ഡോക്ടര്‍ ലൗ (Doctor Love)

Published on: 9/12/2011 09:13:00 AM
Doctor Love: A film by K. Biju starring Kunchakko Boban, Bhavana, Ananya etc. Film Review by Haree for Chithravishesham.
'ഹലോ', 'മമ്മി & മി' തുടങ്ങിയ ചിത്രങ്ങള്‍ ഇതിനു മുന്‍പ് നിര്‍മ്മിച്ച ജോയ് തോമസ് ശക്തികുളങ്ങര പണം മുടക്കിയിരിക്കുന്ന മൂന്നാമത് ചിത്രമാണ്‌ 'ഡോക്ടര്‍ ലൗ'. ജോയ് തോമസിന്റെ മുന്‍ ചിത്രങ്ങളെന്ന പോലെ, ജിതിന്‍ ആര്‍ട്ട്സിന്റെ ബാനറിലാണ്‌ ഈ ചിത്രവും പൂര്‍ത്തിയായിരിക്കുന്നത്. ക്യാമ്പസിനുള്ളിലെ പ്രണയവും പ്രണയകലഹങ്ങളുമൊക്കെ വിഷയമാവുന്ന ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് നവാഗതനായ കെ. ബിജുവാണ്‌. കുഞ്ചാക്കോ ബോബന്‍, ഭാവന, അനന്യ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍; ദിവ്യ ഉണ്ണിയുടെ സഹോദരി, വിദ്യ ഉണ്ണിയും അഭിനേത്രിയായി ചെറിയൊരു വേഷത്തില്‍ അരങ്ങേറുന്നു. പലവട്ടം കണ്ടിട്ടുള്ള ക്യാമ്പസ് രീതികളും ക്യാമ്പസിലെ കഥാപാത്രങ്ങളുമൊക്കെയാണ്‌ ചിത്രത്തില്‍ വരുന്നതെങ്കിലും, മൊത്തത്തില്‍ നോക്കുമ്പോള്‍ മുഷിപ്പില്ലാതെ കണ്ടിരിക്കാവുന്നൊരു ചിത്രമാണ്‌ 'ഡോക്ടര്‍ ലൗ' എന്നുപറയാം.

ആകെത്തുക     : 5.25 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 3.00 / 10
: 5.00 / 10
: 6.00 / 10
: 4.00 / 05
: 3.00 / 05
വിജയ് നായകനായ 'ഷാജഹാന്‍' എന്ന ചിത്രത്തിന്റെ പ്രമേയവുമായി ചേര്‍ന്നു പോവുന്നതാണ്‌ 'ഡോക്ടര്‍ ലൗ'വിന്റെ കഥാഗതിയും. വില്‍ സ്മിത്ത് നായകനായ 'ഹിച്ച്', അതിന്റെ ചുവടുപിടിച്ചിറങ്ങിയ സല്‍മാന്‍ ഖാന്‍ ചിത്രം 'പാര്‍ട്ട്ണര്‍' തുടങ്ങിയവയും ഇതേ പ്രമേയത്തെ ചുറ്റിപ്പറ്റിയുള്ള ചിത്രങ്ങളാണ്‌. ഇവയുടെയൊക്കെ ഒരു സങ്കരമാണ്‌ മലയാളത്തില്‍ കെ. ബിജു ഒരുക്കിയിരിക്കുന്നത്. ഈ പറഞ്ഞ ചിത്രങ്ങളുടെയൊന്നും ഫ്രയിം-ടു-ഫ്രയിം പകര്‍പ്പല്ല 'ഡോക്ടര്‍ ലൗ' എന്നതു മാത്രം ഒരാശ്വാസം. ഒരാളുടെ പ്രണയം ശരിയാക്കുവാനായി നടക്കുന്ന നായകന്‍ ഒടുവില്‍ ഇടപാടുകാരന്റെ പ്രണയിനിയെ പ്രണയിച്ചു തുടങ്ങുന്നു എന്നതാണ്‌ പലപ്പോഴും ഇത്തരം കഥകളില്‍ വരുന്നൊരു തിരിവ്. ഈ ചിത്രത്തിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. എന്നാലത് വളച്ചൊടിച്ച് കൊണ്ടുപോയി ഒടുവില്‍ തിരിച്ചു നിര്‍ത്തുന്നതില്‍ ചില പുതുമകളൊക്കെ കെ. ബിജുവിന്‌ കൊണ്ടുവരുവാനായി. കൂട്ടത്തില്‍ തിരുകിക്കയറ്റിയതെന്ന് അനുഭവപ്പെടാത്ത ചില നര്‍മ്മരംഗങ്ങളും സംഭാഷണങ്ങളും കാണികളെ ചിരിപ്പിക്കുകയും ചെയ്യും.

