Note: Built in HTML5 and CSS3. Google Chrome 10 / Mozilla Firefox 4 / Microsoft IE 9 or later recommended.

ഭാഗ്യദേവത (Bhagyadevatha)

Published on: April 27, 2009

Bhagyadevatha - A film directed by Sathyan Anthikkad; Starring Jayaram, Kanika, Narein.
2008 ഏപ്രിലില്‍ പുറത്തിറങ്ങിയ ‘ഇന്നത്തെ ചിന്താവിഷയ’ത്തിനു ശേഷം സത്യന്‍ അന്തിക്കാട് തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന പുതിയ ചിത്രമാണ് ‘ഭാഗ്യദേവത’. ബെന്നിയെന്ന കേബിള്‍ ഓപ്പറേറ്ററായ നായകനെ ജയറാം അവതരിപ്പിക്കുന്നു. അവസാനമിറങ്ങിയ സത്യന്‍ ചിത്രങ്ങളിലെല്ലാം നായികയായെത്തിയ മീര ജാസ്മിനു പകരം കനികയാണ് ‘ഭാഗ്യദേവത’യില്‍ നായികയായ ഡെയ്സിയുടെ വേഷമിടുന്നത്. രാജേഷ് ജയരാമന്‍ കഥയെഴുതിയിരിക്കുന്ന ഈ കുടുംബചിത്രം നിര്‍മ്മിച്ചിരിക്കുന്നത് എം.എം. ഹംസ.

 കഥയും, കഥാപാത്രങ്ങളും [ 5/10 ]

സ്ത്രീധനം നല്‍കാത്തതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പലപ്പോഴും മലയാളസിനിമയ്ക്ക് വിഷയമായിട്ടുള്ളതാണ്. പാതിയോളവും ചിത്രത്തില്‍ കാര്യമായൊന്നും തന്നെ നടക്കുന്നുമില്ല എന്നാല്‍ ഇടവേളയോടടുപ്പിച്ച് കഥയില്‍ വരുന്ന വ്യതിയാനം ചിത്രത്തെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുന്നു. ഡെയ്സിയെന്ന നായിക നായകനേക്കാള്‍ പ്രാധാന്യം ചിത്രത്തില്‍ നേടുന്നതും മലയാളസിനിമയിലെ അപൂര്‍വ്വതയാണ്. കുട്ടനാട്ടിലെ ജനങ്ങളുടെ നേര്‍പ്പകര്‍പ്പായ, ഒട്ടും തന്നെ കൃത്രിമത്വം തോന്നാത്ത കഥാപാത്രങ്ങളിലൂടെയാണ് സിനിമ ജീവന്‍ വെയ്ക്കുന്നത്. രാജേഷ് ജയരാമന്റെ കഥയിലെ കുറവുകള്‍ പ്രേക്ഷകരറിയാത്തവണ്ണമാണ് സത്യന്റെ തിരനാടകരചന.

 സംവിധാനം [ 7/10 ]

സത്യന്‍ അന്തിക്കാടിന്റെ സംവിധാനമികവാണ് ചിത്രത്തെ ആസ്വാദ്യകരമാക്കുന്ന മറ്റൊരു പ്രധാനഘടകം. അഭിനേതാക്കളെ വേണ്ടും വണ്ണം അഭിനയിപ്പിച്ചിരിക്കുന്നതിലും, രംഗങ്ങള്‍ തുടര്‍ച്ച നഷ്ടപ്പെടാതെ അവതരിപ്പിച്ചിരിക്കുന്നതിലുമെല്ലാം സംവിധായകന്റെ മിടുക്ക് കാണാവുന്നതാണ്. നായകന്‍ ഉപദേശ രൂപത്തില്‍ കുറേ വായിട്ടലയ്ക്കുന്നില്ലെങ്കിലും ഒരു നല്ല സന്ദേശം ചിത്രത്തിനു നല്‍കുവാനുണ്ട്. അറിയാതെ ചിരിച്ചുപോവുന്ന രീതിയിലുള്ള കഥാപാത്രങ്ങളുടെ സ്വാഭാവിക സംഭാഷണങ്ങളും, അവയുടെ അവതരണവുമെല്ലാം ചേര്‍ന്ന് ചിത്രത്തോടൊരിഷ്ടം തോന്നിക്കുന്ന രീതിയിലാണ് സിനിമയുടെ അവതരണം. ജയറാമിന്റെ കഥാപാത്രത്തെ ഇടയ്ക്കൊക്കെ പ്രേക്ഷകര്‍ കൂവുന്നുണ്ട്; പക്ഷെ ആ കൂവലുകള്‍ അഭിനേതാവിനല്ല, സിനിമയ്ക്കുമല്ല; മറിച്ച് ആ കഥാപാത്രത്തിനുള്ളതാണ്. അത്രത്തോളം പ്രേക്ഷകരിലേക്കെത്തുവാന്‍ സിനിമയ്ക്കായി എന്നത് നിസ്സാര കാര്യമല്ല. അനാവശ്യഗാനരംഗങ്ങളും ചില വലിച്ചു നീട്ടലുകളുമൊക്കെയായി ചിത്രം ഇടയ്ക്കിടെ അല്പം മുഷിപ്പിക്കുന്നുണ്ട് എന്നതുമാത്രമൊരു കുറവായി പറയാം.

 അഭിനയം [ 7/10 ]

സംവിധായകന്റെ മനസിനൊത്ത് ഓരോ അഭിനേതാക്കളും ചിത്രത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നായിക ഡെയ്സിയായുള്ള കനികയുടെ പ്രകടനം എടുത്തു പറയേണ്ടതു തന്നെ. അമ്മയായി കെ.പി.എ.സി. ലളിത, സഹോദരിയായി ലക്ഷ്മിപ്രിയ, ടൂറിസ്റ്റ് ഗൈഡായി നെടുമുടി വേണു, അയല്‍‌വീട്ടിലെ തോണിക്കാരനായി മാമുക്കോയ, നാടകനടനായി ഇന്നസെന്റ് ഇവരൊക്കെയും മികച്ചു നിന്നു. ബെന്നിയെ അവതരിപ്പിച്ച ജയറാമിന്റെ അഭിനയം സിംഹഭാഗവും മികവുപുലര്‍ത്തിയെങ്കിലും, ചിലയിടങ്ങളില്‍ (ഉദാഃ ഹൃദയാഘാതം അഭിനയിക്കുന്നതായുള്ള രംഗം.) മിമിക്രി അഭിനയമായാണ് അനുഭവപ്പെട്ടത്. മറ്റു കഥാപാത്രങ്ങളായെത്തുന്ന വേണു നാഗവള്ളി, നരേന്‍, പി. ശ്രീകുമാര്‍, വെട്ടുകിളി പ്രകാശ്, ശാന്തകുമാരി, ലക്ഷ്മി ബോബന്‍ തുടങ്ങിയവരും തങ്ങളുടെ വേഷങ്ങള്‍ ഭംഗിയാക്കി. ഇവരുടെയൊക്കെ മികച്ച പ്രകടനത്തിനിടയിലും ഏറെ ശ്രദ്ധേയമായത് ചേമ്പില്‍ അശോകന്‍ അവതരിപ്പിച്ച തങ്കുവാശാന്‍ എന്ന കഥാപാത്രമായിരുന്നു. ചെറുവേഷമായിട്ടു കൂടി പ്രേക്ഷകര്‍ ഓര്‍മ്മയില്‍ സൂക്ഷിക്കുന്ന ഒരു കഥാപാത്രമാക്കി തങ്കുവാശാനെ മാറ്റുവാന്‍ സാധിച്ചതില്‍ ചേമ്പില്‍ അശോകന് തീര്‍ച്ചയായും അഭിമാനിക്കാം.

 സാങ്കേതികം [ 3/5 ]

ചിത്രമാവശ്യപ്പെടുന്ന സാങ്കേതികമികവ് നല്‍കുവാന്‍ ക്യാമറ ചലിപ്പിച്ച വേണു, എഡിറ്റിംഗ് നിര്‍വ്വഹിച്ച കെ. രാജഗോപാല്‍ എന്നിവര്‍ക്ക് സാധിച്ചിട്ടുണ്ട്. കുട്ടനാടന്‍ ശീലങ്ങളോടു ചേരുന്ന പരിസരങ്ങളൊരുക്കിയ ജോസഫ് നെല്ലിക്കലിന്റെ കലാസംവിധാനവും മികവു പുലര്‍ത്തി. ദൃശ്യങ്ങള്‍ക്ക് പിന്നണിയായുപയോഗിച്ച ചില സംഗീതശകലങ്ങള്‍ വളരെ അസഹനീയമായിരുന്നു എന്നതും പറയാതെ വയ്യ. ദൃശ്യത്തില്‍ നിന്നും കാണിയുടെ ശ്രദ്ധ തിരിക്കുന്ന തരത്തില്‍, ‘ഇതെന്താണ് ഈ ശബ്ദം?’ എന്നു സംശയിച്ചു പോവുന്ന രീതിയിലായിരുന്നു പലയിടത്തും പിന്നണിസംഗീതം.

