കഥ തുടരുന്നു... (Kadha Thudarunnu)

Published on: 5/08/2010 11:26:00 AM
Kadha Thudarunnu: A film by Sathyan Anthikkad starring Jayaram, Mamta Mohandas, Asif Ali etc. Film Review by Haree for Chithravishesham.
ഭാഗ്യദേവത’യ്ക്കു ശേഷം ജയറാമിനെ നായകനാക്കി സത്യന്‍ അന്തിക്കാട് ഒരുക്കിയിരിക്കുന്ന പുതിയ ചിത്രമാണ് ‘കഥ തുടരുന്നു’. ആസിഫ് അലിയും മം‌മ്തയുമാണ് മറ്റ് പ്രധാന വേഷങ്ങളില്‍. സംവിധാനത്തിനൊപ്പം ചിത്രത്തിന്റെ രചനയും സത്യന്‍ അന്തിക്കാടിന്റെ തന്നെ. ട്രൂലൈന്‍ സിനിമയുടെ ബാനറില്‍ തങ്കച്ചന്‍ ഇമ്മാനുവേലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കുടുംബപ്രേക്ഷകരെ മുന്‍‌നിര്‍ത്തി, അടുത്തിടയായി സത്യന്‍ അന്തിക്കാട് പിന്തുടരുന്ന പതിവ് ചേരുവയില്‍ തന്നെയാണ് ഈ ചിത്രവും തയ്യാറാക്കിയിരിക്കുന്നത്.

ആകെത്തുക     : 5.50 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 4.00 / 10
: 5.50 / 10
: 6.50 / 10
: 3.50 / 05
: 2.50 / 05
നന്നായി തുടങ്ങി എങ്ങിനെയൊക്കെയോ വികസിച്ച് എങ്ങുമെങ്ങുമെത്താതെ അവസാനിക്കുന്ന തിരക്കഥയാണ് ഒരേ സമയം ചിത്രത്തിന്റെ മികവും കുറവും. കാരിക്കേച്ചറുകള്‍ പോലെ കോറിയിട്ടിരിക്കുന്ന ചില കഥാപാത്രങ്ങള്‍, അവരിലൂടെ വികസിക്കുന്ന ആഴമോ പരപ്പോ അവകാശപ്പെടുവാനില്ലാത്ത ഒരു ചെറിയ കഥാതന്തു; ഇതാണ് ഈ ചിത്രം. ഇടവേളവരെ നന്നായി പോവുന്ന ചിത്രം പിന്നീട് അവിശ്വസിനീയമായ കഥാസന്ദര്‍ഭങ്ങളിലൂടെയാണ് വികസിക്കുന്നത്. അതോടെ സിനിമയുടെ രസവും തീരുന്നു. അധികമില്ലെങ്കിലും, അശ്ലീലച്ചുവയുള്ള ദ്വയാര്‍ത്ഥ പ്രയോഗങ്ങളല്ലാത്ത, സന്ദര്‍ഭങ്ങളോടിണങ്ങുന്ന നര്‍മ്മരംഗങ്ങള്‍ സിനിമയുടെ മാറ്റുയര്‍ത്തുന്ന ഘടകമാണ്. രംഗങ്ങളെ കോര്‍ത്തിണക്കി അനായാസമായി കഥ പറഞ്ഞു പോവുന്ന സത്യന്‍ സ്പര്‍ശമാണ്, പറഞ്ഞു വരുമ്പോള്‍ ഉള്ളി തൊലിച്ച പോലെയെങ്കിലും, കണ്ടിരിക്കാവുന്ന ഒരു ചിത്രമായി ഇതിനെ മാറ്റുന്നത്.

Cast & Crew
Kadha Thudarunnu

Directed by
Sathyan Anthikkad

Produced by
Thankachan Emmanuel

Story, Screenplay, Dialogues
Sathyan Anthikkad

Starring
Jayaram, Mamta Mohandas, Asif Ali, Baby Anikha, Innocent, Mamukkoya, K.P.A.C. Lalitha, Lakshmipriya, Sreejith Ravi, Chembil Ashokan, Vettukili Prakash

