ആത്മകഥ (Athmakadha)

Published on: 8/23/2010 07:43:00 PM
Athmakadha: A film by Premlal starring Sreenivasan, Sarbani Mukherjee, Shafna. Film review by Haree for Chithravishesham.
നവാഗതനായ പ്രേം‍ലാല്‍ കഥയും തിരക്കഥയും സംഭാഷണങ്ങളുമെഴുതി സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രമാണ്‌ 'ആത്മകഥ'. ശ്രീനിവാസന്‍, ശര്‍ബാനി മുഖര്‍ജി, ഷഫ്ന തുടങ്ങിയവരാണ്‌ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പവിത്രം ക്രിയേഷന്‍സിന്റെ ബാനറില്‍ സന്തോഷ് പവിത്രം, ഷഫീര്‍ സേട്ട് എന്നിവരാണ്‌ ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അന്ധരായ കൊച്ചുബേബി-മേരി ദമ്പതികളുടേയും അവരുടെ മകളായ ലില്ലിക്കുട്ടിയുടേയും കഥയാണ്‌ ചിത്രം പറയുന്നത്. ഒരു ചെറിയ ആശയത്തെ മാത്രം ആധാരമാക്കി, ഒരു മുഴുനീള ചിത്രം വിഭാവനം ചെയ്തതിന്റെ പ്രശ്നങ്ങള്‍ പ്രകടമാണെങ്കിലും; ഇപ്പോഴിറങ്ങുന്ന പല മലയാള ചിത്രങ്ങളേയും പോലെ വെറുപ്പിക്കുകയോ അലോസരപ്പെടുത്തുകയോ ചെയ്യുന്നില്ല ഈ ചിത്രം.

ആകെത്തുക     : 6.25 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 5.00 / 10
: 6.00 / 10
: 7.00 / 10
: 3.50 / 05
: 3.50 / 05
എപ്പോഴും സ്വപ്നം കാണുന്ന കൊച്ചുബേബിയുടെ ഒരു സ്വപ്നത്തില്‍ നിന്നും തുടങ്ങുന്ന ചിത്രം മകളായ ലില്ലിക്കുട്ടിയുടെ സ്വപ്നത്തില്‍ അവസാനിക്കുന്നു. ഇനിയെന്ത് സംഭവിക്കുമെന്ന് പ്രേക്ഷകരില്‍ ആകാംക്ഷയുണര്‍ത്തി, ഒടുവിലൊരു പരിണാമഗുപ്തിയില്‍ കൊണ്ടുചെന്നെത്തിക്കുന്ന പതിവ് ശൈലിയിലല്ല ഈ ചിത്രം വികസിക്കുന്നതും അവസാനിക്കുന്നതും. കഥാപാത്രങ്ങള്‍ ചിരിക്കുമ്പോള്‍ സന്തോഷിക്കുകയും, കരയുമ്പോള്‍ സങ്കടപ്പെടുകയും ചെയ്യുന്ന തരത്തില്‍ കാണികളുമായി വൈകാരികമായി അടുത്തു നില്‍ക്കുവാന്‍ ചിത്രത്തിനു കഴിയുന്നുമുണ്ട്. തമാശക്ക്, സംഘട്ടനത്തിന്‌; എന്നീ പേരുകളിലൊന്നും അനാവശ്യമായി രംഗങ്ങളൊന്നും ചിത്രത്തില്‍ ചേര്‍ത്തിട്ടില്ല എന്നതും ആശ്വാസകരം. ഒരു ഷോര്‍ട്ട്-ഫിലിമിലോ ടെലിഫിലിമിലോ പറഞ്ഞു തീര്‍ക്കാനുള്ളതേയുള്ളൂ 'ആത്മകഥ'യുടെ ആശയം. അത്തരമൊന്ന് ഫീച്ചര്‍-ഫിലിമായി വരുമ്പോഴുള്ള കുറവുകളാണ്‌ ചിത്രത്തെ പ്രധാനമായും പിന്നിലാക്കുന്നത്.

അഭിനേതാക്കളില്‍; മുഖം കൊണ്ടു ഗോഷ്ടികാണിക്കുക എന്ന സമീപകാല രീതി വിട്ട് കൊച്ചുബേബിയെ അവതരിപ്പിക്കുന്നതില്‍ ശ്രീനിവാസന്‍ ഒരു പരിധിവരെ വിജയിച്ചിട്ടുണ്ട്. യഥാക്രമം മേരിയായും ലില്ലിക്കുട്ടിയായുമെത്തിയ ശര്‍ബാനി മുഖര്‍ജി, ഷഫ്‍ന എന്നിവരും മികവു പുലര്‍ത്തി. ജഗതി ശ്രീകുമാര്‍, ബിന്ദു പണിക്കര്‍, ചേമ്പില്‍ അശോകന്‍, ബാബു നമ്പൂതിരി തുടങ്ങിയവരൊക്കെയാണ്‌ ഇതര വേഷങ്ങളില്‍. ഇവരില്‍ ബിന്ദു പണിക്കരുടെ ചില ഭാഗങ്ങള്‍ മാത്രം അമിതാഭിനയത്തിലേക്ക് വഴുതി. കഥാപാത്രങ്ങളുടെ വിജയത്തില്‍, സംഭാഷണങ്ങളില്‍ പാലിച്ചിരിക്കുന്ന മിതത്വത്തിനും ചെറുതല്ലാത്ത പങ്കുണ്ട്. ഈവിധം, കഥാപാത്രങ്ങള്‍ക്ക് ഉതകുന്ന രീതിയില്‍ അഭിനേതാക്കളെ ഉപയോഗിച്ചിരിക്കുന്നതില്‍ സംവിധായകന്‍ പ്രശംസയര്‍ഹിക്കുന്നു.