 പാട്ട്, നൃത്തം, ആക്ഷന്‍ [ 3/5 ]

വയലാര്‍ ശരത്ചന്ദ്ര വര്‍മ്മയെഴുതി ഇളയരാജ സംഗീതം നല്‍കിയിരിക്കുന്ന ഗാനങ്ങള്‍ക്ക് മുന്‍പ് കേട്ട ഈണങ്ങളുടെ ഛായ തോന്നിക്കുമെങ്കിലും മനസില്‍ തങ്ങി നില്‍ക്കുന്നവയാണ്. രാഹുല്‍ നമ്പ്യാര്‍, കെ.എസ്. ചിത്ര എന്നിവര്‍ ചേര്‍ന്നാലപിച്ച “സ്വപ്നങ്ങള്‍ കണ്ണെഴുതിയ...” എന്ന ഗാനം ചിത്രത്തിനു ശേഷവും കാഴ്ചക്കാരനില്‍ അവശേഷിക്കും. വിജയ് യേശുദാസ്, ശ്വേത എന്നിവര്‍ ആലപിച്ച “അല്ലിപ്പൂവേ, മല്ലിപ്പൂവേ...”, കാര്‍ത്തിക് ശബ്ദം നല്‍കിയ “ആഴിത്തിരതന്നില്‍ വീണാലും...” എന്നീ ഗാനങ്ങളും കേള്‍വിക്ക് സുഖമുള്ളവ തന്നെ. അനാവശ്യ സംഘട്ടനങ്ങളോ, പാട്ടിനൊപ്പമെത്തുന്ന നര്‍ത്തകരെയോ ചിത്രത്തില്‍ ഉപയോഗിച്ചിട്ടില്ല എന്നതുമൊരു മികവായി പറയാം.

 ആകെത്തുക [ 6.25/10 ]

സത്യന്‍ അന്തിക്കാടിന്റെ അവസാന മൂന്നു ചിത്രങ്ങളെടുത്താല്‍ ഏറ്റവും മികച്ചതേതെന്ന് പറയുവാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ലാത്ത ചിത്രം, ‘ഭാഗ്യദേവത’. സമകാലീന മലയാളസിനിമകളില്‍‍, വിശേഷിച്ചും രണ്ടായിരത്തിയൊന്‍പതില്‍ പുറത്തിറങ്ങിയ ചിത്രങ്ങളെടുത്താല്‍ ഒഴിവാക്കരുതാത്ത ഒരു സിനിമ, ‘ഭാഗ്യദേവത’. സ്ത്രീധനവുമായെത്താത്ത നവവധുവിനെ ഉപേക്ഷിക്കുന്നതുപോലെ, പൊള്ളയായ ഉള്ളുമായെത്തിയതിനാല്‍ ഉപേക്ഷിക്കപ്പെട്ട മലയാളസിനിമയെ വീണ്ടും മനസില്‍ കുടിയിരുത്തുവാന്‍ പലര്‍ക്കുമൊരു കാരണമായേക്കുവാന്‍ സാധ്യതയുള്ള ഒരു ചിത്രം, അതും ‘ഭാഗ്യദേവത’ തന്നെ.

Description: Bhagyadevatha (Bhagya Devatha) - A Malluwood (Malayalam) film directed by Sathyan Anthikkad; starring Jayaram, Kanika, Narein, Nedumudi Venu, Innocent, Mamukkoya, Venu Nagavally, KPAC Lalitha, Reshmi Boban, Lakshmipriya, Shanthakumari, Chembil Ashokan, P. Sreekumar, Vettukili Prakash; Produced by M.M. Hamsa; Story by Rajesh Jayaraman; Screenplay and Dialogues by Sathyan Anthikkad; Camera (Cinematography) by Venu; Editing by K. Rajagopal; Art Direction by Joseph Nellickal; Stunts (Action) by ; Background Score by ; Make-up by ; Lyrics by Vayalar Sarath Chandra Varma; Music by Ilayaraja; Film Review in Malayalam by Hareesh N. Nampoothiri aka Haree | ഹരീ for Chithravishesham (Chitravishesham) Blog. April 23 2009 Release.
--

മോസ് & ക്യാറ്റ് (Moz & Cat)

Published on: April 16, 2009

Moz & Cat: Directed by Fazil; Starring Dileep, Baby Niveditha, Aswathy Ashok.
‘വിസ്മയത്തുമ്പത്ത്’ എന്ന ചിത്രത്തിനു ശേഷം ഫാസില്‍ ഒരുക്കുന്ന പുതിയ ചിത്രമാണ് ‘മോസ് & ക്യാറ്റ്’. ദിലീപ്, ബേബി നിവേദിത, പുതുമുഖം അശ്വതി അശോക്; ഇവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകന്‍ ഫാ‍സില്‍ തന്നെയാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണങ്ങള്‍ എന്നിവയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നതും. വിഷു ദിനത്തില്‍ തിയേറ്ററുകളിലെത്തിയ ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ജോണി സാഗരിഗ.

 കഥയും, കഥാപാത്രങ്ങളും [ 3/10 ]

മോസ് ഡി. സാമുവല്‍, ടെസി എന്നീ കഥാപാത്രങ്ങള്‍ക്ക് തീര്‍ച്ചയായും പുതുമ അവകാശപ്പെടാം. ഇത്രയും നിഷ്കളങ്കമായി കള്ളത്തരങ്ങള്‍ ചെയ്യുന്ന രണ്ടുപേര്‍ മലയാളം സിനിമയില്‍ അധികം ഉണ്ടായിട്ടില്ല. ഇവരുടെ കളിയും ചിരിയും കള്ളത്തരങ്ങളും ഇടയ്ക്കിടെയുള്ള നര്‍മ്മങ്ങളുമൊക്കെയായി ഇടവേളവരെ സിനിമ ആസ്വാദ്യകരമാക്കുവാന്‍ തിരക്കഥാകൃത്തിനു കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ തുടര്‍ന്നങ്ങോട്ട് ലക്കും ലഗാനുമില്ലാതെയാണ് ചിത്രത്തിന്റെ പോക്ക്. മോസിന്റെ ‘ബുദ്ധിപൂര്‍വ്വമായ’ നീക്കങ്ങള്‍ പലതും കേവലം ആകസ്മികതകളോ പൊട്ടത്തരങ്ങളോ ആയേ പ്രേക്ഷകന് അനുഭവപ്പെടുന്നുള്ളൂ. ഇത്തരം നീക്കങ്ങളിലൂടെ ചെന്നെത്തുന്ന ചിത്രത്തിന്റെ പരിണാമഗുപ്തിയാവട്ടെ ആവര്‍ത്തനവിരസവുമാണ്, അതു തന്നെ വലിച്ചു നീട്ടി കഴിയുന്നത്ര മടുപ്പാക്കിയിട്ടുമുണ്ട്.

 സംവിധാനം [ 2/10 ]

സംവിധായകനെന്ന നിലയില്‍ ഏറെയൊന്നും അഭിമാനിക്കുവാന്‍ ചിത്രം ഫാസിലിനു വക നല്‍കുന്നില്ല. ബേബി നിവേദിതയെ ടെസിയെന്ന കഥാപാത്രമായി ഒരുക്കിയെടുത്തതിലും അഭിനയിപ്പിച്ചെടുത്തതിലും ഫാസില്‍ വിജയിച്ചിട്ടുണ്ട്. എന്നാല്‍ മറ്റു പല കാര്യങ്ങളിലും ഫാസില്‍ പിന്നോക്കം പോവുന്നു. ക്ലൈമാക്സില്‍ പോലും ചിത്രം ആവശ്യപ്പെടുന്ന പിരിമുറുക്കം കൊണ്ടുവരുവാന്‍ അദ്ദേഹത്തിനു കഴിയുന്നില്ല. ഏകദേശം ഒരേ അച്ചില്‍ വാര്‍ത്തിരിക്കുന്ന വിവിധ ഗാനരംഗങ്ങളും ചിത്രത്തിന് അധികപ്പറ്റാണ്. അടുത്തടുത്ത രണ്ട് ചിത്രങ്ങള്‍ക്കിടയില്‍ വര്‍ഷങ്ങളുടെ ഇടവേളയിടുന്നതുകൊണ്ട് മാത്രം ചിത്രങ്ങള്‍ മികച്ചതാവില്ല എന്ന് സംവിധായകന്‍ ഓര്‍ക്കുന്നത് നന്ന്!

