റേസ് (Race)

Published on: 2/14/2011 10:53:00 AM
Race: A film by Kukku Surendran starring Kunchakko Boban, Indrajith, Mamta Mohandas etc. Film Review by Haree for Chithravishesham.
രണ്ടായിരത്തിയേഴില്‍ പുറത്തിറങ്ങിയ 'വീരാളിപ്പട്ടി'നു ശേഷം കുക്കു സുരേന്ദ്രന്റെ സംവിധാനത്തില്‍ തയ്യാറായിരിക്കുന്ന ചിത്രമാണ്‌ 'റേസ്'. ഗ്രെഗ് ഇല്‍സിന്റെ '24 അവേഴ്‍സ്' എന്ന നോവലിനെ ഉപജീവിച്ച് രണ്ടായിരത്തിരണ്ടില്‍ പുറത്തിറങ്ങിയ 'ട്രാപ്പ്‍ഡ്', മലയാളത്തിലാക്കി പേര്‌ തനിക്കാക്കിയിരിക്കുന്നു സംവിധായകനിതില്‍. സംവിധായകനോടൊപ്പം തിരക്കഥയില്‍ പേരു പങ്കിടുവാനും സംഭാഷണ രചയിതാവായും റോബിന്‍ തിരുമലയുമുണ്ട്. കുഞ്ചാക്കോ ബോബന്‍, മം‍മ്ത മോഹന്‍ദാസ്, ഇന്ദ്രജിത്ത്, ഗൗരി മുഞ്ചാല്‍ തുടങ്ങിയവരോടൊപ്പം ജഗതി ശ്രീകുമാര്‍, ബേബി അനിഖ എന്നിവരും കൂടിയാവുമ്പോള്‍ ചിത്രത്തിലെ പ്രധാന അഭിനേതാക്കളുടെ നിര പൂര്‍ണം. പെന്റാവിഷന്റെ ബാനറില്‍ ജോസ് കെ. ജോര്‍ജ്ജും ഷാജി മെച്ചേരിയും ചേര്‍ന്നാണ്‌ മലയാളത്തിലിറങ്ങിയിട്ടുള്ള മോഷണചിത്രങ്ങളുടെ നിരയിലേക്ക് ചേര്‍ക്കാവുന്ന ഈ ചിത്രത്തിനുവേണ്ടി പണം മുടക്കിയിരിക്കുന്നത്.

