വാടാമല്ലി (Vaadamalli)

Published on: 12:14 PM
Vaadamalli: A film directed by Alberrt Antoni starring Rahul Madhav, Richa Panai, Ramesh Raveendran, Niji Mary etc. Film Review by Haree for Chithravishesham.
'കണ്ണേ മടങ്ങുക' എന്ന ആദ്യ ചിത്രത്തിലൂടെ നിരൂപക ശ്രദ്ധയും അംഗീകാരവും നേടിയ സംവിധായകനാണ്‌ ആല്‍ബെര്‍ട്ട് ആന്റണി. എന്നാല്‍ അണിയറയില്‍ പ്രൊഡക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ട് മാത്രമുള്ള 'നായര്‍സാന്‍' എന്ന ചിത്രത്തിന്റെ സംവിധായകന്‍ എന്ന നിലയ്‍ക്കാവും കൂടുതല്‍ പേര്‍ക്കും അദ്ദേഹത്തെ പരിചയം. ആല്‍ബെര്‍ട്ട് ആന്റണിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന രണ്ടാമത്തെ ചിത്രമാണ്‌ 'വാടാമല്ലി'. സംവിധായകന്റെ മൂലകഥയെ ആധാരമാക്കി, പത്രപ്രവര്‍ത്തകരായ രാജേഷ് വര്‍മ്മയും ലാസര്‍ ഷൈനും ചേര്‍ന്ന് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നു. സോ എസ്തബേ മൂവീസിന്റെ ബാനറില്‍ സുനില്‍ ചന്ദ്രിക നായരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. പുതുമുഖങ്ങളായ രാഹുല്‍ മാധവ്, റിച്ച പനായ്, രമേഷ് രവീന്ദ്രന്‍, നിജി മേരി, പ്രദീപ് ചന്ദ്രന്‍ തുടങ്ങിയവരാണ്‌ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്‍. വസ്തുതകള്‍ ഇങ്ങിനെയൊക്കെയെങ്കിലും 'വാടാമല്ലി'യുടെ പേരു തന്നെ മോശമാക്കി സിനിമയൊരു 'വാടുംമല്ലി'യായ അനുഭവമാണ്‌ കണ്ടുകഴിഞ്ഞപ്പോള്‍ ഉണ്ടായത്.

ആകെത്തുക     : 3.25 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 2.00 / 10
: 3.00 / 10
: 2.50 / 10
: 3.00 / 05
: 2.50 / 05
മലയാള സിനിമക്കിത് 'നോണ്‍ലീനിയര്‍' സിനിമകളുടെ സീസണാണെന്നു തോന്നുന്നു. ബഹുദിശയിലുള്ള കഥ പറച്ചിലും, ഒരു സംഭവത്തോട് ഒടുവില്‍ എല്ലാം കൂടി കണ്ണിചേര്‍ക്കലുമെല്ലാം (അതും, വീണ്ടുമൊരു റോഡപകടത്തില്‍ തന്നെ!) 'വാടാമല്ലി'യിലും ആവര്‍ത്തിക്കുന്നു. ഒറ്റതിരിഞ്ഞുള്ള ചില ചില്ലറ സംഭവങ്ങളൊക്കെ കൊള്ളാമെങ്കിലും (സത്യങ്ങള്‍ക്കൊപ്പം അര്‍ദ്ധസത്യങ്ങളും നുണകളും ഇഴചേര്‍ത്ത് കഥ പറഞ്ഞിരിക്കുന്നത് അതിനൊരു ഉദാഹരണം.) മൊത്തത്തില്‍ അതൊന്നും ചിത്രത്തെ രക്ഷിക്കുവാന്‍ മതിയാവുന്നില്ല. എന്ത് എവിടെ പറയണം, കാണിക്കണം എന്ന ആശയകുഴപ്പം സിനിമയെ നോണ്‍ലീനിയര്‍ പരുവത്തിലാക്കിയതാണോ എന്നു പോലും സംശയിച്ചു പോവും കണ്ടിരിക്കുന്ന പ്രേക്ഷകര്‍. ആവശ്യത്തിനു മാത്രമേ സംഭാഷണങ്ങള്‍ ഉപയോഗിക്കുന്നുള്ളൂ എങ്കില്‍ പോലും, ചില സംഭാഷണങ്ങളൊക്കെ തീര്‍ത്തും അപക്വങ്ങളാണ്‌. വിശേഷിച്ചും, 'വാസുവിനെ ഉമ്മവെച്ച പെണ്ണു വന്നേ...', 'വാസു വന്നേ...' എന്നിങ്ങനെ പലയാവര്‍ത്തി കേള്‍പ്പിക്കുന്ന ചിലതൊക്കെ കേട്ടിരിക്കുവാന്‍ കാണികള്‍ പെടാപ്പാടുപെടും!

