വീട്ടിലേക്കുള്ള വഴി (Veettilekkulla Vazhi)

Published on: 8/07/2011 10:06:00 AM
Veettilekkulla Vazhi: A film directed by Dr. Biju, starring Prithviraj, Indrajith etc. Film Review by Haree for Chithravishesham.
ആദ്യചിത്രമായ 'സൈറ'യ്‍ക്കും, പിന്നീടിറങ്ങിയ 'രാമനും' ശേഷം ഡോ. ബിജു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്‌ 'വീട്ടിലേക്കുള്ള വഴി'. തിയേറ്ററുകളില്‍ കാര്യമായ ചലനമൊന്നും ഉണ്ടാക്കിയില്ലെങ്കിലും, രാജ്യാന്തര ചലച്ചിത്രമേളകളില്‍ നിരൂപകശ്രദ്ധ നേടിയ ഒന്നായിരുന്നു 'സൈറ'. തുടര്‍ന്നിറങ്ങിയ 'രാമനും' വിവിധ അന്താരാഷ്‍ട്ര ചലച്ചിത്രോത്സവങ്ങളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടെങ്കിലും തിയേറ്ററുകളില്‍ ശ്രദ്ധനേടാതെ പോയി. 'വീട്ടിലേക്കുള്ള വഴി'യും ഇതിനോടകം പതിനഞ്ചോളം ചലച്ചിത്രമേളകളില്‍ സാന്നിധ്യമറിയിച്ചു കഴിഞ്ഞു. ദേശീയ തലത്തില്‍ രണ്ടായിരത്തിപ്പത്തിലെ മികച്ച മലയാളം ചിത്രമായി അംഗീകാരിക്കപ്പെടുകയും ചെയ്‍തിട്ടുണ്ട് ഈ ചിത്രം. പൃഥ്വിരാജ്, ഇന്ദ്രജിത്ത് തുടങ്ങിയ പ്രമുഖ യുവതാരങ്ങളുടെ സാന്നിധ്യത്തിലൂടെ; തിയേറ്ററുകളില്‍ കൂടി ശ്രദ്ധ നേടുവാന്‍ 'വീട്ടിലേക്കുള്ള വഴി'ക്ക് സാധിക്കുമോ എന്നാണ്‌ ഇനി അറിയുവാനുള്ളത്. മാസ്റ്റര്‍ ഗോവര്‍ദ്ധന്‍, ഉദയ് ചന്ദ്ര തുടങ്ങിയവരൊക്കെയാണ്‌ ചിത്രത്തില്‍ മറ്റ് പ്രധാനവേഷങ്ങളില്‍. സൂര്യ സിനിമയുടെ ബാനറില്‍ ബി.സി. ജോഷിയാണ്‌ ചിത്രത്തിനു വേണ്ടി പണം മുടക്കിയിരിക്കുന്നത്.

