ഇന്ത്യന്‍ റുപ്പി (Review: Indian Rupee)

Published on: 8:28 PM
Indian Rupee: A film by Ranjith starring Prithviraj, Rima Kallingal, Thilakan etc. Film Review by Haree for Chithravishesham.
രണ്ടായിരത്തിപ്പത്തില്‍ മലയാളത്തില്‍ പുറത്തിറങ്ങിയ ചിത്രങ്ങളില്‍, കലാമൂല്യമുള്ളൊരു ചിത്രമായി പരക്കെ വിലയിരുത്തപ്പെടുകയും, വിവിധ അവാര്‍ഡുകള്‍ വാങ്ങിക്കൂട്ടുകയും [2010-ലെ മികച്ച ചിത്രമായി 'ചിത്രവിശേഷം' വായനക്കാര്‍ തിരഞ്ഞെടുത്ത ചിത്രവും ഇതു തന്നെ!] ചെയ്‍തതിനോടൊപ്പം തന്നെ തിയേറ്ററുകളില്‍ നിറഞ്ഞോടുകയും ചെയ്ത 'പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റി'നു ശേഷം രഞ്ജിത്ത് രചന നിര്‍വ്വഹിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ 'ഇന്ത്യന്‍ റുപ്പി'. ആഗസ്റ്റ് സിനിമയുടെ ബാനറില്‍ പൃഥ്വിരാജ്, സന്തോഷ് ശിവന്‍, ഷാജി നടേശന്‍ എന്നിവരൊരുമിച്ചാണ്‌ ചിത്രത്തിന്റെ നിര്‍മ്മാണം. നായകവേഷത്തിലെത്തുന്ന പൃഥ്വിരാജിനോടൊപ്പം തിലകന്‍, റീമ കല്ലിങ്കല്‍, ടിനി ടോം തുടങ്ങിയവരൊക്കെ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. പൃഥ്വിരാജ് വിരോധികളുടെ നിര്‍ത്താതെയുള്ള കൂവല്‍, അതിനിടയില്‍ രഞ്ജിത്തിന്റെ ആരാധകരുടെ കൈയ്യടി, തിലകനുള്ള കൈയ്യടി; ചിത്രം തുടങ്ങി പത്തോ പതിനഞ്ചോ മിനുറ്റു കഴിഞ്ഞതോടെ ഇതൊക്കെയും ശാന്തം. സാവധാനം തുടങ്ങി, വേഗത കൈവരിച്ച്, പിന്നെ പ്രേക്ഷകരെ സിനിമയിലേക്ക് വലിച്ചടുപ്പിക്കുന്നൊരു ത്രില്ലിംഗ് എന്റര്‍ടൈനറായി 'ഇന്ത്യന്‍ റുപ്പി'യെ കാണാം. ഒപ്പം റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന ചില സാമൂഹിക വിഷയങ്ങള്‍ ചിത്രത്തില്‍ പരാമര്‍ശ വിധേയവുമാവുന്നു.

