പ്രണയം (Pranayam)

Published on: 8:54 PM
Pranayam: A film by Blessy starring Mohanlal, Anupam Kher, Jayaprada etc. Film Review by Haree for Chithravishesham.
'ഭ്രമര'ത്തിനു ശേഷം മോഹന്‍ലാലിനെ നായകനാക്കി, ബ്ലെസിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ്‌ 'പ്രണയം'. മോഹന്‍ലാലിനോടൊപ്പം അനുപം ഖേര്‍, ജയപ്രദ എന്നിവരും ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. മോഹന്‍ലാലിന്റെ മുന്നൂറാം ചിത്രമെന്ന പ്രത്യേകതയും ഫ്രാഗ്രന്റ് നേച്ചറിന്റെ ബാനറില്‍ സജീവ് പി.കെ.യും ആനി സജീവും ചേര്‍ന്നു നിര്‍മ്മിച്ചിരിക്കുന്ന ഈ ഓണച്ചിത്രത്തിനുണ്ട്. 'പ്രണയ'ത്തിന്റെ പരസ്യങ്ങളില്‍ കാണുന്നൊരു വരിയുണ്ട്, 'Life is more beautiful than a dream'; അക്ഷരാര്‍ത്ഥത്തില്‍ ഇതൊരു അനുഭവമായി പകര്‍ന്നു നല്‍കുവാന്‍ ചിത്രത്തിലൂടെ സംവിധായകനും അഭിനേതാക്കള്‍ക്കും സാങ്കേതിക വിദഗ്ദ്ധര്‍ക്കും കഴിഞ്ഞു എന്നയിടത്താണ്‌ ചിത്രം വിജയിക്കുന്നത്. കടലിന്റെ ഇരമ്പലും മഴയുടെ സീല്‍ക്കാരവും പശ്ചാത്തലമായി പ്രണയം ചിത്രമാകെ നിറയുമ്പോള്‍, മനസുനിറഞ്ഞല്ലാതെ കാണികളാരും തിയേറ്റര്‍ വിടുമെന്നും കരുതുന്നില്ല.

ആകെത്തുക     : 8.00 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 8.50 / 10
: 7.50 / 10
: 8.00 / 10
: 3.50 / 05
: 4.50 / 05
ഒരിക്കലെങ്കിലും പ്രണയിക്കാത്തവര്‍ ആരുമുണ്ടാവില്ല, ഇനി അഥവാ അങ്ങിനെയാരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്കു കൂടി പ്രണയം എന്തെന്ന് അനുഭവവേദ്യമാകുവാന്‍ തക്കവണ്ണമാണ്‌ ബ്ലെസി ഈ ചിത്രത്തിന്റെ തിരനാടകം തയ്യാറാക്കിയിരിക്കുന്നത്. നിശബ്ദതകള്‍ക്കു കൂടി ഇടം നല്‍കി, മിതത്വം പാലിക്കുന്ന സംഭാഷണങ്ങളും 'പ്രണയ'ത്തിന്റെ മാറ്റു കൂട്ടുന്നു. പ്രണയം എന്നത് മിക്കവാറും എല്ലാ ചിത്രങ്ങളിലും ഒരു പ്രധാന വിഷയമാണെങ്കിലും, വാര്‍ദ്ധക്യത്തിലും ഉള്ളില്‍ അവശേഷിക്കുന്ന പ്രണയവും പ്രണയനഷ്ടവുമൊന്നും ഏറെ ചിത്രങ്ങളില്‍ ചര്‍ച്ചചെയ്യപ്പെട്ടിട്ടില്ല. അത്തരമൊരു പ്രമേയം ഒട്ടും മുഷിപ്പിക്കാതെ അവതരിപ്പിക്കുവാനും, ഏതാനും ചില ആശയങ്ങള്‍ മുന്നോട്ടു വെയ്‍ക്കുവാനും ബ്ലെസിക്ക് ഈ സിനിമയിലൂടെ കഴിഞ്ഞിട്ടുണ്ട്. പ്രേക്ഷകന്‍ അറിയേണ്ടതിലപ്പുറം, കഥാപാത്രങ്ങളുടെ ജീവചരിത്രം മുഴുവന്‍ വള്ളിപുള്ളി വിടാതെ പറഞ്ഞു കേള്‍പ്പിക്കുവാന്‍ തുനിഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയമായ കാര്യമാണ്‌. എന്നാല്‍ ആ വിട്ടു കളയലുകള്‍ ഒരു കഥാപാത്രത്തെയോ അല്ലെങ്കിലൊരു കഥാസന്ദര്‍ഭത്തെയോ അപൂര്‍ണമായി അവശേഷിപ്പിക്കുന്നുമില്ല.

