാപാത്രത്തിന് പ്രത്യേകിച്ചെന്തെങ്കിലുമൊരു വ്യത്യസ്തത കൊണ്ടുവരുവാന്‍ ലാലിനായില്ല. തടിയും കുടവയറും തൂങ്ങിയ കവിളുകളുമൊക്കെയായി പല്ലുകൊഴിഞ്ഞ സിംഹത്തിന്റെ അവസ്ഥയിലായിരിക്കുന്നു ലാലിപ്പോള്‍‍. ഒരു ജഗജില്ലിയായ അധോലോക നായകന്റെ ശരീരഭാഷ കൊണ്ടുവരുവാനെങ്കിലും ലാലിനു ശ്രമിക്കാമായിരുന്നു. ഭാവനയാണ് ലാലിന്റെ നായികയായെത്തുന്നത്. ചെറിയ വേഷമൊന്നുമല്ല ഭാവനയ്ക്കിതില്‍, CNN എന്ന അന്താരാഷ്ട്ര ചാനലിന്റെ റിപ്പോര്‍ട്ടറാണ്, അതും മലയാളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന റിപ്പോര്‍ട്ടര്‍! ഈ രൂപത്തിലുള്ള മോഹന്‍ലാലിനെയൊക്കെ പ്രണയിച്ചു നടക്കേണ്ട ഭാവനയുടെ അവസ്ഥയില്‍ സത്യം പറഞ്ഞാല്‍ സഹതാപമുണ്ട്. പിന്നെ, CNN റിപ്പോര്‍ട്ടറായാലും നിരത്തിലെ പൂക്കച്ചവടക്കാരിയായാലും ഒരേ രീതിയില്‍ മാത്രം അഭിനയിക്കുവാനറിയാവുന്ന ഭാവനയ്ക്ക് ഇതൊക്കെയേ പറഞ്ഞിട്ടുള്ളൂ എന്നത് മറ്റൊരു സത്യം! ഇരുവരേയും കുറിച്ച് ‘ഛോട്ടാമുംബൈ’-യില്‍ പറഞ്ഞതിനപ്പുറമൊന്നും ഇവിടെയും പറയുവാനില്ല. റൊസാരിയോ, നൈന എന്നീ വില്ലന്‍ കഥാപാത്രങ്ങളായി സമ്പത്ത്, സുമന്‍; സാഗറിന്റെ ഉറ്റ സുഹൃത്തായി മനോജ് കെ. ജയന്‍; മറ്റുവേഷങ്ങളില്‍ നെടുമുടി വേണു, ശോഭന, ജഗതി ശ്രീകുമാര്‍, ഗണേഷ് കുമാര്‍, സോന നായര്‍, ശ്രീരാമന്‍, ശിവാജി ഗുരുവായൂര്‍, വിനായകന്‍; അതിഥി താരമായി ബാല ഇവരൊക്കെ തരക്കേടില്ലാതെ അഭിനയിച്ചിട്ടുണ്ട്. ഇവര്‍ക്കൊക്കെ പുറമേ ഒരു ഗാനരംഗത്തില്‍ ചുവടുവെയ്ക്കുവാനായി ജ്യോതിര്‍മയിയും ചിത്രത്തിലുണ്ട്.

 സാങ്കേതികം [ 7/10 ]

സാങ്കേതിക തികവിന്റെ കാര്യത്തില്‍ ഈ ചിത്രം മലയാള സിനിമയെ സംബന്ധിച്ചിടത്തോളം ഒരു നിലവാരമാപിനിയായി കണക്കാക്കാം. സ്ലോ മോഷന്‍ സ്ഥാനത്തും അസ്ഥാനത്തും തിരുകിയിട്ടുണ്ട് എന്നതിനാലല്ല ഇതു പറയുന്നത്, സാങ്കേതികമായി കഴിയുന്നത്ര തികവ് കൊണ്ടുവരുവാന്‍ ശ്രമിച്ചിട്ടുണ്ട് എന്നതിനാലാണ്. അമല്‍ നീരദിന്റെ ഛായാഗ്രഹണം തന്നെയാണ് സിനിമയെ ഇത്രത്തോളം സാങ്കേതികമായി മികച്ചതാക്കുന്നത്. കൂട്ടത്തില്‍ ജോസഫ് നെല്ലിക്കലിന്റെ കലാസംവിധാനവും വിവേക് ഹര്‍ഷന്റെ ചിത്രസംയോജനവും വളരെ മികച്ചു നില്‍ക്കുകയും ചെയ്യുന്നു. എന്നാല്‍ ഇഫക്ടുകളുടെ അനാവശ്യമായ ഉപയോഗവും ആവര്‍ത്തനങ്ങളും സാങ്കേതികത്തികവിന്റെ മാറ്റു കുറയ്ക്കുന്നു. സാധാരണയൊരു ചിത്രത്തില്‍ ഇഫക്ട് കാണുമ്പോലെയാണ് അമല്‍ നീരദിന്റെ ചിത്രത്തില്‍ മര്യാദയ്ക്കുള്ള ഷോട്ടുകള്‍ എന്നു പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല.

