രണ്ടായിരത്തിയെട്ടില്‍ പുറത്തിറങ്ങിയ '
മിഴികള്‍ സാക്ഷി' എന്ന ചിത്രത്തിനു ശേഷം അശോക് ആര്‍. നാഥിന്റെ സംവിധാനത്തില്‍ തയ്യാറായ ചിത്രമാണ് '
വെണ്‍ശംഖുപോല്‍'. ആദ്യ ചിത്രത്തിലെന്നതുപോലെ തിരക്കഥ-സംഭാഷണ രചനയില്‍ അനില്‍ മുഖത്തല ഇതിലും സഹകരിച്ചിട്ടുണ്ട്. സുനില്‍ പ്രേമിന്റെ കഥയെ അധികരിച്ചാണ് ചിത്രത്തിന്റെ തിരനാടകം വികസിപ്പിച്ചിരിക്കുന്നത്. ന്യൂ ടിവിയുടെ ബാനറില്‍ സനല്‍ തോട്ടമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കേന്ദ്രകഥാപാത്രമായ നന്ദകുമാര്‍ എന്ന പത്രപ്രവര്‍ത്തകനെ സുരേഷ് ഗോപിയും അയാളുടെ ഭാര്യയെ ജ്യോതിര്‍മയിയും അവതരിപ്പിച്ചിരിക്കുന്നു. 2009-ല്‍ അന്തരിച്ച മുരളി ഇതിലൊരു പ്രധാന വേഷം ചെയ്യുന്നതിനാല്‍, രണ്ട് വര്‍ഷം പെട്ടിയിലുറങ്ങിയതിനു ശേഷമാണ് ചിത്രം വെളിച്ചം കാണുന്നതെന്നു കരുതാം. മുരളിയേയും അദ്ദേഹത്തിന്റെ അഭിനയമികവിനേയും ഒരിക്കല്‍ കൂടി കണ്ടാസ്വദിക്കാം എന്നൊരു ഗുണം മാത്രം, അദ്ദേഹം നമ്മെ വിട്ടു പോയതുകൊണ്ട് മാത്രം, ഈ ചിത്രത്തിന് (?) ഉള്ളതായി പറയാം.
ആകെത്തുക : 2.00 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 0.00 / 10
: 0.00 / 10
: 3.50 / 10
: 2.50 / 05
: 2.00 / 05
ഗുരുതരമായൊരു രോഗം ബാധിച്ച് മരണം കാത്തു കിടക്കുന്നൊരു പത്രപ്രവര്‍ത്തകന്‍, ജീവിതത്തില്‍ ചെയ്തു തീര്‍ക്കുവാന്‍ ബാക്കിയായ കാര്യങ്ങളെക്കുറിച്ചുള്ള അയാളുടെ വ്യഥകള്‍; എം.ടി. വാസുദേവന്‍ നായരെഴുതി ഹരികുമാര്‍ സംവിധാനം നിര്‍വ്വഹിച്ച '
സുകൃത'ത്തിന്റെ ചില ലക്ഷണങ്ങള്‍ കഥയിലങ്ങിങ്ങു കാണാം. പക്ഷെ, അനില്‍ മുഖത്തലയതിനു തിരനാടകമെഴുതി അശോക് ആര്‍. നാഥ് വന്നപ്പോള്‍ ആ ചിത്രത്തിന്റെ ഗുണമോ മണമോ ഇതിന് ഇല്ലാതെ പോയി! തുടക്കം മുതല്‍ ഒടുക്കം വരെ കാണികളെ കരയിപ്പിക്കുവാന്‍ രചയിതാവും സംവിധായകനും (അവരുടെ നിര്‍ദ്ദേശാനുസരണം അഭിനേതാക്കളും) കിണഞ്ഞ് പരിശ്രമിക്കുന്നുണ്ടെങ്കിലും ഒന്നുമങ്ങോട്ട് ഏശുന്നില്ല. ഏതായാലും ക്ലൈമാക്സ് രംഗം കൂടിയൊക്കെ കണ്ടു കഴിയുമ്പോള്‍ ആരായാലും കരഞ്ഞുപോകും, ഇതൊക്കെ കാശു കൊടുത്ത് കണ്ടല്ലോ എന്നോര്‍ത്ത്!
Cast & Crew
Vensankhupol
Directed by
Ashok R. Nath
Produced by
Sanal Thottam
Story / Screenplay, Dialogues by
Sunil Prem / Anil Mukhathala
Starring
Suresh Gopi, Jyothirmayi, Manoj K. Jayan, Murali, Anoop Menon, Meera Nandan, Lalu Alex, Sukumari, Kochu Preman etc.
