ത്രീ കിംഗ്സ് (Three Kings)

Published on: 7/04/2011 08:57:00 AM
Three Kings: A film by V.K. Prakash starring Indrajith, Kunchakko Boban, Jayasurya, Sandhya, Ann Augustine, Samvritha Sunil etc. Film Review by Haree for Chithravishesham.
'ഗുലുമാല്‍: ദി എസ്‍കേപ്പി'നു ശേഷം വി.കെ. പ്രകാശിന്റെ സംവിധാനത്തില്‍ ഇന്ദ്രജിത്ത്, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, സന്ധ്യ, ആന്‍ അഗസ്റ്റ്യന്‍, സംവൃത സുനില്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ്‌ 'ത്രീ കിംഗ്സ്'. KNM ഫിലിംസിന്റെ ബാനറില്‍ അബ്ദുള്‍ നാസര്‍ @ ജീവനാണ്‌ (എന്താണോ ഈ പേരിന്റെ ഉദ്ദേശം!) ചിത്രത്തിന്റെ നിര്‍മ്മാണം. വൈ.വി. രാജേഷിന്റെയാണ്‌ ചിത്രത്തിന്റെ കഥ-തിരക്കഥ-സംഭാഷണ രചന. തന്റെ മുന്‍ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ഒരു മുഴുനീള ഹാസ്യചിത്രം ഒരുക്കുവാനാണ്‌ സംവിധായകന്റെ ശ്രമം. അതിന്റെ ഭാഗമായുള്ള ചില ചില്ലറ ചിരികള്‍ അവിടെയും ഇവിടെയുമൊക്കെ കാണാമെങ്കിലും, മൊത്തത്തില്‍ നോക്കിയാല്‍ കുറേ പൊട്ടന്‍ തമാശകളും വിഡ്ഢിത്തരങ്ങളും മാത്രമാണ്‌ 'ത്രീ കിംഗ്സ്'.

ആകെത്തുക     : 2.50 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 2.00 / 10
: 2.00 / 10
: 2.00 / 10
: 2.00 / 05
: 2.00 / 05
ഓരോരുത്തര്‍ക്കും ഓരോ കോമഡി സെഗ്മെന്റ് വീതിച്ചു നല്‍കുക എന്നതാണ്‌ വൈ.വി. രാജേഷ് തിരക്കഥാരചനയില്‍ ചെയ്‍തുവെച്ചിട്ടുള്ളത്. ഇന്ദ്രജിത്ത്-കുഞ്ചാക്കോ-ജയസൂര്യ കോമഡി, ജഗതി ശ്രീകുമാര്‍ കോമഡി, സലിം കുമാര്‍ കോമഡി, സുരാജ് കോമഡി - ഈ തരത്തിലാണ്‌ സെഗ്മെന്റ് വിഭജനം. ഇടയ്ക്കിടെ നായികമാരുടെ വക മണ്ടത്തരങ്ങള്‍ പീരയായി തൂവിയിട്ടുമുണ്ട്. ഇതെല്ലാം ചേര്‍ന്നൊരു കഥയാവുന്നില്ലേ എന്നു ചോദിച്ചാല്‍, ഒരു കെട്ടുകഥ പോലെ എന്തോ ഒന്നുണ്ട് എന്നു പറയാം. അറിയാതെ ചിരിപ്പിക്കുന്ന ചില രസികന്‍ ഡയലോഗുകളൊക്കെ പേരിന്‌ ഉണ്ടെങ്കിലും, അധികവും തമാശയ്‍ക്കു വേണ്ടിയുള്ള മണ്ടത്തരം പറച്ചിലുകളാണ്‌. 'ഹരിഹര്‍ നഗര്‍' സിനിമകളിലെ അപ്പുക്കുട്ടനു പഠിച്ചു കൊണ്ടിരിക്കുകയാണ്‌ മിക്ക കഥാപാത്രങ്ങളും എന്നു സാരം. ഒടുവില്‍ പരിണാമഗുപ്തിയില്‍ മെച്ചപ്പെട്ടൊരു തിരിവ് കൊണ്ടുവരുവാനായി എന്നതു മാത്രമൊരു മികവായി പറയാം. പക്ഷെ, അതോടെ അതുവരെ കാണിച്ച പലതും പല ചോദ്യങ്ങളുയര്‍ത്തി, തീര്‍ത്തും യുക്തിരഹിതമായി മാറുകയും ചെയ്യുമെന്നു മാത്രം!