 പാട്ട്, നൃത്തം, ആക്ഷന്‍ [ 1/5 ]

“ഒസാമ, ഒസാമ...” എന്നൊരു ചിത്രത്തില്‍ ജ്യോതിര്‍മയി ചില ചുവടുകള്‍ വെയ്ക്കുന്നതാണ് ഇതിലെ നൃത്തം. ദീപിക പദുക്കോണും കരീനയും പ്രിയങ്കയും ഒരൊറ്റ ഗാനത്തില്‍ അല്പവസ്ത്രം ധരിച്ച് ഐറ്റം ഡാന്‍സിനെത്തുന്ന ബോളിവുഡ് ചിത്രങ്ങള്‍ കണ്ടാശ തീര്‍ക്കുന്ന പ്രേക്ഷകരെ കയ്യിലെടുക്കുവാന്‍ ഇതു പോര! റിയ ജോയി എഴുതി (!) ഗോപി സുന്ദര്‍ സംഗീതം നല്‍കിയിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ (!) ആകെ ബഹളമയം. എവിടെയൊക്കെയോ കണ്ടുമറന്ന ഷോട്ടുകളിലൂടെയാണ്; എം.ജി. ശ്രീകുമാര്‍, ശ്രെയ ഗോശാല്‍ എന്നിവര്‍ പാടിയിരിക്കുന്ന “വെണ്ണിലവേ, വെണ്ണിലവേ...” എന്ന ഗാനം പുരോഗമിക്കുന്നത്. മോഹന്‍ലാല്‍ തെക്കു വടക്കു നടക്കുകയും, ഭാവന കൂട്ടത്തിലോടുകയും ചെയ്യുന്ന ഈ ഗാനരംഗം, ഇടയ്ക്കിടെ പ്രേക്ഷകര്‍ മനോധര്‍മ്മമായി നല്‍കിയ ചില റിമിക്സ് ട്യൂണുകള്‍ (കൂവലെന്നും പറയാം) കൂടെ ചേര്‍ന്നപ്പോള്‍ ആകര്‍ഷകമായി തോന്നി. നായകന്റെ വെടിയേറ്റ് എവിടെയൊളിച്ചിരിക്കുന്ന വില്ലന്മാരും വീഴുകയും, ഒരു മറയുമില്ലാതെ നില്‍ക്കുന്ന നായകന് ഒരു വെടിപോലുമേല്‍ക്കാതിരിക്കലും; അനല്‍ അരശുവിന്റെ സ്വപ്നസമാനമായ ഇത്തരം ആക്ഷന്‍ രംഗങ്ങളാലും സമ്പന്നമാണ് മോഹന്‍ലാലിനെ റീലോഡു ചെയ്തിറക്കിയിരിക്കുന്ന ഈ ചിത്രം.

 മറ്റുള്ളവ [ 4/5 ]

മനോഹരമായ ടൈറ്റിലുകള്‍, പോസ്റ്ററുകള്‍ ഇവയൊക്കെയൊരുക്കിയ കൊളിന്‍സ് ലിയോഫില്‍ തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്നു. പ്രേക്ഷകരെ തിയേറ്ററികളിലേക്ക് ആകര്‍ഷിക്കുവാന്‍ പോസ്റ്ററുകള്‍ക്ക് കഴിയും. ഇതിനു പുറമേ ചിത്രത്തിനു വേണ്ടി രണ്ട് വെബ്സൈറ്റുകളാണ് (ഒന്ന്, രണ്ട്) ഒരുക്കിയിരിക്കുന്നത്. ആശിര്‍വാദ് ഫിലിംസിന്റെ ബാനറില്‍, ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രം, മലയാള സിനിമയില്‍ സമാനതകളില്ലാത്ത നിര്‍മ്മാണനിലവാരം പുലര്‍ത്തുന്നുമുണ്ട്. ഇവ പ്രയോജനപ്പെടുത്താന്‍ കഥാകൃത്തിനോ സംവിധായകനോ ആയില്ല എന്നത് തീര്‍ത്തും നിരാശാജനകമാണ്.