 അഭിനയം [ 5/10 ]

ബേബി നിവേദിതയുടെ ടെസി എന്ന കഥാപാത്രമാണ് ചിത്രത്തിന്റെ ജീവന്‍. മോസിന്റെ കള്ളത്തരങ്ങള്‍ക്ക് ഒപ്പം നില്‍ക്കുന്ന ടെസിയെന്ന മിടുക്കിയെ നിവേദിത വളരെ വിശ്വസിനീയമായി അവതരിപ്പിച്ചിട്ടുണ്ട്. സിനിമാഭിനയത്തില്‍ അരങ്ങേറ്റം കുറിച്ച അശ്വതി അശോകിന്റെ നന്ദനയെന്ന കഥാപാത്രവും മോശമായില്ല. സ്ഥിരം ഗോഷ്ടികളും തരികിടകളും കുറേയൊക്കെ ഒഴിവാക്കിയിട്ടുണ്ട് എന്നതുമാത്രമാണ് ദിലീപിന്റെ അഭിനയത്തില്‍ കണ്ട ഏക മികവ്. നന്ദനയുടെ സഹോദരന്‍ സുമേഷായെത്തുന്ന റഹ്മാനും ശരാശരി നിലവാരത്തില്‍ നിന്നും മുകളിലേക്ക് പോയിട്ടില്ല. മനോജ് കെ. ജയന്‍, ജഗതി ശ്രീകുമാര്‍, ഹരിശ്രീ അശോകന്‍, അനൂപ് ചന്ദ്രന്‍, സുധീഷ്, ജാഫര്‍ ഇടുക്കി, ജനാര്‍ദ്ദനന്‍ തുടങ്ങിയവരുടെ കൂട്ടുവേഷങ്ങളാണ് സിനിമയ്ക്ക് അല്പമെങ്കിലും മികവു നല്‍കുന്നത്.

 സാങ്കേതികം [ 4/10 ]

ആനന്ദക്കുട്ടന്റെ ക്യാമറ ചിത്രത്തിനെന്തെങ്കിലും പുതുമ നല്‍കുന്നതായി തോന്നിയില്ല. ഗൌരിശങ്കറിന്റെ ചിത്രസംയോജനവും ചിത്രത്തിനു വേഗത നല്‍കുന്നതില്‍ പരാജയമാണ്. സംവിധായകനു കൂടി പങ്കുണ്ടെങ്കിലും, ചിത്രത്തിനാവശ്യമുള്ള മൂഡ് ഉണ്ടാക്കുന്നതില്‍ സാങ്കേതികവിഭാഗം വിജയിച്ചിട്ടില്ല. പ്രമേയത്തിലെ ചെറിയ പുതുമകള്‍ സിനിമയ്ക്ക് ഗുണകരമാവുന്ന രീതിയില്‍ പ്രകടമാക്കി അവതരിപ്പിക്കുവാന്‍ ശ്രദ്ധിക്കേണ്ടതായിരുന്നു.

 പാട്ട്, നൃത്തം, ആക്ഷന്‍ [ 3/5 ]

കൈതപ്രം ദാമോദരന്‍ നമ്പൂതിരി രചിച്ച്, ഔസേപ്പച്ചന്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനങ്ങള്‍ ചിലതൊക്കെ തികച്ചും അനുചിതമായാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നതെങ്കിലും അവ ആസ്വാദ്യകരമാണ്. എം.ജി. ശ്രീകുമാര്‍, സുജാത എന്നിവര്‍ പാടിയിരിക്കുന്ന “ഒരു കൂടണയാനൊരു തണലില്ല...”; സുജാത, ശ്വേത തുടങ്ങിയവര്‍ പാടിയിരിക്കുന്ന “തൊട്ടാല്‍ പൂക്കും...”; ബിജു നാരായണന്‍, ശ്വേത എന്നിവരുടെ ശബ്ദത്തില്‍ “കുളിര്‍മഞ്ഞുകായലില്‍...”; ഈ ഗാനങ്ങളൊക്കെയും ശ്രദ്ധേയമായി. ആല്‍ബത്തിലുള്ള ചില ഗാനങ്ങളെങ്കിലും ചിത്രത്തിലുണ്ടായില്ല, തിയേറ്ററുകാര്‍ തന്നെ അവ ബുദ്ധിപൂര്‍വ്വം ഒഴിവാക്കിയെന്നു തോന്നുന്നു. ബേബി നിവേദിതയുടെ കുട്ടിത്തം നിറഞ്ഞ നൃത്തച്ചുവടുകളാണ് പ്രധാനമായും എല്ലാ ഗാനരംഗങ്ങളുടേയും ആകര്‍ഷണം. ആക്ഷന്‍ രംഗങ്ങള്‍ക്ക് കാര്യമായ പ്രാധാന്യമില്ലാത്തതിനാല്‍ തന്നെ, മാഫിയ ശശിക്ക് പ്രത്യേകിച്ചൊന്നും ചിത്രത്തില്‍ ചെയ്യുവാനില്ല.

 മറ്റുള്ളവ [ 3/5 ]

‘മോസ് & ക്യാറ്റ്’ എന്ന കൌതുകമുള്ള പേര്, കുട്ടികളുടെ ചിത്രമെന്ന തോന്നലുണ്ടാക്കുന്ന രീതിയിലുള്ള പോസ്റ്ററുകള്‍ ഇവയൊക്കെ ചിത്രം കാണുവാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. കഥാപാത്രങ്ങള്‍ക്ക് ചേരുന്ന വേഷങ്ങളും, ചുറ്റുപാടുകളുമൊരുക്കുവാന്‍ ഇവ കൈകാര്യം ചെയ്തവര്‍ ശ്രദ്ധിച്ചിട്ടുണ്ട്. റഹ്മാന്റെ ഡബ്ബിംഗ് മാത്രം സുഖകരമായി തോന്നിയില്ല. വിഷയമാവശ്യപ്പെടുന്ന നിര്‍മ്മാണമികവും ചിത്രത്തിനുണ്ട്.

 ആകെത്തുക [ 4.0/10 ]

കളിചിരിയും തമാശയും ആക്ഷനുമൊക്കെയായി ഒരുത്സവച്ചിത്രം പ്രതീക്ഷിച്ചെത്തുന്നവര്‍ക്ക് ഏറെയൊന്നും ചിത്രത്തിലില്ല. ബേബി നിവേദിതയുടെ സാന്നിധ്യം ആശ്വാസമാണെങ്കിലും അതുമാത്രം കൊണ്ട് ചിത്രം രക്ഷപെടില്ല. കുട്ടികള്‍ക്ക് രസിക്കുന്ന രീതിയില്‍ തയ്യാറാക്കുവാന്‍ പ്രമേയത്തില്‍ സാധ്യതകളുണ്ടായിട്ടും അവ പ്രയോജനപ്പെടുത്തുവാനും തിരക്കഥാകൃത്തുകൂടിയായ സംവിധായകനു കഴിഞ്ഞില്ല. മുതിര്‍ന്നവര്‍ക്ക് തന്നെ ദഹിക്കാത്ത രീതിയില്‍ ചുറ്റിക്കെട്ടിയുള്ള കഥ, കുട്ടികളുടെ ചിത്രമെന്ന രീതിയിലെടുക്കുവാന്‍ ശ്രമിച്ച് എങ്ങുമെങ്ങുമെത്താത്ത അവസ്ഥയിലായതാണെന്നു തോന്നുന്നു ഈ ചിത്രം. ഫാസിലിന്റെ പല ചിത്രങ്ങളിലുമെന്നതുപോലെ ഈ ചിത്രത്തിലെ പ്രതിനായകനുമുണ്ട് മാനസികപ്രശ്നവും, അതില്‍ നിന്നും അയാളെ രക്ഷപെടുത്തുവാനായി നായകനും സംഘവും ചേര്‍ന്ന് സൃഷ്ടിച്ചെടുക്കുന്ന ഒരു സാഹചര്യവും; ഈയൊരു പരിപാടി ഇനിയും മടുത്തില്ലെന്നതാണത്ഭുതം! ചുരുക്കത്തില്‍, ‘സമസ്തകേരളം പി.ഓ.’യെന്നതുപോലെ പാഴായൊരു വിഷുക്കണിയാകുവാനാണ് ഈ ചിത്രത്തിനും യോഗം.

Description: Moz & Cat - A Malluwood (Malayalam) film directed by Fazil; starring Dileep, Ashwathy Ashok, Baby Niveditha, Rahman, Manoj K. Jayan, Jagathy Sreekumar, Harisree Ashokan, Sudheesh, Anoop Chandran, Jaffer Idukki, Janardhanan, Krishnakumar; Produced by Johny Sagarika; Story, Screenplay and Dialogues by Fazil; Camera (Cinematography) by Anandakkuttan (Rajarathnam); Editing by Gaurisankar K.R.; Art Direction by ; Stunts (Action) by Mafia Sasi; Background Score by ; Make-up by ; Lyrics by Kaithapram Damodaran Namboothiri; Music by Ouseppachan; Film Review in Malayalam by Hareesh N. Nampoothiri aka Haree | ഹരീ for Chithravishesham (Chitravishesham) Blog. April 14 2009 Release.
--

സമസ്‌തകേരളം പി.ഓ. (Samasthakeralam P.O.)

