ഓര്‍മ്മ മാത്രം (Orma Mathram)

Published on: 7/31/2011 07:56:00 AM
Orma Mathram: A film by Madhu Kaithapram starring Dileep, Priyanka Nair etc. Film Review by Haree for Chithravishesham.
'ഏകാന്തം', 'മധ്യവേനല്‍' എന്നീ ചിത്രങ്ങള്‍ക്കു ശേഷം മധു കൈതപ്രം സംവിധാനം നിര്‍വ്വഹിച്ച ചിത്രമാണ്‌ 'ഓര്‍മ്മ മാത്രം'. അജയന്‍ എന്ന വക്കീല്‍ ഗുമസ്‍തനായ നായകനെ ദിലീപ് അവതരിപ്പിക്കുമ്പോള്‍ പ്രിയങ്ക നായര്‍, മാസ്റ്റര്‍ സിദ്ധാര്‍ത്ഥ് എന്നിവര്‍ യഥാക്രമം അജയന്റെ ജീവിതപങ്കാളിയായും മകനായുമെത്തുന്നു. ഹൊറൈസണ്‍ ഇന്റര്‍നാഷണലിന്റെ ബാനറില്‍ രാജന്‍ തളിപ്പറമ്പാണ്‌ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. റഹിം കടവത്തിന്റെ മൂലകഥയെ അടിസ്ഥാനമാക്കി സി.വി. ബാലകൃഷ്ണന്‍ ചിത്രത്തിനു വേണ്ടി തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നു. വളരെ പ്രസക്തമായൊരു വിഷയമാണ്‌ ചിത്രം കൈകാര്യം ചെയ്യുവാന്‍ ശ്രമിക്കുന്നത്. എന്നാല്‍ വിഷയത്തോടോ അതിന്റെ അവതരണത്തോടോ വേണ്ടത്ര ആത്മാര്‍ത്ഥത പുലര്‍ത്തുവാന്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് കഴിയാത്തതിനാല്‍ ശുഷ്കമായൊരു ഫലമാണ്‌ ഒടുവില്‍ തിരശീലയില്‍ കാണുവാനുള്ളതെന്നു മാത്രം!

ആകെത്തുക     : 3.50 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 2.00 / 10
: 3.00 / 10
: 5.00 / 10
: 2.00 / 05
: 2.00 / 05
മിശ്രവിവാഹിതരായ അച്ഛനുമമ്മയും, അവര്‍ക്ക് എല്ലാമായിരുന്ന മകന്‍ ഒരുദിവസം നഷ്ടപ്പെടുന്നു, അവന്റെ അച്ഛന്‍ മകനെ തേടി പലയിടങ്ങളിലലയുന്നു, അയാള്‍ കടന്നുപോവുന്ന ഇടങ്ങളും അവിടുത്തെ വേദനകളും; ചിത്രത്തിന്റെ പ്രമേയമെടുത്താല്‍ നല്ലത് എന്നു തന്നെ പറയണം. എത്രമാത്രം അരോചകമായൊരു സിനിമയാക്കി ഈയൊരു പ്രമേയത്തെ മാറ്റാം എന്നറിയണമെങ്കില്‍ നിങ്ങള്‍ ഈ ചിത്രം കാണുക. തിരക്കഥാകൃത്തായ സി.വി. ബാലകൃഷ്ണന്‍ ഇതിനെ കഴിയുന്നത്ര അപക്വമായി കൈകാര്യം ചെയ്തിട്ടുണ്ട്. അജയന്റെ കുടുംബം ഒഴികെയുള്ള ഇതര കഥാപാത്രങ്ങളൊക്കെയും വെള്ളത്തില്‍ വരച്ച വരയുടെ അവസ്ഥയിലാണ്‌. ആരാ, എന്താ, എന്തിനാ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ സിനിമ കഴിഞ്ഞാലും ഈ കഥാപാത്രങ്ങളെക്കുറിച്ച് നിലനില്‍ക്കും. ഈ രീതിയില്‍ നോക്കിയാല്‍ പ്രധാന കഥാപാത്രങ്ങളായ അജയന്റെയും സഫിയയുടേയും കാര്യം തന്നെ പരുങ്ങലിലാണ്‌, പിന്നെ മറ്റുള്ളവരുടെ കാര്യം പറയേണ്ടതില്ലല്ലോ! "ഈ ചിത്രം കണ്ടിറങ്ങുന്ന നിങ്ങളുടെ മനസ്സില്‍ നിറഞ്ഞ അനുഭൂതിയായി ഇവരുണ്ടാകും..." എന്നാണ്‌ ചിത്രത്തിന്റെയൊരു പരസ്യവാചകം; ഈ ചോദ്യങ്ങളോടെ ഇവരുണ്ടാകും എന്നൊന്ന് തിരുത്തിയാല്‍ അതിലിത്തിരി സത്യമുണ്ടെന്നു പറയാം!