ആകെത്തുക     : 5.50 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 5.00 / 10
: 5.00 / 10
: 5.00 / 10
: 4.00 / 05
: 3.00 / 05
പേരു സൂചിപ്പിക്കുന്നതു പോലെ വഴിച്ചിത്രങ്ങളുടെ (റോഡ് മൂവി) ജനുസ്സില്‍ പെടുത്താവുന്ന ഒന്നാണ്‌ 'വീട്ടിലേക്കുള്ള വഴി'. തന്റെ ശിശ്രൂഷയിലിരിക്കുന്ന ഒരു രോഗി മരിക്കുന്നു, അവളുടെ കുഞ്ഞിനെ അച്ഛന്റെയടുത്ത് എത്തിക്കുക എന്ന ദൗത്യം ഡോക്ടര്‍ ഏറ്റെടുക്കുന്നു. എന്നാല്‍ ഇന്ത്യന്‍ ജിഹാദെന്ന തീവ്രവാദ സംഘടനയുടെ തലവനായ താരീഖിനെ കണ്ടെത്തുക അത്ര എളുപ്പമുള്ള കാര്യമല്ല. തന്റെ ജോലിയും ഭാവിജീവിതവുമൊക്കെ അവതാളത്തിലക്കുന്ന ഈ ജോലിക്ക് ഡോക്ടര്‍ ഇറങ്ങിപ്പുറപ്പെടുവാനുള്ള പ്രേരണയായി പറഞ്ഞിരിക്കുന്ന കാര്യങ്ങളൊന്നും അത്രത്തോളം വിശ്വസനീയമെന്നു തോന്നിയില്ല. അതൊഴിച്ചു നിര്‍ത്തിയാല്‍, ഒരു യാത്രാചിത്രത്തിന്റെ അവതരണത്തോട് കഴിയുന്നത്ര നീതി പുലര്‍ത്തുവാന്‍ ഡോ. ബിജുവിന്‌ രചയിതാവെന്ന നിലയില്‍ സാധിച്ചിട്ടുണ്ട്. രാജസ്ഥാനിലെ വിവിധ സ്ഥലങ്ങള്‍, ലഡാക്ക് പിന്നെ കാശ്‍മീര്‍ എന്നീ സ്ഥലങ്ങളിലൂടെയുള്ള ഡോക്ടറിന്റെ പ്രയാണത്തില്‍ ഉപരിപ്ലവമായെങ്കിലും അവിടുത്തെ ജീവിതങ്ങള്‍ കാട്ടിത്തരുവാന്‍ ബിജുവിന്‌ കഴിഞ്ഞു. പ്രധാന വിഷയത്തില്‍ നിന്നും ചിത്രം വ്യതിചലിക്കുന്നില്ല എന്നത് സാധാരണ ചിത്രങ്ങളെ സംബന്ധിച്ചിടത്തോളം ഒരു മികവെങ്കില്‍, അതെത്രത്തോളം ഒരു വഴിച്ചിത്രത്തിന്റെ മികവായി പറയുവാന്‍ കഴിയുമെന്ന് സംശയമുണ്ട്. ഒരുപക്ഷെ, മറ്റു ചില വഴികളില്‍ കൂടിയൊക്കെ ചിത്രത്തെ കൊണ്ടുപോകുവാനുള്ള സാധ്യതകളെ നിരാകരിച്ചാണ്‌ രചയിതാവ് ചിത്രത്തിന്റെ തിരനാടകം തയ്യാറാക്കിയിരിക്കുന്നത്. ഒരു ഡോക്ടറാക്കാതെ, യാത്രയ്ക്ക് സാധുതയുള്ളൊരു ജോലിയുമായി നായകനെ ബന്ധിപ്പിച്ചിരുന്നെങ്കില്‍ തന്നെ കഥ കൂടുതല്‍ സംവേദനക്ഷമമാവുമായിരുന്നു എന്നും അഭിപ്രായമുണ്ട്.

Cast & Crew
Veettilekkulla Vazhi

Directed by
Dr. Biju

Produced by
B.C. Joshi

Story, Screenplay, Dialogues by
Dr. Biju

Starring
Prithviraj, Indrajith, Master Govardhan, Uday Chandra, Irshad, Kiran Raj, Dhanya Mary Varghese etc.

Cinematography (Camera) by
M.J. Radhakrishnan

Editing by
Manoj Kannoth

Production Design (Art) by
Santhosh Raman

Sound Design by
Jayadevan Chakkadath

Music / Background Score by
Ramesh Narayanan

Lyrics by
Rafeeque Ahammed

Make-Up by
Pattanam Rasheed

Costumes by
Aravind

Banner
Soorya Cinema

രചയിതാവ് എന്ന നിലയില്‍ പ്രകടിപ്പിച്ച കൈയ്യടക്കം ഡോ. ബിജുവിന്‌ സംവിധാനത്തില്‍ കൂടി കൊണ്ടുവരുവാന്‍ കഴിഞ്ഞില്ല എന്നതു കൊണ്ടുതന്നെ ചിത്രം അത്രത്തോളമൊന്നും പ്രേക്ഷകരെ സ്വാധീനിക്കുന്നില്ല എന്നു പറയാം. ഡോക്ടര്‍ എന്ന വ്യക്തിയും കൂടെയുള്ള കുട്ടിയും തമ്മിലുള്ള ബന്ധമൊന്നും തീരെ അനുഭവവേദ്യമല്ല. ഇതിലേക്കുള്ള സൂചനകളായി ഒന്നു രണ്ടു രംഗങ്ങളൊക്കെ ഉണ്ടെങ്കിലും അവയൊന്നും മികച്ചതാക്കുവാന്‍ സംവിധായകന്‌ കഴിഞ്ഞുമില്ല. അഭിനേതാക്കളില്‍ നിന്നും വേണ്ടത് കണ്ടെത്തുവാനുള്ള മിടുക്കും സംവിധായകന്‌ ഇല്ലാതെ പോയി, വിശേഷിച്ചും മാസ്റ്റര്‍ ഗോവര്‍ദ്ധന്റെ അവതരണം തീര്‍ത്തും പാളി. പോലീസും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടലുകളൊക്കെ ശബ്ദങ്ങളിലൂടെ മാത്രം അവതരിപ്പിച്ചത് ശ്രദ്ധേയമായി. ഒരു യാത്രയുടെ സുഖം നല്‍കുന്നുണ്ട് എന്നതൊഴിച്ചു നിര്‍ത്തിയാല്‍ മറ്റൊന്നും സിനിമയില്‍ കരുതിവെയ്‍ക്കുവാന്‍ ഡോ. ബിജുവിന്‌ കഴിഞ്ഞിട്ടില്ല എന്ന് ചുരുക്കത്തില്‍ പറയാം.

