അപൂര്‍വരാഗം (Apoorvaragam)

Published on: 7/21/2010 06:41:00 PM
ApoorvaRagam: A film by Sibi Malayil. Film Review by Haree for Chithravishesham.
നവാഗതരായ ജി.എസ്. ആനന്ദ്, നജീം കോയ എന്നിവര്‍ രചന നിര്‍വ്വഹിച്ച് സിബി മലയിലിന്റെ സംവിധാനത്തില്‍ പൂര്‍ത്തിയായ ചിത്രമാണ്‌ 'അപൂര്‍വരാഗം'. 'കിരീട'വും 'ഹിസ് ഹൈനസ് അബ്‍ദുള്ള'യും 'ഭരത'വും 'കമലദള'വുമൊക്കെ (ഇവയുടെയൊക്കെ തിരക്കഥാകൃത്ത് ലോഹിത ദാസ് ആണെന്നതും പ്രത്യേകമോര്‍ക്കുക.) നല്‍കിയ സംവിധായകനാണ്‌ സിബി മലയില്‍. എന്നാല്‍ രണ്ടായിരാമാണ്ടിലെ സിബിയുടെ ചിത്രങ്ങളെടുത്താല്‍ 'ഇഷ്ടം' 'എന്റെ വീട്, അപ്പൂന്റേം' എന്നീ ചിത്രങ്ങള്‍ മാത്രമാണ്‌ പരാമര്‍ശമെങ്കിലും അര്‍ഹിക്കുന്നതായുള്ളത്. ഒരു പക്ഷെ, പിന്നീടുവന്ന ചിത്രങ്ങളുടെ തുടര്‍ച്ചയായ പരാജയമാവാം തന്റെ പതിവ് രീതി വിട്ടൊരു ചിത്രം പരീക്ഷിക്കുവാന്‍ സിബി മലയിലിനെ പ്രേരിപ്പിച്ചത്. എന്തായാലും മലയാളസിനിമയിലെ അപൂര്‍വതകളില്‍ ഒന്നായി ഓര്‍ത്തുവെയ്ക്കുവാനുള്ള മികവ് സംവിധായകന്റെ ഈ വേറിട്ട ചിത്രത്തിനുണ്ട്. നിഷാന്‍, ആസിഫ് അലി, നിത്യ മേനോന്‍ എന്നീ യുവതാരങ്ങളാണ്‌ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കോക്കേഴ്സ് ഫിലിംസിന്റെ ബാനറില്‍ സിയാദ് കോക്കര്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നു.

ആകെത്തുക     : 6.00 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 6.50 / 10
: 5.00 / 10
: 5.50 / 10
: 3.50 / 05
: 3.50 / 05
പേര്‍ത്തും പേര്‍ത്തും പലപ്പോഴായി പറഞ്ഞവയൊക്കെ തന്നെ ആവര്‍ത്തിക്കുന്ന രചയിതാക്കളില്‍ നിന്നും വഴിമാറി നടക്കുവാന്‍ ധൈര്യം കാണിച്ചിരിക്കുന്നു, തിരക്കഥാരചനയില്‍ തുടക്കക്കാരായ ജി.എസ്. ആനന്ദും നജീം കോയയും. ഇവരെ വിശ്വാസത്തിലെടുത്ത് പടം പിടിക്കുവാന്‍ ധൈര്യം കാട്ടിയ നിര്‍മ്മാതാവ് സിയാദ് കോക്കറിനാണ്‌ ആദ്യം നന്ദി പറയേണ്ടത്. തീര്‍ത്തും അവിചാരിതമായ തിരിവുകള്‍, അസ്വാഭാവികത തോന്നാതെ പറയുവാന്‍ രചയിതാക്കള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അച്ചടിഭാഷ പഠിച്ചു പറയുന്ന പരുവത്തിലാവാതെയും വാക്കുകള്‍ക്ക് അയിത്തം കല്‍പിക്കാതെയും സംഭാഷണങ്ങള്‍ ഒരുക്കുന്നതിലും ഇരുവരും മികച്ചു നിന്നു. തിരക്കഥയില്‍ പാളിച്ചകളില്ലെന്നല്ല, അവ പ്രകടമായൊരു ദോഷം ചിത്രത്തിനു ചെയ്യുന്നില്ല എന്നു മാത്രം. പടമാസ്വദിക്കണമെങ്കില്‍ ചിത്രത്തിലെ പല കാര്യങ്ങളും വെള്ളം തൊടാതെ വിഴുങ്ങേണ്ടിവരും. പലയിടത്തു നിന്നും വന്നു ചേര്‍ന്നു എന്നല്ലാതെ, കഥയിലെ മൂന്നു കൂട്ടുകാരുടെ പൂര്‍വ്വകഥയോ ബന്ധത്തിലെ ആഴമോ ഒന്നും വിശദമാക്കുവാന്‍ രചയിതാക്കള്‍ മിനക്കെട്ടിട്ടില്ല. അതിനാല്‍ തന്നെ, കാര്യമായൊരു പ്രതികരണവും പ്രേക്ഷകരിലുണര്‍ത്താതെ ഒടുവില്‍ മൂവരും കടന്നു പോവുകയും ചെയ്യുന്നു.

