താന്തോന്നി (Thanthonni)

Published on: 3/20/2010 06:05:00 AM
Thanthonni: Starring Prithviraj, Sheela Kaur. Film Review by Haree for Chithravishesham.
‘വര്‍ഗ്ഗം’, ‘വാസ്തവം’, ‘കാക്കി’ എന്നീ ചിത്രങ്ങളിലെന്നപോലെ തലതെറിച്ച നായകനായി പൃഥ്വിരാജ് വീണ്ടും വേഷമിടുകയാണ് ജോര്‍ജ്ജ് വര്‍ഗീസിന്റെ ആദ്യ സംവിധാന സംരംഭമായ ‘താന്തോന്നി’യില്‍. ‘രാജമാണിക്യം’, ‘ബാലേട്ടന്‍’, ‘കാക്കി’ തുടങ്ങിയ ചിത്രങ്ങളുടെ രചയിതാവ് ടി.എ. ഷാഹിദിന്റെയാണ് കഥയും തിരക്കഥയും സംഭാഷണങ്ങളും. ‘മായാബസാറി’ലൂടെ മലയാളത്തിലെത്തിയ ഷീല കൌറാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. സായികുമാര്‍, അംബിക, ക്യാപ്റ്റന്‍ രാജു തുടങ്ങിയവരാണ് മറ്റ് പ്രധാനവേഷങ്ങളില്‍. മരിക്കാര്‍ ഫിലിംസിന്റെ ബാനറില്‍ ഷാഹുല്‍ ഹമീദ് മരിക്കാര്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നു. മലയാളത്തില്‍ ഇറങ്ങാറുള്ള കഥയില്ലാത്ത ആക്ഷന്‍ ചിത്രങ്ങളിലേക്ക് ഒന്നുകൂടി, അതാണ് ‘താന്തോന്നി’ക്കു ചേരുന്ന ചുരുക്കെഴുത്ത്.


ആകെത്തുക     : 3.75 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 3.00 / 10
: 4.00 / 10
: 5.00 / 10
: 2.50 / 05
: 1.00 / 05
അവിശ്വസിനീയമെങ്കിലും, ഇടവേളയോടടുക്കുമ്പോള്‍ കഥയിലുണ്ടാവുന്ന അപ്രതീക്ഷിതമായൊരു തിരിവാണ് ചിത്രത്തിന്റെ കഥയില്‍ പറയുവാന്‍ ആകെയുള്ളൊരു മെച്ചം. നായകനായെഴുതിയിരിക്കുന്ന തുടക്കത്തിലെ ചില ഡയലോഗുകളും കൊള്ളാം. ഇതൊഴിച്ചാല്‍, തീര്‍ത്തും വിരസമായാണ് ചിത്രത്തിന്റെ തിരനാടകം വികസിക്കുന്നത്. പറഞ്ഞുപഴകും തോറും വീര്യം കൂടുന്ന ഒന്നല്ല തിരക്കഥ എന്ന് ടി.എ. ഷാഹിദ് മനസിലാക്കേണ്ടതുണ്ട്. അങ്ങുമിങ്ങുമായി ചിലയിടങ്ങളിലൊക്കെ രസകരമായി ചിത്രത്തെ ഒരുക്കുവാന്‍ സംവിധായകനു കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഏറിയപങ്കും അങ്ങിനെയല്ലാത്തതിനാല്‍ ജോര്‍ജ്ജ് വര്‍ഗീസിന്റെ ആദ്യസംവിധാന സംരംഭം പറയുവാന്‍ ഏറെയൊന്നും അവശേഷിപ്പിക്കുന്നില്ല. ഇഴഞ്ഞു നിങ്ങുന്ന കഥയ്ക്കിടയില്‍ ചിത്രത്തിന്റെ ദൈര്‍ഘ്യം കൂട്ടുവാന്‍ മാത്രമുതകുന്ന അനവസരത്തിലെ പാട്ടുകളും, തീരുവാന്‍ കാക്കേണ്ട സംഘട്ടനങ്ങളുമെല്ലാം ചേര്‍ന്ന് ചിത്രത്തെ പൂര്‍ണമായും പ്രേക്ഷകരില്‍ നിന്നും അകറ്റുന്നു.

