
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 7.50 / 10
: 8.00 / 10
: 3.50 / 05
: 4.50 / 05
Pranayam
Directed by
Blessy
Produced by
Sajeev P.K., Anne Sajeev
Story, Screenplay, Dialogues by
Blessy
Starring
Mohanlal, Jayaprada, Anupam Kher, Anoop Menon, Navya Natarajan, Aryan, Niveda Thomas, Sreenath, Apoorva, Niyas, Dhanya Mary Varghese etc.
Cinematography (Camera) by
Satheesh Kurup
Editing by
Raja Muhammed
Production Design (Art) by
Prasanth Madhav
Music by
M. Jayachandran
Lyrics by
O.N.V. Kurup
Make-Up by
Ranjith Ambady
Costumes by
Sameera Saneesh
Audiography by
Tapas Nayak
Banner
Fragrant Nature
മോഹന്‍ലാല്‍, അനുപം ഖേര്‍, ജയപ്രദ എന്നിവര്‍ക്കൊപ്പം മഴയും കടലും പിന്നെ ഇവരെയെല്ലാം കൂട്ടിയിണക്കി പ്രണയവും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാവുന്നു. പ്രതിഭയുള്ള സംവിധായകരുണ്ടെങ്കില്‍, തന്നിലെ നടന് ഇനിയുമൊരു യൗവ്വനം ബാക്കിയുണ്ട് എന്നൊരു ഓര്‍മ്മപ്പെടുത്തലായി മോഹന്‍ലാലിന്റെ പ്രൊഫ. മാത്യൂസിനെ കാണാം. ആയാസരഹിതമായി അനുപം ഖേര്‍ അച്യുത മേനോനെയും അവതരിപ്പിച്ചിട്ടുണ്ട്. വൈകാരികമായി സംഘര്‍ഷങ്ങള്‍ ഉള്ളിലേറെയുള്ള ഗ്രേസിനെ തികഞ്ഞ കയ്യടക്കത്തോടെ അവതരിപ്പിക്കുവാന്‍ ജയപ്രദയ്ക്കും കഴിഞ്ഞു. ഇതര വേഷങ്ങളിലെത്തുന്ന അനൂപ് മേനോന്, നവ്യ നടരാജന്, അപൂര്‍വ്വ തുടങ്ങിയവരൊക്കെ തങ്ങളുടെ വേഷം ഭംഗിയാക്കിയപ്പോള് ധന്യ മേരി വര്‍ഗീസ്, നിയാസ്, ശ്രീനാഥ് എന്നിവരുടെ കഥാപാത്രങ്ങള്‍ അത്രകണ്ട് മികവിലേക്ക് ഉയര്‍ന്നില്ല. അച്യുതന്റെ യൗവനം അവതരിപ്പിച്ച ആര്യന്റെ അഭിനയത്തിന് സ്വാഭാവികത തോന്നിച്ചില്ലെങ്കിലും, ആ പ്രായത്തിലെ ഗ്രേസിനെ അവതരിപ്പിച്ച നിവേദ തോമസ് തന്റെ കഥാപാത്രത്തോട് നീതി പുലര്‍ത്തി.