 ആകെത്തുക [ 3.6/10 ]

മോഹന്‍ലാല്‍, അമല്‍ നീരദ്, എസ്.എന്‍. സ്വാമി എന്നിവരുടെ വിപണിമൂല്യം ഇടിക്കുവാന്‍ മാത്രമേ ഈ ചിത്രം ഉതകുന്നുള്ളൂ. യുക്തിയുടെ കണികപോലുമില്ലാത്ത നിരവധി സംഭവങ്ങള്‍ ഈ ചിത്രത്തിലുടനീളം കാണാം. വില്ലനെ തറപറ്റിക്കുവാന്‍ തോക്കുപേക്ഷിക്കുന്നതൊക്കെ എത്ര കണ്ടു മടുത്തതാണ്! ‘ബിഗ് ബി’-യില്‍ ചെയ്തതുപോലെ ഏതെങ്കിലുമൊരു ഇംഗ്ലീഷ് സിനിമ കോപ്പിയടിക്കുകയാണ് ഇതിലും ഭേദം. മോഹന്‍ലാലിനോടുള്ള താരാരാധനയാല്‍ ചിന്താശക്തിപോലും മരവിച്ചു പോയ ഒരുപറ്റം ആരാധകരുടെ ബലഹീനത മുതലെടുത്ത് കാശുണ്ടാക്കുക എന്നതിനപ്പുറമൊന്നും ഈ ചിത്രം ഉദ്ദേശിക്കുന്നില്ല. എന്നിവര്‍ക്കു തിരിച്ചറിവുണ്ടായി ഇത്തരം സിനിമകള്‍ സമ്പൂര്‍ണ്ണമായി പരാജയപ്പെടുന്നുവോ അന്നുമാത്രമേ ഒരു നല്ല സൂപ്പര്‍സ്റ്റാര്‍-വാണിജ്യചിത്രം മലയാളത്തില്‍ പ്രതീക്ഷിക്കേണ്ടതുള്ളെന്നു തോന്നുന്നു. അഭിനയത്തോടോ, കലയോടോ, തന്നെ ഈവിധം ഉയര്‍ത്തിയ പ്രേക്ഷകരോടോ, കുറഞ്ഞപക്ഷം സ്വന്തം മനസാക്ഷിയോടോ മോഹന്‍ലാലിന് അല്പമെങ്കിലും പ്രതിബദ്ധതയുണ്ടെങ്കില്‍ ദയവായി ഇത്തരം വേഷം കെട്ട് സിനിമകള്‍ തിയേറ്ററിലെത്തിക്കരുത്. സങ്കേതിക ജ്ഞാനമുണ്ടായാല്‍ പോര, അവയെങ്ങിനെ സിനിമയുടെ സാധ്യതകളാക്കി മാറ്റാമെന്നു കൂടി സംവിധായകന്‍ ചിന്തിക്കേണ്ടതുണ്ട്. അവിടെയാണ് സിനിമയൊരു കലാരൂപമാവുന്നത്. ഈയൊരു തിരിച്ചറിവ് അമല്‍ നീരദിനും ഉണ്ടാവേണ്ടതാണ്. ഇരുവരും ഇത്തരം സിനിമകളാണ് തുടര്‍ന്നും പ്രേക്ഷകര്‍ക്കു വെച്ചു നീട്ടുന്നതെങ്കില്‍, മലയാള സിനിമയുടെ ചരിത്രത്തില്‍ കരിമഷിയിലെഴുതേണ്ട പേരുകളാവും ഇരുവരുടേയും എന്നതില്‍ തര്‍ക്കത്തിനിടമില്ല!

Description: Sagar Alias Jacky Reloaded- A Malluwood (Malayalam) film directed by Amal Neerad; starring Mohanlal, Bhavana, Shobhana, Manoj K. Jayan, Sampath, Suman, Jagathy Sreekumar, Ganesh Kumar, Nedumudi Venu, Vinayakan, Sreeraman, Sivaji Guruvayur, Sona Nair, Jyothirmayi, Bala, Pranav Mohanlal.; Produced by Antony Perumbavoor; Story, Screenplay and Dialogues by S.N. Swamy; Camera (Cinematography) by Amal Neerad; Editing by Vivek Harshan; Art Direction by Joseph Nellickal; Stunts (Action) by Anal Arasu; Background Score by ; Make-up by ; Lyrics by Riya Joy; Music by Gopi Sundar; Film Review in Malayalam by Hareesh N. Nampoothiri aka Haree | ഹരീ for Chithravishesham (Chitravishesham) Blog. March 26 2009 Release.
--

നമ്മള്‍ തമ്മില്‍ (Nammal Thammil)