Cast & Crew
Three Kings

Directed by
V.K. Prakash

Produced by
Abdul Nazar @ Jeevan

Story, Screenplay, Dialogues by
Y.V. Rajesh

Starring
Indrajith, Kunchacko Boban, Jayasurya, Sandhya, Ann Augustine, Samvrutha Sunil, Ashokan, Jagathy Sreekumar, Salim Kumar, Suraj Venjarammood, Sasi Kalinga, Sreejith Ravi etc.

Cinematography (Camera) by
Venu

Editing by
Mahesh Narayanan

Production Design (Art) by
Muhammed Bava

Effects (Art) by
Rajesh

Music by
Ousepachan

Lyrics by
Shibu Chakravarthy, Anoop Shankar

Make-Up by
Bineesh Basker

Costumes by
Arafath Soman

Choreography by
Poppy, Manoj

Action (Stunts / Thrills) by
Mafia Sasi

Banner
KNM Films

മണ്ടത്തരത്തില്‍ PhD എടുക്കുവാന്‍ നടക്കുന്ന കഥാപാത്രങ്ങളെ തനി മന്ദബുദ്ധികളായി അവതരിപ്പിച്ചിട്ടുണ്ട് എന്നത് അഭിനേതാക്കളുടെ മികവോ കുറവോ? മിക്കവരും മിക്ക സമയവും അഭിനയിച്ചു വെറുപ്പിക്കും. ഇതില്‍ നിന്ന് വേറിട്ടു നില്‍ക്കുന്ന ഒരാള്‍ പോലുമില്ല എന്നതാണ്‌ ഖേദകരം. തുടക്കത്തില്‍ പറഞ്ഞ നായികാനായകന്മാര്‍ക്കൊപ്പം ജഗതി ശ്രീകുമാര്‍, അശോകന്‍, സലിം കുമാര്‍, ശ്രീജിത്ത് രവി, സുരാജ് വെഞ്ഞാറമ്മൂട്, ശശി കലിംഗ തുടങ്ങിയവരൊക്കെയാണ്‌ ഇതര വേഷങ്ങളിലെത്തുന്നത്. സാങ്കേതിക മേഖലയില്‍; വേണുവിന്റെ ഛായാഗ്രഹണം, മഹേഷ് നാരായണന്റെ ചിത്രസന്നിവേശം എന്നിവയൊന്നും കാര്യമായ മികവിലേക്ക് വരുന്നില്ലായെങ്കിലും ഈയൊരു സിനിമയ്ക്ക് ഇതു തന്നെ അധികമെന്നു പറയാം. ഫോക്കസിലാവാത്ത ദൃശ്യങ്ങളും, കാറും വിമാനവുമൊക്കെ സ്റ്റുഡിയോ ഫ്ലോറിലിട്ട് ആട്ടി ചിത്രീകരിച്ചിരിക്കുന്ന രംഗങ്ങളുമൊക്കെ ചിത്രത്തെ പരിഹാസ്യമാക്കുന്നു. മുഹമ്മദ് ബാവയുടെ കലാസംവിധാനം, അരാഫത്ത് സോമന്റെ വസ്‍ത്രാലങ്കാരം, ബിനീഷ് ഭാസ്‍കറിന്റെ ചമയം എന്നിവയ്ക്കുമില്ല പറയത്തക്ക മികവ്. വസ്‍ത്രാലങ്കാരവും ചമയവും പലയിടത്തും ഏച്ചുകെട്ടലായി മാറുകയും ചെയ്യുന്നു.

