മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ (My Dear Kuttichathan)

Published on: 6:18 PM
My Dear Kuttichathan: A film by Jijo starring Mukesh, Aravind, Sonia, Suresh etc. Film Review by Haree for Chithravishesham.
ഇന്ത്യന്‍ സിനിമയിലെ ആദ്യ ത്രിമാന ചലച്ചിത്രമെന്ന ഖ്യാതിയുള്ള 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' 1984-ലാണ്‌ ആദ്യമായി പുറത്തിറങ്ങുന്നത്. പിന്നീട് 1997-ല്‍ ഡിജിറ്റല്‍ ശബ്ദലേഖനത്തോടൊപ്പം, പുതിയ ചില രംഗങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്ത്, കുട്ടിച്ചാത്തനും കൂട്ടുകാരും വീണ്ടും തിയേറ്ററുകളിലെത്തി. പ്രകാശ് രാജ്, സന്താനം, ഊര്‍മ്മിള എന്നിവരഭിനയിക്കുന്ന മറ്റു ചില ഭാഗങ്ങള്‍ കൂടി ആദ്യ പതിപ്പില്‍ ഉള്‍പ്പെടുത്തി, ദൃശ്യങ്ങള്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് പരിഷ്‍കരിച്ച കുട്ടിച്ചാത്തന്‍ ഇപ്പോള്‍ വീണ്ടുമെത്തിയിരിക്കുന്നു. നവോദയയുടെ ബാനറില്‍ നവോദയ അപ്പച്ചനും ജോസ് പുന്നൂസും ചേര്‍ന്നു നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത് ജിജോ പുന്നൂസ്. രഘുനാഥ് പാലേരിയും ടി.കെ. രാജീവ് കുമാറും ഒരുമിച്ചാണ്‌ ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഒന്നോ രണ്ടോ വട്ടം ഇതിനോടകം ഈ ചിത്രം കണ്ടിട്ടുള്ളവരെ സംബന്ധിച്ചിടത്തോളം ഈ കുട്ടിച്ചാത്തന്‌ ഒരു പുതുമയും പറയുവാനില്ല, പുതുതായുള്ള കൂട്ടിച്ചേര്‍ക്കലുകളാവട്ടെ മുഷിപ്പ് കൂട്ടുകയും ചെയ്യുന്നു.

ആകെത്തുക     : 4.75 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 3.00 / 10
: 4.00 / 10
: 5.00 / 10
: 3.50 / 05
: 3.50 / 05
മേല്‍ സൂചിപ്പിച്ചതു പോലെ ചിത്രത്തില്‍ പുതുതായുള്‍പ്പെടുത്തിയ ഭാഗങ്ങള്‍ രസം കൊല്ലിയായി മാറുന്നു. ഏച്ചു കെട്ടലുകള്‍ എന്തായാലും മുഴച്ചു തന്നെ നില്‍ക്കുമല്ലോ! നര്‍മ്മമാണ്‌ ആ ഭാഗങ്ങള്‍ കൊണ്ട് ഉദ്ദേശിച്ചതെങ്കില്‍, ആ രംഗങ്ങളൊക്കെ പരാജയമാണെന്ന് പറയേണ്ടിവരും. പ്രകാശ് രാജിനെയും ഊര്‍മ്മിളയേയുമൊക്കെ പോസ്റ്ററില്‍ ചേര്‍ക്കാം എന്നതിനപ്പുറം മറ്റു ഗുണങ്ങളൊന്നും അതില്‍ പറയുവാനില്ല. മൊത്തത്തില്‍ പഴയതു തന്നെ കാണിച്ചിരുന്നെങ്കില്‍, അതാവുമായിരുന്നു കൂടുതല്‍ ഭംഗി! ഇനിയിപ്പോള്‍ ഇന്നത്തെ അഭിനേതാക്കളെ ഉള്‍പ്പെടുത്തുക എന്നതായിരുന്നു ഉദ്ദേശമെങ്കില്‍, ഈ കുട്ടികള്‍ മുതിര്‍ന്നതായും അവര്‍ വീണ്ടും ചാത്തനെ കണ്ടു മുട്ടിയ കെട്ടിടത്തില്‍ ഒത്തുകൂടുന്നതായും മറ്റോ കാണിച്ച് ചിത്രം തുടങ്ങിയാല്‍ മതിയായിരുന്നു. ഇതിപ്പോള്‍ ആലുമ്മൂടനൊക്കെ വളരെ നന്നായി ചെയ്ത് ഭംഗിയാക്കുകയും ഒപ്പം ചിരിപ്പിക്കുകയും ചെയ്ത ഭാഗങ്ങളൊക്കെ തനി കോമാളിത്തരമായി മാറിയിട്ടുണ്ട്. അതോടൊപ്പം തന്നെ ടി.കെ. രാജീവ് കുമാര്‍ പരിണാമഗുപ്തിയില്‍ കൊണ്ടുവന്ന മാറ്റങ്ങളും ചിത്രത്തിന്റെ ഭംഗി കുറച്ചതേയുള്ളൂ!

