Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

Total Visitors
(Since Nov'06)

Saturday, September 26, 2009

റോബിന്‍ ഹുഡ് (Robinn Hood)

Robinn Hood by Joshiy starring PrithviRaj, Bhavana, Narain, Jayasuriya, Samvritha Sunil. A film review in Malayalam by Haree for Chithravishesham.
മലയാളസിനിമയിലെ അഭിനേതാക്കളുടെ ഒരു റാമ്പ് ഷോയായി മാറിയ ‘ട്വന്റി 20’യ്ക്കു ശേഷം ജോഷിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ചിത്രമാണ് ‘റോബിന്‍‌ഹുഡ്’. ‘ക്ലാസ്‌മേറ്റ്സ്’, ‘ചോക്ലേറ്റ്’ എന്നീ ചിത്രങ്ങള്‍ മലയാളികള്‍ക്കു സമ്മാനിച്ച പി.കെ. മുരളീധരനും ശാന്ത മുരളിയുമാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ‘ചോക്ലേറ്റി’ലൂടെ തിരക്കഥാരചനയില്‍ അരങ്ങേറ്റം കുറിച്ച സച്ചി-സേതു ദ്വയമാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. പൃഥ്വിരാജിനൊപ്പം നരേന്‍, ജയസൂര്യ, ഭാവന, സംവൃത സുനില്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രം ബുദ്ധിശാലിയായ ഒരു ഹൈടെക് കള്ളന്റെ കഥയാണ് പറയുന്നത്.

 കഥയും, കഥാപാത്രങ്ങളും
[ 4/10 ]

‘റോബിന്‍ ഹുഡ്’ എന്നു കേള്‍ക്കുമ്പോള്‍ ഓര്‍മ്മ വരിക പശ്ചാത്യനാടോടി കഥകളിലെ, കൊള്ളമുതല്‍ പാവപ്പെട്ടവര്‍ക്കു വീതിച്ചു നല്‍കുന്ന വീരനായ തസ്കരനെയാണ്. അത്തരത്തില്‍ ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കുന്നതില്‍ വിശ്വസിക്കുന്ന ഒരു കള്ളനെയാണ് സച്ചിയും സേതുവും ഈ ചിത്രത്തില്‍ സൃഷ്ടിച്ചിരിക്കുന്നത്. പ്രമേയവും തുടക്കത്തിലെ മോഷണങ്ങളുമൊക്കെ അല്പം തലപുകച്ചു തന്നെയാണ് ഇരുവരും ചേര്‍ന്ന് എഴുതിയത്. എന്നാല്‍ അവസാനഭാഗങ്ങള്‍ തികച്ചും അവിശ്വസിനീയമായ കുറേയേറെ കാര്യങ്ങളായിപ്പോയത് തുടക്കത്തിലെ ഈ മികവിനെ പുറകോട്ടടിക്കുന്നു.

 സംവിധാനം
[ 2/10 ]

സംവിധായകന്‍ ജോഷിയുടെ ഇരുപത്തിയൊന്നാം നൂറ്റാണ്ട് തുടങ്ങിയതിനു ശേഷമുള്ള ചിത്രങ്ങളെടുത്താല്‍ 2005-ല്‍ ഇറങ്ങിയ ‘നരനു’മാത്രമാണ് അല്പമെങ്കിലും മികവ് അവകാശപ്പെടാവുന്നത്. ജോഷിയുടെ മുന്‍‌കാല ചിത്രങ്ങളിലെ പ്രതിനായകന്മാരോടു പോലും തോന്നിയിരുന്ന വൈകാരികമായ അടുപ്പം ഇപ്പോളിറങ്ങുന്ന ചിത്രങ്ങളിലെ കഥാപാത്രങ്ങളോട് പ്രേക്ഷകര്‍ക്കു തോന്നുന്നില്ല. ‘റോബിന്‍‌ ഹുഡി’ന്റെ കാര്യവും വ്യത്യസ്തമല്ല. തിരക്കഥാകൃത്തുക്കള്‍ ഒരുക്കിയ അടിത്തറയില്‍, ഒരു മികച്ച ത്രില്ലര്‍ സൃഷ്ടിക്കുവാനുള്ള അവസരം സംവിധായകന്‍ ഇവിടെ കളഞ്ഞു കുളിച്ചു. ഇത്തരമൊരു കഥയായിട്ടുകൂടി, ചിത്രം കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകന് ഒരവസരത്തിലും ഒരു ഉത്കണ്ഠയും തോന്നുന്നില്ല. അനവസരത്തിലെ ഗാനങ്ങളും, അനാവശ്യ കഥാപാത്രങ്ങളുമൊക്കെയായി ചിത്രം പ്രേക്ഷകരെ മുഷിപ്പിക്കുകയും ചെയ്യുന്നു.

 അഭിനയം
[ 5/10 ]

ചിത്രത്തിലെ ‘റോബിന്‍ ഹുഡ്’, അഥവാ നായകനായ സിദ്ധാര്‍ത്ഥായുള്ള പൃഥ്വിരാജിന്റെ പ്രകടനത്തില്‍ പുതുമ പറയുവാനില്ല. കൂര്‍മ്മ ബുദ്ധിയുള്ള തസ്കരനെ അവതരിപ്പിക്കുന്നതില്‍ കുറേ സ്റ്റൈല്‍ കാണിക്കുക എന്നതിലപ്പുറം എന്തെങ്കിലുമൊരു വ്യത്യസ്തത നല്‍കുവാന്‍ ശ്രമിക്കാമായിരുന്നു. തന്റെ കഥാപാത്രത്തിനു സ്വാഭാവികത നല്‍കുവാന്‍ നരേന്‍ വളരെ ശ്രമപ്പെടുന്നതായി തോന്നിയപ്പോള്‍ ജയസൂര്യയുടെ പോലീസ് വേഷം പ്രത്യേകിച്ചൊരു ചലനവുമുണ്ടാക്കാതെ കടന്നു പോവുന്നു. ഭാവനയേയും സംവൃതയേയും സുന്ദരിമാരായി കാണുന്നവര്‍ക്ക്, അവരെ കാണ്ടുകണ്ടിരിക്കാം; അതിനപ്പുറം അവരുടെ കഥാപാത്രങ്ങള്‍ക്ക് ചിത്രത്തിലൊന്നും ചെയ്യുവാനില്ല. മറ്റു താരങ്ങളില്‍ ബിജു മേനോന്‍, ലെന, ഇടുക്കി ജാഫര്‍, സലിം കുമാര്‍ തുടങ്ങിയവര്‍ തങ്ങളുടെ വേഷങ്ങളോട് നീതി പുലര്‍ത്തി. മറ്റു താരങ്ങള്‍ക്ക് പേരിനു മാത്രമാണ് ചിത്രത്തിലവസരം.

 സാങ്കേതികം
[ 3/5 ]

ഫ്ലാറ്റും ബാങ്കുമൊക്കെയായി പ്രധാനമായും കെട്ടിടങ്ങള്‍ക്കുള്ളിലാണ് കഥയുടെ ഭൂരിഭാഗവും നടക്കുന്നത്. ഇവ കണ്ണിനു മടുപ്പു തോന്നാത്തവണ്ണം ചിത്രീകരിക്കുന്നതില്‍ ഷാജിയും, ചിത്രസന്നിവേശത്തില്‍ രഞ്ജന്‍ എബ്രഹാമും മികവു പുലര്‍ത്തിയപ്പോള്‍ കെട്ടിടങ്ങളുടെ ഉള്‍വശങ്ങള്‍ മോടികൂട്ടുന്നതുമാത്രമായി ജോസഫ് നെല്ലിക്കലിന്റെ കലാസംവിധാനം. താമസിച്ചു വരുന്ന ഫ്ലാറ്റ് കെട്ടിടങ്ങള്‍ക്ക് അങ്ങിനെയൊരു പ്രതീതി നല്‍കുന്നതിലൊന്നും കലാസംവിധായകന്‍ ശ്രദ്ധവെച്ചില്ല. സേതുവിന്റെ ഇഫക്ടുകളും രാജാമണിയുടെ പിന്നണിസംഗീതവും തരക്കേടില്ലാതെ പോവുന്നുണ്ട്.