Published on: March 29, 2009

Nammal Thammil - A Film by Viji Thampi, starring Prithviraj, Geethu Mohandas and Indrajith.
വിജി തമ്പിയുടെ സംവിധാനത്തില്‍ പൃഥ്വിരാജ്, ഗീതു മോഹന്‍‌ദാസ്, ഇന്ദ്രജിത്ത് തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയാണ് ‘നമ്മള്‍ തമ്മില്‍’. 2004-ലോ മറ്റോ ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം ഇപ്പോഴാണ് റിലീസ് ചെയ്യുന്നത്. അതിന്റേതായ ന്യൂനതകള്‍, ഇപ്പോള്‍ വിപണിയിലില്ലാത്ത മൊബൈലുകളുടെ രൂപത്തിലും തിയേറ്ററുകളില്‍ കാണുവാന്‍ കിട്ടാത്ത സിനിമകളുടെ രൂപത്തിലുമൊക്കെ, ഇതില്‍ കാണാം. സംവിധായകന്റെ കഥയ്ക്ക്, അലക്സ് ഐ. കടവില്‍, മോഹന്‍ വടക്കേടത്ത് തുടങ്ങിയവര്‍ തിരക്കഥയും ജോണ്‍പോള്‍ സംഭാഷണവും ഒരുക്കിയിരിക്കുന്നു. 2009-ലെന്നല്ല 2004-ല്‍ ഇറങ്ങിയിരുന്നെങ്കിലും സിനിമ നന്നായി ഓടുമായിരുന്നു, തിയേറ്ററുകളില്‍ നിന്നും തിയേറ്ററുകളിലേക്കാണെന്നു മാത്രം.

 കഥയും, കഥാപാത്രങ്ങളും [ 0/10 ]

ചിത്രീകരിച്ചത് 2004-ലായിരുന്നെങ്കിലും വിജി തമ്പി ഇതിന്റെ കഥ എഴുതിയത് ബാലരമ വായിച്ചു നടന്ന പ്രായത്തിലായിരിക്കണം. ഓരോരുത്തരും എഴുതിമടുത്ത് ഇടയ്ക്കുവെച്ച് ഇട്ടിട്ടു പോയതുകൊണ്ടാവും തിരക്കഥയ്ക്ക് രണ്ടുപേരും, സംഭാഷണത്തിന് മറ്റൊരാളുമൊക്കെ ആയിപ്പോയത്. ഇനി ഇവരെല്ലാം ചേര്‍ന്നാണ് ഇതെഴുതിയതെങ്കില്‍, ഇവരുടെ പ്രതിഭയെ നമിച്ചേ മതിയാവൂ!

 സംവിധാനം [ 1/10 ]

കൂടുതല്‍ പറയുവാനില്ല. വിജി തമ്പിയെക്കൊണ്ട് ഇത്രയുമൊക്കെയേ സാധിക്കൂവെന്ന് പലചിത്രങ്ങളിലൂടെയും അദ്ദേഹം തെളിയിച്ചിട്ടുള്ളതാണ്. പിന്നെ, ഇതിന്റെ കഥ എഴുതുകയെന്ന ഭാരിച്ച ഉത്തരവാദിത്തവും അദ്ദേഹത്തിന്റെ ചുമലിലായതിനാല്‍ മാനുഷിക പരിഗണനയെങ്കിലും നല്‍കേണ്ടതാണ്.

 അഭിനയം [ 4/10 ]

പൃഥ്വിരാജും ഇന്ദ്രജിത്തുമൊക്കെ അഭിനയം പഠിച്ചു തുടങ്ങിയത് ഈ ചിത്രത്തിലാവണം. ഗീതു മോഹന്‍‌ദാസിന്റെ അനു എന്ന കഥാപാത്രത്തിന് എന്തോ സാരമായ തകരാറുള്ളതുപോലെ തോന്നിച്ചു. രമ്യ നമ്പീശനെയൊക്കെ ബാലതാരമായി കാണുവാനൊരു കൌതുകമുണ്ട്! സുഹാസിനി, രേവതി തുടങ്ങിയവരെയൊക്കെ തന്നെക്കൊണ്ടാവുന്ന രീതിയില്‍ വിജി തമ്പി പാഴാക്കിയിട്ടുണ്ട്. ബാലചന്ദ്രമേനോന്റെയും സിദ്ദിഖിന്റെയും കഥാപാത്രങ്ങള്‍ക്കു മാത്രം അല്പം വ്യക്തിത്വം തോന്നിച്ചു. ജഗതി ശ്രീകുമാറിന്റെ പ്രിന്‍സിപ്പാള്‍ വേഷത്തിനും അല്പം വ്യത്യസ്തതയൊക്കെ അവകാശപ്പെടാം.

 സാങ്കേതികം [ 3/10 ]

ക്യാമ്പസിന്റെ നിറമോ അഴകോ ഫ്രയിമുകളില്‍ കൊണ്ടുവരുവാന്‍ സഞ്ജീവ് ശങ്കറിന്റെ ക്യാമറയ്ക്ക് കഴിഞ്ഞിട്ടില്ല. ഗാനരംഗങ്ങള്‍ക്കു പോലും പറയത്തക്ക ആകര്‍ഷണീയതയില്ല. ഗിരീഷ് മേനോന്റെ കലാസംവിധാനവും ശ്രീകര്‍ പ്രസാദിന്റെ ചിത്രസംയോജനവും ചിത്രത്തിനെന്തെങ്കിലും മികവു നല്‍കുന്നതായി അനുഭവപ്പെട്ടില്ല.