Cast & Crew
My Dear Kuttichathan

Directed by
Jijo Punnoose

Produced by
Navodaya Appachan, Jose Punnoose

Story, Screenplay, Dialogues by
Raghunath Paleri, T.K. Rajeev Kumar

Starring
Master Mukesh, Master Aravind, Baby Sonia, Master Suresh, Kottarakkara Sreedharan Nair, Dalip Tahil, Urmila Matondkar, Prakash Raj, Santhanam, Jagadish, Rajan P. Dev, Sainudeen etc.

Cinematography (Camera) by
Ashok Kumar

Editing by
T.R. Sekhar

Production Design (Art) by
K. Shekher

Music by
Illayaraja / Sharreth

Lyrics by
Bichu Thirumala

Make-Up by
P.N. Mani, K. Velappan

Costumes by
Peethambaran, Laxmanan

Audiography by
Sreedhar

Computer Graphics by
M. Arul Moorthy

Choreography by
Madhuri

Banner
Navodaya

സംവിധായകന്റെ സൂക്ഷ്മതക്കുറവ് ചിത്രത്തില്‍ പലയിടത്തും പ്രകടമാണ്‌. ("ആലിപ്പഴം പെറുക്കാന്‍..." ഗാനരംഗത്തിനു ശേഷം പെണ്‍കുട്ടിയുടെ അച്ഛന്‍ വരുമ്പോള്‍ ഭിത്തിയില്‍ കാണുന്ന കാല്‍പാടുകള്‍ ഒരു ഉദാഹരണം. കുട്ടികള്‍ നടന്നപ്പോഴൊന്നും അങ്ങിനെ ഉണ്ടാവുന്നതായി ചിത്രത്തില്‍ കാണുവാനില്ല, പിന്നെപ്പോളതുണ്ടായി!) 3D-യുടെ മാസ്‍മരികതയില്‍ ഒരുപക്ഷെ അവയൊന്നും ശ്രദ്ധിക്കപ്പെടാതെ പോയെന്നു വരാമെന്നു മാത്രം. മേജിക്കിനു കൂടി പ്രാധാന്യം വരുന്ന ഭാഗങ്ങളിലാണ്‌ ഊര്‍മ്മിളയുടെ കഥാപാത്രമൊക്കെ ചിത്രത്തില്‍ വരുന്നതെങ്കിലും, അവയുടെ ചിത്രീകരണവും അപക്വമായി തന്നെ അനുഭവപ്പെട്ടു. ഒരുപക്ഷെ 3D-യുടെ സാധ്യതകള്‍ മുന്‍പത്തേക്കാളും ഭംഗിയായി കാണുവാനുണ്ടാവും പുതിയ കൂട്ടിച്ചേര്‍ക്കലുകളില്‍ എന്നു ചിന്തിക്കുന്നവരെ തീര്‍ത്തും നിരാശപ്പെടുത്തുന്നതുമായി ഈ ഭാഗങ്ങള്‍! ഈ ഭാഗത്ത് പുതുതായി ചേര്‍ത്തിട്ടുള്ള ഒരു ഗാനത്തിന്റെ കാര്യവും തഥൈവ!