 പാട്ട്, നൃത്തം, ആക്ഷന്‍
[ 1/5 ]

മിനിസ്ക്രീനില്‍ സിനിമ കാണുമ്പോള്‍ രസം കൊല്ലിയായെത്തുന്ന പരസ്യങ്ങളേക്കാള്‍ ക്ഷമ പരീക്ഷിക്കുന്നവയാണ് തികച്ചും അനാവശ്യമായി ഉള്‍പ്പെടുത്തിയിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍. കൈതപ്രം ദാമോദരന്‍ നമ്പൂതിരി രചിച്ച് എം. ജയചന്ദ്രന്‍ ഈണം നല്‍കിയ ഈ ഗാനങ്ങള്‍ കേട്ടിരിക്കുവാനും ഉതകുന്നവയല്ല. പ്രസന്ന ഒരുക്കിയിരിക്കുന്ന നൃത്തച്ചുവടുകള്‍ക്കും ആകര്‍ഷകത്വം കുറവാണ്. അനല്‍ അരശുവും, പളനി രാജും ചേര്‍ന്നൊരുക്കിയിരിക്കുന്ന സംഘട്ടനരംഗങ്ങള്‍ തരക്കേടില്ലെന്നു മാത്രം.

 ആകെത്തുക
[ 3.75/10 ]

അനീതിക്കിരയായി ജീവിതത്തില്‍ പലതും നഷ്ടമാവുന്ന നായകന്റെ പ്രതികാരം; പ്രമേയത്തില്‍ വ്യത്യസ്തതയൊന്നുമില്ലെങ്കിലും പുതുമയുള്ളൊരു പശ്ചാത്തലം സിനിമയ്ക്കായി കണ്ടെത്തുവാന്‍ സൃഷ്ടാക്കള്‍ക്കു കഴിഞ്ഞു. എന്നാല്‍ ആ പശ്ചാത്തലത്തെ ക്രിയാത്മകമായി അവതരിപ്പിക്കുന്നതിലും, കഥയ്ക്കാവശ്യമായ പിരിമുറുക്കം നല്‍കുന്നതിലും സംവിധായകനോ തിരക്കഥാകൃത്തുക്കളോ വിജയിച്ചില്ല. കൂടുതല്‍ തയ്യാറെടുപ്പുകള്‍ ഇങ്ങിനെയൊരു ചിത്രത്തിന് ആവശ്യമായിരുന്നു. മലയാളസിനിമയില്‍ പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന പഠിച്ച കള്ളന്മാരില്‍ ഒരാളാകുവാന്‍ ‘റോബിന്‍ ഹുഡി’ന് അവസരമുണ്ടായിരുന്നെങ്കിലും, അതിനുള്ള യോഗമില്ലാതെപോയി!

Description: Robinn Hood (Robin Hood / Robinhood) - A Malayalam (Malluwood) film directed by Joshiy; Starring PrithviRaj, Narain, Bhavana, Jayasurya, Samvritha Sunil, Biju Menon, Lena, Janardanan, Sobha Mohan, Salim Kumar, Idukki Jafar; Produced by P.K. Muraleedharan & Santha Murali; Story, Screenplay and Dialogues by Sachi Sethu; Camera (Cinematography) by Shaji; Editing by Ranjan Abraham; Art Direction by Joseph Nellikkal; Stunts (Action) by Anal Arasu, Palani Raj; Background Score by Rajamani; Effects by Sethu; DTS Mixing by ; Titles by ; Make-up by Pandyan; Costumes by S.B. Satheesh; Lyrics by Kaithapram Damodaran Namboothiri; Music by M.Jayachandran; Choreography by Prasanna; Audio Recording by ; Film Review in Malayalam by Hareesh N. Nampoothiri aka Haree | ഹരീ for Chithravishesham (Chitravishesham) Blog. Sep 24 2009 Release.
--

Tuesday, September 22, 2009

വൈരം (Vairam)

Vairam - A film by Nishad M.A. starring Suresh Gopi, Mukesh, Samvritha Sunil; Film Review by Haree for Chithravishesham.
രണ്ടായിരത്തിയെട്ടില്‍ പുറത്തിറങ്ങിയ ‘ആയുധം’ എന്ന ചിത്രത്തിനു ശേഷം സംവിധായകന്‍ നിഷാദ് എം.എ. വീണ്ടുമൊരു ക്രൈം ത്രില്ലറുമായെത്തുകയാണ് ‘വൈര’ത്തിലൂടെ. തമിഴ് നടന്‍ പശുപതി പ്രധാനവേഷത്തിലെത്തുന്ന ഈ ചിത്രത്തില്‍ സുരേഷ് ഗോപി, മുകേഷ്, ധന്യ മേരി വര്‍ഗീസ്, മീര വാസുദേവ് തുടങ്ങിയ പ്രമുഖര്‍ ഉപകഥാപാത്രങ്ങളായെത്തുന്നു. സംവിധായകന്റെ കഥയ്ക്ക് ചെറിയാന്‍ കല്പകവാടി തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്ന ഈ ചിത്രം എന്‍. ശിവ റാവു നിര്‍മ്മിച്ചിരിക്കുന്നു.

 കഥയും, കഥാപാത്രങ്ങളും
[ 1/10 ]

വളരെ ചെറിയ ഒരു കഥാതന്തു, അതു തന്നെ കാര്യമായ പുതുമയൊന്നും അവകാശപ്പെടുവാനില്ലാത്തത്, എത്രത്തോളം വലിച്ചു നീട്ടാമോ, അത്രയും ചെയ്തു മുഷിപ്പിച്ചിട്ടുണ്ട് ഈ ചിത്രത്തില്‍. ജീവിനില്ലാത്ത കുറേ സംഭാഷണങ്ങള്‍ എഴുതി നിറച്ചിരിക്കുന്ന തീര്‍ത്തും അപക്വമായ ഒരു തിരക്കഥയാണ് ചെറിയാന്‍ കല്പകവാടി ഇതിനായി ഒരുക്കിയിരിക്കുന്നത്. ശിവരാജനെന്ന കഥാപാത്രത്തിന്റെ സൃഷ്ടിമാത്രമാണ് ആകെ പറയാവുന്ന ഒരു മികവ്. മലയാള സിനിമയില്‍ ഇതിനുമുന്‍പ് കണ്ടിട്ടില്ലാത്ത കഥാസന്ദര്‍ഭങ്ങള്‍ പേരിനെങ്കിലുമുണ്ടായിരുന്നെങ്കില്‍ സഹിക്കാമായിരുന്നു. ഇതിപ്പോള്‍ പലതില്‍ നിന്നെടുത്ത പലതു കൂട്ടിച്ചേര്‍ത്തൊരു വികൃതരൂപം! ഇതിനൊക്കെ പുറമേയാണ് സംവൃതയുടെ ജേര്‍ണലിസ്റ്റും സുരേഷ് ഗോപിയുടെ വക്കീലും തമ്മിലുള്ള പ്രണയവും സഹിക്കേണ്ടത്!