 പാട്ട്, നൃത്തം, ആക്ഷന്‍ [ 2/5 ]

ഗിരീഷ് പുത്തഞ്ചേരി എഴുതി എം. ജയചന്ദ്രന്‍ സംഗീതം നല്‍കിയിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ ചിലതൊക്കെ ആകര്‍ഷകമെങ്കിലും ചിത്രത്തിനുതകുന്നില്ല. യേശുദാസും സുജാതയും ചേര്‍ന്നു പാടിയിരിക്കുന്ന “ജൂണിലെ നിലാമഴയില്‍...”, സുജാത പാടിയിരിക്കുന്ന “പ്രിയനേ...” എന്നീ ഗാനങ്ങള്‍ ശ്രദ്ധേയമാണ്, പക്ഷെ ഇവരണ്ടും അനവസരത്തില്‍ വരുന്നതിനാല്‍ പ്രേക്ഷകന്റെ മടുപ്പു കൂടുന്നതേയുള്ളൂ. “കബഡി കബഡി...”, “പൊട്ടുതൊട്ടു...” എന്നീ ഗാനങ്ങള്‍ ചിത്രത്തോടു ചേര്‍ന്നു പോകുന്നവയാണ്, പക്ഷെ വരികളും സംഗീതവും ഈ ഗാനങ്ങളെ പിന്നിലാക്കുന്നു. നൃത്തവും ആക്ഷന്‍‌രംഗങ്ങളും സിനിമയിലെ മറ്റു വിഭാഗങ്ങളെ അപേക്ഷിച്ച് മെച്ചമെന്നു കരുതാം.

 മറ്റുള്ളവ [ 1/5 ]

ക്യാമ്പസ് ചിത്രമെന്നൊക്കെ പേരിട്ടാണ് ഈ ചിത്രം പുറത്തിറക്കിയിരിക്കുന്നത്. പോസ്റ്ററുകളിലല്ലാതെ ഓരോ ഫ്രയിമിലും അങ്ങിനെ എഴുതിക്കാണിക്കുകയാണെങ്കില്‍ പ്രേക്ഷകര്‍ക്ക് താനൊരു ക്യാമ്പസ് ചിത്രമാണ് കാണുന്നതെന്ന് ഓര്‍ത്തിരിക്കാമായിരുന്നു. മറ്റു മേഖലകളിലെന്ന പോലെ നിര്‍മ്മാണത്തിലും ചിത്രം പിന്നില്‍ തന്നെ.

 ആകെത്തുക [ 2.2/10 ]

ഈ ചിത്രം ഇപ്പോള്‍ പൊടി തട്ടിയെടുക്കാതെ, പെട്ടിയില്‍ തന്നെയിരുന്നിരുന്നെങ്കില്‍ എത്രയോ നന്നായേനേ! അത്രയെങ്കിലും സ്നേഹം മലയാള സിനിമയോട് ഇതിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് കാണിക്കാമായിരുന്നു!

Description: Nammal Thammil - A Malluwood (Malayalam) film directed by Viji Thampi; starring Prithviraj, Indrajith, Geethu Mohandas, Balachandra Menon, Suhasini, Revathi, Siddique, Jagathy Sreekumar; Produced by ; Story by Viji Thampi; Screenplay by Alex I. Kadavil and Mohan Vadakkedathu; Dialogues by Johnpole; Camera by Sanjeev Sankar; Editing by Sreekar Prasad; Art Direction by Gireesh Menon; Background Score by ; Make-up by ; Lyrics by Gireesh Puthencheri; Music by M. Jayachandran; Film Review in Malayalam by Hareesh N. Nampoothiri aka Haree | ഹരീ for Chithravishesham (Chitravishesham) Blog. March 27 2009 Release.
--

ഭാര്യ സ്വന്തം സുഹൃത്ത് (Bharya Swantham Suhruthu)