കുട്ടിച്ചാത്തനേയും കുട്ടികളേയും അവതരിപ്പിച്ച കുട്ടികളുടെ മികവാണ്‌ സത്യത്തില്‍ ഈ ചിത്രത്തിന്റെ ആസ്വാദ്യത കൂട്ടുന്നത്. മാസ്റ്റര്‍ മുകേഷും മാസ്റ്റര്‍ അരവിന്ദും ബേബി സോണിയയും മാസ്റ്റര്‍ സുരേഷുമൊക്കെയാണ്‌ ചിത്രത്തിലെ ചാത്തനും കുട്ടികളും. ഇവരില്‍ ലക്ഷ്മിയായെത്തിയ സോണിയ തന്നെ ഒരു പടി മുകളില്‍. ചാത്തനെ അവതരിപ്പിച്ച (?)യാളാണ്‌ കൂട്ടത്തില്‍ പിന്നിലായി പോയത്. ചാത്തനെ കുടുക്കുവാന്‍ നടക്കുന്ന മന്ത്രവാദിയെ കൊട്ടാരക്കര ശ്രീധരന്‍ നായര്‍ മികച്ചതാക്കി. മറ്റ് കഥാപാത്രങ്ങളൊന്നും ഏറെ പ്രസക്തമല്ല. ദലീപ് താഹില്‍, രാജന്‍ പി. ദേവ്, ജഗദീഷ്, സൈനുദീന്‍ തുടങ്ങിയവരൊക്കെയാണ്‌ ആ വേഷങ്ങളില്‍. പുതിയ ഭാഗങ്ങളില്‍ വേഷമിട്ടവരില്‍ പ്രകാശ് രാജ് മാത്രം മോശമായില്ല. സന്താനവും ഊര്‍മ്മിളയുമൊക്കെ വെറുതേ സമയം മിനക്കെടുത്താന്‍ വന്നു പോവുന്നതായേ തോന്നിയുള്ളൂ!

അന്നത്തെ കാലത്തെ പരിമിതമായ സൗകര്യങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ സാങ്കേതികമികവില്‍ ചിത്രം ഏറെ മുന്നിലാണെന്നു പറയാം. അശോക് കുമാറിന്റെ ഛായാഗ്രഹണവും ടി.ആര്‍. ശേഖറിന്റെ ചിത്രസന്നിവേശവും കെ. ശേഖെറിന്റെ കലാസംവിധാനവും ചിത്രത്തിന്റെ മികവുയര്‍ത്തുന്ന ഘടകങ്ങളില്‍ പ്രധാനപ്പെട്ടവയാണ്‌. ബിച്ചു തിരുമല എഴുതി ഇളയരാജ ഈണമിട്ട ഗാനങ്ങളുടെ റീമിക്സ് പതിപ്പാണ്‌ പുതിയ ചിത്രത്തില്‍. ശരത്താണ്‌ റീമിക്സുകള്‍ ഒരുക്കിയിരിക്കുന്നത്. ഏതായാലും എസ്. ജാനകിയും എസ്.പി. ഷൈലജയുമൊക്കെ പാടിയ "ആലിപ്പഴം പെറുക്കാന്‍..." എന്ന ഗാനമൊക്കെ പുതിയ രീതിയില്‍ വരുമ്പോള്‍ ആത്മാവ് നഷ്ടപ്പെട്ടൊരു പ്രതീതിയാണ്‌ തോന്നിച്ചത്. ടൈറ്റിലുകള്‍ക്കൊപ്പം ഉണ്ടായിരുന്ന ചിത്രയുടെ ശബ്ദത്തിലുള്ള "ഭജാമി നമാമി സ്‍മരാമി..." എന്ന ഗാനമാവട്ടെ ചിത്രത്തില്‍ സ്ഥാനം നേടിയതുമില്ല. പുതിയ കുപ്പിയിലാക്കി ഇറക്കിയപ്പോള്‍ കുറഞ്ഞപക്ഷം ഗാനങ്ങളെയെങ്കിലും വെറുതേ വിടാമായിരുന്നു എന്നേ ഇതിനെക്കുറിച്ചൊക്കെ പറയുവാനുള്ളൂ!