Cinematography (Camera) by
K. Ramachandra Babu
Editing by
Vipin Mannoor
Production Design (Art) by
Name
Music by
Anil Pongumoodu
Background Score by
Rajamani
Sound Effects by
Raj Marthandam
Lyrics by
O.N.V. Kurup
Make-Up by
Name
Costumes by
Name
Banner
New TV
അഭിനേതാക്കളുടെ പച്ചയിലാണ് ഇതെന്തെങ്കിലുമൊക്കെ ആവുന്നതെന്നു പറയാം. മുരളി, ലാലു അലക്സ്, മനോജ് കെ. ജയന്‍, അനൂപ് മേനോന്‍ തുടങ്ങിയവരൊക്കെ തങ്ങളുടെ സ്ഥിരം ശൈലിയില്‍ വേഷങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. നായികമാരായ ജ്യോതിര്‍മയിയും മീര നന്ദനും തരക്കേടില്ലാതെ പോവുന്നെന്നു പറയാം. എന്നാല്‍ ഭൂരിഭാഗം സമയവും തിരശീലയില്‍ കാണുവാനുള്ള സുരേഷ് ഗോപിയുടെ അഭിനയം അതിദയനീയം എന്നേ വിശേഷിപ്പിക്കുവാന്‍ കഴിയൂ! അഭിനേതാവിന്റെ പരിമിതികള്‍ക്കപ്പുറം, ആ കഥാപാത്രത്തെ രചയിതാവും സംവിധായകനും കൂടി കൈകാര്യം ചെയ്ത രീതിയാണ് ആ വേഷത്തെ ഇത്രത്തോളം മടുപ്പിക്കുന്ന ഒന്നാക്കി മാറ്റിയതെന്നു പറയാം. അക്ഷരാര്‍ത്ഥത്തില്‍ ആ കഥാപാത്രത്തെയും അതുവഴി ചിത്രത്തെ തന്നെയും കൊന്നു കളഞ്ഞ പരിപാടിയായിപ്പോയി ഇരുവരുടേയും!
സാങ്കേതിക വിഭാഗത്തില്‍, സ്വാഭാവികമായ അന്തരീക്ഷം ഒരുക്കുവാന്‍ കലാസംവിധായകന്‍ പുലര്‍ത്തിയ മികവ് എടുത്തു പറയേണ്ടതുണ്ട്. (ആരാണ്?) ചമയം, വസ്‍ത്രാലങ്കാരം തുടങ്ങിയവയും കലാസംവിധാനം പോലെ ചിത്രത്തിനുതകുന്നുണ്ട്. രാമചന്ദ്ര ബാബുവിന്റെ ഛായാഗ്രഹണം, വിപിന്‍ മണ്ണൂരിന്റെ ചിത്രസന്നിവേശം ഇവയൊക്കെ ചിത്രമെന്നതുപോലെ തന്നെ മടുപ്പുളവാക്കുന്നതാണ്. ബഹളമയമായ പശ്ചാത്തലമാണ് രാജാമണിയുടെ മുഖമുദ്രയെങ്കിലും ഇതിലല്‍പം മാന്യത പുലര്‍ത്തിയിട്ടുണ്ട്. ഒ.എന്‍.വി. കുറുപ്പെഴുതി അനില്‍ പൊങ്ങുമ്മൂട് ഈണമിട്ടിരിക്കുന്ന ഏകഗാനവും ശ്രദ്ധ നേടുന്നില്ല. ഒടുവില്‍ 'ജീവിതം കൊത്തിപ്പറിക്കുന്ന പക്ഷികള്‍' എന്നൊക്കെ വരികളില്‍ വരുന്നൊരു കവിതയുമുണ്ട്. ചിത്രത്തിനോട് യോജിച്ചാലും ഇല്ലെങ്കിലും; ഈയൊരു പാതകം കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകരുടെ ജീവിതത്തോട് ആ വരികള്‍ ഒരുപക്ഷെ ചേര്‍ന്നുപോയെന്നിരിക്കും!
ഇതില്‍ കൂടുതലായി എന്തെങ്കിലും ഈ ചിത്രത്തിന്റെ വിശേഷമായി പങ്കുവെച്ചാല്‍ അത് അനില്‍ മുഖത്തല ഈ ചിത്രത്തില്‍ കഥാപാത്രങ്ങള്‍ക്കു വേണ്ടി എഴുതിവെച്ച ഡയലോഗുകള്‍ പോലെയായിപ്പോവും! തീര്‍ത്തും അനാവശ്യം, അതിലുപരി അരസികം! 'വെണ്‍ശംഖുപോല്‍' എന്ന പേരും, '100% രസം പകരുന്ന കുടുംബചിത്രം' എന്നൊക്കെയുള്ള വിശേഷണവുമൊക്കെ കണ്ട്, ഈയൊരു കെണിയില്‍ ആരും വീഴരുത് എന്നൊരു മുന്നറിയിപ്പ് മാത്രമേ അവസാനവാക്കായി ഈ ചിത്രത്തെക്കുറിച്ച് പറയുവാനുമുള്ളൂ!
ചിത്രത്തിന്റെ ട്രൈലറില്‍ കണ്ടൊരു വാചകം: "The heart breaking Movie of the year" - 100% സത്യസന്ധം, ഇത്രയും ഹൃദയഭേദകമായൊരു ചിത്രം ഈ വര്‍ഷം ഇറങ്ങിയതായി തോന്നുന്നില്ല! (ചുരുങ്ങിയപക്ഷം കാണേണ്ടി വന്നില്ല!) സംവിധായകന്റെയും മറ്റും ആത്മവിശ്വാസത്തിനൊരു സല്യൂട്ട് ഈ കാര്യത്തില്‍ നല്‍കാതെ വയ്യ! :p