തേജാ ഭായി & ഫാമിലി (Teja Bhai & Family)

Published on: 7:25 AM
Teja Bhai & Family: A film by Dipu Karunakaran starring Prithviraj, Akhila Sasidharan, Suman etc. Film Review by Haree for Chithravishesham.
'ക്രേസി ഗോപാലന്‍', 'വിന്റര്‍' എന്നീ ചിത്രങ്ങള്‍ക്കു ശേഷം ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ 'തേജാ ഭായി & ഫാമിലി'. സംവിധാനത്തോടൊപ്പം ചിത്രത്തിന്റെ രചനയും ദീപു തന്നെ നിര്‍വ്വഹിച്ചിരിക്കുന്നു. (തിരക്കഥയില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയെന്ന പേരില്‍ ആരുടെയോ പേരു കൂടി ടൈറ്റിലുകളില്‍ കണ്ടതായി ഓര്‍ക്കുന്നു.) പൃഥ്വിരാജ്, അഖില ശശിധരന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാവുന്ന ഈ ചിത്രത്തില്‍; സുമന്‍, തലൈവാസല്‍ വിജയ്, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയൊരു നീണ്ട താരനിര തന്നെ അണിനിരക്കുന്നു. അനന്ത വിഷന്‍സിന്റെ ബാനറില്‍ പി.കെ. മുരളീധരന്‍, ശാന്ത മുരളി എന്നിവരൊരുമിച്ചാണ്‌ ചിത്രത്തിന്റെ നിര്‍മ്മാണം. ഓണക്കാലത്തെ ആഘോഷങ്ങളില്‍, തിയേറ്ററില്‍ പോയി കുടുംബസമേതം ഒരു സിനിമ കാണുക എന്നതും അജണ്ടയായുള്ള മലയാളികളെയാണ്‌ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഉന്നം വെയ്‍ക്കുന്നതെന്നു വ്യക്തം. അവര്‍ക്കായി ചില ചില്ലറ ചിരിയൊക്കെ കരുതിയിട്ടുണ്ടെങ്കിലും, ഒരു മുഴു നീള ഹാസ്യ ചിത്രമെന്ന ലേബലിട്ട് വില്‍ക്കുവാന്‍ അത് മതിയാവുമോ എന്ന സംശയം ബാക്കിയാണ്‌.

ആകെത്തുക     : 3.50 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 1.00 / 10
: 3.00 / 10
: 4.00 / 10
: 3.00 / 05
: 3.00 / 05
എണ്‍പതുകളില്‍ മലയാളത്തിലുണ്ടായ 'ബോയിംഗ് ബോയിംഗ്', 'മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു' തുടങ്ങിയ പ്രിയദര്‍ശന്‍ ചിത്രങ്ങളെ ഓര്‍മ്മിപ്പിക്കുന്ന വിധത്തിലാണ്‌ ദീപു കരുണാകരന്‍ 'തേജാ ഭായി & ഫാമിലി' ഒരുക്കിയിരിക്കുന്നത്. ഇത്തരം പ്രമേയങ്ങളുടെ കാലമൊക്കെ അന്നേ കഴിഞ്ഞുവെന്ന് ദീപുവിന്‌ മനസിലാവാത്തതാണോ, അതോ മനസിലായിട്ടും ഇതൊക്കെ തന്നെ മതിയെന്ന് കരുതിയതാണോ എന്നറിയില്ല. കാലത്തിനനുസരിച്ച് സിനിമയുടെ സാങ്കേതിക മേഖലകളിലുണ്ടായിട്ടുള്ള വികാസം പ്രയോജനപ്പെടുത്തിയിട്ടുണ്ട് എന്നതൊഴിച്ചു നിര്‍ത്തിയാല്‍ ഈ ചിത്രങ്ങളില്‍ നിന്നും ഏറെയൊന്നും തേജാ ഭായിയും സംഘവും മുന്നോട്ടു പോവുന്നില്ല. മാത്രമല്ല, ഈ പറഞ്ഞ പഴയകാല സിനിമകളെ വിജയിപ്പിച്ച പൊട്ടച്ചിരികള്‍* പോലും ഇതിലെത്തുമ്പോള്‍ മുഷിപ്പിക്കുന്നു. ഉപയോഗിച്ചു പഴകിയ രംഗങ്ങളും അശ്ലീലച്ചുവയുള്ള ദ്വയാര്‍ത്ഥ പ്രയോഗങ്ങളുമൊക്കെ ഏറെയുണ്ട് ചിത്രത്തില്‍. പലപ്പോഴും അവ പരിധി വിടുന്നതായി കാണികളില്‍ ചിലര്‍ക്കെങ്കിലും തോന്നിയാലും കുറ്റം പറയുവാനുമാവില്ല. ഈ പറഞ്ഞതിനപ്പുറം, സിനിമയുടെ കഥയില്‍ എന്തെങ്കിലും യുക്തിയുണ്ടോ എന്നൊരന്വേഷണം ഇവിടെ പ്രസക്തമല്ല. അതൊക്കെ വായനക്കാരുടെ ഭാവനയ്‍ക്ക് വിടുന്നു!
* 'ടോം & ജെറി'യും മറ്റും കണ്ടു ചിരിക്കുന്ന ലാഘവത്തോടെ കണ്ടു ചിരിക്കാവുന്നത് എന്നുദ്ദേശം! Slapstick എന്ന് ആംഗലേയം.