'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' ഓരോ പ്രാവശ്യവും ഇറങ്ങുമ്പോഴും പുതു തലമുറയിലെ കുട്ടി പ്രേക്ഷകരെ ലഭിക്കുവാന്‍ ബുദ്ധിമുട്ടില്ല. മുതിര്‍ന്നവരാവട്ടെ, തങ്ങളുടെ ചെറുപ്പത്തില്‍ കണ്ട കുട്ടിച്ചാത്തനെ ഒരിക്കല്‍ കൂടി കാണുവാനും ഉത്സാഹിച്ചെന്നിരിക്കും. 3D-യില്‍ ആസ്വദിക്കാവുന്ന മറ്റൊരു മലയാള ചിത്രവും ഈ കാലയളവിലൊന്നും പുറത്തിറങ്ങിയില്ല എന്നതും കുട്ടിച്ചാത്തന്‍ സിനിമകളുടെ ആവര്‍ത്തിച്ചുള്ള റിലീസിംഗിലും പണം കൊയ്യുവാന്‍ നിര്‍മ്മാതാക്കളെ സഹായിച്ചു. എന്നാല്‍ പുതിയ കാലഘട്ടത്തില്‍ 3D ചിത്രങ്ങള്‍ കൂടുതലായി വന്നു തുടങ്ങിയതോടെ ഈ ചിത്രത്തിന്‌ പ്രസക്തി നഷ്ടമായിരിക്കുന്നു. ചിത്രത്തിന്റെ പ്രധാന സവിശേഷതയായ ത്രിമാന അനുഭവം പോലും, ഇന്നിറങ്ങുന്ന 3D ചിത്രങ്ങളെ അപേക്ഷിച്ച് പിന്നിലാണെന്ന് പറയേണ്ടി വരും. ഒരു പത്തു വര്‍ഷത്തിനു ശേഷം ഒരിക്കല്‍ കൂടി ഈ ചിത്രം ഇതേ പോലെ എന്തെങ്കിലുമൊക്കെ ചില്ലറ മാറ്റങ്ങളും വരുത്തി പുറത്തിറക്കുവാന്‍ നിര്‍മ്മാതാക്കള്‍ ധൈര്യപ്പെടുമോ എന്നു സംശയമാണ്‌. ഒരുപക്ഷെ, മറ്റൊരു കുട്ടിച്ചാത്തന്‍ ചിത്രം തന്നെ, ഇതിന്റെ രണ്ടാം ഭാഗമായോ മറ്റോ ഒരുക്കുകയാവും കൂടുതല്‍ യുക്തിസഹം. അത്തരമൊന്നിനു വേണ്ടി നമുക്ക് കാത്തിരിക്കാം.

ചിത്രത്തിന്റെ ഔദ്യോഗിക വെബ്സൈറ്റൊക്കെ തീര്‍ത്തും നിരാശപ്പെടുത്തി എന്നു പറയാതെ വയ്യ! സിനിമാക്കൊട്ടകയില്‍ ലഭിക്കുന്ന 3D കണ്ണട ഉപയോഗിച്ച് കാണുവാന്‍ സാധിക്കുന്ന ത്രിമാന വെബ്സൈറ്റ് തന്നെ ഒരുക്കാമായിരുന്നു. [ഒരു ഉദാഹരണം: http://www.swell3d.com/ - കുട്ടിച്ചാത്തന്‍ സിനിമയുടെ കണ്ണട ഈ വെബ്സൈറ്റ് കാണുവാന്‍ ഫലപ്രദമാവില്ല.] കുറഞ്ഞപക്ഷം, അത്തരത്തിലുള്ള ചില പോസ്റ്ററുകള്‍, ട്രൈലര്‍ എന്നിവയെങ്കിലും വെബ്സൈറ്റില്‍ ഉണ്ടായിരുന്നെങ്കില്‍ നന്നായിരുന്നു.