Published on: April 15, 2009

SamasthaKeralam P.O. - A film directed by Bipin Prabhakar; Starring Jayaram, Sara, Priyanka.
രണ്ടായിരത്തിയെട്ടിലെ മികച്ചചിത്രമെന്ന ഖ്യാതി നേടിയ ‘വെറുതേ ഒരു ഭാര്യ’യ്ക്ക് തിരക്കഥയെഴുതിയ കെ. ഗിരീഷ്‌കുമാറിന്റെ രചനയില്‍ മറ്റൊരു ചിത്രം, ‘സ‌മസ്തകേരളം പി.ഓ.’. ‘കാക്കി’, ‘വണ്‍ വേ ടിക്കറ്റ്’ തുടങ്ങിയ ഏറെയൊന്നും മികവുപറയുവാനില്ലാത്ത ചിത്രങ്ങള്‍ മാത്രം സ്വന്തം പേരിലുള്ള ബിപിന്‍ പ്രഭാകറാണ് ചിത്രത്തിന്റെ സംവിധായകന്‍. ഇലക്ഷന്‍ സമയത്തൊരു പഞ്ചായത്ത് ഇലക്ഷന്റെ കഥപറയുന്ന ഈ ജയറാം ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഹൌളി പോട്ടൂര്‍.

 കഥയും, കഥാപാത്രങ്ങളും [ 1/10 ]

മലയാളസിനിമയില്‍ വര്‍ഷങ്ങളായി കണ്ടുവരുന്ന കഥാപാത്രങ്ങളിലൂടെയും കഥാസന്ദര്‍ഭങ്ങളിലൂടെയുമാണ് ഈ കഥ പുരോഗമിക്കുന്നത്. സല്‍‌സ്വഭാവിയും, ത്യാഗിയും, ചതിയറിയാത്ത നിഷ്കളങ്കനുമായ നായകന്‍; പതിവുപോലെ അമ്മയുള്‍പ്പടെ ഏവരാലും തെറ്റിദ്ധരിക്കപ്പെടുകയും, ഒടുവില്‍ നിരപരാധിത്വമറിയുന്നതോടെ വീണ്ടും നാട്ടാരുടേയും വീട്ടാരുടേയും കണ്ണിലുണ്ണിയാവുകയും ചെയ്യുന്നു. മകനെ തെറ്റിദ്ധരിച്ച് പിന്നീട് ധാരണമാറുമ്പോള്‍ ‘എനിക്കു നിന്നെ അറിയുവാന്‍ കഴിഞ്ഞില്ലല്ലോ!’ എന്നു പരിതപിക്കുന്ന അമ്മ! - മലയാളസിനിമയുടെ ദൌര്‍ബല്യമാണെന്നു തോന്നുന്നു ഈ രംഗം. നാല്‍‌പതുവയസുള്ള (സിനിമയില്‍ പറയുന്നതു തന്നെ!) നായകനെ പ്രണയിക്കുവാനായി ഒന്നല്ല, രണ്ടുപേരാണ് ചിത്രത്തില്‍. തെറ്റിദ്ധരിക്കുന്നതും ചതിക്കപ്പെടുന്നതും മറ്റും വിശ്വസിനീയമായി അവതരിപ്പിച്ചിരുന്നെങ്കില്‍ അത്രയെങ്കിലും ആശ്വസിക്കാമായിരുന്നു, ഇതതുമില്ല! ഇതിനെല്ലാം പുറമേ പഴയകാല വില്ലന്മാരെ അനുസ്മരിപ്പിക്കുന്ന രീതിയില്‍, ഉച്ചത്തില്‍ മാത്രം സംസാരിക്കുകയും, എന്തിനുമേതിനും തട്ടിക്കയറുകയും, കണ്ണുരുട്ടിപ്പേടിപ്പിക്കുകയും ചെയ്യുന്ന തനി കോമാളിവില്ലന്‍ കൂടിയെത്തുന്നതോടെ കഥയുടെ പതനം പൂര്‍ണ്ണമാവുന്നു.

 സംവിധാനം [ 3/10 ]

ബിപിന്‍ പ്രഭാകറിന്റെ മുന്‍‌ചിത്രങ്ങളെ അപേക്ഷിച്ച് കൂടുതല്‍ സംവിധായകമികവ് ഈ ചിത്രത്തില്‍ പ്രകടമാണ്. കുറച്ചുകൂടി കൈയ്യടക്കത്തോടെ ബിപിന് കഥപറയുവാന്‍ കഴിഞ്ഞിരിക്കുന്നു ഇതില്‍. പൂര്‍വ്വകാല മലയാളസിനിമകളുടെയൊരു ലാളിത്യം ചിത്രത്തിനുണ്ട്. ഒരു പത്തോ ഇരുപതോ കൊല്ലം മുന്‍പ് ബിപിന്‍ പ്രഭാകര്‍ ഈ ചിത്രം ചെയ്തിരുന്നെങ്കില്‍ തീര്‍ച്ചയായും കൈയ്യടിക്കാമായിരുന്നു, ഇന്നിത് ചെയ്യുമ്പോള്‍ പ്രേക്ഷകര്‍ കൂവുന്നില്ല എന്നതുതന്നെ ബിപിന് ആശ്വാസം നല്‍കേണ്ടതാണ്. കാലഹരണപ്പെട്ട വിഷയങ്ങളില്‍ കടിച്ചു തൂങ്ങാതിരിക്കുവാന്‍ അടുത്ത ചിത്രമെങ്കിലും ബിപിന്‍ പ്രഭാകര്‍ ശ്രദ്ധിക്കുമെന്നു കരുതാം.

 അഭിനയം [ 6/10 ]

‘വെറുതേ ഒരു ഭാര്യ’യിലെ ഓവര്‍ സിയര്‍ സുഗുണനെന്നപോലെ, പ്രഭാകരനേയും ജയറാം സ്വാഭാവികതയോടെ അവതരിപ്പിച്ചിരിക്കുന്നു. രഞ്ജിനി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സെറയ്ക്ക് കാര്യമായൊന്നും ചിത്രത്തില്‍ ചെയ്യുവാനില്ല. മറ്റൊരു നായികയായ പ്രിയങ്കയ്ക്ക് പിന്നെയും ചിത്രത്തില്‍ പ്രാധാന്യമുണ്ട്. ജഗതി ശ്രീകുമാര്‍ അവതരിപ്പിച്ച അവറാച്ചന്‍, ജഗദീഷിന്റെ ചാണ്ടിക്കുഞ്ഞ്, ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ മാഷ്, പ്രേം കുമാറിന്റെ മാവോ മോഹനന്‍ തുടങ്ങിയ വേഷങ്ങളും ശ്രദ്ധേയമായി. കൂട്ടുവേഷങ്ങളായെത്തുന്ന പി. ശ്രീകുമാര്‍, സുരാജ് വെഞ്ഞാറമ്മൂട്, സലിം കുമാര്‍, കുഞ്ചന്‍, കൊച്ചു പ്രേമന്‍, ജനാര്‍ദ്ദനന്‍, ശിവാജി ഗുരുവായൂര്‍ എന്നവരും മോശമായില്ല. ചിത്രത്തില്‍ വില്ലനായെത്തുന്ന നടന്റെ പ്രകടനം മാത്രമാണ് അരോചകമായി തോന്നിയത്.

 സാങ്കേതികം [ 5/10 ]

ചിത്രമാവശ്യപ്പെടുന്ന സാങ്കേതികമികവു നല്‍കുവാന്‍ ക്യാമറ ചലിപ്പിച്ച രാജരത്നം, എഡിറ്റിംഗ് നിര്‍വ്വഹിച്ച രഞ്ജന്‍ എബ്രഹാം, കലാസംവിധായകന്‍ സുരേഷ് കൊല്ലം തുടങ്ങിയവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. രാജാമണിയുടെ പശ്ചാത്തലസംഗീതവും ചിത്രത്തോട് ചേര്‍ന്നു പോവുന്നു. എന്നാല്‍ സാങ്കേതികതികവൈദഗ്ദ്ധ്യം സിനിമയ്ക്ക് മുതല്‍ക്കൂട്ടാവുന്നതരത്തില്‍ ഉപയോഗപ്പെടുത്തുവാന്‍ ഇവരാരും ശ്രമിച്ചിട്ടുള്ളതായി തോന്നിയില്ല.