ചിത്രം പ്രേക്ഷകരിലേക്ക് എത്താതിരിക്കുന്നതില്‍ അഭിനേതാക്കള്‍ക്കും കാര്യമായ പങ്കുണ്ട്. ഒരേ സമയം തന്റെ കുടുംബം നഷ്ടപ്പെട്ടതിന്റെ വേദന അനുഭവിക്കുകയും, അതോടൊപ്പം മറ്റൊരു തരത്തിലൊരു പ്രതികാരം ചെയ്യുവാന്‍ ഉദ്യമിക്കുകയും ചെയ്യുന്ന ഡോക്ടറെന്ന നായകനെ എത്രത്തോളം പൃഥ്വിരാജ് ഉള്‍ക്കൊണ്ടിട്ടുണ്ട് എന്ന് സംശയമുണ്ട്. പൃഥ്വിരാജെന്ന നടനില്‍ ആ കഥാപാത്രം വല്ലാതെ വീര്‍പ്പുമുട്ടുന്നതായാണ്‌ (അതോ തിരിച്ചോ?) അനുഭവപ്പെട്ടത്. താരീഖ് എന്ന തീവ്രവാദിയുടെ മകനായി വേഷമിട്ട മാസ്റ്റര്‍ ഗോവര്‍ദ്ധനും തീര്‍ത്തും നിരാശപ്പെടുത്തി. ഡോക്ടര്‍ തന്റെ യാത്ര തുടങ്ങിയതിനു ശേഷം ഓരോ സന്ദര്‍ഭത്തിലായി കണ്ടുമുട്ടുന്ന ഇന്ദ്രജിത്ത്, ഉദയ് ചന്ദ്ര, ഇര്‍ഷാദ്, കിരണ്‍ രാജ് തുടങ്ങിയവരൊക്കെ തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തിയിട്ടുണ്ട്. ചിത്രത്തിന്റെ ആദ്യ ഘട്ടത്തില്‍ ഒരോ രംഗത്തിലായി ലക്ഷ്മി‍പ്രിയ, ധന്യ മേരി വര്‍ഗീസ് എന്നിവരുമുണ്ട്. കാണാതെ പഠിച്ച് സംഭാഷണങ്ങള്‍ ഉരുവിടുന്നു എന്നതിനപ്പുറം ഒരു മികവ് ധന്യ മേരി വര്‍ഗീസിന്റെ അഭിനയത്തില്‍ കണ്ടില്ല. യാത്രയില്‍ പലപ്പോഴായി പല സ്ഥലങ്ങളില്‍ നിന്നുമുള്ള മലയാളികളെയൊക്കെ നായകന്‍ കണ്ടുമുട്ടുന്നെങ്കിലും, എല്ലാവരും സംസാരിക്കുന്നത് ഒരേ മട്ടിലുള്ള മലയാളം! ദേശങ്ങള്‍ക്ക് അനുസരിച്ച് ഉച്ചാരണത്തിലുള്ള വ്യത്യാസങ്ങളൊക്കെ ഒന്ന് കൊണ്ടുവരുവാന്‍ ശ്രമിച്ചിരുന്നെങ്കില്‍ ഈ കഥാപാത്രങ്ങളൊക്കെ ഇതിലും മികച്ചതാവുമായിരുന്നു എന്നു കൂടി പറയാം.

