സഹസ്രം (Sahasram)

Published on: 12/05/2010 11:14:00 AM
Sahasram: Directed by Dr. S. Janardhanan starring Suresh Gopi, Bala, Sandhya etc. Film review by Haree for Chithravishesham.
ഡോ. എസ്. ജനാര്‍ദ്ധനന്റെ രചന-സംവിധാനത്തില്‍ സുരേഷ് ഗോപി, കേന്ദ്രകഥാപാത്രമായ വിഷ്ണു സഹസ്രനാമം ഐ.പി.എസ്. എന്ന പോലീസ് ഉദ്യോഗസ്ഥനെ അവതരിപ്പിക്കുന്ന ചിത്രമാണ്‌ 'സഹസ്രം'. ബാല, സന്ധ്യ, സുരേഷ് കൃഷ്ണ തുടങ്ങിയവരൊക്കെയാണ്‌ ഇതര വേഷങ്ങളില്‍. ത്രിലോക് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ത്രിലോക് സുരേന്ദ്രന്‍ പിള്ള പന്തളമാണ്‌ ചിത്രത്തിനു വേണ്ടി പണം മുടക്കിയിരിക്കുന്നത്. ഒരു സിനിമാ സംഘം, അവര്‍ ചിത്രീകരണത്തിനെത്തുന്നൊരു പ്രേതഭവനം; ഈ പശ്ചാത്തലത്തിലൊരു അപസര്‍പ്പക കഥ പറയുവാനാണ് ജനാര്‍ദ്ധനന്റെ ശ്രമം. നല്ലൊരു ചിത്രമെന്ന വിശേഷണമൊന്നും നല്‍കുവാനില്ലെങ്കിലും അടുത്തിറങ്ങിയ പല മലയാളം സിനിമകളുമായും താരതമ്യം ചെയ്താല്‍ അത്രമോശമല്ലാത്ത ഒന്നാണിതെന്നു പറയാം.

ആകെത്തുക     : 5.00 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 4.00 / 10
: 5.00 / 10
: 6.00 / 10
: 3.50 / 05
: 1.50 / 05
'മണിച്ചിത്രത്താഴി'ല്‍ കണ്ട ആളുമാറിക്കാണലും, കൊല ചെയ്യല്‍ നാടകവുമൊക്കെ മറ്റൊരു രീതിയില്‍ അവതരിപ്പിക്കുന്നുണ്ട് ഇതില്‍. എന്നാല്‍ പ്രേതങ്ങളുണ്ടെന്നാണോ ഇല്ലെന്നാണോ സംവിധായകന്‍ ഉദ്ദേശിച്ചതെന്ന് മനസിലാക്കുക ബുദ്ധിമുട്ടാണ്‌. മയക്കുമരുന്നടിച്ച് നടക്കുന്നവന്റെ മനോവിഭ്രാന്തിയാണ്‌ പ്രേതമെന്ന രീതിയിലൊക്കെ പറഞ്ഞു വന്നിട്ട്, സമയത്ത് രംഗത്തെത്തുവാന്‍ കഴിയാത്ത നായികയ്ക്ക് പകരമായി യക്ഷി വന്ന് അഭിനയിച്ചിട്ടു പോവുന്നതും അതെടുത്തതിനു ശേഷം സംവിധായകന്‍ (ചിത്രത്തിനുള്ളില്‍ മറ്റൊരു സിനിമയുടെ ചിത്രീകരണം നടക്കുകയാണ്‌, അതിലെ സംവിധായകനേയും നായികയേയുമൊക്കെയാണ്‌ ഉദ്ദേശിച്ചത്.) യക്ഷിയെ അഭിനന്ദിച്ചിട്ട് പോയി വിശ്രമിക്കുവാന്‍ പറയുന്നതുമൊക്കെ തമാശയാണ്‌. അതിലും വലിയ തമാശയാണ്‌ കേസന്വേഷണത്തിനെത്തുന്ന സഹസ്രനാമന്‍ യക്ഷിയെ വെല്ലുവിളിച്ച് യക്ഷിയുടെ 'ചലഞ്ച്' (എന്താണോ എന്തോ!) ഏറ്റെടുക്കുന്നതും മറ്റും. ഇങ്ങിനെ കുറേ വിവരക്കേടുകള്‍ ഉണ്ടെങ്കിലും, കുറ്റാന്വേഷണത്തിന്റെ ഭാഗമെടുത്താല്‍ സാമാന്യം ഭേദപ്പെട്ടൊരു കഥാതന്തുവാണ്‌ ഡോ. എസ്. ജനാര്‍ദ്ധനന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അതിന്റെ പച്ചയില്‍, അധികം ഗൗരവം കൊടുക്കാതെ കണ്ടാല്‍ ചിത്രം കാര്യമായി പ്രേക്ഷകരെ മടുപ്പിക്കില്ല.