Cast & Crew
Thanthonni

Directed by
George Varghese

Produced by
Shahul Hameed Marikar

Story, Screenplay, Dialogues by
T.A. Shahid

Starring
Prithviraj, Saikumar, Sheela Kaur, Captain Raju, Vijayaraghavan, Ambika, Suraj Venjaramood, Sudheesh, Sivaji Guruvayur, Suresh Krishna, Tony, Jagathy Sreekumar, Baburaj etc.

Cinematography (Camera) by
Sajeth Menon

Editing by
Bijith Bala

Art Direction by
Saloo K. George

Graphics Effects by
Sajith P.G.

Music by
Thej Mervin

Background Music by
Gopi Sundar

Lyrics by
Gireesh Puthenchery, T.A. Shahid

Make-Up by
Binesh Bhaskar

Costumes by
S.B. Satheesh

Action by
Kanal Kannan, Run Ravi, Mafia Sasi

Choreography by
Kumar Shanthi, Kala

Banner
Marikar Films

Released on
March 19, 2010

അഭിനേതാക്കളുടെ കാര്യമെടുത്താല്‍, മുന്‍ കഥാപാത്രങ്ങളുടെ ആവര്‍ത്തന ഛായയിലാണെങ്കില്‍ തന്നെയും, വടക്കേവീട്ടില്‍ കൊച്ചുകുഞ്ഞ് എന്ന താന്തോന്നിയെ പൃഥ്വിരാജ് ഭേദപ്പെട്ട രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. അല്പം പ്രാധാന്യമുള്ള മറ്റു വേഷങ്ങളിലെത്തുന്ന സായികുമാര്‍, അംബിക, വിജയരാഘവന്‍, ക്യാപ്റ്റന്‍ രാജു എന്നിവരും തരക്കേടില്ല. സുരാജ് വെഞ്ഞാറമ്മൂട് നയിക്കുന്ന നര്‍മ്മരംഗങ്ങളില്‍ ചിലതൊക്കെ ഒരു ചിരിക്കുണ്ട്. ഒരു പാട്ടില്‍ അല്പസ്വല്പം ശരീരപ്രദര്‍ശനവും, പിന്നെ ഇടയ്ക്കിടെ കുടിച്ചു വീട്ടില്‍ വൈകിയെത്തുന്ന നായകനു വാതിലു തുറക്കുകയും; ഇതു രണ്ടുമാണ് ഷീല കൌറിന്റെ നായികയ്ക്ക് ചിത്രത്തില്‍ ചെയ്യുവാനുള്ളത്! സുധീഷ്, സുരേഷ് കൃഷ്ണ, ടോണി, ജഗതി ശ്രീകുമാര്‍, ബാബു രാജ്, ശിവാജി ഗുരുവായൂര്‍ തുടങ്ങി ഒരുപിടി അഭിനേതാക്കള്‍ വേറെയുമുണ്ട് ചിത്രത്തില്‍.

സജെത്ത് മേനോന്റെ ഛായാഗ്രഹണം ചിത്രത്തിനു ദൃശ്യഭംഗിയേകുന്നുണ്ട്. ബിജിത്ത് ബാലയുടെ ചിത്രസംയോജനവും സജിത്ത് പി.ജി.യുടെ ഗ്രാഫിക് ഇഫക്ടുകളും ചിത്രത്തിന് പ്രയോജനം ചെയ്യുന്നില്ല. സാലു കെ. ജോര്‍ജ്ജിന്റെ കലാസംവിധാനം, എസ്.ബി. സതീഷിന്റെ വസ്ത്രാലങ്കാരം എന്നിവ സന്ദര്‍ഭങ്ങള്‍ക്ക് ഇണങ്ങുന്നവയാണ്. ആര്‍ക്കൊക്കെ വിഗ് വെച്ചു, ആരെയൊക്കെ വെളുപ്പിച്ചു, ആരുടെയൊക്കെ മുടി കറുപ്പിച്ചു; ഇതൊക്കെ വൃത്തിയായി മനസിലാവുന്ന രീതിയിലാണ് ബിനേഷ് ഭാസ്കറിന്റെ ചമയവിരുത്. സായികുമാറിന്റെയും ക്യാപ്റ്റന്‍ രാജുവിന്റെയും മറ്റും വിഗ്ഗുകള്‍, സുരാജിന്റെ നമ്പറുകളേക്കാള്‍ ചിരിപ്പിക്കും. ഗോപി സുന്ദറിന്റെ പശ്ചാത്തലസംഗീതം ആകെ ബഹളമയം. കനല്‍ കണ്ണന്‍, റണ്‍ രവി, മാഫിയ ശശി; മൂന്ന് പേരാണ് സംഘട്ടന രംഗങ്ങളൊരുക്കുവാന്‍ ചിത്രത്തിലുള്ളത്. ഏതായാലും, ഇവര്‍ക്കു കൊടുത്ത കാശു മുതലാക്കുവാനും മാത്രം നീളം ഓരോ സംഘട്ടനത്തിനും കരുതുവാന്‍ സംവിധായകന്‍ മനസുവെച്ചിട്ടുണ്ട്.