Cast & Crew
ApoorvaRagam

Directed by
Sibi Malayil

Produced by
Siyad Koker

Story, Screenplay, Dialogues by
G.S. Anand, Najeem Koya

Starring
Nishan, Asif Ali, Nithya Menon, Abhilash, Santhosh Jogi, Vinay Forrt, Hima, Jagathy Sreekumar

Cinematography (Camera) by
Ajayan Vincent

Editing by
Bijith Bala

Art Direction by
Prasanth Madhav

Music by
Vidyasagar

Background Score by
Bijibal

Effects by
Murukesh

Lyrics by
Santhosh Varma

Make-Up by
Ranjith Ambady

Costumes by
S.B. Satheesan, Suresh Fitwell

Banner
Kokers Films

ഒരുപക്ഷെ, സിബി മലയില്‍ എന്ന സംവിധായകന്‍ ചിത്രത്തിനൊരു ബാധ്യതയാണ്‌ എന്നു പറയാം. തികച്ചും പുതുമയുള്ളൊരു പ്രമേയം, ചടുലമായൊരു തിരക്കഥ, യുവനിരയുടെ സാന്നിധ്യം; ഇവയുടെയൊന്നും ഗുണവശങ്ങള്‍ പൂര്‍ണമായും ഉപയോഗപ്പെടുത്തുവാന്‍ സംവിധായകനു കഴിഞ്ഞില്ല, അല്ലെങ്കില്‍ ശ്രമിച്ചില്ല. കുടുംബചിത്രങ്ങള്‍ ഒരുക്കുന്നതുപോലെ ഏകദിശയില്‍ നീങ്ങുന്ന സാദാ കഥപറച്ചില്‍ ഇത്തരമൊരു ചിത്രത്തിന്റെ സ്വഭാവത്തിന്‌ ചേരുന്നില്ല. തിരനാടകത്തിലെ പുതുമകളോട് നീതി പുലര്‍ത്തുന്ന തരത്തില്‍ തന്റെ ശൈലിയിലും എന്തെങ്കിലുമൊക്കെ പരീക്ഷണങ്ങള്‍ സിബി മലയിലിന്‌ കൊണ്ടുവരാമായിരുന്നു. തുടക്കക്കാരായ രചയിതാക്കളുടെ പാളിച്ചകള്‍ മനസിലാക്കി അവ തിരുത്തുക എന്നൊരു ചുമതലയും, ഈ രംഗത്ത് ഇരുപത്തിയഞ്ചു വര്‍ഷത്തെ പ്രവര്‍ത്തനപരിചയമുള്ള സംവിധായകനായ സിബി മലയിലിനുണ്ടായിരുന്നു. അതദ്ദേഹം മറന്നുപോയെന്നു തോന്നി.

ഇരുവരുമൊന്നിച്ച ആദ്യ ചിത്രത്തെ അപേക്ഷിച്ച് നിഷാനും ആസിഫ് അലിയും അഭിനയത്തില്‍ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. വ്യത്യസ്ത ഭാവങ്ങള്‍ മാറിമറിയുന്ന സന്ദര്‍ഭങ്ങള്‍ ഇരുവരും മികവോടെ അവതരിപ്പിച്ചു. അല്‍പം കൂടി മനസുവെച്ചാല്‍ ഇവര്‍ക്കിനിയും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കാം. ഇടവേളയ്ക്കു ശേഷം ചിത്രത്തിലെ വഴിത്തിരിവാകുന്ന നിര്‍ണായക കഥാപാത്രത്തെ അവതരിപ്പിച്ച വിനയ് ഫോര്‍ട്ടും കൈയ്യടി നേടുന്ന പ്രകടനമാണ്‌ കാഴ്ചവെച്ചിരിക്കുന്നത്. നിത്യ മേനോന്‍, സന്തോഷ് ജോഗി തുടങ്ങിയവരും തങ്ങളുടെ ഭാഗം ഭംഗിയാക്കി. മറ്റുള്ളവരില്‍ നായികയുടെ അച്ഛന്‍ ചിത്രത്തിനൊരു ബാധ്യതയാണ്‌. ചെറുവേഷത്തിലെത്തുന്ന ജഗതി ശ്രീകുമാര്‍ തീര്‍ത്തും അനാവശ്യം. ജഗതി ശ്രീകുമാറിനെ നായികയുടെ അച്ഛനാക്കിയാല്‍ പോരായിരുന്നോ, എന്നു ന്യായമായും സംശയിക്കാം!

അജയന്‍ വിന്‍സെന്റിന്റെ ഛായാഗ്രഹണം, ബിജിബാലിന്റെ പശ്ചാത്തല സംഗീതം; ചിത്രത്തിനു വേറിട്ടൊരു പ്രകൃതം നല്‍കുവാന്‍ ഇവരിരുവരും തന്നെ ധാരാളം. പക്ഷെ, 'അപൂര്‍വരാഗ'ത്തില്‍ അതു കാണുവാനില്ല. വില്ലന്മാരുടെ താമസസ്ഥലമെന്നാല്‍, ഇടിഞ്ഞു വീഴാറായ കെട്ടിടവും മാറാലയും വെടിതീര്‍ന്ന ടയറുകളുടെ കൂട്ടവും കയര്‍ വരിഞ്ഞ കട്ടിലുമൊക്കെ തന്നെയെന്ന മട്ടിലാണ്‌ പ്രശാന്ത് മാധവിന്റെ കലാസംവിധാനം. സുഖിച്ചു കഴിയാന്‍ ആഗ്രഹിക്കുന്നവര്‍ ഇങ്ങിനെയൊരിടത്ത് താമസിക്കുമോ? ഇതൊന്നും ഇവരുടെ മാത്രം കുറവുകളല്ല, തന്റെ ചലച്ചിത്രവീക്ഷണം മാറ്റുവാന്‍ കൂട്ടാക്കാത്ത സംവിധായകന്റെ കൂടിയാണ്‌‌. മുരുകേഷിന്റെ മിതമായ ഇഫക്ടുകള്‍, ബിജിത് ബാലയുടെ ചിത്രസം‍യോജനം, രഞ്ജിത്ത് അമ്പാടിയുടെ ചമയം, എസ്.ബി. സതീശനും സുരേഷ് ഫിറ്റ്‍വെല്ലും ചേര്‍ന്നുള്ള വസ്ത്രാലങ്കാരം എന്നിവയൊക്കെ ചിത്രത്തിനുതകുന്നു. ചടുലമായി ഒരുക്കിയിരിക്കുന്ന സംഘട്ടന രംഗങ്ങളും എടുത്തു പറയത്തക്കതാണ്‌. സന്തോഷ് വര്‍മ്മ എഴുതി വിദ്യാസാഗര്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനങ്ങള്‍ എന്തിനാണ്‌ ചിത്രത്തിലെന്ന് മനസിലായില്ല. ഈ പാട്ടൊന്ന് തീര്‍ന്നെങ്കിലെന്ന് ആഗ്രഹിച്ചാണ്‌ ചിത്രത്തിലുള്‍പ്പെട്ട രണ്ട് ഗാനരംഗങ്ങളും കാണികള്‍ കണ്ടിരുന്നത്.