Published on: March 03, 2009

Bharya Swantham Suhruthu: Malayalam Film directed by Venu Nagavally; Starring Jagathy Sreekumar, Urvashi, Mukesh and Padmapriya.
നടന്‍, സംവിധായകന്‍, രചയിതാവ് എന്നീ നിലകളില്‍ മലയാളികള്‍ക്ക് സുപരിചിതനായ വേണു നാഗവള്ളി, ഒരു ദശാബ്ദക്കാലത്തിനു ശേഷം വീണ്ടും സംവിധായകനാവുകയാണ് ‘ഭാര്യ സ്വന്തം സുഹൃത്ത്’ എന്ന ചിത്രത്തിലൂടെ. ചെറിയാന്‍ കല്പകവാടിയും വേണു നാഗവള്ളിയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ജഗതി ശ്രീകുമാര്‍, ഉര്‍‌വ്വശി, മുകേഷ്, പത്മപ്രിയ, തിലകന്‍ തുടങ്ങിയവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ആര്‍. കൃഷ്ണകുമാര്‍. ഭാര്യയെ വിട്ട് അന്യസ്ത്രീകളില്‍ കാമുകിമാരെ കണ്ടെത്തുവാന്‍ ശ്രമിക്കുന്ന പുരുഷന്മാരെക്കുറിച്ചാണ് ഈ ചിത്രം പറയുന്നത്.

 കഥയും, കഥാപാത്രങ്ങളും [ 6/10 ]

പച്ചൈക്കിളി മുത്തുച്ചരം’ എന്ന തമിഴ് സിനിമയുമായി ആശയപരമായ സാമ്യമുണ്ടെങ്കിലും, മലയാളസിനിമയില്‍ ഈ വിഷയം പുതുമയുള്ളതു തന്നെ. ആവശ്യത്തിനു മാത്രമുള്ള കഥാപാത്രങ്ങള്‍, സ്ത്രീകഥാപാത്രങ്ങള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കുന്ന കഥാസന്ദര്‍ഭങ്ങള്‍, ഒരാളില്‍ കിടന്നു കറങ്ങാതെയുള്ള കഥാഗതി; എന്നിങ്ങനെ കഥാപാത്രസൃഷ്ടിയിലും അവതരണത്തിലുമുള്ള മികവാണ് ഈ ചിത്രത്തെ ആസ്വാദ്യകരമാക്കുന്നത്. കഥാപാത്രങ്ങളുടെ സംഭാഷണങ്ങളില്‍ സ്വീകരിച്ചിരിക്കുന്ന മിതത്വവും എടുത്തുപറയേണ്ടതു തന്നെ. പലയിടത്തും അനുഭവപ്പെടുന്ന വലിച്ചുനീട്ടലാണ് തിരക്കഥയുടെ പ്രധാന പോരായ്മ. വലിച്ചുനീട്ടലുകള്‍ ഒഴിവാക്കി വേഗത്തില്‍ കഥപറഞ്ഞിരുന്നെങ്കില്‍ ഇനിയും മികച്ചതാവുമായിരുന്നു ഈ ചിത്രം.

 സംവിധാനം [ 7/10 ]

സംവിധായകനെന്ന നിലയിലുള്ള വേണു നാഗവള്ളിയുടെ പരിചയസമ്പന്നത ചിത്രത്തിനു മുതല്‍ക്കൂട്ടാണ്. അഭിനേതാക്കളെ വേണ്ടരീതിയില്‍ അഭിനയിപ്പിച്ചിരിക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചിട്ടുണ്ട്. നര്‍മ്മരംഗളേറെയുള്ളതാണ് ആദ്യപകുതിയെങ്കിലും, ആവര്‍ത്തന വിരസത പ്രേക്ഷകരെ മുഷിപ്പിക്കും. ‘ലാല്‍ സലാം’, ‘ഏയ് ഓട്ടോ’, ‘കിഴക്കുണരും പക്ഷി’, ‘കളിപ്പാട്ടം’ തുടങ്ങിയ വേണു നാഗവള്ളി ചിത്രങ്ങളുടെ ആകര്‍ഷകത്വം ‘ഭാര്യ സ്വന്തം സുഹൃത്തി’ന് അവകാശപ്പെടുവാനില്ല. തൊണ്ണൂറുകള്‍ക്കു ശേഷമിറങ്ങിയ അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ ‘അഗ്നിദേവന്‍’ മാത്രമാവും ഒരുപക്ഷെ ഇതിനേക്കാള്‍ പിന്നില്‍ നില്‍ക്കുന്നത്.

 അഭിനയം [ 8/10 ]