ഓരോ കാഴ്ചയും അനുഭവമാവുന്ന തരത്തിലാണ് സതീഷ് കുറുപ്പ് ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. ദൃശ്യങ്ങളുടെ സ്വഭാവത്തിനനുസരിച്ച് മാറി വരുന്ന കളര്‍ ടോണുകളും, നിഴലിന്റെയും വെളിച്ചത്തിന്റെയും സമര്‍ത്ഥമായ ഉപയോഗവും ദൃശ്യങ്ങളുടെ ഭംഗിയേറ്റുന്നു. കഥയുടെ സ്വാഭാവികമായ ഒഴുക്കിനൊട്ടും കുറവു വരുത്താതെ രാജ മുഹമ്മദ് ആ ദൃശ്യങ്ങളെ ചേര്‍ത്തു വെച്ചിട്ടുമുണ്ട്. പ്രശാന്ത് മാധവിന്റെ കലാസംവിധാനം, രഞ്ജിത്ത് അമ്പാടിയുടെ ചമയം, സമീറ സനീഷിന്റെ വസ്ത്രാലങ്കാരം എന്നിവയും ചിത്രത്തിന്റെ മികവുയര്‍ത്തുന്ന ഘടകങ്ങളാണ്. മോഹന്‍ലാലിന്റെ ഒരുക്കത്തില്‍ മാത്രം ഒരല്പം കൃത്രിമത്വം തോന്നിക്കാതെയുമില്ല. മഴയുടെയും കടലിന്റെയും ശബ്ദങ്ങള്‍ക്കൊപ്പം സംഗീതവും സമന്വയിപ്പിച്ചുള്ള തപസ് നായിക്കിന്റെ ശബ്ദലേഖനവും എടുത്തു പറയേണ്ടതാണ്. അനുപം ഖേറിന്റെ ഡബ്ബിംഗില്‍ മാത്രം ഇതര മേഖലകളില്‍ കണ്ട സാങ്കേതികമികവ് കൈവരിക്കുവാന്‍ കഴിഞ്ഞില്ല* എന്നതൊരു ന്യൂനതയായി ചിത്രത്തിലുടനീളം പ്രകടമായി കാണാം. ഒരുപക്ഷെ, ചിലപ്പോഴെങ്കിലും അത് കഥാപാത്രത്തിന്റെ അവതരണത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നുണ്ട്.
* ഡബ്ബ് ചെയ്ത ആര്‍ട്ടിസ്റ്റിന്റെ (ആരാണ്?) പിഴവല്ല. അനുപം ഖേറിന്റെ ചുണ്ടനക്കല്‍ പലപ്പോഴും കേള്‍ക്കുന്ന സംഭാഷണവുമായി യോജിക്കുന്നില്ല എന്നതാണ് പ്രശ്നം. ചിലപ്പോഴൊക്കെ പറയുന്നതായി പോലും തോന്നുന്നില്ല! ഒരുപക്ഷെ, അനുപം ഖേറിന് അത്രത്തോളം ആത്മവിശ്വാസത്തോടെ മലയാളം ഉച്ചരിക്കുവാന്‍ കഴിഞ്ഞിരിക്കില്ല.
ഒ.എന്‍.വി. കുറിപ്പ് രചന നിര്‍വ്വഹിച്ച് എം. ജയചന്ദ്രന് ഈണമിട്ട ഗാനങ്ങളില്‍ വിജയ് യേശുദാസും ശ്രെയ ഗോശാലും ചേര്‍ന്നു പാടുന്ന "മഴത്തുള്ളി പളുങ്കുകള്‍...", ശ്രെയ ഗോശാലിന്റെ ശബ്ദത്തിലുള്ള "പാട്ടില്‍ ഈ പാട്ടില്‍..." എന്നീ ഗാനങ്ങള്‍ ചിത്രത്തോട് നന്നായി ചേര്‍ന്നു പോവുന്നു. ഈ ഗാനങ്ങളുടെ ചിത്രീകരണവും നന്ന്. മോഹന്‍ലാല്‍ ആലപിക്കുന്ന ഒരു ഇംഗ്ലീഷ് ഗാനവും* ഇടയ്ക്ക് ചിത്രത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. മൂന്ന് പ്രധാന കഥാപാത്രങ്ങളുടെ യാത്രയോടൊപ്പം കേള്‍ക്കുന്ന "കളമൊഴികളില്‍..." എന്ന ശരത്തിന്റെ ആലാപനത്തിലുള്ള മൂന്നാമതൊരു ഗാനവും ചിത്രത്തിലുണ്ട്.