Cinematography (Camera) by
Venu

Editing by
K. Rajagopal

Art Direction by
Joseph Nellickal

Effects by
Arun Seenu

Sound Design by
Anoop

Music by
Ilaiyaraaja

Lyrics by
Vayalar Sarath Chandra Varma

Make-Up by
Pandyan

Costumes by
Sameera Saneesh

Choreography by
Brinda, Rekha

Banner
Trueline Cinema

നായകന്‍ ജയറാമാണെങ്കിലും ശരിക്കും കഥ തുടരുന്നത് മം‌മ്ത മോഹന്‍‌ദാസ് അവതരിപ്പിക്കുന്ന വിദ്യാലക്ഷ്മി എന്ന നായികാ കഥാപാത്രത്തിലൂടെയാണ്. കഥാപാത്രത്തോട് നീതി പുലര്‍ത്തുവാന്‍ കഴിവിനൊത്ത് മം‌മ്ത ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ ഉച്ചാരണത്തിലെ പ്രശ്നങ്ങളും ഡബ്ബിംഗിലെ കുറവുകളും കഥാപാത്രത്തിന് ബാധ്യതയാവുന്നു. ജയറാം, ആസിഫ് അലി തുടങ്ങിയവരുടെ കഥാപാത്രങ്ങള്‍ പ്രേക്ഷകരെ സ്പര്‍ശിക്കുന്നതേയില്ല. ബേബി അനിഘ അവതരിപ്പിച്ച വിദ്യാലക്ഷ്മിയുടെ മകള്‍ കൗതുകമുണര്‍ത്തുന്നു. സത്യന്‍ സിനിമകളിലെ സ്ഥിരാംഗങ്ങളായ ഇന്നസെന്‍റിനും മാമുക്കോയക്കുമൊപ്പം ചേമ്പില്‍ അശോകന്‍, ലക്ഷ്മിപ്രിയ, വെട്ടുകിളി പ്രകാശ്, ശ്രീജിത്ത് രവി, കെ.പി.എ.സി. ലളിത തുടങ്ങിയവരാണ്‌ ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ഇവരേവരും പതിവിന്‍പടി തങ്ങളുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ഫലിപ്പിച്ചിട്ടുണ്ട്.

വേണുവിന്റെ ക്യാമറ പകര്‍ത്തിയിരിക്കുന്ന ദൃശ്യങ്ങള്‍ സിനിമയ്ക്കൊരു മുതല്‍ക്കൂട്ടാണ്. “ആരോ പാടുന്നു ദൂരെ...” എന്ന ആദ്യ ഗാനരംഗത്തിനു പശ്ചാത്തലമാവുന്ന ദൃശ്യഭംഗി എടുത്തു പറയേണ്ടതുണ്ട്. അരുണ്‍ സീനുവിന്റെ മിതമായ ഇഫക്ടുകള്‍ ചേരുന്ന ദൃശ്യങ്ങളെ ഒഴുക്കോടെ ചേര്‍ക്കുന്നതില്‍ കെ. രാജഗോപാല്‍ മികവു പുലര്‍ത്തി. ജോസഫ് നെല്ലിക്കലിന്റെ കലാസംവിധാനം, പാണ്ഡ്യന്റെ ചമയങ്ങള്‍, സമീറ സനീഷിന്റെ വസ്ത്രാലങ്കാരം എന്നിവയും ചിത്രത്തിനുതകുന്നവ തന്നെ. വയലാര്‍ ശരത്ചന്ദ്ര വര്‍മ്മയെഴുതി ഇളയരാജ ഈണമിട്ടിരിക്കുന്ന ഗാനങ്ങളില്‍, കാര്‍ത്തിക് പാടിയിരിക്കുന്ന “കിഴക്കുമല കമ്മലിട്ട...” എന്ന ഗാനം ചിത്രത്തോട് ചേര്‍ന്നു പോവുന്നു. ദൃശ്യങ്ങളുടെ മികവില്‍ ഹരിഹരനും കെ.എസ്. ചിത്രയും ചേര്‍ന്നു പാടിയ ആദ്യഗാനം കണ്ടിരിക്കാമെങ്കില്‍; ശ്വേതയും വിജയ് യേശുദാസും ചേര്‍ന്നു പാടിയ “മഴമേഘചേലിന്‍ പൂരം...” എന്ന ഗാനം ചിത്രത്തിനൊരു അനിവാര്യതയല്ല. ഈ ഗാനങ്ങള്‍ക്കു വേണ്ടി ബ്രിന്ദയും രേഖയും ചേര്‍ന്നൊരുക്കിയിരിക്കുന്ന നൃത്തച്ചുവടുകളാവട്ടെ, ഗാനരംഗങ്ങള്‍ക്ക് പ്രത്യേകിച്ചൊരു ഭംഗിയും നല്‍കുന്നതുമില്ല.