Cast & Crew
Athmakadha

Directed by
Premlal

Produced by
Santhosh Pavithram, Shafeer Sait

Story, Screenplay, Dialogues by
Premlal

Starring
Sreenivasan, Sharbani Mukherjee, Shafna, Jagathy Sreekumar, Babu Nampoothiri, Bindu Panicker, Munshi Venu, Chempil Asokan etc.

Cinematography (Camera) by
Sameer Haq

Editing by
Mahesh Narayanan

Art Direction by
Suresh Kollam

Music by
Alphonse Joseph

Background Score by
Mohan Sithara

Sound Effects by
Murukesh

Lyrics by
Kaithapram Damodaran Namboothiri, Engadiyoor Chandrasekharan

Make-Up by
Sreejith Guruvayoor

Costumes by
Kumar Edappal

Banner
Pavithram Creation

ഇത്തരമൊരു ചെറുചിത്രത്തില്‍ പ്രതീക്ഷിക്കുന്നതിലുമപ്പുറം സാങ്കേതികമികവ് കൈവരിക്കുവാന്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കായി. ഇരുളിന്റെ ഭാവങ്ങള്‍ കൂടി ഉള്‍ക്കൊള്ളുന്ന സമീര്‍ ഹഖ് പകര്‍ത്തിയിരിക്കുന്ന ദൃശ്യങ്ങള്‍ ചിത്രത്തിന്റെ മികവുയര്‍ത്തുന്നു. ഇടയ്ക്ക് പത്തുമുപ്പത് വര്‍ഷങ്ങള്‍ പിന്നിലേക്കും പോവുന്ന ചിത്രത്തിന്റെ കലാസംവിധാനം സുരേഷ് കൊല്ലത്തിന്റെ കൈയ്യില്‍ ഭദ്രം. ദൃശ്യങ്ങള്‍ ഒഴുക്കോടെ ചേര്‍ത്തുവെയ്ക്കുന്നതില്‍ ചിത്രസം‍യോജകന്‍ മഹേഷ് നാരായണനും മികവുപുലര്‍ത്തിയപ്പോള്‍; ശ്രീജിത്ത് ഗുരുവായൂരിന്റെ ചമയങ്ങള്‍, കുമാര്‍ എടപ്പാളിന്റെ വസ്ത്രാലങ്കാരം എന്നിവ ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്കിണങ്ങുന്നവയാണ്‌. മുരുകേഷ് സൌണ്ട് ഇഫക്ടുകള്‍ ഏച്ചുകെട്ടലാവാതെ ഒതുക്കത്തില്‍ ഒരുക്കിയിട്ടുണ്ട്. ഇടയ്ക്കൊക്കെ ശബ്ദമിത്തിരി ഉയര്‍ന്ന് പൂര്‍വതല സംഗീതമായിപ്പോവുന്നുണ്ട് എന്നൊരു പ്രശ്നമൊഴിച്ചു നിര്‍ത്തിയാല്‍, മോഹന്‍ സിത്താര ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും മികവു പുലര്‍ത്തുന്നു.

ആറ്‌ ഗാനങ്ങളാണ്‌ ചിത്രത്തിന്റെ ആല്‍ബത്തിലുള്ളത്. എന്നാല്‍ തിയേറ്ററില്‍ കണ്ടത് ഒരു ഗാനം മാത്രം. (രണ്ടരമണിക്കൂറിനടുത്തുള്ള ചിത്രം രണ്ടു മണിക്കൂറിനുള്ളില്‍ അവസാനിച്ചു. ഇതര ഗാനങ്ങള്‍ തിയേറ്ററുകാര്‍ ഒഴിവാക്കിയാതാകുവാനാണ്‌ സാധ്യത കൂടുതല്‍.) കൈതപ്രം ദാമോദരന്‍ നമ്പൂതിരി, എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എന്നിവരുടെ രചനയില്‍ അല്‍ഫോന്‍സാണ്‌ ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണമിട്ടിരിക്കുന്നത്. ലില്ലിക്കുട്ടിയുടെ വളര്‍ച്ച ചിത്രീകരിക്കുന്ന "കന്നിത്തിങ്കള്‍..." എന്നു തുടങ്ങുന്ന കാര്‍ത്തിക്കിന്റെ ശബ്ദത്തിലുള്ള ഗാനം ചിത്രത്തോട് ചേര്‍ന്നുപോവുന്നു. മറ്റ് ഗാനങ്ങള്‍ ഒഴിവായതുകൊണ്ട് ചിത്രത്തിന്‌ ദോഷമൊന്നും ഉണ്ടായിട്ടില്ല എന്നു കരുതുന്നു. (ഗുണകരമാകുവാന്‍ സാധ്യതയുണ്ട് താനും!)