* ലിയോനാര്‍ഡ് കോഹെന്റെ "I'm Your Man" എന്ന ഗാനം.
'പ്രണയം' തീര്‍ച്ചയായും ആര്‍മാദിക്കുവാനുള്ള ഒരു താരചിത്രമല്ല. മോഹന്‍ലാലിനു കൈയ്യടിക്കുവാന്‍ കയറിയ ആരാധകവൃന്ദം പോലും തികഞ്ഞ നിശബ്ദതയോടെ ഈ സിനിമ ആസ്വദിച്ചുവെങ്കില്‍, എത്രത്തോളം അത് കാണികളെ സ്വാധീനിക്കുന്നുണ്ടാവണം! ദുരിതങ്ങളും കഷ്ടപ്പാടുകളും കാണിച്ച് മനസുമടിപ്പിക്കുകയല്ല, മറിച്ച് അതിനുമൊക്കെയപ്പുറവും ഒരു ജീവിതമുണ്ട്, അതില്‍ സന്തോഷമുണ്ട്, ഇതു മനസിലാക്കി ജീവിക്കുവാനൊരു പ്രേരണയാണ് ചിത്രം നല്‍കുന്നത്. അതിനാല്‍ തന്നെ, ഇടയ്ക്ക് കണ്ണു നിറയുമ്പോള്‍ പോലും മനസു നിറഞ്ഞ് സന്തോഷിക്കുകയാവും കാണികളോരോരുത്തരും. ഈ പറഞ്ഞതൊക്കെ സത്യമാവുമ്പോഴും എത്ര പേര് തിയേറ്ററിലെത്തി ഈ ചിത്രം കാണുമെന്നത് ഒരു സംശയമായി അവശേഷിക്കുന്നു. കുറേ ചിരിക്കുവാനുണ്ടെങ്കില് മാത്രമേ ആസ്വാദ്യമായൊരു സിനിമയാവുകയുള്ളൂ എന്ന ധാരണയില്‍ നിന്നു കൊണ്ട് ഈ ചിത്രം കാണുവാന്‍ പോയാല്‍ നിരാശപ്പെടേണ്ടി വരും. മറ്റു ചില ആസ്വാദന ശീലങ്ങള്‍ കൂടി ഈ ചിത്രം പ്രേക്ഷകരില്‍ നിന്നും ആവശ്യപ്പെടുന്നുണ്ട്. അങ്ങിനെയൊരു തുറന്ന മനസോടു കൂടി ഈ ചിത്രം തീര്‍ച്ചയായും കാണുക, ഇഷ്ടപ്പെടാതിരിക്കില്ല!
* പോള്‍ കോക്സിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ Innocence (2000) എന്ന ആസ്ട്രേലിയന്‍ ചിത്രവുമായി ഈ ചിത്രത്തിന്റെ പ്രമേയത്തിന് സമാനതകളുള്ളതായി ഒരു ആരോപണം ഇതിനോടകം വന്നു കഴിഞ്ഞു. പ്രസ്തുത ആസ്ട്രേലിയന്‍ ചിത്രം കാണാത്തതിനാല്‍ അതിനെക്കുറിച്ച് ഒന്നും ഇവിടെ സൂചിപ്പിക്കുന്നില്ല. ആ ചിത്രത്തിന്റെ പ്രമേയം കടം കൊണ്ടാണ് ബ്ലെസ്സി ഈ ചിത്രം ഒരുക്കിയിട്ടുള്ളതെങ്കില്‍, അതിനെക്കുറിച്ച് എവിടെയും ഒരുവാക്ക് പോലും പറയാഞ്ഞത് പ്രതിഷേധാര്‍ഹമാണ്. അത്തരം കാര്യങ്ങള്‍ ഈ സിനിമയെ വിലയിരുത്തുന്നതില്‍ പരിഗണിച്ചിട്ടില്ല എന്നത് എടുത്തു പറയുന്നു.