Cast & Crew
Sahasram

Directed by
Dr. S. Janardhanan

Produced by
Thrilok Surendran Pillai

Story, Screenplay, Dialogues byDr. S. Janardhanan

Starring
Suresh Gopi, Bala, Sandhya, Lakshmi Gopalaswami, Jagathy Sreekumar, Suresh Krishna, Kottayam Nazeer, Sudheesh, Rizabava, Sarayu, Madhu, etc.

Cinematography (Camera) by
Senthil Kumar

Editing by
Mahesh Narayanan

Production Design (Art) by
Saburam

Music by
M. Jayachandran

Background Score by
Rajamani

Effects by
Murukesh

Lyrics by
Kaithapram Damodaran Namboothiri

Make-Up by
Palani

Costumes by
Jayachandran

Choreography by
Sujatha, Kumar Santhi

Action (Stunts / Thrills) by
Mafia Sasi

Banner
Thrilok Productions

മലയാളത്തിലിന്ന് സ്ഥിരമായി നോക്കുകുത്തി വേഷങ്ങളിലെത്തുന്ന കോട്ടയം നസീര്‍, സുധീഷ്, ജഗതി ശ്രീകുമാര്‍, കൊച്ചു പ്രേമന്‍ തുടങ്ങിയവരൊക്കെ അല്‍പം പ്രാധാന്യമുള്ള വേഷങ്ങളാണ്‌ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഇവരൊക്കെയും തന്താങ്ങളുടെ കഥാപാത്രങ്ങളെ മികച്ച രീതിയില്‍ അവതരിപ്പിച്ചപ്പോള്‍ ലക്ഷ്മി ഗോപാലസ്വാമി, റിസബാവ, മധു തുടങ്ങിയവരുടെ മറ്റു ചില ചെറുവേഷങ്ങള്‍ നിറം മങ്ങിപ്പോവുകയും ചെയ്തു. ചിത്രത്തിന്റെ ആദ്യഭാഗങ്ങളിലെത്തുന്ന സുരേഷ് കൃഷ്ണയുടെ വില്ലനാണ്‌ ശ്രദ്ധനേടുന്ന മറ്റൊരു കഥാപാത്രം. ഇന്ദ്രന്‍സ്, കൃഷ്ണ തുടങ്ങി മറ്റുചിലരും ചിത്രത്തിലുണ്ട്. ബാല അവതരിപ്പിക്കുന്നു എന്നതാണ്‌, മറ്റൊരു പ്രധാന വേഷമായ വൈശാഖന്‍ എന്ന കഥാപാത്രത്തിന്റെ ന്യൂനത. നല്ല വേഷങ്ങള്‍ ലഭിച്ചിട്ടും അവയൊന്നും മികച്ചതാക്കുവാന്‍ ഈ നടന്‌ കഴിയാത്തത് കഴിവുകേട് എന്നേ പറയുവാനുള്ളൂ. സുരേഷ് ഗോപിയുടെ സഹസ്രനാമം ഐ.പി.എസ്. എന്ന പോലീസ് വേഷത്തിനും ഏറെ മതിപ്പുണ്ടാക്കുവാന്‍ കഴിയുന്നില്ല. താന്‍ കേമനാണ്‌, അഭിനയത്തിലും മിടുക്കനാണ്‌, ബുദ്ധിമാനാണ്‌, വേറെയും എന്തൊക്കെയോ കഴിവുകളുള്ളവനാണ്‌, പട്ടരാണ്‌ എന്നൊക്കെ ആള്‍ക്കാര്‍ക്ക് മനസിലാകുവാന്‍ തട്ടിവിടുന്ന ഡയലോഗുകളാവട്ടെ ഈ കഥാപാത്രത്തെ പലപ്പോഴും പരിഹാസ്യമാക്കുകയും ചെയ്യുന്നു.