ആകെത്തുക     : 7.25 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 7.00 / 10
: 7.00 / 10
: 8.00 / 10
: 4.00 / 05
: 3.00 / 05
ഒന്നിരുട്ടി വെളുക്കുമ്പോഴേക്കും കോടീശ്വരനാകുവാന്‍ സ്വപ്നം കണ്ടു നടക്കുന്ന തൊഴിലില്ലാ യുവാക്കളുടെ പ്രതിനിധിയാണ് ചിത്രത്തിലെ നായകനായ ജയപ്രകാശ് എന്ന ജെ.പി. എന്നാല്‍ ജെ.പി.യുടെ വഴി സ്ഥിരം സിനിമകളില്‍ കാണുന്ന കൊട്ടേഷന്‍ പണിയല്ല. മറിച്ച് റിയല്‍ എസ്റ്റേറ്റ് ബിസിനസാണ്‌. അതിലൂടെ വരുന്ന കോടികളുടെ കമ്മീഷനാണ്‌ ജെ.പി.യുടെ സ്വപ്നങ്ങളില്‍ നിറയുന്നത്. ജെ.പി.-യുടേയും അയാളോട് ബന്ധപ്പെട്ടു നില്‍ക്കുന്ന വിവിധ കഥാപാത്രങ്ങളുടേയും ജീവിതത്തിലെ ചില സംഭവങ്ങള്‍, അവയൊരു ചങ്ങലയിലെ കണ്ണികള്‍ കണക്കെ ബന്ധപ്പെട്ടു കിടക്കുന്നു. അവയെ ബന്ധിപ്പിക്കുന്നതാവട്ടെ ലക്ഷങ്ങള്‍ മൂല്യമുള്ള ഇന്ത്യന്‍ രൂപയും! വ്യത്യസ്തമായ ഈയൊരു കഥാതന്തുവിനെ, പ്രേക്ഷകരെ ഉദ്വേഗഭരിതരാക്കുവാന്‍ തക്കവണ്ണം രസകരമായി അവതരിപ്പിക്കുവാനായി എന്നയിടത്താണ്‌ രഞ്ജിത്തിലെ രചയിതാവ് വിജയം കാണുന്നത്. മനസില്‍ തങ്ങി നില്‍ക്കുന്ന ചില കഥാപാത്രങ്ങളാലും അവരെ ഭംഗിയായി വരച്ചിടുന്ന കഥാസന്ദര്‍ഭങ്ങളാലും സമ്പന്നമാണ്‌ ചിത്രം. പ്രാഞ്ചിയേട്ടനെ വ്യത്യസ്തമാക്കിയത് തൃശൂര്‍ ഭാഷയാണെങ്കില്‍ ഇവിടെ അത് കോഴിക്കോടന്‍ ഭാഷയാണ്‌. കാര്യമായ വിദ്യാഭ്യാസമൊന്നുമില്ലാത്ത, കോഴിക്കോടന്‍ സംസാരവുമായി വരുന്ന നായകന്‍ ഇടക്കിടെ കോഴിക്കോട് ഭാഷയിലല്ലാതെ സാഹിത്യം തുളുമ്പുന്ന ഡയലോഗടിക്കും എന്നത് ചിലപ്പൊഴൊക്കെ രസച്ചരട് മുറിക്കുന്നു. നായകന്‍ കോഴിക്കോടന്‍ ഭാഷയിലാണ് വാക്‍പയറ്റെങ്കിലും, നായകന്റെ ബന്ധുജനങ്ങളൊക്കെ സാധാരണ മലയാളത്തിലാണ്‌ സംസാരമെന്നതിലുമുണ്ട് ഒരു ചേര്‍ച്ചക്കുറവ്. തറയിലെ ടൈലിളക്കിയും ചിത്രത്തിനു പിന്നിലെ ഭിത്തിയിലൊരു അറയുണ്ടാക്കിയുമൊക്കെ തന്നെയാണ്‌ ഇപ്പഴും സമ്പന്നര്‍ കള്ളപ്പണം സൂക്ഷിക്കുന്നതെന്ന് ചിത്രത്തില്‍ കണ്ടപ്പോള്‍ വിചിത്രമായി തോന്നി. അതുപോലെ തന്നെ പെട്ടെന്നു കയറിവരുന്ന ഒരാളോട് ജയപ്രകാശിന്റെ അളിയന്‍ വിസ്തരിച്ച് ജെ.പി.-യുടെ ജീവചരിത്രം, നല്ലതും കെട്ടതുമെല്ലാമുള്‍പ്പടെ, വിളമ്പുന്നതിലുമുണ്ട് അസ്വാഭാവികത. ഇത്തരം ചില ന്യൂനതകള്‍ കൂടി പരിഹരിക്കപ്പെട്ടിരുന്നെങ്കില്‍ എന്നാശിച്ചു പോയി ചിത്രം കണ്ടു തീര്‍ന്നപ്പോള്‍!

Cast & Crew
Indian Rupee

Directed by
Ranjith

Produced by
Prithviraj, Shaji Nadeshan, Santosh Sivan

Story, Screenplay, Dialogues by
Ranjith

Starring
Prithviraj, Thilakan, Tini Tom, Jagathy Sreekumar, Mamukkoya, Rima Kallingal, Lalu Alex, Revathi, Seenath, Kalpana, Mallika, Babu Namboothiri, Biju Pappan, Sadiq, Shammi Thilakan, Sivaji Guruvayoor, Asif Ali (cameo), Fahad Fazil (cameo) etc.

