സ്നേഹവീട് (Review: Snehaveedu)

Published on: 11:59 AM
Snehaveddu: A film directed by Sathyan Anthikkad starring Mohanlal, Sheela, Rahul Pillai etc. Film Review by Haree for Chithravishesham.
'ഇന്നത്തെ ചിന്താവിഷയ'ത്തിനു ശേഷം സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാവുന്ന ചിത്രമാണ്‌ 'സ്നേഹവീട്'. നവാഗതനായ രാഹുല്‍ പിള്ളയും ഷീലയുമാണ്‌ മറ്റ് രണ്ട് പ്രധാന വേഷങ്ങളില്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നി‍ര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ രചനയും സംവിധായകന്‍ തന്നെ നിര്‍വ്വഹിച്ചിരിക്കുന്നു. ഒരേ മട്ടിലുള്ള ചിത്രങ്ങളിങ്ങനെ നല്‍കിക്കൊണ്ടിരിക്കുന്ന സത്യന്‍ അന്തിക്കാട് ഈ ചിത്രത്തിലും തന്റെ ശൈലി കൈവിടുന്നില്ല. ആവര്‍ത്തനച്ചുവയുണ്ടെങ്കിലും കണ്ടിരിക്കാം, മുഷിപ്പിക്കില്ല എന്നൊക്കെയുള്ള ചില മെച്ചങ്ങളുടെ പുറത്ത്; വെറുപ്പിക്കുന്ന സിനിമകള്‍ക്കിടയില്‍ വരുന്നൊരു ആശ്വാസമെന്ന ലേബലിലൊക്കെയാണ്‌ സത്യന്‍ ചിത്രങ്ങളൊക്കെയും ഇതുവരെ വിറ്റുപോയിക്കൊണ്ടിരുന്നത്. പക്ഷെ, ഇതേ റൂട്ടില്‍ ഇനിയും വണ്ടി വിട്ടുകൊണ്ടിരുന്നാല്‍ കയറുവാന്‍ ആളുണ്ടാവില്ല എന്ന് 'സ്നേഹവീട്' സ്റ്റാന്‍ഡില്‍ പിടിക്കുമ്പോഴെങ്കിലും സത്യന്‍ അന്തിക്കാടിന്‌ മനസിലാവുമെന്ന് കരുതാം.

ആകെത്തുക     : 3.00 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 1.50 / 10
: 2.00 / 10
: 3.50 / 10
: 3.50 / 05
: 1.50 / 05
സത്യന്‍ അന്തിക്കാടിന്റെ തന്നെ മോഹന്‍ലാല്‍ ചിത്രമായ 'രസതന്ത്രം' ഒന്നുടച്ചുവാര്‍ത്താല്‍ അത് 'സ്നേഹവീടാ'യി*. ദുരിതപൂര്‍ണമായ ഭൂതകാലത്തില്‍ നിന്നും കരകയറി അധ്വാനിച്ച് ജീവിക്കുന്ന നായകന്‍ തന്നെ രണ്ടു ചിത്രത്തിലും‍, 'രസതന്ത്ര'ത്തിലെ സ്നേഹനിധിയും ആത്മസുഹൃത്തുമായ അച്ഛനു പകരം ഇവിടെ അമ്മ, എവിടുന്നോ കയറിവന്ന് നായകന്‌ പ്രശ്നമായി തീരുന്ന പെണ്‍കുട്ടിയാണ്‌ ആദ്യ ചിത്രത്തിലെങ്കില്‍ 'സ്നേഹവീടി'ലെത്തുമ്പോള്‍ അതൊരു ആണ്‍കുട്ടി, നായകന്റെ അയല്‍പക്ക സുഹൃദ് ബന്ധങ്ങളൊക്കെ മേമ്പൊടിക്ക് രണ്ടിലും ഏകദേശം ഒരേ മട്ടില്‍ - ചേരുവയില്‍ ഇത്രയുമൊക്കെ മാറ്റങ്ങളേ രണ്ടു ചിത്രങ്ങളും തമ്മിലുള്ളൂ! മോഹന്‍ലാലിന്റെ മുന്‍കാല ചിത്രങ്ങളോട് ബന്ധപ്പെടുത്തിയുള്ള ചില സംഭാഷണ ശകലങ്ങളും, സാന്ദര്‍ഭികമായി വരുന്ന ചില രംഗങ്ങളും ചിരിപ്പിക്കും എന്നതൊഴിച്ചാല്‍ ചിത്രത്തിന്റെ തിരക്കഥ തീര്‍ത്തും ശുഷ്‍കം. ആ ഒരു കുറവ് സംവിധാനത്തിലൂടെ മറികടക്കുവാന്‍ സത്യന്‌ കഴിയുന്നുണ്ടോ? അതുമില്ല!
* സ്നേഹവീട് - എന്തൊരു നല്ല ബോറന്‍ പേര്‌. ആരാണോ ഈ ചിത്രത്തിന്‌ ഈ പേരിട്ടത്!

