Note: Built in HTML5 and CSS3. Google Chrome 10 / Mozilla Firefox 4 / Microsoft IE 9 or later recommended.

പുതിയ മുഖം (Puthiya Mugham)

Published on: July 26, 2009

Puthiya Mugham - Malayalam Film Review by Chithravishesham. A Film Directed by Dhipan; Starring Prithviraj, Priyamani, Bala, Meera Nandan etc.
വര്‍ഷങ്ങള്‍ക്കു മുന്‍പ് ‘ലീഡര്‍’ എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തെത്തിയ ദീപന്റെ തുടക്കം മോശമായിരുന്നു. ‘പുതിയ മുഖ’മെന്ന ചിത്രത്തിലൂടെ വീണ്ടുമൊരു ശ്രമം നടത്തുന്ന ദീപനിതൊരു പുതിയ തുടക്കം കൂടിയാണ്. പൃഥ്വിരാജ്, പ്രിയാമണി, ബാല, മീര നന്ദന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം അനില്‍ മാത്യു, എസ്. മുരുകന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്നു. എം. സിന്ധുരാജിന്റേതാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണങ്ങളും. ആക്ഷന്‍ ചിത്രങ്ങള്‍ നന്നായി സംവിധാനം ചെയ്യുന്നവര്‍ വിരളമായ മലയാള സിനിമയില്‍ ദീപന്റെ ‘പുതിയ മുഖം’ പ്രതീക്ഷകള്‍ക്കു വക നല്‍കുന്നതാണ്.

 കഥയും, കഥാപാത്രങ്ങളും [ 2/10 ]

അന്തിയോളം വെള്ളം കോരിയിട്ട് ഒടുവില്‍ കലമുടയ്ക്കുന്ന പരിപാടിയാണ് ഇതില്‍ തിരക്കഥാകൃത്ത് എം. സിന്ധുരാജ് ചെയ്തിരിക്കുന്നത്. കഥാകൃത്തിന്റെ കഴിഞ്ഞ ചിത്രമായ ‘മുല്ല’യിലെന്ന പോലെ നല്ലൊരു തുടക്കം പിന്നീടു കൈവിട്ടു പോവുന്നു ഇവിടെയും. ‘അയ്യോ പാവം!’ മട്ടിലുള്ള നായകന്‍ തിരിച്ചടികളില്‍ നിന്നും ഉയര്‍ത്തെഴുനേറ്റ് ജഗജില്ലിയാവുന്നു, കഥാതന്തുവില്‍ പുതുമയൊന്നുമില്ല. എന്നാല്‍ ഇടവേളവരെ ആസ്വാദ്യകരമായ ഒരു അനുഭവമാകുവാന്‍ ചിത്രത്തിനു കഴിയുന്നുണ്ട്. അതിനു ശേഷമുള്ള നായകന്റെ അതിമാനുഷിക പ്രകടനങ്ങള്‍ കൂവലുകള്‍ ഏറ്റുവാങ്ങുവാന്‍ മാത്രമുള്ളതുമാണ്. ഒരല്പം കൂടി ശ്രദ്ധ കൊടുത്ത് അവസാനഭാഗങ്ങളില്‍ എന്തെങ്കിലുമൊരു വ്യത്യസ്തത കൊണ്ടുവരുവാന്‍ കഥകൃത്തിന് ശ്രമിക്കാമായിരുന്നു.

 സംവിധാനം [ 6/10 ]

തിരക്കഥയിലെ പോരായ്മകള്‍ ഏതാണ്ട് മുക്കാല്‍ ഭാഗത്തോളം മറയ്ക്കുവാന്‍ ദീപന് തന്റെ സംവിധാന മികവിലൂടെ സാധിച്ചു. യുവാക്കളെ ഹരം കൊള്ളിക്കുന്ന നിറപ്പകിട്ടാര്‍ന്ന അവതരണ ശൈലി അഭിനന്ദനമര്‍ഹിക്കുന്നു. മനോഹരമായി ദൃശ്യവല്‍ക്കരിച്ചിരിക്കുന്ന ഗാനങ്ങളില്‍ മിക്കതും ചിത്രത്തോടു നന്നായി ഇണങ്ങുന്നു. പൃഥ്വിയേയും മറ്റ് അഭിനേതാക്കളേയും ചിത്രത്തിനുതകുന്ന രീതിയില്‍ അഭിനയിപ്പിച്ചിരിക്കുന്നതിലും ദീപന്‍ മികവു പുലര്‍ത്തി. നായകന്റെ അമാനുഷിക പ്രകടനങ്ങള്‍ ഒഴിവാക്കി, യുക്തിപൂര്‍വ്വമായ ഒരു സമീപനം സ്വീകരിക്കുവാന്‍ സംവിധായകനും കഴിഞ്ഞില്ല എന്നതാണ് ഒരു പോരായ്മ. സംഘട്ടനരംഗങ്ങളുടെ ദൈര്‍ഘ്യവും മടുപ്പിക്കുന്നതാണ്.