സ്വപ്നം കാണുവാനും, മറ്റുള്ളവര്‍ക്ക് വെളിച്ചമേകുവാനൊരു നാളം തെളിക്കുവാനും അന്ധതയോ മറ്റു വൈകല്യങ്ങളോ തടസമല്ലെന്നൊരു ആശയമാണ്‌ ചിത്രം പ്രേക്ഷകര്‍ക്ക് നല്‍കുന്നത്. ആശയത്തോട് നീതി പുലര്‍ത്തുന്ന രീതിയില്‍, പറയാനുള്ള ചെറുകാര്യം മികവോടെ അവതരിപ്പിച്ചിട്ടുണ്ട് സംവിധായകനിതില്‍. ചലച്ചിത്രത്തിനുതകുന്ന കാമ്പുള്ളൊരു കഥ കിട്ടിയാല്‍, ഇതിലും മെച്ചപ്പെട്ട ചിത്രങ്ങള്‍ പ്രേം‍ലാലില്‍ നിന്നും പ്രതീക്ഷിക്കാമെന്നാണ്‌ 'ആത്മകഥ' കാട്ടിത്തരുന്നത്. ആട്ടവും പാട്ടുമൊക്കെയായി മേളക്കൊഴുപ്പുള്ളൊരു ചിത്രം പ്രതീക്ഷിക്കുന്നവര്‍ നിരാശപ്പെടും. എങ്കിലും, ഓണത്തിനിറങ്ങിയ മറ്റ് ചിത്രങ്ങളൊന്നും ശരാശരി നിലവാരം പോലും പുലര്‍ത്താത്ത സ്ഥിതിക്ക്, അല്‍പം നൊമ്പരപ്പെടുത്തുന്ന ഈ ചെറുചിത്രം കുറച്ചുപേരെയെങ്കിലും തൃപ്തിപ്പെടുത്തുമെന്നു കരുതാം.
--

6 comments :

  1. ശ്രീനിവാസനെ നായകനാക്കി നവാഗതനായ പ്രേം‍ലാല്‍ ഒരുക്കിയിരിക്കുന്ന 'ആത്മകഥ' എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.

    ഓഫ്: തിയേറ്ററുകാരുടെ കത്തിവെയ്ക്കലിനു ശേഷം രണ്ടില്‍ താഴെ ദൈര്‍ഘ്യമുള്ള 'ആത്മകഥ'യാണ്‌ ഞാന്‍ കണ്ടത്. രണ്ടരമണിക്കൂറോളമാണ്‌ ചിത്രത്തിന്റെ പൂര്‍ണമായ ദൈര്‍ഘ്യം എന്നു കേള്‍ക്കുന്നു. അങ്ങിനെയെങ്കില്‍, എത്രത്തോളം ചിത്രം ആസ്വാദ്യകരമാവുമെന്ന് സംശയിക്കാവുന്നതാണ്‌.

    newnHaree #Athmakadha: A beautiful film, well said in a short runtime. Coming soon: http://bit.ly/cv-reviews
    12:09 AM Aug 22nd via web
    --

    ReplyDelete
  2. നല്ല വിശകലനമായിട്ടുണ്ട് കേട്ടൊ ഗെഡീ

    ReplyDelete
  3. ഇത്തവണ നാട്ടില്‍ വന്നപ്പോള്‍ ഇത് കാണണം എന്നു കരുതിയിരുന്നതാണ്...എന്തു ചെയ്യാം...പത്തനംതിട്ടയില്‍ യക്ഷിയുടെ വിളയാട്ടമായിരിന്നു..പിന്നെ അഡ്വ:ലക്ഷ്മണന്‍ ലേഡീസ് ഒണ്‍ലി...

    തിരുവനന്തപുരം ശരിയ്ക്കും മിസ് ചെയ്യുന്നു :-(

    ReplyDelete
  4. പാട്ടിന്റെ പാലാഴി കണ്ടോ?
    പാട്ടുകളൊക്കെ നന്നായിട്ടുണ്ട്..

    ReplyDelete
  5. അപ്പോള്‍ പടം കൊള്ളാല്ലേ...നോക്കട്ടെ കാണാന്‍ പറ്റുമോ എന്ന്...ബാക്കി സിനിമകള്‍ ഏറ്റവും മോശം സ്ഥാനത്തിന് വേണ്ടി മത്സരിക്കുമ്പോള്‍ ഒന്നെങ്കിലും നല്ലതുണ്ട് എന്നറിയുന്നത് ഒരാശ്വാസം.

    ReplyDelete