കൈതപ്രം ദാമോദരന്‍ നമ്പൂതിരി എഴുതി എം. ജയചന്ദ്രന്‍ ഈണം പകര്‍ന്നിരിക്കുന്ന രണ്ട് ഗാനങ്ങളാണിതില്‍. ആല്‍ഫോന്‍സ് ആലപിച്ചിരിക്കുന്ന "കണ്ണേ! വാ..." എന്ന ഗാനം തുടക്കത്തില്‍ പേരുവിവരങ്ങള്‍ക്ക് പിന്നണിയായാണ്‌ ഉപയോഗിച്ചിരിക്കുന്നത്. ഗാനരംഗത്തിലെ ബാലയുടെ അഭിനയവും നൃത്തവുമൊക്കെ കണ്ടാല്‍ സഹതാപം തോന്നും. ചിത്ര പാടിയ, "ഏതോ രാവില്‍..." എന്ന ഗാനമാണ്‌ ചിത്രത്തിനിടയില്‍ വരുന്നത്. 'മണിച്ചിത്രത്താഴി'ലെ ശോഭനയുടെ നൃത്തച്ചുവടുകളുടെ വികലമായ അനുകരണമാണ്‌ ഈ ഗാനരംഗത്തില്‍ കാണുവാനുള്ളത്. നൃത്തസംവിധാനം ചെയ്ത സുജാതയ്ക്കും കുമാര്‍ ശാന്തിക്കും പുതുതായെന്തെങ്കിലും ചെയ്യുവാനുള്ള ശ്രമമെങ്കിലുമാവാമായിരുന്നു. ശാസ്ത്രീയ നൃത്തം ചെയ്യുന്നതില്‍ സന്ധ്യയ്ക്കുള്ള പരിമിതികളും ഇവിടെ പ്രശ്നമാവുന്നുണ്ട്. ഇതിനൊക്കെ പുറമെ, ഗാന/നൃത്ത രംഗങ്ങള്‍ ചിത്രീകരിക്കുന്നതിലുള്ള സംവിധായകന്റെ പ്രതിഭാശുന്യത കൂടിയാവുമ്പോള്‍, "ഒരു മുറൈവന്തു പാര്‍ത്തായ..." പോലെ മികച്ചതാവേണ്ടിയിരുന്ന ഒരു ഗാനം തീര്‍ത്തും അപ്രസക്തമായി ഒടുങ്ങുന്നു.