ആകെത്തുക     : 4.50 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 2.00 / 10
: 4.00 / 10
: 6.00 / 10
: 3.50 / 05
: 2.50 / 05
ശിക്ഷകന്‍ ഒടുവില്‍ ന്യായീകരിക്കപ്പെടുകയും ഇരയുടെ മുന്‍പ്രവര്‍ത്തികള്‍ വിചാരണ ചെയ്യപ്പെടുകയും ചെയ്യുന്ന 'കോക്ക്‍ടെയ്‍ല്‍' കണ്ട് കൈയ്യടിച്ച മലയാളികള്‍ക്കായി വേറിട്ടൊരു പുതുമയും 'റേസി'ല്‍ സൃഷ്ടാക്കള്‍ ഒരുക്കിയിട്ടില്ല. അതേ മട്ടിലൊരു തിരിവ് തന്നെയാണ്‌ ഇവിടെയും കാത്തിരിക്കുന്നത്, അത് എങ്ങിനെയാവുമെന്നു പോലും കാണികള്‍ ഒരു ഘട്ടം കഴിയുന്നതോടെ ഊഹിച്ചെടുക്കുകയും ചെയ്യും. അവസാന ഭാഗങ്ങളില്‍ കേട്ടുപഴകിയ മട്ടിലേക്ക് മാറുന്നെങ്കിലും തുടക്കത്തിലെ സംഭാഷണങ്ങളുടെ ചാരുത എടുത്തു പറയാവുന്നതാണ്‌. മൂന്നിടങ്ങളില്‍ നാലു ചുവരുകളില്‍ നടക്കുന്നതാണ്‌ ചിത്രത്തിന്റെ ആദ്യഭാഗങ്ങളെങ്കിലും അവ മടുപ്പിക്കുന്നില്ല. എന്നാല്‍ അവസാനമെത്തുമ്പോള്‍ ചുവരുകള്‍ വിട്ട് പുറത്ത് വരുമെങ്കില്‍ പോലും വലിച്ചു നീട്ടല്‍ ഒന്നു കൊണ്ടുമാത്രം ചിത്രം മടുത്തുപോവുന്നു. രചന നിര്‍വ്വഹിച്ച റോബിന്‍ തിരുമലയ്‍ക്കും, രചനയില്‍ സഹകരിച്ചതിനൊപ്പം സംവിധാനവും ചെയ്ത കുക്കു സുരേന്ദ്രനും ചിത്രം ഈ മട്ടിലവസാനിച്ചതില്‍ തുല്യ ഉത്തരവാദിത്തമാണുള്ളത്. രണ്ടുമണിക്കൂറില്‍ താഴെമാത്രമുള്ള യഥാര്‍ത്ഥ ചിത്രം രണ്ടരമണിക്കൂറിലാക്കി എത്തിക്കുമ്പോള്‍, വേഗത ചിത്രത്തിന്റെ പേരില്‍ മാത്രമായൊതുങ്ങുന്നു. കഥയും തിരക്കഥയും അതേപടി പകര്‍ത്തിയിട്ടു പോലും(നിര്‍മ്മാതാക്കള്‍ക്ക് താങ്ങുവാനായി മാത്രം ചില മാറ്റങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും!) മികച്ചൊരു ചിത്രം ഒരുക്കുവാന്‍ കഴിയുന്നില്ല എന്നു വരുമ്പോള്‍, കുക്കു സുരേന്ദ്രനും റോബിന്‍ തിരുമലയും ഈ പണി നിര്‍ത്തുകയാവും ബുദ്ധി!

Cast & Crew
Race

Directed by
Kukku Surendran

Produced by
Jose K. George, Shaji Mecheri

Story / Screenplay, Dialogues byKukku Surendran / Robin Thirumala

Starring
Kunchakko Boban, Mamta Mohandas, Indrajith, Gowri Munjal, Jagathy Sreekumar, Baby Anikha, Geetha Vijayan, Sreejith Ravi, Chembil Ashokan etc.

Cinematography (Camera) by
Pramod Varma

Editing by
Vipin Mannoor

Production Design (Art) by
Sabu Mohan

Background Score by
Gopi Sundar

Sound Effects by
Arun Seenu

Music by
Viswajith

Lyrics by
Vayalar Sarath Chandra Varma, Rajeev Nair

Make-Up by
Binu Karumam

Costumes by
Unni Aakkulam

Banner
Pentavision

മുഖ്യപുരുഷവേഷങ്ങളില്‍ കുഞ്ചാക്കോ ബോബനും ഇന്ദ്രജിത്തും തങ്ങളുടെ വേഷങ്ങള്‍ ഭംഗിയാക്കി, ഇവരില്‍ പ്രതിനായക വേഷത്തിലെത്തുന്ന ഇന്ദ്രജിത്താണ്‌ ഒരുപടി മുകളില്‍. നിയ എന്ന കഥാപാത്രത്തെ മം‍മ്ത മോഹന്‍ദാസ് മികവോടെ അവതരിപ്പിച്ചപ്പോള്‍, ഈ റോള്‍ തനിക്കുപറ്റില്ലെന്ന് വിളിച്ചു പറയുന്നതായിരുന്നു ഗൗരി മുഞ്ചാലിന്റെ പ്രകടനം. സംവിധായകന്‍ പരമാവധി ഈ കഥാപാത്രത്തെ ഒതുക്കിയിട്ടു പോലും ഈയൊരു ന്യൂനത പ്രകടമായിത്തന്നെ കാണുവാനായി. രൂപത്തിലെ മാറ്റം ശ്രദ്ധേയമെങ്കിലും ജഗതി ശ്രീകുമാര്‍ അവതരിപ്പിച്ച വെപ്രാളക്കാരന്‍ കഥാപാത്രത്തിന്‌ പലപ്പോഴും സ്വാഭാവികത നഷ്ടമായി. ചേമ്പില്‍ അശോകനും ഗീത വിജയനും ബേബി അനിഖയുമൊക്കെ തരക്കേടില്ലാതെ പോവുമ്പോള്‍ പോലീസ് കുപ്പായത്തില്‍ ശ്രീജിത്ത് രവി വല്ലാതെ വീര്‍പ്പുമുട്ടുകയായിരുന്നു.

