വി ആര്‍ ഫാമിലി (We are Family)

Published on: 9/06/2010 09:45:00 AM
We Are Family: A film directed by Siddharth P. Malhotra starring Kajol, Kareena Kapoor, Arjun Rampal etc. Film Review by Haree for Chithravishesham.
ഹോം എലോണ്‍, ഹാരി പോട്ടര്‍ ചിത്രങ്ങളുടെ സംവിധായകന്‍, ക്രിസ് കൊളംബസിന്റെ സംവിധാനത്തില്‍ 1998-ല്‍ പുറത്തിറങ്ങിയ ചിത്രമാണ്‌ 'സ്റ്റെപ്പ്മോം'. രണ്ട് സ്ത്രീകഥാപാത്രങ്ങളിലൂടെ വികസിക്കുന്ന ചിത്രത്തില്‍, ജൂലിയ റോബേര്‍ട്ട്സും സൂസന്‍ സരാന്‍ഡനുമായിരുന്നു നായികമാര്‍. ഈ ചിത്രത്തിന്റെ ഹിന്ദി പതിപ്പാണ്‌ നവാഗതനായ സിദ്ദാര്‍ത്ഥ് മല്‍ഹോത്രയുടെ സംവിധാനത്തില്‍, കജോളും കരീന കപൂറും പ്രധാനവേഷങ്ങളിലെത്തുന്ന 'വി ആര്‍ ഫാമിലി'. യഥാര്‍ത്ഥ ചിത്രത്തെ അധികരിച്ച് ഈ ചിത്രത്തിനു വേണ്ടി വെനീറ്റ കൊയ്‍ലോ തിരക്കഥയും, നിരഞ്ജന്‍ അയ്യങ്കാര്‍ സംഭാഷണങ്ങളും രചിച്ചിരിക്കുന്നു‍. ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കരണ്‍ ജോഹര്‍, ഹീരൂ യാഷ് ജോഹര്‍ എന്നിവരൊരുമിച്ചാണ്‌ ചിത്രത്തിന്റെ നിര്‍മ്മാണം.

ആകെത്തുക     : 6.00 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 4.00 / 10
: 5.50 / 10
: 7.50 / 10
: 3.50 / 05
: 3.50 / 05
'സ്റ്റെപ്പ്മോ'മിനെ ഇന്ത്യന്‍ സാഹചര്യത്തിലേക്ക് പറിച്ചു നട്ടപ്പോള്‍, അതിലെ പല സംഭവങ്ങളും ഇതില്‍ ഏച്ചുകെട്ടലായി അനുഭവപ്പെടുന്നു. അത്തരമൊരു മാറ്റം കേവലം ഹിന്ദി പറയുന്നതിലൂടെ മാത്രം കൈവരിക്കുവാനാവില്ല എന്ന് തിരക്കഥാകൃത്തും സംവിധായകനും മനസിലാക്കേണ്ടിയിരുന്നു. ചിത്രം മൊത്തത്തില്‍ ആസ്ത്രേലിയയിലേക്ക് പറിച്ചു നട്ടത്, ഇത്തരമൊരു വിഷയം കൈകാര്യം ചെയ്യുന്നതിലെ എളുപ്പത്തിനു വേണ്ടിമാത്രമാണ്‌ താനും. അമ്മയെപ്പോലെ, രണ്ട് പേര്‍ ചേര്‍ന്ന് കുട്ടികളെ പരിപാലിക്കുന്നത് കണ്ട് അമ്പരക്കുന്ന പ്രേക്ഷകര്‍ പതിയെ പതിയെ ചിത്രത്തിന്റെ ചുറ്റുപാടുകള്‍ മനസിലാക്കിയെടുക്കുന്ന തരത്തിലാണ്‌ ഇംഗ്ലീഷ് പതിപ്പ്. എന്നാലത് ഹിന്ദിയിലെത്തിയപ്പോള്‍ കാണികള്‍ക്ക് ചിന്തിക്കുവാന്‍ അവസരം നല്‍കാതെ, ഏകദിശയില്‍ പറഞ്ഞുപോവുന്നൊരു സാധാരണ കഥ മാത്രമായി. പ്രാദേശികത പ്രതിഫലിപ്പിക്കുവാനായി വരുത്തിയ മാറ്റങ്ങളാവട്ടെ പലപ്പോഴും ചിത്രത്തിന്‌ അധികപ്പറ്റായി മാറുകയും ചെയ്യുന്നു. ഇന്ത്യന്‍ പശ്ചാത്തലത്തില്‍, ഇവിടുത്തെ സാമൂഹികാവസ്ഥകള്‍ കൂടി കണക്കിലെടുത്ത് വിശ്വസിനീയമായൊരു മാറ്റിപ്പറച്ചിലിനു ശ്രമിച്ചിരുന്നെങ്കില്‍ ഇതിലുമേറെ മികവ് ഈ ചിത്രത്തിന്‌ കൈവരിക്കാമായിരുന്നു.