Cast & Crew
Teja Bhai & Family

Directed by
Dipu Karunakaran

Produced by
P.K. Muralidharan, Santha Murali

Story, Screenplay, Dialogues by
Dipu Karunakaran

Starring
Prithviraj, Akhila, Thalaivasal Vijay, Suman, Suraj Venjaramood, Ashokan, Jagadish, Bindu Panicker, Salim Kumar, Manju Pillai, Indrans, Kochu Preman, Vettukili Prakash, Kulapuli Leela, Kottayam Nazeer, Shakeela, Shiji Chacko, Nedumudi Venu, Shobha Mohan etc.

Cinematography (Camera) by
Shamdat

Editing by
Manoj

Production Design (Art) by
Gokul Das

Music by
Deepak Dev

Lyrics by
Kaithapram Damodaran Namboothiri

Make-Up by
Pradeep Rangan

Costumes by
Anil Chempoor

Choreography by
Brinda

Action (Stunts / Thrills) by
Mafia Sasi

Banner
Anantha Visions

സൂപ്പര്‍സ്റ്റാറാണെന്ന് പൃഥ്വിരാജ് സ്വയം തിരിച്ചറിഞ്ഞതുകൊണ്ടാണോ എന്നറിയില്ല; 'ഒരു സൂപ്പര്‍സ്റ്റാറായി തന്നെ കാണുവാന്‍ പഠിക്കൂ!' എന്ന് പ്രേക്ഷകരോട് നിരന്തരം ആവശ്യപ്പെടുകയാണ്‌, തേജാ ഭായി എന്ന വേഷത്തിലൂടെ, ചിത്രത്തിലുടനീളം അദ്ദേഹം ആകെ ചെയ്യുന്നത്. പല ഡയലോഗുകളും അതിനു വേണ്ടി മാത്രം തിരുകിയിട്ടുമുണ്ട്. ഏതായാലും ആ ആവശ്യത്തോട് കാണികള്‍ പ്രതികരിച്ചത് പലപ്പോഴും നീട്ടിയുള്ള കൂവലിലൂടെയായിരുന്നു. ഉറക്കം നടിക്കുകയല്ലെങ്കില്‍, പൃഥ്വിരാജിന്‌ അതൊക്കെയൊന്ന് കേള്‍ക്കാം, താഴേക്കിറങ്ങ് വന്ന് ചില നല്ല ചിത്രങ്ങളില്‍ അഭിനയിക്കാം. അതല്ലാതെ, ഈ പരിപ്പിവിടെ വേവിക്കുവാന്‍ മിനക്കെടുന്നത് ബുദ്ധിയാണെന്ന് തോന്നുന്നില്ല. സിനിമ സമം നായകന്‍ എന്ന സമവാക്യത്തിലുള്ള ചിത്രങ്ങളെ സംബന്ധിച്ചിടത്തോളം മറ്റു കഥാപാത്രങ്ങളൊക്കെ ഒരധികപ്പറ്റാണ്‌. ഇതിലും സ്ഥിതി വ്യത്യസ്തമല്ല. നായകനെ കഴിഞ്ഞ് കൂടുതല്‍ സമയം ലഭിക്കുന്നത് സുരാജിനാണ്‌, അദ്ദേഹത്തിന്റെ ഇതിലെ പ്രകടനവും മറ്റു പലതിലേയും പോലെ കടുപ്പം തന്നെ. കാണികളെ ചിരിപ്പിക്കുവാനുള്ള കൊട്ടേഷന്‍ കൊടുത്ത് ഇറക്കുമതി ചെയ്തിരിക്കുന്ന ജഗതി ശ്രീകുമാര്‍ മുതല്‍ പ്രേംകുമാര്‍ വരെയുള്ളവരും കഴിയുമ്പോലെ തങ്ങളുടെ ഭാഗം സംവിധായകന്റെ മനസറിഞ്ഞ് ചളമാക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ക്കിടയില്‍ ചേരാതെ നില്‍ക്കുന്ന അഖില ശശിധരന്റെ നായികയും, തലൈവാസല്‍ വിജയ്‍യുടെ അച്ഛന്‍ കഥാപാത്രവും, സുമന്റെ വില്ലന്‍* വേഷവുമൊക്കെ തെല്ലൊരു ആശ്വാസമെന്നു പറയാം; കുറഞ്ഞപക്ഷം വെറുപ്പിക്കുന്നെങ്കിലുമില്ല. ഈ രണ്ട് പക്ഷത്തിലും പെടാത്തൊരു കഥാപാത്രമായി, ഒരേ സമയം കോമാളിയായും സ്വഭാവനടനായുമുള്ള അശോകന്റെ പ്രകടനവുമുണ്ട് ഇതിനോടൊപ്പം. ഇതൊന്നും പോരാഞ്ഞ്, നെടുമുടി വേണുവും ശോഭ മോഹനും, രണ്ട് നന്മ കഥാപാത്രങ്ങളായി വന്ന് തലകാണിച്ചു പോവുകയും ചെയ്യുന്നുണ്ട്.
* ചിരിച്ചു കാണിച്ച് അടുത്ത സെക്കന്റില്‍ ക്യാമറയെ നോക്കി ക്രൗര്യം നടിക്കുന്ന സ്ഥിരം പാറ്റേണിലുള്ളതു തന്നെയാണ്‌ സുമന്റെ വില്ലന്‍ എന്നതു മറന്നല്ല ഈ പറഞ്ഞത്, പക്ഷെ അതുപോലും ആശ്വാസമാണ്‌ ഇതില്‍!