കാര്യമായ പുതുമകളോ വിശേഷണങ്ങളോ പറയുവാനില്ല, എന്നാല്‍ കഥയ്ക്ക് ആവശ്യമായ സാങ്കേതിക പിന്തുണ നല്‍കുന്നതില്‍ അണിയറപ്രവര്‍ത്തകര്‍ വിജയിച്ചിട്ടുണ്ട്. കാണാത്ത കാഴ്ചകളോ വേറിട്ടൊരു ദൃശ്യമികവോ ഛായാഗ്രഹണത്തിലില്ലെങ്കിലും, സെന്തില്‍ കുമാര്‍ തരക്കേടില്ലാതെ തന്റെ ക്യാമറ ചലിപ്പിച്ചിട്ടുണ്ടെന്നു കാണാം. അമിതമാവാത്ത മുരുകേശിന്റെ ഇഫക്ടുകളോടൊപ്പം മഹേഷ് നാരായണന്‍ ഈ ദൃശ്യങ്ങളെ ഭംഗിയായി കൂട്ടിവെച്ചിട്ടുമുണ്ട്. രാജാമണിയുടെ പശ്ചാത്തലസംഗീതം പതിവിന്‍പടി ബഹളമയം. പളനിയുടെ ചമയങ്ങളും ജയചന്ദ്രന്റെ വസ്ത്രാലങ്കാരവും പിന്നെ സാബുറാമിന്റെ കലാസംവിധാനവും കഥാഭാഗങ്ങളോട് ഇണങ്ങിപ്പോവുന്നു. ഒടുവിലൊരു കെട്ടിടം പൂര്‍ണമായി കത്തുന്ന രംഗം ചിത്രത്തിലുണ്ട്. ഇത്രയെങ്കിലും വിശ്വസിനീയമായി അത്തരമൊരു രംഗം ചിത്രീകരിച്ചത് മലയാളസിനിമയില്‍ ഇതിനു മുന്‍പു കണ്ടതായി ഓര്‍മയിലില്ല.

'മഹാസമുദ്ര'മെന്ന ചിത്രത്തിന്റെ സംവിധായകന്‍, അഭിനയിക്കുന്നത് സുരേഷ് ഗോപിയും ബാലയും; കാര്യമായൊരു പ്രതീക്ഷയുമില്ലാതെ 'സഹസ്രം' കാണുകയെന്നൊരു സാഹസത്തിനു മുതിരുന്നവരെ വെറുപ്പിക്കുന്നെങ്കിലുമില്ല എന്നത് പതിവായി മലയാളം സിനിമകള്‍ കാണുന്നവര്‍ക്ക് നല്‍കുന്ന ആശ്വാസം ചെറുതല്ല. അത്തരമൊരു ആശ്വാസത്തിനു വകയുള്ളവര്‍ മാത്രം ഒരുവട്ടം കാണുന്നതില്‍ തെറ്റില്ലാത്തൊരു ചിത്രമായി 'സഹസ്ര'ത്തെ കൂട്ടാം.

തമാശക്കായി സുരാജ് വെഞ്ഞാറമ്മൂടിനേയും സലിം കുമാറിനേയുമൊന്നും ചിത്രത്തില്‍ കണ്ടില്ല. അവരുടെ ഡേറ്റ് കിട്ടാഞ്ഞതാണോ അതോ അവര്‍ വേണ്ടെന്ന് സംവിധായകന്‍ തീരുമാനിച്ചതോ? സംവിധായകന്റെ തീരുമാനമാണെങ്കില്‍, അതിനൊരു കൈയ്യടി നല്‍കാതെ തരമില്ല.
--

9 comments :

  1. സുരാജും സലീമും ഇല്ലാതെയും പടം ഒടനംല്ലോ..?

    ReplyDelete
  2. ഡോ. എസ്. ജനാര്‍ദ്ദനന്റെ സംവിധാനത്തില്‍ സുരേഷ് ഗോപി നായകനാവുന്ന 'സഹസ്രം' എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
    --

    ReplyDelete
  3. ഹരീ... ദി ത്രില്ലര്‍ എന്ന ചിത്രത്തിന്‌ താങ്കള്‍ റിവ്യൂ എഴുതാഞ്ഞത്‌ നന്നായി...മൂവീരാഗ എന്ന സൈറ്റില്‍ ഭീഷണി വന്നതിണ്റ്റെ വിശേഷങ്ങള്‍ ഈയിടെ വായിച്ചിരുന്നു. ഇപ്പോഴിതാ സിനിമാനിരൂപണത്തിലും ഭീഷണി... ഉടനെ ഒരെണ്ണം താങ്കള്‍ക്കും പ്രതീക്ഷിക്കാം :)