Cast & Crew
We Are Family

Directed by
Siddharth P. Malhotra

Produced by
Karan Johar, Hiroo Yash Johar

Story, Screenplay / Dialogues byGigi Levangie Grazer, Venita Coelho / Nirenjan

Starring
Kajol, Kareena Kapoor, Arjun Rampal, Aanchal Munjal, Nominath Ginsburg, Diya Sonecha

Cinematography (Camera) by
Mohanan

Editing by
Deepa Bhatia

Production Design (Art) by
Shashank Tere

Music by
Shankar-Ihsaan-Loy

Background Score by
Raju Singh

Lyrics by
Irshad Kamil, Anvita Dutt Guptan

ഷി
Costumes by
Shiraz Siddique, Manish Malhotra

Choreography by
Bosco Caesar

Banner
Dharma Productions

അതിവൈകാരികയിലേക്ക് വഴുതിപ്പോവുന്ന പല രംഗങ്ങളും രക്ഷപെടുന്നത് ഒരുപരിധിവരെ സംവിധായകന്റെ കൈയ്യടക്കത്താലും അതിലുപരി അഭിനേതാക്കളുടെ മികവിനാലുമാണ്‌. ഇടവേളവരെയും അതുകഴിഞ്ഞു കുറച്ചു ഭാഗവും തരക്കേടില്ലാതെപോയപ്പോള്‍, വൈകാരികത കുത്തിനിറച്ച് വലിച്ചു നീട്ടിയ അവസാന രംഗങ്ങള്‍ ചിത്രത്തിന്റെ നിറം കെടുത്തി. ആദ്യ സംവിധാനസം‍രംഭമെന്ന നിലയില്‍ സിദ്ദാര്‍ത്ഥ് പി. മല്‍ഹോത്രയ്ക്ക് സന്തോഷിക്കാം. ചില രംഗങ്ങളുടെ ചേര്‍ച്ചക്കുറവ് പ്രശ്നമായുണ്ടെങ്കിലും, ഭൂരിഭാഗവും കാഴ്ചക്കാരനെ കുഴപ്പിക്കാതെ ഒഴുക്കോടെ പോവുന്നുണ്ട്. അഭിനേതാക്കളെ, പ്രത്യേകിച്ച് കുട്ടികളെ അഭിനയിപ്പിച്ചെടുത്തിരിക്കുന്നതിലും സംവിധായകന്റെ മികവ് പ്രകടം. തിരക്കഥയിലെ കുറവുകള്‍ കണ്ടെത്തി പരിഹരിക്കുവാന്‍ കൂടി സിദ്ധാര്‍ത്ഥിനു കഴിഞ്ഞിരുന്നെങ്കില്‍ ഇതിലുമേറെ മികച്ചൊരു ചിത്രമായി 'വി ആര്‍ ഫാമിലി' മാറുമായിരുന്നു.