Cast & Crew
Orma Mathram

Directed by
Madhu Kaithapram

Produced by
Rajan Thaliparamba

Story / Screenplay, Dialogues by
Rahim Kadvath / C.V. Balakrishnan

Starring
Dileep, Priyanka Nair, Master Sidharth, Jagathy Sreekumar, Nedumudi Venu, Dhanya Mary Varghese, Salim Kumar, Harishree Ashokan, Sivaji Guruvayoor etc.

Cinematography (Camera) by
M.J. Radhakrishnan

Editing by
Ranjan Abraham

Production Design (Art) by
Rajeevan Kitho

Background Score by
Johnson

Music by
Kaithapram Viswanathan

Lyrics by
Kaithapram Damodaran Namboothiri

Make-Up by
Pattanam Shah

Costumes by
Rana Prathap

Banner
Horizon International

ഷൂട്ട് ചെയ്‍തത് വെറുതേയാവുമല്ലോ എന്നു കരുതി മാത്രം ചിത്രത്തില്‍ ചേര്‍ത്ത മട്ടിലുള്ള കുറേയധികം രംഗങ്ങളുണ്ട് ചിത്രത്തില്‍. പലതും, കുറച്ചു കൂടി നന്നായി വികസിപ്പിച്ചിരുന്നെങ്കില്‍ ചിത്രത്തിന്‌ ഉപകാരപ്പെടുമായിരുന്നു. എന്നാലതിനൊന്നും സംവിധായകന്‍ മിനക്കെട്ടിട്ടുണ്ടെന്ന് തോന്നിയില്ല. നെടുമുടി വേണു അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പങ്കാളിയായി വരുന്ന സ്‍ത്രീയുടെ 'അഭിനയ'മൊക്കെ സംവിധായകന്‍ എങ്ങിനെ കാണാതിരുന്നു എന്നതാണത്ഭുതം. കുറഞ്ഞ പക്ഷം, അവരുടെ മുഖം ഇത്ര വ്യക്തമാവാതെ ഷോട്ടുകള്‍ ക്രമീകരിക്കുകയെങ്കിലും ചെയ്യാമായിരുന്നു. മകന്റെ തിരോധാനവും, അവനെ തേടിയുള്ള അച്ഛന്റെ യാത്രകളുമാണ്‌ പ്രധാന വിഷയമെങ്കിലും; അതിനോടൊപ്പം മിശ്രവിവാഹിതരുടെ പ്രശ്‍നങ്ങള്‍, ഭ്രൂണഹത്യയുടെ ധാര്‍മ്മികത, മതം-ജാതി-വിശ്വാസങ്ങള്‍, ചികിത്സയില്ലാത്ത രോഗം നല്‍കുന്ന ഭീതി, ബാലവേല, ബാലപീഢനം - ഇങ്ങിനെ പലതിലൂടെയും സംവിധായകന്‍ സഞ്ചരിക്കുന്നു. പക്ഷെ, പല കാര്യങ്ങള്‍ പറയുവാന്‍ ശ്രമിച്ച് ഒന്നു പോലും മര്യാദയ്‍ക്ക് പറയുവാന്‍ കഴിഞ്ഞില്ല എന്നതാണ്‌ ഒടുവില്‍ കാണുവാനുള്ളത്.