ഷിബു ചക്രവര്‍ത്തി എഴുതി ഔസേപ്പച്ചന്‍ ഈണമിട്ട ഗാനങ്ങളില്‍, അനൂപ് ശങ്കറും ശ്വേതയും ചേര്‍ന്ന് പാടുന്ന "ചക്കരമാവിന്‍..." എന്ന ഗാനത്തിനൊരു കൗതുകമൊക്കെയുണ്ട്. പോപ്പിയും മനോജും ചേര്‍ന്നൊരുക്കിയ നൃത്തച്ചുവടുകളും ഈ ഗാനരംഗത്തിനു ചേരും. അനൂപ് ശങ്കറെഴുതിയ 'പാരപ്പാട്ട്' ശരിക്കുമൊരു പാര തന്നെ! മാഫിയ ശശി ഒരുക്കിയ അവസാനത്തിലെ സംഘട്ടന രംഗങ്ങളും ഇടയ്ക്ക് കോമഡിയൊകെ ചേര്‍ത്ത് ബഹളമാക്കിയ പരുവത്തിലാണ്‌‌. മലയാളസിനിമയിലെ ഇത്തരം രംഗങ്ങളൊക്കെ കാലമെത്ര കഴിഞ്ഞാലും ഇതേ പരുവത്തില്‍ തന്നെ കണ്ടിരിക്കണമെന്ന ഗതികേടെന്നാണോ ഒന്ന് അവസാനിക്കുക!

ഒരു ഹാസ്യചിത്രം പുറത്തിറക്കുക എന്ന മുന്‍ധാരണയോ നിര്‍ബന്ധബുദ്ധിയോ ഇല്ലാതെ‍, സിനിമ അവസാനിക്കുന്നയിടത്തേക്ക് ഭീതിയുടേയും ഉദ്വേഗത്തിന്റെയുമൊക്കെ ഒരു അന്തരീക്ഷത്തില്‍ കഥ പറഞ്ഞെത്തുവാന്‍ ശ്രമിച്ചിരുന്നെങ്കില്‍ ഒരുപക്ഷെ മെച്ചപ്പെട്ടൊരു ചിത്രമായി ഈ പ്രമേയത്തെ മാറ്റിയെടുക്കാമായിരുന്നു. ആഡ് ഫിലിമുകളില്‍ നിന്നും ഫീച്ചര്‍ ഫിലിമിലേക്കെത്തിയ വി.കെ. പ്രകാശിന്റെ സിനിമകള്‍ സാങ്കേതികമായി ഏറെ മികവു പുലര്‍ത്തുന്നതായാണ്‌ മുന്‍ ചിത്രങ്ങളില്‍ അനുഭവപ്പെട്ടിട്ടുള്ളത്. എന്നാലിവിടെ അവിടെയും സംവിധായകന്‍ പിന്നിലായി. ഹരിശങ്കറിന്റെ 'സില്‍സില'യുടെയൊരു പാരഡി അതേ നിലവാരത്തില്‍ ഇതില്‍ ചേര്‍ക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. പക്ഷെ, സിനിമയുടെ മറ്റ് ഭാഗങ്ങളും അതില്‍ നിന്നും ഏറെ മെച്ചപ്പെടുന്നില്ല എന്നത് സംവിധായകന്‍ അറിഞ്ഞില്ലെന്നു തോന്നുന്നു. മലയാളസിനിമയിലും കോമഡി സ്‍കിറ്റുകളിലും മറ്റും ഉപയോഗിച്ചു തേഞ്ഞ പലതും (ഉദാ: തെലുഗിലൊരാള്‍ തന്റെ മുഴുവന്‍ പേരു പറയുന്നു, ആശുപത്രിയില്‍ ആവര്‍ത്തിച്ച് അഡ്മിറ്റാവുന്നു) ഒരുളുപ്പുമില്ലാതെ എടുത്തുപയോഗിച്ചിട്ടുമുണ്ട് ഇതില്‍. ചുരുക്കത്തില്‍, കുറേ പൊട്ടന്‍ ചിരി ചിരിക്കണമെന്നുള്ളവര്‍ക്ക് ചിരിക്കാം എന്നതിനപ്പുറം ഒന്നുമാവാത്ത, തീര്‍ത്തും അസഹ്യമായ ഒരു സിനിമ. ഒപ്പം, വി.കെ. പ്രകാശെന്ന സംവിധായകന്റെ ഗ്രാഫില്‍ വര താഴോട്ടു തന്നെ എന്ന ആരോപണത്തിനു സാധുത നല്‍കുന്ന ഒരു ചിത്രം കൂടിയായി മാറുന്നു 'ത്രീ കിംഗ്സ്'.