"When you have to shoot, shoot! Don't talk." പ്രശസ്തമായ ഈ വാചകത്തെ ഓര്‍മ്മപ്പെടുത്തുന്നു ചിത്രത്തിന്റെ പരിണാമഗുപ്തി. ഒടുവില്‍ തോക്ക് കൈവശമാക്കുന്ന നായകന്‍, വീണ്ടുമൊരു അധരവ്യായാമത്തിനു നില്‍ക്കാതെ അതുപയോഗിക്കുന്നു എന്നത് മലയാളസിനിമയെ സംബന്ധിച്ചിടത്തോളം പുതുമ തന്നെ. ഇങ്ങിനെ ചില പുതുമകള്‍ക്ക് നാന്ദികുറിക്കുന്നു എന്നതിനാല്‍, കുറ്റവും കുറവുമൊക്കെ ഉണ്ടെങ്കില്‍ തന്നെയും, പ്രോല്‍സാഹിക്കപ്പെടേണ്ട ചിത്രങ്ങളുടെ കൂട്ടത്തിലേക്കൊന്നായി സിബിയുടെ ഈ 'അപൂര്‍വരാഗ'ത്തെയും ഉള്‍പ്പെടുത്താം.
--
വിശേഷകവാക്യം:
• കണ്ടുകഴിയുമ്പോള്‍ 'അപൂര്‍വരാഗം' മാറി 'അപൂര്‍വരോഗ'മാകുമോ എന്നൊരു പേടിയുണ്ടായിരുന്നു. എന്തായാലും അതുണ്ടായില്ല! :-P
• തുടക്കത്തില്‍ നന്ദി പറഞ്ഞവയുടെ കൂട്ടത്തില്‍ കണ്ടത്, Movie Admirers Association (MAA). അങ്ങിനെയുമുണ്ടോ ഒരു സംഘടന. AMMA പടം പിടിക്കാനും, MAA ആസ്വദിക്കാനും... കൊള്ളാം! :-)
--

27 comments :

  1. സിനിമാരംഗത്ത് ഇരുപത്തിയഞ്ച് വര്‍ഷം തികയ്ക്കുന്ന സിബി മലയില്‍ സംവിധാനം ചെയ്ത 'അപൂര്‍വരാഗ'മെന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.

    newnHaree #ApoorvaRagam: As the name suggests, it is something rare in #Malayalam cinema. Coming soon: http://bit.ly/cv-reviews
    about 21 hours ago via web
    --

    ReplyDelete
  2. പുതുമുഖ കഥാകൃത്തുക്കള്‍ കടന്നു വരട്ടെ!

    ReplyDelete
  3. നന്നായി എഴുതിയിരിക്കുന്നു.
    ഈ പ്രൊജക്റ്റ് തുടങ്ങുന്നതിനു മുന്‍പ് തിരക്കഥാകൃത്തുക്കളിലെ നജീം കോയയെ പരിചയപ്പെടുവാന്‍ സാധിച്ചിരുന്നു. ഈ തിരക്കഥയെപ്പറ്റി പരാമര്‍ശിക്കവേ ‘മലയാള സിനിമയില്‍ കാലാകാലങ്ങളായി തുടര്‍ന്നുപോരുന്ന തിരക്കഥാരചനയില്‍ നിന്നും വേറിട്ട ഒരു രചാനാ രീതിയാണ് ഇതിന്റെ തിരക്കഥ’ എന്നു പറഞ്ഞിരുന്നു. അതുതന്നെ പല ഷൂട്ടിങ്ങ് റിപ്പോര്‍ട്ടുകളിലും തിരക്കഥാകൃത്തുക്കള്‍ ആവര്‍ത്തിച്ചിരുന്നു. ചിത്രം പുറത്തുവന്നപ്പോള്‍ സിനിമാക്കാരുടെ സ്ഥിരം ‘വെടിയൊച്ച’ അല്ലായിരുന്നു ആ പറച്ചില്‍ എന്നു മനസ്സിലായി :)
    80കളിലും 90കളിലും ആനപ്പുറത്തിരുന്നതിന്റെ തയമ്പ് തപ്പി നോക്കി സായൂജ്യമടയുന്ന സിനിമയിലെ കിളവന്മാര്‍ക്ക് ഇനി വിശ്രമിക്കാം. :)
    പറയാതെ വയ്യ. ഗ്രേറ്റ് റിവ്യൂ

    ReplyDelete
  4. MAA-is for promoting good films. AR is their first venture. all the online promotions posters of the film are by them