സ്വതവേയുള്ള മിമിക്രി അഭിനയ ശൈലി കഴിയുന്നത്ര ഒഴിവാക്കി, ഒരേ സമയം മകനെ കാണാതാവുകയും കാഴ്ച നഷ്ടപ്പെടുന്നൊരു അപൂര്‍വ്വരോഗത്തിന്‌ ഇരയാവുകയും ചെയ്യുന്ന അജയന്‍ എന്ന കഥാപാത്രത്തെ വിജയിപ്പിക്കുവാന്‍, ഒരു നടനെന്ന നിലയില്‍ ആത്മാര്‍ത്ഥമായൊരു ശ്രമം ദിലീപ് നടത്തിയിട്ടുണ്ട്. ഇടക്കിടെ ഞെട്ടുക, പിന്നെ കരയുക - ഇതല്ലാതെ മറ്റൊന്നും പ്രിയങ്ക നായര്‍ക്ക് സഫിയയായി ചെയ്യുവാനില്ല. ദീപുവായി മാസ്റ്റര്‍ സിദ്ദാര്‍ത്ഥ് തരക്കേടില്ലെന്നു തോന്നി! ഇസ്രയേല്‍ വംശജനായതിന്റെ പേരില്‍ കുറേ ഇംഗ്ലീഷ് പറയുന്നുണ്ട് എന്നതൊഴിച്ചാല്‍ നെടുമുടി വേണു തന്റെ സ്ഥിരം ശൈലിയില്‍ തന്നെ. ആ കഥാപാത്രത്തിന്റെ ഭാര്യയുടെ കാര്യം പറയുകയും വേണ്ട! ഇവരുടെ മകളായി ധന്യ മേരി വര്‍ഗീസ് സാരിയുടുത്ത് ഇടക്കിടെ വന്ന് എന്തൊക്കെയോ പറഞ്ഞിട്ട് പോവുന്നുണ്ട്. ജഗതി ശ്രീകുമാര്‍ തന്റെ വക്കീല്‍ വേഷം സ്വാഭാവികമായി ചെയ്തിട്ടുണ്ടെങ്കിലും, അങ്ങിനെയൊരു കഥാപാത്രവും ചിത്രത്തിലുണ്ട് എന്നതിനപ്പുറം ഒരു ശ്രദ്ധ നല്‍കുവാനില്ല. ഹരിശ്രീ അശോകന്‍, സലിം കുമാര്‍, ശിവാജി ഗുരുവായൂര്‍, മാടമ്പ് കുഞ്ഞിക്കുട്ടന്‍ എന്നിങ്ങനെ മറ്റു ചിലരുമുണ്ട് ചെറുവേഷങ്ങളില്‍.

സാങ്കേതികവിഭാഗത്തില്‍ രാജീവന്‍ കിത്തോയുടെ കലാസംവിധാനമാണ്‌ എടുത്തു പറയേണ്ടതായുള്ളത്. കഥയ്‍ക്കിണങ്ങുന്ന സ്വാഭാവികമായൊരു അന്തരീക്ഷം തയ്യാറക്കുവാന്‍ അദ്ദേഹത്തിനു ചിത്രത്തിലുടനീളം കഴിഞ്ഞിട്ടുണ്ട്. ചമയത്തില്‍ പട്ടണം ഷായും വസ്‍ത്രാലങ്കാരത്തില്‍ റാണാ പ്രതാപും രാജീവനെ നന്നായി പിന്തുണച്ചിട്ടുമുണ്ട്. എന്നാല്‍ ഇവരുടെ പരിശ്രമത്തിന്റെ പൂര്‍ണമായ പ്രയോജനം ചിത്രത്തില്‍ നേടിയെടുക്കുവാന്‍ എം.ജെ. രാധാകൃഷ്ണന്റെ ക്യാമറയ്ക്ക് കഴിഞ്ഞില്ലെന്നു പറയാം. 'ബിഗ് ബി' ചിത്രീകരിച്ച വീടും തെരുവുമൊക്കെയാണ്‌ ഈ ചിത്രത്തിനും പശ്ചാത്തലമാവുന്നത്. പക്ഷെ, രണ്ടിലേയും ദൃശ്യങ്ങള്‍ തമ്മില്‍ നിലവാരത്തിലുള്ള അജഗജാന്തരം പ്രകടമാണ്‌. രഞ്ജന്‍ എബ്രഹാമിന്റെ ചിത്രസന്നിവേശത്തിനും ചിത്രത്തിന്റെ മികവുയര്‍ത്തുവാന്‍ തക്കവണ്ണം എന്തെങ്കിലും ചെയ്യുവാനായിട്ടുണ്ട് എന്നു കരുതുന്നില്ല. ചുരുക്കത്തില്‍, സാങ്കേതികപരമായും കൂടുതല്‍ മെച്ചപ്പെട്ടൊരു സമീപനം ചിത്രവും പ്രമേയവും ആവശ്യപ്പെടുന്നു.