കജോള്‍ എന്ന അഭിനേത്രിയുടെ അഭിനയമികവ് തന്നെയാണ്‌ ചിത്രത്തെ ഇത്രത്തോളം ആകര്‍ഷകമാക്കുന്ന പ്രധാന ഘടകം. അര്‍ജുന്‍ രാം‍പാല്‍, കരീന കപൂര്‍ തുടങ്ങിയവരുടെ കഥാപാത്രങ്ങള്‍ കജോളിന്റെ പ്രകടനത്തില്‍ അപ്രസക്തമായിപ്പോവുന്നു. കുട്ടികളോടുത്തുള്ള രംഗങ്ങളിലെ കജോളിന്റെ മികവ് എടുത്തു പറയേണ്ടതുണ്ട്. അതിവൈകാരികമായ ഭാഗങ്ങളൊക്കെ പക്വതയോടെ, നിയന്ത്രണത്തോടെ അവതരിപ്പിക്കുവാനും കജോളിനു കഴിഞ്ഞു. കുട്ടികളായെത്തുന്ന ആഞ്ചല്‍, നോമിനാഥ്, ദിയ എന്നിവരും തങ്ങളുടെ ഭാഗം ഭംഗിയാക്കി. ഇവരില്‍ ദിയ അവതരിപ്പിച്ച അഞ്ജലിയുടെ ഓമനത്വമുള്ള മുഖവും കുസൃതി നിറഞ്ഞ ചോദ്യങ്ങളും പ്രേക്ഷകരെ സന്തോഷിപ്പിക്കുക തന്നെ ചെയ്യും.

ഏറെ സമയവും കെട്ടിടങ്ങള്‍ക്കുള്ളില്‍ ചുറ്റിത്തിരിയുന്ന ക്യാമറ പകര്‍ത്തുന്ന രംഗങ്ങള്‍ വിരസമാവാതെ കാക്കുവാന്‍ ഛായാഗ്രാഹകന്‍ മോഹനനു സാധിച്ചു. ശശാങ്ക് തേരെയുടെ കലാസംവിധാനവും ഷിറാസ് സിദ്ദിഖ്, മനീഷ് മല്‍ഹോത്ര തുടങ്ങിയവരുടെ വസ്ത്രാലങ്കാരവും കഥാപരിസരങ്ങള്‍ക്കും കഥാപാത്രങ്ങള്‍ക്കും നന്നായിണങ്ങുന്നു. ദീപ ഭാട്ടിയയുടെ ചിത്രസന്നിവേശം, രാജു സിംഗ് ഒരുക്കിയിരിക്കുന്ന പശ്ചാത്തലസംഗീതം ഇവയൊക്കെ കൂടി ചേരുമ്പോള്‍ സാങ്കേതികമായും ചിത്രം മികവ് പുലര്‍ത്തുന്നു. ശങ്കര്‍-ഇഹ്സാന്‍-ലോയ് ഈണമിട്ടിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങളും, ബോസ്കോ സീസറിന്റെ ഈണത്തിനൊപ്പിച്ച ചുവടുകളും ഒന്നിക്കുന്ന ഗാനരംഗങ്ങളും ആകര്‍ഷകം. ചിത്രത്തിനായി ഒരുക്കിയിരിക്കുന്ന പ്രമേയസംഗീതവും പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു.

'രണ്ടമ്മമാര്‍ ചേര്‍ന്നൊരു കുടുംബത്തിനു സാധ്യതയുണ്ടോ?' എന്നാണ്‌ ചിത്രത്തിന്റെ പരസ്യവാചകം. സാധ്യതയില്ലാതില്ല എന്നൊരു തോന്നലാണ്‌ കണ്ടു കഴിയുന്ന പ്രേക്ഷകനുണ്ടാവുക. ബന്ധങ്ങളോട് കുറച്ചുകൂടി അയഞ്ഞൊരു സമീപനം നമുക്കുണ്ടാവുന്നത് നന്നാണ്‌ എന്നൊരു ഓര്‍മ്മപ്പെടുത്തല്‍ ചിത്രം നല്‍കുന്നുണ്ട്. ചില രംഗങ്ങളൊക്കെ അതേ പടി പകര്‍ത്തി വെച്ചിരിക്കുന്നതും, സംഭാഷണങ്ങള്‍ പലതും കേവലം പരിഭാഷപ്പെടുത്തല്‍ മാത്രമായിപ്പോവുന്നതും 'സ്റ്റെപ്പ്‍മോം' കണ്ടവരെ അലോസരപ്പെടുത്തിയേക്കാം. 'സ്റ്റെപ്പ്മോം' കണ്ടവര്‍ക്ക് ഹിന്ദി പതിപ്പ് നല്ലൊരു അനുഭവമാകുവാന്‍ സാധ്യത കുറവാണെങ്കിലും; അത് കാണാത്തവര്‍ക്ക് തീര്‍ച്ചയായും കാണുവാന്‍ ശ്രമിക്കാവുന്ന ഒന്നാണ്‌ 'വി ആര്‍ ഫാമിലി'.