Cast & Crew
Doctor Love

Directed by
K. Biju

Produced by
Joy Thomas Sakthikulangara

Story, Screenplay, Dialogues by
K. Biju

Starring
Kunchakko Boban, Bhavana, Ananya, Bhagath Manuel, Hemanth Menon, Rejith Menon, Manikkuttan, Vidya Unni, Vijayaraghavan, KPAC Lalitha, Shari, Bindu Panicker, Innocent, Salim Kumar etc.

Cinematography (Camera) by
Shaji

Editing by
V. Saajan

Production Design (Art) by
Sabu Ram

Music by
Vinu Thomas

Background Score by
Gopi Sundar

Lyrics by
Vayalar Sarathchandra Varma

Make-Up by
Sreejith Guruvayoor

Costumes by
Sameera Saneesh

Choreography by
Brinda

Banner
Jithin Arts

നവാഗതനെന്ന് പറഞ്ഞെങ്കിലും സിനിമയെന്ന സങ്കേതം കെ. ബിജുവിന്‌ പുതിയതല്ല. സംവിധാന സഹായിയായും സഹസംവിധായകനായും പ്രവര്‍ത്തിച്ചതിന്റെ പരിചയം ആദ്യ ചിത്രത്തെ മനോഹരമാക്കുവാന്‍ കെ. ബിജുവിനെ നന്നായി തുണച്ചിട്ടുണ്ട്. അതിനാല്‍ തന്നെ, തുടക്കക്കാരന്റെ പരാധീനതകള്‍ ഒന്നുമില്ലാതെ സങ്കേതപരമായി മികവു പുലര്‍ത്തുന്നൊരു ചിത്രമാകുവാന്‍ 'ഡോക്ടര്‍ ലൗ'വിന്‌ സാധിച്ചു. മന്ദഗതിയിലുള്ള കഥാഗതിയും രണ്ടര മണിക്കൂറിലധികമുള്ള ചിത്രത്തിന്റെ ദൈര്‍ഘ്യവുമൊക്കെ അല്‍പം മുഷിപ്പിക്കുന്നെങ്കിലും കെ. ബിജുവിലെ സംവിധായകന്‍ കാണികളെ സീറ്റില്‍ തന്നെ പിടിച്ചിരുത്തും. ലാല്‍, ആസിഫ് അലി എന്നിവരൊക്കെ വന്ന് ആമുഖം തരുവാനും മാത്രം സങ്കീര്‍ണത ഉള്ളതായിരുന്നോ ഈ വിഷയം? പിന്നെ ചില കഥാപാത്രങ്ങളുടെ വരവും പോക്കും, അവയൊക്കെ ചിത്രത്തിന്‌ ആവശ്യമുണ്ടായിരുന്നോ? ഇത്തരം കാര്യങ്ങളൊക്കെ കൂടി ഒന്നു ശ്രദ്ധവെച്ച്, പുതുമയുള്ള പ്രമേയങ്ങള്‍ കണ്ടെത്തുവാന്‍ ശ്രമിച്ചാല്‍ കെ. ബിജുവിന്‌ മികച്ച ചിത്രങ്ങള്‍ മലയാളത്തില്‍ ഒരുക്കുവാന്‍ വരും നാളുകളില്‍ കഴിയുമെന്ന് കരുതുന്നു.