ഇതരവിഭാഗങ്ങളെ അപേക്ഷിച്ച് ചിത്രത്തിന്റെ മികവുയര്‍ത്തുന്നതില്‍ സാങ്കേതിക വിഭാഗത്തിനുള്ള പങ്ക് വിസ്മയിക്കത്തക്കതല്ല. വെളിച്ചത്തോടൊപ്പം ഇരുളിന്റെ സമര്‍ത്ഥമായ ഉപയോഗവും പ്രമോദ് വര്‍മ്മയുടെ ഛായാഗ്രഹണത്തില്‍ കാണാം. അരുണ്‍ സീനുവിന്റെ ഇഫക്ടുകളോടെ ഈ ദൃശ്യങ്ങളെ വിപിന്‍ മണ്ണൂര്‍ മികവോടെ ചേര്‍ത്തുവെച്ചിട്ടുമുണ്ട്. ദൃശ്യത്തില്‍ കാണുവാനില്ലാത്ത കഥാപാത്രങ്ങളുടെ ശബ്ദം ദിശാനുസരണമായ മാറ്റങ്ങളോടെ റിക്കാര്‍ഡ് ചെയ്തിരിക്കുന്നതിലെ മികവും എടുത്തു പറയാം. രംഗങ്ങളെ പൊലിപ്പിക്കും വിധമാണ്‌ ഗോപി സുന്ദറിന്റെ പശ്ചാത്തലസംഗീതം. കലാസംവിധാനത്തില്‍ സാബു മോഹന്‍, ചമയങ്ങളില്‍ ബിനു കരുമം, വസ്താലങ്കാരത്തില്‍ ഉണ്ണി ആക്കുളം തുടങ്ങിയവരും മികവു പുലര്‍ത്തുന്നു.

വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ, രാജീവ് നായര്‍ എന്നിവരെഴുതി വിശ്വജിത്ത് ഈണം നല്‍കിയിരിക്കുന്ന ഗാനങ്ങളിലൊന്ന് തുടക്കത്തില്‍ പേരുവിവരങ്ങള്‍ക്കൊപ്പം കാണാം. രമ്യ വിനയകുമാറും ഷാനിയുമാണ്‌ ബഹളമയമായ ആ ഗാനം പാടിയിരിക്കുന്നത്. സംഗീത പ്രഭുവും വിശ്വജിത്തും ചേര്‍ന്നാലപിച്ചിരിക്കുന്ന "മഞ്ചാടിച്ചേലുള്ള..." എന്ന ഗാനമാണ്‌ മറ്റൊന്ന്. ചിത്രത്തില്‍ കാണുവാനായില്ലെങ്കിലും ഈ ഗാനം കേള്‍വിക്കുതകുന്നു.