Cinematography (Camera) by
S. Kumar

Editing by
Vijay Shankar

Production Design (Art) by
Santhosh Raman

Music / Background Score by
Shahabaz Aman

Lyrics by
Mullanezhi, V.R. Santhosh

Make-Up by
Ranjith Ambady

Costumes by
Sameera Saneesh

Banner
August Cinema

ചിത്രത്തില്‍ നായക സ്ഥാനത്തുള്ള ജയപ്രകാശ് എന്ന കഥാപാത്രം പൃഥ്വിരാജിന്‌ നന്നായിണങ്ങുന്നു. തികഞ്ഞ കൈയ്യടക്കത്തോടെ അദ്ദേഹം ആ കഥാപാത്രത്തെ ചെയ്ത് വിജയിപ്പിച്ചിട്ടുമുണ്ട്. കാച്ചിക്കുറുക്കിയ ചില സംഭാഷണങ്ങളും നൊമ്പരപ്പെടുത്തുന്ന ചില മുഹൂര്‍ത്തങ്ങളുമൊക്കെ തിലകന്റെ അച്യുത മേനോനെ വേറിട്ടു നിര്‍ത്തുന്നു. പ്രാധാന്യമുള്ളൊരു മുഴു നീള വേഷം ചെയ്യുവാന്‍ കിട്ടിയ അവസരം സി.എച്ച്. എന്ന വേഷത്തിലെത്തിയ ടിനി ടോം ഭംഗിയായി വിനിയോഗിച്ചു. അത്യാവശ്യം പിശുക്കും മറ്റു ചില സ്വഭാവ വിശേഷതകളുമൊക്കെയുള്ള പണക്കാരനായെത്തുന്ന ജഗതി ശ്രീകുമാറും തന്റെ വേഷം മികച്ചതാക്കി. ചിത്രത്തില്‍ കാര്യമായ പ്രാധാന്യമൊന്നും വരുന്നില്ലെങ്കിലും നായികയായ റീമ കല്ലിങ്കലും; ഇതര സ്‍ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന റീജ വേണുഗോപാല്‍ (മല്ലിക), സീനത്ത്, കല്‍പന, രേവതി തുടങ്ങിയവരും തങ്ങളുടെ കഥാപാത്രങ്ങളെ തന്മയത്വത്തോടെ അവതരിപ്പിച്ചിട്ടുണ്ട്. ലാലു അലക്സ്, ശശി കലിംഗ, മാമുക്കോയ, ഷമ്മി തിലകന്‍, സാദിഖ്, ശിവാജി ഗുരുവായൂര്‍, ബിജു പപ്പന്‍, ബാബു നമ്പൂതിരി തുടങ്ങിയ ഇതര അഭിനേതാക്കളും മോശമായില്ല. ചിത്രത്തിന്റെ ഒടുവിലെത്തുന്ന ആസിഫ് അലി, ഫഹദ് ഫാസില്‍ എന്നിവരുടെ കഥാപാത്രങ്ങള്‍ പോലും ചിത്രത്തിനൊരു അധികപ്പറ്റാവുന്നില്ല എന്നതും എടുത്തു പറയേണ്ടതുണ്ട്.

എസ്. കുമാറിന്റെ ക്യാമറയും വിജയ് ശങ്കറിന്റെ ചിത്രസന്നിവേശവും ചേരുമ്പോള്‍ ദൃശ്യപരിചരണത്തിന്റെ കാര്യത്തില്‍ ചിത്രം മികവിലേക്കെത്തുന്നു. ഷഹബാസ് അമന്‍ ഒരുക്കിയിരിക്കുന്ന പശ്ചാത്തല സംഗീതവും ഒപ്പം മുരുകേഷിന്റെ ഇഫക്ടുകളും ഈ ദൃശ്യങ്ങളുടെ മാറ്റു കൂട്ടുകയും ചെയ്യുന്നു. കഷ്ടിച്ചൊരു മുപ്പതു രൂപപോലുമുണ്ടോ നിന്റെ കൈയ്യിലെന്ന് നായകന്റെ അമ്മ നായകനോട് ഒരു ഘട്ടത്തില്‍ ചോദിക്കുന്നുണ്ട്; എന്നാലത്രയ്‍ക്കൊരു ദാരിദ്ര്യമൊന്നും നായകന്റെ വീട്ടില്‍ കെട്ടിലും മട്ടിലുമൊന്നും കാണുവാനില്ല. നായകന്റെയല്ലാതെ മറ്റൊരു വരുമാനവും ആ വീട്ടിലേക്ക് വരുന്നുണ്ടെന്നും പറയുന്നില്ല. അങ്ങിനെ നോക്കുമ്പോള്‍ കലാസംവിധായകനായ സന്തോഷ് രാമന്‌ കുറച്ചു കൂടി ശ്രദ്ധിച്ച് നായകന്റെ വീട് ഒരുക്കാമായിരുന്നു. ചിത്രത്തിലെ മറ്റിടങ്ങള്‍ കഥാഗതിയോട് ചേര്‍ന്നു പോവുന്നു. സമീറ സനീഷിന്റെ വസ്‍ത്രാലങ്കാരവും രഞ്ജിത്ത് അമ്പാടിയുടെ ചമയവും പതിവുപോലെ മികവ് പുലര്‍ത്തുന്നുണ്ട്. മുല്ലനേഴിയും വി.ആര്‍. സന്തോഷും രചന നിര്‍വ്വഹിച്ച് ഷഹബാസ് അമന്‍ ഒരുക്കിയിരിക്കുന്ന ഗാനങ്ങള്‍ ചിത്രത്തില്‍ പ്രസക്തമല്ല. വിജയ് യേശുദാസ് പാടിയിരിക്കുന്ന ചിത്രത്തിലെ പ്രധാനഗാനമായ "ഈ പുഴയും..." എന്ന ഗാനം അനാവശ്യമായിരുന്നു എന്നു മാത്രമല്ല, ഗാനരംഗം വല്ലാതെ മുഷിപ്പനുമായിപ്പോയി! എം.ജി. ശ്രീകുമാറും സുജാതയും ചേര്‍ന്നു പാടിയ "അന്തിമാനം..." എന്ന ഗാനം ചിത്രത്തിനൊടുക്കം ടൈറ്റിലുകള്‍ക്കൊപ്പമാണ്‌ വരുന്നത്. ആല്‍ബത്തില്‍ ചേര്‍ക്കുവാനൊരു ഗാനം എന്നതിനപ്പുറം ഒരു പ്രാധാന്യം അതിനും നല്‍കേണ്ടതില്ല.