Cast & Crew
Pranayam

Directed by
Blessy

Produced by
Sajeev P.K., Anne Sajeev

Story, Screenplay, Dialogues by
Blessy

Starring
Mohanlal, Jayaprada, Anupam Kher, Anoop Menon, Navya Natarajan, Aryan, Niveda Thomas, Sreenath, Apoorva, Niyas, Dhanya Mary Varghese etc.

Cinematography (Camera) by
Satheesh Kurup

Editing by
Raja Muhammed

Production Design (Art) by
Prasanth Madhav

Music by
M. Jayachandran

Lyrics by
O.N.V. Kurup

Make-Up by
Ranjith Ambady

Costumes by
Sameera Saneesh

Audiography by
Tapas Nayak

Banner
Fragrant Nature

വെറുതേ ഡയലോഗുകള്‍ പറയുക എന്നതിനപ്പുറം അഭിനേതാക്കള്‍ക്ക് അഭിനയിക്കുവാനുള്ള ഇടം കൂടി നല്‍കിയാണ്‌ ബ്ലെസി എന്ന സംവിധായകന്‍ ചിത്രത്തെ മുന്നോട്ടു കൊണ്ടുപോവുന്നത്. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഓരോരുത്തരില്‍ നിന്നും മികച്ചതു തന്നെ കണ്ടെടുക്കുവാന്‍ ബ്ലെസിയിലെ സംവിധായകന്‌ കഴിഞ്ഞിട്ടുണ്ട്. അതിനാല്‍ തന്നെ ഏതെങ്കിലും ഒരു നടന്റെ ചിത്രമായല്ല, മറിച്ച് ബ്ലെസി എന്ന സംവിധായകന്റെ ചിത്രമായി 'പ്രണയം' മാറുകയും ചെയ്യുന്നു. അതേ സമയം, ചില കൂട്ടുവേഷങ്ങളെ സംബന്ധിച്ചിടത്തോളം സംവിധായകന്‍ അത്രത്തോളം ശ്രദ്ധ പുലര്‍ത്തിയിട്ടുണ്ട് എന്നു കരുതുന്നുമില്ല.

മോഹന്‍ലാല്‍, അനുപം ഖേര്‍, ജയപ്രദ എന്നിവര്‍ക്കൊപ്പം മഴയും കടലും പിന്നെ ഇവരെയെല്ലാം കൂട്ടിയിണക്കി പ്രണയവും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാവുന്നു. പ്രതിഭയുള്ള സംവിധായകരുണ്ടെങ്കില്‍, തന്നിലെ നടന്‌ ഇനിയുമൊരു യൗവ്വനം ബാക്കിയുണ്ട് എന്നൊരു ഓര്‍മ്മപ്പെടുത്തലായി മോഹന്‍ലാലിന്റെ പ്രൊഫ. മാത്യൂസിനെ കാണാം. ആയാസരഹിതമായി അനുപം ഖേര്‍ അച്യുത മേനോനെയും അവതരിപ്പിച്ചിട്ടുണ്ട്. വൈകാരികമായി സംഘര്‍ഷങ്ങള്‍ ഉള്ളിലേറെയുള്ള ഗ്രേസിനെ തികഞ്ഞ കയ്യടക്കത്തോടെ അവതരിപ്പിക്കുവാന്‍ ജയപ്രദയ്‍ക്കും കഴിഞ്ഞു. ഇതര വേഷങ്ങളിലെത്തുന്ന അനൂപ് മേനോന്‍, നവ്യ നടരാജന്‍, അപൂര്‍വ്വ തുടങ്ങിയവരൊക്കെ തങ്ങളുടെ വേഷം ഭംഗിയാക്കിയപ്പോള്‍ ധന്യ മേരി വര്‍ഗീസ്, നിയാസ്, ശ്രീനാഥ് എന്നിവരുടെ കഥാപാത്രങ്ങള്‍ അത്രകണ്ട് മികവിലേക്ക് ഉയര്‍ന്നില്ല. അച്യുതന്റെ യൗവനം അവതരിപ്പിച്ച ആര്യന്റെ അഭിനയത്തിന്‌ സ്വാഭാവികത തോന്നിച്ചില്ലെങ്കിലും, ആ പ്രായത്തിലെ ഗ്രേസിനെ അവതരിപ്പിച്ച നിവേദ തോമസ് തന്റെ കഥാപാത്രത്തോട് നീതി പുലര്‍ത്തി.