 അഭിനയം [ 7/10 ]

ഒരു കഥാപാത്രത്തിന്റെ രണ്ട് മുഖങ്ങള്‍ വിശ്വസിനീയമായി അഭിനയിപ്പിച്ചു ഫലിപ്പിക്കുവാന്‍ പൃഥ്വിരാജിനു കഴിഞ്ഞു. കൂട്ടുവേഷങ്ങളിലെത്തുന്ന ബാല, പ്രിയാമണി, മീര നന്ദന്‍ എന്നിവര്‍ നായകനെ നല്ല രീതിയില്‍ പിന്തുണയ്ക്കുകയും ചെയ്തു. മറ്റു പ്രധാനവേഷങ്ങളിലെത്തുന്ന നെടുമുടി വേണു, കലാശാല ബാബു, ജഗതി ശ്രീകുമാര്‍, സായികുമാര്‍, വിജയരാഘവന്‍, ഷമ്മി തിലകന്‍, ജഗദീഷ്, സോന നായര്‍ തുടങ്ങിയവരുടെ കഥാപാത്രങ്ങളില്‍ ജഗതി ശ്രീകുമാറിന്റെ അച്ചന്‍ പ്രിന്‍സിപ്പല്‍ വേഷത്തിനു മാത്രം അല്പം പുതുമ അവകാശപ്പെടാം, മറ്റുള്ളവരൊക്കെ സ്ഥിരം ശൈലിയില്‍ തന്നെ. ഗിന്നസ് പക്രു, സുധീഷ്, മങ്ക മഹേഷ്, ഇടുക്കി ജാഫര്‍, ശ്രീജിത്ത് രവി തുടങ്ങി മറ്റു ചിലരും കൂട്ടുവേഷങ്ങളായി ചിത്രത്തിലുണ്ട്.

 സാങ്കേതികം [ 4/5 ]

ഭരണി കെ. ധരന്‍ പകര്‍ത്തിയിരിക്കുന്ന ചിത്രത്തിലെ ദൃശ്യങ്ങള്‍ക്ക് പുതുമയുണ്ട്. കൃഷ്ണകുമാറെന്ന നായകന്റെ ഇരുമുഖങ്ങള്‍ക്കും വ്യത്യസ്തമായ ദൃശ്യഭാഷ ചമയ്ക്കുവാനും ഛായാഗ്രാഹകനായി. ഗാനരംഗങ്ങളിലും സംഘട്ടനരംഗങ്ങളിലുമൊക്കെ ക്യാമറയുടെ മികവ് തെളിഞ്ഞു കാണാം. സാംജിത്ത് എം.എച്ച്.ഡി.യുടെ ചിത്രസംയോജനവും, സാലു കെ. ജോര്‍ജ്ജിന്റെ കലാസംവിധാനവും ചിത്രത്തിനു മുതല്‍ക്കൂട്ടാണ്. മന്ദതയും വേഗതയും മാറിമാറി കൈവരിക്കുന്ന സംഘട്ടനരംഗങ്ങളിലെ ദൃശ്യഭാഷയും രസകരമായിരുന്നു. മുരുകേഷിന്റെ ഇഫക്ടുകള്‍ക്കും ദൃശ്യങ്ങളുടെ പൊലിമയില്‍ ചെറുതല്ലാത്ത പങ്കുണ്ട്. ചിലയിടത്തെങ്കിലും ഇഫക്ടുകളുടെ ഉപയോഗം ആവശ്യത്തിലുമേറിയതു മാത്രമൊരു കല്ലുകടിയായി.

 പാട്ട്, നൃത്തം, ആക്ഷന്‍ [ 4/5 ]

കൈതപ്രം ദാമോദരന്‍ നമ്പൂതിരി എഴുതി ദീപക് ദേവ് സംഗീതം നല്‍കിയിരിക്കുന്ന ഗാനങ്ങള്‍, അടുത്തകാലത്തിറങ്ങിയ ചലച്ചിത്രഗാനങ്ങളില്‍ എടുത്തു പറയത്തക്കതാണ്. ചിത്രത്തിന്റെ അപ്പോഴത്തെ മൂഡിനു ചേരുന്ന രീതിയില്‍, വ്യത്യസ്തതയോടെ, യുക്തമായ വാദ്യോപകരണങ്ങള്‍ സന്നിവേശിപ്പിച്ചൊരുക്കിയിരിക്കുന്ന ദീപക് ദേവിന്റെ സംഗീതം ആസ്വാദ്യകരമായി. പൃഥ്വിരാജിന്റെ ശബ്ദത്തിലുള്ള “സൂര്യമുഖം! ഇനിയൊരു പുതിയ മുഖം!” എന്ന ടൈറ്റില്‍ ഗാനം തന്നെ ചിത്രത്തെ പ്രേക്ഷകരോടടുപ്പിക്കുന്നു. ശങ്കര്‍ മഹാദേവന്റെ ശബ്ദത്തിലുള്ള “പിച്ചവെച്ച നാള്‍മുതല്‍ക്കു നീ...”; കെ. കൃഷ്ണകുമാര്‍ ആലപിച്ചിരിക്കുന്ന “യദുകുലമുരളി...”; ജാസി ഗിഫ്റ്റ്, ദീപക് ദേവ്, സിന്ധുജ രാജാറാം എന്നിവര്‍ ചേര്‍ന്നു പാടിയിരിക്കുന്ന ക്യാമ്പസ് ഗാനം; ഇവയൊക്കെ ചിത്രത്തോടിണങ്ങുന്നു. കെ.കെ., ശില്പ റായ് എന്നിവരാലപിച്ചിരിക്കുന്ന “രഹസ്യമായ്...” എന്നു തുടങ്ങുന്ന ഗാനം മാത്രം ഇതിനൊരു അപവാദമായി പറയാം. സമീപകാല ചലച്ചിത്രഗാനങ്ങളുമായി തട്ടിച്ചുനോക്കിയാല്‍ കൈതപ്രത്തിന്റെ വരികളുടെ മികവും എടുത്തു പറയേണ്ടതു തന്നെ. കലാമാസ്റ്ററും സംഘവും ഒരുക്കിയിരിക്കുന്ന നൃത്തച്ചുവടുകള്‍ക്ക് ശരാശരി നിലവാരം മാത്രം. ഇതിലും മികച്ച നൃത്തച്ചുവടുകള്‍ സിനിമയും ഗാനരംഗങ്ങളും അര്‍ഹിക്കുന്നു. അനല്‍ അരശുവിന്റെ സംഘട്ടന രംഗങ്ങള്‍ക്ക് പുതുമയുണ്ട്, എന്നാല്‍ പലപ്പോഴും അനാവശ്യമായി വലിച്ചു നീട്ടുന്നത് അവയുടെ രസം കുറയ്ക്കുന്നു. ബൈക്ക്/കാര്‍ ചേസുകളുടെ കാര്യത്തിലും ഇതു ബാധകമാണ്.