 സംവിധാനം
[ 2/10 ]

രണ്ടു ചുവടു മുന്നോട്ടെങ്കില്‍ മൂന്നു ചുവട് പിന്നോട്ട് എന്ന രീതിയിലാണ് നിഷാദിന്റെ ചിത്രങ്ങളുടെ ഗ്രാഫ് പോവുന്നത്. എങ്ങിനെ ഭംഗിയായൊരു കഥ പറയാം, കഥാപാത്രങ്ങളെ എങ്ങിനെ അവതരിപ്പിക്കണം, ഗാനങ്ങളെവിടെ എങ്ങിനെ ഉപയോഗിക്കണം എന്നിങ്ങനെ പലതും നിഷാദ് എം.എ. ഇനിയുമേറെ പഠിക്കേണ്ടിയിരിക്കുന്നു. ചില കഥാപാത്രങ്ങള്‍ കൈവരിച്ച മികവിന് സംവിധായകനേക്കാള്‍ പ്രസ്തുത കഥാപാത്രങ്ങളെ അവതരിപ്പിച്ച അഭിനേതാക്കളെ അഭിനന്ദിക്കുന്നതാവും ഉചിതം. ഇടവേളവരെ പ്രേക്ഷകരെ അക്ഷമരാക്കി കടന്നു പോവുന്ന സിനിമ പിന്നെയങ്ങോട്ടും ഗതിപിടിക്കുന്നില്ല. മറ്റൊന്നുമില്ലെങ്കിലും രസമുള്ളൊരു ക്ലൈമാക്സെങ്കിലും ക്രൈം ത്രില്ലറായ ഒരു ചിത്രത്തിനു വേണ്ടേ!

 അഭിനയം
[ 6/10 ]

വൈരമണിയുടെ പിതാവായെത്തുന്ന പശുപതിയുടെ അഭിനയത്തിന് വൈരത്തിന്റെ തിളക്കമാണുള്ളത്. മറ്റു കഥാപാത്രങ്ങളില്‍ തിലകന്‍, ജയസൂര്യ, ഹരിശ്രീ അശോകന്‍, കെ.പി.എ.സി. ലളിത തുടങ്ങിയവര്‍ മികവു പുലര്‍ത്തിയപ്പോള്‍ സംവൃത സുനില്‍, മുകേഷ്, ധന്യ മേരി വര്‍ഗീസ്, മീര വാസുദേവ്, ശ്രീജിത്ത് രവി, മച്ചാന്‍ വര്‍ഗീസ്, അശോകന്‍ തുടങ്ങിയവരൊക്കെ സാമാന്യം തരക്കേടില്ലാതെ തങ്ങളുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സുരേഷ് ഗോപിയാവട്ടെ വന്നു ഡയലോഗു പറഞ്ഞു പോയി എന്നതിനപ്പുറം എന്തെങ്കിലും ചെയ്തതായി തോന്നിയില്ല. മറ്റ് അഭിനേതാക്കള്‍ക്ക് പേരിനു മുഖം കാണിക്കുകയല്ലാതെ കാര്യമായൊന്നും ചെയ്യുവാനില്ല.

 സാങ്കേതികം
[ 1/5 ]

എക്‍സ്‌പോഷര്‍, ഫോക്കസിംഗ് ഇവ പോലും ശ്രദ്ധിക്കാതെയാണ് ഛായാഗ്രാഹകന്‍ സഞ്ജീവ് ശങ്കര്‍ ചിത്രത്തില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. കാണുന്നവരുടെ കണ്ണു വേദനിക്കുന്നത്രയും പ്രകാശത്തിലാണ് സിനിമയിലെ മുക്കാല്‍ പങ്കോളം ദൃശ്യങ്ങളും. അഭിനേതാക്കളുടെ മുഖത്തെ ഭാവങ്ങള്‍ പോലും അറിയുവാന്‍ കഴിയാത്തവണ്ണം ചിത്രങ്ങള്‍ വെളുത്തു പോയിരിക്കുന്നു, പുറംദൃശ്യങ്ങളാണെങ്കില്‍ പറയുകയും വേണ്ട. ഈ തരത്തില്‍ ഗുണം നഷ്ടപ്പെട്ട ഷോട്ടുകള്‍ മുറിച്ചു കളയുവാന്‍ ചിത്രസംയോജകന്‍ സംജത്ത് എം.എച്ച്.ഡി. തുനിഞ്ഞിരുന്നെങ്കില്‍‍, മിച്ചമായി അധികമൊന്നും ഉണ്ടാവില്ലായിരുന്നു. ഗിരീഷ് മേനോന്റെ കലാസംവിധാനവും മുരുകേഷിന്റെ ഇഫക്ടുകളും തരക്കേടില്ല. രാജാമണിയുടെ പശ്ചാത്തലസംഗീതം അസഹ്യമായിത്തുടങ്ങിയിരിക്കുന്നു. ഇതേ ശബ്ദശകലങ്ങള്‍ ഇനിയും എത്ര ചിത്രങ്ങളില്‍ കേള്‍ക്കേണ്ടി വരുമോ ആവോ!

 പാട്ട്, നൃത്തം, ആക്ഷന്‍
[ 2/5 ]

ഗിരീഷ് പുത്തഞ്ചേരിയും എം. ജയചന്ദ്രനും ചേര്‍ന്നൊരുക്കിയിരിക്കുന്ന ഗാനങ്ങളില്‍, നായിക വൈരമണിയെ അവതരിപ്പിക്കുന്ന “നാട്ടുപാട്ടു കേട്ടോ നാഞ്ചിനാട്ട് കാറ്റേ...” എന്ന ശങ്കര്‍ മഹാദേവന്റെ ശബ്ദത്തിലുള്ള ഗാനമൊഴികെ മറ്റൊന്നും ചിത്രത്തിനല്പം പോലും ആവശ്യമെന്നു തോന്നിയില്ല. സുജാതയും ശാന്തിയും ചേര്‍ന്നൊരുക്കിയിരിക്കുന്ന പ്രസ്തുത ഗാനത്തിലെ നൃത്തച്ചുവടുകളും ആകര്‍ഷകമാണ്. മാഫിയ ശശിയുടെ സംഘട്ടനരംഗങ്ങള്‍ പ്രത്യേകിച്ചൊരു പുതുമയുമില്ലാതെ കടന്നു പോവുന്നു. അവ അധികം വലിച്ചു നീട്ടിയിട്ടില്ല എന്നതൊരു ആശ്വാസം.

 ആകെത്തുക
[ 3.0/10 ]

ഈ ചിത്രത്തെക്കുറിച്ച് കൂടുതല്‍ പറഞ്ഞ് ഇനി വായനക്കാരെക്കൂടി മുഷിപ്പിക്കുന്നില്ല. “എം.നിഷാദിനോടും സംഘത്തോടും കാണികള്‍ക്ക് ‘വൈരം’ തോന്നിപ്പിക്കുന്ന ഒരു ചിത്രം!” എന്നൊരൊറ്റ വരിയില്‍ ആകെത്തുക ചുരുക്കുന്നു.