    ReplyDelete
  5. ആദ്യമായിട്ടാണ് ഈ ചിത്രത്തെ പറ്റി ‘തരക്കേടില്ല’ എന്നൊരഭിപ്രായം കേട്ടത്! മറ്റ് റിവ്യുകളെല്ലാം തന്നെ ‘അൺസഹിക്കബിൾ’ അവോയിഡ് എന്നൊക്കെയായിരുന്നു.. ഇനിയിപ്പോ കണ്ട് തീരുമാനിക്കാം..:)

    ReplyDelete
  6. സിനിമാ തിമിരം ബാധിച്ച ഒരാളാണോ ഇത് എഴുതിയത് എന്ന് ഞാന്‍ സംശയിക്കുന്നു. അപൂര്‍വരാഗത്തിന്റെ തിരക്കതയ്ക്കെന്നല്ല ഒന്നിനും ഒരു അപൂര്‍വത അവകാശപ്പെടാനില്ല. തിരക്കഥയിലും പഴകി നാറുന്ന ചില സ്ഥിരം ഡയലോഗുകള്‍ മാത്രമേ കാണാന്‍ കഴിയൂ. സിബി മലയിലിന്റെ കാര്യം അതിലും കഷ്ടമാണ്.ഈ സിനിമ ഒന്ന് കണ്ടു നോക്കിയാല്‍ അദ്ദേഹത്തിന് തന്നെ മനസ്സിലാകും സിനിമ സംവിധാനം നിര്‍ത്തേണ്ട സമയമായി എന്ന്‍. നിഷാനും ആസിഫും മെച്ചപ്പെട്ടിരിക്കുന്നു എന്ന് പറഞ്ഞിരിക്കുന്നതും എന്താടിസ്ഥാനതിലനെന്നു മനസ്സില്ലായില്ല.ലേഖകന്‍ ഋതു ഒന്ന് കൂടി കാണുന്നത് നല്ലതായിരിക്കും

    ReplyDelete
  7. ഈ ചിത്രത്തെപ്പറ്റി നല്ല അഭിപ്രായം നേരത്തേ കേട്ടിരുന്നു. ഫാന്‍സുകാര്‍ക്ക് അര്‍മാദിക്കാന്‍ പറ്റിയ ഒരു ചിത്രവും തീയേറ്ററില്‍ ഇല്ല എന്നുള്ളത് മലര്‍വാടിയേയും അപൂര്‍വരാഗത്തേയും പോലുള്ള ചിത്രങ്ങള്‍ക്ക് അനുകൂലമായേക്കും. ഇതൊന്നും 'പെര്‍ഫെക്റ്റ്' അല്ലായിരിക്കാം, പക്ഷെ ഇതുപോലെയുള്ള നല്ല ശ്രമങ്ങളെ വിജയിപ്പിക്കേണ്ടത് നല്ല മലയാളചിത്രങ്ങളിഷ്ടപ്പെടുന്ന നമ്മുടെയെല്ലാം കടമയാണ്. എങ്കില്‍ മാത്രമേ ഇനിയും കൂടുതല്‍ മികച്ച സിനിമകള്‍ ഉണ്ടാവുകയുള്ളൂ.
    പുതിയ ഒരു പിടി നല്ല ചിത്രങ്ങളും അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്ന് കേള്‍ക്കുന്നു. രഞ്ജിത്തിന്റെ പ്രാഞ്ചിയേട്ടന്‍, സന്തോഷ് ശിവന്‍-പ്രിഥ്വിരാജ് ടീമിന്റെ ഉറുമി, ബ്ലെസ്സിയുടെ ആടുജീവിതം ..എല്ലാംകൊണ്ടും വളരെ പ്രതീക്ഷയുണ്ട്- കാത്തിരുന്ന്‍ കാണാം.

    ReplyDelete
  8. സിനിമ തരക്കേടില്ലാത്തതും, അതില്‍ പുതുമകള്‍ ഉണ്ടെന്നും റിവ്യുവില്‍ നിന്നും മനസ്സിലാവുന്നുണ്ട്.അങ്ങനെ പുതുമയുള്ള മൂന്നമത്തെ സിനിമ അല്ലെ...നായകന്‍, ടി ഡി ദാസന്‍, പിന്നെ ഇതും. എന്തായാലും അടുത്ത ആഴ്ച തന്നെ കാണുന്നുണ്ട്.

    ReplyDelete
  9. ഹരീ... നല്ല റിവ്യൂ.... ചെറിയൊരു ശ്രമം
    ഇവിടെയും

    ReplyDelete
  10. ഒരുപാടു പെരില്‍നിന്നും ഇത് ഒരു നല്ല സിനിമ ആണെന്നാണ് കേട്ടത്. ക്ല്യ്മാക്സിലെ ട്വിസ്റ്റ്‌ ഒക്കെ വളരെ നന്നെന്നു കെട്ടു. നല്ല സംരംഭങ്ങള്‍ വിജയിക്കട്ടെ. When you have to shoot, shoot! Don't talk ഇത് the good bad and the ugly യിലത്തെ അല്ലെ..ആശംസകള്‍..

    ReplyDelete
  11. ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :-)

    മലയാളി പ്രേക്ഷകരുടെ കാഴ്ചശീലങ്ങളോട് ഒത്തു പോകാത്തതിനാലോ, സിബി മലയിലില്‍ നിന്നും പ്രതീക്ഷിക്കുന്ന ഒന്നല്ലാത്തതിനാലോ; എന്തുകൊണ്ടോ ഈ ചിത്രത്തെക്കുറിച്ച് വളരെ മോശമായി പലയിടത്തും കാണുന്നു. അത്രത്തോളം ഇകഴ്ത്തുവാനും മാത്രം ഈ ചിത്രം മോശമാണെന്ന് അഭിപ്രായമില്ല.