 പാട്ട്, നൃത്തം, ആക്ഷന്‍ [ 1/5 ]

വയലാര്‍ ശരത്ചന്ദ്ര വര്‍മ്മയെഴുതി എം. ജയചന്ദ്രന്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനങ്ങള്‍ക്ക് ആകര്‍ഷണീയത കുറവാണ്. ഇലക്ഷന്‍ രംഗങ്ങള്‍ കൂട്ടിയിണക്കിയുള്ള “മാരിക്കാവടിചൂടിയ...” എന്ന ഗാനം ചിത്രത്തോട് ചേര്‍ന്നു പോവുന്നുണ്ട്. പ്രഭാകരന്റെയും രഞ്ജിനിയുടേയും പ്രണയരംഗങ്ങള്‍ക്ക് പശ്ചാത്തലമാവുന്ന “സുന്ദരീ! എന്‍ സുന്ദരീ!” എന്ന ഗാനം പ്രേക്ഷകരെ ശരിക്കും മുഷിപ്പിക്കും. പേരിനു തിരുകിയിരിക്കുന്ന വില്ലന്‍ കഥാപാത്രവുമായുള്ള സംഘട്ടനങ്ങള്‍ വില്ലനെപ്പോലെ തന്നെ അരോചകമാണ്.

 മറ്റുള്ളവ [ 3/5 ]

നാല്പതുവയസാണ് നായകനെന്ന് ചിത്രത്തില്‍ പറയുന്നെങ്കിലും അത്രയൊന്നും പ്രായം ജയറാമിന്റെ കഥാപാത്രത്തിന് തോന്നിച്ചില്ല. ചിത്രത്തോട് താത്പര്യം തോന്നിക്കുവാന്‍ കൊളിന്‍സ് ലിയോഫില്ലിന്റെ ഡിസൈനുകള്‍ പര്യാപ്തമാണ്. നിര്‍മ്മാണത്തില്‍ ഹൌളി പോട്ടൂര്‍ പിശുക്കുകാട്ടിയിട്ടുമില്ല. എന്നാല്‍ ചിത്രത്തിന്റെ കഥയില്ലായ്മ നിര്‍മ്മാണത്തിലെ മികവിനെ നിഷ്‌പ്രഭമാക്കുന്നു.

 ആകെത്തുക [ 3.8/10 ]

ഒരു സാധാരണ ജയറാം ചിത്രമെന്നതില്‍ നിന്നും ഏറെയൊന്നും മുന്നോട്ടു കൊണ്ടുപോകുവാന്‍ തിരക്കഥാകൃത്തിനോ സംവിധായകനോ ഇതില്‍ സാധിച്ചിട്ടില്ല. ഒരു പഞ്ചായത്തിലെ രാഷ്ട്രീയ പ്രശ്നങ്ങളിലൂടെ സമസ്തകേരളത്തെയും രാഷ്ട്രീയാന്തരീക്ഷം വിലയിരുത്തുന്നു എന്ന മട്ടിലാണ് ചിത്രം തുടങ്ങുന്നത്. എന്നാല്‍ കഥ പറഞ്ഞു പോവുമ്പോള്‍ ചിത്രത്തില്‍ രാഷ്ട്രീയം പ്രധാനവിഷയമാവുന്നില്ല. ജനങ്ങള്‍ക്കുവേണ്ടി സമയം ചിലവഴിക്കുന്ന ഒരു പൊതുപ്രവര്‍ത്തകന്റെ വീട്ടിലെ പ്രശ്നങ്ങളാണ് ചിത്രത്തില്‍ കാണുവാന്‍ കഴിയുന്നത്, അതാവട്ടെ കാലാകാലങ്ങളായി പല മലയാളസിനിമകളിലും വന്നുപോയതും. ചുരുക്കത്തില്‍, ഈ വിഷുക്കാലത്ത് ‘സമസ്തകേരളം പി.ഓ.’ കാണുന്നത് ഒരു സിനിമാസ്വാദകനെ സംബന്ധിച്ചടത്തോളം നല്ലൊരു കണിയാവണമെന്നില്ല.

Description: SamasthaKeralam P.O. - A Malluwood (Malayalam) film directed by Bipin Prabhakar; starring Jayaram, Sera, Priyanka, Jagathy, Jagadeesh, P. Sreekumar, Kochu Preman, Suraj Venjarammood, Salim Kumar, Prem Kumar, Kunchan, Balachandran Chullikkad, Janardanan, Sivaji Guruvayur; Produced by Hauli Pottoor; Story, Screenplay and Dialogues by K. Gireesh Kumar; Camera (Cinematography) by Rajarathinam (Rajarathnam); Editing by Ranjan Abraham; Art Direction by Suresh Kollam; Stunts (Action) by ; Background Score by Rajamani ; Make-up by ; Lyrics by Vayalar Sarathchandra Varma; Music by M. Jayachandran; Film Review in Malayalam by Hareesh N. Nampoothiri aka Haree | ഹരീ for Chithravishesham (Chitravishesham) Blog. April 11 2009 Release.
--

ഐ.ജി. (IG - Inspector General)

Published on: April 10, 2009

IG - A film by B. Unnikrishnan Starring Suresh Gopi, Govind Padmasurya, Nandini.
ഏറെക്കാലത്തിനു ശേഷം കുടുംബസദസുകളുടെ രുചിക്കൊപ്പിച്ചിറങ്ങിയ ‘മാടമ്പി’ എന്ന മോഹന്‍ലാല്‍ ചിത്രത്തിനു ശേഷം ഉണ്ണികൃഷ്ണന്‍ ബി.യുടെ സംവിധാനത്തിലുള്ള പുതിയ ചിത്രമാണ് സുരേഷ് ഗോപി നായകനാവുന്ന ‘ഐ.ജി. - ഇന്‍സ്പെക്ടര്‍ ജെനറല്‍’. സംവിധായകന്റെ തന്നെയാണ് കഥയും തിരക്കഥയും സംഭാഷണങ്ങളും. സുരേഷ് ഗോപിയുടെ പോലീസ് ചിത്രങ്ങളുടെ നിരയിലേക്ക് ഒന്നു കൂടി, അത്രമാത്രമേ മാഹി നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് അവകാശപ്പെടുവാനുള്ളൂ.

 കഥയും, കഥാപാത്രങ്ങളും [ 4/10 ]

ഒരു പ്രധാന തൊഴിലും വ്യവസായവുമായി തീവ്രവാദം ഇന്ന് മാറിയിരിക്കുന്നു എന്നൊരു വീക്ഷണകോണിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. സമ്പത്ത്, അധികാരം എന്നിവയ്ക്കുവേണ്ടി, വിദഗ്ദ്ധരെ വിലയ്ക്കെടുത്ത് തീവ്രവാദം സ്പോണ്‍സര്‍ ചെയ്ത് നടപ്പാക്കുകയെന്ന രീതിയാണിന്നെന്ന് ചിത്രം പറയുന്നു. സാധാരണ പോലീസ് ചിത്രങ്ങളില്‍ നിന്നും ഈ ചിത്രം വ്യത്യസ്തത പുലര്‍ത്തുന്നത് ഈയൊരു ഉള്ളടക്കത്തിലാണ്. ദുര്‍ഗാപ്രസാദ് ഐ.പി.എസ്. എന്ന സുരേഷ് ഗോപി അവതരിപ്പിക്കുന്ന പോലീസ് കഥാപാത്രത്തിന് വ്യക്തിത്വം നല്‍കുവാന്‍ തിരക്കഥാകൃത്തിനായിട്ടുണ്ട്. കൂടാതെ ലക്ഷ്മി അവതരിപ്പിച്ച അമ്മ, ഗോവിന്ദ് പത്മസൂര്യ അവതരിപ്പിച്ച ദുര്‍ഗയുടെ അനിയന്‍ എന്നീ കഥാപാത്രങ്ങളും ശ്രദ്ധേയമായിരുന്നു. എന്നാല്‍ മറ്റു കഥാപാത്രങ്ങള്‍, പ്രത്യേകിച്ച് സിനിമയിലെ വില്ലന്മാര്‍ വളരെ ശുഷ്കമായാണ് അനുഭവപ്പെട്ടത്. രഹസ്യമായി, അതും അകലെയുള്ള കെട്ടിടങ്ങളുടെ ചിത്രങ്ങളെടുക്കുവാന്‍, ക്യാമറയിലെ ഫ്ലാഷ് ഉപയോഗിക്കുന്നതില്‍ തുടങ്ങി; എല്ലാമറിയുന്ന നായകന്റെ അന്വേഷണങ്ങളില്‍ വരെ യുക്തിഭംഗങ്ങള്‍ ചൂണ്ടിക്കാട്ടുവാനുണ്ട്. അപ്രതീക്ഷിതമായൊരു കഥാന്ത്യത്തിലേക്ക് കഥ കൊണ്ടെത്തിക്കുന്നതിലാണ് പിന്നെ തിരക്കഥാകൃത്ത് വിജയിച്ചിരിക്കുന്നത്.