Description: Vairam - A Malayalam (Malluwood) film directed by Nishad M.A.; Starring Pasupathi, Suresh Gopi, Dhanya Mary Varghese, Meera Vasudev, Mukesh, Samvritha Sunil, Asokan, Jayasurya, Thilakan, KPAC Lalitha, Sai Kumar, Harisree Asokan, Machan Varghese, Rekha, Sivaji Guruvayur, Sreejith Ravi, Ambika, Balachandran Chullikkad; Produced by N. Shiva Rao; Story by Nishad M.A.; Screenplay and Dialogues by Cheriyan Kalpakavadi; Camera (Cinematography) by Sanjeev Shankar; Editing by Samjith Mhd.; Art Direction by Girish Menon; Stunts (Action) by Mafia Sasi; Background Score by Rajamani; Effects by Murukesh; DTS Mixing by ; Titles by ; Make-up by ; Costumes by ; Lyrics by Gireesh Puthenchery; Music by ; Choreography by ; Audio Recording by ; Film Review in Malayalam by Hareesh N. Nampoothiri aka Haree | ഹരീ for Chithravishesham (Chitravishesham) Blog. Sep 20 2009 Release.
--

Monday, September 21, 2009

ലൗഡ് സ്പീക്കര്‍ (Loud Speaker)

Loud Speaker by Jayaraj; Starring Mammootty, Sasi Mohan, Gracy Singh; Film review by Haree for Chithravishesham.
മമ്മൂട്ടിയുടെ സാധാരണക്കാരന്‍ വേഷങ്ങള്‍ കുടുംബസദസുകള്‍ക്ക് എന്നും പ്രിയപ്പെട്ടവയാണ്. അത്തരമൊരു വേഷത്തില്‍ മമ്മൂട്ടി വീണ്ടുമെത്തുകയാണ് ‘ലൗഡ് സ്പീക്കറി’ലൂടെ. സമാന്തരസിനിമയായി കണക്കാക്കാവുന്ന ‘ഗുല്‍മോഹറി’നു ശേഷം സംവിധായകന്‍ ജയരാജ്, ജനപ്രിയ സിനിമകളുടെ ചേരുവകളിലാണ് ‘ലൗഡ് സ്പീക്കര്‍’ ഒരുക്കിയിരിക്കുന്നത്. നായകനായെത്തുന്ന മമ്മൂട്ടിയോടൊപ്പം ഗ്രേസി സിംഗ്, ശശി കുമാര്‍ എന്നിവരില്‍ തുടങ്ങി ഒരു നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്. പി.വൈ. ജോസിനോട് ചേര്‍ന്നെഴുതിയിരിക്കുന്ന കഥയ്ക്ക് തിരക്കഥ, സംഭാഷണം എന്നിവ തയ്യാറാക്കിയിരിക്കുന്നതും; ഇതിനെല്ലാം പുറമേ ചിത്രത്തിനു വേണ്ടി പണം മുടക്കിയിരിക്കുന്നതും ജയരാജ് തന്നെ.

 കഥയും, കഥാപാത്രങ്ങളും
[ 6/10 ]

എടുത്തു പറയുവാനൊരു കഥ ചിത്രത്തിനില്ല. എന്നാലതൊരു കുറവായി കാണികള്‍ക്കു തോന്നുകയില്ല എന്നയിടത്താണ് തിരക്കഥാകൃത്ത് കൂടിയായ സംവിധായകന്റെ വിജയം. കൗതുകം തോന്നിക്കുന്ന ഒരു പിടി കഥാപാത്രങ്ങളെ ജയരാജിതില്‍ വരച്ചിടുന്നുണ്ട്. അവരുടെ ചില ജീവിതസന്ദര്‍ഭങ്ങളാണ് ചിത്രത്തിലെ പ്രതിപാദ്യം. ഉള്ളുതുറന്നു ചിരിക്കുവാന്‍ പാകത്തില്‍ ഒരുക്കിയിരിക്കുന്ന തികച്ചും സ്വാഭാവികങ്ങളായ സംഭാഷണങ്ങളും രംഗങ്ങളുമാണ് ചിത്രത്തിന്റെ ജീവന്‍. ചെറിയൊരു കഥാതന്തു രണ്ടേകാല്‍ മണിക്കൂറോളം വലിച്ചു നീട്ടി എന്നത് ചിത്രത്തിന്റെ ആകര്‍ഷണീയത അല്പം കുറയ്ക്കുന്നുണ്ട്.

 സംവിധാനം
[ 6/10 ]

അഭിനേതാക്കളെ വേണ്ടും വണ്ണം ഉപയോഗിച്ചിരിക്കുന്നതിലും, ചെറുവേഷങ്ങള്‍ പോലും സൂക്ഷ്മതയോടെ കൈകാര്യം ചെയ്യുന്നതിലും സംവിധായകന്‍ മികവു പുലര്‍ത്തി. സിനിമ അല്പം കൂടി വേഗത്തില്‍ പറയുകയും പ്രത്യേകിച്ച് ചിത്രത്തിലൊരു പ്രാധാന്യവുമില്ലാത്ത ചില ഗാനങ്ങള്‍ ഒഴിവാക്കുകയും ചെയ്തിരുന്നെങ്കില്‍ ചിത്രം ഇനിയും മികച്ചതാവുമായിരുന്നു. ഗാനരംഗങ്ങള്‍ക്കും പറയത്തക്ക ആകര്‍ഷണീയത കൈവരിക്കുവാന്‍ സംവിധായകനായില്ല. ചിലയിടത്തെ കുട്ടികളുടെ അഭിനയം പറഞ്ഞു ചെയ്യിക്കുന്നതുപോലെ തോന്നി എന്നതും സംവിധാനത്തിലെ പരിമിതിയായി കാണാം.

 അഭിനയം
[ 8/10 ]

ശുദ്ധനും നേരേ വാ നേരേ പോ പ്രകൃതക്കാരനുമായ ഇടുക്കിക്കാരന്‍ അച്ചായന്‍, മൈക്കിനെ മമ്മൂട്ടി ഗംഭീരമാക്കി. അടുത്ത കാലത്തിറങ്ങിയ ചിത്രങ്ങളിലൊന്നും മമ്മൂട്ടി ഇത്രയും അനായാസമായി അഭിനയിക്കുന്നത് കണ്ടിട്ടില്ല. സംഭാഷണങ്ങള്‍ക്കും മുഖഭാവങ്ങള്‍ക്കുമൊപ്പം ശരീരഭാഷയില്‍ പോലും വ്യത്യസ്തത പുലര്‍ത്തുവാന്‍ മമ്മൂട്ടിക്കിതില്‍ കഴിഞ്ഞു. രഞ്ജിത് അമ്പാടിയുടെ മേക്കപ്പും കുമാര്‍ എടപ്പാളിന്റെ വേഷവിധാനങ്ങളും മമ്മൂട്ടിയെ നന്നായി തുണച്ചിട്ടുമുണ്ട്. തുല്യപ്രാധാന്യമുള്ള മേനോന്‍ സാര്‍ എന്ന വേഷത്തിലെത്തുന്ന ശശി കുമാറും തന്റെ ഭാഗം ഭംഗിയാക്കി. ഗ്രേസി സിംഗ് അവതരിപ്പിക്കുന്നു എന്ന കൗതുകത്തിനപ്പുറം ആനി എന്ന കഥാപാത്രം ചിത്രത്തിനൊരു അനിവാര്യതയല്ല. മറ്റു വേഷങ്ങളിലെത്തിയ സലിം കുമാര്‍, കൊച്ചിന്‍ ഹനീഫ, ജഗതി ശ്രീകുമാര്‍, സുരാജ് വെഞ്ഞാറമ്മൂട്, കെ.പി.എ.സി. ലളിത, കലാമണ്ഡലം ഗോപി, അനൂപ് മേനോന്‍, ജനാര്‍ദ്ദനന്‍, ഭീമന്‍ രഘു, കല്പന, ഹരിശ്രീ അശോകന്‍, അഗസ്റ്റ്യന്‍, ഉണ്ണികൃഷ്ണന്‍ നമ്പൂതിരി തുടങ്ങിയവരും തന്താങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തി.