പോള്‍ ഫലം: 2010-ലെ ഓണച്ചിത്രങ്ങളില്‍ ഏറ്റവും മികച്ചത്?

ഈ കൊല്ലം ഓണത്തിനു പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ഒന്നൊഴികെ എല്ലാം തന്നെ കാല്‍ കാശിനു ഗുണമില്ലാത്തവയായിരുന്നു. അവയെ ഉള്‍പ്പെടുത്തി ഒരു പോള്‍ എന്നതിനും കാര്യമായ പ്രസക്തിയൊന്നുമില്ല. ആകെ പോള്‍ ചെയ്ത വോട്ടുകളില്‍ പകുതി വോട്ടുകളോളം നേടി (80 - 49%) 'ആത്മകഥ' ഒന്നാമതെത്തിയിരിക്കുന്നു. സഹതാപതരംഗത്തിലാവണം വിനയന്റെ 'യക്ഷിയും ഞാനി'നും 53 വോട്ടുകള്‍ നേടി രണ്ടാമതെത്തുവാനായി. 'നീലാംബരി'യും 'പാട്ടിന്റെ പാലാഴി'യും പിന്നെ പോള്‍ തുടങ്ങിയപ്പോള്‍ റിലീസ് ചെയ്യാതിരുന്നതിനാല്‍ ഉള്‍പ്പെടുത്തുവാന്‍ കഴിയാതെപോയ '3 ചാര്‍ സൌ ബീസ്', 'നിറക്കാഴ്ച', 'ഫിഡില്‍' തുടങ്ങിയവയൊക്കെ പ്രേക്ഷകരുടെ ദുഃസ്വപ്നമായി മാറിയ ചിത്രങ്ങളാണ്‌. പോള്‍ അവസാനിക്കുന്നതിനു മുന്‍പ് തന്നെ തിയേറ്ററുകള്‍ വിട്ട അവയെക്കുറിച്ച് ഇനിയുമെന്തു പറയുവാന്‍!

Onam Releases 2010 - Poll Results.
--

9 comments :

  1. കജോള്‍, കരീന കപൂര്‍ എന്നിവര്‍ നായികമാരായെത്തുന്ന സിദ്ധാര്‍ത്ഥ് പി. മല്‍ഹോത്ര ചിത്രം 'വി ആര്‍ ഫാമിലി'യുടെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും. ഒപ്പം 2010-ലെ ഓണത്തിനിറങ്ങിയ മലയാളം സിനിമകളില്‍ മികച്ചതേതെന്നു തേടിയ പോള്‍ ഫലവും.
    --
    newnHaree #WeAreFamily: Family story with a difference, be there with your family! Coming soon: http://bit.ly/cv-reviews #WaF
    9:20 PM Sep 3rd via web
    --

    ReplyDelete
  2. ennittum 6??

    boss. thaangal Angaaditheru kandirunno? Athu pole thanne Kalavaani. Randum valare nannaayittundu. Ente oru tamizh suhruthinoppamaanu Kalavaani kandathu. Ingini oru chithram polum malayaalathilundo ennu avan chodichappo, utharamillaandaayi.
    Aduthirangiya Jnan Mahaan alla - oru pure entertainer aanengil polum endu nannaayittaanu eduthirikkunnathu.