 സംവിധാനം [ 3/10 ]

പ്രത്യേകിച്ചൊരു കഥയോ കഥാസന്ദര്‍ഭങ്ങളോ അവകാശപ്പെടുവാനില്ലാത്ത ‘മാടമ്പി’യെ വിജയിപ്പിച്ചത് ബി. ഉണ്ണികൃഷ്ണന്റെ സംവിധാനമികവാണ്. അത്തരമൊരു ചലച്ചിത്രാനുഭവം പ്രതീക്ഷിച്ചെത്തുന്നവര്‍ക്ക് നിരാശയാവും ഫലം. സംവിധായകന്റെ ആദ്യ ചിത്രമായ ‘സ്മാര്‍ട്ട് സിറ്റി’യില്‍ പോലും ഉണ്ണികൃഷ്ണന്‍ ഇതിലും മികവ് പുലര്‍ത്തിയിരുന്നു. സമകാലീന രാഷ്ട്രീയാവസ്ഥകളെ ഏച്ചുകെട്ടാത്ത വിധത്തില്‍ പുനഃസൃഷ്ടിച്ച്, കാര്യമാത്രപ്രസക്തമായ ചില ചോദ്യങ്ങള്‍ നായകനിലൂടെ ചോദിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട് എന്നതിലും; ദുര്‍ഗാപ്രസാദെന്ന കഥാപാത്രത്തെ വേണ്ടുംവണ്ണം സുരേഷ് ഗോപിയെക്കൊണ്ട് തെറ്റില്ലാതെ അഭിനയിപ്പിച്ചെടുക്കുന്നതിലും മാത്രമാണ് തിരക്കഥാകൃത്തുകൂടിയായ സംവിധായകന്റെ മികവ് കാണുവാനാവുന്നത്.

 അഭിനയം [ 5/10 ]

ദുര്‍ഗാപ്രസാദ് ഐ.പി.എസ്. എന്ന ഇന്‍സ്പെക്ടര്‍ ജെനറലായി സുരേഷ് ഗോപി കസറിയിരിക്കുന്നു ഈ ചിത്രത്തില്‍. പുതുമയുള്ള സംഭാഷണങ്ങള്‍, ഓരോ രംഗത്തിനും യോജിക്കുന്ന രീതിയില്‍ വ്യതിയാനങ്ങളോടെ അവതരിപ്പിക്കുന്നതില്‍ സുരേഷ് ഗോപി വിജയിച്ചിട്ടുണ്ട്. ദുര്‍ഗാപ്രസാദിന്റെ അമ്മയായി ലക്ഷ്മി, അനിയനായി ഗോവിന്ദ് പത്മസൂര്യ, മുഖ്യമന്ത്രിയുടെ വേഷത്തില്‍ രാജന്‍ പി. ദേവ് തുടങ്ങിയവരും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തി. ജഗതിയുടെ പോലീസ് കഥാപാത്രം കല്ലുകടിയായി അനുഭവപ്പെട്ടു. ജോണ്‍ കോക്കന്‍, സായി കുമാര്‍, നന്ദിനി, വിജയരാഘവന്‍, ദേവന്‍, ശിവാജി ഗുരുവായൂര്‍, ശ്രീരാമന്‍, അനൈഖ തുടങ്ങിയവര്‍ക്കൊന്നും ചിത്രത്തില്‍ കാര്യമായൊന്നും ചെയ്യുവാനില്ല. അതിഥി താരമായെത്തുന്ന സിദ്ദിഖാണ് പാഴായിപ്പോയ മറ്റൊരു അഭിനേതാവ്.

 സാങ്കേതികം [ 4/10 ]

ശ്യാം ദത്തിന്റെ ക്യാമറയ്ക്ക് പ്രത്യേകിച്ചെന്തെങ്കിലും ചിത്രത്തില്‍ കാട്ടുവാനായിട്ടില്ല. പലപ്പോഴും കണ്ടുമടുത്ത ഫ്രയിമുകളും, തരികിട ക്യാമറ ഇഫക്ടുകളുമൊക്കെയായി ശരാശരി നിലവാരമേ ചിത്രത്തിലെ ദൃശ്യങ്ങള്‍ക്കുള്ളൂ. മനോജിന്റെ ചിത്രസംയോജനമാണ് ഒരുപരിധിവരെ ഛായാഗ്രഹണത്തിലെ പോരായ്മകളെ മറയ്ക്കുന്നത്. ബോബന്റെ കലാസംവിധാനം ചിത്രത്തിനിണങ്ങുന്നു. രാജാമണിയുടെ പശ്ചാത്തലസംഗീതത്തിന് പുതുമയൊന്നും പറയുവാനില്ല.

 പാട്ട്, നൃത്തം, ആക്ഷന്‍ [ 3/5 ]

ഗിരീഷ് പുത്തഞ്ചേരി എഴുതി എം. ജയചന്ദ്രന്‍ സംഗീതം നല്‍കിയ “മെനപ്പെണ്ണേ... മൈനപ്പെണ്ണേ...” എന്നൊരു ഗാനം മാത്രമാണ് ചിത്രത്തിലുള്ളത്. നല്ല വേഗത്തില്‍ പറഞ്ഞുപോവുന്ന ഒരു ചിത്രത്തിന്‌‍, ഈ ഗാനം ഒരു അധികപ്പറ്റാണ്. ഗാനരംഗത്തിനായി വിനോദ് നല്‍കിയിരിക്കുന്ന നൃത്തച്ചുവടുകള്‍ക്കും ആകര്‍ഷണീയത തോന്നിയില്ല. കാര്യമായ പുതുമയൊന്നുമില്ലെങ്കിലും, കാണികളെ ത്രസിപ്പിക്കുന്ന തരത്തില്‍ സംഘട്ടനരംഗങ്ങളൊരുക്കുവാന്‍ ത്യാഗരാജനു കഴിഞ്ഞിട്ടുണ്ട്. സിനിമ പ്രേക്ഷകര്‍ക്ക് രസിക്കുന്നെങ്കില്‍ അതിനൊരു പ്രധാന കാരണം ഈ ആക്ഷന്‍ രംഗങ്ങളാണ്.

 മറ്റുള്ളവ [ 2/5 ]

കഥാപാത്രങ്ങള്‍ക്കുതകുന്ന രീതിയില്‍ അഭിനേതാക്കളെ ഒരുക്കിയെടുക്കുന്നതില്‍ മേക്ക്-അപ് കൈകാര്യം ചെയ്ത സലിം നാഗര്‍കോവില്‍ വിജയിച്ചിട്ടുണ്ട്. ഷാജി ഒബ്‌സ്ക്യൂറയുടെ ചിത്രങ്ങളും, കൊളിന്‍സ് ലിയോഫിലിന്റെ പോസ്റ്ററുകളും ശരാശരിമാത്രം. സുരേഷ് ഗോപിയുടെ ഒരു പോലീസ് ചിത്രം എന്നതിനപ്പുറം ആകാംഷ ഉണര്‍ത്തുന്നതൊന്നും പോസ്റ്ററുകളില്‍ കണ്ടില്ല. ‘ഐ.ജി. - ഇന്‍സ്പെക്ടര്‍ ജെനറല്‍’ എന്ന പേരിനു പോലും ആവശ്യത്തിനുള്ള ഊക്കുണ്ടെന്നു തോന്നുന്നില്ല. ഇതരമേഖലകളില്‍ കൂടുതല്‍ മികച്ച പ്രവര്‍ത്തനം ഈ ചിത്രം ആവശ്യപ്പെടുന്നുണ്ട്.

 ആകെത്തുക [ 4.2/10 ]

സുരേഷ് ഗോപിയുടെ, അല്ലെങ്കില്‍ മലയാളസിനിമയിലെ തന്നെ സമീപകാല പോലീസ് ചിത്രങ്ങളുമായി താരതമ്യം ചെയ്താല്‍ തരക്കേടില്ലാത്ത ഒരു സിനിമയായി ‘ഐ.ജി - ഇന്‍സ്പെക്ടര്‍ ജെനറലി’നെ കാണാം. എന്നാല്‍ ബി. ഉണ്ണികൃഷ്ണന്‍ എന്ന സംവിധായകന്റെ ഇതുവരെയുള്ള ചിത്രങ്ങളില്‍ ഏറ്റവും മോശം ചിത്രവും ഇതാണെന്നു പറയുവാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല.