 ആകെത്തുക [ 5.75/10 ]

ചിത്രത്തിന്റെ ടൈറ്റിലുകള്‍ മുതല്‍ ഓരോ ദൃശ്യവും പരമാവധി നന്നാക്കുവാനുള്ള അണിയറ പ്രവര്‍ത്തകരുടെ കഠിനശ്രമം ചിത്രമൊരു നല്ല ദൃശ്യവിരുന്നാക്കുന്നുണ്ട്. സിനിമയെന്നാല്‍ നല്ല ദൃശ്യാനുഭവം മാത്രമല്ലാത്തതിനാല്‍, ദുര്‍ബലമായ ഒരു കഥയ്ക്കുവേണ്ടി ഇത്രയും മനുഷ്യപ്രയത്നം വൃഥാ കളഞ്ഞുവെന്നു പറയുന്നതാവും കുറച്ചു കൂടി ശരി. പോയ ബുദ്ധി പിടിച്ചാല്‍ കിട്ടില്ലല്ലോ, ഇത്രയുമൊക്കെ മിനക്കെട്ടിട്ട് ഈ ചിത്രം ഇങ്ങിനെയായല്ലോ എന്നോര്‍ത്ത് ദീപനും പൃഥ്വിരാജിനും കൂട്ടര്‍ക്കും ഇനി പരിതപിക്കാം. മലയാളസിനിമയുടെ പുതിയ മുഖമെന്ന ഗീര്‍വാണങ്ങളൊക്കെ ഒഴിവാക്കിയാല്‍, ഒരിക്കല്‍ കാണുന്നതുകൊണ്ടു തെറ്റില്ലാത്ത ചിത്രമായി പുതുമകളില്ലാത്ത ഈ ‘പുതിയ മുഖ’ത്തെ ചേര്‍ക്കാവുന്നതാണ്.

Description: Puthiya Mugham (aka Puthiya Mukham, Puthiyamukham, Puthiyamugham, Puthiya Mugam, Puthiyamugam) - A Malayalam (Malluwood) film directed by Diphan; Starring Prithviraj, Priyamani, Meera Nandan, Bala, Nedumudi Venu, Kalasala Babu, Jagathy Sreekumar, Saikumar, Vijayaraghavan, Shammy Thilakan, Sudheesh, Jagadeesh, Sona Nair, Manka Mahesh, Guiness Pakru, Idukki Jaffer, Sreejith Ravi; Produced by Anil Matthew, S. Murugan; Story, Screenplay and Dialogues by M. Sindhuraj; Camera (Cinematography) by Bharani K. Dharan; Editing by Samjith Mhd.; Art Direction by Saloo K. George; Stunts (Action) by Anal Arasu; Background Score by ; Effects by Murukesh; DTS Mixing by ; Titles by ; Make-up by Pradeep Rangan; Costumes by S.B. Satheesh; Lyrics by Kaithapram Damodaran Namboothiri; Music by Deepak Dev; Choreography by Kala Master; Audio Recording by ; Film Review in Malayalam by Hareesh N. Nampoothiri aka Haree | ഹരീ for Chithravishesham (Chitravishesham) Blog. July 24 2009 Release.
--

രഹസ്യപോലീസ് (RahasyaPolice)

Published on: July 25, 2009

RahasyaPolice (Rahasya Police) - Malayalam Film Review in Chithravishesham. A film by K. Madhu starring Jayaram, Samvritha Sunil, Riyas Khan etc.
‘ഇരുപതാം നൂറ്റാണ്ട്’, ‘ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ്’, ‘സേതുരാമയ്യര്‍ സി.ബി.ഐ.’ തുടങ്ങിയ ഹിറ്റ് സിനിമകള്‍ മലയാളത്തിനു സമ്മാനിച്ച സംവിധായകന്‍ കെ. മധുവും തിരകഥാകൃത്ത് എസ്.എന്‍. സ്വാമിയും വീണ്ടും ഒന്നിക്കുകയാണ് ‘രഹസ്യപോലീസ്’ എന്ന ഈ അപസര്‍പ്പക സിനിമയില്‍. ജയറാം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് സിയാദ് കോക്കര്‍. അപസര്‍പ്പകസിനിമയെന്ന പേരില്‍ മലയാളത്തിലിന്നോളം പുറത്തിറങ്ങിയിട്ടുള്ള ചിത്രങ്ങളില്‍ കാണാത്തത്രയും വലിയ രഹസ്യങ്ങളൊന്നും ഈ ‘രഹസ്യപോലീസി’ലുമില്ല, അതുണ്ടാക്കുവാനൊരു ശ്രമം പോലുമില്ല എന്നത് നിരാശയുടെ ആഴം കൂട്ടുകയും ചെയ്യുന്നു.