 സാങ്കേതികം
[ 3/5 ]

വ്യത്യസ്തത തോന്നിക്കുന്ന ചില ദൃശ്യകോണുകളാലും, ഒന്നില്‍ നിന്നു മറ്റൊന്നിലേക്ക് ഫോക്കസ് മാറ്റിയുള്ള ചിത്രീകരണചാരുതയാലും ഗുണശേഖരന്റെ ക്യാമറ വ്യത്യസ്തത പുലര്‍ത്തുന്നു. ഒരാളില്‍ നിന്നു മറ്റൊരാളിലേക്ക് മാറി മാറി ഫോക്കസ് ചെയ്യുന്നതിനിടയില്‍ ചില രംഗങ്ങള്‍ പൂര്‍ണമായും ഫോക്കസിനു പുറത്തായിപ്പോയി എന്നൊരു കുറവുമുണ്ട്. ഒരു ഗാനരംഗത്തില്‍ തുടര്‍ച്ച വകവെയ്ക്കാതെ ചെയ്ത ചില എഡിറ്റിംഗ് കസര്‍ത്തുകളൊഴിച്ചു നിര്‍ത്തിയാല്‍ വിജയ് ശങ്കറിന്റെ ചിത്രസംയോജനം മികവു പുലര്‍ത്തി. പ്രശാന്ത് മാധവിന്റെ കലാസംവിധാനം ചിത്രത്തോട് ചേര്‍ന്നു പോവുന്നു. കഥാപാത്രങ്ങള്‍ എവിടെ നിന്നു പറഞ്ഞാലും ഒരേ ശബ്ദത്തില്‍ കേള്‍ക്കുക എന്നതില്‍ നിന്നും വ്യത്യസ്തമായി ഹരികുമാര്‍ ഒരുക്കിയിരിക്കുന്ന ശബ്ദവിന്യാസവും ശ്രദ്ധേയമാണ്.

 പാട്ട്, നൃത്തം, ആക്ഷന്‍
[ 3/5 ]

അനില്‍ പനച്ചൂരാന്‍ എഴുതി ബിജിബാല്‍ സംഗീതം നല്‍കിയിരിക്കുന്ന ഇതിലെ ഗാനങ്ങള്‍ ഇമ്പമുള്ളവയാണ്. വാദ്യങ്ങള്‍ വളരെ മിതമായി ഉപയോഗിച്ചിരിക്കുന്നതിനാല്‍ സമകാലീന സിനിമകളിലെ ബഹളമയമായ ഗാനങ്ങളില്‍ നിന്നും ഇവ വേറിട്ടു നില്‍ക്കുന്നു. ചില ഗാനങ്ങളില്‍ ഇടയ്ക്കിടെ നായകന്റെ ശബ്ദം ഉപയോഗിച്ചിരിക്കുന്നതും രസകരമായി. എന്നാല്‍ ചിലവ അനവസരത്തിലായതും, ചിത്രീകരണത്തിലെ കുറവുകളും ഗാനങ്ങളുടെ മാറ്റു കുറയ്ക്കുന്നു. ഒരു തല്ല് പേരിനിരിക്കട്ടെ എന്നു കരുതി മാത്രം ചേര്‍ത്തിരിക്കുന്ന സംഘട്ടനരംഗം മാഫിയ ശശി ഒതുക്കത്തില്‍ ചെയ്തിട്ടുണ്ട്.

 ആകെത്തുക
[ 6.50/10 ]

പീലിപ്പോസെന്ന മൈക്കായി മമ്മൂട്ടിയും, മേനോനായി ശശി കുമാറും, ഇവരെ ചുറ്റിപ്പറ്റിയുള്ള കഥാപാത്രങ്ങളായി മറ്റ് അഭിനേതാക്കളും; ഇവരെല്ലാവരും ഒത്തിണക്കത്തോടെ അഭിനയിച്ചിരിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ വിജയം. കുടുംബസദസുകള്‍ക്ക് അഹ്ലാദിക്കുവാന്‍ ഏറെ വക നല്‍കുന്നതിനൊപ്പം ആരാധകര്‍ക്ക് കൈയ്യടിക്കുവാനുള്ളതും ചിത്രത്തിലുണ്ട്. താരപരിവേഷത്തിലേക്ക് കഥാപാത്രങ്ങളെ എത്തിക്കുന്നതിനു പകരം, കഥാപാത്രങ്ങളിലേക്ക് ഇറങ്ങി ചെന്ന് അവയ്ക്കു ജീവന്‍ കൊടുക്കുക എന്നതിനാണ് അഭിനേതാക്കള്‍ പ്രാധാന്യം നല്‍കേണ്ടത്. മമ്മൂട്ടി അതിനു തയ്യാറായതിന്റെ മെച്ചം ഈ ചിത്രത്തില്‍ കാണുവാന്‍ കഴിയും. ആ ഒരൊറ്റ മികവിന്റെ ബലത്തില്‍, ‘ലൗഡ് സ്പീക്കറി’ന്റെ മുഴക്കം ഇനി വരുന്ന ചില മാസങ്ങളോളം തിയേറ്ററുകളില്‍ മുഴങ്ങുമെന്നു തന്നെ കരുതണം.

Description: Loud Speaker - A Malayalam (Malluwood) film directed by Jayaraj; Starring Mammootty, Gracy Singh, Jagathy Sreekumar, Salim Kumar, Suraj Venjaramoodu and Cochin Haneefa, Guiness Pakru; Produced by Jayaraj, P.A. Sebastin (TIME ADS); Story by Jayaraj & P.Y. Jose; Screenplay and Dialogues by Jayaraj; Camera (Cinematography) by Gunasekaran DFT; Editing by Vijay Sankar; Art Direction by Prashanth Madhav; Stunts (Action / Thrills) by Mafia Sasi; Background Score by ; Sound Effects by ; DTS Mixing by ; Titles by ; Make-up by Ranjith Ambady, George; Costumes by Kumar Edappal; Lyrics by Anil Panachooran; Music by Bijibal; Choreography by ; Audio Recording (Sound Design)by M. Harikumar; Film Review in Malayalam by Hareesh N. Nampoothiri aka Haree | ഹരീ for Chithravishesham (Chitravishesham) Blog. Sep 20 2009 Release.
--

Saturday, September 19, 2009

ഉന്നൈപ്പോല്‍ ഒരുവന്‍ (Unnaipol Oruvan)