കൈതപ്രം ദാമോദരന്‍ നമ്പൂതിരി എഴുതി, കൈതപ്രം വിശ്വനാഥ് ഈണമിട്ട്, കെ.ജെ. യേശുദാസ് ആലപിച്ച "പോയിവരൂ..." എന്നു തുടങ്ങുന്നൊരു ഗാനമാണ്‌ ചിത്രത്തില്‍ ആകെയുള്ളത്. യാഥാസ്ഥിതിക രീതികളില്‍ നിന്നും അണുവിട മാറാതെയൊരു ഗാനമാണ്‌ ഇവരുദ്ദേശിച്ചതെങ്കില്‍ ആ ശ്രമം വിജയിച്ചുവെന്നു പറയാം! ജോണ്‍സണ്‍ ഒരുക്കിയ പശ്ചാത്തല സംഗീതത്തിനും ഈ 'അഭിനന്ദനം' ബാധകമാണ്‌.

മധു കൈതപ്രത്തിന്റെ ആദ്യ ചിത്രമായ 'ഏകാന്ത'ത്തിന്റെ വിശേഷത്തില്‍ ഇങ്ങിനെയെഴുതി:
വളരെ നന്നാക്കാമായിരുന്ന ഒരു ചിത്രം എന്ന തോന്നല്‍ മനസിലവശേഷിപ്പിച്ചാണ് ‘ഏകാന്തം’ അവസാനിക്കുക.
(അതിനു ശേഷം സംവിധായകന്റേതായി ഇറങ്ങിയ 'മധ്യവേനല്‍' കാണുവാന്‍ രണ്ടു വട്ടം ശ്രമിച്ചിട്ടും നടന്നില്ല. പിന്നീട് അതിനെക്കുറിച്ച് നല്ല അഭിപ്രായം പലയിടങ്ങളിലും വായിച്ചിരുന്നു.) 'ഏകാന്ത'ത്തില്‍ പറഞ്ഞതില്‍ കൂടുതലായി ഇവിടെയും പറയുവാനില്ല; വളരെ നന്നാക്കമായിരുന്ന മറ്റൊരു ചിത്രം എന്നതു മാത്രം ഓര്‍ക്കുവാന്‍ നല്‍കിയാണ്‌ മധു കൈതപ്രത്തിന്റെ 'ഓര്‍മ്മ മാത്ര'വും ഓര്‍മ്മയാവുന്നത്.

2005 മെയ് 18-ന്‌ ആലപ്പുഴയില്‍ നിന്നും കാണാതായ രാഹുലിനെ ഓര്‍ക്കാതിരിക്കുവാന്‍ കഴിഞ്ഞില്ല ഈ ചിത്രം കണ്ടുകഴിഞ്ഞപ്പോള്‍! കേരള പോലീസും സി.ബി.ഐ.-യും അന്വേഷിച്ചിട്ടും രാഹുലിന്റെ തിരോധാനത്തിന്‌ ഇതുവരെയും ഒരു തുമ്പുണ്ടാക്കുവാന്‍ കഴിഞ്ഞിട്ടില്ല എന്നത് നടുക്കുന്നൊരു വസ്‍തുതയാണ്‌. ഇങ്ങിനെ എത്രയോ രാഹുല്‍മാര്‍!

8 comments :

  1. 'മധ്യവേനലി'നു ശേഷം മധു കൈതപ്രം സംവിധാനം നിര്‍വ്വഹിച്ച 'ഓര്‍മ്മ മാത്രം' എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.

    @newnHaree
    Haree
    #OrmaMathram: The film tries to discuss some valid points, but fails miserably! Coming soon: bit.ly/cv-reviews
    14 hours ago via web
    --

    ReplyDelete
  2. ഒരു മലയാള പടം കാണാനുള്ള കൊതികൊണ്ട് കാണാന്‍ കയറി. ബോര്‍ അടി ആയിരുന്നു എന്ന പ്രശ്നം മാത്രമേ തോന്നിയുള്ളൂ. കൂവാന്‍ ഒന്നും തോന്നിയില്ല. ഒരുപാട് പടങ്ങള്‍ ഇങ്ങനത്തെ കണ്ട നിര്‍വികാരതകൊണ്ടാകാം. സാമാന്യബുദ്ധി പലപ്പോളും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. (കാഴ്ച്ച നഷ്ടപ്പെടുന്ന ആള്‍ സ്കൂട്ടര്‍ വാങ്ങുന്നതൊക്കെ). തീയേറ്ററില്‍ ഉള്ള ആള്‍ക്കരെല്ലാം ആ സീന്‍ കഴിഞ്ഞപ്പോള്‍ കുശുകുശുക്കുന്നുണ്ടായിരുന്നു.