 കഥയും, കഥാപാത്രങ്ങളും [ 2/10 ]

ശാന്തമായ കുടുംബബന്ധങ്ങള്‍ വിവരിച്ചു കൊണ്ടു തുടക്കം, അതിനിടയിലൊരു അത്യാഹിതം, പിന്നെ അന്വേഷണം. ഒടുവില്‍ സംശയിക്കുന്നവരെയെല്ലാം വിട്ട് കാഴ്ചകണ്ടുനില്‍ക്കുന്നവര്‍ (അക്ഷരാര്‍ത്ഥത്തില്‍!) പ്രതികളും. ‘എന്നെ സംശയിക്കൂ...’ എന്നു പറഞ്ഞു നില്‍ക്കുന്ന കുറേ കഥാപാത്രങ്ങള്‍, അവര്‍ തമ്മിലുള്ള അവിഹിത ബന്ധങ്ങള്‍, അതിനിടയിലൊരു ഫാമിലി ത്രഡ്; എസ്.എന്‍. സ്വാമിയുടെ സ്ഥിരം ശൈലിയുടെ ആവര്‍ത്തനം. ‘രഹസ്യപോലീസെ’ന്നു പേരിട്ടു പോയതുകൊണ്ടു മാത്രമാവണം, അപരവേഷത്തില്‍ ഇടയ്ക്ക് പോലീസ് കഥയിലെത്തുന്നത്. കുറ്റവാളിയാരെന്നതല്ല ഒരു അപസര്‍പ്പകസിനിമയുടെ കാ‍തല്‍, മറിച്ച് അവനിലേക്കെത്തുന്ന അന്വേഷണമാണ് പ്രധാനം. അതിതിലും വാചകമടിയും കുറിപ്പുകളും ഊമക്കത്തുകളും മറ്റുമൊക്കെയായി തന്നെ തുടരുന്നു. അവയില്‍ തന്നെ പലതും പലപ്പോഴായി മറ്റു പല സിനിമകളില്‍ വന്നിട്ടുള്ളതും.

 സംവിധാനം [ 3/10 ]

ചിത്രത്തിനാവശ്യമായ വേഗതയോ പിരിമുറുക്കമോ നല്‍കുവാന്‍ സംവിധായകനു കഴിഞ്ഞിട്ടില്ല. നാലു കൂട്ടുകാരികള്‍ തമ്മിലുള്ള സൌഹൃദമോ, അവരുടെ രക്ഷകര്‍ത്താക്കളില്‍ ചിലര്‍ തമ്മിലുള്ള ശത്രുതയോ ഒന്നും പ്രേക്ഷകനിലെത്തുന്നില്ല. ഒരു പെണ്‍കുട്ടി കൊല്ലപ്പെടുമ്പോഴും, ഒടുവില്‍ കൊലയാളിയെ പിടികൂടുമ്പോളും പ്രേക്ഷകര്‍ നിര്‍വികാരരായി ചിത്രം കണ്ടിരിക്കുന്നു. തികച്ചും അനാവശ്യമെന്നു തന്നെ പറയേണ്ട കുറേ സംഘട്ടന രംഗങ്ങളും ചിത്രത്തിന്റെ ഭംഗി കുറയ്ക്കുന്നു. ജയറാമിലെ നടനെ കഴിയുന്നത്ര നനായി പ്രയോജനപ്പെടുത്തിയിരിക്കുന്നതും പാട്ടുകള്‍ തിരുകാത്തതും; ഇവ രണ്ടും മാത്രം സംവിധായകന്റെ മികവായി വേണമെങ്കില്‍ പറയാം.

 അഭിനയം [ 5/10 ]

ജയറാം എന്ന നടനു പ്രാധാന്യം കുറയാതിരിക്കുവാന്‍ മാത്രം രണ്ട് പ്രധാന പുരുഷ വേഷങ്ങളും അദ്ദേഹത്തിനു നല്‍കിയിരിക്കുന്നു. ഒരുപക്ഷെ, രണ്ടു നടന്മാര്‍ ചെയ്തിരുന്നെങ്കില്‍ കുറച്ചു കൂടി ഈ കഥാപാത്രങ്ങള്‍ രസിക്കുമായിരുന്നു. ഇരട്ടവേഷങ്ങള്‍ അനാവശ്യമായിരുന്നെങ്കിലും, രൂപത്തിലും ഭാവത്തിലും ശബ്ദത്തിലും ശരീരഭാഷയിലും ഇരട്ടവ്യക്തിത്വം സ്വാഭാവികതയോടെ കാത്തുസൂക്ഷിക്കുവാന്‍ ജയറാമിനായി. ജഗതി ശ്രീകുമാര്‍ അവതരിപ്പിച്ച കഥാപാത്രം പലപ്പോഴും അരോചകമായി. സിന്ധുമേനോന്‍, സംവൃത സുനില്‍, മംഗള, ആയില്യ, ശിവാനി തുടങ്ങിയ പെണ്‍കഥാപാത്രങ്ങള്‍ക്കു കാര്യമായൊന്നും ചെയ്യുവാനില്ല. മാള അരവിന്ദന്‍, ഹരിശ്രീ അശോകന്‍, ഇന്ദ്രന്‍സ്, സുരാജ് വെഞ്ഞാറമ്മൂട്, ഗണേഷ് കുമാര്‍, സുധീഷ്, മങ്ക മഹേഷ്, ദേവി ചന്ദന തുടങ്ങിയവരും ചിത്രത്തില്‍ കാഴ്ചക്കാരായി മാറുന്നു. റിയാസ് ഖാന്‍ അവതരിപ്പിച്ച കള്ളന്‍ കേശുവാവട്ടെ, തല്ലുകൊള്ളുവാന്‍ മാത്രമൊരു കഥാപാത്രവുമായി.