Unnaipol Oruvan: Starring Kamal Haasan & Mohanlal. Film Review for Chithravishesham by Haree.
എ വെനസ്‌ഡേ’, ‘മുംബേ മേരി ജാന്‍’, ‘ആമിര്‍’ തുടങ്ങിയ 2008-ല്‍ പുറത്തിറങ്ങിയ ചിത്രങ്ങളൊക്കെയും അവ മുന്‍പോട്ടു വെച്ച തീവ്രവാദത്തിനെതിരായ നിലപാടുകളാലും, പക്വമായ നിര്‍വഹണത്താല്‍ കൈവരിച്ച കലാമൂല്യത്താലും; സൂപ്പര്‍ താരങ്ങളുടെ സാന്നിധ്യമില്ലാതെ തന്നെ ശ്രദ്ധ നേടിയ ചിത്രങ്ങളാണ്. റോണി സ്‌ക്രൂവാല നിര്‍മ്മിച്ച് യു.ടി.വി. മോഷന്‍ പിക്‍ചേഴ്സ് വിതരണം ചെയ്തവയാണ് ഈ ചിത്രങ്ങളെല്ലാം. ഹിന്ദിയില്‍ നീരജ് പാണ്ഡേ സംവിധാനം ചെയ്ത ‘എ വെനസ്‌ഡേ’യുടെ തമിഴ് പതിപ്പാണ് ചക്രി ടോളറ്റിയുടെ സംവിധാനത്തില്‍ കമല്‍ ഹാസന്‍, മോഹന്‍‌ലാല്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ‘ഉന്നൈപ്പോല്‍ ഒരുവന്‍’. (തെലുഗില്‍ ഇതേ ചിത്രം തന്നെ ‘ഈനാട്’ എന്ന പേരില്‍ പുറത്തിറങ്ങുന്നു. മോഹന്‍‌ലാലിനു പകരം വെങ്കടേഷാണെന്നു മാത്രം.) കമല്‍ ഹാസന്‍, റോണി സ്‌ക്രൂവാല എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

 കഥയും, കഥാപാത്രങ്ങളും
[ 7/10 ]

നീരജ് പാണ്ഡേയുടെ മൂലകഥയില്‍ കാര്യമായ മാറ്റങ്ങളൊന്നും തിരക്കഥാകൃത്തായ കമല്‍ ഹാസന്‍ ഈ ചിത്രത്തില്‍ വരുത്തിയിട്ടില്ല. ഈര മുരുകന്‍ തയ്യാറാക്കിയ സംഭാഷണങ്ങള്‍ ഏറെയും ഹിന്ദിയുടെ തനി വിവര്‍ത്തനമാണ്. മാറ്റം വരുത്തിയ ചിലത് കല്ലുകടിയുമാണ്. ‘എ വെനസ്‌ഡേ’ കണ്ടിട്ടുള്ളവരെ ആകര്‍ഷിച്ചിരുത്തുവാനൊന്നും ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കുറച്ചെന്തെങ്കിലും മാറ്റവും പുതുമയും കൊണ്ടുവരുവാനൊരു ശ്രമം ആവാമായിരുന്നു. ‘എ വെനസ്‌ഡേ’യുടെ പരിണാമഗുപ്തിയില്‍, വലിയൊരു റണ്‍‌വേയുടെ നടുക്ക് നീളത്തിലൊരു ബഞ്ചൊക്കെ കൊണ്ടിട്ടത് അല്പം രസം കുറച്ചെങ്കില്‍, ഇവിടെ ആ പ്രശ്നം പരിഹരിച്ചിട്ടുണ്ട്. എന്നാല്‍ തുടക്കത്തില്‍ കുറേ ഒഴിഞ്ഞ ബാഗുകള്‍ പലയിടത്തായി ‘കോമണ്‍ മാന്‍’ സ്ഥാപിക്കുന്നതെന്തിനാണെന്നു മനസിലായില്ല!

 സംവിധാനം
[ 6/10 ]

നീരജ് പാണ്ഡേ മനോഹരമായി സംവിധാനം നിര്‍വ്വഹിച്ച ‘എ വെനസ്‌ഡേ’ കണ്ടവര്‍ക്ക് ഒരുപക്ഷെ ഇതിലെ ചക്രി ടോളറ്റിയുടെ സംവിധാനം അത്ര തൃപ്തി നല്‍കണമെന്നില്ല. മുന്‍പിറങ്ങിയ ചിത്രത്തിലെ കുറവുകള്‍ പരിഹരിച്ച്, കൂടുതല്‍ മനോഹരമാക്കുവാനുള്ള അവസരം ചക്രി ഉപയോഗപ്പെടുത്തിയതുമില്ല. കമല്‍ ഹാസന്‍, മോഹന്‍‌ലാല്‍ എന്നിവരൊഴികെയുള്ള മറ്റ് അഭിനേതാക്കളെ വേണ്ടും വണ്ണം ഉപയോഗിക്കുന്നതിലും സംവിധായകന്‍ പിന്നിലായി. ഒരുപക്ഷെ, ‘എ വെനസ്ഡേ’ കാണാതെ ഇതു കാണുന്നവര്‍ക്ക് ഈ കുറവുകള്‍ അത്ര അനുഭവപ്പെടണമെന്നില്ല. അതിനു തക്കവണ്ണം മികവ് കൈവരിക്കുവാന്‍ ചക്രി ടോളറ്റിക്ക് സാധിച്ചിട്ടുണ്ട്.

 അഭിനയം
[ 7/10 ]

നസറുദ്ദീന്‍ ഷാ, അനുപം ഖേര്‍; ആരാണ് മെച്ചമെന്നു പറയുവാന്‍ സാധിക്കാത്ത വിധം മത്സരിച്ചഭിനയിച്ച ഇവരുടെ സ്ഥാനത്താണ് കമല്‍ ഹാസനും, മോഹന്‍‌ലാലുമെത്തുന്നത്. ഈ കഥാപാത്രങ്ങളെ മുന്‍ അഭിനേതാക്കളുടെ അനുകരണമാവാതെ, തങ്ങളുടേതായ ഒരു ശൈലിയില്‍ ചെയ്തു വിജയിപ്പിക്കുവാന്‍ ഇരുവര്‍ക്കും സാധിച്ചിട്ടുണ്ട്. ഒരു താരതമ്യമെടുത്താല്‍; നസറുദ്ദീന്‍ ഷായും അനുപം ഖേറും കഥാപാത്രങ്ങളായി ജീവിക്കുകയാണെങ്കില്‍; ഇവിടെ കമല്‍ ഹാസനും മോഹന്‍‌ലാലും കഥാപാത്രങ്ങളായി അഭിനയിക്കുകയായിരുന്നു. ഓരോ നിമിഷവും ഇത് കമലാണ്, ഇത് ലാലാണ് എന്ന് ഇവരെ സ്‌ക്രീനില്‍ കാണുമ്പോള്‍ പ്രേക്ഷകന്‍ ഓര്‍മ്മിക്കുമെന്നു സാരം. മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചവര്‍ മോശമാക്കിയിട്ടില്ലെങ്കിലും, ‘എ വെനസ്‌ഡേ’യിലെ അഭിനേതാക്കളുമായി താരതമ്യം ചെയ്താല്‍ പലയിടത്തും പിന്നിലാണെന്ന് പറയേണ്ടിവരും.

 സാങ്കേതികം
[ 4/5 ]

മനോജ് സോണിയുടെ ഛായാഗ്രഹണം, രാമേശ്വര്‍ എസ്. ഭഗത്തിന്റെ ചിത്രസംയോജനം, തോട്ട തരണിയുടെ കലാസംവിധാനം എന്നിവ ചിത്രത്തിനു മുതല്‍ക്കൂട്ടാണ്. ചിലയിടങ്ങളില്‍ സിനിമ അല്പം മെല്ലെയായതു മാത്രം ചിത്രസംയോജനത്തില്‍ വന്ന ഒരു കുറവായി പറയാം.