നന്നായി പറഞ്ഞുതുടങ്ങി പ്രതിഭാരാഹിത്യം ഒന്നുകൊണ്ടു മാത്രം സിനിമ പാതിവഴിയില്‍ നഷ്ടമാവുന്നത് കുക്കു സുരേന്ദ്രന്റെ 'റേസി'ല്‍ നാം കാണുന്നു. ഉദ്വേഗഭരിതമായ ആദ്യ മണിക്കൂറിന്റെ പേരില്‍ അഭിമാനിക്കുവാന്‍ വകയുണ്ടെങ്കിലും പിന്നങ്ങോട്ട് അത്രത്തോളം തന്നെ ഉദ്വേഗരഹിതമാക്കിയതില്‍ സംവിധായകന്‌ സ്വയം പഴിക്കാം. കട്ടും മോഷ്ടിച്ചും പടം പിടിച്ചാല്‍ അതുടനേ വ്യത്യസ്തമാവും ഹിറ്റുമാവും എന്നൊക്കെയൊരു ധാരണയുണ്ടെന്നു തോന്നുന്നു നമ്മുടെ സിനിമാക്കാര്‍ക്കിടയില്‍. അതിനൊരു മാറ്റം 'റേസി'ന്റെ വെടി തീരുന്നതോടെ ഉണ്ടാവുമെന്നു കരുതാം. കാശുണ്ടാക്കുവാനുള്ള നെട്ടോട്ടത്തിനിടയില്‍ രോഗികളും മനുഷ്യരാണെന്ന ബോധം മറന്നുപോവുന്ന ഡോക്ടര്‍മാരിതു കണ്ടാല്‍ ഒരുപക്ഷെ ഒരു ആത്മപരിശോധനയ്ക്ക് മുതിര്‍ന്നേക്കാം. അങ്ങിനെയൊരു നന്മ 'റേസ്' ഇഴഞ്ഞുതീരുമ്പോള്‍ തോന്നാതെയിരുന്നില്ല എന്നു കൂടി പറയാം.

വിശേഷകവാക്യം: ഇംഗ്ലീഷ് ചിത്രത്തിന്റെ ക്ലൈമാക്സ് അതേപടി സ്വീകരിച്ചാല്‍ കീശ കാലിയാവും എന്നു കണ്ടാവണം ഒടുവില്‍, വിരലിലെണ്ണാവുന്നവര്‍ മാത്രം കണ്ട, 'കന്യാകുമാരി എക്സ്‍പ്രസ്സ്' എന്ന ചിത്രത്തിന്റെ വാലറ്റവും അടിച്ചുമാറ്റി ഉപയോഗിച്ചത്‌. ഇതിനാണു പറയുന്നത്, 'ഗതികെട്ടാല്‍ പുലി(?)‍ പുല്ലും തിന്നു'മെന്ന്!

16 comments :

  1. കുക്കു സുരേന്ദ്രന്റെ സംവിധാനത്തില്‍ കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത്, മം‍മ്ത മോഹന്‍ദാസ്, ഗൗരി മുഞ്ചാല്‍ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന 'റേസി'ന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.

    newnHaree#RACE: Another shameless copy act. This time by Kukku Surendran. Original is #Trapped by #LuisMandoki movie version of novel #24Hours.
    11 Feb via web

    newnHaree#RACE: It starts well, goes well up to half-time and then reaches no where! Original is #Trapped. http://bit.ly/cv-reviews
    11 Feb via web
    --

    ReplyDelete
  2. ബാലക്യഷ്ണ പിള്ളയ്ക്ക് സ്വീകരണം കൊടുത്ത കേരളത്തില്‍ മോഷണം ഒരു ഉത്തമ കലയും ആഭിജാത്യത്തിന്റെ ലക്ഷണവുമാണ്!! :)

    ReplyDelete
  3. കണ്ടു. തീരെ പിടിച്ചില്ല.

    ReplyDelete
  4. ഇംഗ്ലീഷ് ചിത്രങ്ങള്‍ മലയാളത്തിലേക്ക് അവതരിപ്പിക്കുന്നത് നല്ലത് തന്നെ, കാരണം മലയാള സിനിമാപ്രേക്ഷകരില്‍ ഭൂരിഭാഗവും ഈ ചിത്രങ്ങള്‍ കണ്ടിട്ടുണ്ടാവില്ല, പക്ഷേ ഒറിജിനലുകളെ കൊല്ലുന്നത്, കുറച്ച് അസഹ്യം തന്നെ.....