 സാങ്കേതികം [ 2/5 ]

വേണുഗോപാലിന്റെ ഛായാഗ്രഹണത്തിന് വ്യത്യസ്തതയൊന്നും പറയുവാനില്ലെങ്കിലും മോശമായില്ല. ചിത്രസംയോജനത്തില്‍ പി.സി. മോഹനന് ചെയ്യുവാന്‍ ഇനിയുമേറെ മിച്ചം നില്‍ക്കുന്നു. ചിത്രത്തിന്റെ വേഗതക്കുറവിന് എഡിറ്റിംഗിലെ പോരായ്മകളും ഒരു കാരണമാണ്. സജിത്ത് ഹൈനസ് നിര്‍വ്വഹിച്ച കലാസംവിധാനം ശരാശരി നിലവാരം പുലര്‍ത്തി. രാജാമണിയുടെ പശ്ചാത്തല സംഗീതം പതിവു പോലെ ബഹളമയം, കൂട്ടിന് അരുണ്‍ സീനുവിന്റെ സൌണ്ട് ഇഫക്ടുകളും.

 പാട്ട്, നൃത്തം, ആക്ഷന്‍ [ 1/5 ]

മാഫിയ ശശി ഒരുക്കിയിരിക്കുന്ന സംഘട്ടന രംഗങ്ങള്‍ ചിത്രത്തിനൊരു ബാധ്യതയാണ്. രണ്ടു കഥാപാത്രങ്ങള്‍ തന്നെ, പലപ്പോഴായി, ഒരേ രീതിയില്‍, അതും മിനിറ്റുകളോളം തല്ലുകൂടിയാല്‍ ആര്‍ക്കും മടുക്കുമെന്ന് ഇത്രയും നാള്‍ ഈ രംഗത്ത് പ്രവര്‍ത്തിച്ചിട്ടും ശശിക്ക് അറിയില്ലെന്നോ! കൈതട്ടി ഒരാള്‍ താഴോട്ടു വീഴുന്ന രംഗമുണ്ട് ചിത്രത്തില്‍; അതു കണ്ടാല്‍ സംഭവം നടക്കുന്നത് ഗുരുത്വാകര്‍ഷണം കുറവുള്ള മറ്റേതോ ഗ്രഹത്തിലാണെന്ന മട്ടാണ്!

 ആകെത്തുക [ 3.25/10 ]

അപസര്‍പ്പകസിനിമകള്‍ ഇഷ്ടപ്പെടുന്നവര്‍ ഇതു കാണണമെന്നു പറയുവാന്‍ കഴിയില്ല; കാരണം അവര്‍ക്കിത് താങ്ങാവുന്നതിലും അപ്പുറമായിരിക്കും. എന്നാല്‍ അതിഷ്ടമല്ലാത്തവര്‍ കണ്ടോട്ടെയെന്നു കരുതിയാല്‍, ‘ഇതാണോ കുറ്റാന്വേഷണസിനിമ!’ എന്നു ചിന്തിച്ച് അവര്‍ പിന്നീട് ഈ വിഭാഗത്തിലുള്ള സിനിമകളേ കാണുകയില്ല. എന്തുതന്നെയായാലും ‘രഹസ്യപോലീസൊ’രു ഊതി വീര്‍പ്പിച്ച ബലൂണ്‍ മാത്രമാണെന്ന രഹസ്യം പരസ്യമാകുവാന്‍ അധികനാള്‍ വേണ്ടിവരില്ല. അത്രയും നാള്‍ കൊണ്ട് മുടക്കിയത് തിരിച്ചു കിട്ടിയാല്‍ സിയാദിനു നല്ലത്, കാണികള്‍ക്ക് കര്‍ക്കിടകദോഷവും!

Description: RahasyaPolice (Rahasya Police) - A Malayalam (Malluwood) film directed by K. Madhu; Starring Jayaram, Mangala, Samvritha Sunil, Sindhu Menon, Ayilya, Shivani, Riyas Khan, Jagathy Sreekumar, Suraj Venjarammoodu, Mala Aravindan, Ganesh Kumar, Harisree Asokan, Indrans, Manka Mahesh, Devi Chandana; Produced by Siyad Koker; Story, Screenplay and Dialogues by S.N. Swami; Camera (Cinematography) by Venugopalan; Editing by P.C. Mohanan; Art Direction by Sajith Highness; Stunts (Action) by Mafia Sasi; Background Score by Rajamani; Effects (Graphics) by ; Effects (Sound) by Arun Seenu; DTS Mixing by Vinod; Titles by ; Make-up by ; Lyrics by ; Music by ; Choreography by ; Audio Recording by ; Film Review in Malayalam by Hareesh N. Nampoothiri aka Haree | ഹരീ for Chithravishesham (Chitravishesham) Blog. July 23 2009 Release.
--