Cast & Crew
Snehaveedu

Directed by
Sathyan Anthikkad

Produced by
Antony Perumbavoor

Story, Screenplay, Dialogues by
Sathyan Anthikkad

Starring
Mohanlal, Sheela, Rahul Pillai, Padmapriya, Innocent, Biju Menon, Lena, Mallika, KPAC Lalitha, Mamukkoya, Chembil Ashokan, Sasi Kalinga, Urmila Unni etc.

Cinematography (Camera) by
Venu

Editing by
K. Rajagopal

Production Design (Art) by
Joseph Nellickal

Music by
Ilaiyaraaja

Lyrics by
Rafeeq Ahmed

Effects by
Arun Seenu

Make-Up by
Pandyan

Costumes by
S.B. Satheesan

Choreography by
Brinda

Action (Stunts / Thrills) by
Mafia Sasi

Banner
Aashirvad Cinemas

അഭിനേതാക്കള്‍ ഓരോരുത്തരേയും ഒറ്റയ്‍ക്കൊറ്റയ്ക്ക് എടുത്തു നോക്കിയാല്‍ ആരും മോശമായെന്നു തോന്നില്ല, പക്ഷെ കഥാപാത്രങ്ങള്‍ തമ്മിലുള്ള ഒത്തിണക്കം നന്നേ കുറവ്. അമ്മയോടുള്ള ആഴത്തിലുള്ള ആത്മബന്ധം, മകനെന്നു പറഞ്ഞു വരുന്നവനോടുള്ള ദേഷ്യം, തന്നെ സംശയദൃഷ്ടിയോടെ നോക്കുന്ന ബന്ധുക്കളും സുഹൃത്തുക്കളോടുമുള്ള പിണക്കം; ഈ ഭാവങ്ങളൊക്കെ ചേരുന്നൊരു കഥാപാത്രമാണ്‌ ചിത്രത്തിലെ നായകനായ അജയന്‍. പക്ഷെ, മോഹന്‍‍ലാല്‍ ഇതില്‍ ഈ കഥാപാത്രത്തെ അവതരിപ്പിച്ചു വന്നപ്പോള്‍ ഇവയ്‍ക്കൊക്കെയും സ്വാഭാവികത അന്യമായി. പരകായ പ്രവേശം എന്നോ മറ്റോ വിശേഷിപ്പിക്കാവുന്ന അനായാസതയോടെ കഥാപാത്രമായി മാറുവാന്‍ കഴിവുള്ള, നാം കണ്ടു ശീലിച്ച മോഹന്‍ലാലിന്റെ നിഴല്‍ മാത്രമാണ്‌ ഈ ചിത്രത്തില്‍ കാണുവാനുള്ളത്! ഷീല തന്റെ സ്ഥിരം നാടകശൈലി ഇവിടെയും തുടര്‍ന്നപ്പോള്‍ പത്മപ്രിയയും കഥാപാത്രമായി മാറുന്നതില്‍ പരാജയമായി. ഒരു തുടക്കക്കാരന്‌ എടുത്താല്‍ പൊങ്ങാത്തൊരു വേഷമെന്നു തോന്നി ചിത്രത്തിലെ കാര്‍ത്തിക് എന്ന കഥാപാത്രം. രാഹുല്‍ പിള്ള അത് തന്റെ പ്രകടനത്തിലൂടെ തെളിയിക്കുകയും ചെയ്തു. സഹവേഷങ്ങളിലെത്തിയ ബിജു മേനോന്‍, ലെന, ഇന്നസെന്റ്, KPAC ലളിത, മാമുക്കോയ, ചേമ്പില്‍ അശോകന്‍, ശശി കലിംഗ തുടങ്ങിയവരൊക്കെ തങ്ങളുടെ സ്ഥിരം കെട്ടിലും മട്ടിലും ചിത്രത്തിലുണ്ട്.