ആല്‍ബെര്‍ട്ട് ആന്റണി ചിത്രത്തില്‍ കാണിച്ച പലതും ഇപ്പോഴും മനസിലായിട്ടില്ല. കാണാതാവുന്ന പെണ്‍കുട്ടിയെ തിരയുന്ന പോലീസുകാരന്‍ ആദ്യം ആന്വേഷണം ആരംഭിക്കുന്നത് പെണ്‍കുട്ടിയുടെ സഹോദരനായാണ്‌. എന്നാലങ്ങിനെ അന്വേഷിച്ചതു കൊണ്ട് പ്രത്യേകിച്ചൊരു മെച്ചമുള്ളതായി പറഞ്ഞോ, അതില്ല താനും! ടൂറിസ്റ്റിനേയും കൊണ്ടു പോവുന്ന വള്ളക്കാരന്‍, ടൂറിസ്റ്റ് കൊണ്ടുവന്ന മയക്കുമരുന്നിന്റെ ബാഗ് പോലീസിനു കണ്ടെത്തുവാനായി വള്ളത്തില്‍ വെച്ചിട്ട് വെള്ളത്തില്‍ ചാടി ഒളിവില്‍ പോവുന്നതൊക്കെ എന്തു യുക്തിയിലണോ കാണിച്ചത്! (ഇനി മയക്കുമരുന്ന് വെള്ളത്തെ മലിനമാക്കരുത് എന്നു കരുതിയ നായകന്റെ കായല്‍ സ്നേഹമായിരിക്കുമോ ഉദ്ദേശിച്ചത്?) പെണ്‍കുട്ടിയുടെ കൂട്ടുകാരും കാമുകനുമൊക്കെ പറയുന്ന കഥകള്‍ കൂട്ടിയിണക്കി ഒടുവില്‍ അന്വേഷകന്‍ ... സത്യം(?) കണ്ടെത്തുന്നതോടെ (രസം‍കൊല്ലി ആവാതിരിക്കുവാന്‍ ഇടക്ക് വിട്ടു കളഞ്ഞതാണ്. അതുമൊരു വലിയ തമാശയാണ്.) ചിത്രം അവസാനിക്കുന്നു. എല്ലാം കുറേ വാചകമടിയില്‍ പറഞ്ഞു തീര്‍ക്കാതെ കുറേയിടത്തെങ്കിലും ദൃശ്യങ്ങളിലൂടെ കാര്യം പറയുവാന്‍ സംവിധായകന്‍ ശ്രമിക്കുന്നുണ്ട് എന്നതൊരു നല്ല കാര്യമായി തോന്നി. പക്ഷെ അതിനായി ദൃശ്യങ്ങളെ ഇത്രത്തോളം മന്ദഗതിയില്‍ കാട്ടണമായിരുന്നോ എന്നൊരു ചോദ്യം അപ്പോഴും അവശേഷിക്കുന്നു.

Cast & Crew
Vaadamalli

Directed by
Alberrt Antoni

Produced by
Sunil Chandrika Nair

Story / Screenplay, Dialogues by
Alberrt Antoni / Rajesh Varma, Lasar Shine

Starring
Rahul Madhav, Richa Panai, Ramesh Raveendran, Niji Mary, Pradeep Chandran, Jyothi Chatterji, Bijukuttan, Raveendran etc.

Cinematography (Camera) by
Vaidy S. Pillai

Editing by
Raja Mohammed

Production Design (Art) by
Girish Menon

Music by
Shyam

Sound Design by
Sethu

Lyrics by
Vayalar Sarath Chandra Varma

Make-Up by
Salim Nagarcoil

Costumes by
Bhakthan Mangadu

Choreography by
Poppy

Action (Stunts / Thrills) by
Anal Arasu

Banner
Zoe Estebe Moviez Pvt. Ltd.