    ReplyDelete
  4. നാഗവല്ലി ഡാന്‍സ്‌ ഒരു സിനിമാ ചിത്രീകരണം ആണല്ലോ , പക്ഷെ സിനിമക്കുള്ളിലെ സിനിമയിലെ ക്യാമറ പിന്നില്‍ നില്‍ക്കുമ്പോള്‍ നടിയെ സിനിമയുടെ(പുറം) ക്യാമറയെ നോക്കി ഡാന്‍സ്‌ കളിക്കാന്‍ പ്രേരിപ്പിച്ചത് ശുദ്ധ മണ്ടത്തരം...ട്രെയിലര്‍ മാത്രം കണ്ടാല്‍ മതി സിനിമക്ക് തല വെക്കാന്‍ തോന്നില്ല... ഇത് കൂടുതലും തമിഴ്‌ നാഗവല്ലി മോഡല്‍ ഡാന്‍സ്‌ ആയാണ് തോന്നിയത് ...

    ReplyDelete
  5. ഇതു പോലെ ഒരു കഥയല്ലെ പണ്ടിറങ്ങിയ “സീൻ നമ്പർ 7“? പ്രേതബാധയുള്ള വീട്, യക്ഷി വന്ന് അഭിനയിക്കൽ ഒക്കെ അതിലുമുണ്ടായിരുന്നല്ലൊ.

    ReplyDelete
  6. വിചാരിച്ച അത്ര മോശമല്ലെന്ന് തോന്നുന്നു. സുരേഷ് ഗോപിയുടെ ഒരു തിരിച്ചുവരവ് ആകുമോ സഹസ്രം?

    ReplyDelete
  7. ee chithram theerchaayaayum kandirikkaam. kure kallu kadikal undengil koodi. pretham ulppedunna fantasyum relaityum nannaayi mix cheythittulla oru kadha. Kurachu shradhichirunnengil ithoru mikacha chitram aakumaayirunnu ennu thonni. Kuttaanveshanathil kaanicha oru kaiyyadakkam (aavashyamillaatha pala routine explanationsum ozhivaakkiyittundu, preshakanu vivaram undu, avanu manassilaayikkollum enna oru reethiyil), naseer poleyulla nadanmaarude kopraayangal illa ennathu thanne chithrathinte 2 plus points.

    ReplyDelete
  8. സത്യം പറഞ്ഞാല്‍....കുറച്ചു ആഴ്ചകളായി മലയാള സിനിമക്കു പോകാന്‍ പേടിയാണ്...ശരിക്കും!!
    :(

    ReplyDelete
  9. ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :)

    സിനിമാനിരൂപണത്തിലെ കമന്റ് നല്ല തമാശയായാണ്‌ തോന്നിയത്.

    വിനയന്‍ പറഞ്ഞതു മാത്രമല്ല, കൊല ചെയ്ത് രക്ഷപെടാന്‍ പോവുന്ന കൊലയാളി മുഖംമൂടി വലിച്ചൂരി ക്യാമറയുടെ വശത്തേക്ക് തിരിഞ്ഞ് 'ഛേ' എന്നാക്കുന്നതും, ആ സമയത്ത് മുഖത്തേക്ക് മാത്രമുള്ള ലൈറ്റിംഗുമൊക്കെയുണ്ട് പറഞ്ഞു തുടങ്ങിയാല്‍ പറയുവാനായി. അത്രേമൊക്കെ ഡോ. എസ്. ജനാര്‍ദ്ധനന്റെ സംവിധാനത്തെപ്പറ്റി ചിന്തിക്കേണ്ടതുണ്ടോ? ;)

    'സീന്‍ നമ്പര്‍ 7' കണ്ടിട്ടില്ല. അത്രയും നേരം പറഞ്ഞുവന്നത് യക്ഷി എന്നത് ഒരാളുടെ മാത്രം വിഭ്രാന്തിയെന്ന്, എന്നിട്ടിടയ്ക്ക് വന്ന് അഭിനയിച്ചതിനാലാണ്‌ അതൊരു കുറവായി പറഞ്ഞത്.

    പേടി എനിക്കുമുണ്ട്! :D
    --

    ReplyDelete