പാലക്കാടിന്റെ സൗന്ദര്യം വേണുവിന്റെ ക്യാമറയിലൂടെ വരുമ്പോള്‍ ചില നല്ല ഫ്രയിമുകള്‍ കാഴ്ചയ്‍ക്ക് വിരുന്നായി മാറുന്നു. സമയം തികയ്‍ക്കുക എന്നൊരു ലക്ഷ്യം ഉള്ളതുകൊണ്ടാവാം, വെറുതേ കാര്യമൊന്നുമില്ലാത്ത ഫ്രയിമുകളൊക്കെ കെ. രാജഗോപാലിന്റെ ചിത്രസന്നിവേശത്തിനു ശേഷവും ചിത്രത്തില്‍ അവശേഷിക്കുന്നുണ്ട്. ജോസഫ് നെല്ലിക്കലിന്റെ കലാസംവിധാനവും കൂട്ടത്തില്‍ എസ്.ബി. സതീശന്റെ വസ്ത്രാലങ്കാരം, പാണ്ഡ്യന്റെ ചമയം എന്നിവയും സാങ്കേതികവിഭാഗത്തില്‍ മികവു കൈവരിക്കുന്ന മേഖലകളാണ്‌. റഫീഖ് അഹമ്മദ് എഴുതി ഇളയരാജ ഈണമിട്ട ഗാനങ്ങളൊന്നു പോലുമില്ല മനസില്‍ തങ്ങുന്നതായി. ഹരിഹരന്‍ പാടുന്ന "അമൃതമായ്... അഭയമായ്..." എന്ന ഗാനത്തിനൊന്നും ആ സന്ദര്‍ഭം ആവശ്യപ്പെടുന്ന ശക്തിയോ മികവോ ഉണ്ടെന്നു പറയുവാനില്ല. വരികളിലാവട്ടെ തികഞ്ഞ കൃത്രിമത്വം മുഴച്ചു നില്‍ക്കുകയും ചെയ്യുന്നു. ശ്രെയ ഗോശാലിന്റെ ശബ്ദത്തിലായിട്ടു പോലും, "ആവണിത്തുമ്പീ! താമരത്തുമ്പീ!" എന്ന ഗാനവും ചിത്രത്തില്‍ ശ്രദ്ധ നേടുവാനാവാതെ പോവുന്നു.

ചിത്രമൊരു സ്നേഹവിരുന്നാണെന്നാണ്‌ വെപ്പ് - പക്ഷെ, സംവിധായകനെന്ന നിലയില്‍ സത്യന്‍ അന്തിക്കാടിനോടും നടനെന്ന നിലയില്‍ മോഹന്‍ലാലിനോടും കാണികള്‍ക്ക് ഇപ്പോഴുള്ള സ്നേഹം കളയാമെന്നല്ലാതെ ഈ 'സ്നേഹവീട്ടി'ല്‍ ആളെക്കയറ്റിയിട്ട് കാര്യമുണ്ടെന്നു തോന്നുന്നില്ല. ഇവരിരുവരോടും ഉള്ള സ്നേഹമൊക്കെ അതേ പടി ഇരിക്കണം എന്നുള്ളവര്‍ ഈ വിരുന്നുണ്ണുവാന്‍ പോവാതിരിക്കുകയാണ്‌ ഭംഗി. അങ്ങിനെയല്ലാത്തവര്‍ക്ക് പോവാം, വിരുന്ന് കിട്ടിയില്ലെങ്കിലും ശേഷമുള്ള ഉറക്കമെങ്കിലും കിട്ടാതിരിക്കില്ല!

മോഹന്‍ലാലിന്റെ മുന്നൂറാം ചിത്രമെന്ന് 'പ്രണയ'ത്തിന്റെ പരസ്യത്തില്‍ കണ്ടിരുന്നു. ഈ ചിത്രത്തിന്റെ പരസ്യവും പറയുന്നത് അതു തന്നെ! സിനിമാ നടന്മാരുടെ പ്രായം മാത്രമല്ല, അവരഭിനയിക്കുന്ന ചിത്രങ്ങളുടെ എണ്ണവും കൂടാതിരിക്കുമോ ആവോ! ഏതായാലും വിക്കിയിലെ മോഹന്‍ലാല്‍ ചിത്രങ്ങളുടെ പട്ടിക നോക്കിയാല്‍ ഈ രണ്ട് ചിത്രവുമല്ല മുന്നൂറാമത്തേത് എന്നും പറയേണ്ടി വരും! ഇനിയിപ്പോ അന്യഭാഷ കൂട്ടാതെ, റിലീസ് ചെയ്തവ മാത്രമെടുത്ത്, ഇങ്ങിനെയൊക്കെ ഒപ്പിച്ച് പറയുമ്പോഴാണോ മുന്നൂറാവുക എന്നുമറിയില്ല!