വിനയചന്ദ്രന്‍ എന്ന റൊമാന്‍സ് കണ്‍സള്‍ട്ടന്റിനെ അതിഭാവുകത്വമൊന്നുമില്ലാതെ തികഞ്ഞ കയ്യടക്കത്തോടെ അവതരിപ്പിക്കുവാന്‍ കുഞ്ചാക്കോ ബോബനു കഴിഞ്ഞു. തന്റേടിയായ കോളേജ് പെണ്‍കുട്ടി വേഷം ഭാവനയ്‍ക്കും യോജിക്കുന്നു. ചിത്രത്തില്‍ പ്രാധാന്യം ഉണ്ടെങ്കിലും ഒരു വ്യക്തിത്വമില്ലാത്ത ഒരു കഥാപാത്രമായി ഹേമന്ത് മേനോന്‍ അവതരിപ്പിച്ച റോയി മാറി. ഹേമന്തിന്റെ ഭാഗത്തു നിന്നും കൂടുതല്‍ പരിശ്രമം ആ കഥാപാത്രത്തെ വിജയിപ്പിക്കുവാന്‍ ഉണ്ടാവേണ്ടിയിരുന്നു. ഒടുക്കം നായകന്‍ കൈയ്യും വീശി പോവണ്ട എന്നൊരു വിചാരത്തിലാവാം അനന്യയുടെ കഥാപാത്രത്തെ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയത്. അനന്യയുടെ കൈയ്യില്‍ ആ വേഷം ഭദ്രമായി. ഇടയ്ക്ക് തൂലികാസുഹൃത്തെന്ന പേരില്‍ വരുന്ന സലിം കുമാറും, രജിത്ത് മേനോനും സംഘവും അവതരിപ്പിച്ച വില്ലന്‍ ഗ്യാങ്ങുമൊക്കെ ചിത്രത്തില്‍ അനാവശ്യമെന്നു തോന്നി. ഡോക്ടറിന്റെ സുഹൃത്തുക്കളായി വരുന്ന ഭഗത് മാനുവല്‍, മണിക്കുട്ടന്‍, വിദ്യ ഉണ്ണി തുടങ്ങിയവരും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തി. ഇന്നസെന്റ്, ബിന്ദു പണിക്കര്‍, വിജയരാഘവന്‍, കെ.പി.എ.സി. ലളിത തുടങ്ങിയവരൊക്കെയാണ്‌ മറ്റു വേഷങ്ങളില്‍.

കോളേജ് ക്യാമ്പസിലെ വര്‍ണങ്ങളൊക്കെയും നിറയുന്ന തരത്തില്‍ ക്യാമറ ചലിപ്പിക്കുവാന്‍ ഛായാഗ്രാഹകന്‍ ഷാജിക്ക് കഴിഞ്ഞു. അല്‍പം വലിച്ചു നീട്ടലൊക്കെ ഉണ്ടെങ്കില്‍ പോലും സിനിമയില്‍ പ്രേക്ഷകനെ പിടിച്ചു നിര്‍ത്തുന്നത് ഷാജിയുടെ ഛായാഗ്രഹണ മികവുകൂടിയാണ്‌. ചിത്രത്തിന്റെ മന്ദഗതിക്ക് വി. സാജന്റെ ചിത്രസന്നിവേശവും ഒരു കാരണമാണ്‌. രണ്ട് ദൃശ്യങ്ങള്‍ ചേര്‍ക്കുവാനുള്ള ഇഫക്ടുകളുടെ ദൈര്‍ഘ്യവും, ചിലപ്പോഴൊക്കെ നീണ്ടുപോവുന്ന ഷോട്ടുകളുമൊക്കെ ചെത്തിയൊരുക്കിയിരുന്നെങ്കില്‍ കുറച്ചു കൂടി വേഗത ചിത്രത്തിന്‌ കൈവരിക്കുവാന്‍ കഴിയുമായിരുന്നു. സാബു റാം ഒരുക്കിയ കോളേജ് ക്യാന്റീനൊക്കെ ഭംഗിയായെങ്കിലും അത്തരത്തിലൊന്ന് കേരളത്തിലെ സാധാരണ കോളേജുകളില്‍ കാണുവാന്‍ കിട്ടുമോയെന്ന് സംശയമാണ്‌. സമീറ സനീഷിന്റെ വസ്‍ത്രാലങ്കാരവും ശ്രീജിത്ത് ഗുരുവായൂരിന്റെ ചമയവും കഥാപാത്രങ്ങള്‍ക്ക് ചേരുന്നത് തന്നെ.

വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ എഴുതി വിനു തോമസ് ഈണമിട്ട ഗാനങ്ങളില്‍ ചിലതൊക്കെ കേള്‍വിക്ക് ഇമ്പമുള്ളവയാണ്‌. കാര്‍ത്തിക് പാടിയ "ഓര്‍മ്മകള്‍ വേരോടും...", സ്റ്റാര്‍ സിംഗര്‍ ഫെയിം നജീം അര്‍ഷാദ് പാടിയ "പാലപ്പൂ മണമായ്..."‍; നജീമും വിവേകാനന്ദനും ചേര്‍ന്നു പാടിയഭിനയിക്കുന്ന "ആകാശം ദൂരെയെന്നതും..." എന്നീ ഗാനങ്ങള്‍ മികവു പുലര്‍ത്തുന്നു. രഞ്ജിത്ത്, ബെന്നി ദയാല്‍, അഞ്ജു തോമസ് എന്നിവരൊക്കെ ചേര്‍ന്നു പാടിയ "നന്നാവൂല്ല..." എന്ന ഗാനമുള്‍പ്പടെയുള്ള മറ്റു ഗാനങ്ങള്‍ അത്രയ്‍ക്കങ്ങ് മികവിലേക്കെത്തിയില്ല. ഈ ഗാനങ്ങളൊക്കെ ചിത്രത്തോട് ചേര്‍ന്നു പോവുന്നതരത്തില്‍ ഉപയോഗിക്കുവാന്‍ സംവിധായകന്‍ മനസുവെച്ചു. ബൃന്ദ ഒരുക്കിയ നൃത്തച്ചുവടുകളുടെ ഭംഗിയില്‍ "നന്നാവൂല്ല..." എന്ന ഗാനം ചിത്രത്തില്‍ കാണുമ്പോള്‍ മുഷിപ്പിക്കില്ല. ചാക്കോച്ചനും സംഘവും നന്നായി തന്നെ ഈ ഗാനരംഗത്തില്‍ ചുവടുവെയ്‍ക്കുന്നുമുണ്ട്.

ഒരുപക്ഷെ, മറ്റൊരു ട്വിസ്റ്റിനു കൂടി ഇടമിട്ടുകൊണ്ടാണ്‌ ചിത്രത്തിന്റ ക്ലൈമാക്സ് പുരോഗമിക്കുന്നത്. അങ്ങിനെയുള്ള സാധ്യതയൊന്നും ഉപയോഗിക്കാത്തതിനാല്‍ കാണികള്‍ക്ക് ഊഹിക്കാവുന്ന ഒരു അന്ത്യത്തിനപ്പുറത്തേക്ക് ചിത്രം പോവുന്നതുമില്ല. ചന്തുവിന്റെയും ശ്രീക്കുട്ടിയുടേയും ആത്മബന്ധം പ്രേക്ഷകര്‍ക്ക് അത്രത്തോളം അനുഭവവെദ്യമാവുന്നില്ല എന്നതും ചിത്രത്തിന്റെയൊരു കുറവു തന്നെ. ചിത്രത്തെ സ്‍ത്രീവിരുദ്ധ സിനിമയെന്ന് വിമര്‍ശിക്കുവാനുള്ള വകയൊക്കെ ചിത്രത്തില്‍ ആവശ്യത്തിനുണ്ട്. തന്റേടിയായ എബിന്‌ കിട്ടുന്ന കരണത്തടിയൊക്കെ* വിശകലന വിധേയമാകുവാന്‍ ഇരിക്കുന്നതേയുള്ളൂ! :-) അത്തരം കാര്യങ്ങളൊന്നും ഇഴപിരിച്ച് ചിന്തിക്കുവാന്‍ മിനക്കെടാതിരുന്നാല്‍, അല്ലലുകളില്ലാതെ ആസ്വദിക്കുവാന്‍ കഴിയുന്നൊരു ചിത്രമായി 'ഡോക്ടര്‍ ലൗ'വിനെ കാണാം.

