
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 7.00 / 10
: 7.00 / 10
: 4.00 / 05
: 5.00 / 05
Melvilasom
Directed by
Madhav Ramdasan
Produced by
Mohammed Saleem, M. Rajendran
Story, Screenplay, Dialogues by
Soorya Krishna Moorthy
Starring
Suresh Gopi, Parthiban, Ashokan, Thalaivasal Vijay, Nizhalgal Ravi, Krishnakumar etc.
Cinematography (Camera) by
Anand Balakrishnan
Editing by
K. Sreenivas
Realtime Editing by
Sajjawan
Effects by
Pradeep
Production Design (Art) by
Gokul Das
Background Score by
Samson Kottoor
Make-Up by
Pradeep Rangan
Costumes by
S.B. Satheesan
Banner
Mark Movies
ആനന്ദ് ബാലകൃഷ്ണനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സാധ്യതകള്‍ പരിമിതമെങ്കിലും, വിവിധ വീക്ഷണകോണുകള്‍ ഇടകലര്‍ത്തി കാഴ്ചയിലെ വിരസത ഒഴിവാക്കുവാന്‍ ഛായാഗ്രാഹകന് കഴിഞ്ഞിട്ടുണ്ട്. വാഹനങ്ങളുടെ ശബ്ദങ്ങളും മറ്റും മറ്റും നാടകത്തിലെന്ന മട്ടില്‍ പശ്ചാത്തലത്തില്‍ ഇടയ്ക്കിടെ ഉയര്‍ന്നു കേള്‍ക്കാം. ഹെലികോപ്ടറിന്റെ ശബ്ദം സംസാരത്തെ തടസപ്പെടുത്തുന്ന ആ ഒരു രംഗം അണിയറപ്രവര്‍ത്തകരുടെ പരസ്പരധാരണയ്ക്ക് തെളിവാണ്. ക്യാമറയുടെ വീക്ഷണകോണിനനുസൃതമായി ശബ്ദത്തിലും ഉയര്‍ച്ച താഴ്ചകള്‍ വരുന്നുണ്ട് എന്നതും ശ്രദ്ധേയം. സാംസണ്‍ കൊട്ടൂരാണ് പശ്ചാത്തലസംഗീതമെങ്കില്‍ പ്രദീപിന്റെയാണ് ഇഫക്ടുകള്‍. കോടതി മുറി, അവിടുത്തെ പ്രകാശ സജ്ജീകരണം എന്നിവയ്ക്കും സ്വാഭാവികത തോന്നിക്കും. ഗോകുല്‍ ദാസിന്റെ കലാസംവിധാനം, പ്രദീപ് രങ്കന്റെ ചമയം, എസ്.ബി. സതീശന്റെ ചമയങ്ങള്‍ എന്നിവയും ചിത്രത്തിനു ഗുണം ചെയ്തു.
ചിത്രീകരണ സമയത്തു തന്നെയുള്ള സന്നിവേശം സജ്ജവനും പിന്നീടുള്ള സംയോജനം കെ. ശ്രീനിവാസനും നടത്തിയിരിക്കുന്നു. ഒരു Real-time ചിത്രമെന്ന് കേട്ടപ്പോള്‍, ഒരൊറ്റ ഷോട്ടില്‍ പൂര്‍ത്തിയാക്കിയ 'റഷ്യന്‍ ആര്‍ക്' എന്ന റഷ്യന്‍ ചലച്ചിത്രമാണ് ഓര്‍മ്മയിലെത്തിയത്. അത്തരത്തിലൊരു ശ്രമമല്ല ഇവിടെ, അങ്ങിനെ തുടക്കത്തില്‍ എഴുതിക്കാണിക്കുന്നത് എന്തര്‍ത്ഥത്തിലാണെന്നും മനസിലാവുന്നില്ല. വിവിധ ഷോട്ടുകളും, കട്ടുകളും, കൂട്ടിച്ചേര്‍ക്കലുകളും ഒക്കെയുള്ള ഒരു ചിത്രം തന്നെയാണിത്. ഇനി നടപടികളുടെ സമയം അതേപടി ചിത്രത്തിലുണ്ട് എന്നാണെങ്കില്‍, അങ്ങിനെ പറയുന്നതിലും സാധൂകരണമില്ല. (പത്ത് മിനിറ്റ് ഇടവേളകള്‍ മൂന്നു തവണ കോടതി എടുക്കുന്നുണ്ട്, അത് രണ്ടു മണിക്കൂര്‍ സിനിമയില്‍ സാധ്യമല്ലല്ലോ!) പിന്നെന്തിനായിരുന്നു ഇങ്ങിനെയൊരു വാദമെന്ന് മനസിലായില്ല. ഇടവേളയുടെ കാര്യമൊഴിവാക്കിയാല്‍ പോലും സമയഗതിയില്‍ നീക്കുപോക്കുകള്‍ ചെയ്തിട്ടില്ല എന്നു വിശ്വസിക്കുവാന്‍ പ്രയാസം. ആ രീതിയില്‍ നോക്കുമ്പോള്‍ സജ്ജവന്റെയും കെ. ശ്രീനിവാസന്റെയും രണ്ടു ഘട്ടമായുള്ള ചിത്രസന്നിവേശം എത്രത്തോളം ലക്ഷ്യത്തിലെത്തി എന്നു സംശയിക്കേണ്ടി വരും. അങ്ങിനെയൊരു വാദമില്ലായിരുന്നെങ്കില്‍, ഇരുവരും തങ്ങളുടെ ഭാഗം ഭംഗിയാക്കി എന്നും പറയാം.