ശ്യാംദത്ത് പകര്‍ത്തിയിരിക്കുന്ന നിറപ്പകിട്ടാര്‍ന്ന ദൃശ്യങ്ങളും മനോജിന്റെ ചിത്രസന്നിവേശവുമാണ്‌ സത്യത്തില്‍ ചിത്രത്തോട് എന്തെങ്കിലുമൊക്കെ ആകര്‍ഷകത്വം തോന്നിപ്പിക്കുന്നത്. പ്രത്യേകിച്ചും മാഫിയ ശശിയും / ബൃന്ദയും ഒരുക്കിയിരിക്കുന്ന സംഘട്ടന / നൃത്ത രംഗങ്ങള്‍ ഇവരുടെ പരിശ്രമം കൂടി ചേരുമ്പോള്‍ നന്നായി പൊലിക്കുന്നുണ്ട്. താരങ്ങളെയൊക്കെ വെളുപ്പിച്ച് നിര്‍ത്തുന്ന ജോലി പ്രദീപ് രങ്കനും, നല്ല തേച്ചു മിനുക്കിയ വേഷമിടീക്കുന്ന ജോലി അനില്‍ ചേമ്പൂരും ഭംഗിയായി ചെയ്തിട്ടുണ്ട്. ആകെമൊത്തം നാലഞ്ച് മുറികളും, ഒരു മുറ്റവും, ഇടയ്ക്കൊരു തകരക്കൂമ്പാരവും, പിന്നൊടുവില്‍ ഒരു ആഡിറ്റോറിയവും മാത്രമേ കലാസംവിധായകനായ ഗോകുല്‍ ദാസിന്‌ ഒരുക്കേണ്ടി വന്നിട്ടുള്ളൂ. അതേതായാലും കഴിയുന്നത്ര മോടിയോടെ, നാടകത്തിലും മറ്റും സ്റ്റേജിലിടുന്ന സെറ്റിന്റെ സ്വഭാവത്തില്‍, ഒരുക്കി വെയ്‍ക്കുവാന്‍ ഗോകുലും മനസുവെച്ചു. കൈതപ്രം ദാമോദരന്‍ നമ്പൂതിരി എഴുതിയ രണ്ട് ഗാനങ്ങളും, ബിച്ചു തിരുമല 'കാണാമറയത്ത്' എന്ന ചിത്രത്തിനു വേണ്ടി എഴുതിയ "ഒരു മധുരക്കിനാവിന്‍..." എന്നതിന്റെ റീമിക്സ് പതിപ്പും ദീപദ് ദേവിന്റെ സംഗീത സംവിധാനത്തില്‍ ചിത്രത്തിലുണ്ട്. വിജയ് യേശുദാസിന്റെ ആലാപനത്തില്‍ പഴയഗാനം പുതിയ രൂപത്തില്‍ അവതരിക്കുമ്പോള്‍, കൂടുതല്‍ ചടുലവും ബഹളമയവും ആയി മാറുന്നുണ്ട്. ഗാനരംഗത്തിനായി ഒരുക്കിയ ബൃന്ദയുടെ നൃത്തച്ചുവടുകള്‍ കഴിയുന്നത്ര ഭംഗിയായി അവതരിപ്പിക്കുവാന്‍ പൃഥ്വിരാജും അഖിലയും കൂടെയുള്ള നര്‍ത്തകരും ശ്രമിച്ചിട്ടുമുണ്ട്. അതേ സമയം, പുതുതായുള്ള മറ്റ് രണ്ട് ഗാനങ്ങളും അത്ര ശോഭിച്ചതുമില്ല!