വിന്റര്‍ (Winter)

Published on: July 20, 2009

Winter: A film by Dipu starring Jayaram, Bhavana, Manoj K. Jayan etc./>
ക്രേസി ഗോപാലന്‍’ എന്ന ചിത്രത്തിനു ശേഷം ദീപു കരുണാകരന്റെ സംവിധാനത്തിലുള്ള പുതിയ ചിത്രമാണ് ‘വിന്റര്‍’. നാലു വര്‍ഷത്തിനു മുന്‍പു തന്നെ ചിത്രീകരണം തുടങ്ങിയ ഈ ചിത്രമായിരുന്നു ദീപുവിന്റെ ആദ്യ ചിത്രമായി തിയേറ്ററുകളില്‍ എത്തേണ്ടിയിരുന്നത്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണങ്ങള്‍ എന്നിവയുടെ രചനയും സംവിധായകന്‍ തന്നെ നിര്‍‌വ്വഹിച്ചിരിക്കുന്നു. ജയറാം, ഭാവന എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് കെ. രാധാകൃഷ്ണന്‍.

ഈ പട്ടണത്തില്‍ ഭൂതം (Ee Pattanathil Bhootham)

Published on: July 11, 2009

Ee Pattanathil Bhootham: A film directed by Johny Antony starring Mammootty, Kavya Madhavan, Innocent etc.
‘തുറുപ്പുഗുലാനു’ ശേഷം ജോണി ആന്റണിയുടെ സംവിധാനത്തില്‍ മമ്മൂട്ടി നായകനാവുന്ന ചിത്രമാണ് ‘ഈ പട്ടണത്തില്‍ ഭൂതം’. ഉദയകൃഷ്ണ - സിബി കെ. തോമസ് ടീമിന്റേതാണ് കഥയും തിരക്കഥയും. അപൂര്‍വ്വമായി മലയാളത്തില്‍ നിര്‍മ്മിക്കപ്പെടുന്ന ഫാന്റസി ചിത്രങ്ങളുടെ ഗണത്തിലാണ് ‘ഈ പട്ടണത്തില്‍ ഭൂത’വും ഇടം നേടുന്നത്. കാവ്യ മാധവന്‍, ഇന്നസെന്റ്, സുരാജ് വെഞ്ഞാറമ്മൂട്, രാജന്‍ പി. ദേവ് എന്നിങ്ങനെ താരങ്ങളുടെ ഒരു നീണ്ട നിരതന്നെ ചിത്രത്തിലുണ്ട്. എസ്. ബഞ്ചമിന്‍, കെ. കുട്ടികൃഷ്ണന്‍ എന്നിവരൊരുമിച്ച് ചിത്രം നിര്‍മ്മിച്ചിരിക്കുന്നു.

 കഥയും, കഥാപാത്രങ്ങളും [ 3/10 ]

‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’, ‘ഓഫാബി’, ‘സാക്ഷാല്‍ ശ്രീമാന്‍ ചാത്തുണ്ണി’, ‘ഉണ്ണികളേ, ഒരു കഥ പറയാം’ ഇങ്ങിനെ കുറേ സിനിമകളുടെ സങ്കരമാണ് ഈ ചിത്രം. ചിലത് ചിരിപ്പിക്കുമെങ്കിലും ഭൂരിഭാഗം സംഭാഷണങ്ങളും, പ്രത്യേകിച്ച് ഭൂതത്തിന്റേത്, അസഹനീയമാണ്. ഭൂതം, മന്ത്രവാദി പിന്നെ ഒരു കൂട്ടം മനുഷ്യര്‍; ഇവരെ ബന്ധിപ്പിച്ച് കഥയെഴുതുവാനുള്ള ഭാവനാവിലാസമൊന്നും തിരക്കഥാകൃത്തുക്കളില്‍ കാണുവാനില്ല. ഭൂതത്തെ പിടിക്കുവാന്‍ നടക്കുന്ന മന്ത്രവാദിക്ക് പ്രത്യേകിച്ചൊരു ലക്ഷ്യം പോലും കഥാകൃത്തുക്കള്‍ നല്‍കിയിട്ടില്ല. കുറേ ആഭരണങ്ങളും പണവുമൊക്കെ ലോക്കറില്‍ നിന്നുമെടുത്ത് ഗുഹയില്‍ പെട്ടിയിലടയ്ക്കുവാനാണോ ഭൂതവും വടിയുമൊക്കെയായി മന്ത്രവാദി മിനക്കെടുന്നത്? ഇതു രണ്ടും കൈയിലുണ്ടെങ്കില്‍ ഭൂലോകം തന്നെ കാല്‍ക്കീഴിലാവും എന്നും പറഞ്ഞാണ് ചിത്രം തുടങ്ങുന്നത് എന്നു കൂടി ആലോചിക്കണം! എന്നിരുന്നാലും ഇടയ്ക്കിടെ പൊട്ടിപ്പോവുന്ന രസച്ചരട് വീണ്ടും കൂട്ടിയിണക്കി കഥ മുഷിയാതെ മുന്നോട്ടു കൊണ്ടുപോവുന്നതില്‍ ഇരുവരും ഒരുപരിധിവരെ വിജയിച്ചിട്ടുണ്ട്.