ഓരോ കാഴ്ചയും അനുഭവമാവുന്ന തരത്തിലാണ്‌ സതീഷ് കുറുപ്പ് ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. ദൃശ്യങ്ങളുടെ സ്വഭാവത്തിനനുസരിച്ച് മാറി വരുന്ന കളര്‍ ടോണുകളും, നിഴലിന്റെയും വെളിച്ചത്തിന്റെയും സമര്‍ത്ഥമായ ഉപയോഗവും ദൃശ്യങ്ങളുടെ ഭംഗിയേറ്റുന്നു. കഥയുടെ സ്വാഭാവികമായ ഒഴുക്കിനൊട്ടും കുറവു വരുത്താതെ രാജ മുഹമ്മദ് ആ ദൃശ്യങ്ങളെ ചേര്‍ത്തു വെച്ചിട്ടുമുണ്ട്. പ്രശാന്ത് മാധവിന്റെ കലാസംവിധാനം, രഞ്ജിത്ത് അമ്പാടിയുടെ ചമയം, സമീറ സനീഷിന്റെ വസ്‍ത്രാലങ്കാരം എന്നിവയും ചിത്രത്തിന്റെ മികവുയര്‍ത്തുന്ന ഘടകങ്ങളാണ്‌. മോഹന്‍ലാലിന്റെ ഒരുക്കത്തില്‍ മാത്രം ഒരല്‍പം കൃത്രിമത്വം തോന്നിക്കാതെയുമില്ല. മഴയുടെയും കടലിന്റെയും ശബ്ദങ്ങള്‍ക്കൊപ്പം സംഗീതവും സമന്വയിപ്പിച്ചുള്ള തപസ് നായിക്കിന്റെ ശബ്ദലേഖനവും എടുത്തു പറയേണ്ടതാണ്‌. അനുപം ഖേറിന്റെ ഡബ്ബിംഗില്‍ മാത്രം ഇതര മേഖലകളില്‍ കണ്ട സാങ്കേതികമികവ് കൈവരിക്കുവാന്‍ കഴിഞ്ഞില്ല* എന്നതൊരു ന്യൂനതയായി ചിത്രത്തിലുടനീളം പ്രകടമായി കാണാം. ഒരുപക്ഷെ, ചിലപ്പോഴെങ്കിലും അത് കഥാപാത്രത്തിന്റെ അവതരണത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നുണ്ട്.
* ഡബ്ബ് ചെയ്ത ആര്‍ട്ടിസ്റ്റിന്റെ (ആരാണ്‍?) പിഴവല്ല. അനുപം ഖേറിന്റെ ചുണ്ടനക്കല്‍ പലപ്പോഴും കേള്‍ക്കുന്ന സംഭാഷണവുമായി യോജിക്കുന്നില്ല എന്നതാണ്‌ പ്രശ്നം. ചിലപ്പോഴൊക്കെ പറയുന്നതായി പോലും തോന്നുന്നില്ല! ഒരുപക്ഷെ, അനുപം ഖേറിന്‌ അത്രത്തോളം ആത്മവിശ്വാസത്തോടെ മലയാളം ഉച്ചരിക്കുവാന്‍ കഴിഞ്ഞിരിക്കില്ല.

ഒ.എന്‍.വി. കുറിപ്പ് രചന നിര്‍വ്വഹിച്ച് എം. ജയചന്ദ്രന്‍ ഈണമിട്ട ഗാനങ്ങളില്‍ വിജയ് യേശുദാസും ശ്രെയ ഗോശാലും ചേര്‍ന്നു പാടുന്ന "മഴത്തുള്ളി പളുങ്കുകള്‍...", ശ്രെയ ഗോശാലിന്റെ ശബ്ദത്തിലുള്ള "പാട്ടില്‍ ഈ പാട്ടില്‍..." എന്നീ ഗാനങ്ങള്‍ ചിത്രത്തോട് നന്നായി ചേര്‍ന്നു പോവുന്നു. ഈ ഗാനങ്ങളുടെ ചിത്രീകരണവും നന്ന്. മോഹന്‍ലാല്‍ ആലപിക്കുന്ന ഒരു ഇംഗ്ലീഷ് ഗാനവും* ഇടയ്ക്ക് ചിത്രത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. മൂന്ന് പ്രധാന കഥാപാത്രങ്ങളുടെ യാത്രയോടൊപ്പം കേള്‍ക്കുന്ന "കളമൊഴികളില്‍..." എന്ന ശരത്തിന്റെ ആലാപനത്തിലുള്ള മൂന്നാമതൊരു ഗാനവും ചിത്രത്തിലുണ്ട്.
* ലിയോനാര്‍ഡ് കോഹെന്റെ "I'm Your Man" എന്ന ഗാനം.