എം.ജെ. രാധാകൃഷ്ണന്റെ ക്യാമറ ചില സുന്ദരന്‍ ഫ്രയിമുകളൊക്കെ ഇടക്കിടെ കാട്ടിത്തരുന്നുണ്ടെങ്കിലും, ചിത്രം മുഴുവനെടുത്താല്‍ ഏറെ മികവു പുലര്‍ത്തുന്നു എന്നു പറയുവാനില്ല. ഒരുപക്ഷെ, വല്ലാതെ ഇഴഞ്ഞു പോവേണ്ടിയിരുന്ന ഒരു ചിത്രത്തിന്‌ ആവശ്യമുള്ള വേഗം നേടുവാന്‍ കഴിയുന്നത് മനോജ് കന്നോത്തിന്റെ ചിത്രസന്നിവേശത്തിലൂടെയാണ്‌. സന്തോഷ് രാമന്റെ കലാസംവിധാനം, പട്ടണം റഷീദിന്റെ ചമയം, അരവിന്ദിന്റെ വസ്‍ത്രാലങ്കാരം എന്നിവയൊക്കെ ചിത്രത്തോട് ചേര്‍ന്നു പോവുന്നു. രമേഷ് നാരായണന്റെ പശ്ചാത്തലസംഗീതം ഉപയോഗിച്ച് ജയദേവന്‍ ചക്കാടത്ത് ഒരുക്കിയിരിക്കുന്ന ശബ്ദസംവിധാനവും ചിത്രത്തിന്‌ ഏറെ ഗുണപ്പെട്ടിട്ടുണ്ട്. സഞ്ചാരപാതയിലെ ദേശങ്ങള്‍ക്ക് അനുസൃതമായി ചില ഗാനശകലങ്ങളൊക്കെ ഇടക്കിടെ വന്നു പോവുന്നുണ്ട് എന്നല്ലാതെ ഗാനങ്ങള്‍ക്ക് കാര്യമായ പ്രാധാന്യം ചിത്രത്തില്‍ നല്‍കിയിട്ടില്ല. ഒരു ബോംബ് സ്ഫോടനമുള്‍പ്പെടെ ചുരുക്കം ചില ആക്ഷന്‍ രംഗങ്ങളേ ചിത്രത്തില്‍ ഉപയോഗിച്ചിട്ടുള്ളൂ, അതിനാവട്ടെ അത്ര മതിപ്പ് തോന്നിയതുമില്ല.

ഒടുവില്‍, കാശ്മീരിലെ താഴ്വരയില്‍ പന്തു തട്ടിക്കളിക്കുന്ന ഡോക്ടറിലും കുട്ടിയിലുമാണ്‌ ചിത്രം അവസാനിക്കുന്നത്. അവരുടെ ഭാവിജീവിതത്തെക്കുറിച്ച് കാര്യമായ ഒരു സൂചനയും ചിത്രം നല്‍കുന്നില്ല. ഒരു വഴിച്ചിത്രം ഒരുക്കുക എന്നതിനപ്പുറം എന്തെങ്കിലുമൊക്കെ സംവിധായകന്‍ ഈ ചിത്രത്തിലൂടെ ഉദ്ദേശിച്ചിട്ടുണ്ടോ എന്നുമറിയില്ല. താരീഖിനെ തേടിയെത്തുന്ന ഒരു അപരിചിതനെ, തങ്ങളുടെ സുരക്ഷിതസ്ഥാനങ്ങളൊക്കെ വെളിവാകുന്ന തരത്തില്‍ തീവ്രവാദികള്‍ കൊണ്ടു നടക്കുമോ എന്നൊരു ചോദ്യം ആദ്യം തന്നെ കാണികളുടെ മനസിലെത്തും. ഒരുപക്ഷെ, ഡോക്ടറേയും കുട്ടിയേയും ഒരു സുരക്ഷിത സ്ഥാനത്ത് എത്തിച്ചതിനു ശേഷം താരീഖിനെ അവിടെയെത്തിക്കുക എന്നതല്ലേ തീവ്രവാദികളെ സംബന്ധിച്ചിടത്തോളം കൂടുതല്‍ പ്രായോഗികം എന്നും സംശയിക്കാതെയില്ല. അപ്പോള്‍ പിന്നെ നായകന്‌ മാത്രമായൊരു യാത്രയുമില്ല, സംവിധായകന്‌ ഈ രീതിയിലൊരു സിനിമയുമില്ല!

ചിത്രത്തില്‍ ഹിന്ദി സംഭാഷണങ്ങളും വേണ്ടുവോളം ഉപയോഗിച്ചിട്ടുണ്ട്. ഒരുപക്ഷെ, അവയ്ക്കെല്ലാം സബ്‍ടൈറ്റില്‍ നല്‍കുന്നതിനെക്കുറിച്ച് കൂടി ചിത്രത്തിന്റെ വിതരണക്കാര്‍ക്ക് ചിന്തിക്കാമായിരുന്നു. അന്താരാഷ്‍ട്രമേളകള്‍ക്കായി എന്തായാലും അവ തയ്യാറാക്കിയിരിക്കണമല്ലോ!
--

8 comments :

  1. ഡോ. ബിജുവിന്റെ സംവിധാനത്തില്‍ പ്രിഥ്വിരാജ് നായകനായ 'വീട്ടിലേക്കുള്ള വഴി'യുടെ ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
    --

    ReplyDelete
  2. താരീഖിനെ തേടിയെത്തുന്ന ഒരു അപരിചിതനെ, തങ്ങളുടെ സുരക്ഷിതസ്ഥാനങ്ങളൊക്കെ വെളിവാകുന്ന തരത്തില്‍ തീവ്രവാദികള്‍ കൊണ്ടു നടക്കുമോ എന്നൊരു ചോദ്യം ആദ്യം തന്നെ കാണികളുടെ മനസിലെത്തും.