    'സിനിമാ തിമിരം' പ്രയോഗം ഇഷ്ടമായി. 'സിനിമാന്ധത' എന്നായാലോ? :-D
    --

    ReplyDelete
  12. പലരും പല അഭിപ്രായങ്ങള്‍ ആണ് പറയുന്നത്. കണ്ടു തന്നെ അറിയണം. സിബി മലയില്‍ ഇത്രയ്ക്കു കാലാഹരണപ്പെട്ടു പോയോ?

    ReplyDelete
  13. കാണേണ്ട സിനിമ.

    പിഴവുകളുണ്ട്. സംഭാഷണത്തില്‍ ചിലയിടങ്ങളിലുള്ള മികവു മറ്റു ചിലയിടത്ത് കണ്ടില്ല. സംവിധാനത്തിലും തിരക്കഥയിലും പ്രശ്നങ്ങളുണ്ട്. ഉപരിപ്ലവമായും ബഹളത്തോടും (ശബ്ദത്തിലെയല്ല) ത്രില്ലര്‍ കഥ അവതരിപ്പിക്കുന്ന മലയാളത്തിലെ സ്ഥിരം പെരുമ്പറ രീതി, ക്ലീഷേ മാത്രമുള്ള ക്യാമ്പസ് അവതരണം, പ്രതീക്ഷിച്ച പോലെ മുഴച്ചു നില്‍ക്കുന്ന 'അടിപൊളി' രംഗങ്ങള്‍, കഥാപാത്ര അവതരണത്തിലും സംഭാഷണത്തിലും ഉള്ള അസ്വാഭാവികത ( പ്രത്യേകിച്ചും പലതും സൂപ്പര്‍ കൂളായി കാണിക്കാനുള്ള ശ്രമം), കഥയിലും തിരക്കഥയിലും കഥാപാത്രങ്ങളിലുമുള്ള ചില inconsistencies, ചില സ്ഥിരം അനാവശ്യ മേമ്പോടികള്‍ (ജഗതി, പാട്ടുകള്‍), സര്‍വ്വോപരി സിനിമ ആസ്വാദനത്തിനു വിലങ്ങുതടിയായി മാത്രം നില്‍ക്കുന്ന background score. അങ്ങനെ കുറെ.

    പക്ഷെ, ഇവിടെ പിഴവുകളല്ല പ്രധാനം. ഈ പ്രമേയം തീര്‍ച്ചയായും മലയാളത്തില്‍ ഒരു പുതിയ ശ്രമമാണ്. ഇത് ഒരു വെറും ത്രില്ലര്‍ എന്നതിനെക്കാളും ഒരു noir സിനിമയ്ക്കുള്ള ശ്രമമായാണ് തോന്നിയത്. ( മലയാളത്തില്‍ ഇതിനു മുന്‍പൊരു noir സിനിമയുള്ളതായി അറിവില്ല - 'നായകന്‍' കണ്ടിട്ടില്ല) കുറച്ചെങ്കിലും ആത്മാര്‍ഥതയുള്ള ഒരു attempt എന്ന നിലയ്ക്ക് നല്ല പ്രോത്സാഹനം അര്‍ഹിക്കുന്ന പടം.

    ഹരി പറഞ്ഞ മിക്കതിനോടും യോജിക്കുന്നു. വില്ലന്മാരുടെ താമസസ്ഥലത്തെപ്പറ്റി പറഞ്ഞത് അവസാന രംഗം കരുതിയാകണം. പക്ഷെ, അതാണ്‌ അവരുടെ താമസസ്ഥലം എന്ന സൂചനയോന്നുമില്ലല്ലോ. കാര്യങ്ങള്‍ ഒളിവില്‍ തീര്‍പ്പാക്കാന്‍ നമ്മുടെ നാട്ടില്‍ പറ്റിയ ഒരു സ്ഥലമെന്നതില്‍ അതില്‍ വലിയ അപാകതയില്ല. ഒരു കോടി കൈമാറുന്നതിലും മറ്റും unconventional settings ഉണ്ടാക്കിയിട്ടുണ്ട് താനും.

    ReplyDelete
  14. hey haree,you must watch the film inception.very good sci-fi from christopher nolan(memento fame)

    ReplyDelete
  15. ella cinemayeyum kuttam parayunna Hari enganeyaanu ithinu ithra nalla abhiprayam ezhuthiyath. ee cinemayil Asif ASliyum, Nishanum mechappettu ennu paranhu. ethu reethiyilaanavar mechappettu ennu paranhathennu manassilayilla.
    atho ini 'mechappettu' enna vaakinte artham 'moshamaayi' ennenganum maatiyo ee aduthayi.
    ella cinemayeyum athini ethra nalla cinemayayalum enthenkilum okke kuttam kandethi ezhuthunna Harikk ivarude abhinayam ishtappettu ennu parayunnath athishayamulavaakunnu. valare mosham prakatanamalle ivar kaazhcha vechirikkunnath, prathyekich Nishan. pinne naayikayude achanaayi abhinayichayaalude abhinayam asahaneeyam. ee cinemayile twistukal maathramaanu aake oru puthuma. athinu vendiyulla kadha parchilil yukthiyillatha pala kaaryanglum ezhuthi pidippichirikkunnu. ennittum engane thaankal ee cinemakkithrayum rating koduthu ennu manassilakunnilla.