'പ്രണയം' തീര്‍ച്ചയായും ആര്‍മാദിക്കുവാനുള്ള ഒരു താരചിത്രമല്ല. മോഹന്‍ലാലിനു കൈയ്യടിക്കുവാന്‍ കയറിയ ആരാധകവൃന്ദം പോലും തികഞ്ഞ നിശബ്ദതയോടെ ഈ സിനിമ ആസ്വദിച്ചുവെങ്കില്‍, എത്രത്തോളം അത് കാണികളെ സ്വാധീനിക്കുന്നുണ്ടാവണം! ദുരിതങ്ങളും കഷ്ടപ്പാടുകളും കാണിച്ച് മനസുമടിപ്പിക്കുകയല്ല, മറിച്ച് അതിനുമൊക്കെയപ്പുറവും ഒരു ജീവിതമുണ്ട്, അതില്‍ സന്തോഷമുണ്ട്, ഇതു മനസിലാക്കി ജീവിക്കുവാനൊരു പ്രേരണയാണ്‌ ചിത്രം നല്‍കുന്നത്. അതിനാല്‍ തന്നെ, ഇടയ്ക്ക് കണ്ണു നിറയുമ്പോള്‍ പോലും മനസു നിറഞ്ഞ് സന്തോഷിക്കുകയാവും കാണികളോരോരുത്തരും. ഈ പറഞ്ഞതൊക്കെ സത്യമാവുമ്പോഴും എത്ര പേര്‍ തിയേറ്ററിലെത്തി ഈ ചിത്രം കാണുമെന്നത് ഒരു സംശയമായി അവശേഷിക്കുന്നു. കുറേ ചിരിക്കുവാനുണ്ടെങ്കില്‍ മാത്രമേ ആസ്വാദ്യമായൊരു സിനിമയാവുകയുള്ളൂ എന്ന ധാരണയില്‍ നിന്നു കൊണ്ട് ഈ ചിത്രം കാണുവാന്‍ പോയാല്‍ നിരാശപ്പെടേണ്ടി വരും. മറ്റു ചില ആസ്വാദന ശീലങ്ങള്‍ കൂടി ഈ ചിത്രം പ്രേക്ഷകരില്‍ നിന്നും ആവശ്യപ്പെടുന്നുണ്ട്. അങ്ങിനെയൊരു തുറന്ന മനസോടു കൂടി ഈ ചിത്രം തീര്‍ച്ചയായും കാണുക, ഇഷ്ടപ്പെടാതിരിക്കില്ല!

ചിത്രത്തിന്റെ പ്രചരണാര്‍ത്ഥം വിര്‍ടസ് തയ്യാറാക്കിയിരിക്കുന്ന ഔദ്യോഗിക വെബ്സൈറ്റ്, ഓള്‍ഡ്‍മങ്ക്സ് രൂപകല്‍പന ചെയ്‍ത പോസ്റ്ററുകള്‍ എന്നിവയും പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു. ചിത്രത്തിന്റെ തുടക്കത്തിലെ ടൈറ്റിലുകളും ആകര്‍ഷകമായി ഒരുക്കിയിട്ടുണ്ട്. ടൈറ്റിലുകളില്‍ ഒരിടത്ത് 'Type of Graphy' എന്നോ മറ്റോ കണ്ടതു പോലെ ഓര്‍മ്മ, 'Typography' എന്നതാണോ ഉദ്ദേശിച്ചത്, അതോ മറ്റു വല്ലതുമാണോ എന്നറിയില്ല!

* പോള്‍ കോക്സിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ Innocence (2000) എന്ന ആ‍സ്ട്രേലിയന്‍ ചിത്രവുമായി ഈ ചിത്രത്തിന്റെ പ്രമേയത്തിന്‌ സമാനതകളുള്ളതായി ഒരു ആരോപണം ഇതിനോടകം വന്നു കഴിഞ്ഞു. പ്രസ്തുത ആസ്‍ട്രേലിയന്‍ ചിത്രം കാണാത്തതിനാല്‍ അതിനെക്കുറിച്ച് ഒന്നും ഇവിടെ സൂചിപ്പിക്കുന്നില്ല. ആ ചിത്രത്തിന്റെ പ്രമേയം കടം കൊണ്ടാണ്‌ ബ്ലെസ്സി ഈ ചിത്രം ഒരുക്കിയിട്ടുള്ളതെങ്കില്‍, അതിനെക്കുറിച്ച് എവിടെയും ഒരുവാക്ക് പോലും പറയാഞ്ഞത് പ്രതിഷേധാര്‍ഹമാണ്‌. അത്തരം കാര്യങ്ങള്‍ ഈ സിനിമയെ വിലയിരുത്തുന്നതില്‍ പരിഗണിച്ചിട്ടില്ല എന്നത് എടുത്തു പറയുന്നു.