 സംവിധാനം [ 4/10 ]

കഥയിലെ കുറവുകള്‍ അതേപടി ചിത്രത്തില്‍ പ്രതിഫലിച്ചിരിക്കുന്നു. ചിത്രത്തിനു പലപ്പോഴും തുടര്‍ച്ച നഷ്ടമാവുന്നുവെന്നു മാത്രമല്ല, ഓരോന്നു കാണുമ്പോഴും ‘ഇതിലെന്തു യുക്തി!’ എന്നു നെറ്റി ചുളിക്കേണ്ടതായും വരുന്നു! നിറം മങ്ങിയ ഗാനരംഗങ്ങളും, അപക്വമായ ആക്ഷന്‍ രംഗങ്ങളും ചിത്രത്തില്‍ കല്ലുകടിയാണ്; ഇവിടെയൊക്കെ സംവിധായകന് കൂടുതല്‍ ശ്രദ്ധ നല്‍കാമായിരുന്നു. മമ്മൂട്ടിയേയോ കാവ്യ മാധവനേയോ മറ്റ് താരങ്ങളേയോ വേണ്ട പോലെ ഉപയോഗിക്കുന്നതിലും ജോണി ആന്റണി പിന്നിലായി. രണ്ടരമണിക്കൂറോളമുള്ള സിനിമയില്‍ ഇടയ്ക്കിടെ ചില നര്‍മ്മരംഗങ്ങള്‍ തിരുകി അധികം മുഷിപ്പിക്കാതെ കഥപറഞ്ഞു തീര്‍ത്തു എന്നതുമാത്രം സംവിധായകന്റെ മികവായി പറയാം.

 അഭിനയം [ 5/10 ]

ഭൂതമായും ജിമ്മി എന്ന തെരുവു സര്‍ക്കസുകാരനായും, ഇരട്ടവേഷങ്ങളിലാണ് ചിത്രത്തില്‍ മമ്മൂട്ടിയെത്തുന്നത്. ജിമ്മിയെ അവതരിപ്പിക്കുവാന്‍ മമ്മൂട്ടിക്ക് അധികം വിയര്‍പ്പൊഴുക്കേണ്ടി വന്നിട്ടില്ല, ഭൂതമാവട്ടെ അവതരിപ്പിച്ചു വന്നപ്പോളൊരു കോമാളിയായിപ്പോവുകയും ചെയ്തു! ‘തുറുപ്പുഗുലാനി’ലെ അച്ഛന്‍ കഥാപാത്രത്തിന്റെ തുടര്‍ച്ചയായി ഇന്നസെന്റിന്റെ കൃഷ്ണേട്ടനെന്ന കഥാപാത്രം. കാവ്യ മാധവന്‍, രാജന്‍ പി. ദേവ്, സുരേഷ് കൃഷ്ണ തുടങ്ങി മറ്റു നടീനടന്മാര്‍ക്കാര്‍ക്കും കാര്യമായൊന്നും ചെയ്യുവാനില്ല. സുരാജ് വെഞ്ഞാറമ്മൂടിന്റേയും സലിം കുമാറിന്റെയും കഥാപാത്രങ്ങള്‍ ചിലപ്പോഴൊക്കെ പ്രേക്ഷകരെ ചിരിപ്പിക്കുന്നതില്‍ വിജയിക്കുന്നുണ്ട്. മഹാദേവന്‍ അവതരിപ്പിച്ച മന്ത്രവാദിയും കണ്ടു ശീലിച്ചതു തന്നെ.

 സാങ്കേതികം [ 3/5 ]

ഫാന്റസി ചിത്രങ്ങളിലെ വിസ്മയകരമായ ദൃശ്യാനുഭവം പ്രതീക്ഷിച്ചെത്തുന്നവര്‍ക്ക് ഉത്പല്‍ വി. നായനാരുടെ ഛായാഗ്രഹണം തൃപ്തി നല്‍കില്ല. രാജാമണിയുടെ പിന്നണി സംഗീതശകലങ്ങളും ശരാശരി മലയാള സിനിമകളില്‍ നിന്നും ഉയരുന്നില്ല. രഞ്ജന്‍ എബ്രഹാമിന്റെ ചിത്രസംയോജനവും മനു ജഗത്തിന്റെ കലാസംവിധാനവും തരക്കേടില്ലെന്നു മാത്രം. ദുര്‍ഗാപ്രസാദിന്റെ പക്വതയുള്ള ഗ്രാഫിക് ഇഫക്ടുകളിലൂടെയാണ് ‘ഈ പട്ടണത്തിലെ ഭൂതം’ അല്പമെങ്കിലും മറ്റു ചിത്രങ്ങളില്‍ നിന്നും വേറിട്ടു നില്‍ക്കുന്നത്.