    ReplyDelete
  16. 'സമ്മര്‍ ഇന്‍ ബത്ലഹേം' സിബി ആയിരുന്നു സംവിധാനിച്ചത്. രഞ്ജിത്തിന്റെ എഴുത്തില്‍. പക്ഷെ അവരുടെ ഉസ്താദ്... പിന്നെ ദേവദൂതനും, ജലോത്സവവും നല്ലതായിരുന്നില്ലേ

    ReplyDelete
  17. ചിത്രം കണ്ടില്ല, അഖിലേഷ് പറഞ്ഞത് വച്ച് നോക്കുമ്പോള്‍ ഏകദേശ നിലവാരം പിടികിട്ടി. മിക്കവാറും സം‌വിധായകന്റെ കൊണോതിയാരം കൊണ്ടുള്ള പ്രശ്നങ്ങള്‍ ആണെന്നു തോന്നുന്നു. പ്രേക്ഷകര്‍ക്ക് ഇന്നയിന്ന കാര്യങ്ങള്‍ സിനിമയിലുണ്ടായാല്‍ മാത്രമേ പടം ഇഷ്ടപെടൂ എന്നൊരു ധാരണ ഈ സിനിമാക്കാര്‍ക്ക് ഉണ്ട്. ഏറ്റവും കുറ്റമറ്റ രീതിയില്‍ A to Z റിസര്‍ച്ച് നടത്തി, ശ്രദ്ധയോടെ ഓരോ രംഗങ്ങളും ചിത്രീകരിക്കാന്‍ മൂളയുള്ള ഒരു സം‌വിധായകന്‍ ഇനിയും ഉണ്ടാവേണ്ടിയിരിക്കുന്നു. കഥപാത്രങ്ങള്‍, പ്രത്യേകിച്ച് ക്യാമ്പസ്സ്, ഐടി, അടിപൊളി - ഇതുപോലെയാണ്‌ പെരുമാറുന്നതെന്ന് ഈ സം‌വിധായക പൂങ്കവന്മാര്‍ക്ക എവിടുന്നാണാവോ അറിവു കിട്ടിയത്!


    പൊട്ടന്‍ കടിച്ചപോലെ പരസ്പരവിരുദ്ധമായ സ്വഭാവവിശേഷങ്ങള്‍ പ്രകടിപ്പിക്കുക എന്നതാണ്‌ ഇന്നത്തെ മലയാള സിനിമാ കഥാപാത്രങ്ങളുടെ ഏറ്റവും വലിയ ശാപം! പിന്നെ അസഹനീയമായ പശ്ച്ചാതല സംഗീതവും വിഷ്വല്‍ ഇഫറ്റ്സും(?). ഇതിനെല്ലാം പുറമെ, തിരക്കഥയിലെ ഇഴയടുപ്പം ഇല്ലായ്മ.

    കഥ, സാമ്പത്തികം, സാങ്കേതികം, തുടങ്ങി മറ്റെല്ലാ ഘടകങ്ങളും ഒഴിച്ചു നിര്‍ത്തി മേല്പ്പറഞ്ഞ മൂന്ന് കാര്യങ്ങള്‍ നേരെയാക്കാന്‍ ശ്രമിച്ചാല്‍ തന്നെ ഒരു വിധം മലയാള സിനിമ രക്ഷപ്പെട്ടു എന്നു പറയാം.

    ReplyDelete
  18. ഇതിന്റെ കുറ്റങ്ങളും കുറവുകളും കുറെയേറെ സ്ഥലത്ത് കാണുന്നുണ്ട്..അറിയില്ല എന്തിനാണ് ഇങ്ങനെ ഒരു സംരംഭം തോല്‍പ്പിക്കുന്നത് എന്ന്. .തിലകന്‍ ഒരിക്കല്‍ പറഞ്ഞു.ദിലീപ് നടനോ നിര്മാതാവോ അല്ല..നല്ലൊരു കച്ചവടക്കാരന്‍ ആണെന്ന്..അങ്ങേരുടെ മലര്‍വാടി വിജയിപ്പിക്കാനുള്ള ഒരു ഗൂടതന്ത്രമാനെങ്ങില്‍..ദയവു ചെയ്തു സാറേ ഈ പടത്തിനെ വെറുതെ വിട്..പടം കണ്ടപ്പോ എനിക്കൊരു കുറവും തോന്നിയില്ല..ചിത്രവിശേഷം ലെകകാന്‍ എഴുതിയതില്‍ സ്ഥലത്തെ പട്ടി പറയുന്നുണ്ടല്ലോ..അവര്‍ നല്ല ഒരു വീട്ടില്‍ താമസിക്കുന്നത് മറന്നു പോയോ..? അവര്‍ ഒളിച്ചിരിക്കാന്‍ ഉപയോഗിക്കുന്ന വീട് കണ്ടിട്ടാണ് അങ്ങനെ പറഞ്ഞെങ്ങില്‍ പറഞ്ഞത് തിരിത്താന്‍ സാറോന്നു തയ്യാറാകണം...
    സിഫി യില്‍ എഴുതിയ കമന്റ്‌ കണ്ടാല്‍ ഭാര്‍ഗവ ചരിതം നാലാം ഖണ്ടം ഇതിലും ഭേധമാണോ എന്ന് തോന്നിപോകും..

    #ഇതിലെ അവസാന ഭാഗത്ത് പറഞ്ഞ മാ എന്നാ സങ്ങടനയിലെ ഒരു പ്രവര്‍ത്തകാനാണ് ഈ എഴുതുന്നത്..ഞങ്ങള്‍ അമ്മ പിടിക്കുന്ന പടങ്ങള്‍ മാത്രമല്ല കാണുന്നത്...