    ReplyDelete
  5. ഈ സിനിമയുടെ പരസ്യം കണ്ടപ്പോൾ തന്നെ തോന്നി ഇതു ഞാൻ കണ്ട ഒരു ഇംഗ്ലീഷ് സിനിമ അല്ലെ എന്ന്.. ഇപ്പോൾ പൂർത്തിയായി.. സിനിമ ഇതു വരെ കണ്ടില്ല, ഇനി കാണുകയും ഇല്ല. Trapped കണ്ടിട്ട് ഒത്തിരിയായി, എന്നാലും മലയാള സിനിമ ഇങ്ങനെ മോഷണം തുർടന്നാലോ.. കഷ്ടം...

    ReplyDelete
  6. ഇത്രേം ഇഴച്ചിലുള്ള ഒരു പടം ഈ അടുത്ത് കണ്ടിട്ടില്ല.. (അതിന്റെ പേര് റേസ് എന്നും..:) )

    രംഗങ്ങളെ പൊലിപ്പിക്കും വിധം എന്ന് ഹരി വിലയിരുത്തിയ പശ്ചാത്തല സംഗീതം എനിക്ക് പലയിടത്തും അരോചകമായാണ് തോന്നിയത്... (ലൈറ്റ് ഓണ്‍-ഓഫ് ചെയ്ത് രക്ഷപ്പെടാന്‍ നോക്കുന്ന സമയത്തൊക്കെ പ്രത്യെകിച്ചും)

    ബാക്കി എല്ലാ കാര്യങ്ങളും റിവ്യൂവില്‍ പറ്ഞ്ഞപോലെ തന്നെ തോന്നി..

    ReplyDelete
  7. കോക്‍ടെയില്‍ നന്നായിരുന്നു. ഇംഗ്ലീഷ് പടത്തിന്റെ റീമേക്കാണെങ്കിലും. അതു തന്നെയാണ് റേസ് എന്നു പറഞ്ഞു കേട്ടു, കണ്ടില്ല.

    ReplyDelete
  8. കോപ്പിയടിയുടെ കാര്യം പറഞ്ഞപ്പോ ഇയിടെ കണ്ട ഹിന്ദി ചിത്രങ്ങള്‍ ( വയ ടോര്രെന്റ്റ് ) എല്ലാം ചെലവ് കുറഞ്ഞവ...ഇവ എന്തുകൊണ്ട് മലയാളത്തില്‍ വന്നില്ല എന്ന് കരുതി സങ്കടപ്പെടുന്നു ..ലവ് സെക്സ് ധോക്ക ,ഉടാന്‍ ,ദോ ദുനി ചാര്‍ , എല്ലാത്തിനും നമ്മടെ മലയാളം ശൈലിയില്‍ ‍ എടുക്കാവുന്നതെ ഉള്ളു ...അവരൊക്കെ മുന്നിലോട്ടു പോയ്യി നമ്മള് പുറകോ.ട്ടും

    ReplyDelete
  9. ബീമാപ്പള്ളിയും ടോറെന്റുമില്ലെങ്കില്‍ നമ്മുടെ മുഖ്യധാരാ സിനിമ പൂട്ടിപ്പോയേനെ

    ReplyDelete
  10. Watched "Yudham Sei". A good Thriller. A must see for thriller lovers.

    ReplyDelete
  11. ട്രെയിലർ കണ്ടപ്പോഴേ തോന്നി ഇതേതാണ്ട് ഇങ്ങനെയൊക്കെതന്നെ ആകുമെന്ന്.
    എപ്പോഴും ഞെട്ടാൻ എനിക്ക് വട്ടൊന്നുമില്ലല്ലോ..അതുകൊണ്ട് ഈ റിവ്യൂ വായിച്ചിട്ട് ഒന്നും തോന്നുന്നില്ല.

    ReplyDelete
  12. ഹരീ, റിവ്യൂ- വിനു നന്ദി. ഈ സിനിമ ഒഴിവാക്കാന്‍ തീരുമാനിച്ചു.
    വായിച്ചു വന്നപ്പോള്‍ തെറ്റെന്നു തോന്നിയ ചില പ്രയോഗങ്ങള്‍ കണ്ടു.