ഇടവേള സമയത്ത് എഴുതി കാണിക്കുന്നത് 'INTERVAL കഴിയട്ടെടാ, വെച്ചിട്ടുണ്ട്!' എന്നാണ്‌. ദോഷം പറയരുത്, ഏതായാലും വി.കെ. പ്രകാശ് അത് പറഞ്ഞപടി ചെയ്‍തു!

7 comments :

  1. ഒരു കൂട്ടം നായികാനായകന്മാരെ കേന്ദ്രകഥാപാത്രങ്ങളാക്കി വി.കെ. പ്രകാശ് സംവിധാനം ചെയ്ത 'ത്രീ കിംഗ്സി'ന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.

    @newnHaree
    Haree
    #ThreeKings: Laughs in bit & pieces, blunders in plenty packed into one film! #3Kings
    11 hours ago via web
    --

    ReplyDelete
  2. അണ്ണാ....., നിരൂപണം എഴുതാനായി ഇതൊക്കെ പോയിരുന്ന് കാണുന്ന അണ്ണനെ പൂവിട്ട് പൂജിക്കണം..!! :))

    ReplyDelete
  3. എനിക്ക് വല്യ അത്ഭുതം ഒന്നും തോനുന്നില്ല കാരണം ആ സിനിമ അത് വേണ്ടി ആണ് നിര്‍മ്മിച്ചത്‌ എന്നത് വ്യക്തമാണ്. ഇതിനെ ഒരിക്കലും കുട്ടിസ്രാങ്ക് പോലത്തെ സിനിമ റിവ്യൂ ചെയ്യുന്ന രീതിയില്‍ റിവ്യൂ ചെയ്യണ്ടാതില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. തമാശ എത്ര ക്വാളിറ്റി ഉണ്ട്, അത് കേട്ടാല്‍ ചിരി വരുമോ അത് സങ്ങടം വരുമോ എന്നൊക്കെ നോക്കി ആണ് ഒരു തമാശ കച്ചവട സിനിമ റിവ്യൂ ചെയ്യേണ്ടത് എന്നാണ് എനിക്ക് തോനുന്നത് തെറ്റുണ്ടെങ്കില്‍ ക്ഷമിക്കുക

    ReplyDelete
  4. Its a mad mad mad mad world കോപ്പി അടിച്ചു ഹിന്ദിയില്‍ ധമാല്‍ ഉണ്ടാക്കി. ഇപ്പൊ അതാണോ ഈ കോപ്പി അടിച്ചു ത്രീ കിങ്ങ്സ് ആക്കിയത്?

    ReplyDelete
  5. ത്രീ കിംഗ്സ് 'കാണേണ്ടി വന്നു'. ഒറ്റവാചകത്തിൽ ഒരു ബാലരമകഥ. ഇടയ്ക്കിടയ്ക്ക് ചില തമാശകൾ ചിരിയുണർത്തി. വെറുതേ വീട്ടിൽ ഈച്ചയടിച്ചിരിക്കുന്നവർക്ക് കാശുണ്ടെങ്കിൽ പോയി ഒരു വട്ടം കാണാം.

    ReplyDelete
  6. Here is my review about THREE KINGS

    http://mollywoodniroopanam.blogspot.com/2011/07/blog-post.html

    ReplyDelete