* ഉള്ളത് പറയണമല്ലോ, അത് പോക്രിത്തരമായി. റോയ്‍ക്ക് സ്വന്തമായി തോന്നിയിട്ട് അടിക്കുവാണെങ്കില്‍ പിന്നെയുമുണ്ട്, ഇതൊരുമാതിരി അടിക്കാന്‍ പറയുമ്പോള്‍ അടിക്കുന്നൊരു പാഴ് ചെക്കന്‍! എന്നിട്ട് അടിച്ചതിനെക്കുറിച്ച് പിന്നീട് വിഷമിക്കുകയും! സത്യത്തില്‍ അവനെ കെട്ടാന്‍ എബിനോട് പറഞ്ഞ ഡോ‍ക്ടറിനിട്ടും രണ്ട് പൊട്ടിക്കുവാനാണ്‌ ഒടുക്കം തോന്നിയത്!

ഈ QUBE സിനിമ എന്നു പറയുന്ന സംവിധാനം അത്ര ശരിയായിട്ടില്ലേ? അഞ്ചു തവണയാണ്‌ ഈ ചിത്രത്തിനിടയ്‍ക്ക് ശബ്ദം നിലച്ച്, ചിത്രം നിന്നു പോയത്! ശരിക്കും ക്ഷമ പരീക്ഷിക്കുന്ന പരിപാടിയായിപ്പോയി അത്. ചിത്രം കണ്ടത് തിരുവനന്തപുരം കൈരളി തിയേറ്ററില്‍.

7 comments :

  1. നവാഗതനായ കെ. ബിജു രചനയും സംവിധാനവും നിര്‍വ്വഹിച്ച്; കുഞ്ചാക്കോ ബോബന്‍, ഭാവന, അനന്യ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന 'ഡോക്ടര്‍ ലൗ'വിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.

    @newnHaree
    Haree
    #DoctorLove: Not something new, but still it is a joyful ride. Coming soon in #Chithravishesham. bit.ly/cv-reviews #DrLove
    18 hours ago via web
    --

    ReplyDelete
  2. നന്ദി ഹരീ.

    Simple and feel good movie ആയതിനാൽ ഓടിയേക്കും.

    ReplyDelete
  3. @haree

    shabdam nilachu 10 sec kazhinju padam ninnu pokunnathu curent pokumpozhaanu. 5 thavanan current poyi kaanum. athu qubinte kuzhappam alla.

    ReplyDelete
  4. കറന്റ് പോവുന്നതാണെങ്കില്‍ എമര്‍ജന്‍സി തെളിയുകയും ഫാനൊക്കെ നിലയ്‍ക്കുകയും ചെയ്യേണ്ടേ? അങ്ങിനെയൊന്നും ഉണ്ടായില്ല, അതാണ്‌ സംശയിച്ചത്. യൂട്യൂബില്‍ വീഡിയോ കാണുമ്പോള്‍ സ്‍ട്രീമിംഗ് നിലച്ചു പോവുന്നതുപോലെയാണ്‌ അനുഭവപ്പെട്ടത്.

    അഭിപ്രായങ്ങള്‍ക്ക് നന്ദി. :)
    --

    ReplyDelete
  5. ഹഹഹ..ഈ 5 തവണ സിനിമ നിലയ്ക്കല്‍ ഇന്നു ഞാന്‍ കണ്ടപ്പോഴും ഉണ്ടായിരുന്നു ഹരീ..

    ReplyDelete
  6. Padam njanum kandu... tharakkedilla ennu thonni.. REview-nodu poornamaayum yojikunnu....

    (malayalam type cheyyunna kunthrandam officil work cheyyunnilla.. Java upgrade cheythappol chithravisheshathil comment cheyyan pattunilla enna problem maari kitti.

    sasneham
    salil drishyan

    ReplyDelete
  7. QUBE /UFO, even though they boasts of best quality in sound and picture , miserably fails at least in case of sound reproduction comparing to the old film based sound systems ( DTS / Dolby Digital )

    ReplyDelete