    ReplyDelete
  3. ഹരീ
    വാല്‍ക്കഷണത്തില്‍ രാഹുലുകള്‍ എന്നു കണ്ടു. രാഹുല്‍ എന്നത്‌ പുല്ലിംഗമാണ്‌. 'കള്‍' പ്രത്യയും നപുംസകലിംഗത്തിനൊപ്പമാണ്‌ ചേര്‍ക്കുന്നത്‌. അസ്ഥാനത്ത്‌ ഉപയോഗിച്ചാല്‍ ഇത്‌ ആക്ഷേപദ്യോതകവുമാണ്‌. ആയതിനാല്‍ രാഹുല്‍മാര്‍ എന്നാക്കുക.

    ReplyDelete
  4. അതുപയോഗിച്ചപ്പോള്‍ തന്നെ സംശയമുണ്ടായിരുന്നു, പക്ഷെ ഈ 'രാഹുല്‍മാര്‍' എന്ന പ്രയോഗം മനസിലൊട്ട് വന്നതുമില്ല്! തിരുത്തിയതിനു നന്ദി. :)
    --

    ReplyDelete
  5. കാണണം എന്ന് കരുതിയതാണ്...പക്ഷെ കേൾക്കുന്ന അഭിപ്രായങ്ങൾ ഒന്നും തന്നെ നല്ലതല്ല. സമയവും സൗകര്യവുമൊത്താൽ കാണാം എന്ന സ്ഥിതിയിലേക്ക് മാറ്റി തീരുമാനം. :-)

    ReplyDelete
  6. nalloru chitram kanam enne pratheekshayodeyane chitrathine kayariyath. pakshe poornamayi nirashappeduthi. ithra boradippicha mattoru chitram aduthonnum kandittilla. rathinirvadham polulla cinemaye kuttappeduthunna c v balakrishnan thanikk thirakkadha ezhuthan ariyilla enna karyam marannu poyo.mobile number tharam kuttiye kittiyal vivaram ariyikkane enne parihasich alukal cinema hallil ninne irangi odukayane. madhu kaithapram adaminte makan abu enne cinema randu vattam kananam

    ReplyDelete
  7. ഏകാന്തം ഇഷ്ടപ്പെടാതിരുന്നതിനാൽ ഇതിലും വലിയ പ്രതീക്ഷയൊന്നുമില്ലായിരുന്നു.
    ആ കാശുകൊടുത്ത് സോൾറ്റ് ആന്റ് പെപ്പർ ഒരു പ്രാവശ്യം കൂടി കാണാം- മുതലാവും.

    ReplyDelete
  8. ഹരീ,

    ഓർമ്മ(ജൂബ്ബ)മാത്രം, എന്ന് റിവ്യൂ ബസ്സിലെഴുതിയതിന്നലെയാണ്. മധ്യവേനലിന്റെ തിരക്കഥയും സംഭാഷണവും പ്രശംസനീയമാണ്. എങ്കിലും കഥയിൽ അപാകതകൾ ഇല്ലാതില്ല. ഗ്ലോബലൈസേഷനെ ഒരു ഭീകരവിപത്തായും പെൺകുട്ടികളുടെ മാനം കവർന്നെടുക്കുന്ന കുത്തക ഭീകരനായും കഥയിൽ ചിത്രീകരിച്ച് യാഥാസ്ഥിതികരെ പ്രീതിപ്പെടുത്തുവാൻ ചിത്രത്തിനു കഴിഞ്ഞു. കൂടാതെ, കാസ്റ്റിംഗ് എടുത്തുപറയേണ്ട ഒന്നാണ്. വളരെ ആപ്റ്റ് ആയിട്ടുള്ള നടീ-നടന്മാരെ തിരഞ്ഞെടുത്തിരിക്കുന്നു.

    70ലധികം സീനിൽ പ്രത്യക്ഷപ്പെടുന്ന ദിലീപിന്റെ ജൂബമാറ്റം ഹരീ കണ്ടില്ലേ;)

    നല്ലതിരക്കഥകൾക്ക് മലയാളത്തിലെ പഞ്ഞം മാറുമോ? സിവിയുടെ കഥകൾ തന്നെ ഗംഭീരം എന്ന് പറയാൻ തോന്നിയിട്ടില്ല. പിന്നെയല്ലേ തിരക്കഥ. :(

    ReplyDelete