അവശ്വസിനീയമായ ആകസ്മികതകള്‍, ഇടയ്ക്കുള്ള വലിച്ചു നീട്ടല്‍ എന്നിവയൊക്കെ സിനിമയുടെ നിറം കുറയ്ക്കുന്നുണ്ടെങ്കിലും, സരസമായി അവതരിപ്പിച്ചിരിക്കുന്ന ചില കഥാപാത്രങ്ങളിലൂടെയും രംഗങ്ങളിലൂടെയും ഇതത്രയ്ക്ക് പ്രകടമാക്കാതിരിക്കുവാന്‍ സംവിധായകനായി. കുട്ടിയുള്ളൊരു നായികയോടിഷ്ടം തോന്നുന്ന നായകന്‍ മലയാള സിനിമയെ സംബന്ധിച്ചിടത്തോളം വിപ്ലവമാണ്. ഒടുവില്‍ നായകനും നായികയുമൊരുമിക്കുമ്പോള്‍, കുട്ടി നായികയുടെ സ്വന്തം കുഞ്ഞല്ല, നായികയിപ്പോഴും കന്യകയാണ് എന്നീ സ്ഥിരം കുറ്റികളില്‍ കൊണ്ട് കെട്ടുന്നില്ല എന്നതും ആശ്വാസത്തിനു വക നല്‍കുന്നു. ഒരു വന്‍ വിജയമൊന്നുമായില്ലെങ്കിലും, ഒരൊന്നൊന്നര മാസം തികയ്ക്കുവാന്‍ ആളെ ടെമ്പോയിലിറക്കേണ്ട ഗതികേട് ചിത്രത്തിനുണ്ടാവുമെന്നു തോന്നുന്നില്ല. ഒപ്പമിറങ്ങിയ സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങള്‍ പെട്ടിയിലായാലും അല്പകാലം കൂടി തുടരുവാനുള്ള കഥയൊക്കെ ഈ സത്യന്‍ ചിത്രത്തിനുണ്ട്. കഥ അങ്ങിനെ തുടരട്ടെ...
--

14 comments :

  1. ജയറാം നായകനാവുന്ന സത്യന്‍ അന്തിക്കാട് ചിത്രം; ‘കഥ തുടരുന്നു...’വിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.

    newnHaree #KadhaThudarunnu: The film starts well, goes somewhere and ends nowhere! Still, watchable. Coming soon: http://bit.ly/cv-reviews
    about 5 hours ago via web
    --

    ReplyDelete
  2. അല്പകാലം കൂടി കഥ തുടരാനുള്ളതൊക്കെ ഈ സത്യൻ ചിത്രത്തിനുണ്ട്..ശരിയാണു. പക്ഷെ സത്യൻ അന്തിക്കാടിനു കഥ തുടരാനുള്ള വകുപ്പ് ഇനിയും ഉണ്ടോ എന്ന് കണ്ട് തന്നെ അറിയണം

    ReplyDelete
  3. സത്യന്‍ പടങ്ങള്‍ എല്ലാം ഇപ്പോള്‍ ഒരേ ടൈപ്പോ ആണോ എന്നൊരു സംശയം ഉണ്ട് Jikkumon @ Thattukadablog

    ReplyDelete
  4. അവിശ്വസനീയമായ ആകസ്മികതകള്‍ ആണ് സത്യന്‍ അന്തിക്കാടിന്റെ തിരക്കഥകളുടെ പ്രത്യേകത. അദ്ദേഹം രചന നടത്തിയ സിനിമകള്‍ കാണുമ്പോള്‍, പലതും നമുക്ക് തൊണ്ട തൊടാതെ വിഴുങ്ങേണ്ടി വരും !!! അത് തന്നെ ആണ് ആ ചിത്രങ്ങളുടെ പോരായ്മ. എന്ത് ചെയ്യാം, ചെയ്യുന്നതെല്ലാം മഹത്തരം എന്ന് വിശ്വസിക്കുന്നവരെ തിരുത്താന്‍ പറ്റില്ലല്ലോ !!

    ReplyDelete
  5. ഹരീ,

    ഈ സിനിമ വിജയിക്കുമെന്ന് തോന്നുന്നു അല്ലേ .അവിശ്വനീയമായ ചിലതുണ്ടെങ്കിലും ഒരു സത്യന്‍ ട്ടച്ച് ഉണ്ടല്ലോ, പോക്കിരികള്‍ക്കിടയില്‍ നമുക്ക് ആശ്വസിക്കാന്‍ ഇതല്ലാതെ വേറെന്തുണ്ട്?!!