സംവിധായകന്റേയും രചയിതാക്കളുടേയും മനസറിഞ്ഞ പ്രകടനമാണ് ഇതിലെ ഓരോ അഭിനേതാക്കളും നടത്തിയിരിക്കുന്നത്. അഭിനയത്തില്‍ മിതത്വം പാലിച്ച്, സംഗതികള്‍ ‘ഓവറാ’ക്കാതെ കറിയാച്ചനെ അവതരിപ്പിച്ച ജഗതി ശ്രീകുമാര്‍; തന്റെ അഭിനവപാടവം നഷ്ടമായിട്ടില്ലെന്നു വ്യക്തമാക്കി, കറിയാച്ചന്റെ ഭാര്യ, മോളമ്മയായെത്തുന്ന ഉര്‍വ്വശി; മുന്‍പു ചെയ്തിട്ടുള്ള കഥാപാത്രങ്ങളുടെ സ്വഭാവത്തിലുള്ളതെങ്കിലും, ഗിരിജാവല്ലഭനെന്ന ടെക്സ്റ്റയില്‍ മുതലാളിയെ മികച്ചതാക്കി മുകേഷ്; ഗിരിജയുടെ ഭാര്യയായെത്തുന്ന പത്മപ്രിയ; ഇവരുടെയെല്ലാം സുഹൃത്തായ ‘ഷെയര്‍ അങ്കിളാ’യി തിലകന്‍; മറ്റു വേഷങ്ങളിലെത്തുന്ന ജ്യോതിര്‍മ്മയി, ഹരിശ്രീ അശോകന്‍, ശ്രുതിലക്ഷ്മി, സുകുമാരി, വിജയ് മേനോന്‍, കൊച്ചുപ്രേമന്‍ തുടങ്ങിയവരെല്ലാവരും തന്നെ തന്താങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തിയിരിക്കുന്നു.

 സാങ്കേതികം [ 4/10 ]

കെ.പി. നമ്പ്യാതിരിയുടെ ക്യാമറ, ജി. മുരളിയുടെ എഡിറ്റിംഗ്, നേമം പുഷ്പരാജിന്റെ കലാസംവിധാനം എന്നിവയെല്ലാം ശരാശരിയെന്നേ പറയുവാനുള്ളൂ. കണ്ടുമടുത്ത ഫ്രയിമുകളും, ക്യാമറ ചലനങ്ങളും ഏറെക്കാലം മുമ്പിറങ്ങിയ ഒരു ചിത്രമെന്ന പ്രതീതിയാണ് നല്‍കുന്നത്. അന്‍പതുവയസില്‍ തളര്‍ന്ന കറിയാച്ചനേയും, ഗിരിജ വല്ലഭന്റെ ഉപദേശങ്ങളാല്‍ ഊര്‍ജ്ജ്വസ്വലനായ കറിയാച്ചനേയും ഛായാഗ്രാഹകന്‍ കണ്ടത് ഒരേ രീതിയില്‍ തന്നെ! രാജാമണിയുടെ പിന്നണി സംഗീതവും ചിത്രത്തില്‍ കാര്യമായൊന്നും ചെയ്യുന്നില്ല. ചിത്രത്തിന്റെ ‘മൂഡ്’ മാറുന്നത് ചിത്രസംയോജകനും അറിഞ്ഞില്ല. ഈ മേഖലകള്‍ അഭിനേതാക്കളെ വേണ്ടും വണ്ണം പിന്തുണച്ചിരുന്നെങ്കില്‍, കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് കുറച്ചുകൂടി അനുഭവവേദ്യമാവുമായിരുന്നു.

 പാട്ട്, നൃത്തം, ആക്ഷന്‍ [ 3/5 ]

ഒ.എന്‍.വി. എഴുതി അലക്സ് പോള്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനങ്ങള്‍ ചിത്രത്തിന് അനിവാര്യമല്ല. “വീണ്ടും മകരനിലാവുവരും...”, “മന്ദാര മണവാട്ടിക്ക്...” എന്നീഗാനങ്ങള്‍ തരക്കേടില്ലാത്തതായി തോന്നി. ആക്ഷന്‍ രംഗങ്ങള്‍ അനാവശ്യമായി തിരുകിക്കയറ്റുവാന്‍ ശ്രമിക്കാത്തത് ആശ്വാസകരം.

 മറ്റുള്ളവ [ 3/5 ]

ഓരോ സന്ദര്‍ഭത്തിനും ചേരുന്ന രീതിയില്‍ കഥാപാത്രങ്ങളെ ഒരുക്കിയെടുക്കുവാന്‍ പി.എന്‍. മണി ശ്രദ്ധിച്ചിട്ടുണ്ട്. മലയാളസിനിമയെ സംബന്ധിച്ചിടത്തോളം, ചിത്രത്തിന്റെ നിര്‍മ്മാണം താരതമ്യേന നിലവാരം പുലര്‍ത്തുന്നു. റിലീസ് ചെയ്തിട്ട് അധികം ദിവസങ്ങളാവാത്ത ചിത്രമായിട്ടു കൂടി, ഫസ്റ്റ്‌-ഷോയ്ക്ക് വിരലിലെണ്ണാവുന്നവര്‍ മാത്രം. ചിത്രം കാണുവാന്‍ തോന്നിക്കുന്ന രീതിയില്‍ ആവശ്യത്തിന് പ്രചാരം നല്‍കുവാന്‍ ചിത്രത്തിന്റെ വിതരണക്കാര്‍ക്ക് കഴിഞ്ഞിട്ടില്ല.