Description: I.G. (Inspector General) - A Malluwood (Malayalam) film directed by B. Unnikrishnan; starring Suresh Gopi, Rajan P. Dev, Jagathy Sreekumar, John Kocken, Govind Padmasurya, Lakshmi, Sreeraman, Devan, Vijayaraghavan, Sai Kumar, Sivaji Guruvayur, Siddique, Nandini, Anaikha; Produced by Mahi; Story, Screenplay and Dialogues by B. Unnikrishnan; Camera (Cinematography) by Shyam Dath (Syamdath); Editing by Sajan; Art Direction by Boban; Stunts (Action) by Thyagarajan; Background Score by Rajamani ; Make-up by Salim Nagercoil; Lyrics by Gireesh Puthencheri; Music by M. Jayachandran; Film Review in Malayalam by Hareesh N. Nampoothiri aka Haree | ഹരീ for Chithravishesham (Chitravishesham) Blog. April 03 2009 Release.
--

2 ഹരിഹര്‍‌നഗര്‍ (2 Hariharnagar)

Published on: April 04, 2009

2 Harharnagar - A film directed by Lal; Starring Mukesh, Siddique, Jagadish, Asokan, Lakshmi Rai.
1990-ല്‍ പുറത്തിറങ്ങിയ സിദ്ദിഖ്-ലാല്‍ ചിത്രമായ ‘ഇന്‍ ഹരിഹര്‍‌നഗറി’-ന്റെ രണ്ടാം ഭാഗമാണ് ലാല്‍ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ച് സംവിധാനം ചെയ്തിരിക്കുന്ന ‘2 ഹരിഹര്‍നഗര്‍’ എന്ന ഈ ചിത്രം. മുകേഷ്, സിദ്ദിഖ്, ജഗദീഷ്, അശോകന്‍ എന്നിവരവതരിപ്പിക്കുന്ന നാല്‍‌വര്‍സംഘത്തിന്റെ നായികയായി മായ എന്ന വേഷത്തില്‍ ലക്ഷ്മി റായും ചിത്രത്തിലുണ്ട്. പി.എന്‍. വേണുഗോപാല്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രം പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കൊപ്പിച്ചൊരു നിറക്കൂട്ടിലാണ് ഒരുക്കിയെടുത്തിരിക്കുന്നത്.

 കഥയും, കഥാപാത്രങ്ങളും [ 8/10 ]

ആദ്യചിത്രത്തോടു ചേര്‍ന്നുപോവുന്ന വിധത്തില്‍ വിശ്വസിനീയമായൊരു കഥ മെനയുവാന്‍ ലാലിന് കഴിഞ്ഞിരിക്കുന്നു. ഒന്നാം ഭാഗത്തിലെന്നതുപോലെ ഈ ചിത്രത്തിലും കഴിയുന്നിടത്തൊക്കെ നര്‍മ്മം വിതറുവാന്‍ തിരക്കഥയില്‍ ശ്രദ്ധിച്ചിട്ടുണ്ട്. തമാശകളില്‍ ഭൂരിഭാഗവും സാന്ദര്‍ഭികമായ സംഭാഷണങ്ങളിലൂടെയും ഭാവങ്ങളിലൂടെയും സൃഷ്ടിക്കുന്നവയായതിനാല്‍ തന്നെ അവ ചിത്രത്തോട് ചേര്‍ന്നു പോവുന്നുമുണ്ട്. സലിം കുമാര്‍, അറ്റ്‌ലസ് രാമചന്ദ്രന്‍ തുടങ്ങിയവര്‍ അവതരിപ്പിച്ച കഥാപാത്രങ്ങളും, ഇവരെ ഉപയോഗിച്ചുള്ള ചില രംഗങ്ങളും മാത്രമാണ് ഇതിനൊരു അപവാദം. ചിത്രത്തിന്റെ ഒടുവില്‍ അപ്രതീക്ഷിതമായ, എന്നാല്‍ അവിശ്വസിനീയമായി തോന്നാത്ത, ഒരു ക്ലൈമാക്സ് ഒരുക്കുവാനും ലാലിന് കഴിഞ്ഞു. തല്ലിയും കൊന്നുമൊന്നുമല്ല ഒടുവില്‍ വില്ലനുമേല്‍ നായകര്‍ വിജയം നേടുന്നതെന്നതും ഒരു പുതുമയായി. ചിത്രം ഇത്രത്തോളം ആസ്വാദ്യകരമാക്കുന്നതില്‍ ലാലിന്റെ കഥയ്ക്കും തിരക്കഥയ്ക്കും സംഭാഷണങ്ങള്‍ക്കുമുള്ള പങ്ക് ചെറുതല്ല.

 സംവിധാനം [ 8/10 ]

വളച്ചുകെട്ടൊന്നുമില്ലാതെ ലളിതമായി കഥപറഞ്ഞുപോവുകയാണ് ലാല്‍ ഇതില്‍ ചെയ്തിരിക്കുന്നത്. തിരക്കഥയുടെ രസം കളയാതെ ഓരോ രംഗവും പകര്‍ത്തുന്നതില്‍ ലാല്‍ വിജയിച്ചിട്ടുണ്ട്. ഏതെങ്കിലുമൊരു കഥാപാത്രത്തിന് അനാവശ്യ പ്രാധാന്യം വരാതിരിക്കുവാനും ലാല്‍ ശ്രദ്ധവെച്ചിരിക്കുന്നു. ഒരു നല്ല തിരക്കഥയെ എപ്രകാരമൊരു മികച്ച സിനിമയാക്കിമാറ്റാമെന്ന് ഇതില്‍ കാണാം. ഇങ്ങിനെയൊക്കെയെങ്കിലും, സിദ്ദിഖിനൊപ്പം സംവിധാനം ചെയ്തു വിജയിച്ച മുന്‍‌കാല ചിത്രങ്ങളിലെന്നപോലെ എത്രവട്ടം കണ്ടാലും ചിരിച്ചുപോവുന്ന മികവ് ചിത്രത്തിനുണ്ടെന്നു തോന്നുന്നുമില്ല.

 അഭിനയം [ 7/10 ]

മഹാദേവന്‍, ഗോവിന്ദന്‍‌കുട്ടി, അപ്പുക്കുട്ടന്‍, തോമസുകുട്ടി എന്നിവരെ യഥാക്രമം മുകേഷ്, സിദ്ദിഖ്, ജഗദീഷ്, അശോകന്‍ തുടങ്ങിയവര്‍ തരക്കേടില്ലാതെ അവതരിപ്പിച്ചിട്ടുണ്ട്. അഭിനയമെടുത്താല്‍ സിദ്ദിഖാണ് കൂട്ടത്തില്‍ മികച്ചുനിന്നതെങ്കില്‍, അപ്പുക്കുട്ടന്റെ മണ്ടത്തരങ്ങളിലൂടെ ജഗദീഷാണ് പ്രേക്ഷകരെ കൈയ്യിലെടുത്തത്. മുകേഷ്, അശോകന്‍ തുടങ്ങിയവര്‍ അല്പം നിറം മങ്ങിയതായി തോന്നിച്ചു. ആദ്യ ചിത്രത്തിലെ ‘മായ’യായ ഗീത വിജയന്റെ സ്ഥാനത്ത്, അതേ പേരില്‍, ഇവിടെ ലക്ഷ്മി റായാണ്. പുതിയ മായയെ മോശമാവാതെ അവതരിപ്പിക്കുവാന്‍ ലക്ഷ്മിക്ക് കഴിഞ്ഞിട്ടുണ്ട്. വിനീത്, ജനാര്‍ദ്ദനന്‍, സലിം കുമാര്‍, കൊച്ചുപ്രേമന്‍, രോഹിണി, ലെന, റീന ബഷീര്‍ തുടങ്ങിയ മറ്റു താരങ്ങള്‍ക്ക് കാര്യമായൊന്നും ചിത്രത്തില്‍ ചെയ്യുവാനില്ല. കഴിഞ്ഞ സിനിമയിലെ തുടര്‍ച്ചയായുള്ള, അപ്പ ഹാജ അവതരിപ്പിച്ച പോലീസ് വേഷവും രസകരമായി. വില്ലന്‍ വേഷത്തിലെത്തുന്ന സുദീപ് തോയും തന്റെ വേഷം നന്നായി ചെയ്തിരിക്കുന്നു.

 സാങ്കേതികം [ 6/10 ]

വേണുവിന്റെ ഛായാഗ്രഹണം, വി. സാജന്റെ ചിത്രസംയോജനം തുടങ്ങിയവയ്ക്ക് എടുത്തുപറയത്തക്ക മികവൊന്നുമില്ലെങ്കിലും ചിത്രത്തോട് ചേര്‍ന്നുപോവുന്നു. ചിത്രത്തിനുതകുന്ന രീതിയില്‍ ചുറ്റുപാടുകളൊരുക്കുവാന്‍ കലാസംവിധാനം നിര്‍വ്വഹിച്ച പ്രശാന്തിനായി. തുടക്കത്തിലെ ടൈറ്റിലുകളിലും മറ്റും കണ്ട പുതുമയും ഊര്‍ജ്ജവും തുടര്‍ന്ന് ചിത്രത്തില്‍ കാണുവാനില്ല. കുറച്ചുകൂടി സ്റ്റൈലിഷ് ആയി അവതരിപ്പിച്ചിരുന്നെങ്കില്‍ ഇനിയും ആകര്‍ഷകമാകുമായിരുന്നു ഈ ചിത്രം.