 പാട്ട്, നൃത്തം, ആക്ഷന്‍
[ 4/5 ]

ശ്രുതി കെ. ഹാസന്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനങ്ങള്‍ ചിത്രത്തില്‍ ഇടയ്ക്കിടെ പിന്നണിയായെത്തുന്നു. അപ്പോള്‍ രംഗത്തു കാണുന്നവയുടെ സ്വാഭാവിക ശബ്ദങ്ങള്‍ ഇടകലര്‍ത്തിയുള്ള ഈ സംഗീത ശകലങ്ങള്‍ കാഴ്ചയെ അലോസരപ്പെടുത്തുന്നില്ലെന്നു മാത്രവുമല്ല, ചിത്രത്തിന്റെ സ്വഭാവത്തോടു ചേര്‍ന്നു പോവുന്നുമുണ്ട്.

 ആകെത്തുക
[ 7.0/10 ]

അധികം പഴയതല്ലാത്ത ചിത്രങ്ങള്‍ വീണ്ടുമെടുക്കുമ്പോള്‍, യഥാര്‍ത്ഥ ചിത്രം കണാത്തവരെ എന്നപോലെ, ആദ്യചിത്രം കണ്ടവരേയും പിടിച്ചിരുത്തുവാന്‍ തക്കവണ്ണം തിരക്കഥ ഒന്നു പുനഃക്രമീകരിക്കുന്നത് നന്നായിരിക്കും. ഇവിടെ അതുണ്ടാവാത്തതിനാല്‍ തന്നെ ‘എ വെനസ്‌ഡേ’ കണ്ടിട്ടുള്ളവര്‍ക്ക് ഈ സിനിമ ഒരു പുതുമയും സമ്മാനിക്കുന്നില്ല. എന്നു മാത്രവുമല്ല, ‘എ വെനസ്ഡേ’ തന്നെ ആവര്‍ത്തിച്ചു കാണുന്നതാവും ഒരുപക്ഷെ ‘ഉന്നൈപ്പോല്‍ ഒരുവന്‍’ കാണുന്നതിലും നല്ല തീരുമാനവും. എന്നാല്‍ ‘എ വെനസ്ഡേ’ കാണാത്തവര്‍ക്ക് തികച്ചും പുതുമയുള്ള ഒരു ചിത്രമാകുവാന്‍ വേണ്ടതെല്ലാം ഈ കമല്‍ ഹാസന്‍ / മോഹന്‍ലാല്‍ ചിത്രത്തിലുണ്ട്.

Description: Unnaipol Oruvan - A Tamil (Kollywood) film directed by Chakri Toleti; Starring Kamal Haasan, Mohanlal, Ganesh Venkatraman, Dr. Bharath Reddy, Anuja Iyer, Lakshmi; Produced by Kamal Haasan, Ronnie Screwvala; Story by Neeraj Pandey; Screenplay and Dialogues by Kamal Haasan; Camera (Cinematography) by Manoj Soni; Editing by Rameshwar S. Bhagat; Art Direction by Thotta Tharani; Stunts (Action) by ; Background Score by Shruti K. Haasan; Sound Effects by ; DTS Mixing by ; Titles by ; Make-up by ; Costumes by ; Lyrics by Kamal Haasan, Blaaze, Manyusha Puthran; Music by Shruti K. Haasan; Choreography by ; Audio Recording by ; Film Review in Malayalam by Hareesh N. Nampoothiri aka Haree | ഹരീ for Chithravishesham (Chitravishesham) Blog. Sep 18 2009 Release.
--

Tuesday, September 8, 2009

കാണാ കണ്മണി (Kaana Kanmani)

Kaana Kanmani - A film by Akku Akbar starring Jayaram, Padmapriya, Baby Niveditha. A film review by Haree for Chithravishesham.
രണ്ടായിരത്തിയെട്ടില്‍ പുറത്തിറങ്ങിയ ‘വെറുതേ ഒരു ഭാര്യ’യ്ക്കു ശേഷം തിരക്കഥാകൃത്ത് കെ. ഗിരീഷ് കുമാറും സംവിധായകന്‍ അക്കു അക്ബറും വീണ്ടും ഒരുമിക്കുകയാണ് ‘കാണാ കണ്മണി’യില്‍. രണ്ടായിരത്തിയേഴില്‍ അക്കു അക്ബറിന്റെ സംവിധാനത്തില്‍ തന്നെ പുറത്തിറങ്ങിയ ‘ഗൗരി - ദി അണ്‍‌ബോണ്‍’ എന്ന ചിത്രത്തിന്റെ റീമേക്കാണ് ഈ ചലച്ചിത്രം. ജയറാം, പത്മപ്രിയ, ബേബി നിവേദിത തുടങ്ങിയവര്‍ മുഖ്യ കഥാപാത്രമായെത്തുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് നീത ആന്റോ. ഒരു ഹൊറര്‍ ചിത്രമെന്നതിനേക്കാള്‍ പേടിയുടെ മേമ്പൊടിയുള്ളൊരു കുടുംബചിത്രം എന്ന വിശേഷണമാവും ‘കാണാ കണ്മണി’ക്ക് കൂടുതല്‍ യോജിക്കുക.

 കഥയും, കഥാപാത്രങ്ങളും [ 5/10 ]

പുതുമയുള്ളൊരു ആശയം ചലച്ചിത്രരൂപത്തില്‍ ഒരുക്കിയതിന് കഥാകൃത്ത് അക്കു അക്ബറും തിരക്കഥാകൃത്ത് കെ. ഗിരീഷ് കുമാറും അഭിനന്ദനമര്‍ഹിക്കുന്നു. ആവശ്യത്തിനു മാത്രം കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തി, വിഷയത്തിന്റെ ഗൌരവം ചോര്‍ന്നു പോവാതെയാണ് ഗിരീഷ് കുമാര്‍ തിരക്കഥ രചിച്ചിരിക്കുന്നത്. എന്നാല്‍ നല്ലൊരു ആശയം സംവേദിക്കുവാന്‍ (അന്ധ)വിശ്വാസത്തെ കൂട്ടുപിടിച്ചതും; യുക്തിഭദ്രമായി ഒരുക്കുവാന്‍ അവസരം ഉണ്ടായിരിക്കെയും അങ്ങിനെ ചെയ്യാതെയൊരു പ്രേതസിനിമയാക്കുവാന്‍ മനഃപൂര്‍വ്വം ശ്രമിച്ചതും ചിത്രത്തോട് അല്പം അകല്‍ച തോന്നിപ്പിക്കുന്നുണ്ട്. ഭൂരിഭാഗം സംഭാഷണങ്ങളും മികവുപുലര്‍ത്തിയെങ്കിലും, ശിവാനിയുടെ ചില സംഭാഷണങ്ങളും ഉപദേശ സ്വഭാവത്തിലുള്ള മറ്റു ചിലതും കല്ലുകടിയായി അനുഭവപ്പെട്ടു.

 സംവിധാനം [ 6/10 ]

അഭിനേതാക്കളെ കഥയ്ക്കുതകും വിധം ഉപയോഗിച്ചിരിക്കുന്നതില്‍ സംവിധായകന്‍ അക്കു അക്ബര്‍ പ്രശംസയര്‍ഹിക്കുന്നു. ബേബി നിവേദിതയുടെ കഥാപാത്രത്തെ കൈകാര്യം ചെയ്തിരിക്കുന്നതിലും സംവിധായകന്റെ കൈയടക്കം പ്രകടമാണ്. അസ്ഥാനത്തുള്ള ചില ഗാനങ്ങളും പേടിപ്പിക്കുവാനായി മാത്രം ഉള്‍പ്പെടുത്തിയിരിക്കുന്ന ചില രംഗങ്ങളും ഒഴിച്ചു നിര്‍ത്തിയാല്‍ രസവത്തായി കഥ പറഞ്ഞു പോകുവാന്‍ സംവിധായകനു കഴിഞ്ഞിട്ടുണ്ട്. അടിയുറച്ച അന്ധവിശ്വാസികള്‍ക്കു മാത്രം ദഹിക്കുന്ന രീതിയിലൊരു പൊള്ളയായ ക്ലൈമാക്സ് രംഗം വിഭാവനം ചെയ്തതില്‍ മാത്രമാണ് സംവിധയകനോട് ഇഷ്ടക്കേടു തോന്നുന്നത്.