 ആകെത്തുക [ 6.2/10 ]

വികാരങ്ങളെ അടക്കിവെച്ചുള്ള സാമൂഹികജീവിതം മാന്യതയായി കൊട്ടിഘോഷിക്കുന്ന മലയാളിയില്‍ വരുന്ന മാറ്റങ്ങളിലേക്ക് ചിത്രം വെളിച്ചം വീശുന്നുണ്ട്. എന്നാല്‍ ഭാര്യ മാത്രമാണ് ഒരു പുരുഷന് ഉത്തമസുഹൃത്താവുക, മറ്റുള്ള ബന്ധങ്ങളെല്ലാം അവിഹിതം എന്ന ആശയത്തില്‍ തന്നെയാണ് സിനിമ ഒടുക്കം വന്നു നില്‍ക്കുന്നത്. അന്യസൌഹൃദങ്ങളില്‍ ഉണ്ടായേക്കാവുന്ന ചതിക്കുഴികള്‍ വിഷയത്തിന്റെ ഒരു വശം മാത്രമാണ്. ഭര്‍ത്താവിനു പുറമെ അന്യപുരുഷനെ സുഹൃത്തായിക്കാണുന്ന സ്ത്രീകഥാപാത്രങ്ങള്‍ ചിത്രത്തിലുണ്ടെങ്കിലും അവരുടെ വീക്ഷണകോണിലൂടെ ഒരിക്കല്‍ പോലും ചിത്രം സഞ്ചരിക്കുന്നില്ല. തിലകന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ സ്ഥാനത്ത് മധ്യവയസ്കയായ ഒരു സ്ത്രീയായിരുന്നെങ്കില്‍ സിനിമയുടെ ഗതി ഇതായിരിക്കുമോ എന്നതും ചിന്തനീയമാണ്. ശരാശരി മലയാളിവീടുകളിലെല്ലാം ഇപ്പോഴുയരുന്ന സംശയങ്ങളും ചോദ്യങ്ങളും ചിത്രത്തില്‍ പലയിടത്തും കാണാം. അവയ്ക്കൊരു ഉത്തരം സിനിമ മുന്നോട്ടു വെയ്ക്കുന്നില്ലെങ്കിലും, പ്രേക്ഷകര്‍ക്ക് ചിന്തിക്കുവാനൊരു അടിത്തറ ചിത്രം നല്‍കുന്നുണ്ട്. ‘റെഡ് ചില്ലീസ്’ പോലെയുള്ള ചിത്രങ്ങള്‍ പ്രദര്‍ശനവിജയം നേടുമ്പോഴും, ഇതുപോലെയുള്ളവ അവഗണിക്കപ്പെടുന്നത് കാണുമ്പോള്‍ മലയാളസിനിമാ പ്രേക്ഷകര്‍ക്ക് എവിടെയോ എന്തോ തകരാറു സംഭവിച്ചിട്ടില്ലേയെന്ന് തോന്നാം. ചലച്ചിത്രാസ്വാദനമെന്നാല്‍ കേവലം താരാരാധനയല്ലെന്ന തിരിച്ചറിവുള്ളവരെങ്കിലും ഇത്തരം ചിത്രങ്ങളെ പ്രോത്സാഹിപ്പിച്ചിരുന്നെങ്കില്‍ എന്നാശിച്ചുപോവുന്നു!

Description: Bharya Swantham Suhruthu - A Malluwood (Malayalam) film directed by Venu Nagavally; starring Jagathy Sreekumar, Urvashi, Mukesh, Padmapriya, Thilakan, Harisree Asokan, Jyothirmayi, Sruthilakshmi, Sukumari, Vijay Menon, Kochu Preman; Produced by R. Krishnakumar; Story, Screenplay and Dialogues by Cheriyan Kalpakavadi and Venu Nagavally; Camera by K.P. Nambyathiri; Editing by G. Murali; Art Direction by Nemam Pushparaj; Background Score by Rajamani; Make-up by P.N. Mani; Lyrics by O.N.V. Kurup; Music by Alex Paul; Film Review in Malayalam by Hareesh N. Nampoothiri aka Haree | ഹരീ for Chithravishesham (Chitravishesham) Blog. February 27 2009 Release.
--

Featured Videos

Trailer: Unnam

Unnam: A film by Sibi Malayil starring Asif Ali, Lal, Rima Kallingal, Swetha Menon etc.

WATCH VIDEO
Teaser: Second Show

Second Show: A film by Srinath Rajendran starring Dulquer Salman Gauthami Nair etc.

WATCH VIDEO
Trailer: Njanum Ente Familiyum

Njanum Ente Familiyum: A film by K.K. Rajeev starring Jayaram, Mamta Mohandas etc.

WATCH VIDEO