ഒരു സംവിധായകന്‍ തന്റെ കഥാപാത്രങ്ങള്‍ക്കു വേണ്ടി അഭിനേതാക്കളെ മാറ്റിയെടുക്കുമ്പോള്‍ അതൊരു സംവിധായകന്റെ ചിത്രമാവുന്നു; മറിച്ച് താരങ്ങള്‍ക്കു വേണ്ടി കഥാപാത്രങ്ങളെ ഒരുക്കുമ്പോഴോ, അത് താരങ്ങളുടെ ചിത്രം മാത്രവുമാവുന്നു. ഈ പറഞ്ഞതിനെ ആധാരമാക്കിയാല്‍, പൂര്‍ണമായുമൊരു സംവിധായകന്റെ ചിത്രം തന്നെയാണ്‌ 'ഇന്ത്യന്‍ റുപ്പി' എന്നുറപ്പിച്ചു പറയാം. തന്റെ സിനിമയിലെ കഥാപാത്രങ്ങളായി അഭിനേതാക്കള്‍ ഓരോരുത്തരേയും മാറ്റിയെടുക്കുവാന്‍ രഞ്ജിത്തിനു കഴിഞ്ഞു എന്നതു തന്നെയാണ്‌ ചിത്രത്തിന്റെ മികവുയര്‍ത്തുന്ന പ്രധാന ഘടകങ്ങളിലൊന്ന്. സംവിധായകന്റെ മനസറിഞ്ഞ് ഈ കഥാപാത്രങ്ങളെയൊക്കെയും അവതരിപ്പിക്കുന്നതില്‍ മികവു പുലര്‍ത്തിയ അഭിനേതാക്കളും പിന്നില്‍ സഹകരിച്ച സാങ്കേതിക പ്രവര്‍ത്തകരുമൊക്കെ ചിത്രത്തിന്റെ മികവില്‍ പങ്കാളികളാണ്‌. ചുരുക്കത്തില്‍; രഞ്ജിത്തിന്റെ കിരീടത്തിലൊരു പൊന്‍തൂവലായ പ്രാഞ്ചിയേട്ടനെപ്പോലെ, നൂറു ദിനം തിയേറ്ററുകളില്‍ നിറഞ്ഞോടുവാനും മറ്റൊരു തൂവലാകുവാനും 'ഇന്ത്യന്‍ റുപ്പി'ക്ക് കഴിയും എന്നു തന്നെ പ്രതീക്ഷിക്കാം.

മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റെയുമൊക്കെ ചിത്രങ്ങള്‍ ആദ്യ ദിനം കാണുവാന്‍ പോയാല്‍ ആരാധകരാണ്‌ ശല്യമെങ്കില്‍ പൃഥ്വിരാജിന്റെ ചിത്രം കാണുവാന്‍ പോയാല്‍ വിരോധികളുടേതാണ്‌ ശല്യം! എന്തൊരു ഗതികേടാണെന്ന് നോക്കണേ! ഇതിലൊന്നും പെടാത്ത സാദാ പ്രേക്ഷകര്‍ തന്നെയാണ്‌ ഇത് രണ്ടായാലും സഹിക്കേണ്ടതെന്ന് ആരാധകരും വിരോധികളുമൊക്കെ ഒന്നോര്‍ത്താല്‍ കൊള്ളാം!