 അഭിനയം [ 8/10 ]

ബേബി നിവേദിത എന്ന ബാലതാരമാണ് ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്. അനഘയുടേയും ശിവാനിയുടേയും വ്യത്യസ്ത ഭാവങ്ങളുടെ മാറിമറിയലുകള്‍ വളരെ വിശ്വാസയോഗ്യമായി അവതരിപ്പിക്കുവാന്‍ നിവേദിതയ്ക്ക് കഴിഞ്ഞു. ബേബി നിവേദിതയെ പിന്തുണച്ചു കൊണ്ട് തങ്ങളുടെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതില്‍ ജയറാമും പത്മപ്രിയയും മിടുക്കു കാട്ടി. ചിത്രത്തിന്റെ തുടക്കത്തിനല്പം അയവു നല്‍കുവാനായി ഉള്‍പ്പെടുത്തിയിരിക്കുന്ന വിജയരാഘവനും സുകുമാരിയും തങ്ങളുടെ ഭാഗം ഭംഗിയാക്കി. നെടുമുടി വേണു, ബിജു മേനോന്‍ എന്നിവരുടെ കഥാപാത്രങ്ങള്‍, സുരാജ് വെഞ്ഞാറമ്മൂടിന്റെ കാര്യസ്ഥന്‍ വേഷം എന്നിവ മാത്രം അല്പം നിറം മങ്ങിയതായി തോന്നിച്ചു.

 സാങ്കേതികം [ 3/5 ]

ചിത്രമാവശ്യപ്പെടുന്ന പിരിമുറുക്കം നല്‍കുവാന്‍ ചിത്രത്തിലെ സാങ്കേതികവിദഗ്ദ്ധര്‍ക്ക് കഴിഞ്ഞിട്ടില്ല. ചിത്രത്തിലെ ചില രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്ന ആംഗിളുകള്‍ രസകരമായി തോന്നിയെങ്കിലും മൊത്തത്തില്‍ നോക്കുമ്പോള്‍ വിപിന്‍ മോഹന്റെ ഛായാഗ്രഹണത്തിന് കാര്യമായ മികവ് പറയുവാനില്ല. രഞ്ജന്‍ എബ്രഹാമിന്റെ എഡിറ്റിംഗും സുരേഷ് കൊല്ലത്തിന്റെ കലാസംവിധാനവും തരക്കേടില്ലാതെ പോവുന്നു. അല്പമാത്രമായ വിഷ്വല്‍ ഇഫക്ടുകള്‍ പലതും തട്ടിക്കൂട്ടി ചെയ്തു എന്നതിനപ്പുറമൊരു കലാവൈദഗ്ദ്ധ്യം അവയില്‍ കാണുവാനില്ല. ശബ്ദലേഖനം കേവലം ബഹളങ്ങളാവാതിരിക്കുവാന്‍ ഈ വിഭാഗത്തില്‍ പ്രവര്‍ത്തിച്ച ചാള്‍സ്, രാജേഷ്, ജിതിന്‍ എന്നിവര്‍ ശ്രദ്ധ നല്‍കിയത് അഭിനന്ദനീയമാണ്.

 പാട്ട്, നൃത്തം, ആക്ഷന്‍ [ 2/5 ]

വയലാര്‍ ശരത് എഴുതി ശ്യാം ധര്‍മ്മന്‍ സംഗീതം നല്‍കിയിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ ശുഷ്കമാണ്. “മുത്തേ മുത്തേ...” എന്ന താരാട്ടുപാട്ട് ചിത്രത്തോടു ചേര്‍ന്നു പോവുന്നുണ്ട്. പ്രാധാന്യത്തിനനുസരിച്ചൊരു മികവ് ആ ഗാനത്തിനു നല്‍കുവാന്‍ രചയിതാവിനോ സംഗീതസംവിധായകനോ കഴിഞ്ഞില്ല എന്നത് ഖേദകരമായി. “ആദമല്ലേ ഈ മണ്ണിലാദ്യം...”, “പെണ്‍‌പൂവോ പൊന്നേ...” എന്നീ ഗാനങ്ങളാവട്ടെ ശാന്തിയൊരുക്കിയ നൃത്തച്ചുവടുകളുടെ രസത്തില്‍ മാത്രം കണ്ടിരിക്കാവുന്നവയാണ്.

 ആകെത്തുക [ 6.0/10 ]

കണ്ടിറങ്ങുന്നവരുടെ മനസിലൊരു നൊമ്പരമായി അവശേഷിക്കുന്ന ബേബി നിവേദിതയുടെ അഭിനയമികവാണ് ചിത്രത്തിനു ജീവന്‍ നല്‍കുന്നത്. അന്ധവിശ്വാസത്തിന്റെ മേലാണ് പൊലിപ്പിച്ചെടുത്തിരിക്കുന്നതെങ്കിലും, ചിത്രം മുന്നോട്ടു വെയ്ക്കുന്ന ആശയങ്ങള്‍ പ്രസക്തമാണ്. സിനിമയുടെ പ്രതിപാദ്യത്തെക്കുറിച്ച് ഒന്നു ചിന്തിക്കാതെ വെറുതേ ഈ ചിത്രം കണ്ടു മറക്കുവാന്‍ ആരാലും കഴിയില്ല; ഒരിക്കലെങ്കിലും ഭ്രൂണഹത്യ ചെയ്തവര്‍ക്കാവട്ടെ, ഉള്ളൊന്നു പിടയാതിരിക്കുകയുമില്ല. സൂപ്പര്‍ സ്റ്റാറുകളുടെ പതിവു കെട്ടുകാഴ്ചകളില്‍ നിന്നും മുക്തമായ ഈ ഓണക്കാലത്ത്, ‘കാണാ കണ്മണി’ പോലെ പുതുമയുള്ളൊരു ചിത്രം വിജയിക്കുമെന്നു തന്നെ കരുതാം.

Description: Kana Kanmani (Kanakkanmani) - A Malayalam (Malluwood) film directed by Akku Akbar (Aku Akbar); Starring Jayaram, Padmapriya, Baby Niveditha, Biju Menon, Suraj Venjaramoodu, Nedumudi Venu, Vijayaraghavan, Sukumari; Produced by Neeta Anto; Story by Akku Akbar; Screenplay and Dialogues by K. Gireesh Kumar; Camera (Cinematography) by Vipin Mohan; Editing by Ranjan Abraham; Art Direction by Suresh Kollam; Stunts (Action) by ; Background Score by ; Sound Effects by Charles, Rajesh, Jithin; DTS Mixing by Vinod; Titles by ; Make-up by ; Costumes by ; Lyrics by Vayalar Sharath; Music by Shvyam Dharman; Choreography by Santhi; Audio Recording by ; Film Review in Malayalam by Hareesh N. Nampoothiri aka Haree | ഹരീ for Chithravishesham (Chitravishesham) Blog. Sep 04 2009 Release.
--