ഗിരീഷ് പുത്തഞ്ചേരി, ടി.എ. ഷാഹിദ് എന്നിവരെഴുതി ബിനീഷ് ഭാസ്കര്‍ സംഗീതം നല്‍കിയ ഗാനങ്ങള്‍ തീര്‍ത്തും നിരാശാജനകം. ചിത്രത്തിലല്പമെങ്കിലും ആവശ്യമുള്ള “കാറ്റുപറഞ്ഞതും കടലുപറഞ്ഞതും...” എന്ന ഗാനത്തിനുപോലും പറയത്തക്ക മികവില്ല. “പെരിയ തേവരേ...”, “ആകാശമറിയാതെ...” എന്ന ഗാനങ്ങളൊക്കെ കേട്ടിരിക്കുക പ്രയാസമാണ്. “ഓട്ടുമഞ്ഞള്‍ പാട്ടുകേട്ട് ഭൂമിമലയാളം...” എന്നും മറ്റുമാണ് ആദ്യഗാനത്തിലെ വരികളുടെ പോക്ക്. മലയാളമറിയാത്ത പാട്ടുകാരുടെ ആലാപനം കൂടിയാവുമ്പോള്‍ എല്ലാം പൂര്‍ണം. കുമാര്‍ ശാന്തിയും കലയും എവിടെയാണ് നൃത്തത്തിനു ചുവടിട്ടതെന്നറിയില്ല. “പെരിയ തേവരേ...” എന്ന ഗാനത്തില്‍ നായകനും നായികയും കൂടിക്കാണിക്കുന്നതാവാം ഉദ്ദേശിച്ചത്!

‘വര്‍ഗ്ഗ’ത്തിലും ‘വാസ്തവ’ത്തിലുമെല്ലാം കണ്ട പൃഥ്വിരാജ്, സംസാരരീതിയില്‍ ഒരല്പം മാറ്റമുണ്ടെന്നതൊഴിച്ചാല്‍, അതേ പടി തുടരുകയാണ് ‘താന്തോന്നി’യിലും. എന്നാല്‍ ഈ പറഞ്ഞ മുന്‍‌ചിത്രങ്ങളിലെന്ന പോലെ ജീവനുള്ള ഒരു കഥ ഇതിനില്ലാത്തത് സിനിമയുടെ രസം കളയുന്നു. പൃഥ്വിരാജിന്റെ വേഷവും നടപ്പും തല്ലുമൊക്കെ അവിടെയുമിവിടെയുമായി കണ്ടാല്‍ മതിയെന്നുള്ളവര്‍ക്ക് വേണമെങ്കില്‍ തലവെയ്ക്കാം എന്നല്ലാതെ, നല്ലൊരു സിനിമ കാണാമെന്നു കരുതി തിയേറ്ററിലെത്തുന്ന പ്രേക്ഷകന് തൃപ്തി നല്‍കുവാനായൊന്നും ചിത്രത്തിലില്ല. സംവിധായകനും തിരക്കഥാകൃത്തും യുവതാരവുമൊക്കെ ചേര്‍ന്ന്‍ പ്രേക്ഷകനോട് കാട്ടുന്ന ഇത്തരം ‘താന്തോന്നി’ത്തരങ്ങള്‍ കാശുകൊടുത്ത് അനുഭവിക്കുവാന്‍ മലയാളികള്‍ എന്തു പാപം ചെയ്തോ ആവോ!