 പാട്ട്, നൃത്തം, ആക്ഷന്‍ [ 3/5 ]

“ഏകാന്തചന്ദ്രികേ...”, “ഉന്നം മറന്നു തെന്നിപ്പറന്ന...” ബിച്ചു തിരുമല രചിച്ച ഈ ഗാനങ്ങള്‍ ചിത്രത്തില്‍ വീണ്ടും ഉപയോഗിച്ചിരിക്കുന്നു. എസ്. ബാലകൃഷ്ണന്‍ സംഗീതം നല്‍കിയ ആദ്യചിത്രത്തിലെ ഗാനങ്ങള്‍ റീമിക്സ് ചെയ്ത് ഈ ചിത്രത്തിനു വേണ്ടി ഒരുക്കിയിരിക്കുന്നത് അലക്സ് പോളാണ്. അധികം കസര്‍ത്തുകള്‍ റീമിക്സെന്ന പേരില്‍ ചേര്‍ക്കാത്തതിനാല്‍ ഇവ രണ്ടും കേട്ടിരിക്കാം. സിനിമയുടെ ഒടുവില്‍ ചേര്‍ത്തിരിക്കുന്ന “അടവുകള്‍ പലതും പയറ്റിയ കാലം...” എന്ന ഗാനമാണ് ഈ ചിത്രത്തില്‍ ശ്രദ്ധേയമായത്. ‘2 ഹരിഹര്‍‌നഗറി’ലെ താരങ്ങള്‍ക്കൊപ്പം, ‘ഇന്‍ ഹരിഹര്‍‌നഗറി’ലെ താരങ്ങളായ ഗീത വിജയന്‍, കവിയൂര്‍ പൊന്നമ്മ, രേഖ തുടങ്ങിയവരും ഇതില്‍ തലകാണിക്കുന്നുണ്ട്. ഗാനരംഗങ്ങളില്‍ ഇടയ്ക്കിടെ ഉപയോഗിച്ചിരിക്കുന്ന നൃത്തച്ചുവടുകളിട്ട പ്രസന്നയ്ക്ക് കാര്യമായി അധ്വാനിക്കേണ്ടി വന്നിട്ടില്ല. ചിത്രത്തിലെ ആക്ഷന്‍‌രംഗങ്ങളുടെ കാര്യമെടുക്കുകയാണെങ്കില്‍, ക്ലൈമാക്സ് രംഗത്തിലെ കൂട്ടത്തല്ലിനു പോലും എന്തെങ്കിലും പുതുമ നല്‍കുവാന്‍ ആക്ഷന്‍ രംഗങ്ങളൊരുക്കിയ മാഫിയ ശശി ശ്രമിച്ചതായി തോന്നിയില്ല.

 മറ്റുള്ളവ [ 4/5 ]

‘ഇന്‍ ഹരിഹര്‍‌നഗറി’ലെ രംഗങ്ങള്‍ മിന്നിമായുകയും, ഒരു കോമഡി ഫീലോടെ ചിത്രത്തില്‍ സഹകരിച്ചവരുടെ പേരുകള്‍ തുള്ളിനില്‍ക്കുകയും ചെയ്യുന്ന ചിത്രത്തിന്റെ തുടക്കത്തിലെ ടൈറ്റിലുകള്‍ ആകര്‍ഷകമായി ചെയ്തിരിക്കുന്നു. സാബു കൊളോണിയ ഒരുക്കിയിരിക്കുന്ന പോസ്റ്ററുകളും, ഗ്രാഫിക്കുകളും; സുനില്‍ ഗുരുവായൂരിന്റെ നിശ്ചലച്ചിത്രങ്ങളും ചിത്രത്തിന്റെ കൌതുകം നിലനിര്‍ത്തുവാന്‍ പര്യാപ്തമാണ്. നാല്‍‌വര്‍ സംഘത്തില്‍ ഓരോരുത്തരുടേയും സ്വഭാവത്തിനനുസൃതമായി ഒരുക്കിയെടുത്ത മേക്കപ്പ്-മാന്‍ പി.എന്‍. മണിയും അഭിനന്ദനമര്‍ഹിക്കുന്നു.

 ആകെത്തുക [ 7.2/10 ]

തിയേറ്ററുകള്‍ നിറഞ്ഞോടിയ ഒരു ഉഗ്രന്‍ ചിത്രത്തിനൊരു തുടര്‍ച്ചയെടുക്കുക എന്നത് സംവിധായകനെ സംബന്ധിച്ചിടത്തോളം ഒരു വെല്ലുവിളി തന്നെയാണ്. പലപ്പോഴും അത്തരം ചിത്രങ്ങള്‍ക്ക് അതേ മായാജാലം വീണ്ടും ആവര്‍ത്തിക്കുവാന്‍ സാധിക്കാറുമില്ല. കഥാപാത്രത്തിന്റെ തുടര്‍ച്ച മാത്രമേയുള്ളൂവെങ്കിലും ‘സാഗര്‍ ഏലിയാസ് ജാക്കി റിലോഡഡ്’ എന്ന ചിത്രം ഈ പറഞ്ഞതിന് ഏറ്റവും പുതിയ ഒരു ഉദാഹരണമാണ്. അങ്ങിനെയുണ്ടാവാതിരിക്കുവാന്‍ ലാല്‍ ഈ ചിത്രത്തില്‍ വളരെ ശ്രദ്ധിച്ചിട്ടുള്ളതായി കാണാം. അതില്‍ അദ്ദേഹം നല്ലൊരുപരിധിവരെ വിജയിച്ചിട്ടുമുണ്ട്. ‘എച്ച്യൂച്ച്മി, കാക്ക തൂറിയെന്നാ തോന്നുന്നേ...’ തുടങ്ങി എപ്പോഴും ഓര്‍മ്മയില്‍ നില്‍ക്കുന്ന, എപ്പോള്‍ കണ്ടാലും ചിരിച്ചു പോവുന്ന രംഗങ്ങളുടെ അഭാവമാണ് എടുത്തുപറയാവുന്ന ഒരു കുറവ്. ‘തോമസൂട്ടീ... വിട്ടോട...’ തുടങ്ങിയ പഞ്ച് ഡയലോഗുകളുടെ ഉപയോഗവും വിരളം, പുതിയതായി എന്തെങ്കിലും ഡയലോഗുകള്‍ കാണുവാനുമില്ല. എന്നാല്‍ ചിത്രം കണ്ടിറങ്ങുന്ന ഒരു പ്രേക്ഷകനും ഇതൊന്നുമൊരു കുറവായി തോന്നുവാന്‍ സാധ്യതയില്ല. ആദ്യചിത്രം ഓര്‍മ്മയില്‍ സൂക്ഷിക്കുന്ന പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന രീതിയില്‍, രണ്ടരമണിക്കൂറോളം എല്ലാം മറന്നു ചിരിക്കുവാനുള്ളത് ഈ ചിത്രത്തിലുണ്ട്. ചിത്രമൊരുക്കിയ ലാലിനും കൂട്ടര്‍ക്കും അഭിനന്ദനങ്ങള്‍.

Description: 2 Hariharnagar (To Hariharnagar) - A Malluwood (Malayalam) film directed by Lal; starring Mukesh, Siddique, Jagadish, Asokan, Lakshmi Rai, Sudeep Tho, Vineeth, Janardanan, Kochu Preman, Appa Haja, Rohini, Lena, Reena Basheer, Atlas Ramachandran; Produced by P.N. Venugopal; Story, Screenplay and Dialogues by Lal; Camera (Cinematography) by Venu; Editing by V. Saajan; Art Direction by Prasanth; Stunts (Action) by Mafia Sasi; Background Score by ; Make-up by P.N. Mani; Lyrics by Bichu Thirumala; Music by Alex Paul; Film Review in Malayalam by Hareesh N. Nampoothiri aka Haree | ഹരീ for Chithravishesham (Chitravishesham) Blog. April 01 2009 Release.
--

Featured Videos

Trailer: Unnam

Unnam: A film by Sibi Malayil starring Asif Ali, Lal, Rima Kallingal, Swetha Menon etc.

WATCH VIDEO
Teaser: Second Show

Second Show: A film by Srinath Rajendran starring Dulquer Salman Gauthami Nair etc.

WATCH VIDEO
Trailer: Njanum Ente Familiyum

Njanum Ente Familiyum: A film by K.K. Rajeev starring Jayaram, Mamta Mohandas etc.

WATCH VIDEO