    ReplyDelete
  3. വിശേഷം റേറ്റിംങ്ങുമായി ചേരാത്തപോലെ തോന്നുന്നു!!!

    ReplyDelete
  4. അതുപോലെ ഓണച്ചിത്രങ്ങളില്‍ യക്ഷിയും ആത്മകഥയുമല്ലാതെ വേറേ ഏതെങ്കിലും കണ്ടിരിന്നോ?

    ReplyDelete
  5. ചിത്രങ്ങൾ ഇതിൽ പറഞ്ഞതൊന്നും കാണത്തതുകൊണ്ട് അഭിപ്രായിക്കുന്നില്ല

    ReplyDelete
  6. അഭിനയം, സാങ്കേതികം, പാട്ട്/നൃത്തം/ആക്ഷന്‍; ഇവയുടെ മികവാണ്‌ ചിത്രത്തിന്റെ റേറ്റിംഗ് ഉയര്‍ത്തിയിരിക്കുന്നത്. വിശേഷത്തിലും ഇവയൊക്കെ നന്നായി എന്നു തന്നെയല്ലേ എഴുതിയിരിക്കുന്നത്? അപ്പോള്‍ ചേര്‍ച്ചക്കുറവില്ല.

    'കലവാണി' കണ്ടില്ല, 'അങ്ങാടിത്തെരു' കണ്ടിരുന്നു. ഇഷ്ടമായ ഒരു ചിത്രമാണത്.

    (ഓണച്ചിത്രങ്ങളില്‍ രണ്ടെണ്ണം മാത്രമേ കണ്ടുള്ളൂ. മറ്റുള്ളവയൊക്കെ, വളരെ പരിതാപകരമായ ചിത്രങ്ങളെന്ന് വിശ്വാസ്യയോഗ്യമായ കേന്ദ്രങ്ങളില്‍ നിന്നും അറിവു കിട്ടിയതിനാല്‍ തലവെയ്ക്കേണ്ടി വന്നില്ല. 'നിറക്കാഴ്ച' ആദ്യ ദിനം മോണിംഗ് ഷോയ്ക്ക് പോവാനിരുന്നതാണ്‌. തിയേറ്ററില്‍ വിളിച്ചപ്പോള്‍ പെട്ടി എത്തിയില്ല അതുകൊണ്ട് രാവിലെ ഷോ ഇല്ല എന്നു പറഞ്ഞു. പിന്നെ സമയം കണ്ടെത്തുവാന്‍ കഴിഞ്ഞുമില്ല. ദൈവമുണ്ടെന്നൊക്കെ വിശ്വസിച്ചു പോവുന്ന ഒരു സംഭവമായി ഇത്. :-D)

    ReplyDelete
  7. ഇതൊരല്പ്പം ഓവര് റേറ്റിങ്ങ് ആയിപ്പോയി. ജൂലിയ റോബര്‍ട്ട്സും സൂസന്‍ സറെണ്ടനും അനശ്വരമാക്കിയ കഥാപാത്രങ്ങളോട് വേണ്ടത്ര നീതി പുലര്‍ത്താന്‍ 'വി ആര്‍ ഫാമിലി'യിലെ അഭിനേതാക്കള്‍ക്കായിട്ടില്ല. ഒറിജിനലുമായി താരതമ്യം ചെയ്തതുകൊണ്ടാകാം പല സീനുകളും റീമെയ്ക്ക് ചെയ്ത് വികൃതമാക്കിയതുപോലെ തോന്നി.

    എന്റെ സിദ്ധാര്‍ഥേ എടുത്താല്‍ പൊങ്ങുന്നത് പൊന്തിച്ചാല്‍ പോരേ?
    (ഇതിന്റെ വിഷമം തീര്ക്കാന്‍ 'സ്റ്റെപ്പ് മോം' ഡിവിഡി ഒന്നു കൂടി ഇട്ടുകണ്ടു.)

    ReplyDelete
  8. ഇപ്പോ ഒറിജിനല്‍ ഒന്ന് കാണുവാനൊരാഗ്രഹം. :)

    ReplyDelete