 പാട്ട്, നൃത്തം, ആക്ഷന്‍ [ 2/5 ]

ഗിരീഷ് പുത്തഞ്ചേരി എഴുതി, നവാഗത സംഗീതസംവിധായകന്‍ ഷാന്‍ റഹ്മാന്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനങ്ങള്‍ ചിത്രത്തിനൊരു ബാധ്യതയാണ്. കാര്യമായ ചിത്രീകരണമികവോ ശ്രവ്യസുഖമോ ഇതിലെ ഗാനങ്ങള്‍ക്ക് അവകാശപ്പെടുവാനില്ല. പിന്നെയും ഭേദമെന്നു പറയാവുന്നത് വിജയ് യേശുദാസിന്റെ ശബ്ദത്തിലുള്ള “മാമരങ്ങളേ ഒരു മഞ്ഞുകൂട്...” എന്ന ഗാനമാണ്. മാഫിയ ശശി ഒരുക്കിയിരിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ക്ക് പലയിടത്തും സ്വാഭാവികത നഷ്ടമായി. ബൈക്കിലും കുതിരപ്പുറത്തുമൊക്കെ ചാടിക്കയറുന്ന ഷോട്ടുകള്‍, കുറഞ്ഞ പക്ഷം കയറുകെട്ടിയല്ല സാധ്യമാക്കിയിരിക്കുന്നത് എന്നെങ്കിലും തോന്നിക്കണ്ടേ! മമ്മൂട്ടിക്കു പറ്റുന്ന നൃത്തച്ചുവടുകളൊരുക്കുക എളുപ്പമല്ല എന്നതു കൂടി കണക്കിലെടുക്കുമ്പോള്‍, ദിനേഷും കൂള്‍ ജയന്തും ചേര്‍ന്ന് തരക്കേടില്ലാതെ നൃത്തരംഗങ്ങള്‍ ഒപ്പിച്ചെടുത്തിട്ടുണ്ട്.

 ആകെത്തുക [ 4.25/10 ]

കഥയിലൊരു ഭൂതത്തെ തിരുകിയെന്നതു കൊണ്ടു മാത്രം ഒരു ചിത്രം ഫാന്റസിയാവുമോ? ചിത്രത്തിന്റെ അണിയറക്കാര്‍ക്ക് അങ്ങിനെയൊരു ധാരണയാണ് ഉള്ളതെന്നു തോന്നുന്നു. ഭൂതമോ ഭൂതത്തിന്റെ ചെയ്തികളോ കഥയ്ക്ക് ഒരു അനിവാര്യതയേ ആവുന്നില്ല. മുന്‍പിറങ്ങിയിട്ടുള്ള ഭൂതച്ചിത്രങ്ങളില്‍ നിന്നും പുതുതായി എന്തെങ്കിലും ചിത്രത്തില്‍ കാണുവാനുമില്ല. കുട്ടികള്‍ക്കായുള്ള ചിത്രമാണ്, അതിനാലത്രയൊന്നും ഗൌരവത്തില്‍ കഥയോ സംഭവങ്ങളോ വിലയിരുത്തേണ്ടതില്ല എന്നാണെങ്കില്‍ സുരാജിന്റെ കഥാപാത്രം പറയുന്നതു നോക്കുക: “അടുത്ത ജന്മത്തിലിവനെന്റെ അച്ഛനായി ജനിച്ചാല്‍ മതിയായിരുന്നു; എങ്കിലവനെ പട്ടിണിക്കിട്ട് കൊല്ലാമായിരുന്നു”. ഇത്തരം തമാശകളും(?) സലിം കുമാറിന്റെ ചില ഡയലോഗുകളും കുട്ടികളോടു തന്നെയാണോ സംവിധായകന്‍ പറഞ്ഞിരിക്കുക? ഇങ്ങിനെയൊക്കെയുള്ള ചില്ലറ തമാശകള്‍ കൊണ്ട് തൃപ്തരാവുന്നവര്‍ക്ക് അധികം പ്രതീക്ഷകളില്ലാതെ പോയാല്‍ നിരാശപ്പെടേണ്ടി വരില്ലാത്ത ഒരു ചിത്രം, അങ്ങിനെയൊരു ചുരുക്കെഴുത്താവും ഈ ‘ഭൂത’ത്തിന് യോജിക്കുക.

Description: Ee Pattanathil Bhootham - A Malayalam (Malluwood) film directed by Johny Antony; Starring Mammootty, Kavya Madhavan, Innocent, Mahadevan, Janardhanan, Rajan P. Dev, Salim Kumar, Suraj Venjaramoodu, Suresh Krishna, Bindu Panicker, Sajitha Beti, Sphadikom George, Bheeman Raghu, Cochin Haneefa, Baburaj, Undapakru, Thilakan; Produced by S. Benchamin, K. Kuttikrishnan; Story, Screenplay and Dialogues by UdayaKrishna, Sibi K. Thomas; Camera (Cinematography) by Uthpal V. Nayanar; Editing by Ranjan Abraham; Art Direction by Manu Jagadh; Stunts (Action) by Mafia Sasi; Background Score by Rajamany; Effects (Graphics) by Durga Prasad; Titles by ; Make-up by ; Lyrics by Gireesh Puthencheri; Music by Shaan Rahman; Choreography by Dinesh, Cool Jayanth; Audio Recording by ; Film Review in Malayalam by Hareesh N. Nampoothiri aka Haree | ഹരീ for Chithravishesham (Chitravishesham) Blog. July 09 2009 Release.
--

Featured Videos

Trailer: Unnam

Unnam: A film by Sibi Malayil starring Asif Ali, Lal, Rima Kallingal, Swetha Menon etc.

WATCH VIDEO
Teaser: Second Show

Second Show: A film by Srinath Rajendran starring Dulquer Salman Gauthami Nair etc.

WATCH VIDEO
Trailer: Njanum Ente Familiyum

Njanum Ente Familiyum: A film by K.K. Rajeev starring Jayaram, Mamta Mohandas etc.

WATCH VIDEO