അഭിനേതാക്കളെല്ലാവരും തന്നെ സംവിധായകന്റെ മനസറിഞ്ഞ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. സുരേഷ് ഗോപി നായകനാവുന്ന ചിത്രം എന്നൊന്നുമുള്ള വിശേഷണങ്ങള്‍ ഈ ചിത്രത്തിനിണങ്ങില്ല. എല്ലാ കഥാപാത്രങ്ങളും ഒരുപോലെ പ്രാധാന്യം നേടുന്നുണ്ട് ഈ രണ്ടു മണിക്കൂര്‍ ചിത്രത്തില്‍. സുരേഷ് ഗോപി, പാര്‍ത്ഥിപന്‍, തലൈവാസല്‍ വിജയ്, അശോകന്‍ എന്നിവരുടെയൊക്കെ കഥാപാത്രങ്ങള്‍ സിനിമ കഴിഞ്ഞാലും ഓര്‍മ്മയിലുണ്ടാവും. നിയന്ത്രിതമായ മുഖഭാവങ്ങളിലൂടെ സവാര്‍ രാമചന്ദ്രനെ മികവുറ്റതാക്കിയ പാര്‍ത്ഥിപന്‍ ഇവരില്‍ മുമ്പിട്ടു നില്‍ക്കുന്നു. ബി.ഡി. കപൂറായുള്ള കൃഷ്ണകുമാറിന്റെ അഭിനയം മാത്രം ചിലപ്പോഴൊക്കെ അല്‍പം അമിതമായില്ലേ എന്നു സംശയം. നിഴല്‍കള്‍ രവിയാണ് അത്രകണ്ട് മികവ് പുലര്‍ത്താതെപോയ മറ്റൊരാള്‍. തുടക്കത്തിലും ഒരിടവേളയിലും കോടതി മുറി സജ്ജീകരിക്കുവാനെത്തുന്ന ജവാന്മാരുടെ അഭിനയവും അല്‍പം പിന്നിലായി. ചിത്രത്തില്‍ പട്ടാളക്കാരെല്ലാം ഏതു സമയവും മറ്റുള്ളവര്‍ ചെകിടന്മാരാണോ എന്ന് സംശയിച്ചു പോവുന്നത്രയും ഉച്ചത്തിലാണ് സംസാരം, ഇനി അതങ്ങിനെ തന്നെയാണോ യഥാര്‍ത്ഥത്തിലും?
കൊന്നയാളെ രക്ഷിക്കുകയല്ല അതയാള്‍ എന്തുകൊണ്ട് ചെയ്തു എന്നു കണ്ടെത്തുകയാണ് തന്റെ ലക്ഷ്യമെന്നാണ് പ്രതിഭാഗം വക്കീലിന്റെ പക്ഷം. എന്നാലതിനപ്പുറം മനസിനെ പിടിച്ചുലയ്ക്കുന്ന ഒന്ന്, അവസാന രംഗത്തിനു വിരാമമിട്ടുകൊണ്ട് സംവിധായകന്‍ കരുതിയിട്ടുണ്ട്. അതിനു പോലും, ബി.ഡി. കപൂര്‍ എന്ന ഉദ്യോഗസ്ഥന്റെ 'തറവാടി' മനോഭാവത്തോട് കോടതി പാലിക്കുന്ന മൗനം ഉണ്ടാക്കുന്ന അസഹ്യത കുറയ്ക്കുവാന്‍ കഴിയുന്നില്ല എന്നതാണ് പരമാര്‍ത്ഥം. യഥാര്‍ത്ഥത്തില്‍ പട്ടാളക്കോടതികള്‍ ഇത്തരത്തിലാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍, ബി.ഡി. കപൂറിനെ പോലുള്ളവരെ ജവാന്മാര്‍ വെടിവെച്ചു കൊന്നില്ലെങ്കിലേ അത്ഭുതമുള്ളൂ. ഒരുപക്ഷെ, ഈയൊരു അസഹ്യത തോന്നിപ്പിക്കുക എന്നതായിരിക്കാം രചയിതാവിന്റെ/സംവിധായകന്റെ ലക്ഷ്യവും. പ്രമേയം / പരിചരണം - ഏതു തരത്തില്‍ നോക്കിയാലും; സമകാലീന മലയാള സിനിമകളില്‍ വേറിട്ടൊരു അനുഭവം നല്‍കുവാന്‍ പ്രാപ്തമാണ് ഈ ചിത്രം. ഈയൊരു അനുഭവമൊന്ന് രുചിച്ചു നോക്കുവാനെങ്കിലും 'മേല്‍വിലാസം' ഒരുവട്ടമെങ്കിലും ചലച്ചിത്രപ്രേമികള്‍ കാണേണ്ടതുണ്ട്. പുതുതായി ഉയര്‍ന്നുവരുന്ന ഇത്തരം ചലച്ചിത്രസംരംഭങ്ങളിലൂടെ മലയാള സിനിമയ്ക്കൊരു പുതിയ മേല്‍വിലാസം നേടിയെടുക്കുവാന്‍ സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകരുടെ പിന്തുണ തീര്‍ച്ചയായും അത്യന്താപേക്ഷിതവുമാണ്.
ശ്രദ്ധിക്കുക: പാട്ട് / നൃത്തം / ആക്ഷന്‍ എന്ന വിഭാഗം ഈ സിനിമയില്‍ ഉള്‍പ്പെട്ടിട്ടില്ല. ആ വിഭാഗം ഒഴിവാക്കുന്നത് റേറ്റിംഗിനെ ബാധിക്കുമെന്നതിനാല്‍ മുഴുവന്‍ പോയിന്റും നല്‍കിയിരിക്കുന്നു.