ഓള്‍ഡ് മങ്ക്സ് ഒരുക്കിയിരിക്കുന്ന പോസ്റ്ററുകളും ബിജോയ് ഉറുമീസിന്റെ ടൈറ്റിലുകളുമൊക്കെ ചിത്രത്തിനൊരു ഫ്രഷ് ഫീലൊക്കെ നല്‍കുന്നുണ്ടെങ്കിലും, ഫ്രഷ്നെസൊക്കെ അവിടം കൊണ്ടു തീരുന്നു. ഇലയൊക്കെ നല്ല വെടുപ്പിനിട്ട് എല്ലാരെയും പിടിച്ചിരുത്തി സദ്യയില്ലെന്നു പറയുന്ന ഏര്‍പ്പാട് പോലെയായി പിന്നീടങ്ങോട്ടുള്ള സിനിമ! എല്ലാ ദിവസവും കൃത്യം അഞ്ചു മണിക്ക് പണി നിര്‍ത്തി (നായകന്‍ മാത്രമല്ല കൂട്ടാളികളും അഞ്ചു കഴിഞ്ഞാല്‍ മര്യാദക്കാരാണ്‌!) പ്രണയിക്കുവാന്‍ പോവുന്ന അധോലോക നായകനെയൊക്കെ, 'മലയാള സിനിമയില്‍ വ്യത്യസ്തത വേണേ... വ്യത്യസ്തത വേണേ...' എന്നു വിലപിക്കുന്നവര്‍ക്ക് മനഃപൂര്‍വ്വം കൊടുത്തൊരു പണിയാണോ എന്നു സംശയിക്കാതെയില്ല. ഈ ടൈപ്പ് വ്യത്യസ്തതകളേക്കാള്‍ ഭേദം ആവര്‍ത്തനവിരസത തന്നെയെന്ന് ആരും പറഞ്ഞു പോവും! ഏതായാലും 'തേജാ ഭായിയും ഫാമിലി'യും കൂടി മലയാളി ഫാമിലികള്‍ക്ക് ഓണമാഘോഷിക്കുവാനായി തിയേറ്ററുകളിലെത്തിച്ചത് ഇങ്ങിനെയൊന്നായത് കഷ്ടമായി! ഒരല്‍പം കൂടിയൊക്കെ പ്രതിബദ്ധത ദീപുവിനും കൂട്ടര്‍ക്കും സിനിമയെന്ന മാധ്യമത്തോടും, പ്രേക്ഷകരെന്ന പാവങ്ങളോടും കാണിക്കാമായിരുന്നു!

Deepu-വിനെ Dipu ആക്കിയാലും Theja-യെ Teja ആക്കിയാലുമൊന്നും പടം രക്ഷപെടണമെന്നില്ല! എന്നാണോ സിനിമാപ്രവര്‍ത്തകര്‍ ഇത്തരം (അന്ധ)വിശ്വാസങ്ങള്‍ക്ക് പിന്നാലെ പോവുന്നത് അവസാനിപ്പിക്കുക! ഇനിയിപ്പോ മലയാളത്തില്‍ 'ദിപു' എന്നു മാറ്റിയിട്ടുണ്ടോ എന്നുമറിയില്ല!