ചിത്രത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതുമുഖങ്ങളില്‍ വാസുവായി വേഷമിട്ട രാഹുല്‍ മാധവ് മാത്രം തരക്കേടില്ലായെന്നു പറയാം. 'ഭീമ'യുടെ പരസ്യത്തിന്‌ റിച്ച പനായിയുടെ കാണാനഴക് മതിയാവും, ചിത്രത്തിലെ നായികയായ വൃന്ദയെന്ന പെണ്‍കുട്ടിയെ അവതരിപ്പിക്കുവാന്‍ അത് മതിയാവുന്നില്ല. നിജി മേരി, സന്തോഷ് എന്നിവരുടെ കഥാപാത്രങ്ങള്‍ക്കും ഏച്ചുകെട്ടല്‍ അനുഭവപ്പെട്ടു. ഇവരൊക്കെ തുടക്കക്കാരല്ലേ എന്നു കരുതി പോട്ടെന്നു വെയ്‍ക്കാം, എന്നാല്‍ അത്യാവശ്യം സിനിമയിലഭിനയിച്ച് പരിചയമുള്ള ബിജുക്കുട്ടന്റെയും രവീന്ദ്രന്റെയും കഥാപാത്രങ്ങളും കണ്ടിരിക്കുവാന്‍ പാടായ പരുവത്തിലായതിന്‌ ആരെ പഴിക്കണം? അഭിനേതാക്കളേയോ അതോ സംവിധായകനെ തന്നെയോ? ഇവര്‍ക്കു പുറമേ, പോലീസ് ഉദ്യോഗസ്ഥരായി പ്രദീപ് ചന്ദ്രനും ജ്യോതി ചാറ്റര്‍ജിയും കാര്യമായ അനക്കമൊന്നും ഉണ്ടാക്കാതെ ചിത്രത്തില്‍ ഇടക്കിടെ വന്നു പോവുന്നുണ്ട്.

സാങ്കേതിക മേഖലയെടുത്താല്‍ ദൃശ്യഭംഗിയുടെ കാര്യത്തില്‍ ചിത്രം മേലെയാണ്‌. കാണാനഴകുള്ള ചില ഫ്രയിമുകളൊക്കെ വൈദി എസ്. പിള്ള പകര്‍ത്തിയിട്ടുണ്ട്. ചിത്രത്തില്‍ വരുന്ന ചേസിംഗ് രംഗങ്ങളൊക്കെ മികവോടെ പകര്‍ത്തുന്നതില്‍ ഛായാഗ്രാഹകനും, അതിന്റെ വേഗതയും തുടര്‍ച്ചയും നഷ്ടമാവാതെ കൂട്ടിച്ചേര്‍ക്കുന്നതില്‍ ചിത്രസന്നിവേശകന്‍ രാജാ മുഹമ്മദും വിജയിച്ചിട്ടുണ്ട്. തുടക്കത്തിലുള്ള അപകടരംഗവും അതിനെ തുടര്‍ന്നു വരുന്ന ഒരു പാട്ടും കാണികളുടെ ക്ഷമ പരീക്ഷിക്കുന്നതാണ്‌. ആ രംഗങ്ങള്‍ക്കാവട്ടെ പറയത്തക്ക മികവൊന്നും മേ‍ല്‍ പറഞ്ഞവര്‍ക്കും കൊണ്ടുവരുവാനുമായില്ല. ഇടയ്ക്കൊരു ഗാനരംഗം നട്ടുച്ചയ്ക്ക് ഫില്‍റ്റര്‍ ഉപയോഗിച്ച് നിലാവാക്കി ചിത്രീകരിച്ചിട്ടുണ്ട്. പക്ഷെ, ഉച്ചക്ക് ഉച്ചിയില്‍ നില്‍ക്കുന്ന സൂര്യനെ ഫ്രയിമില്‍ പെടുത്താതെ ചിത്രീകരിക്കുവാന്‍ ഛായാഗ്രാഹകനോ സംവിധായകനോ ശ്രദ്ധിക്കാത്തതിനാല്‍, രാത്രിയില്‍ ഉദിച്ച് നിലാവു പരത്തുന്ന സൂര്യനെയും കാണികള്‍ക്ക് കാണുവാനായി! ദൃശ്യങ്ങളുടെ ഉള്ള ഭംഗി പശ്ചാത്തലം നല്‍കി കളയുന്ന ഏര്‍പ്പാടാണ്‌ ശബ്ദ സംവിധാനത്തില്‍ സേതു കാട്ടിയിരിക്കുന്നത്. എന്തെങ്കിലുമൊക്കെ പിന്നണിയിലിങ്ങനെ കേള്‍പ്പിക്കുക എന്നേ സേതുവിന്‌ (സംവിധായകനും) ഉണ്ടായിരുന്നുള്ളൂ എന്നു വേണം കരുതുവാന്‍.

വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ എഴുതിയിരിക്കുന്ന നാല്‌ ഗാനങ്ങളാണ്‌ ചിത്രത്തിലുള്ളത്. ശ്യാമിന്റെ സംഗീതത്തിലുള്ള ഈ ഗാനങ്ങളില്‍ ചിലതൊക്കെ കേള്‍ക്കുവാന്‍ ഇമ്പമുള്ളവയാണ്‌, ഒപ്പം പതിവ് രീതികളില്‍ നിന്നും വേറിട്ട് നില്‍ക്കുകയും ചെയ്യുന്നു. കെ.എസ്. ചിത്രയും യു. കൃഷും ചേര്‍ന്നു പാടുന്ന "തൂമഞ്ഞിന്‍ ചെല്ലാട..."യാണ്‌ കൂട്ടത്തില്‍ മികച്ചു നില്‍ക്കുന്നത്. കെ.കെ. നിഷാദും നീത സുധീറും ചേര്‍ന്നാലപിക്കുന്ന "നീയോ പുഴപോലെ..." എന്നഗാനവും കേട്ടിരിക്കാം. "അനുരാഗ തേന്‍ കുടിച്ചാല്‍...", "രാപ്പകലുകളുടെ..." എന്നീ ഗാനങ്ങള്‍ക്ക് പക്ഷെ ഈ മികവ് പറയുവാനുമില്ല. ഇവ രണ്ടിലും പാടിയിരിക്കുന്ന സുര്‍മുഖിയെ കേട്ടിരിക്കുവാനും പ്രയാസം. ചിത്രത്തില്‍ പ്രാധാന്യത്തോടെ കാട്ടുന്ന ഗിറ്റാര്‍, വയലിന്‍ ഏകാന്തഗീതങ്ങളും നന്നായി ഒരുക്കുവാന്‍ ശ്യാമിനു കഴിഞ്ഞു. ചില ഗാനങ്ങളില്‍ ചേര്‍ത്തിട്ടുള്ള പോപ്പിയുടെ ചുവടുകള്‍ മികവിലേക്കെത്തിയില്ല. നടീനടന്മാരുടെ നൃത്തത്തിലെ പരിമിതികളും ഇതിന്‌ കാരണമാവാം. അനല്‍ അരശിന്റെ ഉദ്വേഗ രംഗങ്ങള്‍ തരക്കേടില്ലാതെ പോവുന്നുണ്ട്. ചിലതിന്റെയൊക്കെ ദൈര്‍ഘ്യം അല്‍പം മുഷിപ്പിച്ചു എന്നുമാത്രം.

'നായര്‍സാന്‍' ചെയ്യുന്നതിനിടയില്‍ കിട്ടിയ സമയത്തിന്‌ ആല്‍ബെര്‍ട്ട് ആന്റണി തട്ടിക്കൂട്ടിയ ഒരു പടം മാത്രമാണ്‌ 'വാടാമല്ലി'യെന്ന് ചിത്രം കണ്ടു കഴിഞ്ഞപ്പോള്‍ മനസിലായി. ഒരേ രംഗം പലരുടെ കാഴ്ചപ്പാടില്‍ കാണിക്കുമ്പോള്‍ ഒരല്‍പം മിതത്വം പാലിക്കാമായിരുന്നു. കഥയില്‍ പ്രത്യേകിച്ചൊരു പ്രാധാന്യവുമില്ലാത്ത സംഭാഷണങ്ങളൊക്കെ പിന്നെയും പിന്നെയും കേള്‍പ്പിക്കുന്നതില്‍ എന്തു കാര്യം! ഇനി അങ്ങിനെ കാണിച്ചാലേ നോണ്‍ലീനിയര്‍ ചിത്രമാവൂ എന്ന ധാരണയിലാണോ സംവിധായകനും രചയിതാക്കളും അങ്ങിനെ ചെയ്തതെന്നറിയില്ല. അവസാനവരിയായി; അധികനാളീമല്ലി വാടാതെ തിയേറ്ററുകളില്‍ ഉണ്ടാവുമെന്ന് കരുതുവാന്‍ വയ്യാത്തതിനാല്‍ ഈയൊരു 'വാടാമല്ലി' നിര്‍ബന്ധമായും കാണണമെന്നുള്ളവര്‍ അധികം താമസിക്കാതെ ഇതോടുന്ന തിയേറ്ററുകളിലെത്തണം, എന്നു കൂടി പറഞ്ഞു നിര്‍ത്തുന്നു.

ചിത്രത്തില്‍ കാണിക്കുന്നതിനൊക്കെ ഒരു കാലബോധം ഉണ്ടാവണമല്ലോ, വേണ്ടേ? കാമുകനൊരു ആമ്പല്‍ പറിച്ചു നല്‍കി ആഴ്ചയൊന്നെങ്കിലും (സിനിമയില്‍ കാണിക്കുന്ന രാത്രി പകലുകള്‍ എണ്ണിയാല്‍, യുക്തിസഹമായി ചിന്തിച്ചാല്‍ ഒരു മാസമെന്നെങ്കിലും കണക്കാക്കണം!) കഴിഞ്ഞാണ്‌ പോലീസ് അന്വേഷണത്തില്‍ ആമ്പല്‍ പിന്നെയും കാണിക്കുന്നതെങ്കിലും അതിന്‌ ചെറിയൊരു വാട്ടം മാത്രം! ഇനി അതിനെയെങ്ങാനുമാണോ 'വാടാമല്ലി'യെന്നുദ്ദേശിച്ചത്?