അനുബന്ധം
Thanthonni - Wikipedia
Thanthonni- The Official Website
--

19 comments :

  1. നവാഗതനായ ജോര്‍ജ്ജ് വര്‍ഗീസിന്റെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനായെത്തുന്ന ‘താന്തോന്നി’യുടെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.

    newnHaree #Thanthonni, yet another stupid action movie!
    6:00 PM Mar 19th from web
    --

    ReplyDelete
  2. താന്തോന്നി കാണാം എന്ന് വിചാരിച്ചത് അതെന്തായാലും തല്ക്കാലം വേണ്ട! ഇനി നായകന്‍ എങ്ങനെ ഉണ്ട് എന്ന് നോക്കട്ടെ. ഇറെന്താലും എന്റെ ലിസ്റ്റില്‍ ലാസ്റ്റ്‌ ആണ്!

    ReplyDelete
  3. ഷാഹിദ് ഇനിയും പുറത്തിരിയ്ക്കേണ്ടി വരുമോ?

    ReplyDelete
  4. "ആരുടെയൊക്കെ മുടി കറുപ്പിച്ചു; ഇതൊക്കെ വൃത്തിയായി മനസിലാവുന്ന രീതിയിലാണ് ബിനേഷ് ഭാസ്കറിന്റെ ചമയവിരുത്" ഇത്രയും വായിച്ചപ്പോള്‍ തന്നെ സില്‍മ പോണ പോക്കു മനസ്സിലായി.കഷ്ടം .
    ആര്‍ക്കും എന്തും ആവാം സിനിമയില്‍.

    ReplyDelete
  5. "ആര്‍ക്കൊക്കെ വിഗ് വെച്ചു, ആരെയൊക്കെ വെളുപ്പിച്ചു, ആരുടെയൊക്കെ മുടി കറുപ്പിച്ചു; ഇതൊക്കെ വൃത്തിയായി മനസിലാവുന്ന രീതിയിലാണ് ബിനേഷ് ഭാസ്കറിന്റെ ചമയവിരുത്. "
    ആതെനിക്കിഷ്ടപ്പെട്ടു! :) ട്രെയിലര്‍ കണ്ടപ്പോ തന്നെ ഇതിങ്ങനെയൊക്കെ തന്നെയാവുമെന്ന്‌ ഉറപ്പായിരുന്നു.. പൃഥ്വിരാജിനു നന്നാവണമെന്ന്‌ ആഗ്രഹമൊന്നുമില്ലെന്ന്‌ തോന്നുന്നു.. :)

    ReplyDelete
  6. trailer kandappozhe thripthi aayi. ini padam kandal karanju pokum.

    ReplyDelete
  7. T A ഷാഹിദ് തിരകഥ എഴുതി നവാഗതനായ ജോർജ് വർഗീസ്
    സംവിധാനം ചെയ്യുന്ന പ്രിത്വിരാജ് ചിത്രം എന്ന് പറയുബോഴെ
    അതിനു ഒരു നിലവാരം ഉണ്ട് അതേ പ്രതീക്ഷിക്കാവു.
    അല്ലാതെ ഒരു ജോഷി-രൺജി-സുരേഷ് ഗോപി കൂട്ടുകെട്ടിൽ
    നിന്നുമുള്ള സിനിമയുടെ നിലവാരം പ്രതീക്ഷിച്ചു
    പോയാൽ നിരാശപെടെണ്ടി വരും

    ReplyDelete
  8. Nice to hear about the movie.
    Sad to hear that movie is of no use :( Expected more from pridwiraj.


    thanx.

    ReplyDelete
  9. തലവെച്ചു അല്ലേ? വേണ്ടിയിരുന്നില്ല.
    കാണേണ്ടിവരില്ലെന്ന് നേരത്തെ തന്നെ തോന്നിയിരിന്നു.