    ReplyDelete
  19. "പക്ഷെ, അതാണ്‌ അവരുടെ താമസസ്ഥലം എന്ന സൂചനയോന്നുമില്ലല്ലോ." മൂവര്‍ സംഘം മദിരാശിയില്‍ വന്നു താമസിക്കുന്നത് നല്ലൊരു വസതിയില്‍ തന്നെ, അത് അവരുടെ മറ്റൊരു പദ്ധതി നടപ്പിലാക്കുവാന്‍. അതുപോലൊരു പദ്ധതിക്കായാണല്ലോ കായല്‍ക്കരയിലുള്ള പൊളിഞ്ഞയിടത്തും തങ്ങുന്നത്, അവിടെയെന്തേ വീട് അങ്ങിനെയായി? ചുവരിലെ പടം വലിച്ചു കീറലും, വസ്ത്രങ്ങളൊക്കെ ബാഗില്‍ നിറച്ചുള്ള തത്രപ്പെടലുമൊക്കെ കണ്ടപ്പോള്‍ മനസിലായത് അവിടെ താമസിച്ചാണ്‌ അവര്‍ പദ്ധതി നടപ്പിലാക്കിയതെന്നാണ്‌.

    MAA എന്ന സംഘടനയെക്കുറിച്ച് ആദ്യമായി കേള്‍ക്കുകയാണ്‌. ആ കൌതുകം പങ്കുവെച്ചുവെന്നു മാത്രം. (Strikers & Crew ആണ്‌ മാര്‍ക്കറ്റിംഗ് എന്നു കണ്ടു. അപ്പോള്‍ പോസ്റ്ററുകള്‍ MAA-യുടെ വകയാണോ?) AMMA-യിലില്ലാത്തവര്‍ക്ക് മലയാളസിനിമയില്‍ തല കാട്ടുവാന്‍ വയ്യല്ലോ, അപ്പോള്‍ പിന്നെ AMMA പിടിക്കുന്ന പടമെന്നു പറയാം. ('പണമിറക്കിയ' എന്നൊരു അര്‍ത്ഥത്തിലല്ലെന്നു മാത്രം.)

    ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :-)
    --

    ReplyDelete
  20. ഹരീ, ആദ്യത്തെ പദ്ധതിയ്ക്കായി പൊളിഞ്ഞോരിടത്ത്‌ താമസിക്കുന്നതായി കാണിച്ചോ? എന്റെ ഓര്‍മപ്പിശകായിരിക്കും. സോറി. ശ്രദ്ധ ഈയിടെയായി ശരിയല്ല, ഹ ഹ.

    ReplyDelete
  21. ഈ സിനിമ ഞാനും കണ്ടു. ഹരിയുടെ പോസ്‌റ്റും അതിനു കീഴിലെ കമന്റ്‌സും വായിച്ചപ്പോഴാണ്‌ ഇത്രയൊക്കെ കുറവുണ്ടോ ഇതിന്‌ എന്നു തോന്നിയത്‌. ഏതായാലും ഈ പുതുമുഖങ്ങളും അവരുടെ പുതിയ രീതികളും പ്രശംസയര്‍ഹിക്കുന്നു.
    അസ്വാഭാവികതകളെ തൊണ്ടതൊടാതെ വിഴുങ്ങേണ്ടി വന്നാല്‍ പോലും മികച്ചൊരു സിനിമ ഒരുക്കാന്‍ ഈ ടീമിനു കഴിഞ്ഞിരിക്കുന്നു. കോഴിക്കോട്‌ ശ്രീയില്‍ നിന്നാണ്‌ കണ്ടത്‌. ഞായറാഴ്‌ചയായതിനാലാവാം ഏതാണ്ട്‌ ഹൗസ്‌ഫുള്ളായിരുന്നു. പടം കഴിഞ്ഞപ്പോള്‍ എല്ലാവരും നിശ്ശബ്ദരായി എഴുന്നേറ്റു എന്നത്‌, 'അപൂര്‍വരാഗം' അവരെയെല്ലാം തൊട്ടു എന്നതിന്റെ തെളിവായിട്ടാണ്‌ ഞാന്‍ കാണുന്നത്‌. കാലങ്ങള്‍ക്കു ശേഷമാണ്‌, കൂവല്‍ കേള്‍ക്കാതെ ഒരു മലയാള സിനിമ കണ്ടുതീര്‍ത്തത്‌.
    നാടകീയതകളെ അവ അര്‍ഹിക്കുന്ന 'ലാഘവ'ത്തോടെ അവതരിപ്പിച്ചതിനും സ്‌ത്രീ കഥാപാത്രങ്ങള്‍ക്ക്‌ പ്രധാന്യവും പ്രസക്തിയും നല്‍കിയതിനും സംഘര്‍ഷ ഭരിതമായ രംഗങ്ങളിലും 'അവന്‍ പാവമല്ലേടാ... നമുക്കവനെ കൊന്നു കളയാം' തുടങ്ങിയ ഡയലോഗുകള്‍ കേള്‍പ്പിച്ചതിനും ആനന്ദിനും നജീം കോയക്കും നന്ദി പറയുന്നു. കുറഞ്ഞ ചെലവിലെടുത്ത പടമായതിനാല്‍ സാമ്പത്തികമായി ഇതിനകം തന്നെ ലാഭത്തിലെത്തിയിട്ടുണ്ടാകുമെന്നു തോന്നുന്നു.

    ReplyDelete
  22. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞാന്‍ ഈ പടം കാണും. കാരണം എന്തായാലും ഇത് പോക്കിരികളേക്കാളും എയ്ഞജലുമാരേക്കാളും പാപ്പിമാരേക്കാളും കൊള്ളാമെന്ന് പടം കണ്ട എല്ലാവരും പറഞ്ഞു.
    മലര്‍വാടിയും അപൂര്‍വരാഗവും ഹിറ്റാകുമെന്ന് പ്രതീക്ഷിക്കുന്നു.