    1. "വേറിട്ടൊരു പുതുമയും" - പുതുമ എപ്പോഴും വേറിട്ടതല്ലേ?
    2. "ഈ പണി നിര്‍ത്തുന്നകയാവും ബുദ്ധി" - അക്ഷര തെറ്റ്
    3. "ഈയൊരു ന്യൂനത പ്രകടമായിത്തന്നെ കാണുവാനായി" - പ്രകടമായി എന്നോ കാണുവാനായി എന്നോ പോരെ?
    4. "ബേബി അനിഖയുമൊക്കെ തരക്കേടില്ലാതെ പോവുമ്പോള്‍ പോലീസ് കുപ്പായത്തില്‍ ശ്രീജിത്ത് രവി വല്ലാതെ വീര്‍പ്പുമുട്ടുകയായിരുന്നു" - ഒന്നുകില്‍ 'പോയപ്പോള്‍...വീര്‍പ്പുമുട്ടുകയായിരുന്നു' അല്ലെങ്കില്‍ 'പോവുമ്പോള്‍ ......വീര്‍പ്പുമുട്ടുന്നു' എന്നല്ലേ വേണ്ടത്? .
    5. "ഉദ്വേഗഭരിതമായ ആദ്യ മണിക്കൂറിന്റെ പേരില്‍ അഭിമാനിക്കുവാന്‍ വകയുണ്ടെങ്കിലും പിന്നങ്ങോട്ട് അത്രത്തോളം തന്നെ ഉദ്വേഗരഹിതമാക്കിയതില്‍.." ഇവിടെ എത്രത്തോളം എന്ന് ആദ്യം പറയണ്ടേ?

    അക്ഷര തെറ്റൊഴികെയുളവ സംശയങ്ങളാണ്. ഉറപ്പില്ല

    ReplyDelete
  13. ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :)

    SM-ന്റെ സൂക്ഷ്മമായ വായനയ്ക്ക് പ്രത്യേകം നന്ദി. :)
    1. 'കോക്ക്‍ടെയ്‍ല്‍' നല്‍കിയ പുതുമയില്‍ നിന്നും വേറിട്ട് ഒന്നും നല്‍കിയില്ല എന്നുദ്ദേശം. 'കോക്ക്‍ടെയ്‍ല്‍' കാണാത്തവര്‍ക്ക് ഇതൊരു പുതുമയുള്ള വിഷയമായി തോന്നാം. അതിനാല്‍ വെറുതേ പുതുമയില്ല എന്നെഴുതുവാനും കഴിയില്ല. ആ പുതുമ 'കോക്ക്‍ടെയ്‍ലി'ല്‍ നിന്നും വേറിട്ടു നില്‍ക്കുന്നില്ല എന്നു പറയുമ്പോള്‍ കണ്ടിട്ടുള്ളവര്‍ക്കും കണ്ടിട്ടില്ലാത്തവര്‍ക്കും ആശയം വ്യക്തമാവും.
    2. തിരുത്തിയിട്ടുണ്ട്.
    3. ന്യൂനത കൂടുതല്‍ വ്യക്തമായിരുന്നു എന്നുദ്ദേശം.
    4. പ്രയോഗത്തില്‍ കുഴപ്പമുണ്ടെന്നു തോന്നുന്നില്ല.
    5. കാണുന്ന ഒരാള്‍ക്ക് ആദ്യഭാഗം എത്രത്തോളം ഉദ്വേഗഭരിതമായി അനുഭവപ്പെടുന്നുവോ അത്രത്തോളം ഉദ്വേഗരാഹിത്യം തുടര്‍ന്നനുഭവപ്പെടുമെന്ന് സാരം. അങ്ങിനെയല്ലാതെ ഒരു അളവ് പറയുക സാധ്യമല്ലല്ലോ!
    --

    ReplyDelete
  14. trapped oru aru boran cinema ayirunnu........muzhuvan kanditilla

    ReplyDelete
  15. ചൂണ്ടുന്ന ചെക്കന്മാര്‍ നന്നായി ചെയ്തിട്ടും ഉണ്ട് മുന്പ് !!!

    ReplyDelete