    ReplyDelete
  10. പ്രതീക്ഷക്കൊത്ത് ഉയര്‍ന്ന ഒരൊറ്റ മലയാള സിനിമ പോലും അടുത്ത കാലത്ത് ഇറങ്ങിയിട്ടില്ല. (ഭ്രമരവും പാലേരി മാണിക്യവും മാത്രം ആയിരിക്കും അപവാദങ്ങള്‍). അത് കൊണ്ട് ഒന്നും പ്രതീക്ഷിക്കാതിരിക്കുക. റിവ്യൂ വായിച്ചതിനു ശേഷം മാത്രം (ഒന്നില്‍ കൂടുതല്‍ റിവ്യൂകള്‍ വായിക്കണം. എന്നാലേ കാര്യം മനസ്സിലാവൂ. ) തല വെച്ച് കൊടുക്കുക. കുറെ പടങ്ങള്‍ പൊളിഞ്ഞതിന് ശേഷം എങ്കിലും ഇവന്മാര്‍ക്ക് ഒരു വീണ്ടു വിചാരം ഉണ്ടാവട്ടെ !!!!!

    ReplyDelete
  11. അച്ഛനെ ദൈവതുല്യനായി കാണുന്ന,പ്രിട്വി ,ഇപ്പോളും സുകുമാരന്റെ പടങ്ങള്‍ ഇറങ്ങുന്ന കാലത്താണ് ജീവിക്കുന്നതെന്ന് തോന്നുന്നു.ഒരു പക്ഷെ സുകുമാരന്‍ സര്‍ തിരഞ്ഞെടുതെക്കാവുന്ന കഥാപാത്രങ്ങള്‍.
    അദ്ദേഹം ഇങ്ങനെ ഓരോ 70 കളിലെ പടങ്ങളില്‍ അഭിനയിക്കുഗയും,2050 ഇലെ കാര്യങ്ങള്‍ പറയുകയും ചെയ്യുമ്പോള്‍,സത്യം പറഞ്ഞാല്‍ ഒരു ജോക്കര്‍ ഇമേജ് ആണ് കൂടുതല്‍ ചേരുന്നത് എന്ന് തോന്നി പോകുന്നു..

    ReplyDelete
  12. "ഗോപി സുന്ദറിന്റെ പശ്ചാത്തലസംഗീതം ആകെ ബഹളമയം" ഓര്‍മ്മ ശരിയാണെങ്കില്‍ ഇങ്ങേര്‍ തന്നെയാണെന്ന് തോന്നുന്നു റെഡ്ചില്ലീസ് എന്ന സിനികയ്ക്കും "ബഹളരാഗസംഗീതം" ചെയ്തത്. ആ നടുക്കം ഇന്നും വിട്ടുമാറിയിട്ടില്ല. പിന്നെ ചിത്രവിശേഷത്തിന്‍റെ പുതിയമാറ്റം കൊള്ളാം നല്ല ഒരു ആനചന്തം ഉണ്ട്...... പക്ഷെ മലയാള സിനിമ മാറുന്നില്ലല്ലൊ?

    ReplyDelete
  13. ഈ അടുത്ത കാലത്തായി ഹരിക്ക് മലയാളസിനിമയെക്കുറിച്ച് നല്ലതൊന്നും പറയാനില്ലല്ലോ.....! എന്നു തീരും ഈ കാത്തിരിപ്പ്.

    ReplyDelete
  14. നേരത്തേ തന്നെ യാതൊരു പ്രതീക്ഷകളും ഉണ്ടായിരുന്നില്ല. ഇനി വരാനുള്ള 'പോക്കിരി രാജയും' ഏതാണ്ട് ഇതുപോലെയൊക്കെതന്നെയാവാനാണ് സാധ്യത.

    എന്തായാലും ഈ വര്‍‌ഷം പ്രിഥ്വിയുടേതായി ചില നല്ല ചിത്രങ്ങളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ലാല്‍ജോസ്, ഡോ. ബിജു, ഫാസില്‍, മണിരത്നം,....എന്തായാലെന്താ ഇടയ്ക്ക് താന്തോന്നിയൊക്കെപ്പോലുള്ള ഒരു പടം പോരേ ചീത്തപ്പേര് കേള്‍പ്പിക്കാന്‍.


    ** ചട്ടമ്പിനാട്, താന്തോന്നി, പോക്കിരി രാജാ, ചെറ്റ.....ഇനിയെന്തൊക്കെ സിനിമാപ്പേരുകളാണോ ആവോ വരാന്‍ പോകുന്നത്!!!!

    ReplyDelete
  15. Haree whats the difference between balettan,vesham and Madambi

    ReplyDelete
  16. അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ ഏവര്‍ക്കും വളരെ നന്ദി. :-)
    --

    ReplyDelete