    സത്യന്‍ അന്തിക്കാട് കഥ തുടരട്ടെ.

    ReplyDelete
  6. ഹരീ, എനിക്ക് സിനിമ സാമാന്യം ബോറായാണ് തോന്നിയത്.

    ReplyDelete
  7. നമുക്കൊന്നു പ്രശ്നം വയ്പ്പിച്ചു നോക്കിയാലോ

    ReplyDelete
  8. നന്നായി പ്രതീക്ഷിച്ച ചിത്രമായിരുന്നു. ഇളയരാജയുടെ ഈണങ്ങള്‍ ടൈപ്പായി പോകുന്നത് കൂടാതെ സത്യന്‍ അന്തിക്കാട് ചിത്രങ്ങളിലെ അന്തരീക്ഷത്തിന് അത്രയ്ക്കങ്ങ് യോജിക്കുന്നുമില്ല. ജോണ്‍സണ്‍ മാഷില്ലാത്തതിന്റെ കുറവ് ഈയിടെ ഇറങ്ങുന്ന സത്യന്‍ അന്തിക്കാട് ചിത്രങ്ങള്‍ക്ക് എല്ലാം ഉണ്ട്.

    പേരൂരാന്‍: മലയാള സിനിമ രക്ഷപ്പെടണമെങ്കില്‍ നമ്മള്‍ പ്രേക്ഷകര്‍ കൂടി വിചാരിക്കണം. ചവറ് പടങ്ങളൊക്കെ കുറ്റം പറയാന്‍ പോലും നമ്മള്‍ തീയേറ്ററില്‍ പോയി കാണില്ല എന്ന് തീരുമാനിക്കുക. അപ്പോള്‍ തീര്‍ച്ചയായും നല്ല ചിത്രങ്ങള്‍ ഉണ്ടാവും.

    ഒരു കേരള കഫെയോ പാലേരിമാണിക്യമോ ടി.ഡി. ദാസനോ കാണാന്‍ എത്ര പേരുണ്ട് ഇവിടെ? എല്ലാവരും കുറ്റം പറഞ്ഞ് മാത്രം ശീലിച്ചുപോയി. എന്നാണാവോ നമ്മള്‍ മലയാളികള്‍ നന്നാവുന്നത്???

    ReplyDelete
  9. "ഒരു വന്‍ വിജയമൊന്നുമായില്ലെങ്കിലും, ഒരൊന്നൊന്നര മാസം തികയ്ക്കുവാന്‍ ആളെ ടെമ്പോയിലിറക്കേണ്ട ഗതികേട് ചിത്രത്തിനുണ്ടാവുമെന്നു തോന്നുന്നില്ല. ഒപ്പമിറങ്ങിയ സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങള്‍ പെട്ടിയിലായാലും അല്പകാലം കൂടി തുടരുവാനുള്ള കഥയൊക്കെ ഈ സത്യന്‍ ചിത്രത്തിനുണ്ട്. കഥ അങ്ങിനെ തുടരട്ടെ"

    കൂയ് !!!!!!!!!!
    സത്യന്‍ അന്തിക്കാട് തന്നെയാണ് കഥ എഴുതുന്നതെങ്കില്‍ ഇനി മുതല്‍ ഞാന്‍ സത്യന്‍ സിനിമ കാണുന്നില്ല!

    ReplyDelete
  10. സത്യന്‍ അന്തിക്കാട് സ്വയം കഥ എഴുതി തുടങ്ങിയപ്പോള്‍ മുതല്‍ അദ്ദേഹത്തിന്റെ സിനിമകളുടെ നിലവാരവും താഴോട്ടാണ്.

    എന്നാലും ഈ ചിത്രമാണ് ഇപ്പോള്‍ ഇറങ്ങിയവയില്‍ വച്ച് ഭേദം എന്നാണ് അറിയാന്‍ കഴിഞ്ഞത്.

    ReplyDelete
  11. 'Pursuit of Happyness' എന്ന ഹോളിവുഡ് ചിത്രത്തിന്റെ മലയാളീകരിച്ച പതിപ്പാണ്‌ 'കഥ തുടരുന്നു' എന്ന് ജോ ചൂണ്ടിക്കാട്ടിയിരിക്കുന്നു. കൂടുതല്‍ ഇവിടെ.
    --

    ReplyDelete