    നിങ്ങള്‍ തീവ്രവാദീടെ സൈഡാ അതോ ഡോക്ടറുടെ സൈഡോ? :P

    ReplyDelete
  3. നന്നാവും എന്ന് ഒരു പ്രതീക്ഷ ഉണ്ടായിരുന്ന സിനിമയായിരുന്നു ഇത് .ഹരിയുടെ റിവ്യൂ വായിച്ചപ്പോള്‍ മനസിലായി ,അതിനു പ്രതീക്ഷിച്ച അത്ര മികവു പുലര്‍ത്താന്‍ കഴിഞ്ഞില്ല എന്ന് .dr .ബിജുവിന്റെ അടുത്ത സംരംഭം നന്നാവട്ടെ എന്ന് ആശംസിക്കുന്നു .

    ReplyDelete
  4. ആര് അഭിനയിച്ചാലും ഈ ജനുസ്സില്‍ പെട്ട ചിത്രങ്ങള്‍ക്ക് എന്താണാവോ വളരെ തണുത്ത ഓപ്പണിംഗ് മാത്രം കിട്ടുന്നത്. ഒഴിഞ്ഞപോലെ കിടക്കുന്ന തീയറ്റര്‍ കാണുമ്പോള്‍ തന്നെ കയറാന്‍ തോന്നുന്നില്ല. പിന്നെ ഹരീ 'ശിശ്രൂഷ' ആണോ 'ശുശ്രൂഷ' ആണോ ശരി?

    ReplyDelete
  5. ഇന്ത്യൻ സിനിമയെന്നാൽ തീവ്രവാദവും ഡാൻസും പാട്ടുമാണെന്ന മുൻ‍വിധി ഉണ്ടായിരുന്നിട്ടും പാശ്ചാത്യരാജ്യങ്ങളിൽ ഈ ചിത്രത്തിനു കിട്ടിയ പ്രതികരണങ്ങൾ കുറച്ചുകൂടി അനുകൂലമായിരുന്നു.

    ഈ തിരക്കഥ കുറച്ചൊന്ന് തേച്ചുമിനുക്കി പ്രിഥ്വിരാജ് ഇത് ഹിന്ദിയിൽ എടുക്കുന്നുണ്ട് എന്ന് കേൾക്കുന്നു. മലയാളത്തിൽ സംഭവിച്ച പാളിച്ചകൾ തിരുത്താൻ കഴിഞ്ഞാൽ ഹിന്ദി വെർഷൻ വിജയം കണ്ടേക്കാം- ഒരു അന്താരാഷ്ട്ര സ്കോപ്പുള്ള വിഷയം എന്ന നിലയ്ക്ക്.

    ReplyDelete
  6. ഞാൻ ഈ ഫിലിം കണ്ടത് തിരുവനന്തപുരം ഫിലിംഫെസ്റ്റിൽ നിന്നായിരുന്നു.. ഇഷ്ടമായതുമാണ്.. പ്രഥ്വിരാജിന്റെ സാധാരണ മസിൽ പിടിച്ച അഭിനയത്തേക്കാൾ കുറച്ചൂടെ നാച്വറൽ അല്ലെ ഇതിൽ.. ആ കുട്ടി പലപ്പൊഴും ജീവനുള്ള ഒരു പാവപോലെ..

    ReplyDelete
  7. ഞാനും കണ്ടു. ഇട്ടിമാളു പറഞ്ഞതുപോലെ തന്നെ പടം ഇഷ്ടായി. പൃഥ്വിരാജ് നന്നായിരിന്നു പതിവിലും. കുട്ടി അത്ര നന്നായി തോന്നിയില്ല.

    ക്യാമറയും ബാക്ക്ഗ്രൗണ്ടുമൊക്കെ ഇഷ്ടപ്പെട്ടു

    ReplyDelete
  8. This is first malayalam movie shot entirely with panavsion cameras.

    ReplyDelete