    ReplyDelete
  23. ഹരിഷേട്ടാ...പുതുമുഖങ്ങളുടെ പടം എന്നൊരു പരിഗണന കൊടുത്തു കൂടെ?ചില തെറ്റ് കുറ്റങ്ങള്‍ ഉണ്ടെങ്ങിലും "പോക്കിരിതരങ്ങളെ"കാളും"താന്തോന്നി" തരതെകാളും കൊള്ളാം..നമ്മെ വേര്‍പിരിഞ്ഞ സന്തോഷ്‌ ജോഗിയും പിന്നെ ഫിറോസ്‌ എന്നാ കഥാപാത്രത്തെ അവതരിപിച്ച പയ്യനും കൊള്ളാം ..നന്നായിട്ടുണ്ട്
    അസിഫ് അലികും,നിത്യക്കും കുറച്ചും കൂടി നന്നാക്കാമായിരുന്നു...നായകനും നായികയുടെ അച്ഛനും ഒരു വികാരമിലാത്ത ജീവികള്‍ ആയി പോയി എന്ന് തോന്നിപോവും ..സിബിയുടെ "ഫ്ലാഷ്" പിന്നെ ഈ അടുത്തിടെ ഇറങ്ങിയ പടത്തെകാളും കൊള്ളാം ഈ പടം...ഒരു വ്യത്യസ്തത്തക്യുള്ള ശ്രമം എന്ന് വിലയിരുത്താം ...

    ReplyDelete
  24. ജീര്‍ണ്ണത അനുഭവിക്കുന്ന മലയാളസിനിമയുടെ പുതുപ്പിറവി ഇതിലൂടെ ആവട്ടെ എന്നാശിക്കുന്നു. പുതു എഴുത്തുകാരും അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരും കടന്നുവരട്ടെ, അവരെ പ്രോത്സാഹിപ്പിക്കുന്ന നിര്‍മ്മാതാക്കളും രക്ഷപ്പെടട്ടെ.

    ReplyDelete
  25. it's a much better movie than the reviwer has suggested.. though it has its own lapses in the script it desrves a 7+.. hari now days always falls into a 5-6 range for giving ratings..

    ReplyDelete
  26. പടം കണ്ടു .. കൊള്ളാം.. പക്ഷെ ഇന്റര്‍വെല്‍ നു ശേഷം അല്‍പ്പം പാളിയോ എന്നൊരു സംശയം? ഇന്റെര്‍വല്‍ നു മുന്‍പുള്ള വേഗവും സസ്പെന്‍സും ഒക്കെ അല്‍പ്പം മിസ്സ്‌ ആയതു പോലെ.. എന്തായാലും ഒരു മാറ്റത്തിന് തുടക്കം ആകട്ടെ എന്ന് പ്രാര്‍ത്ഥിക്കാം...

    ReplyDelete
  27. ഇന്നലെ ഇവിടെ (ബാംഗ്ലൂരില്‍) പടം കണ്ടു. ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ഒരു ഒന്നൊന്നര പടം!

    ഒരു സാധാരണ ക്യാമ്പസ്സ് ചിത്രം പോലെ തുടങ്ങി, ഇടവേളയാകുമ്പോഴേക്കും പ്രേക്ഷകനെ ആകാംക്ഷയുടെ മുള്‍മുനയിലെത്തിച്ച് ഒട്ടും പ്രതീക്ഷിക്കാത്ത വഴിത്തിരിവുകളിലൂടെ വികസിക്കുന്ന കഥാമുഹൂര്‍ത്തങ്ങള്‍.

    വളരെ വേഗത്തിലാണ് കഥപോകുന്നതെങ്കിലും ആവശ്യമുള്ളിടത്തൊക്കെ ഒരു പിരിമുറുക്കം നിലനിര്‍ത്തി വളരെ അടക്കത്തോടുകൂടി കഥപറഞ്ഞു പോകാന്‍ സിബിമലയിലിനെ പോലെ ഇരുത്തം വന്ന ഒരു സംവിധായകന് അനായാസം സാധിച്ചിരിക്കുന്നു.
    നടന്മാരാരും തങ്ങളുടെ വേഷങ്ങള്‍ മോശമാക്കിയിട്ടില്ല. അപ്പോള്‍ തന്നെ സന്തോഷ് ജോഗിയും നാരായണനെ അവതരിപ്പിച്ച നടനുമൊക്കെ ഗംഭീരമാവുകയും ചെയ്തു. ഫിറോസിനെ അവതരിപ്പിച്ച ചെറുപ്പക്കാരന്‍ മലയാള സിനിമയ്ക്ക് ഒരു ഭാവി വാഗ്ദാനമായിരിക്കും.

    ആദ്യഗാനംഒഴിവാക്കാമായിരുന്നു എന്ന് തോന്നി. ചിത്രത്തിന്റെ ആ ഒരു ഫാസ്റ്റ് ഫേസിലേക്ക് കാഴ്ചക്കാരെ കൊണ്ടുവരാനുള്ള ഒരു energy booster മാത്രം ആയി ആ ഗാനരംഗങ്ങളെ കണ്ടാല്‍ മതി എന്നാണെനിക്ക് തോന്നുന്നത്.


    If you haven't watched this movie yet, you are definitely missing something. ചിത്രത്തിന്റെ ആദ്യാന്തം തിയേറ്ററില്‍ മുഴങ്ങിക്കേട്ട കയ്യടികള്‍ ഇത് സാധൂകരിക്കുന്നു.

    ReplyDelete